Sunday, April 15, 2007

ഇരുപത്തിയഞ്ച്

വിഷു ആശംസകള്‍!
എല്ലാ ബ്ലോഗേര്‍സിനും മറ്റ് വായനക്കാര്‍ക്കും പ്രിയ കൂട്ടുകാര്‍ക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍.

സന്ധ്യാദീപങ്ങള്‍
‘എന്താ ഇക്കാ സുഖല്ലേ....’
‘വയ്യെടോ... മരുന്ന് കഴിക്കണുണ്ടെങ്കിലും വല്ലാത്ത തളര്‍ച്ച...’
‘ഇക്കയെന്നാ നാട്ടീ പോണ്...’
‘ഇപ്പഴ്ക്കിപ്പോ പോവേണ്ട മട്ടാണ് കാണണത്... അത്രയ്ക്ക് വയ്യ... പക്ഷെ ഇവിട്ന്ന് പോവലിപ്പോ നടക്കൂല്ലെടോ’
സങ്കടം തോന്നി, എന്തു ചെയ്യാന്‍... കുറേ കാലങ്ങള്‍ സ്വന്തമായി കഫറ്റേരിയ നടത്തി, പിന്നീട് പെണ്‍ മക്കളെ കല്യാണം കഴിപ്പിച്ച് വിട്ട വകയില്‍ കടയെല്ലാം കൊടുത്ത് ആ കടയില്‍ തന്നെ ഒരു പണിക്കാരനായി കഴിയുന്ന, അറുപത് - അറുപത്തഞ്ച് വയസ്സിനു മുകളില്‍ പ്രായമുള്ള ആ ഇക്ക... ഹൃദ്രോഗത്തിന്‍റെ പിടിയിലാണ്. ചില സമയങ്ങളില്‍ അവശനായി ഇരിക്കുന്നത് കാണാം. കുറച്ച് നേരത്തിന് ശേഷം വീണ്ടും പണികളില്‍ മുഴുകും. ജീവിതത്തില്‍ കുടുംബത്തിന്‍റെ സാമിപ്യവും സഹായവും വേണ്ടുന്ന അവസ്ഥയില്‍ ഇവിടെ തനിച്ച് കിടന്നു കഷ്ടപ്പെടുന്നു. അല്ലാതെ വഴിയില്ല... കുടുംബം ജീവിച്ചു പോവണമെങ്കില്‍ അദ്ദേഹത്തിന്‍റെ അവശതയെല്ലാം മറന്നേ പറ്റൂ. പ്രവാസികളില്‍ ഇങ്ങിനെയുള്ള കുറേ ജീവനുകളുമുണ്ട് , ജീവിതസായാഹ്നത്തിലും മറ്റുള്ളവര്‍ക്ക് പ്രകാശമായി ഇരുട്ടില്‍ കഴിയുന്ന വൃദ്ധജീവിതങ്ങള്‍.

- ഇന്നു ഞാന്‍ നാളെ നീ - എന്തോ എനിക്കീ വരികളോര്‍മ്മ വരുന്നു.

കമന്‍റുകള്‍
നല്ല രുചിയുള്ള കറിയും കൂട്ടി ഭക്ഷണം കഴിക്കുമ്പോള്‍ അഗ്രജ ചോദിച്ചു...
‘ഇക്കാ കറിയെങ്ങനണ്ട്...’
‘അടിപൊളി, സൂപ്പറായിട്ട്ണ്ട്...’ ഞാന്‍ പറഞ്ഞു.
‘ഇതെന്താ... ഇക്ക പോസ്റ്റില് കമന്‍റിടണ പോലെ’ അഗ്രജ മൊഴിഞ്ഞു...
ദിവസത്തില്‍ പലതവണ പ്രയോഗിക്കുന്നതല്ലേ, നിത്യജീവിതത്തില്‍ കടന്നു കൂടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

പാച്ചുവിന്‍റെ ലോകം
നിറം കൊടുക്കലെല്ലാം കഴിഞ്ഞ് ക്രയോണ്‍സ്, പാച്ചു തല തിരിച്ച് കവറിലിടുന്നത് കണ്ട് ശരിക്ക് ചെയ്യാന്‍ വേണ്ടി പല തവണ കാണിച്ച് കൊടുത്തിട്ടൂം പാച്ചു ശരിക്ക് ചെയ്യുന്ന മട്ടില്ല. എനിക്ക് ദേഷ്യം വന്ന് തുടങ്ങിയപ്പോള്‍ ഞാന്‍ പാച്ചുവിനോട് പിണങ്ങി. കുറച്ച് നേരം എന്‍റെ മുഖത്ത് നോക്കിയിട്ടും എന്നില്‍ ഭാവമാറ്റമില്ലെന്ന് കണ്ട പാച്ചു ...
‘ഇങ്ങനെ തെറ്റല്ലെടോ... പാച്ചു ഉപ്പാക്ക് ആകെ കൂടെള്ള ഒരു മോളല്ലേ പ്പാ...’
എന്ന് പറഞ്ഞ് ഞാന്‍ പിടിച്ച മസിലിന്‍റെ എയറെല്ലാം ശറേന്ന് അഴിച്ചു വിട്ടു.
ഒടുവില്‍ ക്രയോണ്‍സ് ശരിയായ രീതിയില്‍ തന്നെ കവറിലിട്ട് എന്നെ നോക്കി ഒരു ഡയലോഗ് കൂടെ പ്രയോഗിച്ചു...
‘കഴിഞ്ഞില്ലേ കാര്യം...’
(ഇതിനാണൊ ഉപ്പയിങ്ങനെ ബഹളം കൂട്ടിയതെന്നാവില്ല അവള്‍ ഉദ്ദേശിച്ചത് അല്ലേ... ഹേയ് അല്ല)

31 comments:

അഗ്രജന്‍ said...

ആഴ്ചക്കുറിപ്പിന്‍റെ ഇരുപത്തിയഞ്ചാം ലക്കം [സില്‍വര്‍ ജൂബിലി ലക്കം ;)]

പ്രോത്സാഹനം നല്‍കിയും അഭിപ്രായങ്ങള്‍ പറഞ്ഞും ആഴ്ചക്കുറിപ്പിനെ കൈ പിടിച്ചു നടത്തുന്ന നല്ലവരായ എല്ലാ വായനക്കാര്‍‍ക്കും വേണ്ടി ഈ ലക്കം സമര്‍പ്പിക്കുന്നു.

പ്രിയ ബ്ലോഗേര്‍സ്
സ്നേഹം നിറഞ്ഞ കൂട്ടുകാര്‍‍
മറ്റ് വായനക്കാര്‍ എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ.

പിന്നെ ഈ വേദി ഒരുക്കി തന്നെ ബ്ലോഗര്‍, ശബ്ദവും വെളിച്ചവും അനുവദിച്ച് തന്നിരിക്കുന്ന എന്‍റെ ബോസ്സേട്ടന്‍ എന്നിവര്‍ക്കും നന്ദി രേഖപ്പെടുത്തുവാന്‍ ഞാന്‍ ഈ സന്ദര്‍ഭം വിനിയോഗിക്കുകയാണ് :)

അപ്പു said...

സുല്ല് ഇതിനോടകം അടിച്ചാലും ഇല്ലെങ്കിലും കിടക്കട്ടെ ഒരു തേങ്ങ... “ഠേ......”
അഗ്രൂ.. ഒരായിരം ആശംസകള്‍
ഈ കുറിപ്പുകള്‍ നൂറും അതില്‍ കൂടുതലും മേനിവിളഞ്ഞ്, പാച്ചുവിന്റെയും അവളുടെ ഇളയകുട്ടികളുടേയും ലോകങ്ങളുമായി ഇന്റര്‍നെറ്റും ബ്ലോഗും ഉള്ള കാലത്തോളം വാഴട്ടെ.

Sul | സുല്‍ said...

ഒരു സില്‍‌വര്‍ ജൂബിലി ആശംസകള്‍!!!
നന്നായിരിക്കുന്നു അഗ്രു.
അഗ്രുവിന്റെ ദയ...
അഗ്രിയുടെ കമെന്റ്...
പാച്ചുവിന്റെ കുറുമ്പുകള്‍...
എല്ലാം എല്ലാം.

-സുല്‍

വല്യമ്മായി said...

ഇരുപത്തിയഞ്‌ചാം ലക്കത്തിനാശംസകള്‍. പ്രവാസജീവിതത്തിന്റെ വിവിധ കാഴ്ചകളിലൂടെ പാച്ചുവിന്റെ കുസൃതി നിറഞ്ഞ ലോകത്തിലൂടെ ആഴ്ചക്കുറിപ്പുകള്‍ ബൂലോഗത്ത് അതിന്റേതായ സ്ഥാനം നേടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

ഇത്തിരിവെട്ടം|Ithiri said...

അഗ്രജാ... ആശംസകള്‍.

ആഴ്ച്ചക്കുറിപ്പിന്റെ വരികളിലൂടെ കടന്ന് പോയപ്പോള്‍ മനസ്സിലെത്തിയത് നാല് വര്‍ഷം മുമ്പ് നാട്ടിലേക്ക് തിരിക്കുമ്പോള്‍ ഫ്ലൈറ്റില്‍ കൂടെയുണ്ടായിരുന്ന ഒരു പാവത്തെയാണ്. വയസ്സ് അമ്പത്തഞ്ച് കഴിഞ്ഞു... മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ പോയതാണ് മകളുടെ കല്ല്യാണത്തിനായി. അതിന്റെ കടം വീട്ടാനാണ് ഇത്രയും കാലം കാത്തിരുന്നത്. ഇനിയും കടം ബാക്കി.

എയര്‍പോര്‍ട്ടില്‍ വെച്ച്‍ഒരു അമ്പത് ദിര്‍ഹംസിന്റെ കറന്‍സി കയ്യില്‍ മടക്കി പിടിച്ച് എന്നെ നോക്കി പുഞ്ചിരിച്ചോണ്ട് പറഞ്ഞു... ഇത് ഇവന്മാര്‍ക്ക് കൊടുക്കാനാ. എന്റെ കയ്യില്‍ ഒന്നും ഉണ്ടായിട്ടല്ല. എന്നാലും ഇത് കൊടുത്തില്ലങ്കില്‍ വെറുതെ വൈകിക്കും. കൊടുത്താല്‍ പിന്നെ വേഗം പോവാം... പുറത്ത് മക്കള്‍ കാത്തിരിപ്പുണ്ടാവും. ഇതും പറഞ്ഞ് ട്രോളിയും ഉന്തി വേച്ച് വേച്ച് നീങ്ങിയ ആ പാവത്തെ ഓര്‍ത്ത് പോയി.

പാച്ചു വളരട്ടേ... മിടുക്കിയായി.

തറവാടി said...

ഇരുപത്തിയഞ്‌ചാം ലക്കത്തിനാശംസകള്‍

വേണു venu said...

അഗ്രജന്‍‍ ഭായീ ആശംസകള്‍‍.
ഓരോ ലക്കവും നന്നാകുന്നു.:)‍‍

sandoz said...

അഗ്രൂ......ഇരുപത്തഞ്ചിന്റെ ആശംസ.
ഇനിയുമിനിയും ആഴ്ചക്കുറിപ്പുകളും.... കഥകളും... കവിതകളും... ലേഖനങ്ങളും... സയന്‍സ്‌ ഫിക്ഷനുകളും....ഡിറ്റക്ടീവ്‌ നോവലുകളും.....എഴുതി...കൂട്ടത്തില്‍ കുറച്ച്‌ പടങ്ങളും പിടിച്ച്‌ പോസ്റ്റാക്കി......അങ്ങനെ നിറഞ്ഞ്‌ നില്‍ക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു......

ഇവിടേം പച്ചു തന്നെ താരം......

[ഒരു കാര്യം പറയാന്‍ വിട്ടു...ഇടക്ക്‌ പാട്ടും പാടണം....പറ്റുമെങ്കില്‍ കാര്‍ട്ടൂണും ഒന്നു ട്രൈ ചെയ്യൂ.....ഞാന്‍ നാട്ടില്‍ ഇല്ലാ എന്ന കാര്യം പ്രത്യേകം പറയണ്ടല്ലോ...]

അത്തിക്കുര്‍ശി said...

ASamsakaL!!

ഏറനാടന്‍ said...

മുത്തേട്ടാ, ആശംസകള്‍ (25 എണ്ണം ഇപ്പോപിടി) ബാക്കി പിന്നാലെ..

Satheesh :: സതീഷ് said...

അഗ്രജാ, ആഴ്ചക്കുറിപ്പുകളുടെ ഏകകുഴപ്പം എന്താന്ന് ചോദിച്ചാല്‍ അതിന്റെ വലിപ്പം തീരെ കുറവാണ്‍ എന്നതാണ്‍! വായിച്ച് രസിച്ച് നില്‍ക്കുമ്പോള്‍ അതങ്ങ് തീര്‍ന്നു പോകും. (അല്ലെങ്കില്‍ ഈ ആഴ്ചക്കുറിപ്പുകള്‍, ദിവസക്കുറിപ്പുകളാക്കരുതോ?)
ഒരു നൂറായിരം എപ്പിഡോസുകള്‍ ഓടട്ടെ ആഴ്ചക്കുറിപ്പുകള്‍ എന്നാശംസിക്കുന്നു.

അഗ്രജനും കുടുംബത്തിനും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍.

ദില്‍ബാസുരന്‍ said...

ആശംസകള്‍! പാച്ചു തന്നെ താരം.

Sul | സുല്‍ said...

"ഒരു നൂറായിരം എപ്പിഡോസുകള്‍ ഓടട്ടെ ആഴ്ചക്കുറിപ്പുകള്‍ എന്നാശംസിക്കുന്നു." സതീഷ്.

100000 x 7 = 700000 ദിവസങ്ങള്‍
700000 / 365 = 1917 കൊല്ലങ്ങള്‍...
എന്റമ്മോ........

അഗ്രജന്‍ said...

സുല്ലേ... :)

തലമു‌റ തലമുറ കൈമാറി... എന്നാ സതീഷ് ഉദ്ദേശിച്ചത്!

:)

കുട്ടന്‍ മേനൊന്‍ | KM said...

ജൂബിലി ആശംസകള്‍.
ഈ ലക്കം കണ്ടപ്പോഴാണ് ഒരാളെ ഓര്‍മ്മ വന്നത്.
കഴിഞ്ഞ വര്‍ഷം ബഹറിനിലെ ഒരു ഹോട്ടലില്‍ വെച്ച് പുതുപൊന്നാനിക്കാരനായ അബ്ദുള്ള ഇക്കയെ പരിചയപ്പെടുകയുണ്ടായി. ഹോട്ടല്‍ അറേഞ്ചു ചെയ്ത കാറിന്റെ ഡ്രൈവറാണ്. 65 വയസ്സുണ്ട്. മുഖത്ത് നല്ല ക്ഷീണം. സംസാരിച്ചപ്പോഴാണറിയുന്നത് നാലു പെണ്‍കുട്ടികളാണ് ഇക്കക്ക്., മൂന്നാളുടെ വിവാഹം കഴിഞ്ഞു. നാലാമത്തെ ആളുടെ വിവാഹം കഴിഞ്ഞിട്ട് വേണം സ്വസ്ഥമായി നാട്ടില്‍ പോകാനെന്ന് പറഞ്ഞു. ഒരുമാസം മുമ്പാണറിഞ്ഞത്,അബ്ദുള്ളാ ഇക്ക ഇനി ഒരിക്കലും നാട്ടില്‍ പോകില്ലെന്ന്. അബ്ദുള്ള ഇക്കയെ പോലെയുള്ള സന്ധ്യാ ദീപങ്ങള്‍ പ്രവാസപര്‍വ്വത്തില്‍ മുനിഞ്ഞുകത്തുകയാണ്.

വിചാരം said...

ലോട്ടറി അടിച്ചവന്‍റെ പോട്ടം വലിയതായി പത്രത്താളുകളില്‍ നിറയും എന്നാല്‍ ലോട്ടറി എടുത്ത് കുത്തുപാളയെടുത്തവന്‍റെ പോട്ടം പോയിട്ട് ഒരു വരി (അത് ചിലപ്പോള്‍ ഉണ്ടാവും ചരമ കോളത്തില്‍)പോലും ഉണ്ടാവില്ല അതുപോലെയാ പ്രവാസികളുടെ പ്രത്യേകിച്ച് ഗള്‍ഫുക്കാരുടെ കാര്യം ..
ഗള്‍ഫുക്കാര്‍ക്ക് മറ്റൊരു ദൂഷ്യം കൂടിയുണ്ട് ഭാവിയെ കുറിച്ചാലോചിക്കാതെ കിട്ടുന്ന പണത്തില്‍ നിന്ന് മുക്കാല്‍ ഭാഗവും ആര്‍ഭാഡമായ വീടുണ്ടാക്കുക, പിന്നെയായിരിക്കും മകളുടെ അല്ലെങ്കില്‍ സഹോദരിയുടെ വിവാഹം കഴിപ്പിക്കേണ്ട സമയം വരിക അപ്പോള്‍ ആരുടെയെങ്കിലും അടുത്ത് കൊള്ള പലിശക്ക് കടമെടുക്കും അത് വീട്ടാന്‍ വര്‍ഷങ്ങള്‍ , ചെറിയ വീടായിരുന്നെങ്കില്‍ അതിനൊത്ത കാര്യം വരും വീടു വലുതാവുന്തോറും അതില്‍ വസിക്കുന്നവരുടെ തലക്കും കനമേറും ഇന്നലത്തെ വഴികള്‍ അവര്‍ മറക്കും എന്തിനേറെ ഗള്‍ഫില്‍ കഷ്ടപ്പെടുന്ന ആളുടെ തൊഴില്‍ ഇത്തിരി താഴ്ന്നതാണെങ്കില്‍ അയാളെ പോലും മറക്കും, തന്‍റെ നിലവാരത്തേക്കാല്‍ ഉയര്‍ന്ന കാര്യം അന്വേഷിച്ച് കണ്ടെത്തി മകളെ/സഹോദരിയെ വലിയ സ്ത്രീധനം(കടം വാങ്ങിയിട്ട്)കൊടുത്ത് വിടും ഇതെല്ലാം കൊടുത്ത് വീടേണ്ടവര്‍ പാവം പ്രവാസികള്‍

പാച്ചു തന്നെ താരം

സുല്ലേ നിന്‍റെ മണ്ടക്കൊരു തേങ്ങ ഠിം...

ആഴ്ച്ച കുറിപ്പുകള്‍ അങ്ങനെ നീണ്ട് നീണ്ട് പോവട്ടെ ..

വക്കാരിമഷ്‌ടാ said...

അഗ്രജാ, നന്നായിരിക്കുന്നു. പാച്ചു പിന്നെയും അത്‌ഭുതപ്പെടുത്തുന്നു.

വെള്ളി ജൂബിലി തീയറ്റേഴ്‌സിന് അഭിനന്ദനങ്ങള്‍.

തമനു said...

മോഹന്‍ലാല്‍ അഭിനയത്തിന്റെ ഇരുപത്തഞ്ചാം വര്‍ഷം ആഘോഷിച്ചതിനു പിന്നാലെ ദാ അഗ്രജനും ഇരുപത്തഞ്ച്‌ ആഘോഷിക്കുന്നു.

സമയക്കുറവുമൂലം തല്ലിക്കൂട്ടിയുണ്ടാക്കിയ ഒന്നോ രണ്ടോ പോസ്റ്റുകള്‍ ഒഴികെ ബാക്കിയെല്ലാം നല്ല നിലവാരം പുലര്‍ത്തിയിരുന്നു.

ആശംസകള്‍. ഈ വിഷു ദിനത്തില്‍.

ഓടോ: ഒന്നു രണ്ടു വളിച്ച തമാശകള്‍ പറേണം എന്നുണ്ടായിരുന്നു. വേണ്ട.

മിന്നാമിനുങ്ങ്‌ said...

പ്രവാസ ജീവിതത്തിന്റെ നേര്‍ക്ക് തുറന്നിട്ട ജാലകമാണ്
അഗ്രജന്റെ ആഴ്ച്ചക്കുറിപ്പുകള്‍.കാലം തനിക്ക് മുമ്പിലെത്തിച്ച മനുഷ്യജന്മങ്ങളുടെ നോവും നൊമ്പരങ്ങളും ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഭാഷയില്‍
അഗ്രജന്‍ ഇവിടെ നമ്മുടെ മുമ്പിലേക്കിട്ടു തരുന്നു.
തുഴഞ്ഞിട്ടും തുഴഞ്ഞിട്ടും കരകാണാനാകാത്ത ജീവിതങ്ങള്‍ക്കു മുമ്പില്‍ അവര്‍പോലുമറിയാതെ
വായനക്കാരില്‍ രണ്ടിറ്റ് കണ്ണീര്‍പൊഴിക്കാനെങ്കിലും കഴിഞ്ഞാല്‍ ഈ കുറിപ്പുകളുടെ ഉദ്ധേശ്യം സഫലമായി.

ഇരുപത്തിയഞ്ചാം ലക്കത്തിന് ആശംസകള്‍
തുടരട്ടെ,കുറിപ്പുകള്‍ ഇനിയുമെറെക്കാലം

കരീം മാഷ്‌ said...

ബ്ലോഗു നോമ്പു തുറക്കാന്‍ ഞാന്‍ ഉപയോഗിക്കുന്ന കാരക്കയാണോ ആഴ്ചക്കുറിപ്പുകള്‍ എന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
25 നു ശേഷം കൂടുതല്‍ ശക്തമാവട്ടെ!
ആശംസകളോടെ!

ദിവ (diva) said...

അഗ്,

ഇതും നന്നായി. ടച്ചിംഗ്.

പാച്ചു തകര്‍ത്ത് വാരുകയാണല്ലോ. ഇക്കാലത്തെ കുട്ടികള്‍ മാതാപിതാക്കളെ ഔട്ട്സ്മാര്‍ട്ട് ചെയ്യുന്നെന്നാണ് എന്റെ സ്വന്തം അനുഭവവും പറയുന്നത്. ഞാനൊറ്റയ്ക്കല്ലെന്നറിയുന്നതില്‍ സന്തോഷം :))

കലേഷ്‌ കുമാര്‍ said...

മുസ്തഫ,

സില്‍‌വര്‍ജൂബിലി ആശംസകള്‍!

ആഴ്ച്ചക്കുറിപ്പുകള്‍ പലതും മനസ്സില്‍ തട്ടുന്നവയും തങ്ങി നില്‍ക്കുന്നവയുമാണ്.

ഇനിയും സ്ട്രോങ്ങായി തുടരൂ...

സു | Su said...

ആശംസകള്‍ :)

SAJAN | സാജന്‍ said...

അഗ്രുവേ, സില്‍‌വര്‍ ജൂബിലി ആശംസകള്‍!
എന്റെ മോള്‍ക്ക് 3 1/2 വയസ്സായി പാച്ചൂന് എത്രയുണ്ട്?:)

qw_er_ty

ഇക്കാസ്ജി ആനന്ദ്ജി said...

25-ആം ആഴ്ചക്കുറിപ്പില്‍ 25ആമത്തെ കമന്റിട്ടുകൊണ്ട് ഈ സില്വര്‍ ജൂബിലി പോസ്റ്റിന്റെ ആ കര്‍മ്മം ഞാന്‍ നിറവേറ്റുന്നു.
ആഹഹഹഹഹഹ....

ഇക്കാസ്ജി ആനന്ദ്ജി said...

ഒടുവില്‍ ക്രയോണ്‍സ് ശരിയായ രീതിയില്‍ തന്നെ കവറിലിട്ട് എന്നെ നോക്കി ഒരു ഡയലോഗ് കൂടെ പ്രയോഗിച്ചു...
‘കഴിഞ്ഞില്ലേ കാര്യം...’

hahahahaha മക്കളായാ ദിങ്ങനെ വേണം. ഹഹഹഹാ കലക്കി അഗ്രൂ...

അഗ്രജന്‍ said...

കുറിപ്പുകള്‍ വായിച്ച, അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കട്ടെ :)

അപ്പു:
സുല്ലിനെ പറ്റിച്ചല്ലേ - ആശംസകള്‍ക്ക് നന്ദി :)

സുല്‍:
അപ്പു പറ്റിച്ചല്ലേ - ആശംസകള്‍ക്ക് നന്ദി :)

വല്യമ്മായി:
പ്രോത്സാഹനത്തിനും ആശംസകള്‍ക്കും നന്ദി :)

ഇത്തിരി:
കമന്‍റ് വളരെ ടച്ചിംഗ് - ആ 50 ദിര്‍ഹംസ് വാങ്ങിക്കുന്നവര്‍ക്കറിയില്ല ആ 50 ഉണ്ടാക്കാന്‍ പെടുന്ന പാട്.

ആശംസകള്‍ക്ക് നന്ദി :)

തറവാടി:
ആശംസകള്‍ക്ക് നന്ദി :)

വേണുജി:
ആശംസകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി :)

sandoz:
നീ പറഞ്ഞിട്ടിനി പാടിയില്ലെന്ന് വേണ്ട... അടുത്ത് തന്നെ അതാവാം :)

സാന്‍റൂ... ഈ ഇളം പ്രായത്തില്‍ അഗ്രജശാപം വാങ്ങി വെക്കണോ :))

അത്തിക്കുര്‍ശി:
ആശംസകള്‍ക്ക് നന്ദി :)

ഏറനാടന്‍:
ആശംസകള്‍ (25) കൈപ്പറ്റിയിരിക്കുന്നു - നന്ദി :)

Satheesh:
ഹഹഹ നല്ല കഥയായി ഇതെന്നെ ഒപ്പിക്കാന്‍ പെടണ പാട് :)

ആശംസകള്‍ക്ക് നന്ദി :)

ദില്‍ബാസുരന്‍:
ആശംസകള്‍ക്ക് നന്ദി :)

കുട്ടന്‍ മേനൊന്‍:
അബ്ദുള്ളക്കയെ പോലെ ഒത്തിരി പേര്‍...
ഇതിലെ ഏറ്റവും രസകരമായ വസ്തുത, ഇവര്‍ അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചൊന്നും സ്വന്തം കുടുംബത്തെ അറിയിക്കാതെ മറച്ചുവെക്കുന്നുവെന്നതാണ്. അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്നവരും ഉണ്ടായിരിക്കാം.

ആശംസകള്‍ക്ക് നന്ദി :)

വിചാരം:
നീ പറഞ്ഞത് വളരെ സത്യമായ കാര്യങ്ങള്‍... കാര്യങ്ങള്‍ ഏറെക്കുറെ എല്ലാവര്‍ക്കും മനസ്സിലായിട്ടും ആ വക കാഴ്ചപ്പാടുകള്‍ക്കൊന്നും മാറ്റം വന്നിട്ടില്ല എന്നതാണ് രസകരം.

ആശംസകള്‍ക്ക് നന്ദി :)

വക്കാരിമഷ്‌ടാ:
ആശംസകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി :)

തമനു:
ആശംസകള്‍ക്കും നല്‍കി വരുന്ന പ്രോത്സാഹങ്ങള്‍ക്കും നന്ദി :)

തമാശ എന്നു മാത്രം പറഞ്ഞാല്‍ മതി... :))

മിന്നാമിനുങ്ങ്‌:
മിന്നൂസേ... ഇത്രയ്ക്കും വേണോ... എനിക്ക് ചമ്മലാവുന്നു :)

ആശംസകള്‍ക്ക് നന്ദി :)

കരീം മാഷ്‌:
ഇതെന്തിനാ ഇടയ്ക്കിങ്ങനെ നോമ്പ് നോക്കണത് :)

ആശംസകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി :)

ദിവാ:
ഞാനൊറ്റയ്ക്കല്ലെന്നറിയുന്നതില്‍ എനിക്കും സന്തോഷം :)

നന്ദി ദിവാ :)

കലേഷ്‌:
ആശംസകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി :)

സു:
ആശംസകള്‍ക്ക് നന്ദി :)

SAJAN:
ആശംസകള്‍ക്ക് നന്ദി :)
മോള്‍ക്ക് ജൂണ്‍ 25ന് മൂന്ന് വയസ്സാവും

സാജന്‍റെ മോളുടെ പേരെന്താ...

ഇക്കാസ്ജി:
ആ കര്‍മ്മനിര്‍വ്വഹണത്തിന് സ്പെഷ്യല്‍‍ നന്ദി :)

അല്ലെങ്കിലും‍ എനിക്കിട്ടാരു പണിതാലും, അത് പാച്ചുവായാലും നീ ഇങ്ങനെ തന്നെ പൊട്ടിച്ചിരിക്കുമെന്നെനിക്കറിയാം :)

അരവിന്ദ് :: aravind said...

ആഴചക്കുറിപ്പുകള്‍ എല്ലാം തന്നെ വളരെ നന്നാവുന്നുണ്ട് അഗ്രജാ.
എഴുത്തിലെ സത്യസന്ധത അവയെ മികവുറ്റതാക്കുന്നു.

:-)

അഗ്രജന്‍ said...

അരവിന്ദാ... ആഴ്ചക്കുറിപ്പുകള്‍ എല്ലാം വായിക്കുന്നുണ്ട് എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

പ്രോത്സാഹനത്തിന് സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

വിശാല മനസ്കന്‍ said...

ആശംസ വൈകിപ്പോയോ അഗ്രജാ. ക്ഷമി. ഫോണാണ് വില്ലന്‍.

എല്ലാവിധ ആശംസകളും അഗ്രജാ. ഇനിയും ഒരുപാട് എഴുതുക. ആഴ്ചക്കുറിപ്പുകള്‍ക്ക് സ്‌നേഹസമ്പന്നനായ ഒരു സുഹൃത്തിന്റെ വിശേഷം പറച്ചിലിന്റെ രസമാണെനിക്ക് തരുന്നത്.

വാഴ്ത്തുക്കള്‍.

വിശാല മനസ്കന്‍ said...

‘ആഴ്ചക്കുറിപ്പുകള്‍‘