Saturday, November 18, 2006

ഒന്‍പത്

യു. എ. ഇ. രണ്ടാം ബൂലോഗ മീറ്റ് – ചില പടങ്ങള്
ഒരു ക്യാമറയും പന്‍റ്സിന്‍റെ പോക്കറ്റിലിട്ട് തന്നെയാണ് ഞാനും മീറ്റിനു പോയത്. പക്ഷേ, പടങ്ങളുടെ എണ്ണം‍ കൂട്ടാന്‍ വേണ്ടി പിക്ചര്‍ സൈസ് കുറച്ചിട്ടതും, ഹാളിലെ വെളിച്ചത്തിന്‍റെ കുറവും പടങ്ങളുടെ തെളിമ കുറച്ചു. ഫോട്ടോ എടുക്കാനായി ഞാന്‍ ഏല്‍പ്പിച്ചിരുന്ന എന്‍റെ പ്രിയതമ, ഒരോരുത്തരുടേയും സംസാരങ്ങള്‍ കേള്‍ക്കുന്നതില്‍ വ്യാപൃതയായപ്പോള്‍ പടം പിടിക്കുന്ന കാര്യം മറന്നു. ആദ്യമായി സ്റ്റേജിയില്‍ മൈക്കേന്തുന്ന എന്‍റെ പടം പോലും എടുക്കാന്‍, എന്‍റെ വായില്‍ നോക്കിയിരുന്ന പുള്ളിക്കാരി വിട്ടുപോയി. കിട്ടിയ ചില പടങ്ങള്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്.

ആത്മാഹുതി ചെയ്യുന്നവര്
‍കഴിഞ്ഞ ദിവസം എനിക്ക് പരിചയമുള്ള ഒരു നാട്ടുകാരന്‍ ദുബായില്‍ മരണപ്പെട്ടു. ഹൃദയസ്തംഭനമായിരുന്നു കാരണം. മുന്‍പും അദ്ദേഹത്തിന് ആഘാതം വന്നിട്ടുള്ളതായിരുന്നു. എംബാമിങ്ങ് നടത്തുന്ന ഹോസ്പിറ്റല്‍ എന്‍റെ ഓഫീസിന് വളരെ അടുത്തായിരുന്നത് കൊണ്ട് എനിക്കവിടെ പോവാന്‍ പറ്റി. എംബാമിങ്ങ് കഴിഞ്ഞ് ബോഡി വരാന്‍ കുറ്ച്ച് സമയമെടുത്തു. അതിലിടയ്ക്ക് സംസാരിച്ച് നില്‍ക്കുമ്പോള്‍ എന്‍റെ അയല്‍വാസികൂടിയായ സുഹൃത്ത് പറഞ്ഞൊരു കാര്യം വളരെ ശ്രദ്ദേയമായി.

‘ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ഒരാള്‍ എടുത്ത് ചാടി മരിച്ചാല്‍ അത് ആത്മഹത്യയായി, അസുഖങ്ങള്‍ ഉള്ളയാളുകള്‍ പാടില്ലെന്ന് പറഞ്ഞിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതും ഒരു തരത്തില്‍ ആത്മഹത്യ തന്നെയല്ലേ…’ അയാള്‍ പറഞ്ഞത് ശരിതന്നെ. പാടില്ലാത്ത കാര്യങ്ങള്‍, അതൊന്നും സാരമില്ലെന്നേയ്, ഒരു തവണത്തേക്കല്ലേ എന്നും കരുതി രോഗിയും ചിലപ്പോള്‍ ബന്ധുക്കളും കണക്കിലെടുക്കാതെ വിടുന്നു. അരുതാത്തതെന്തും അരുതായ്മകളായ് തന്നെ കണ്ടേ മതിയാവൂ. ട്രഫിക് നിയമങ്ങള്‍ തെറ്റിച്ച് വണ്ടിയോടിക്കുന്നവരും ഒരു തരത്തില്‍ ചെയ്യുന്നത് ആത്മഹത്യശ്രമങ്ങള്‍ അല്ലെങ്കില്‍ കൊലപാതക ശ്രമങ്ങള്‍ തന്നേയല്ലേ!.

ഒരുമണിക്കൂറോളം നേരത്തെ കാത്തിനില്പിന് ശേഷം ബോഡി മോര്‍ച്ചറിയിലെ ഹാളിലേക്ക് കൊണ്ടുവന്നു. ഉറക്കേയുള്ള പൊട്ടിക്കരച്ചിലുകള്‍ക്ക് പകരം, അടക്കിയിട്ടും നിയന്ത്രണം വിട്ടുപോയ ചില വിതുമ്പലുകള്‍ മാത്രം ഉയര്‍ന്നു. അടുത്ത നിമിഷത്തെ കുറിച്ചു പോലും ഉറപ്പില്ലാത്ത മര്‍ത്ത്യന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള കാര്യങ്ങള്‍ക്ക് വേണ്ടി വെപ്രാളപ്പെടുന്നു.

വല്ലപ്പോഴും മരണാനന്തര ചടങ്ങുകളിലും മറ്റും സംബന്ധിക്കണം എന്നേ ഞാന്‍ പറയൂ. അത്, കുറച്ച് ദിവസങ്ങള്‍ അല്ലെങ്കില്‍ മണിക്കൂറുകള്‍ അതുമല്ലെങ്കില്‍ അല്പനിമിഷങ്ങള്‍ നമ്മളെ ഈ ഭൌതീകലോകത്തിന്‍റെ നശ്വരതയെ പറ്റി ചിന്തിപ്പിക്കും... ദൈവത്തിലേക്ക് കൂടുതലടുപ്പിക്കും.

നിസ്സാരമായ അറിവുകള്
‍എനിക്ക് പലപ്പോഴും പിടിതരാതിരുന്ന ഒരു കാര്യമായിരുന്നു AMBULANCE എന്നത് ആംബുലന്‍സുകളുടെ മുന്ഭാഗത്ത് മാത്രം തിരിച്ച് വലത്ത് ഭാഗത്ത് നിന്നും എഴുതിവെക്കുന്നതിലെ സാംഗത്യം. ചിലരോടൊക്കെ ചോദിച്ചിരുന്നെങ്കിലും അവരും അതേ പറ്റി അജ്ഞരായിരുന്നു. കഴിഞ്ഞ ദിവസം മുന്നില്‍ കിടന്ന ആംബുലന്‍സ് കണ്ടപ്പോഴും ഇതേപ്പറ്റി ഓര്‍ത്തു. പക്ഷേ, എന്തോ എനിക്ക് തന്നെ തോന്നി അത് മുന്നില്‍ പോകുന്ന വാഹനങ്ങള്‍ക്ക് റിയര്‍ മിററിലൂടെ വായിച്ചെടുത്ത്, ആംബുലന്‍സിന് വഴിയൊരുക്കാനായിരിക്കും എന്ന് - ശരിയായിരിക്കും അല്ലേ! നിസ്സാരമായ ചില കാര്യങ്ങള്‍ പലപ്പോഴും പിടിതരാതെ പോകും... അതിലെ കാര്യമറിയുമ്പോള്‍ ‘ഇതാപ്പോ’ എന്ന് നമ്മളെ കൊണ്ട് പറയിപ്പിക്കുകയും ചെയ്യും.

നിസംഗത
കഴിഞ്ഞ ദിവസം മുടിവെട്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ടി.വി. ചാനലില്‍ മുല്ലപ്പെരിയാറിനെ സംബന്ധിച്ചുള്ള ഒരു പരിപാടി തുടങ്ങി. ഉടനെ തന്നെ ബാര്‍ബര്‍ഷോപ്പിലെ ഒരാള്‍... ‘ഒരു മുല്ലപ്പെരിയാര്‍...’ എന്നും പറഞ്ഞ് പുച്ഛിച്ച് ചിരിച്ചു കൊണ്ട് ചാനല്‍ മാറ്റി. ഇതാണ് ഞാനടക്കമുള്ള സാമാന്യജനത്തിന്‍റെ കാഴ്ചപ്പാട്. ഭൂരിഭാഗം പേര്‍ക്കും ഇതിലൊന്നും ഒട്ടും താത്പര്യമില്ല, അല്ലെങ്കില്‍ ഇതൊന്നും തങ്കളെ ബാധിക്കുന്ന പ്രശ്നങ്ങളല്ല, അതൊക്കെ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ശ്രദ്ധിക്കാനുള്ള വിഷയങ്ങളാണ് എന്ന തോന്നലാണെന്ന് ഉള്ളതെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇതൊക്കെ നോക്കാനല്ലേ നമ്മള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ ഉള്ളത് എന്ന ചിന്താഗതിയോ! അതല്ല, ഇതൊക്കെ ഇങ്ങിനെയൊക്കെ തന്നേ പോകൂ എന്ന നിരാശയോ അതോ, മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അഞ്ച് വര്‍ഷത്തേക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്താനുള്ള വ്യഗ്രത മാത്രം കാണിക്കുമ്പോള്‍ മനം മടുക്കുന്ന ജനത്തിന്‍റെ നിസംഗതയോ!

ബ്ലോഗിലും കാര്യമായ ചര്‍ച്ചകളൊന്നും കണ്ടില്ല... അതോ വളരെ കുറച്ച് മാത്രം വായിക്കുന്ന ഞാന്‍ കാണാതെ പോയതോ. നിക്കിന്‍റെ ഒരു എളിയ ശ്രമം ഇവിടെ വെറും പതിനൊന്ന് കമന്‍റുകളില്‍ ഒതുങ്ങി.

പാച്ചുവിന്‍റെ ലോകം
പാച്ചുവിന് വാക്കുകളും മറ്റും പഠിപ്പിക്കുമ്പോള്‍ മലയാളവും ഇംഗ്ലീഷും ഒരുമിച്ച് പറഞ്ഞ് കൊടുത്ത് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കതിരിക്കാന്‍ വേണ്ടി ഏതെങ്കിലും ഒരു ഭാഷയേ പഠിപ്പിക്കാറുള്ളു. എങ്കിലും ചിലതൊക്കെ രണ്ട് ഭാഷയിലും ഗ്രഹിച്ചെടുക്കാറുണ്ട് പാച്ചു. ഓറഞ്ച് നാരങ്ങയാണ് എന്ന് പാച്ചുവിനറിയാം.

കഴിഞ്ഞ ദിവസം ആരോ സമ്മാനമായി കൊണ്ടു വന്നതാണ് കാഡ്ബറീസ് ജെംസിന്‍റെ വലിയൊരു പായ്ക്ക്. മിഠായി വളരെ കുറച്ചേ കഴിക്കാന്‍ അവസരം നല്‍കാറുള്ളൂവെങ്കിലും ചില അതിഥികള്‍ സ്നേഹം കൊണ്ട് ഇങ്ങിനത്തെ ചില പാരകളായി മാറും. ഒരോരോ കളറുകളും പറഞ്ഞ് പഠിപ്പിച്ചു കൊണ്ട് പ്രിയതമ ജെംസിന്‍റെ പായ്ക്കില്‍ നിന്നും ഒരോന്ന് പാച്ചുവിന് കൊടുക്കുന്നു.

‘ഓറഞ്ച്, ഗ്രീന്‍, ബ്ലൂ, റെഡ്...’ മുനീറ കളറുകള്‍ പഠിപ്പിക്കുന്നു.
‘ഇനി പാച്ചു പറഞ്ഞേ... ഇതൊക്കെ ഏതാ കളറുകള്‍...’
പാച്ചുവിന് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല...
‘നാരങ്ങ, ഗ്രീന്‍..., ബ്...ലൂ...’ പാച്ചു തുടര്‍ന്നു.

* * * *

കമലിന്‍റെ ‘രാപ്പകലില്‍...’ മമ്മുട്ടി പൂവന്‍ കോഴിയോട് സ്വകാര്യം പറയുന്ന സീന്‍...

‘മോളേ... കോഴിയെ കണ്ടോ...’ സ്ക്രീനിലെങ്കിലും കോഴിയെ കാണിച്ചു കൊടുക്കാന്‍ കഴിഞ്ഞ സന്തോഷത്തോടെ പാച്ചൂനോട് ഞാന്‍ പറഞ്ഞു.
‘അതാണ് ‘കൊക്ക്...’ പാച്ചു തിരിച്ചു പറയുന്നു.
‘അല്ല മോളേ, അതാണ് കോഴി’ ഞാന്‍ തിരുത്തികൊടുത്തു.
‘അല്ലെടാ.. അതാണ് കൊക്കുപ്പാ...’ പാച്ചു വീണ്ടുമെന്നെ തിരുത്തുന്നു.
ഇതു കേട്ട് അകത്ത് നിന്നും മുനീറ വിളിച്ചു പറഞ്ഞു...
‘അവള്‍ ‘കോക്ക്’ എന്നാ പറേണതെന്‍റിക്കാ...’

2 comments:

മുസ്തഫ|musthapha said...

19 അഭിപ്രായങ്ങള്‍:
വല്യമ്മായി said...
പതിവു പോലെ നന്നായി അഗ്രജാ,പാച്ചു ആളൊരു തിരുത്തല്‍വാദിയാണല്ലേ

2:01 PM
:: niKk | നിക്ക് :: said...
ഇക്കാ, AMBULANCE തിരിച്ചു എഴുതിയിരിക്കുന്നതിലെ ഗുട്ടന്‍സ്, റിയര്‍വ്യൂ മിററിലൂടെ ഒരു വാഹനത്തിന്റെ സാരഥിക്ക് പിന്നില്ലൂടെ വരുന്ന ആംബുലന്‍സ്... പുടി കിട്ട്യാ?

പിന്നെ മുല്ലപ്പെരിയാര്‍ സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ആളില്ലാഞ്ഞിട്ടല്ല. അതിന്റെ പിന്നിലുള്ള പൊളിറ്റിക്സ് ഞാനിവിടെ എഴുതി ഒരു ഡിസ്പ്യൂട്ട് ഉണ്ടാക്കുന്നില്ല. :)

പിന്നെ പൊതുവായ ഒരു മലയാളി കണ്‍സപ്റ്റ് എന്തെന്നാല്‍ - ഒരു ദുരന്തം വന്നാലോ, അല്ലെങ്കില്‍ ഒരു ദുരന്തം വരാന്‍ സാദ്ധ്യതയുണ്ട് അത് പക്ഷെ അവരവരുടെ ബന്ധുക്കളെയോ പരിചയക്കാരെയോ ബാധിക്കുന്ന ഒരു പ്രശ്നമാണെങ്കില്‍ അവര്‍ തീര്‍ച്ചയായും പ്രതികരിക്കും, ചര്‍ച്ച ചെയ്യും.

പാച്ചു കലക്കുന്നുണ്ടല്ലോ ഇഷ്ടാ. കോക്ക് സംഭവം അടിപൊളി. പാച്ചൂനെ കാണാനും കൊഞ്ചിക്കാനും കൊതിയാവുണ്ണ്ട്ട്ടോ :)

2:59 PM
കുട്ടന്മേനൊന്‍ | KM said...
പാച്ചു കലക്കുന്നുണ്ട്. AMBULANCE കാര്യം നിക്കു പറഞ്ഞതുതന്നെ. ഫോട്ടൊസും നന്നായി.

3:06 PM
മിന്നാമിനുങ്ങ്‌ said...
അഗ്രൂ.പടങ്ങളും അടിക്കുറിപ്പുകളും കലക്കന്‍.പപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാന്‍ ബാരക്കുടാ അങ്ങാടിയില്‍ മെഴ്സിഡന്‍സില്‍ കറങ്ങുന്ന കലേഷേട്ടന്റെ ഫോട്ടോയും അടിക്കുറിപ്പും അത്യുഗ്രന്‍.

ഓരോ മരണവും ഓരോ ഓര്‍മ്മപ്പെടുത്തലാണു.അത്‌ നമ്മെ സൃഷ്ടാവിലേക്ക്‌ കൂടുതല്‍ അടുപ്പിക്കുന്നു.അതെ,"കുല്ലു നഫ്സും ദാ-ഇക്കത്തുല്‍ മൗത്‌"(എല്ലാ ജീവനും മരണം രുചിക്കേണ്ടതു തന്നെ)

നിസ്സംഗതയാണു നാമടക്കമുള്ള സമൂഹത്തിന്റെ ഏറ്റവുംവലിയ ശാപമായി എനിക്കു തോന്നിയിട്ടുള്ളത്‌.നമ്മെ ചൂഷണം ചെയ്യാനും നിഷ്ക്രിയരാക്കാനും നമ്മുടെ മേലാളര്‍ക്ക്‌ ഈ നിസ്സംഗത ഒരു നിമിത്തമാകുകയും ചെയ്യുന്നു.

പാച്ചു അലക്കിപ്പൊളിക്കണുണ്ടല്ലാ..ഓറഞ്ചു നിറത്തില്‍ എന്തുകണ്ടാലും പാച്ചൂനത്‌ മധുരനാരങ്ങയാണല്ലെ,അതു നന്നായി

ആഴ്ച്ചക്കുറിപ്പുകള്‍ തുടരട്ടെ,കാത്തിരിക്കുന്നു

3:07 PM
സു | Su said...
:) വായിക്കാറുണ്ട്. പത്താം ലക്കം പോരട്ടെ.

8:16 PM
സുല്‍ | Sul said...
ആഴ്ചക്കുറിപ്പുകള്‍ (ഒന്‍പതാം ലക്കം). ഇതു വളരെ നന്നായി അഗ്രു. കഴിഞ്ഞ ലക്കങ്ങളെക്കാല്‍ മികച്ചത്.

ആംബുലന്‍സും, ആത്മഹത്യയും, കളറും പാ‍ച്ചുവും പിന്നെ പടങ്ങളും - വിഭവങ്ങളും കൂടുതല്‍. എല്ലാം കൊണ്ടും നന്നായി.

-സുല്‍

9:29 AM
ഇത്തിരിവെട്ടം© said...
അഗ്രജാ പതിവ് പോലെ ആഴ്ച വട്ടം നന്നായിരിക്കുന്നു.

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. ഒന്നും ചരിച്ചെടുക്കാന്‍ പറ്റിയില്ല അല്ലേ... കലേഷ് ഭായ് തന്നെ താരം.

ജീവിതത്തിന്റെ കണക്കുകൂട്ടലിനിടയില്‍ മരണത്തെ മറക്കാന്‍ മനുഷ്യന്‍ ശ്രമിക്കുന്നു. മരണമാവട്ടേ മറഞ്ഞ് നിന്നിരുന്ന കൂട്ടുകാരനേ പോലെ അടുത്തെത്തുമ്പോള്‍ എല്ലാ കണക്ക് കൂട്ടലുകളും അവസാനിപ്പിച്ച് കൂടേ പോവേണ്ടി വരുന്നു.

അവസാന ശ്വാസത്തിന് തൊട്ട് മുമ്പ് ദൈവത്തോട് ഒരവസരത്തിനുകൂടി മനുഷ്യന്‍ കെഞ്ചുമെത്രെ . ഇത്തിരി കൂടി സമയം ജീവിക്കാന്‍ അവസരം തന്നാല്‍‍ ഞാന്‍ ദാനങ്ങള്‍ ചെയ്യാം നല്ലവനായി ജീവിക്കാം എന്ന ഖുര്‍‌ആന്‍ സൂക്തം മനുഷ്യന്റെ വിലപേശാനുള്ള ശ്രമം അന്ത്യശ്വാസം വരെ നിലനില്‍ക്കുന്നതിന്റെ സൂചനയെത്രെ.

മുല്ലപ്പെരിയാറടക്കം പലതിലും നാം നിസ്സംഗത പാലിക്കുന്നു. അവനവന്റെ ലോകത്ത് മാത്രം ഒതുങ്ങാനുള്ള മനുഷ്യന്റെ സ്വാര്‍ത്ഥത തന്നെ...

പാച്ചു ചോദിച്ചും അറിഞ്ഞും വളരട്ടേ... നല്ലൊരു മാതൃകയായി

9:40 AM
ഇക്കാസ് said...
അഗ്രൂ,
നന്നായി.
പാച്ചൂന്റെ കോക്കും ഉപ്പാന്റെ കോഴിയും നന്നായി രസിച്ചു.

9:46 AM
അതുല്യ said...
തിരക്കിനിടയില്‍ ഇത്‌ പോലെ ആഴ്ചക്കുറിപ്പുകള്‍ എഴുതുന്ന അഗ്രുവിനു അഭിനന്ദനങ്ങള്‍.

പിന്നെ പ്രതിപാദിച്ച കാര്യങ്ങള്‍. എനിക്ക്‌ തോന്നാറുണ്ട്‌, നരകം വിധിച്ചവരെയാണു, ദൈവം 22ആം നൂറ്റാണ്ടില്‍ ഭൂമിയിലേയ്ക്‌ അയയ്കാറു എന്ന്. ഒന്നും പറയാനില്ല. അവനവന്റെ ശ്വാസം പോലും അവനവുനു ഭീഷണിയായി കൊണ്ടിരിയ്കുന്നു. കിട്ടുന്ന നിമിഷങ്ങളില്ലെല്ലാം നമുക്ക്‌ പ്രാര്‍ഥിയ്കുകയും, സന്തോഷങ്ങളുടെ അടുത്തേയ്ക്‌ ഓടി പോവുകയും ചെയ്യാം. ഒന്നിനും കാത്ത്‌ നില്‍ക്കണ്ട. യു. നെവര്‍ നോ വാട്ട്‌ ഹപ്പന്‍സ്‌ വെന്‍....

9:50 AM
ഏറനാടന്‍ said...
അഗ്രജോ, ആഴ്‌ചക്കുറിപ്പുകളില്‍ ഞാന്‍ ആദ്യം വായിക്കുന്നത്‌ പാച്ചുവിന്റെ ലോകം തന്നെ. കാരണം പാച്ചു ചോദിക്കുന്നതിലും പറയുന്നതിലും ഒത്തിരി ഗ്രഹിക്കാനും ചിന്തിക്കാനും കാര്യങ്ങളുണ്ട്‌.

10:06 AM
വേണു venu said...
അഗ്രജാ, ആഴ്ചക്കുറിപ്പുകള്‍ നന്നാകുന്നു.
പാച്ചുവിന്‍റെ സംശയങ്ങളും.ഒരിക്കല്‍ ഞാന്‍‍ മോനും മോള്‍ക്കുമായി ഒരു നമ്പൂതിരി കഥ പറഞ്ഞുകൊടുത്തു. കഥ കേട്ടു് കുറെ കഴിഞ്ഞു് മോളു പറഞ്ഞു, ഈ നമ്പൂരി എന്നതു് ഒരു ഇന്‍സെക്‍റ്റാണെന്നു് നാട്ടില്‍ അമ്മൂമ്മ പറഞ്ഞു തന്നതാണല്ലോ. നമ്പൂരി അട്ടയെയാണവള്‍ വിചാരിച്ചതു്.

10:47 AM
കലേഷ്‌ | kalesh said...
മുസ്തഫാ, നന്നായിട്ടുണ്ട്!

11:29 AM
കരീം മാഷ്‌ said...
ആഴ്ചക്കുറിപ്പുകള്‍ വളരെ നന്നായി അഗ്രു.‍ മികച്ചത്പാച്ചുവിന്റെ ലോകം.
ആഴ്ച്ചക്കുറിപ്പുകള്‍ തുടരട്ടെ, കാത്തിരിക്കുന്നു

3:26 PM
അഗ്രജന്‍ said...
വല്യമ്മായി: തേങ്ങയ്ക്ക് നന്ദി.

നിക്ക്|കുട്ടമ്മേനോന്‍: AMBULANCE - അപ്പോ ഞാന്‍ വിചാരിച്ചത് തന്നെ.

മിന്നാമിനുങ്ങ്: എല്ലാം വായിച്ചതില്‍ വളരെ സന്തോഷം

സൂ :)

സുല്‍: അഭിപ്രായം അറിയിച്ചതില്‍ സന്തോഷം

ഇത്തിരി: അതെ, കലേഷ് തന്നെ താരം.

ഇക്കാസ്: അബ്ദുള്‍ കലാം യൂണിഫോം തിരിച്ചു വാങ്ങി അല്ലേ :)

അതുല്യേച്ചി: :)

ഏറനാടന്‍: നന്ദി

വേണു: നമ്പൂരി അട്ട - നന്നായി :) മക്കളുടെ കാര്യങ്ങള്‍ ബഹുരസം തന്നെ. നമ്മുടെ മാതാപിതാക്കളെ നമ്മളിങ്ങനെ രസിപ്പിച്ചിട്ടുണ്ടോ - എന്തോ :) (അവരും ബ്ലോഗെഴുതി തുടങ്ങിയാല്‍...!)

കലേഷ്|കരീം മാഷ്: നന്ദി

വായിച്ചവര്‍ക്കും കമന്‍റിട്ടവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

12:28 PM
മുസാഫിര്‍ said...
അഗ്രജന്‍ ,

പൊതുവെ നന്നായിട്ടുണ്ട്,പ്രത്യെകിച്ചു മരണത്തെക്കുറിച്ച് ഓര്‍മിപ്പിച്ചത്.

3:56 PM
കുറുമാന്‍ said...
അഗ്രജോ, ഇത് കാണാന്‍ വൈകി പോയി....പതിവുപോലെ നന്നായിട്ടുണ്ട്. അടിക്കുറിപ്പുകളുമടക്കം

4:19 PM
വിചാരം said...
അഗ്രജാ എല്ലാം നന്നായിരിക്കുന്നു, ഫോട്ടോയില്‍ ഒരു കുവൈറ്റുക്കാരനെ കണ്ടല്ലോ നമ്മുടെ പ്രഭേട്ടനെ.. മൂപ്പര്‌ എങ്ങനെ അവിടെ എത്തി... കലേഷ്‌ തന്നെ താരം... കുറിപ്പുകള്‍ വളരെ നന്നായിരിക്കുന്നു.. ഒരു വിഷയം കൂടുതല്‍ സമയം കാണിക്കുമ്പോള്‍ ജനം എങ്ങനെ വെറുക്കാതിരിക്കും.. എന്റെ വീക്ഷണത്തില്‍ ചിലകാര്യത്തില്‍ നക്സലുകള്‍ നമ്മുക്ക്‌ ആവശ്യമായി തോന്നാറുണ്ട്‌...
---------------------------
അഗ്രജന്റെ പാചകത്തില്‍ ഞാനൊരു തിരുത്ത്‌ വരുത്തിയിട്ടുണ്ട്‌ .. പൊന്നാനിക്കാരിയായ ഭാര്യയോട്‌ മറ്റു പലഹാരങ്ങളെ കുറിച്ച്‌ ചോദിച്ച്‌ നളപാചകത്തില്‍ എഴുതുക... പൊന്നാനിയില്‍ എവിടെയാ വീട്‌ ....

5:10 PM
അഗ്രജന്‍ said...
മുസാഫിര്‍ ഭായ്, കുറുജി... നന്ദി :)

വിചാരം: വിശ്വേട്ടന്‍ യു.എ.ഇ ബ്ലോഗ് കൂടപ്പിറപ്പുകളെ കാണാനായിതന്നെ യു. എ. ഇ. മീറ്റിനെത്തിയതാണ്.

നളപാചകത്തിലെ താങ്കളുടെ തിരുത്ത് ഞാന്‍ വായിച്ചു... അത് നന്നായി :)

ഭാര്യഗേഹം പൊന്നാനി എം.ഇ.എസ്. കോളേജിനടുത്തായിട്ട് വരും.

വായിച്ചവര്‍ക്ക് ഒരിക്കല്‍ കൂടെ നന്ദി :)

10:11 AM
Siju | സിജു said...
അഗ്രജന്‍ ചേട്ടാ..
നിങ്ങളീ വീട്ടിലെ കാര്യങ്ങളൊക്കെയെഴുതുമ്പോ നമ്മള്‍ അവിടെ വന്നു നിന്നു അതു കാണുന്നതു പോലൊരു ഫീലിങ്ങാ..
സുകുമാരക്കുറുപ്പിന്റെ മീശ വടിച്ച ഫോട്ടോ മാറ്റിയോ, ഇതും അതും നമ്മില്‍ ഒരു സാമ്യവും കാണുന്നില്ലല്ലോ. ഇതു കണ്ടിട്ടൊരു കോട്ടയം നസീര്‍ ലുക്കുണ്ട് :-)

7:36 PM

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/