Tuesday, April 3, 2007

ഇരുപത്തിനാല്

റബീഉല്‍ അവ്വല്‍
അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും മുങ്ങിക്കിടന്നിരുന്ന ഒരു സമൂഹത്തിനു നടുവില്‍ പിറന്ന് ദൈവവിശ്വാസവും സത്യസന്ധതയും ലാളിത്യവും മാത്രം കൈമുതലാക്കി അവരെ ദൈവവിശ്വാസത്തിന്‍റെയും നന്മയുടേയും പാതയിലേക്ക് നയിച്ച്, സത്യവും സമത്വവും സാഹോദര്യവും നീതിയും എന്തെന്ന് സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) യുടെ ജനനവും വഫാത്തും (മരണം) നടന്ന മാസം. പ്രവാചകരെ പറ്റി ഓര്‍ക്കേണ്ടതും അവിടുത്തെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്‍പറ്റേണ്ടതും ഒരു ദിനത്തിലോ മാസത്തിലോ ഒതുക്കേണ്ടതല്ല, അതെന്നും ചെയ്യാന്‍ ബാധ്യസ്ഥരാണ് അവിടുത്തെ അനുയായികളെല്ലാം തന്നെ.

സഹജീവി...
ഓഫീസില്‍ നിന്നുള്ള മടക്കയാത്ര, പിറകിലെ സീറ്റില്‍ ഒരു മലയാളി സാമാന്യം ഉച്ചത്തില്‍ ഫോണില്‍ സംസാരി‍ക്കുന്നു...

... ‘അടുത്ത മാസം നാട്ടീ പോണം, ഇന്‍സ്റ്റാള്‍മെന്‍റായിട്ട് അന്‍പതിനായിമുറുപ്യ അയപ്പിക്കണം... ആദ്യഅടവ് കൊടുത്താല്‍ മതിയല്ലോ, പിന്നെ തിരിച്ച് വന്നിട്ട് നോക്കാം, ആരുപ്പോ നാട്ടീ വന്ന് മേടിക്കില്ലല്ലോ... അല്ലാണ്ടിപ്പോള്‍ കാശുണ്ടാക്കീട്ടൊന്നും നാട്ടീ പോക്ക് നടക്കില്ല...’

ഇതു കേട്ട്, അയാളൊടെനിക്ക് വെറുപ്പ് തോന്നി... എന്തൊരു നിസ്സാരമായാണ് അയാള്‍ മറ്റൊരാളെ പറ്റിക്കാന്‍ ശ്രമിക്കുന്നത്. സാഹചര്യം നിമിത്തം പറഞ്ഞ അവധിയില്‍ വിത്യാസം വരുന്നത് മനസ്സിലാക്കാം. ഇത് പക്ഷെ, മറ്റുള്ളവന്‍റെ കാശ് വാങ്ങി അവര്‍ക്ക് പറഞ്ഞ സമയത്തിന് കൊടുക്കാതിരിക്കാന്‍ ആദ്യം തന്നെ പദ്ധതി തയ്യാറാക്കി നടക്കുന്നവന്‍.

അയാള്‍ തുടരുന്നു... ‘ഇനിയിപ്പോ പാസ്സ്പോര്‍ട്ട് കിട്ടെണെങ്കി... അയ്യായിരം വേറെ കാണണം. വീട്ടിലൊരു അത്യാവശ്യം വന്നപ്പോള്‍ പാസ്സ്പ്പോര്‍ട്ട് ജാമ്യം വെച്ചാണ് കാശ് കടം വാങ്ങിയത്...’ നിയമത്തിന് വിരുദ്ധമായി, പാസ്സ്പോര്‍ട്ട് വെച്ചാണെങ്കിലും കുടുംബത്തിന്‍റെ ആവശ്യത്തിനു വേണ്ടി പണമുണ്ടാക്കുന്ന പാവം എന്ന സഹതാപമാണോ അപ്പോഴെന്‍റെ മനസ്സില്‍ വന്നത്...! അതോ വിവരദോഷി എന്ന ചിന്തയോ...!

തുടരുന്ന സംസാരത്തിനിടയില്‍ മറുതലക്കലുള്ള ആളുടെ വിഷമങ്ങള്‍ കേട്ടു സഹതപിക്കുന്ന അയാളുടെ സ്വരമാണ് പിന്നെ കേട്ടത്...

‘നിനക്ക് എത്ര കാശ് വേണം... അത് പറ... ഞാനയപ്പിച്ചോളാം...’ ഇപ്പോളെനിക്ക് വന്നത് ചിരിയാണോ...!

മറ്റുള്ളവരെ പറ്റിച്ചാണെങ്കിലും സ്വന്തം കാര്യം നടത്തണമെന്ന് ചിന്തിക്കുന്ന, കുടുംബത്തിന് വേണ്ടി സ്വന്തം ജീവിതം തന്നെ പണയം വെക്കുന്ന, സ്വന്തം കഷ്ടപ്പാടിലും മറ്റുള്ളവന്‍റെ കഷ്ടതയില്‍ മനമലിയുന്ന ഈ സഹജീവിയെ നമുക്കെന്തു വിളിക്കാം...! ഞാന്‍ പ്രത്യേകം ശ്രദ്ധിച്ച കാര്യം അയാളിതെല്ലാം വളരെ ലാഘവത്തോടെ കാണുന്നു എന്നതാണ്.

21 comments:

അഗ്രജന്‍ said...

“ആഴ്ചക്കുറിപ്പുകള്‍ ഇരുപത്തിനാല്"

അപ്പു said...

ഇങ്ങനെ പലരെയും നമുക്കുചുറ്റും കാണാമല്ലോ. നനഞ്ഞിടം കുഴിക്കുന്നവര്‍. ഹത്ത യാത്രയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ? എന്തുപറ്റി?

കുറുമാന്‍ said...

ഇത് ചിന്തകളോ, ആതമഗതങ്ങളോ? വളരെ കുറഞ്ഞുപോയി.

പ്രവാസികളില്‍ ഭൂരിഭാഗവും, ഉറ്റവരുടേയും, ഉടയവരുടേയും ജീവിതം കെട്ടിപടുക്കുവാനുള്ള പ്രയാണത്തില്‍, സ്വയം ജീവിക്കുവാന്‍ മറക്കുന്നു. അല്ലെങ്കില്‍, മറക്കേണ്ടി വരുന്നു, മറന്നതായെങ്കിലും അഭിനയിക്കേണ്ടി വരുന്നു.

അശരീരി കേട്ടുവോ ആരെങ്കിലും?

വല്യമ്മായി said...

എഴുതിയ വിഷയങ്ങള്‍ കനമുള്ളതായെങ്കിലും പെട്ടെന്ന് കഴിഞ്ഞ പോലെ.പാച്ചൂ ഉപ്പാനോടും പിണങ്ങിയോ

തറവാടി said...

:)

ഇത്തിരിവെട്ടം|Ithiri said...

അഗ്രജാ... ആഴ്ചക്കുറിപ്പ് ആഴ്ചതോറും കുറഞ്ഞ് വരുന്നല്ലോ... അശരീരിയും പാച്ചുവിന്റെ ലോകവും അപ്രത്യക്ഷമായി. അത് ഇവിടെ ചേര്‍ക്കുന്നു.

അശരീരി:-
ഓഫീസില്‍ പണിയുണ്ടാവുമ്പോള്‍ ബ്ലോഗ് ചെയ്താല്‍ പിന്നെ നിന്റെ കാര്യം കട്ടപൊക (അഗ്രജന്റെ തൊട്ട് ബാക്കിലുള്ള ക്യാബിനില്‍ നിന്ന് ഉയര്‍ന്ന ശബ്ദം... അതിന് ബോസിന്റെ ശബ്ദവുമായി നല്ല സാമ്യവും)

പാച്ചുന്റെ ലോകം :-
ഫ്ലാറ്റില്‍ തലചൊറിഞ്ഞും ഇടയ്ക്കിടേ റോളസ്വകയറിലേക്ക് നോക്കിയും അച്ചാലും മുച്ചാലും നടക്കുന്ന അഗ്രജന്‍... ബാക്ക് ഗ്രൌണ്ടില്‍ നിന്ന് പാച്ചു കടന്ന് വരുന്നു.
“ഉപ്പ ന്താ പാച്ചൂന്റെ കൂടെ കളിക്കാത്തെ...”
അകത്ത് നിന്ന് ഒരു അശരീരി “ആഴ്ചവട്ടത്തിനുള്ള വല്ലതും അന്വേഷിക്കുകയാവും”
പാച്ചൂ അഗ്രജനെ കുലുക്കിയുണര്‍ത്തി... “ഉപ്പാ... പാച്ചു ഒരു കാര്യം പറയാം. ഇനിയെങ്ങാന്‍ ആഴ്ചക്കുറിപ്പില്‍ എന്നെ കുറിച്ച് ഇല്ലാവചനം എഴുതിയാല്‍ ഞാന്‍ അനോണിയായി കമന്റ് ഇടും...”

അഗ്രജന്‍ ഫ്ലാറ്റ്.

അഗ്രുവേ പോസ്റ്റ് നന്നായിടഡേയ്... പക്ഷേ ഞാനിവിടെ ഇല്ല. രണ്ട് ദിവസം അവധിയെടുക്കണം എന്ന് വിചാരിക്കുന്നു.

Kiranz..!! said...

കൊള്ളാം അഗ്രൂസ്.

കുറൂസ്..കേട്ടു ഒരശരീരി ചെറുതായിട്ട്..!

വേണു venu said...

അഗ്രജന്‍‍ ഭായീ,
ഈ ആഴ്ച്ചക്കുറിപ്പില്‍‍ ഞാന്‍‍ കേട്ടതു് അശരീരി മാത്രം. അതു മതി.അതു മാത്രം.:)

ഇക്കാസ്ജി ആനന്ദ്ജി said...

ഇത്തിരിയോടൊരുപാടു സ്നേഹം തോന്നുന്നു. എനിക്കു പറയാനുള്ളതു തന്നെയാണല്ലോ ആ മാന്യദേഹവും പറഞ്ഞത്!

Sul | സുല്‍ said...

അഗ്രു :)

വായിച്ചു. നന്നായിരിക്കുന്നു.

അശരീരിയും പാച്ചുവും എവിടെ പോയി?

-സുല്‍

Sul | സുല്‍ said...

ടെമ്പ്ലേറ്റ് ഇത്തിരി കൂടി നന്നായി.

-സുല്‍

തമനു said...

ആഴ്ചക്കുറിപ്പുകള്‍ ആഴ്ചക്കുരിപ്പായി പോയല്ലൊ.

എന്നാലും നല്ല ചിന്തകള്‍... പ്രശ്‌നങ്ങളുടേം, പ്രയാസങ്ങളുടെയും നടുക്കു കിടന്ന്‌ ഇങ്ങനെ ഞാണിന്മേല്‍ കളി നടത്തുന്ന കുറേപ്പേരെ എനിക്ക്‌ നേരിട്ടറിയാം. അവരുടെ ന്യായങ്ങളും, ബുദ്ധിമുട്ടുകളും കേള്‍ക്കുമ്പോള്‍ കുറ്റപ്പെടുത്താന്‍ തോന്നാറില്ല.

പാച്ചുവിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം അറിയിക്കുന്നു.

അഗ്രജന്‍ said...

ആഴ്ചക്കുറിപ്പ് എന്ന പേരുള്ളതോണ്ട് മാത്രം, ഇനിയും ഒരാഴ്ച വിട്ടു കളയേണ്ട എന്നു കരുതി എഴുതിയതാണ്, അല്ലെങ്കില്‍ ജോലി തിരക്ക് ഒട്ടും അനുവദിക്കുന്നില്ല ഒന്നും എഴുതാന്‍.

പിന്നെ ഒന്നും സ്റ്റോക്കില്ല എന്ന സത്യവും ആരും കാണാണ്ട് ദേ ഇവിടെ നില്പുണ്ട് ;)

വായിച്ച, അഭിപ്രായങ്ങള്‍ പറഞ്ഞ, വിമര്‍ശിച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

അപ്പു
കുറുമാന്‍
വല്യമ്മായി
തറവാടി
ഇത്തിരിവെട്ടം
കിരണ്‍സ്
വേണു
ഇക്കാസ്
സുല്‍
തമനു

നിങ്ങള്‍ക്ക് ഒരിക്കല്‍ കൂടെ നന്ദി :)

വിശാല മനസ്കന്‍ said...

കൊള്ളാം. എങ്കിലും, പാച്ചുവിന്റെ ഡയലോഗില്ലാത്ത ആഴ്ചക്കുറിപ്പ്..ഉപ്പിടാത്ത ഓമ്പ്ലയിറ്റ് പോലെയോ, മസാലയിടാത്ത മട്ടങ്കറിയോ, ചെറുനാരങ്ങ പിഴിയാത്ത സര്‍വ്വത്ത് പോലെയോ, ഗ്യാസു പോയ സെവനപ്പ് പോലെയോ, ഈസ്റ്റ് ചേര്‍ക്കാത്ത കള്ളപ്പം പോലെയോ, സാക്കറിന്‍ ചേര്‍ക്കാത്ത കോലൈസ് പോലെയോ, കായം ചേര്‍ക്കാത്ത സാമ്പാറ് പോലെയോ, അണ്ടിപ്പരിപ്പിടാത്ത പായസം പോലെയോ, തണുപ്പിക്കാത്ത സോഡ പോലെയോ,
വാസനയില്ലാത്ത കൂട്ടിക്കറ പോലെയോ ഒക്കെയാണ്.

:)

മിന്നാമിനുങ്ങ്‌ said...

അഗ്രൂ..
കുറിപ്പ് കൊള്ളാം
വിശാലേട്ടന്‍ പറഞ്ഞതാ എനിക്കും പറയാനുള്ളത്.
പാച്ചൂം അശരീരിയുമൊന്നുമില്ലാത്ത കുറിപ്പിന്
എന്തോ ഒര് “ഇത്” ഒള്ളതുപോലെ.
“സഹജീവി” യുടെ കാര്യത്തില്‍ എനിക്ക് തോന്നിയത്
വിഷമമൊ അതൊ സഹതാപമൊ...?
ആ...എനിക്കറീല..
പിന്നെയ്...ടെമ്പ്ലെറ്റ് നന്നായിട്ട്ണ്ട് ട്ടാ..

കുട്ടന്‍ മേനൊന്‍ | KM said...

കുറിപ്പ് കുറുകിപ്പോയാലും കൊള്ളാം.

അഗ്രജന്‍ said...

വിശാല മനസ്കന്‍ - ഈ കമന്‍റ് പാച്ചുവിനെ വായിച്ച് കേള്‍പ്പിക്കുന്നതായിരിക്കും :)

മിന്നാമിനുങ്ങ്‌ - നന്ദി മിന്നൂസ്... അഭിപ്രായം അറിയിച്ചതില്‍ സന്തോഷം :)

കുട്ടന്‍ മേനൊന്‍ - അഭിപ്രായത്തിന് നന്ദി :)

വിചാരം said...

പാച്ചുവില്ലാത്ത ആഴ്ച്ചകുറിപ്പെന്താഴ്ച്ച കുറിപ്പ് .....
ഈ ഇന്‍സ്റ്റാല്‍മെന്‍റ് പരിപ്പാടിയെന്താ ? ഈ കുവൈറ്റില്‍ അങ്ങനെയൊരു പരിപ്പാടിയില്ല , പറ്റിക്കല്‍‍സ് അതിലാത്ത ലോകമുണ്ടോ ? പാസ്പ്പോര്‍ട്ട് വെച്ച് പലിശക്ക് പണമെടുക്കുക അതിവിടെ സാധാരണയാണ് , എന്താ ചെയ്യാ അഗ്രജാ ചിലപ്പോ ആരായാലും അങ്ങനെ ചെയ്തു പോകും...
60% നന്നായിരിക്കുന്നും (30% പാച്ചുവിനും 10 % അശരീരിയും കിഴിച്ചാല്‍)

ദില്‍ബാസുരന്‍ said...

അയാളോടെനിക്ക് സഹതാപം തോന്നുന്നു, അവസ്ഥയില്‍ സങ്കടം തോന്നുന്നു.

::സിയ↔Ziya said...

കുറുമാന്‍ പറഞ്ഞത് ശരിയാണ്...
ഏറെപ്പേര്‍ ജീവിക്കാന്‍ മറന്നതായി അഭിനയിക്കുന്നു...പാവങ്ങള്‍!
പക്ഷേ, അവരെപ്പോലും വിടുന്നില്ല അധമരായ ചില പണക്കൊതിയര്‍.
അഗ്രൂ കുറഞ്ഞു പോയി...
ഇത്തിരീ..പാച്ചൂന്റെ ലോകം കലക്കീട്ടാ

ശാലിനി said...

അദ്ദേഹത്തിന്റെ ആ അവസ്ഥയില്‍ അങ്ങനെ ചെയ്തുപോകും. എന്തായാലും തിരിച്ചുവരുമ്പോള്‍ കൊടുക്കുമല്ലോ.

ഒരുതരത്തില്‍ ക്രെഡിറ്റ് കാര്‍ഡുവാങ്ങി നമ്മള്‍ ഉപയോഗിക്കുന്നതും ഇതുപോലെ വരില്ലേ. എനിക്ക് അദ്ദേഹത്തോട് സഹതാപാമാണ് തോന്നുന്നത്. എങ്ങനെയെങ്കിലും നാട്ടില്‍പോയി കുടുംബത്തെ കാണാനുള്ള ആഗ്രഹമായിരിക്കും ഇതൊക്കെ ചെയ്യിപ്പിക്കുന്നത്. വര്‍ഷങ്ങളായിക്കാണും നാട്ടില്‍ പോയിട്ട്.