Monday, September 17, 2007

നാൽപ്പത്തിമൂന്ന്

പരിശുദ്ധ റമദാന്‍
വിശ്വാസികള്‍ക്ക് ആത്മാവിന്റെ ആനന്ദമായി മറ്റൊരു റമദാന്‍ കൂടി സമാഗതമായിരിക്കുന്നു.

മാനവ സമൂഹത്തിന് ദൈവത്തിങ്കല്‍ നിന്ന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായ വിശുദ്ധ ഖുര്‍‌ആന്റെ ആദ്യ സൂക്തങ്ങള്‍ ലഭിച്ചത് ഈ മാസത്തിലായിരുന്നു. അത് കൊണ്ട് തന്നെ അതിന്റെ ആഘോഷവും അതിലുപരി ആ അനുഗ്രഹം നല്‍കിയ സൃഷ്ടാവിനോടുള്ള നന്ദിപ്രകടനവും ആണ് റമദാനിന്റെ കാതല്‍.

ശാരീരികവും മാനസീകവുമായ സകല ഇച്ഛകളേയും നിയന്ത്രിച്ച് അത് വഴി ആത്മാവിനെ പരിപോഷിപ്പിക്കാനും, സര്‍വ്വശക്തനായ സൃഷ്ടാവിനോട് കൂടുതലടുക്കാനും‍,അവനോട് നന്ദി കാണിക്കാനും വിശ്വാസികള്‍ക്ക് ലഭിക്കുന്ന സുവര്‍ണ്ണാവസരം കൂടിയാണ് റമദാന്‍.

റമദാന്‍ വ്രതാനുഷ്ഠാനത്തിന് ആരോഗ്യ സാമൂഹിക സംസ്കാരിക മാനങ്ങളും ഉണ്ട്. ആഹാരത്തോടുള്ള അടിമത്തത്തില്‍ നിന്നുള്ള മോചനത്തോടൊപ്പം തന്നെ, പാവപ്പെട്ട തന്‍റെ സഹജീവി അനുഭവിക്കുന്ന പട്ടിണി എന്തെന്ന് അറിയാന്‍, എരിയുന്ന വയറിന്‍റെ അവസ്ഥ മനസ്സിലാക്കാന്‍ അതനുഷ്ഠിക്കുന്നവനെ പ്രാപ്തനാക്കുക കൂടി ചെയ്യുന്നുണ്ട് വ്രതം.

കൃത്യമായ വിധിവിലക്കുകളോടെയാണ് വ്രതം അനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എങ്കിലും, പകല്‍ മുഴുവനും പട്ടിണി കിടന്ന് രാത്രിയില്‍ അമിതമായി ഭക്ഷണം കഴിച്ച് വീര്‍പ്പ്മുട്ടുന്നവന്‍, അയല്‍പക്കത്തുള്ളവന്‍റെ കഷ്ടപ്പാട് കാണാത്തവന്‍... അങ്ങിനെ... വ്രതത്തിന്‍റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ പോവുന്നവരെത്ര!

എല്ലവര്‍ക്കും സ്നേഹം നിറഞ്ഞ റമദാന്‍ ആശംസകള്‍.

ബസ്സേറിയന്‍ ചിന്തകള്‍
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ... രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് മണി വരെ എന്ന റമദാനിലെ ജോലി സമയം എന്‍റെ സ്ഥിരം യാത്രാസെറ്റപ്പിനെ ബാധിച്ചു. കുറച്ച് കാലങ്ങളായി അപൂര്‍വ്വം സന്ദര്‍ഭങ്ങളിലല്ലാതെ കൂട്ടുകാരോടൊപ്പം പോയി വന്നിരുന്ന ഞാന്‍ വീണ്ടും ലൈന്‍ ബസ്സുകളെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു.

ലൈന്‍ ബസ്സുകളിലെ യാത്ര എനിക്ക് എന്നും മടുപ്പുളവാക്കുന്നതായിരുന്നു. കാരണം ആ വണ്ടികളുടെ ഡ്രൈവര്‍മാര്‍ക്ക് യാത്രക്കാര്‍ വണ്ടിയിലിരുന്ന് മുഷിയുന്നതോ അല്ലെങ്കില്‍ അവര്‍ക്ക് നേരം വൈകുന്നതോ ഒന്നും തന്നെ പരിഗണിക്കേണ്ടതായി വരുന്നില്ല, പകരം അവരുടെ ജോലി സമയത്തിനുള്ളില്‍ നിന്ന് കൊണ്ട് ഓടിത്തീര്‍ക്കേണ്ടതായ ഉത്തരവാദിത്വം മാത്രമേയുള്ളൂ എന്നാണെനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. നിത്യസംഭവമായ ട്രാഫിക്കില്‍ കിടന്ന് നരകിക്കുമ്പോള്‍ ലൈനൊന്ന് മാറാനോ അല്ലെങ്കില്‍ സമാന്തരമായ മറ്റൊരു റോഡിനെ പറ്റി ചിന്തിക്കാനോ അവര്‍ മിനക്കെടാറില്ല... തങ്ങള്‍ക്കതിനവകാശമില്ല എന്ന ന്യായം തീര്‍ച്ചയായും അവരുടെ ഭാഗത്തുണ്ടാവാം. ഫ്ലോയുള്ള ട്രാക്കിലേക്ക് ഒന്ന് മാറാന്‍ പോലും വിസമ്മതിക്കുന്ന ഡ്രൈവര്‍മാരുമായുള്ള യാത്രക്കാരുടെ കശപിശയും നിത്യസംഭവമായിരുന്നു.

ഇപ്പോള്‍, ഒരു സ്വകാര്യ റെന്‍റ് എ കാര്‍ കമ്പനി കുറേയേറെ സര്‍വ്വീസുകള്‍ ഏറ്റെടുത്ത് നടത്താന്‍ തുടങ്ങിയതോടെ മുകളില്‍ പറഞ്ഞ അവസ്ഥയില്‍ വലിയ മാറ്റം ഞാന്‍ കാണുന്നു. മറ്റെല്ലാ വാഹനങ്ങളേയും പോലെ തന്നെ അത്യാവശ്യം എളുപ്പവഴികളെല്ലാം ഉപയോഗിച്ച് സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടേയും എത്രയും പെട്ടെന്ന് ട്രിപ്പ് പൂര്‍ത്തിയാക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. കാരണം, ആ കമ്പനിയെ നിലനിറുത്തുന്നത് ട്രിപ്പുകളുടെ എണ്ണക്കൂടുതലാണെന്നത് തന്നെ. ജോലി സമയത്തില്‍ എങ്ങിനെയെങ്കിലും ഓടിയെത്തിയാല്‍ മതിയെന്ന് ചിന്തിക്കാന്‍ അവരുടെ ഡ്രൈവര്‍മാര്‍ക്കാവില്ലെന്ന് തോന്നുന്നു... അവര്‍ നിരീക്ഷിക്കപ്പെടുന്നുണ്ടായിരിക്കാം. എന്തായാലും പെട്ടെന്നെത്തിച്ചേരുക എന്ന യാത്രക്കാരന്‍റെ ആവശ്യം അവിടെ ഏറെക്കുറേയെങ്കിലും നിറവേറ്റപ്പെടുന്നുണ്ട്.

ഉപഭോക്താവിന് സ്വീകാര്യതയേറുന്നു എന്നത് തന്നെയാണ്, മറ്റെന്തെല്ലാം ന്യൂനതകളുണ്ടെങ്കിലും സ്വകാര്യവത്ക്കരണത്തിന്‍റെ നല്ലൊരു വശം എന്നെനിക്ക് തോന്നുന്നു.

ഡിസ്ക്കൌണ്ട്...
റമദാന്‍ ആരംഭിച്ച് കഴിഞ്ഞു... എല്ലാ ആഘോഷവേളകളിലും കാണുന്ന ‘...up to 70%‘ എന്ന ഡിസ്കൌണ്ടുകളെ വിളിച്ചറിയിക്കുന്ന ബാനറുകള്‍ ഇനി മിക്ക കടകളിലും കണ്ട് തുടങ്ങും. ഇത്രയും വിലക്കിഴിവ് നല്‍കാനാവുമെങ്കില്‍ ഇവരെല്ലാമെടുക്കുന്ന മാര്‍ജിന്‍ എത്രയായിരിക്കും എന്നതെന്നെ അത്ഭുതപ്പെടുത്താറുണ്ട്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് റോളയിലെ ഒരു പ്രസിദ്ധമായ കടയില്‍ നിന്നും 99 ദിര്‍ഹംസിന്‍റെ ഒരു ഷൂ വാങ്ങിച്ചിരുന്നു. രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് ശേഷം അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. ഞാന്‍ 99 ദിര്‍ഹംസ് കൊടുത്ത് വാങ്ങിയ അതേ ഷൂ 50% വിലക്കിഴിവോട് കൂടെ വില്പനയ്ക്ക് വെച്ചിരിക്കുന്നു. വെറും ദിവസങ്ങളുടെ വ്യത്യാസത്തില്‍ എനിക്ക് 49.50 ദിര്‍ഹത്തിന്‍റെ നഷ്ടം വന്നിരിക്കുന്നു. സാധനം അത് തന്നെയല്ലേ എന്നൊന്നുകൂടി ഉറപ്പ് വരുത്താനായി അതെടുത്തപ്പോഴാണ് അതിന്‍റെ ഒറിജിനല്‍ പ്രൈസില്‍ എന്‍റെ കണ്ണുടക്കിയത് - വില 138 ദിര്‍ഹംസ്. ഇതിന്‍റെ 50% ആണ് കിഴിവ് തരുന്നത്... എന്‍റെ ആദ്യത്തെ ഞെട്ടലിന്‍റെ ഭാരം ഒന്ന് കുറഞ്ഞു...

ഇത്തരത്തില്‍ വിലകള്‍ കയറ്റിയിട്ടാണ് ഡിസ്കൌണ്ട് മേളകള്‍ പലതും പൊടിപൊടിക്കുന്നതെങ്കിലും സാധാരണയില്‍ നിന്നും ചെറിയ വ്യത്യാസമെങ്കിലും വിലയില്‍ കാണും എന്ന് പ്രതീക്ഷിക്കാം. ആ പ്രതീക്ഷയില്‍ തന്നെയാണ് വരുന്ന ഒക്ടോബര്‍ പത്തിന് നാട്ടില്‍ പോകാനിരിക്കുന്ന ഞങ്ങള്‍ ഇനിയും പര്‍ച്ചേസിംഗ് ഒന്നും തുടങ്ങാത്തതും!

25 comments:

തറവാടി said...

അഗ്രജാ ,

ഷര്‍ജ്ജയിലുള്ള കാര്യമറിയില്ല എന്നാല്‍ ദുബായില്‍ അതു സാധ്യമാണോ എന്നൊരു സന്ദേഹമില്ലാതില്ല , അതായത് ഓരോ സാധനങ്ങളുടേയും വില ഇവിടെ മുനിസിപ്പാലിറ്റിയില്‍ ആദ്യമെ എഴുതി രജിസ്റ്റര്‍ ചെയ്യണമെന്നൊന്നുണ്ടെന്നും , ഇതുപോലുള്ള ഡിസ്കൗണ്ട് സമയങ്ങളില്‍ അതടിസ്ഥാനമാക്കിയേ വിലക്കുറവ് നിശ്ചയിക്കാറുള്ളൂ എന്ന ഒരു ദ്ധാരണ(തെറ്റ് ?) ഉണ്ടെനിക്ക് , സത്യാവസ്ഥ അറിയില്ല.

::സിയ↔Ziya said...

ഇത്തവണ കുറിച്ച വിഷയങ്ങളിലെല്ലാം കാമ്പ് ഏറെയുണ്ട്. :)


“വ്രതത്തിന്‍റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ പോവുന്നവരെത്ര!”
അതെ. ഉപവാസത്തിന്റെയും ത്യാഗത്തിന്റെയും ഈ മാസം ഭക്ഷ്യമേളകളുടേതാക്കുന്നവരെ കാണുമ്പോള്‍ ശരിക്കും സഹതാപം തോന്നും.

ഏറനാടന്‍ said...

അഗ്രുജി.. പരിശുദ്ധവ്രതക്കാലം പങ്കുവെച്ചയീ ആഴ്‌‌ചക്കുറിപ്പുകള്‍ നന്നായിരിക്കുന്നു.

കുഞ്ഞന്‍ said...

ബാച്ചിയായിരുന്ന സമയത്ത് എന്റെ കൂടെയുണ്ടായിരുന്ന സഹമുറിയന്മാര്‍ നൊയമ്പു കാലങ്ങളില്‍ രാവിലെ 3 മണിക്കു കൃത്യമായി അലാറം വച്ചെഴുന്നേല്‍ക്കുകയും അസ്സലായി മൃഷ്ടാന്നഭോജനം കഴിച്ചിരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, എന്നാല്‍ ജോലിക്കു പോകാനായി അലാറവും,പിന്നെ ഈയുള്ളവന്റെ പ്രാക്കും കേട്ടാലും വഞ്ചി തിരുനക്കരെ തന്നെയെന്ന രീതിയില്‍ കാണുമ്പോള്‍,നൊയമ്പെന്നുപറയുന്നതു ഭക്ഷണ അഡ്ജസ്റ്റുമെന്റാണൊയെന്ന് സത്യമായും തെറ്റിദ്ധരിച്ചിട്ടുണ്ട്.

നല്ലൊരു പോസ്റ്റ്

മൂര്‍ത്തി said...

നന്നായിട്ടുണ്ട്.

ശെഫി said...

നന്നായിരിക്കുന്നു

നിഷ്ക്കളങ്കന്‍ said...

അഗ്രജന്‍,

നന്നായിരിയ്ക്കുന്നു. ഷോപ്പിംഗില്‍ ഇപ്പോ‌ള്‍ ബാധകമായ ഒരു തത്വവും കൂടിയുണ്ട്. പ‌ര്‍ച്ചേസ് കഴിഞ്ഞാല്‍‌പ്പിന്നെ ആ സാധന‌ങ്ങ‌ളുടെ വില ചോദിയ്ക്കുകയേ ചെയ്യരുത്. വെറുതെ മന:പ്രയാസമാകും.

സു | Su said...

:)

ശ്രീ said...

അഗ്രജേട്ടാ...
നന്നായിട്ടുണ്ട്.
:)

Sul | സുല്‍ said...

അഗ്രു
നന്നായിട്ടുണ്ട്.
പരിശുദ്ധ റമദാന്റെ പുണ്യം അതിന്റെ പരിപൂര്‍ണ്ണതയോടെ കരഗതമാക്കുവാന്‍ കഴിയട്ടെ.
-സുല്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഈ റെന്റെ കാര്‍ പരിപാടി ബാംഗ്ലൂരുമുണ്ട് അവരുടെ സ്പീഡ് കണ്ടാല്‍ ചിലപ്പോള്‍ അതില്‍ കേറാതിരിക്കാനും തോന്നും.

ഡിസ്കൌണ്ട് മാത്രം നോക്കിയാണോ പര്‍ച്ചേസ്!!!?

റമദാന്‍ ആശംസകള്‍.

ബീരാന്‍ കുട്ടി said...

അഗ്രുജി

റമദാന്‍ ആശംസകള്‍

ദൃശ്യന്‍ | Drishyan said...

വിഷയങ്ങള്‍ നന്നായി.
പാച്ചുവിനെയും അശരീരിയേയും മിസ്സ് ചെയ്തു.

സസ്നേഹം
ദൃശ്യന്‍

ശാലിനി said...

നാട്ടിലാണോ പെരുന്നാള്‍ ആഘോഷം?

റമദാനും ഡിസ്കൌണ്ടും ബസും എല്ലാം നല്ല ചിന്തകള്‍.

Sameer Thikkodi said...

റമദാന്‍ അശംസകള്‍... ഈ മാസം അനുകൂലമായി ദൈവത്തിങ്കല്‍ സാക്ഷി പറയുന്ന യഥാര്‍ഥ വിശ്വാസികളില്‍ നാമെല്ലാവരെയും ഉള്‍പെടുത്തട്ടെ എന്നു പ്രാ‍ര്‍ഥിക്കുന്നു.

ഡിസ്കൌണ്ട് കച്ചവടത്തിനു പിന്നില്‍ ഇത്തരം ചില പൊടിക്കൈകള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന് മനസ്സിലാക്കുക.

ശതമാനത്തിന്റെ തോത് കൂടുന്നതു വരെ പര്‍ചേസ് നീട്ടി വെക്കുക.. ചിലപ്പോള്‍ വെറുതെ കിട്ടിയാലോ.. ല്ലേ...

ഇടിവാള്‍ said...

ഗെഡീ
റമദാന്‍ ആശംസകള്‍!

ഷാര്‍ജയിലെ ഈ ഡിസ്കൌണ്ടു പരിപാടി തട്ടിപ്പു തന്നെ.

ദുബായില്‍, തറവാടി പറഞ്ഞ പോലെ, മുന്‍സിപാലിറ്റിയുടെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഊന്റ്. മാത്രമല്ല്, ഡിസ്കൌണ്ട് സെയില്‍ എന്നത് ആറുമാസത്തില്‍ ഒരു തവണ മാത്രമേ അനുവദിക്കൂ!


ഷാര്‍ജയില്‍ അങ്ങനെയൊന്നുമില്ല, വായില്‍ തോന്നിത് സെയിലിലെ ഡിസ്കൌണ്ട് ന്നു പറഞ്ഞ മാതിരിയാ..

ഞാന്‍ 2 വര്‍ഷം മുന്‍പ് താമസിച്ചിരുന്നത് ഷാര്‍ജ മുബാറക് ഷോപ്പിങ്ങ് സെന്ററിനടുത്തുള്ള ഒരു ഫ്ലാറ്റിലായിരുന്നു. വൈകീട്ട് ഇടക്കൊക്കെ മുബാറക്ക് സെന്ററില്‍ ഒന്നു കറങ്ങാന്‍ ഇറങ്ങും . അവിടെ ഒരു ഫാഷന്‍ ഷോപ്പുണ്ട്... ഒരു ജെന്റ്സ് സ്സൂട്ട്.. ഡിസ്കൌണ്ട് 80% !!

ഇതുകണ്ട് ആക്രാന്തഭരിതനായി ഞാന്‍ വെല നോക്കി!!!

ഒറിജിനല്‍ പ്രൈസ് - 2900 ദിര്‍ഹം
80% ഡിസ്കൌണ്ട് കഴിഞ്ഞിട്ടുള്ള വില: 580 ദിര്‍ഹം!

സൂട്ടിട്ടാല്‍ ഭയങ്കര ഉഷ്ണമായിരിക്കുമല്ലോ എന്നു കരുതി ഞാനതു വാങ്ങിയില്ല. ;)


[[ സത്യത്തില്‍ ലുലു സെന്ററിലൊ, മറ്റോ പോയാല്‍, 400 ദിര്‍ഹത്തിനു അതിലും എത്രയോ നല്ല സൂട്ടു കിട്ടും!]]

ഇടിവാള്‍ said...

യ്യോ! പറയാന്‍ വന്നത് ഹാഫ് ബോയിലായി പോയി.. അതായത് മുഴുവന്‍ അങ്ങ്ട് പറഞ്ഞില്ല്യാട്ടോ :)

അതായത്..
80% ഡിസ്കൌണ്ട് എന്ന് ആ ഷോപ്പിന്റെ ഗ്ലാസ് ചുമരുകളില്‍ സ്റ്റിക്കര്‍ വച്ചാണു പതിപ്പിച്ചിരിക്കുന്നത്.. ഫ്ലൂറസന്റ് കളറുകളില്‍ “ഗ്രാന്റ് സെയില്‍” എന്നൊക്കെ കാണിച്ചിട്ടുണ്ട്..


2 വര്‍ഷം മുന്‍പായിരുന്നു അത്.. ഇപ്പോഴും അതേ സ്റ്റിക്കറുകളും അതേ 80% ഒക്കെ അവിടുണ്ട്.. (ഇടക്കവരിതു 70%, 60% ഒക്കെ ആക്കും ,, ആ 8 എന്നതു മാറ്റി 7, 6 ഒക്കെ വച്ചാല്‍ മതിയല്ലോ)

പക്ഷേ 50% ത്തില്‍ കുറഞ്ഞുള്ള ഡിസ്കൌണ്ടില്ല അവിടെ..

വര്‍ഷത്തില്‍ 365 ദിവസവും 60% മിനിമം ഡിസ്കൌണ്ടാ!!!!

ഇങ്ങനെ പോയാല്‍ ആ ഷോപ്പിനെ വല്ല ചാരിറ്റി ഓര്‍ഗനൈസേഷന്‍ ആയി പ്രഖ്യാപിക്കേണ്ടി വരും ;) മൊയ്ലാളിയെ പാപ്പരായും!

തമനു said...

അഗ്രൂ ഈ പുണ്യമാസത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍..

ഡിസ്കൌണ്ടിന്റെ കാര്യം ഷാര്‍ജയില്‍ വളരെ കറക്റ്റ് ആണ്. ഒരിക്കല്‍ upto 80% discount എന്നു കണ്ട് ഒരു ബേബിഷോപ്പില്‍ കയറി. നോക്കുന്നിടത്തെല്ലാം 40%, 45% ഡിസ്കൌണ്ട് ബോര്‍ഡുകള്‍. ഒടുവില്‍ ഒരു സെയിത്സ്മാനോട് 80% ഡിസ്കൌണ്ടിനെപ്പറ്റി ചോദിച്ചപ്പോള്‍ അയാള്‍ കാണിച്ചു തന്നു, മൂലയ്ക്ക് ഒരു സ്റ്റാന്‍ഡില്‍ വച്ചിരിക്കുന്ന കുറേ പഴയ ഉടുപ്പുകള്‍. അവയ്ക്ക് 80% ഡിസ്ജ്കൌണ്ട്. ബാക്കി എല്ലാത്തിനും 40-45%.

അവരൊട്ടു കള്ളം പറയുന്നുമില്ല !!!!!

പാച്ചു നോയമ്പായതു കൊണ്ടാണോ പുതിയ വിറ്റൊന്നും പറയാത്തേ... :)

കരീം മാഷ്‌ said...

പരിശുദ്ധ റംസാനിന്റെ ആശംസകള്‍.

sandoz said...

അഗ്രുവിനും കുടുംബത്തിനും റംസാന്‍ ആശംസകള്‍....

അലിഫ് /alif said...

റമദാന്‍-ബസ്സേറിയന്‍- ഡിസ്കൌണ്ട് ചിന്തകള്‍ നന്നായി.
റമദാന്‍ ആശംസകള്‍..

SAJAN | സാജന്‍ said...

അഗ്രു അങ്ങനെ ഈ ആഴ്ചക്കുറിപ്പും മെച്ചമാക്കി
റമദാനെ കുറിച്ചുള്ള കുറിപ്പും ഇഷ്ടമായി:)

കടവന്‍ said...

ബസ്സ് യാത്രയുടെ കാര്യം പറഞ്ഞപ്പൊള്‍, ഒന്നര മാസം മുന്പ് നാട്ടില്‍ ബൊംബേ വഴിപോയി ബോംബേന്ന് ബസില്...സിറ്റി കഴിഞ്ഞു തിരക്കൊഴിഞ്ഞ എക്സ്പ്രെസ് വേ പൈലറ്റിന്റെ തൊട്ട് പുറകിലെ സീറ്റായിരുന്നു എനിക്ക്. വണ്ടിയുടെ സ്പീഡ് നോക്ക്ക്കി....60കീമീ/അവര്‍.. വണ്ടി ഊണ്‍ കഴിക്കാന്‍ നിര്‍ത്തിയപ്പൊ ഡ്രൈവര്‍ ചേട്ടനോട് ച്വാദിച്ചു...ചേട്ടോ നല്ല സൂപ്പര്‍ റോഡ്...ഇങ്ങനെ 50ലും 60ലും വലിഞ്ഞ് പോവുന്നതിലും ഒരു 90-100ല്‍ പിടിപ്പിച്ചാ കുറെ മണീക്കൂറുകള്‍ ലാഭിക്കാം വൈകിട്ട് എല്ലാര്‍ക്കും നേരത്തെ വീട്ടിലെത്തം,കര്‍ണടകയിലെ റോഡെങ്ങ്
നെയാണെന്നരീയില്ല.. അവിടുന്ന് മെല്ലെ ഓടിച്ച് കളിക്കാലോന്ന്.. അങ്ങെര്‍ പറയുവാ...ഇത് ഇന്തിയന്‍ വണ്ടിയാ ഇതു 100ല്‍ ഓടിയാ വെവരമരിയും എന്ന്.. രഹസ്യം.ആ വേഗത്തില്‍ വണ്ടി യോടിയാല്‍ ഇവര്‍ റ്റാര്‍ജെറ്റ് ചെയ്ത ഹൊട്ടലില്‍ ചെന്ന് നമ്മലെ മുറിക്കുന്നത് നടക്കില്ല അത് തന്നെ. യുണ്ടായിട്ടും ആശാന്‍ ഓണ്‍ ചെയ്യാന്‍ ആദ്യം ഒരു വൈക്ളബ്യം പിന്നെഅടുത്ത എല്ലാവരെയും പിരികേറ്റി(അമ്മാതിരി ചൂടാന്നെയ് മുംബായില്.)ഓണ്‍ ചെയ്യിചു. രഹസ്യം: മൊത്തം കിലൊ മീറ്റരിന്ന് ഡീസലടിക്കാന്‍ഒരുതുക കോടുക്കും.. യിട്ടാല്‍ ഡീസല്‍ കൂടുതല്‍ കതും ബാക്കിപോക്കറ്റിലോട്ട് പോവുന്നത് കുറയും. അദന്നെ.

അഞ്ചല്‍കാരന്‍ said...

കുറച്ചു കാലം ഷാര്‍ജ്ജയിലെ ഒരു ഫര്‍ണിച്ചര്‍ ഷോറുമില്‍‍ കണക്കനായിരിക്കേണ്ടി വന്നു. മുതലാളി സെയിലിടല്ലേ എന്നാണ് എപ്പോഴും പ്രാര്‍ത്ഥന. വിലയെല്ലാം കൂട്ടിയെഴുതി സൊഫ്റ്റ് വേറിലും തിരുത്തേണ്ട ഉത്തരവാദിത്തം അക്കൌണ്ട്സ് ഡിപ്പാര്‍ട്ട്മെന്റിനാണേയ്. ദോഷം പറയരുതല്ലോ ഡിസ്കൌണ്ട് സെയില്‍ കഴിയുമ്പോള്‍ ഷോറൂമിന്റെ മൊത്തലാഭം (Gross Profit) കുറയുന്നതിന് പകരം കൂടുകയാണ് ചെയ്യുന്നത്. അതൊപ്പിച്ച് അറ്റാദായവും കൂടും. അതായത് ഡിസ്കൌണ്ട് സെയില്‍ കഴിയുമ്പോള്‍ ഷോപ്പൊന്നു കൊഴുക്കുമെന്ന് ചുരുക്കം.

ആ ഷോറൂമിലെ കണക്കെഴുത്തില്‍ നിന്നും പഠിച്ച മഹത്തായ പാഠം. “ഡിസ്കൌണ്ട് സെയില്‍ എന്ന ബോര്‍ഡ് കാണുന്നിടത്തേക്ക് നോക്കുക പോലും ചെയ്യരുത്...”

P.R said...

റമദാന്‍ ആശംസകള്‍..
പാച്ചു എവിടെ പ്പോയി?
ഇത്തവണത്തേയും ഇഷ്ടമായി..