Tuesday, January 8, 2008

നാല്പത്തിയെട്ട്

രണ്ടായിരത്തി എട്ടിലെ ആദ്യ ആഴ്ചക്കുറിപ്പുകള്‍...

കമന്‍റുകള്‍...
എന്‍റെ പോസ്റ്റിലെ കമന്‍റുകള്‍ ഇന്നുമുതല്‍ മറുമൊഴികള്‍ എന്ന കമന്‍റ് അഗ്രിഗേറ്ററിലേക്ക് തിരിച്ച് വിടുന്നു. എന്തുകൊണ്ട് അന്നില്ല അല്ലെങ്കില്‍ എന്തുകൊണ്ട് ഇപ്പോ... എന്നീ ചോദ്യങ്ങള്‍ക്ക് ‘അന്നങ്ങനെ തോന്നി... ഇന്നിങ്ങനേയും’ എന്ന് ഒറ്റവാക്കില്‍ ഉത്തരമെഴുതുന്നു...!

ഒരു കൊച്ചു സന്തോഷം...
എന്‍റെ വരികള്‍ വായിക്കണം എന്ന് ഞാന്‍ വളരെയധികം ആഗ്രഹിച്ചിരുന്ന ഒരാള്‍ - ഒരു ചിരകാല സുഹൃത്ത് ഇന്നലെ എന്‍റെ മിക്ക ആഴ്ചക്കുറിപ്പുകളും വായിച്ചിരിക്കുന്നു - ഈ വര്‍ഷത്തിന്‍റെ തുടക്കത്തിലെ ഈ കൊച്ചു സന്തോഷം ഞാനിവിടെ ചേര്‍ത്ത് വെക്കുന്നു.‍

പോയ പുത്തി പിടിച്ചാ കിട്ട്വോ...
അവധിക്ക് നാട്ടീ പോകുന്നവരോട് ഒരപേക്ഷ, വല്ല മെഡിക്കല്‍ ചെക്കപ്പും ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് തിരിച്ച് പോരുന്നതിന്‍റെ അടുത്ത ദിവസങ്ങളിലേ ആകാവൂ... അല്ലെങ്കില്‍ കാര്യം കട്ടപ്പൊഹ...

കല്യാണങ്ങളായ കല്യാണങ്ങള്‍ക്കൊക്കെ പോയി ബിരിയാണി വെട്ടിവിഴുങ്ങണമെന്നും
സോഡാ സര്‍ബത്ത് വയര്‍ നിറയെ കുടിച്ച് രണ്ടാള് കേള്‍ക്കേ അസ്സല് ഏമ്പക്കം വിടണമെന്നും
റോബസ്റ്റ് പഴവും ഞാലിപ്പൂവനും യഥേഷ്ടം തട്ടി അതിന്‍റെ ഒരാലസ്യത്തില്‍ കസേരയിലിരുന്നങ്ങനെ മയങ്ങണമെന്നും നാട്ടീ പോകുന്ന ഒരുത്തന്‍ ആഗ്രഹിക്കുന്നതില്‍ വല്ല തെറ്റുമുണ്ടോ - ഇല്ല!

പിന്നെ എവിടെയാണ് തെറ്റ്...

നാട്ടീപോയ പാടെ ചുമ്മാ കേറി ബ്ലഡ് പ്രഷര്‍, കൊളസ്ട്രോള്‍, ബ്ലഡ് ഷുഗര്‍ ഇതൊക്കെ ഒന്ന് ടെസ്റ്റ് ചെയ്യാമെന്ന് വെച്ചതാണോ തപ്പ്...!

ആമ... അത് താന്ഡാ തപ്പ്!

ഞാനാള് പണ്ടേ ഫിറ്റാന്ന് അറിയാമെങ്കിലും അതിനിനി ഒരു സര്‍ട്ടിഫിക്കറ്റിന്‍റെ ബലം കൂടെ ആയ്ക്കോട്ടെ എന്ന് വെച്ച് ഡോക്ടറെ കണ്ടപ്പോള്‍... വിധി വന്നു!
രാവിലെ രണ്ടോ മൂന്നോ ഇഡ്ഡലി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളതെന്തെങ്കിലും
ഉച്ചയ്ക്ക് രണ്ട് തവി ചോറ്
രാത്രി രണ്ട് ചപ്പാത്തി
ഇതിനിടയില്‍ ഫില്ലിങ്ങിന് ഗ്രീന്‍ സാലഡ്
മധുരം എന്ന് പറയാനേ പാടില്ലാത്രേ...
ഇതൊക്കെ പോട്ടെ, രാവിലെ എണീറ്റാല്‍ പടം പിടുത്തവും പല്ല് തേപ്പുമായി ദിവസം തൊടങ്ങിയിരുന്ന എന്നോട് ഒരു മണിക്കൂര്‍ നടക്കാനുള്ള ഒരുത്തരവും കൂടെ പാസ്സാക്കി ലാക്കിട്ടര്‍ സാറ്.

പക്ഷെ ഈ ശരീരത്തിന്‍റെ കാര്യം അപാര സംഭവമാണ് കേട്ടാ...
ഏത് അവസ്ഥയോടും പെട്ടെന്നങ്ങ് പൊരുത്തപ്പെട്ടോളും...
മുന്‍പൊക്കെ വൈകീട്ട് വീട്ടിലെത്തി ഒരേഴെട്ട് മണിയോട് കൂടി വയറ് പൊട്ടുന്നത് വരെ ഭക്ഷണം കഴിച്ച്... കഷ്ടകാലത്തിനെങ്ങാനം ഉറങ്ങാന്‍ ഒരുമണി ആയാല്‍ നേരത്തെ കഴിച്ച അത്രേം കൂടെ ആഹാരം അകത്താക്കിയിരുന്ന ഞാനിപ്പോ രാത്രിയില്‍ രണ്ട് ചപ്പാത്തി കഴിച്ചാല്‍ സന്തോഷടമിഷ്ടനായി കെടന്നുറങ്ങും. വേണമെന്ന് വെച്ചാലും കഴിക്കാന്‍ പറ്റാത്ത രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പഠിച്ച് കഴിഞ്ഞു.

അപ്പോ പറഞ്ഞ് വരുന്നത് ഞാന്‍ കഴിച്ചിരുന്ന പോലെയൊന്നും വാരിവലിച്ച് ഭക്ഷണം കഴിക്കരുത്... അങ്ങനെ ചെയ്താല്‍ അടുത്ത് തന്നെ അതൊക്കെ നിറുത്തേണ്ടി വരും എന്ന്.

പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്... ശ്രദ്ധിച്ചാല്‍ വായനക്കാര്‍ക്കും അത് മനസ്സിലാവും. നമ്മള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന അവസരത്തില്‍ നമ്മുടെ ശരീരം ഒരു മെസ്സേജ് തരാറുണ്ട്... ‘ഡേയ് നെന്‍റെ വയറ് നെറഞ്ഞു... ഞാന്‍ ഹാപ്പിയായി... ഒന്ന് നിറുത്തെഡേയ്’ എന്ന്. പക്ഷെ ഭക്ഷണത്തിന്‍റെ രുചി കൊണ്ടോ, ഞാന്‍ അപാര വെട്ടാ എന്ന് രണ്ടാളെ കാണിക്കാനോ അല്ലെങ്കില്‍ കമ്പനിക്ക് വേണ്ടിയോ അതുമല്ലെങ്കില്‍ ടിവി കാണുന്ന ഹരത്തിലോ ആ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ നമ്മള്‍ വീണ്ടും മുന്നേറ്റം തുടരും... ആ പരിധി ലംഘിച്ചുള്ള മുന്നേറ്റം വലിയ പ്രശ്നക്കാരനാണ്... ആവശ്യത്തിന് വ്യായമം കൂടെ ഇല്ലെങ്കി സംഗതി ബഹുജോര്‍.

ഇനിമുതല്‍ ആ മെസ്സേജ് ശ്രദ്ധിക്കാത്തവര്‍ അതൊന്ന് ശ്രദ്ധിക്കാന്‍ ശ്രമിക്കുക...
എങ്കില്‍ നിങ്ങള്‍ക്ക് രണ്ടിഡ്ഡലി... ചപ്പാത്തി എന്ന അവസ്ഥയിലേക്കുള്ള ദൂരം കുറച്ച് കൂടെ കൂട്ടാം.

പാച്ചുവിന്‍റെ ലോകം...
നാട്ടിലെ ജീവിതം പാച്ചു ശരിക്കും എഞ്ചോയ് ചെയ്യുന്നുണ്ട്. ഉറ്റവരുടേയും ഉടയവരുടേയും ലാളനകള്‍ കാരണം കുസൃതികളുടെ നിലവാരം നന്നായി കുതിച്ചുയര്‍ന്നിട്ടുണ്ട്.

‘ഈ വികൃതികളൊക്കെ ഉപ്പ അറിഞ്ഞാ നല്ല രസംണ്ടാവും...’ എന്ന നല്ലപാതിയുടെ ഭീഷണിക്ക് പാച്ചുവിന്‍റെ മറുപടി ഇതായിരുന്നു...

‘ഇന്‍റുപ്പാക്കാറ്യാലോ കുട്ട്യേള് ഇങ്ങനൊക്കെന്നേണ്ന്ന്...’

ഇങ്ങനെ ഒരു കോപ്ലിമെന്‍റൊക്കെ തന്ന സ്ഥിതിക്ക് ഇനി ഞാനിപ്പോ എന്തു പറയാന്‍!

26 comments:

അഗ്രജന്‍ said...

രണ്ടായിരത്തി എട്ടിലെ ആദ്യ ആഴ്ചക്കുറിപ്പുകള്‍...

ഉള്ളടക്കം:
- കമന്‍റുകള്‍
- ഒരു കൊച്ചു സന്തോഷം
- പോയ പുത്തി പിടിച്ചാ കിട്ട്വോ
- പാച്ചുവിന്‍റെ ലോകം

ഇന്നുമുതല്‍ എന്‍റെ പോസ്റ്റില്‍ നിന്നും കമറ്റ്നുകള്‍ മറുമൊഴിയിലേക്ക് പ്രവഹിക്കുന്നതായിരിക്കും :)

ഒരു “ദേശാഭിമാനി” said...

ഇനിമുതല്‍ ആ മെസ്സേജ് ശ്രദ്ധിക്കാത്തവര്‍ അതൊന്ന് ശ്രദ്ധിക്കാന്‍ ശ്രമിക്കുക... എങ്കില്‍ നിങ്ങള്‍ക്ക് രണ്ടിഡ്ഡലി... ചപ്പാത്തി എന്ന അവസ്ഥയിലേക്കുള്ള ദൂരം കുറച്ച് കൂടെ കൂട്ടാം.

അവനവന്റെ ശത്രു അവനവന്റെ നാവാണു അല്ലേ!

തറവാടി said...

ന്‍‌റ്റെ അഗ്രജാ ,

ഞാന്‍ ആഴ്ചകുറിപ്പുകള്‍ വായിക്കുന്നതിനെന്തിനാണിത്ര സന്തോഷം ;)

മന്‍സുര്‍ said...

അഗ്രജന്‍...

നല്ല കുറിപ്പുകള്‍ ഓര്‍ക്കാന്‍ ഒരുപ്പാട്‌ നല്ല ഇന്നലെകള്‍
ഈ യാത്ര ഇനിയും തുടരാം......അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

പൊറാടത്ത് said...

ഇതെന്താ മലയാളത്തില്‍ ഇങനെ?

Friendz4ever // സജി.!! said...

എങ്കില്‍ നിങ്ങള്‍ക്ക് രണ്ടിഡ്ഡലി... ചപ്പാത്തി എന്ന അവസ്ഥയിലേക്കുള്ള ദൂരം കുറച്ച് കൂടെ കൂട്ടാം.
...:):):)....

വേണു venu said...

അഗ്രജന്‍‍ ഭായീ, രസിച്ചു വായിച്ചു.
ആ കൊച്ചു സന്തോഷം മൊത്തം വെളിപ്പെടുത്തിയില്ലേ ? ആരാണെന്നു പറയാതിരുന്നതോ. ഹഹാ..ചുമ്മാ.
ഒരിക്കല്‍ എന്‍റെ ഒരു സുഹൃത്തിന്‍റെ ഒരു ഫോണ്‍‍ രാവിലെ. അതിലൊരു പാട്ടു പാടി ആ സുഹൃത്ത്. “മധുരിക്കും ഓര്‍മ്മകളെ, മലര്‍‍മഞ്ചം....” ഞാന്‍ ചോദിച്ചു. എന്തുപറ്റിയെടേ. ഉത്തരം. ഞാന്‍‍ രാവിലത്തെ ഫീക്കി(പഞ്ചാരയിടാത്ത) ചായ കുടിക്കുന്നു.എനിക്കും ഷുഗറായെടാ..
സത്യം. ഇന്നത്തെ ആഹാര രീതികള്‍‍ . വളരെ ശ്രദ്ധിച്ചില്ലെങ്കില്‍‍ ഒരു മുറി ഇഡ്ഡലിയിലേയ്ക്ക് ഒതുങ്ങി പോകും എളുപ്പം.:)
പാച്ചുവിനു് ഒരു കൊച്ചു നുള്ള് അങ്കിളിന്‍റെ വക.

വാല്‍മീകി said...

ഇപ്പറഞ്ഞതൊക്കെ ഭക്ഷണത്തിനു ശേഷമാണോ അതിനു മുന്‍പാണോ കഴിക്കേണ്ടത്?

ശ്രീ said...

അഗ്രജേട്ടാ...

പുതുവര്‍‌ഷത്തിലെ ആദ്യ ആഴ്ചക്കുറിപ്പ് ഉപദേശങ്ങളോടെ ആണല്ലോ.

എന്തായാലും നന്നായി.

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആഴ്ച്ചക്കുറിപ്പ് കെങ്കേമമായി

കുട്ടന്‍മേനൊന്‍ said...

രണ്ടായിരത്തെട്ടിലെ ആദ്യകുറിപ്പിനു ആശംസകള്‍ !

അഗ്രജാ, ഭക്ഷണം കഴിക്കുന്നതിലൊന്നും വലിയ പ്രശ്നമില്ല. കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയും മറ്റ് അല്‍ക്കുല്‍ത്തുകളും ആവശ്യത്തില്‍ ബാക്കി വരുന്നത ശരീരത്തില്‍ വെച്ചുകൊണ്ടിരിക്കരുത്. അതിനു നന്നാ‍യി വിയര്‍ക്കണം. കളികളും ആവാം., ചീട്ടുകളി ഒഴിച്ച്. :)

സുല്‍ |Sul said...

2008 ലെ ആദ്യ ആഴ്ചക്കുറിപ്പ് നന്നായിരിക്കുന്നു.
‘അന്നങ്ങനെ തോന്നി ഇന്നിങ്ങനെ ...’ അതാണ് തോന്നലുകളുടെ ഒരു സ്ഥായീഭാവം.

-സുല്‍

അഞ്ചല്‍ക്കാരന്‍ said...

പുതുവര്‍ഷത്തില്‍ “മറുമൊഴി” യിലേക്കുള്ള വരവിന് അഭിനന്ദനങ്ങള്‍. ഒപ്പം നന്ദിയും. ഇന്നി അവിടെ വച്ചും കാണാമല്ലോ?

ആഴ്ചക്കുറിപ്പ് ഞാന്‍ തുടക്കം മുതല്‍ വായിക്കുന്നുണ്ടല്ലോ. ഇപ്പഴാ നന്ദി പറയാന്‍ തോന്നിയേ. ആ...കൊഴപ്പമില്ല. വരവ് വെച്ചിരിക്കുന്നു. ഇന്നി ശ്രദ്ധിച്ചാല്‍ മതി. നന്ദിയൊക്കെ അതാതു സമയത്ത് തന്നെ പറയാ‍ന്‍ ശ്രമിക്കണം. (ഇരിക്കട്ടെ ഒരു നവവത്സരോപദേശം എന്റെ വകയായും:)

നവവത്സരാശംസകള്‍...

Shaf said...

രണ്ടായിരത്തെട്ടിലെ ആദ്യകുറിപ്പിനു ആശംസകള്‍ !
:)-Shaf

അപ്പു said...

അതുശരി അപ്പോ ഇതുവരെ മറുമൊഴിയില്‍ ഇല്ലായിരുന്നോ? ഹ..ഹ.. ഇപ്പോ ഈ തിര്‍ച്ചുവരവിന്റെ ഉദ്ദേശം മനസ്സിലായി..ഹ.ഹാ

ഞാനീ ആഴ്ചക്കുറിപ്പുകള്‍ നേരത്തെ വായിച്ചിരുന്നുവല്ലോ. പിന്നെന്താ ഇപ്പോ ഒരു സ്പെഷ്യല്‍ സന്തോഷം?

പൊതുവാള് said...

അഗ്രജാ:)

ഈ വാരഫലവും വായിച്ചു,

ഞനപ്പോ ചെക്കപ്പിനു പോണേയില്ല:)

പാച്ചു ഉപ്പാനെ പറ്റിച്ചു കളഞ്ഞല്ലേ?

ഓ.ടോ. കുട്ടന്‍ മേനോന്‍ :.....അതിനു നന്നാ‍യി വിയര്‍ക്കണം. കളികളും ആവാം., ചീട്ടുകളി ഒഴിച്ച്. :)

അപ്പോ മേന്‌നേ രണ്ട് റൌണ്ട് ചെസ്സ് ആയാലോ?:):)

കുറുമാന്‍ said...

അഗ്രജാ, പഞ്ചാരകുട്ടാന്നാക്കണ്ടി വര്വോ പേര്? ഇത് വായിച്ചത് കാരണം ഞാനും മടങ്ങി വരുന്നതിന്റെ തലേന്ന് മാത്രമെ ചെക്കപ്പ് ചെയ്യിക്കുന്നുള്ളൂ...എന്തിനാ വെറുതെ ടെന്‍ഷന്‍ അടിക്കണേല്ലെ.......

ഗള്‍ഫന്മാര്‍ക്ക് ഫ്രീയായികിട്ടുന്നതല്ലെ, കൊളസ്ട്രോള്‍, ഷുഗര്‍, ബി പി മുതലായവ...

കുറുമാന്‍ said...

അഗ്രജാ, പഞ്ചാരകുട്ടാന്നാക്കണ്ടി വര്വോ പേര്? ഇത് വായിച്ചത് കാരണം ഞാനും മടങ്ങി വരുന്നതിന്റെ തലേന്ന് മാത്രമെ ചെക്കപ്പ് ചെയ്യിക്കുന്നുള്ളൂ...എന്തിനാ വെറുതെ ടെന്‍ഷന്‍ അടിക്കണേല്ലെ.......

ഗള്‍ഫന്മാര്‍ക്ക് ഫ്രീയായികിട്ടുന്നതല്ലെ, കൊളസ്ട്രോള്‍, ഷുഗര്‍, ബി പി മുതലായവ...

സുമേഷ് ചന്ദ്രന്‍ said...

അതുശരി, അപ്പൊ ഇതും തിരിച്ചുവിട്ടു... പോസ്റ്റ് വായിക്കാത്തേന് ആകെയുണ്ടായിരുന്ന ഒരു “എതിര്‍ചോദ്യമായിരുന്നു” മറുമൊഴിയിലില്ലേന്ന്... ശെടാ.. ഇനിയിപ്പൊ എന്തുചെയ്യും?... :D

പിന്നെ, ശ്രീയോട്..
മോനെ, ചക്കരക്കുട്ടാ, മേല്പറഞ്ഞ ഉപദേശങ്ങളൊന്നും മോന്‍ കാര്യമാക്കല്ലേ... ഇപ്പൊത്തന്നെ ഫോട്ടോയില്‍ ഒന്നും കാണാനില്ല, ഇനി 2 ഇഡ്ഡലികൂടി ആയാല്‍.....:D!!

ഉപാസന | Upasana said...

അതെ അഗ്രജന്‍ ഭായ്
പാച്ചു അങ്ങിനെ പറഞ്ഞ സ്ഥിതിക്ക് ഇനി തിരിച്ചെന്തെങ്കിലും ദേഷ്യായി പറയാന്‍ പാടില്ല..!
:)
എന്നും സ്നേഹത്തോടെ
ഉപാസന

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ഞാനാള് പണ്ടേ ഫിറ്റാന്ന് അറിയാമെങ്കിലു” ദൈവമേ 24 മണിക്കൂറും താമരയാന്ന് പരസ്യകുറ്റസമ്മതോം!!!!! ;)

ആഗ്നേയ said...

ഇക്കാ...സംഗതി കലക്കി

അലി said...

നാട്ടില്‍ പോകാനൊരുങ്ങുന്ന എനിക്കൊരു അഡ്വൈസ് ആയെടുക്കട്ടെ.

ഏ.ആര്‍. നജീം said...

ഓഹ് പിന്നേ...ഡോക്‌ടര്‍മാര്‍ അതും പറയും അതിനപ്പുറവും പറയും. ഓക്കെ, ആ ഡോക്‌ടര്‍ പറഞ്ഞത് പോലെ ഒക്കെ കഴിച്ചോളം ഒരു 60 അറുപത് വയസ്സ് വരെയെങ്കിലും ജീവിച്ചിരിക്കുമെന്ന് അയാള്‍ ഒരു ഗ്യാരന്റി തരുവോ...?

തിന്നാലും മരിക്കും തിന്നില്ലെങ്കിലും മരിക്കും. എന്നാ പിന്നെ തിന്ന് സന്തോഷിച്ച് അങ്ങ് മരിച്ചൂടെ...
ഹല്ല പിന്നെ.... :)

മുസാഫിര്‍ said...

അഗ്രജന്‍,

തിരിച്ച് വരുന്നതിനും മാക്സിമം ഒരു ആഴ്ച മുന്‍പ് മാത്രമേ ചെക്കിങ്ങിനു പോകാന്‍ പാടുള്ളു.അതിന് പോകുമ്പോള്‍ നല്ല പാ‍തിയെ കൂടെ കൂട്ടാനും പാടില്ല.ഇത് ഞാന്‍ കുറച്ച് കൊല്ലങ്ങളായി ചെയ്യുന്നതാണ്.പാച്ചു നാട്ടില്‍ ചെന്ന് കാര്യങ്ങള്‍ ഒക്കെ പഠിക്കുന്നുണ്‍ടല്ലോ !

പ്രയാസി said...

നന്നായി അഗ്രു..

തികച്ചും ഒരു ഗള്‍ഫായല്ലെ..!

ഇപ്പോഴത്തെ ഹെയര്‍സ്റ്റൈല്‍ കൂടി ഒന്നു പോസ്റ്റൂ.. അതും കൂടി കണ്ടാല്‍ സമ്മാനധാനമായി..

പാച്ചൂനു ബ്ലുമ്മാസ്..:)