66
ബാങ്കില്‍ അതിശക്തമായ ക്യൂ... ഒച്ചിഴയുന്ന വേഗത്തിലാണ് ടെല്ലര്‍ സര്‍വ്വീസ്.
ഒരുപാട് നേരമായിട്ടും വരി നീങ്ങാത്തതിനാല്‍ ആളുകള്‍ക്ക് ദേഷ്യം വന്ന് തുടങ്ങിയിരുന്നു.
ഒരാള്‍ ഒച്ച വെയ്ക്കാന്‍ തുടങ്ങി... മുന്നില്‍ നില്‍ക്കാന്‍ ഒരാളെ കണ്ട ചിലരൊക്കെ അയാള്‍ക്കൊപ്പം ചേര്‍ന്നു...
മുകളിലെ നിലയില്‍ നിന്നും മാനേജര്‍ ഇത് കാണുന്നുണ്ടായിരുന്നു.
കുറച്ച് കഴിഞ്ഞപ്പോള്‍ അറ്റന്ററെ വിട്ട് അയാളെ മുകളിലേക്ക് വിളിപ്പിച്ചു...
അയാളുടെ ചെക്ക് അറ്റന്റര്‍ വഴി തന്നെ താഴേക്ക് കൊടുത്ത് വിട്ട് എന്‍കാശ് ചെയ്ത് അയാളെ പറഞ്ഞ് വിട്ടു.
അയാളൊടൊപ്പം ചൂടായവര്‍ നേതാവില്ലാത്ത അവസ്ഥയില്‍ അടങ്ങി (വടി പിടിച്ചു എന്നും ആവാം).
മുന്നില്‍ നില്‍ക്കുന്നവന് അപ്പകഷ്ണങ്ങള്‍ വെച്ച് നീട്ടുന്ന തന്ത്രം തന്നെ ആ മാനേജറും അവിടെ പയറ്റി...!
സ്വകാര്യം:
ഈ സംഭവം പറഞ്ഞപ്പോള്‍ എന്റെ സുഹൃത്ത് ചോദിച്ചു...
'അപ്പോ താനുണ്ടായിരുന്നില്ലേ അവിടെ, താനെന്തേ ഒന്നും മിണ്ടീല്ല'
'ഹഹഹ...' ഞാന്‍ ചിരിച്ചു...
കാരണം, എനിക്ക് കൌണ്ടറിലെത്താന്‍ അപ്പോള്‍ വെറും ഒരാളുടെ അകലമേ ഉണ്ടായിരുന്നുള്ളൂ!
* * * * * * *
സാമ്പത്തീക പ്രതിസന്ധി, കുശലാന്വേഷണങ്ങള്‍ കഴിഞ്ഞാല്‍ ഏറെക്കുറെ എല്ലാവരും ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമായി മാറിയിരിക്കുന്നു. ജോലിസ്ഥിരതയെ പറ്റി പലരും ഭീതിയിലാണ്...
'കോപ്പ്, വന്നാ വന്നിടത്ത് വെച്ച് കാണാം... കയ്യിലൊന്നും വെച്ചല്ലല്ലോ ഇങ്ങോട്ട് വന്നത്... അതേ പോലെ കയ്യും വീശി അങ്ങട്ട് പോണം...' സംസാരത്തിനൊടുവില്‍ കൂട്ടുകാരന്‍ പറഞ്ഞു...
അവന്‍ ആശ്വസിക്കാന്‍ ശ്രമിക്കുകയാണ്, മനസ്സിനെ ഒരു പാകപ്പെടുത്തിയെടുക്കല്‍.
പലരും ഇത്തരത്തില്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്... ഞാനും അങ്ങിനെ പറഞ്ഞിരിക്കാം.
അതൊരു സ്വയം സാന്ത്വനിപ്പിക്കലേ ആവുന്നുള്ളു...
പോയ വര്‍ഷങ്ങള്‍, അദ്ധ്വാനം... അതൊക്കെ നമുക്കാരു പകരം തരും അല്ലേ!
* * * * * * *
ഒരു ബ്രൌണ്‍ ബ്രെഡ് സ്ലൈസില്‍, വട്ടത്തില് നുറുക്കിയ തക്കാളി രണ്ട് കഷ്ണം വെച്ച് സ്വല്പം ഉപ്പ് വിതറി
അതിനു മുകളില്‍ ഒരു സ്ലൈസ് കൂടെ വെച്ച് തിന്നാന്‍ എന്തൊരു രുചിയായായിരുന്നെന്നോ...
പക്ഷെ ഈയിടെയായി മുമ്പത്തത്രേം രുചി അങ്ങട്ട് കിട്ടുന്നില്ല...
തക്കാളി കിലോയ്ക്ക് ഏഴു ദിര്‍ഹം ഇരുപത്തിയഞ്ച് ഫിത്സ്...!
ഇനി വെറുതെ സ്ലൈസ് ഉപ്പിട്ട് കഴിച്ചാ ടേസ്റ്റുണ്ടാവോന്ന് നോക്കണം!
* * * * * * *
ട്രാഫിക്ക് തിരക്ക്, എനിക്കും കൂട്ടുകാരനും അന്താരാഷ്ട്രവും ഇന്ത്യാരാഷ്ട്രവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമാണ്... പലപല പ്രശ്നങ്ങള്‍ക്കും പലപല മഹത്തായ പരിഹാരമാര്‍ഗ്ഗങ്ങളും ഞങ്ങള്‍ കണ്ടെത്തുന്ന സമയം കൂടെയാണത്.
അന്ന് ഞങ്ങള്‍ ചര്‍ച്ചയ്ക്കെടുത്ത വിഷയം അഴിമതിയായിരുന്നു...
'ലാലുപ്രസാദ് പ്രധാനമന്ത്രി ആയാ ഒരു പക്ഷെ അഴിമതി ഇപ്പോഴത്തേക്കാളും ഫലപ്രദമായി തടയാന് കഴിഞ്ഞേക്കും...'
'അതെയതെ... അഴിമതിയുടെ എല്ലാ കിടപ്പുവശങ്ങളും പുള്ളിക്ക് മറ്റാരേക്കാളും നന്നായി അറിയാലോ...'
* * * * * * *
സ്വര്‍ണ്ണത്തിന്റെ മേന്മ വിളിച്ചോതുന്ന പരസ്യം ടീവിയില്‍...
മോഷ്ടിച്ച മാലയുമായി തിരികെ വരുന്ന കള്ളന്‍: 'എന്താണ് ചേച്ചിയിത്... മാല ബി ഐ എസ് അല്ലാല്ലേ...'
സ്ത്രീ: ആ... ആ...
കള്ളന്‍: 'ബി ഐ എസ് മാര്‍ക്കില്ലെങ്കി ഒരു വെലയുമില്ല ചേച്ചി...'
മാല മടക്കി കൊടുത്ത് കള്ളന്‍ മടങ്ങി...
'ഇനി മുതല്‍ ബി ഐ എസ് മാര്‍ക്കില്ലാത്ത സ്വര്‍ണ്ണേ വാങ്ങിക്കൂ...' ഞാന്‍ ആത്മഗതിച്ചു
ഹ ഹ ഹ ഹ ഹ ഹ ഹ....
ഹ ഹ ഹ ഹ ഹ ഹ ഹ....
ഹ ഹ ഹ ഹ ഹ ഹ ഹ....
പശ്ചാത്തലത്തില്‍ ഇങ്ങിനെ കൂട്ടച്ചിരി കേള്‍ക്കുന്നുണ്ടെങ്കില്‍ അതിനു ഞാന്‍ ഉത്തരവാദിയില്ല,
ഒരു റേഡിയോ പ്രോഗ്രാം സ്ഥിരം കേട്ടോണ്ടിരിക്കുന്നതിന്റെ ഹാങ്ങോവറായി കൂട്ട്യാ മതി...

