Monday, April 7, 2008

ആഴ്ചക്കുറിപ്പുകള്‍ 57

കുറേ ദിവസങ്ങളായി പാച്ചുവും ഞങ്ങളും കാത്തിരുന്ന ആ സുദിനം ഇന്നായിരുന്നു.
പാച്ചുവിന്‍റെ ആദ്യത്തെ സ്കൂള്‍ ദിനം!

സ്കൂള്‍ ബാഗ് പുറത്ത് തൂക്കാന്‍, യൂണിഫോമിടാന്‍, വാട്ടര്‍ ബോട്ടില്‍ കഴുത്തില്‍ തൂക്കിയിടാന്‍, പുസ്തകങ്ങള്‍ കൈകാര്യം ചെയ്യാന്‍... കൊതിയോടെ കാത്തിരിപ്പായിരുന്നു പാച്ചു... ഒപ്പം ഞങ്ങളും!

അമ്മക്കിളിയുടെ ചിറകുകള്‍ക്കടിയില്‍ നിന്നും അവള്‍ ചിറക് വിടര്‍ത്തി തനിയെ പറക്കാന്‍ തുടങ്ങുന്നു. ഞങ്ങള്‍ മാത്രം നിറഞ്ഞ് നിന്നിരുന്ന അവളുടെ ലോകത്തിലേക്ക് ഇനി ഗുരുക്കന്മാര്‍‍, കൂട്ടുകാര്‍... അങ്ങിനെ പലരും കടന്ന് വരാന്‍ തുടങ്ങുന്നു. ഞങ്ങള്‍ പറയുന്നതായിരുന്നു അവള്‍ക്കിന്നലെ വരെ ശരിയും തെറ്റും. ഞങ്ങള്‍ക്ക് മാത്രം വീതിക്കപ്പെടുന്നതായിരുന്നു അവളുടെ സ്നേഹം.

അവളുടെ ചുമലില്‍ തൂങ്ങുന്ന ബാഗിന്‍റെ ഭാരമോര്‍ത്ത് ഞങ്ങളേ വേവലാതിപ്പെടുന്നുള്ളൂ, അവള്‍ക്കാ ഭാവമേയില്ല!

സ്കൂള്‍ ബസ്സില്‍ അവള്‍ പിടിച്ചിരിക്കില്ലേ...
തലയെങ്ങാനം ഇടിക്കുമോ...
പ്രാഥമീക കൃത്യങ്ങള്‍ ശരിക്കും നിര്‍വ്വഹിക്കില്ലേ...
ക്ലാസ്സില്‍ നിന്നും ഇറങ്ങിപ്പോരുമോ...
ക്ലാസ്സിലിരുന്ന് കരയുമോ...

എല്ലാ മാതാപിതാക്കളേയും പോലെ ഞങ്ങള്‍ക്കും ആശങ്കകളൊത്തിരി!

ക്ലാസ്സില്‍ വിട്ട് ഒരു യാത്ര പറച്ചിലിന് ശേഷം, വീണ്ടും യാത്ര പറയാന്‍ ചെന്നപ്പോള്‍ പാച്ചു ചോദിച്ചു...
‘ങ്ങള് പോവ്വാന്ന് പറഞ്ഞിട്ട് പിന്നേം വന്നക്ക്ണ്...’

മകനെ സ്കൂളില്‍ വിട്ട ആദ്യ ദിനം ഫുട്ബോളര്‍ ഡേവീഡ് ബെക്കാം കരഞ്ഞെന്ന് വാര്‍ത്ത... കഴിഞ്ഞ വര്‍ഷമോ അതിനു മുമ്പത്തെ വര്‍ഷമോ...!

‘സെലിബ്രിറ്റിയുടെ ജാഡ....’ എനിക്ക് ചിരിയാണ് വന്നത്... അന്ന്.

സോറി... ബെക്കാം, ഇന്നെനിക്കറിയാം അന്ന് നീ കരഞ്ഞതെന്തിനെന്ന്...

കുറച്ച് നേരം മാറി നിന്നതിന് ശേഷം വീണ്ടും ഞങ്ങള്‍ ക്ലാസ്സ് പരിസരത്തെത്തുമ്പോള്‍ രക്ഷിതാക്കളെ ആട്ടിതെളിച്ച് പുറത്താക്കുകയായിരുന്നു സ്കൂള്‍ അധികൃതര്‍.... എങ്കിലും നല്ലപാതി എങ്ങിനെയോ അവസരമുണ്ടാക്കി പാച്ചുവിനെ ഒന്ന് കൂടെ നോക്കി വന്നു... കുഞ്ഞിന്‍റെ കരച്ചില്‍ കണ്ട് ക്ലാസ്സിന്‍റെ പരിസരത്ത് നിന്നും മാറാതെ നില്‍ക്കുന്ന ഒരമ്മയെ നോക്കി സൂപ്പര്‍ വൈസര്‍ ഒച്ചയെടുക്കുന്നത് പിറകില്‍ നിന്നും കേട്ടു...

“ഇറ്റ്സ് നോട്ട് യുവര്‍ ചൈല്‍ഡ്, ഇറ്റ്സ് അവര്‍ ചൈല്‍ഡ്...”

കാര്‍ക്കശ്യം കൊണ്ട് പുതച്ച ആ സ്വരത്തിലും ഒരു ആശ്വസിപ്പിക്കലിന്‍റെ അലയടി ഒളിച്ചിരുന്നിരുന്നു...

കരച്ചിലുകളേയും ബഹളങ്ങളേയും പിന്നിലാക്കി ഞങ്ങള്‍ പതുക്കെ മുന്നോട്ട് നീങ്ങി... പാച്ചുവില്ലാതെ തനിച്ച് വീട്ടിലേക്ക് കയറുമ്പോള്‍ എഴുതിഫലിപ്പിക്കാനാവാത്ത ഒരു വികാരം ഞങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു...!‍

നിങ്ങളെല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ അവള്‍ക്കുണ്ടാവണം...
എല്ലാ കുഞ്ഞുങ്ങളേയും ദൈവം എന്നും നന്മകള്‍ നല്‍കി അനുഗ്രഹിക്കട്ടെ!

48 comments:

മുസ്തഫ|musthapha said...

ആഴ്ചക്കുറിപ്പുകള്‍ 57

പാച്ചുവിന്‍റെ ആദ്യത്തെ സ്കൂള്‍ ദിനം മാത്രം വെച്ചൊരു കുറിപ്പ്!

വല്യമ്മായി said...

ആശംസകളും പ്രാര്‍ത്ഥനകളും

തറവാടി മാമ,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി.

തമനു said...

സുന്ദരിപ്പാച്ചൂനും, നമുക്കും ഓര്‍ത്തു വയ്ക്കാന്‍ നല്ല കുറേയേറെ സ്കൂള്‍ ദിനങ്ങളുണ്ടാവട്ടെ ..

യൂണിഫോമിട്ടപ്പൊ വലിയ കുട്ടിയായി പാച്ചൂട്ടി.. :)

പാച്ചൂപ്പോസ്റ്റിന് തേങ്ങ എന്റെ വക.. (വല്യമ്മായി തേങ്ങ കൊണ്ട് വന്നില്ലല്ലോ..)

Shaf said...

ആശംസകളും പ്രാര്‍ത്ഥനകളും
shafeer

സു | Su said...

ഹായ്...പാച്ചു സ്കൂളിലേക്ക് പുറപ്പെട്ടോ? നല്ല കാര്യം. മിടുക്കിയായി പഠിച്ചു ചിരിച്ചു കളിച്ച് വളരൂ.

ഗുപ്തന്‍ said...

പാച്ചൂട്ടിക്ക് ആശംസകള്‍!!!

ഒരുപാടുവിജയങ്ങളുടെ പടവുകള്‍ ഓടിക്കയറുമ്പോള്‍ ഈ ആദ്യത്തെ ചെറിയപടി മറക്കാതിരിക്കാന്‍ ആവട്ടെ ഉപ്പയുടെ ഈ കുറിപ്പ്. :)

Sharu (Ansha Muneer) said...

പാച്ചുക്കുട്ടിയ്ക്ക് എല്ലാവിധ ആശംസകളും...
സ്നേഹമുള്ള മനസ്സും തെളിഞ്ഞ ബുദ്ധിയും കുസൃതിയും കുട്ടിത്തവുമൊക്കെയായി, എല്ലാവരുടെയും വാത്സല്യക്കുരുന്നായി പഠിച്ച് വളരാന്‍ ഈശ്വരന്‍ അവളെ അനുഗ്രഹിക്കട്ടെ. :)

തറവാടി said...

ഉവ്വ് ഉവ്വ് തമനുവേ ,

അല്ലെങ്കിലെ തേങ്ങക്കൊക്കെ വല്യ വിലയാ , കണ്ട് (വന്‍‌റ്റെ ;) ) പോസ്റ്റിലടിടിച്ചത് കളഞ്ഞാല്‍ കൊല്ലും അവളെ ഞാന്‍ :)

കുഞ്ഞന്‍ said...

പാച്ചു മോള്‍ക്ക് എല്ലാവിധ ജീവിത വിജയങ്ങളും വന്നു ചേരട്ടെയെന്നു ആശംസിക്കുന്നു.

മാതാപിതാക്കള്‍ക്കും നാടിനും അഭിമാനമായി മാറട്ടെയെന്ന പ്രാര്‍ത്ഥനയോടെ

അഗ്രജാ, അങ്ങിനെ പുതിയ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറിവരുന്നു,അത് സന്തോഷകരമാക്കിയെടുക്കാന്‍ നിങ്ങള്‍ക്കു കഴിയട്ടെ..

സ്നേഹപൂര്‍വ്വം

വേണു venu said...

ആശംസകളും പ്രാര്‍ത്ഥനകളും !

അഞ്ചല്‍ക്കാരന്‍ said...
This comment has been removed by the author.
അഞ്ചല്‍ക്കാരന്‍ said...

ആശംസകള്‍. ഒപ്പം പ്രാര്‍ത്ഥനയും.

മുസാഫിര്‍ said...

ഹായ് പാച്ചുവിന് പുതിയ ഷൂസും വാട്ടര്‍ ബോട്ടിലും ബാഗും ഒക്കെ കിട്ടിയിട്ടുണ്ടല്ലോ.നല്ല കുട്ടിയായി പഠിച്ച് വലിയ ആളാകണം ട്ടോ.

ബയാന്‍ said...

അഗ്രൂ: പാച്ചുവിന്‍റെ ആദ്യത്തെ സ്കൂള്‍ ദിനം നൊമ്പരപ്പെടുത്തി, മകനെ സ്കൂളിലയക്കാന്‍ ഞാനും മാനസീകമായി തയ്യാറെടുക്കുകയാ...

പാച്ചു മിടുക്കിയാ, നന്മകള്‍ നേരുന്നു.

ഹരിയണ്ണന്‍@Hariyannan said...

പാ‍ച്ചുക്കുട്ടിക്ക് സ്കൂളാശംസകള്‍!

ഹരിയും കുടുംബവും

അനില്‍ശ്രീ... said...

നല്ലവണ്ണം പഠിച്ച് എല്ലാത്തിലും അഗ്രജ ആയി മാറട്ടെ. ..കടിഞ്ഞൂല്‍ പൊട്ടി എന്നൊന്നില്ലെന്ന് തെളിയിക്കണം..

എല്ലാ ആശംസകളും..

അനില്‍, പ്രിയ, ആദി, അച്ചു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാച്ചൂട്ടി, നന്നായി പഠിച്ച് നല്ല കുട്ടിയായി വളരട്ടെ

മെലോഡിയസ് said...

ആഹാ..പാച്ചു ചുന്ദരിയായല്ലോ. നന്നായി പഠിച്ച് ഉപ്പാന്റെയും ഉമ്മാന്റെയും ആഗ്രഹത്തിനൊത്ത് ഉയരങ്ങളില്‍ എത്താന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ..

ഫോട്ടോഗ്രാഫര്‍::FG said...

പാച്ചൂനൊത്തിരിയൊത്തിരി നന്‍‌മകള്‍ ആശംസിക്കുന്നു:)
തമനൂന്റെ കമന്റിനു തറവാടീടെ മറുപടി രസിച്ചു:)
ഇങ്ങേര്‍ക്ക് തമാശ പറയാനും അറിയാമോ? ഞാന്‍ കരുതിയത് പുട്ടുകഴിക്കാനും , വിമര്‍‌ശിക്കാനും മാത്രമേഇങ്ങേര്‍ വായ തുറക്കൂ എന്നാ:):)

അല്ഫോന്‍സക്കുട്ടി said...

പാച്ചുക്കുട്ടി മിടുക്കിയായി വളരട്ടെ. ഞാനും കരഞ്ഞു മക്കള് ആദ്യമായി സ്ക്കൂളില്‍ പോയപ്പോ, അവര് കാണാണ്ട്. അപ്പോ എല്ലാരും ഇങ്ങനെയൊക്കെ തന്നെയാണല്ലേ.

Cartoonist said...

"നിങ്ങളെല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ അവള്‍ക്കുണ്ടാവണം..." എന്ന് അഗ്രു.

“സംശ്ശ്യെന്താ” ന്നു ഞാന്‍.

പോരേ പൂരം, പാച്ചൂ ? :)

Mubarak Merchant said...

പാച്ചൂസേ...
പഠിച്ച് വല്യേ ആളായി വന്നിട്ട് വേണം ഉപ്പാനെ ഒന്ന് നേര്യാക്കി എടുക്കാന്‍.
അതവിടെ നിക്കട്ടെ. എന്നിട്ട് താഴെ പറയുന്നവരില്‍ ആരൊക്കെ കരഞ്ഞു ?
1. ചിരഞ്ജീവി അഗ്രജന്‍ മുസ്തഫാക്ക
2. സൌഭാഗ്യവതി മുനീറ ഉമ്മ
3. പാച്ചു.

അഭിലാഷങ്ങള്‍ said...

അഗ്രജനോട് ഞാന്‍ പലവട്ടം പറഞ്ഞിട്ടില്ലേ, പാച്ചൂന്റെ വിശേഷങ്ങള്‍ അറിയാന്‍ മാത്രമാണ് ഞാന്‍ ആഴ്ചക്കുറിപ്പ് വായിക്കാന്‍ വരുന്നത് എന്ന്. അപ്പോ പിന്നെ, ‘പാച്ചൂ സ്പെഷല്‍‘ ആഴ്ചക്കുറിപ്പ് കണ്ടപ്പോ എത്ര സന്തോഷമായി എന്ന് പറയേണ്ടല്ലോ..

മോള്‍ക്ക് എല്ലാ നന്മകളും നേരുന്നു.

പഠിച്ച് മിടുക്കിയായി വളരട്ടെ...

എനിക്ക് ഈ ആഴ്ചക്കുറിപ്പുകളേക്കാള്‍ ഇഷ്ടമായത് പണ്ട് പാച്ചൂനെ മദ്രസയില്‍ ചേര്‍ക്കാന്‍ പോയപ്പോള്‍ എഴുതിയ എപ്പിസോഡില്ലേ? അതാണ്. അതിലെ ഒരു ഭാഗം ഇവിടെ വീണ്ടും ഓര്‍മ്മിക്കട്ടെ..

ഞാന്‍ പഠിച്ച മദ്രസ്സയിലേക്ക് മോളേം കൊണ്ട് നീങ്ങുമ്പോള്‍ ഒരു പ്രത്യേക അനുഭൂതിയായിരുന്നു മനസ്സില്‍... കൂടെ എന്‍റെ ഉപ്പയും ഉണ്ടായിരുന്നു. എനിക്ക് ആദ്യം അറിവ് പകര്‍ന്ന് തന്ന ഉസ്താദിന്‍റെ (അദ്ധ്യാപകന്‍) ക്ലാസ്സിലേക്ക് മോളെ ഇരുത്തിക്കൊടുത്ത് ‘ഉസ്താദേ... ഇതാ എന്‍റെ മോള്...’ എന്ന് പറയുമ്പോള്‍ എന്‍റെ മനസ്സില്‍ നിറഞ്ഞ് തുളുമ്പിയിരുന്ന വികാരം... അതെഴുതി ഫലിപ്പിക്കാന്‍ ആവുന്നില്ല


ന്നാലും ചുമ്മാ ഒരു ഓഫ്:

പാച്ചുമോള്‍ ആദ്യമായി സ്കൂളില്‍ പോയ ദിനം അഗ്രജന് സത്യത്തില്‍ സങ്കടം വരാന്‍ വേറേയുമുണ്ട് കാരണങ്ങള്‍, “ഉപ്പക്ക് സാധിക്കാത്തത് മോള്‍ക്ക് സാധിച്ചല്ലോ” എന്നോര്‍ക്കുമ്പോള്‍ ഏതൊരുപ്പക്കുമുണ്ടാകുന്ന സന്തോഷം കലര്‍ന്ന ഒരു വികാരമാണ് അഗ്രൂവിനുണ്ടായത്. സാരല്യ..

:-)

:: VM :: said...

ഷാര്‍ജ ഇന്‍ഡ്യന്‍ സ്കൂളില്‍ ആണല്ലേ?

അഡ്മിഷന്‍ കിട്ടാന്‍ തലേന്നു പോയി ക്യൂവില്‍ കിടന്നായിരുന്നോ? ;)

ആശംസകള്‍

Ziya said...

പാച്ചുമോള്‍ക്ക് ഒത്തൊരി ഒത്തിരി ആശംസകള്‍!
നന്നായി പഠിഛ്കു മിടുക്കിയാവണം ട്ടോ...നല്ല മോള്‍...
വളരെ ഹൃദ്യമായ ഈ കുറിപ്പ് ഗൃഹാതുരമായ ഒത്തിരി ഓര്‍മ്മകളുണര്‍ത്തി...
എന്നെ ഒന്നാം ക്ലാസ്സില്‍ ഇരുത്തീട്ട് ദൂ‍രെ മാറി നിന്നു നോക്കുന്ന എന്റെ ഉപ്പയുടെ ചുവന്നു കലങ്ങിയ കണ്ണുകള്‍ ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്...
എന്നെക്കൂടി കരയിപ്പിച്ചു ഉപ്പ :)

പിന്നെ ആ എല്‍ പി എസ്, പ്രവേശനോത്സവം...ഉണ്ണികളുടെയും മാതാപിതാക്കളുടെയും കരച്ചില്‍, സന്തോഷത്തിമര്‍പ്പ്, സാന്ത്വനങ്ങള്‍, സാറമ്മാരുടെ കണ്ണുരുട്ടല്‍....
ഒക്കെ ഓര്‍മ്മയില്‍ മിന്നി മറഞ്ഞു....
നന്ദി അഗ്രജാ നന്ദി :)

Kaippally said...

പച്ചു മിടുക്കിയാണു്. നന്നായി വരും.

എന്തായാലും എന്റെ ആദ്യത്തെ സ്കൂള്‍ ദിനം പോലെ സംഭവിച്ചില്ലല്ലോ.

ആദ്യത്തെ ദിവസം തന്നെ എന്റെ അരുകില്‍ ഇരുന്ന ഒരു ചെക്കന്റെ തലക്കിട്ട് തന്നെ ഒരു പെട പെടച്ച്.

അപ്പോള്‍ തന്നെ ടീച്ചര്‍ പുറത്ത് കാത്തു നിന്ന വാപ്പയെ വിളിച്ച് എന്നേ ഏല്പിച്ചു.

ആ ടിച്ചറും, ആ ചെക്കന്റെ തലയും ശരിയല്ല എന്ന മനസിലായി. ഞാന്‍ അറിഞ്ഞോ lunch box കൊണ്ട തലക്ടിച്ചാല്‍ തല പോട്ടും എന്ന്. പിന്നെ എന്നേ വേറെ ഏതോ divisionലാണു ഇരിത്തിയത്.

:)

Rasheed Chalil said...

തിരിച്ച് കിട്ടാത്ത ഒരു കലത്തിന്റെ ഓര്‍മ്മയാണ് ഓരോ പുതിയ അധ്യായന വര്‍ഷവും. ഇതിന്റെ ആദ്യപാരഗ്രാഫ് വായിച്ചപ്പോള്‍ ഓര്‍മ്മയിലെത്തിയത് ഒരു വര്‍ഷം മുമ്പ് അതിരാവിലെ സ്കൂളില്‍ ചേരാന്‍ പോവ്വാ ഞാന്‍ എന്ന് പറഞ്ഞ് വിളിച്ച മോനെയാണ് .

പാച്ചു മിടുക്കിയായി വളരട്ടേ...

കുറുമാന്‍ said...

ആശംസകളും പ്രാര്‍ത്ഥനകളും എല്ലായ്പ്പോഴും

കണ്ണൂസ്‌ said...

എന്റെ മോളും വ്യാഴാഴ്ച മുതല്‍ സ്കൂളില്‍ പോയിത്തുടങ്ങി. ആള്‍ പിന്നെ കഴിഞ്ഞ ആറേഴു മാസ്മായി നേഴ്‌സറിയില്‍ പോവുമായിരുന്നത് കൊണ്ട്, അത്ര ടെന്‍ഷന്‍ ഇല്ലായിരുന്നു ഞങ്ങള്‍ക്ക്.

പാച്ചുവിന്‌ എല്ലാ ആശംസകളും

Vanaja said...

പാച്ചൂ, ക്ലാസിനകത്തു മാത്രമല്ല പുറത്തും ഒരുപാടു കാര്യങ്ങളുണ്ട് പഠിക്കാന്‍. എല്ലാം മനസ്സിലാക്കി നല്ല ഒരു വ്യക്തിയായി വളരാന്‍ എല്ലാ ആശംസകളും.

കൊച്ചുത്രേസ്യ said...

പാച്ചുക്കുട്ടീ എല്ലാ ആശംസകളും.. ഇനി മുതല്‍ ആഴ്ചക്കുറിപ്പില്‍ പാച്ചൂന്റെ സ്കൂള്‍വിശേഷങ്ങളും പ്രതീക്ഷിക്കാലോ :-)

ഓടോ: വനജേ ആ പൊടിക്കുഞ്ഞിനോടാണോ ഇമ്മാതിരി വായില്‍കൊള്ളാത്ത ഉപദേശങ്ങള്‍.. :-)

Vanaja said...

ത്രേസ്യാക്കുട്ടീ,ഇതിനാണ് ദീര്‍ഘവീക്ഷണം എന്നു പറയുന്നത്. പൊടികുഞ്ഞു വലുതാവുമ്പോ ഇതൊക്കെ വായിച്ചു നോക്കും. അപ്പോ ഒക്കെ മനസ്സിലാവും.ടണ്ടടേ...

അരവിന്ദ് :: aravind said...

പാച്ചു മിടുക്കിയാവും! എന്റെ അനുഗ്രഹങ്ങള്‍. (ദക്ഷിണ പിന്നെ ആവാം. ഞാന്‍ മറക്കില്ല)

അഗ്രജാ സങ്കടം വരും, എങ്ങനെ വരാതിരിക്കും! എന്നും ഓഫീസില്‍ പോകുമ്പോള്‍ അല്പം ഓമനിച്ചതിനു ശേഷം, മെയിഡിന്റെ കൈയ്യിലേല്‍‌പ്പിച്ച് പോകുമ്പോഴുള്ള എന്റെ ചെക്കന്റെ ആ നോട്ടം ഉണ്ടല്ലോ..പോവാണോ എന്ന നിരാശയോടെ, ഇനിയും കളിപ്പിക്കും എന്ന പ്രതീക്ഷയോടെ...ചങ്കു കലങ്ങിപ്പോകും! എത്രയോ ദിവസം ലേറ്റായിരിക്കുന്നു, ഉറങ്ങീട്ട് കാണാതെ പോകാം എന്ന് വിചാരിച്ചത് കൊണ്ട്!
അപ്പോഴാ സ്കൂളില്‍, ഒറ്റക്ക്, മണിക്കൂറുകള്‍, അകലെ....ഐശ്.....മനസ്സിലാകുന്നൂ!

അതുല്യ said...

പാച്ചൂവേ.. നിന്നോടാരാണിപ്പോ സ്ക്കൂളില്‍ പോവാന്‍ പറഞത്? എന്നും രാവിലെ, പോണ്ട പോണ്ട നിച്ച് സ്ക്കൂളില്‍ പ്ഓണ്ടാന്ന് പറഞ കരഞ് വിളിയ്ക്ക് പാച്ചുവേ.. അല്ല പിന്നെ. ഇവരൊക്കെ ഇത് പറയും, ഇനി അടുത്താശ്ച മുതല്‍ റ്റീച്ചറമ്മ തുടങ്ങും, സ്റ്റാന്‍ഡി ലെഇന്‍ സ്ലീപിങ്ങ് ലെന്‍, ബോക്സ് നമ്പ്ര്... നീ മിണ്ടാണ്ടെ ഈ കൊല്ലോം കൂടി ഉമ്മാന്റെ കുഊടെ ഇരിയ്ക്ക് പാച്ചു.

അഗ്രൂ :(

[ nardnahc hsemus ] said...

ഇങ്ങനേം വികാരിയ്ക്കാമോ? ഹോ.. ഇത്രയ്ക്കും വികാരം എനിയ്ക്കു വന്നില്ലല്ലോ ദൈവമേ... ച്ഛെ.. ഇങേര്‍ക്കിത് 2-3 കൊല്ലം മുന്‍പെഴുതാന്‍ മേലായിരുന്നോ? അടുത്തേന്റെ കാര്യത്തില്‍ ഞാന്‍ ഒറപ്പായിട്ടും വാവിട്ടു കേഴും..ഹരിഹര്‍ നഗറില്‍, ജഗദീഷ് കരയുന്നപോലെ...

പഠിച്ചു പഠിച്ചു മിടുക്കിയാവാന്‍ പാച്ചുവിന് എല്ലാ വിധ ആശംസകളും നേരുന്നു!!

:)

കരീം മാഷ്‌ said...

കാമ്പുള്ള മറ്റൊന്ന്‌
മഹത്തരമായി.
അറിയാതെ കണ്ണോന്നിറനായി
താങ്‌ക്‍സ്‌

കരീം മാഷ്‌ said...

പാച്ചു മോള്‍ക്കു
ആശംസകളും പ്രാര്‍ത്ഥനകളും

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ദൈവം എന്നും നന്മകള്‍ നല്‍കി അനുഗ്രഹിക്കട്ടെ!

Rare Rose said...

അക്ഷരമുറ്റത്തു പിച്ച വെക്കാന്‍ തുടങ്ങിയ പാച്ചുക്കുട്ടിക്കു എല്ലാ വിധ ആശംസകളും..പഠിച്ചു മിടുക്കികുട്ടിയായി ,എല്ലാരുടേം കുസൃതിക്കുരുന്നായി പാച്ചുക്കുട്ടി വളരട്ടെ..:-)

ഭടന്‍ said...

അഗ്രജാ...
പാച്ചുവിന് നന്മ നേരുന്നു,
ഞാനും സരീനും, റിനുവും, ഫെനുവും.

അവരുടെ ഈ ദിവസങ്ങളോര്‍ത്തു പോയി, ഞങ്ങളും..ഇന്നും അവരില്ലാത്ത നിമിഷങ്ങളില്‍ നെഞ്ചിലൊരു കല്ലിപ്പാണ്.

പ്രാര്‍ത്ഥനയോടെ...

(അന്നത്തെ ചില ചിത്രങ്ങള്‍ ഞാനിട്ടിട്ടുണ്ട്. കാണുക)

Lath
latheefs.blogspot.com

yousufpa said...

പാച്ചുവിന്....,
മോളെ...ഉപ്പയും ഉമ്മയും വിസ്മയിക്കും വിധം വലിയ ബ്ലോഗെഴുത്തുകാരി ആവണം .
ഒപ്പം നന്നായി പഠിച്ച് അത്യുന്നതങ്ങളില്‍ എത്തണം .

കുട്ടിച്ചാത്തന്‍ said...

പാച്ചൂ ആശംസകള്‍,
മിടുക്കിക്കുട്ടി കരഞ്ഞില്ലാലോ?

ചാത്തനേറ്: ഇനി അഗ്രൂനു ആരോടും മുഖത്ത് നോക്കിപറയാലോ സ്കൂളില്‍ പോയിട്ടുണ്ടെന്ന് :)

Meenakshi said...

എല്ലാ ആശംസകളും പാച്ചുവിനു നേരുന്നു

Visala Manaskan said...

അപ്പോള്‍ നമ്മുടെ പാച്ചുവും സ്കൂളില്‍ പൂവാന്‍ തുടങ്ങിയല്ലേ? എല്ലാവിധ ആശംസകളും. പാച്ചൂ മിടുമിടുക്കിയാവട്ടേ!

പൊന്നച്ചനും ഇവിടെ പോയി തുടങ്ങി. ഒരു വര്‍ഷത്തെ ബ്രേയ്ക്കിന് ശേഷം. പഴയ ഒരു ഫ്രണ്ട് മാത്രേ ഉള്ളൂന്നാ കേട്ടത്.

നാട്ടിലെ സ്കൂളും ഇവിടത്തെ സ്കൂളും തമ്മിലുള്ള വ്യത്യാസം ചോദിച്ചപ്പോള്‍... ‘ഇവിടെ ക്ലാസിനൊക്കെ വാതിലുണ്ട്.. അവിടേ ബാത്ത് റൂമിനു പോലും വാതിലില്ല‘ എന്നാണ് പറഞ്ഞത്.

ബഷീർ said...

സെപെഷ്യല്‍ ഡേയ്സ്‌ എന്ന എന്റെ ഒരു ഫയല്‍ (കമ്പ്യൂട്ടറില്‍) ഇന്ന് തുറന്നപ്പോള്‍ സഫമോള്‍ സ്കൂളില്‍ ആദ്യമായി പോയ ദിവസം കുറിച്ചതില്‍ കുറെ നേരം മനസ്സുടക്കി.. എത്ര വേഗമാണു നാലു വര്‍ഷം പോയത്‌ എന്നോര്‍ത്ത്‌..

അതിനു ശേഷമാണു ഈ പോസ്റ്റ്‌ വായിച്ചത്‌. എന്തോ ഒരു നൊമ്പരം..

എല്ലാ മക്കളും നന്നായി വളരട്ടെ... അമീന്‍

പാച്ചുവിനു പ്രത്യേക ആശംസകള്‍

ഭായി said...

അഗ്രജൻ, ചിറകിനടിയിൽ നിന്നും കുഞ് ചിറകുകൾ വിരിച്ച് ആദ്യമായി തനിയേ പറക്കാൻ പോകുംബോൾ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന വ്യാകുലതകൾ ശരിയാം വണ്ണം കുറഞ വാക്കുകളിൽ എഴുതി ചേർത്തു!
മോൾ പഠിച്ച് മിടുക്കിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

Jo जो جو ജോ said...

പാച്ചു കുട്ടിക്ക്‌ ആശംസകള്‍... പുതിയ കൂട്ടുകാരുമായി അടിച്ചു പൊളിച്ച് നടക്കു സ്കൂളില്‍ :)

Anonymous said...

going to experience this soon....