Tuesday, August 14, 2007

മുപ്പത്തിയൊമ്പത്

കരിക്കിടുമ്പോള്‍ കേട്ടത്‍...
പണ്ട്, എന്ന് പറയുമ്പോള്‍ കൌമാരത്തിനും പ്രവാസത്തിനും മദ്ധ്യേയുള്ള കാലഘട്ടം... കൂട്ടുകാര്‍ വല്ലവന്‍റേയും തെങ്ങിലെ എളനീര്‍ അഥവാ കരിക്ക് മോഷ്ടിക്കുന്നതിനോട് എനിക്ക് വിയോജിപ്പായിരുന്നു. എങ്കിലും, അവരുടെ കൂട്ട് ഞാന്‍ ഒഴിവാക്കിയിരുന്നില്ല എന്നു മാത്രമല്ല, അവര്‍ കരിക്കിടാന്‍ പോകുന്ന പറമ്പിന്‍റെ അതിര് വരെ കൂടെ പോയി വല്ല വരമ്പത്തോ മാട്ടത്തോ കുത്തിയിരിക്കും. അവര്‍ പോയി എളനീരെല്ലാം ഇട്ട് കുടിച്ച് വരും. അവര്‍ കൊണ്ടുവരുന്ന എനിക്കുള്ള എളനീര്‍ ഞാന്‍ കുടിക്കുകയും ചെയ്യും. എങ്കിലും ഓരോ തവണ എളനീരിടാന്‍ പോകുമ്പോഴും ഞാനവരെ നിരുത്സാഹപ്പെടുത്തും... ‘നീ വേണെങ്കി വാടാ...‘ എന്ന പല്ലവി അവര്‍ തുടരുകയും ചെയ്യും. ‍ അതുകൊണ്ട് എനിക്കിപ്പഴും വേണമെങ്കില്‍ പറയാം ഞാനൊരാളുടേം കരിക്ക് മോഷ്ടിച്ച് കുടിച്ചിട്ടില്ലാ എന്ന്.

ഇന്തോ - അമേരിക്കന്‍ ആണവകരാര്‍ സംബന്ധിച്ച് ഇടത് പാര്‍ട്ടികളുടെ നിലപാട്, മുകളില്‍ പറഞ്ഞ പഴയ കലാപരിപാടി വീണ്ടും എന്‍റെ ഓര്‍മ്മയിലെത്തിച്ചു. തങ്ങള്‍ ആണവകരാറിനെ ശക്തിയുക്തം എതിര്‍ക്കുന്നു, അത് നടപ്പില്‍ വരുത്താന്‍ സമ്മതിക്കില്ല, പാര്‍ലിമെന്‍റില്‍ ശക്തമായി എതിര്‍ക്കും എന്നൊക്കെ പറയുമ്പോഴും... ആണവകരാറിന്മേല്‍ ഒരോട്ടെടുപ്പ് വരികയാണെങ്കില്‍ തങ്ങള്‍ അതില്‍ നിന്നും വിട്ട് നില്‍ക്കും എന്ന നിലപാട് എന്തൊരു വിരോധാഭാസമാണ്. ഇടത് പാര്‍ട്ടികള്‍ വിട്ട് നിന്നാല്‍ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ ജയിക്കുമെന്നിരിക്കെ ഈ നിലപാട് കൊണ്ടെന്ത് ഗുണം? തങ്കള്‍ക്കീ രക്തത്തില്‍ പങ്കില്ല എന്ന പഴയ കരിക്ക് കുടിച്ചവന്‍റെ ന്യായം ആവര്‍ത്തിക്കാമെന്നല്ലാതെ!

ഇന്ത്യക്ക് നേട്ടങ്ങളുണ്ടാക്കും എന്നുറച്ച വിശ്വാസത്തില്‍(!) കരാറുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സും, എന്തുകൊണ്ട് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളേയും ജനപ്രതിനിധികളേയും വിശ്വാസത്തിലെടുക്കുന്നതില്‍ പരാജയപ്പെടുന്നു. മറ്റൊരു രാജ്യത്തോടും കാണിക്കാത്ത വിട്ട് വീഴ്ചകള്‍ ചെയ്ത് പോലും ഇന്ത്യയുമായി ഈ കരാറില്‍ ഏര്‍പ്പെടണമെന്ന അമേരിക്കയുടെ മഹാമനസ്കത, അതൊരൊന്നൊന്നര തന്നെ!

‘ഇടത് പാര്‍ട്ടികള്‍ക്ക് വേണമെങ്കില്‍ പിന്തുണ പിന്‍വലിക്കാം’ എന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ വാക്കുകള്‍, സത്യത്തില്‍... ‘എടേയ്, ഞങ്ങളുടെ തല ഇനി ഊരാനാവാത്ത വിധം ഇതില്‍ പെട്ടുപോയി... നിങ്ങളായിട്ടെങ്കിലും ഒന്ന് വലിച്ചിടെഡേയ്...‘ എന്നൊരു ദയനീയ സ്വരമായിട്ടാണോ കേട്ടത്!

ഉപരാഷ്ട്രപതി
പുതിയ രാഷ്ട്രപതിയോടൊപ്പം തന്നെ പുതിയ ഉപരാഷ്ട്രപതിയേയും നമുക്ക് ലഭിച്ച് കഴിഞ്ഞു... രണ്ടും തെരഞ്ഞെടുപ്പിലൂടെ! രാഷ്ട്രപതി സ്ഥാനത്തേക്കിതാ ഞങ്ങളൊരു വനിതയെ ഉയര്‍ത്തിക്കൊണ്ട് വരുന്നു എന്ന പറഞ്ഞവര്‍, ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വനിത വേണ്ടെന്നും തീരുമാനിച്ചു... രാഷ്ട്രീയകക്ഷികള്‍ക്ക് വനിതകളോടുള്ള സ്നേഹം പറഞ്ഞറിയിക്കാന്‍ വയ്യാത്തത് തന്നെ!

അതിബുദ്ധി
അബൂദാബിയില്‍ നിന്നും വരുന്ന വഴി, അല്‍ബര്‍ഷ സാലിക് ഗേറ്റ് (ടോള്‍ ഗേറ്റ്) എത്തുന്നതിന് ഏകദേശം ഒരു കിലോമീറ്റര്‍ മുന്‍പ് മുകളിലോട്ടുള്ള വഴിയിലൂടെ പോയാല്‍ സാലിക് ചാര്‍ജ്ജില്‍ (4 ദിര്‍ഹം) നിന്നും ഒഴിവാകാം എന്നുപദേശിച്ചത് സുഹൃത്തായിരുന്നു. പറഞ്ഞത് പോലെ തന്നെ ഞാന്‍ ചെയ്യുകയും ചെയ്തു. മുകളിലോട്ട് കയറിയപ്പോള്‍ മൂന്ന് ദിശകളിലേക്കായി പോകുന്നതില്‍ ഒരു റോഡിലൂടെ ഞാന്‍ പോയി... ഒരു രണ്ട് മൂന്ന് കിലോമീറ്ററോളം ഓടി... ദുബായ് ഡയറക്ഷനിലേക്കുള്ള റോഡിലൂടെ പാട്ടും പാടി മെയിന്‍ റോഡിലേക്ക് കയറിയത് ടോള്‍ ഗേറ്റിന്‍റെ മുന്നിലേക്ക് തന്നെയായിരുന്നു. പെട്രോളും സമയവും ചിലവയത് മാത്രമല്ല... ടോള്‍ കൊടുക്കേണ്ടിയും വന്നു. എന്നാലും നമ്മള്‍ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ... പറ്റാഞ്ഞിട്ടല്ലേ എന്നൊരു സമാധാനം ബാക്കിയായി.

കുറേ മുന്‍പ് ഏതോ പത്രത്തില്‍ വായിച്ച ഒരാള്‍ ബസ്സ് കാത്ത് നിന്ന കഥ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു ഈ അനുഭവം. ഒരിടത്ത് പോവാനായി, ബസ്സിനേ പോവൂ... ഓട്ടോ വിളിച്ച് കാശ് ചിലവാക്കില്ല എന്ന് ശഠിച്ച് നിന്നയാള്‍... കുറെ നേരം നിന്ന് ചൂടും ദാഹവും സഹിക്കാതെ ശീതളപപനിയമെല്ലാം കുടിച്ച് ക്ഷീണമകറ്റി, പിന്നേയും കാത്ത് നിന്നിട്ടും ബസ്സ് വരാതായപ്പോള്‍ അവസാനം ഓട്ടോ വിളിച്ച് തന്നെ പോയത്രേ. ചിലപ്പോള്‍ അതിബുദ്ധി നമ്മളെ പറ്റിച്ചുകളയും...!

22 comments:

മുസ്തഫ|musthapha said...

“ആഴ്ചക്കുറിപ്പുകള്‍“

ലക്കം: മുപ്പത്തിയെമ്പത്
ഉള്ളടക്കം:
- കരിക്കിടുമ്പോള്‍ കേട്ടത്...
- ഉപരാഷ്ട്രപതി
- അതിബുദ്ധി

Rasheed Chalil said...

അഗ്രജാ ആഴ്ചക്കുറിപ്പ് പതിവ് പോലെ തന്നെ നന്നായിരിക്കുന്നു. അഭിനന്ദങ്ങള്‍.

സാല്‍ജോҐsaljo said...

kollam..


off: itthireee... comment ayachukodutho... thamanuji....dilbaaa vaayikkooo

Mubarak Merchant said...

അഗ്രജാ ആഴ്ചക്കുറിപ്പ് പതിവ് പോലെ തന്നെ നന്നായിരിക്കുന്നു. അഭിനന്ദങ്ങള്‍ എന്ന് ഇത്തിരിവെട്ടം പറഞ്ഞതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല.
ഇത്തിരിയുടെ കമന്റിലെ‘പതിവ് പോലെ തന്നെ’ എന്ന പരാമര്‍ശത്തെ ആശ്രയിച്ചാല്‍ എല്ലാ ആഴ്ചക്കുറിപ്പും ഇത്തവണത്തേത് പോലെ നിലവാരം കുറഞ്ഞവയാണെന്ന് മനസ്സിലാക്കേണ്ടിവരും.
മുസ്തഫാക്കാ, എഴുതാന്‍ വേണ്ടി എഴുതാതിരിക്കൂ.. വ്യത്യസ്തത പുലര്‍ത്തുന്ന കുറിപ്പുകളാണു വായനക്കാര്‍ക്ക് വേണ്ടത്. ലാല്‍ സലാം.

മുസ്തഫ|musthapha said...

ഇത്തിരി: നന്ദി :)
ഇക്കാസ് പറഞ്ഞത് ശ്രദ്ധിച്ചിരിക്കുമല്ലോ!

സാല്‍ജോ: നന്ദി :)

ഇക്കാസ്: നന്ദി :)
എന്‍റെ വീട്ടിലെ പൈപ്പില്‍ വെള്ളമില്ലാത്തതും എന്‍റെ മുടി നരച്ചതും ഒക്കെയാണ് ആഴ്ച്ചക്കുറിപ്പിന്‍റെ ആദ്യലക്കങ്ങളില്‍ ഞാനെഴുതിയത്... അതില്‍ നിന്നൊന്നും വലിയ മാറ്റം ഇപ്പോഴും ഇല്ല എന്നു തന്നെയാണ് എന്‍റെ വിശ്വാസം... ഇനിയും അതില്‍ നിന്നും കാര്യമായൊരു മാറ്റം പ്രതീക്ഷിക്കാതിരിക്കാന്‍ ശ്രമിക്കുക - അഭിപ്രായത്തിന് വീണ്ടും നന്ദി :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പാച്ചു ലീവെടുത്താ?

ആദ്യപാരഗ്രാഫിനുള്ള മറുപടി-- മുടന്തന്‍ ന്യായം.

അവസാനത്തേതിനു-- നല്ല സുഹൃത്ത്. അന്ന് ഏപ്രില്‍ ഒന്നോ മറ്റോ ആയിരുന്നോ?

അഞ്ചല്‍ക്കാരന്‍ said...

Good one.
Where is Pachu?
I did not take "Zalik" so far. However I am using Shk. Sayed Road every day. It is very simble. I am researching in the subject of "How to use Shk. Sayed road without Zalik".

തമനു said...

ഒരു ബുള്‍ഗാന്‍ താടിക്കാരന്‍ ഉപരാഷ്‌ട്രപതി ആയതിന് ആര്‍ക്കാ ഇവിടെ സോക്കേട്...? :)

രണ്ടു ഭാഗങ്ങളും രാഷ്ട്രീയമായതു കൊണ്ടാണെന്നു തോന്നുന്നു അഗ്രൂ പലര്‍ക്കും ഇഷ്ടപ്പെടാഞ്ഞത്..

പാച്ചുവിനെ കൂടാതെ ആഴ്ചക്കുറിപ്പില്‍ കേറിപ്പോകരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ...
അതോ പാച്ചു പ്രതിഫലം ചോദിച്ചു തുടങ്ങിയോ ..? :)

ബയാന്‍ said...

അഗ്രു : കരിക്കിടുന്ന കാര്യം ഇഷ്ടയി; പാടത്തു നിന്നു പന്തു കളിയും കഴിഞ്ഞു,കുറച്ചു വിശ്രമിക്കും, പിന്നെ കൂട്ടത്തില്‍ നിന്നു കുറച്ചു പേര്‍ പോയി കരിക്കിട്ടു കൊണ്ടുവരും - ഇളം കരിക്കുകള്‍ വീണുടയാതിരിക്കാനും ഠും ഠും ശബ്ദം ഇല്ലാതാക്കാന്‍ തുണി അഴിച്ചു, നാലു മൂലയും വലിച്ചു നിവര്‍ത്തിപ്പിടിക്കും, ഇതു അറിയാത്തവര്‍ക്കു വേണ്ടിയാ പറഞ്ഞു തരുന്നേ, ഒരിക്കല്‍ ഒരു കാരണവര്‍ തെങ്ങിനു ബ്ലേഡു കയറ്റിവെച്ചു എന്റെ നെഞ്ചകം പിളര്‍ന്നു, പിന്നെ കാരണവരുടെ പറമ്പില്‍ ഒരു വെളിച്ചിങ്ങ വരെ ബാക്കിയായില്ല എന്നു പിന്നാമ്പുറ കഥ.

ഈ പറഞ്ഞതു തന്നെ യായിരിക്കാണം ശരി, ‘എടേയ്, ഞങ്ങളുടെ തല ഇനി ഊരാനാവാത്ത വിധം ഇതില്‍ പെട്ടുപോയി... നിങ്ങളായിട്ടെങ്കിലും ഒന്ന് വലിച്ചിടെഡേയ്...‘ എന്നൊരു ദയനീയ സ്വരമായിട്ടാണോ കേട്ടത്! “

അലെങ്കിലും ഈ അമേരിക്ക ആരാ...??

പാചുവിനെ മിസ്സ് ചെയ്യുന്നു. ഒരു സമാധാനമുണ്ടു “ ടോള്‍ഗേറ്റിനു മുന്നില്‍ ച‍ാടിയല്ലൊ” - വഴിതെറ്റലും വീണ്ടും വീണ്ടും തെറ്റലും എനിക്കൊക്കെ ഒരു സ്ഥിരം പരിപാടിയാ. എന്നോടെങ്ങാനും വഴി ചോദിച്ചിരുന്നെങ്കില്‍ നീ തിരിച്ചു അബൂദാബിയില്‍ തന്നെ എത്തിയേനെ.?

സുല്‍ |Sul said...

‘എടേയ്, ഞങ്ങളുടെ തല ഇനി ഊരാനാവാത്ത വിധം ഇതില്‍ പെട്ടുപോയി... നിങ്ങളായിട്ടെങ്കിലും ഒന്ന് വലിച്ചിടെഡേയ്...‘
കൊള്ളാം അഗ്രു. ഇതൊരു വേറിട്ട ചിന്ത തന്നെ. ഇത്രേം വേണ്ടീരുന്നില്ല.
-സുല്‍

അഭിലാഷങ്ങള്‍ said...

“പാച്ചു ഇല്ലാത്ത ആഴ്ചപ്പതിപ്പ് ഞാന്‍ ബഹിഷ്‌കരിച്ചതായി പ്രഖ്യാപിക്കുന്നു..”

ഇന്നീ സമരം സൂചന മാത്രം..
നാളെ സമരം ആളിപ്പടരും..
ആളിപ്പടരും മുന്‍പേ, പാച്ചൂനെ,
തിരിച്ചുവിളിക്കു അഗ്രജാ‍ാ‍ാ.!

ഇന്‍‌ക്വിലാബ് സിന്ദാബാദ്..
പാച്ചു ഫാന്‍സ് അസോസിയേഷന്‍.. സിന്ദാബാദ്..!!

salil | drishyan said...

എവിടെ പാച്ചു???????

#@%@#%@%$%%%$ (ഇതൊരു തരം വാമൊഴി തെറിയാണെന്ന് തോന്നുന്നു. എങ്ങനെ വേണമെങ്കിലും വായിക്കാം?)

സ്നേഹമില്ലാതെ
ദൃശ്യന്‍ !!!

Ziya said...

പതിവു നിലവാ‍രം പുലര്‍ത്തിയില്ലെന്നത് സത്യ.
ആദ്യത്തെ കുറിപ്പൊക്കെ ഞാന്‍ വായിച്ചിരുന്നുമില്ല.
ആഴ്ച തെറ്റാതിരിക്കാന്‍ മുക്കി എഴുത്തു വരുത്തണോ?

ഏറനാടന്‍ said...

പാച്ചു ഇല്ലാത്ത ആഴ്‌ചക്കുറിപ്പോ! ധൃതിയില്‍ ഇട്ടപ്പോള്‍ മറന്നുപോയതോ അതോ ശ്രീ.ബുള്‍ഗാന്‍ തമനു പറഞ്ഞപോലെ പാച്ചു പ്രതിഫലം ചോദിച്ചതിനാലോ??

മെലോഡിയസ് said...

നിങ്ങള്‍ കോണ്‍ഗ്രസ്‌കാര് എന്ത് വേണെങ്കിലും ചെയ്‌തോ..ഞങ്ങള്‍ ഇവിടെ പ്രധിഷേധിച്ചോളാം എന്നാണ് ഇടത് പാര്‍ട്ടികളുടെ നിലപാടെന്ന് കുറെ കാലമായ് തോന്നിത്തുടങ്ങിയിട്ട്.

പാച്ചുവിന്റെ വിശേഷങ്ങള്‍ എവിടെ..പാച്ചുവിനെ മിസ്സ് ചെയ്യുന്നു.

സാജന്‍| SAJAN said...

പാച്ചു എവിടേ?
നാളെ പാച്ചുവിനെ വിളിച്ചുകൊണ്ട് ക്ലാസില്‍ കയറിയാല്‍ മതി,
(ആ കൊച്ചുമിടുക്കിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആകാംഷയുണ്ട്)
എഴുത്ത് നന്നായി അഗ്രജാ:)

വേണു venu said...

ആണവ കുരുക്കിന്‍റെ ലളിതമായ വിശകലനം ഇഷ്ടപ്പെട്ടു.
പാച്ചുവിനു് ഒരു നുള്ളുമായാണു് ഇപ്രാവശ്യം വന്നതു്. കൊച്ചു കള്ളി ഒളിച്ചിരിക്കുന്നു.:)

Visala Manaskan said...

രാഷ്ട്രീയം. തേങ്ങാക്കുല!

ഞങ്ങടെ പാച്ചു എവിടേന്നാ ചോദിച്ചത്???

ഹേ മിസ്റ്റര്‍, പാച്ചുവിനെ കൂടാതെ ആഴ്ചക്കുറിപ്പ് ഇറക്കാന്‍ എങ്ങിനെ നിങ്ങള്‍ക്ക് ധൈര്യം വന്നു??

വേണ്ട, ഞങ്ങ പാച്ചു ഫാന്‍സ് കാരോട് കളിക്കല്ലേ!!! പാച്ചൂന്റെ വാപ്പയാണെന്നൊന്നും നോക്കില്ല.

എന്ന്,

സെക്രട്ടറി.
പാച്ചുഫാന്‍സ് അസോസിയേഷന്‍
ജെബല്‍ അലി ഘടകം.

മുസ്തഫ|musthapha said...

ഈ ലക്കത്തിലെ കുറിപ്പുകള്‍ നന്നായെന്നും നിലവാരം പോരെന്നും അറിയിച്ച എല്ലാവര്‍ക്കും സ്നേഹത്തോടേ നന്ദി അറിയിക്കട്ടെ.

പാതി മനസ്സോടെ പല ലക്കങ്ങളും ആഴ്ചക്കുറിപ്പില്‍ ഞാന്‍ ഇട്ടിട്ടുണ്ട്, പക്ഷെ... ഇത് എനിക്ക് വളരെ തൃപ്തി നല്‍കിയ ഒരു ലക്കമാണ് എന്ന് പറയട്ടെ.

കമന്‍റിട്ട പതിനാറ് പേരില്‍ പതിനൊന്ന് പേരും പാച്ചുവിന്‍റെ ലോകമില്ലാത്തതില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്... പൊതുവായി ഷെയര്‍ ചെയ്യാന്‍ പറ്റിയ കുസൃതികളൊന്നും കഴിഞ്ഞ ദിവസങ്ങളില്‍ അവള്‍ ഒപ്പിച്ചിട്ടില്ലാത്തത് കൊണ്ടോ, അല്ലെങ്കില്‍ ഒന്നും ഓര്‍മ്മയില്‍ വരാത്തത് കൊണ്ടോ ആണ് പാച്ചുവിന്‍റെ ലോകം ഒഴിവാക്കപ്പെട്ടത്.

ഇത്തിരിവെട്ടം :)
സാല്‍ജോ :)
ഇക്കാസ് :)

കുട്ടിച്ചാത്തന്‍: അതെ, ആദ്യത്തേത് മുടന്തന്‍ ന്യായം തന്നെ :)

അഞ്ചല്‍കാരന്‍: സാലികിനെ പറ്റിക്കാനുള്ള വഴികള്‍ അറിയാന്‍ ഞാന്‍ വിളിക്കുന്നുണ്ട് :)

തമനു : അതെ, ആര്‍ക്കാപ്പോ സോക്കേട്... :)

രാഷ്ട്രീയം ഉള്‍പ്പെടെ ശ്രദ്ധേയമായതെന്തും എനിക്ക് കൊക്കിലൊതുങ്ങുന്നതാണെങ്കില്‍ കുറിക്കണം എന്നുണ്ട്.

ബയാന്‍: കരിക്കിടലിന്‍റെ ആശാനായിരുന്നല്ലേ :)

Sul | സുല്‍ : മന്ത്രിസഭ അംഗീകാരം നല്‍കിപ്പോയത് കൊണ്ട് ഇനി എന്തെന്നെ ചെയ്താലും കരാറില്‍ നിന്നും പിന്നോക്കം പോവാനാവില്ല എന്നാണല്ലോ...!

Abhilash | അഭിലാഷ് ...
പ്രതിഷേധം വരവ് വെച്ചിരിക്കുന്നു :)

ദൃശ്യന്‍ | Drishyan:
പ്രതിഷേധവും തെറിയും വരവ് വെച്ചിരിക്കുന്നു :)

::സിയ↔Ziya:
അഭിപ്രായം മാനിക്കുന്നു :)
ആഴ്ച തെറ്റാതിരിക്കാന്‍ മുക്കി എഴുതാറില്ല... ഇഷ്ടപ്പെട്ട വിഷയം കിട്ടിയാല്‍ മാത്രേ എഴുതാറുള്ളൂ... ഇടയ്ക്കൊക്കെ ആഴ്ചക്കുറിപ്പ് മുടങ്ങിപ്പോവാറുള്ളത് ഇഷ്ടവിഷയം കിട്ടാത്തത് കൊണ്ട് തന്നെയാണ്.

ഏറനാടന്‍ :
മറന്നു പോയതല്ല :)

മെലോഡിയസ് :
അതെ, ഇതാണ് പരസ്പര ധാരണയോടെയുള്ള പിന്തുണ എന്ന് പറയുന്നത് :)

SAJAN | സാജന്‍ :
ഹഹ നാളെ പാച്ചുവിനെ കൊണ്ട് വന്നേക്കാമേ... ഇനിയെങ്കിലും എന്നെ ഈ ബെഞ്ചില്‍ നിന്നും ഒന്നിറക്കി നിറുത്തൂ :)

വേണു venu...
ഹഹ വേണുജി നുള്ളാന്‍ വരുന്നത് കണ്ട് ഒളിച്ചതാ അവള്‍ :)

Visala Manaskan:
പ്രതിഷേധം, അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അംഗീകരിച്ചിരിക്കുന്നു :)

നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി അറിയിക്കട്ടെ :)

Sathees Makkoth | Asha Revamma said...

പാച്ചുവിനെ തിരിച്ച് കൊണ്ട് വരിക.
അല്ലെങ്കില്‍ പ്രശ്നം ഇനിയും വഷളാകും.

ഗുപ്തന്‍ said...

പാച്ചുവില്ലാത്തതുകൊണ്ട് മിണ്ടാതെ തിരികെപ്പോയ ഞാന്‍ മണ്ടന്‍... പാച്ചുവാണ് താരം !!!

ഗുപ്തന്‍ said...

പാച്ചു ഇല്ലാത്തതുകൊണ്ട് മാത്രമല്ല..രാഷ്ട്രീയം (ഈ പോസ്റ്റിന്റെ രാഷ്ട്രീയം) ചര്‍ച്ച ചെയ്യാന്‍ താല്പര്യമില്ലാത്തതുകൊണ്ട് കൂടിയാണ്...