Tuesday, January 2, 2007

പതിനാല്

പോയ വര്‍ഷം / പുതുവര്‍ഷം
ദൈവാനുഗ്രഹത്താല്‍ കഴിഞ്ഞ വര്‍ഷവും വ്യക്തിപരമായി എനിക്ക് സന്തോഷവും നന്മകളും തന്നുകൊണ്ട് തന്നേയാണ് വിടവാങ്ങിയത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ബ്ലോഗിന്‍റെ വാതായനങ്ങള്‍ എനിക്ക് മുന്നില്‍ തുറന്നു കിട്ടിയത്. അത് ശരിക്കും നല്ലൊരു അനുഭവം തന്നെയായിരുന്നു. ഒത്തിരി പേരെ അറിയാനും കുറേ നല്ല സൌഹൃദങ്ങള്‍ സ്ഥാപിക്കാനും അതു വഴി കഴിഞ്ഞു എന്നത് തന്നെ 2006 ലെ എടുത്തു പറയേണ്ട ഒരു നേട്ടം. വരും നാളുകളും എല്ലാവര്‍ക്കും നന്മകള്‍ നിറഞ്ഞാതായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

കലേഷ്
ബ്ലോഗും ബ്ലോഗിലൂടെ ലഭിച്ച സൌഹൃദങ്ങളും രണ്ടായിരത്തി ആറിന്‍റെ നേട്ടമായപ്പോള്‍ തന്നെ ബ്ലോഗിലെ പരിചയങ്ങളില്‍ വേറിട്ടൊരു വ്യക്തിത്വത്തിനുടമായായ കലേഷ് യു.എ.ഇ.യില്‍ നിന്ന് വിട വാങ്ങിപ്പോയി എന്നത് വ്യക്തിപരമായും യു.എ.ഇ. ബ്ലോഗേര്‍സിനും രണ്ടായിരത്തി ആറിന്‍റെ നഷ്ടമായി. എല്ലാവരോടും വളരെ സൌമ്യമായും സ്നേഹത്തോട് കൂടിയും ഇടപെടുന്ന കലേഷ് ആത്മാര്‍ത്ഥതയുടെ പര്യായമായ സംഘാടകനുമായിരുന്നു. കലേഷിനും റീമയ്ക്കും ദൈവം എല്ലാവിധ നന്മകളും ചൊരിയട്ടെ എന്നാശംസിക്കുന്നു. കലേഷിനോട് യാത്ര പറയാന്‍ ചെന്നപ്പോളെടുത്ത ചില പടങ്ങള്‍ ഇവിടെ

സദ്ദാം ഹുസൈന്‍
‍പെരുന്നാള്‍ ആശംസ നേരാന്‍ ആദ്യം വിളിച്ച സുഹൃത്താണ് സദ്ദാമിനെ തൂക്കിലേറ്റിയെന്ന വാര്‍ത്ത പറഞ്ഞത്. ശക്തമായ പനി കാരണം പെരുന്നാള്‍‍ നമസ്കാരത്തിനു പോലും പോവാതെ കിടന്നിരുന്ന ഞാന്‍ ചാടി എണീറ്റു, കൂടെ നല്ലപാതിയും ടി.വി യുടെ മുന്നിലെത്തി. ഭയങ്കര സങ്കടം തോന്നി. എന്തിനെന്നറിയാത്ത സങ്കടം.... ആരോടൊക്കെയോ അമര്‍ഷം. ഉച്ചയോടടുത്തപ്പോള്‍ ഭാര്യ പറഞ്ഞു... ‘സദ്ദാം മരിച്ചെന്ന് മനസ്സും അംഗീകരിച്ചു... അത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു രാവിലത്തെ സങ്കടം... ഇനി ഇതിന്‍റെ പേരില്‍ അക്രമമൊന്നും ഇല്ലാതിരുന്നാല്‍ മതി’ അതെ, ഒരു സാധാരണക്കാരന്‍റെ മനസ്സോടെ അവള്‍ പറഞ്ഞത്, ഞാനും ശരി വെച്ചു.

ഇങ്ങിനെയൊരു ശിക്ഷാനടപടി സദ്ദാമിനു വിധിക്കാന്‍ അമേരിക്കയ്ക്ക് എന്തെധികാരം! കുറ്റകൃത്യങ്ങളുടെ പേരിലാണെങ്കില്‍ അമേരിക്ക ചെയ്തിട്ടുള്ള ക്രൂരതകളുടെ ഏഴയലത്തുപോലും വരുന്നില്ലല്ലോ സദ്ദാം. അമേരിക്കയുടെ ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്യാന്‍ ഒരു ശക്തിക്കുമാവുന്നില്ല എന്ന ദുഃഖസത്യം ഇപ്പോഴും ഇവിടെ അവശേഷിക്കുന്നു. ഒരു പരമാധികാര രാജ്യത്തിന്‍റെ മേലുള്ള കടന്നു കയറ്റവും അവരുടെ ഭരണ കാര്യങ്ങളിലുള്ള ഇടപെടലും ഇനിയും എത്ര കാലം തുടരും! സദ്ദാമിന്‍റെ വിധി അദ്ദേഹം പിടിയിലായപ്പോഴേ ബുഷ് ഭരണകൂടം തീരുമാനിച്ചിരുന്നിരിക്കാം, പിന്നീട് നടന്നതെല്ലാം ചില കാട്ടിക്കൂട്ടലുകള്‍ മാത്രം. ഞങ്ങളുടെ ഓഫീസില്‍ വന്ന ഒരിറാക്കി പറഞ്ഞത് ‘എണ്ണയുണ്ടായി പോയതാണ് ഞങ്ങളുടെ ശാപം’ എന്നാണ്.

ക്രൂരതകളുടെ കാര്യത്തില്‍ സദ്ദാം ഒട്ടും തന്നെ പിന്നിലായിരുന്നില്ല എന്നത് അദ്ദേഹത്തിന്‍റെ ചരിത്രം നമ്മേ ഓര്‍മ്മിപ്പിക്കുന്നു, എങ്കിലും എന്തുകൊണ്ട് അയാളോട് ഒരുപാട് ജനങ്ങള്‍ക്ക് ആരാധന തോന്നുന്നു, അയാള്‍ക്കെങ്ങിനെ വീരപരിവേഷം കിട്ടുന്നു! എനിക്ക് മനസ്സിലായത്, അമേരിക്കയുടെ പക്ഷപാതപരമായ കാടന്‍ നയങ്ങളോടുള്ള ജനസാമാന്യത്തിന്‍റെ എതിര്‍പ്പു തന്നെയാണ് അതിന്‍റെ കാരണമെന്നാണ്. അമേരിക്കന്‍ മര്‍ക്കടമുഷ്ടിക്ക് മുന്നില്‍ മുട്ടുമടക്കാത്ത ഒരു പ്രതീകമായാണ് സദ്ദാമിനെ അവര്‍ കണ്ടത്. പക്ഷേ, സദ്ദാം എന്നും തിരിച്ചായിരുന്നു എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. കുവൈറ്റില്‍ നിന്നും പിന്മാറാന്‍ ലോക രാഷ്ട്രങ്ങള്‍ ഒന്നിച്ചഭ്യാര്‍ത്ഥിച്ചിട്ടും കൂസാതെ നിന്ന സദ്ദാം അവസാനം അമേരിക്കന്‍ ‘മര്‍ക്കടമുഷ്ടിക്ക്’ മുന്നില്‍ തന്നെയാണ് പിന്മാറിയത്. ഒരോ ഘട്ടങ്ങളിലും നയതന്ത്രഞ്ജത പ്രകടിപ്പിക്കേണ്ടിടത്ത് ഇല്ലാത്ത പോരാട്ട വീര്യം കാണിക്കാനാണ് സദ്ദാം ശ്രമിച്ചിരുന്നത്. ഒരുകാലത്ത് അമേരിക്കയുടെ തോഴനായിരുന്ന സദ്ദാം, ഒരു പക്ഷെ പ്രതീക്ഷിച്ചിട്ടല്ലെങ്കില്‍ കൂടി സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ മുരണ്ടു നിന്നുവെന്നതും അവസാനം നിമിഷം ധീരതയോടെ തന്നെ കഴുമരത്തിലേക്ക് നടന്നു കയറി എന്നതുമായിരിക്കും സദ്ദാമിനെ മഹാനാക്കുന്ന ഘടകം!

സധൈര്യം കൊലക്കയര്‍ കഴുത്തിലേറ്റു വാങ്ങുന്ന സദ്ദാമിന്‍റെ മുഖം ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നു, എന്‍റെയുള്ളില്‍ നോവ് പടര്‍ത്തുന്നു. ഇങ്ങിനെയൊരന്ത്യത്തിന് അദ്ദേഹം അര്‍ഹനായിരുന്നോ! ദൈവം അദ്ദേഹത്തിന്‍റെ പാപങ്ങള്‍ പൊറുത്തു കൊടുക്കട്ടെ.

ഒരു പിറന്നാള്‍ പ്രഖ്യാപനം
പിറന്നാള്‍ സമ്മാനം അഗ്രജിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. അതിന്‍റെ സന്തോഷം ഒട്ടും മറച്ചു വെയ്ക്കാത്ത പ്രഖ്യാപനമായിരുന്നു എന്നെ ചിരിപ്പിച്ചത്... ‘ഇതിന്‍റെ കുറേ കോപ്പിയെടുത്ത് എല്ലാര്‍ക്കും അയച്ചുകൊടുക്കും, എന്നിട്ടടിയിലെഴുതും ഇതിന്‍റെ കോപ്പി ഇരുപത് പേര്‍ക്ക് അയച്ചു കൊടുത്താല്‍ ഐശ്വര്യവും സമ്പാദ്യവും ലഭിക്കും, അങ്ങിനെ ചെയ്യാത്ത പക്ഷം ഭയങ്കരമായ വിപത്ത് വന്ന് ചേരുമെന്നും’.

പാച്ചുവിന്‍റെ ലോകം
‘ബുള്‍ഗാന്‍ വെച്ചു നോക്കണോ’ ബാര്‍ബര്‍ ഷോപ്പുകാരന്‍റെ ചോദ്യം കൂടെ കേട്ടപ്പോള്‍ എന്നാപ്പിന്നെ അതങ്ങ് വെച്ചു കളയാമെന്ന് തീരുമാനിക്കുകയായിരുന്നു. വീട്ടിലെത്തി നോക്കുമ്പോള്‍ പാച്ചുവിനൊരു പിണക്കം പോലെ. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു...
‘മോള് ഉപ്പാട് പിണക്കാ...’
‘ഉപ്പാനെ കാണാന്‍ ഭംഗില്ല...’ പരിഭവത്തിലായിരുന്നു മറുപടി
‘എന്തു പറ്റി...’ ഞാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.
‘ഇതെടുക്ക് പോയിട്ട്...’ താടിയില്‍ തൊട്ടായിരുന്നു ആജ്ഞ തന്നത്.
ഒരു താടി വെക്കണമെങ്കിലും പാച്ചുവിന്‍റെ ഇഷ്ടം നോക്കണമെന്ന് വന്നിരിക്കുന്നു.

1 comment:

അഗ്രജന്‍ said...

21 അഭിപ്രായങ്ങള്‍:
അഗ്രജന്‍ said...
"ആഴ്ചക്കുറിപ്പുകള്‍ പതിനാല്"

നല്ല തിരക്കായിരുന്നു, എങ്കിലും ആഴ്ചക്കുറിപ്പുകള്‍ക്ക് സമയം കണ്ടെത്തി :)

രണ്ടായിരത്തി ഏഴിലെ ആദ്യ പോസ്റ്റ്!

5:54 PM
സു | Su said...
പുതുവര്‍ഷം എല്ലാ സൌഭാഗ്യങ്ങളും നേടിത്തരട്ടെ എന്നാശംസിക്കുന്നു.

പാച്ചു പറയുന്നത് കേള്‍ക്കുന്നതാണ് നല്ലത്. താ‍ടിയെടുത്തില്ലെങ്കില്‍, തടി കേടാകും.

5:59 PM
കുറുമാന്‍ said...
ഇത്തവണയും ആഴ്ചക്കുറിപ്പുകള്‍ നന്നായി.

അഗ്രജനും, അഗ്രജിക്കും, പാച്ചുവിന്നും പുതുവത്സരാശംസകള്‍

6:04 PM
ഏറനാടന്‍ said...
പാച്ചുവിന്റെ അനിഷ്‌ടം ഉഗ്രനായി. ഞാനാലോചിക്കുകായാണ്‌; ചെറുപ്പത്തില്‍ എനിക്കൊ സഹോദരങ്ങള്‍ക്കോ ഞങ്ങളുടെ ഉപ്പയോട്‌ മിണ്ടുവാനേ പേടിയായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ മാത്രം വിരുന്നെത്തുന്ന ഒരു പ്രവാസിയായിരുന്ന ബാപ്പയോട്‌ അടുപ്പം കുറഞ്ഞുപോയതും ഉമ്മയോടുള്ള സ്നേഹം കൂട്ടുക മാത്രമേ ചെയ്തുള്ളൂ.
കോളേജില്‍ പഠിക്കുന്നേരമാണ്‌ വല്ലുതുമൊക്കെ ഉപ്പയുമായി സംസാരിക്കാന്‍ സാധിച്ചത്‌! അന്നേരം ഉപ്പ പ്രവാസജീവിതം മതിയാക്കി നാട്ടില്‍ ഒരു പരദേശിയായി മാറിയിരുന്നു!

6:13 PM
കരീം മാഷ്‌ said...
പുതുവര്‍ഷം സൌഭാഗ്യങ്ങള്‍ സമ്മാനിക്കട്ടെ! എന്നാശംസിക്കുന്നു.

പാച്ചു പപ്പാനെ ശരിക്കു നോക്കണം

8:29 PM
സുല്‍ | Sul said...
ആഴ്ചകുറിപ്പുകള്‍ നന്നായി.

ആഴ്ചകുറിപ്പുകള്‍ 20 കോപ്പിയെടുത്ത് 20 പേര്‍ക്ക് അയച്ചുകൊടുത്താല്‍, 20 ദിവസത്തിനകം സ്വര്‍ഗ്ഗം കിട്ടും അല്ലെങ്കില്‍ നരകം. അല്ലേ അഗ്രജാ.

-സുല്‍

7:34 AM
Anonymous said...
അഗ്രജനും, അഗ്രജിക്കും, പാച്ചുമോള്‍ക്കും സന്തോഷകരമായ പുതുവല്‍സര ആശംസകള്‍.

ഈ വര്‍ഷമെങ്കിലും ആ പാച്ചു മോളുടെ വാക്കുകള്‍ കേട്ടനുസരിച്ച്‌ നല്ല രീതിയില്‍ ജീവിക്ക്‌.

ഓ.ടോ. ഈ ബുള്‍ഗാന്‍ വയ്കണമെങ്കില്‍ അതിന്റെ അസ്സോസ്സിയേഷനില്‍ ആദ്യം രെജിസ്റ്റര്‍ ചെയ്യണമെന്ന്‌ അറിയില്ലായിരുന്നോ അഗ്രജാ ... നമ്മുടെ കുറുമാനോടൊന്ന്‌ ചോദിച്ചേര്‌, അങ്ങേര്‌ അതിന്റെ ബോര്‍ഡ്‌ മെംബറാ ..

8:18 AM
വിചാരം said...
ആഴ്ച്ചകുറിപ്പുകള്‍ വളരെ നന്നായി.. ബൂലോകത്തിലെ ഏവര്‍ക്കും ചില സ്വകാര്യ ദു:ഖങ്ങളൊയിച്ചാല്‍ ഏര്‍വക്കും 2006 നല്ല വര്‍ഷം തന്നെയായിരിക്കാം..സൌഹൃദങ്ങളുടെ വലിയൊരു തുടക്കം തന്നെയാണ് അഗ്രജനെ പോലെ ഏവര്‍ക്കും..

കലേഷ് ഒരു നഷ്ടം തന്നെയാണ് പ്രത്യേകിച്ച് യു.എ.ഇ.ലെ കൂട്ടായ്മയ്ക്ക് (എവിടെയായിരുന്നാലും ബൂലോകത്തില്‍ അദ്ദേഹത്തിന്‍റെ സാന്നിത്യം നമ്മുക്ക് 2007 ലും പ്രതീക്ഷിക്കാം.

സദ്ദാം അതൊരു നൊമ്പരമായി ഇപ്പോഴും മനസ്സില്‍ ഒരു നീറ്റല്‍ ഞാന്‍ പ്രതീക്ഷേധിക്കാന്‍ പോലും അര്‍ഹനാണോ? എന്‍റെ മനസ്സില്‍ ആഴത്തിലുദിച്ചൊരു ചോദ്യം അതിപ്പോഴും തുടരുന്നു .. ഈ ജോലി ഇട്ടെറിഞ്ഞ് പോയാലോ എന്ന് ഒത്തിരിവട്ടം എന്നെ ചിന്തിപ്പിക്കുന്നു .. എന്തെങ്കിലും കാരണത്താല്‍ എനിക്കന്‍റെ ജോലി നഷ്ടപ്പെടുകയാണെങ്കില്‍ അതില്‍ ഞാനൊരിക്കലും ദു:ഖിതനാവില്ല .
അഗ്രജന്‍റെ ഓരോ വരികള്‍ക്കും മൌനമായി ഞാന്‍ ശരിവെയ്ക്കുന്നു .... നമ്മളൊക്കെ എന്തലാം ആദര്‍ശങ്ങള്‍ പൊക്കിപിടിച്ച് നടന്നാലും നമ്മുടെ ഹൃദയത്തില്‍ മനുഷ്യത്വമെന്ന വികാരത്തെ ഉള്‍കൊള്ളുവാനുള്ള ഒരു അറ ഉണ്ടല്ലോ അല്ലെങ്കില്‍ നമ്മള്‍ മനുഷ്യരാണോ ?.
അഗ്രജിക്ക് മാത്രമല്ലല്ലോ ഞങ്ങള്‍ക്കും ഇഷ്ടമായല്ലോ ആ സമ്മാനം. (അപ്പോള്‍ നിങ്ങളാ ഈ മന്ത്ര നോട്ടിസിന് പിന്നില്‍ അല്ലേ? ).

മോനെ അഗ്രജാ പാച്ചു പറയുന്നതനുസരിച്ച് നടന്നോ അതാ നിനക്ക് നല്ലത് ( അച്ചന്‍റെ വീരത്വവും അമ്മയുടെ സൌന്ദര്യവും ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതും അഭിമാനം കൊള്ളുന്നതും മക്കളല്ലേ)

11:03 AM
തറവാടി said...
അഗ്രജാ,

ആഴ്ചക്കുറിപ്പുകള്‍ നന്നായി , പിന്നെ സദ്ദാമിന്‍റ്റെ കാര്യം , ഞാന്‍ നോക്കികാണുന്നതിങ്ങനെയാണ്‌,

സദ്ദാമിനെ പിന്നെ എന്തു ചെയ്യും , കൊന്നില്ലെങ്കില്‍ അമേരിക്ക ചെയ്തതെല്ലാം വെറുതെയാവില്ലെ? , ഒന്നുമില്ലെങ്കില്‍ സദ്ദാമിനോടുള്ള , (ഉണ്ടെങ്കില്‍) സ്നേഹം അല്ലെങ്കില്‍ ആരാധന അതു കൂടിയതല്ലാതെ കുറഞ്ഞില്ലല്ലോ? ഉവ്വോ? , സദ്ദാം പ്രായം ചെന്ന് മരിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ കുറച്ചുകാലം നാം ഓര്മ്മിക്കും , ഇതിപ്പോ അതാണോ സ്ഥിതി , മറക്കുമോ നമ്മള്‍?

പിന്നെ പെരുന്നാളിന്റെ അന്ന് തന്നെ കൊന്നത് , അന്നാണെങ്കില്‍ ഒരു പക്ഷെ ഉണ്ടായേക്കാവുന്ന അക്രമങ്ങള്‍ കുറഞ്ഞേക്കാമെന്ന ഒരുകാര്യം മാത്രമെ അമേരിക്ക കണ്ടിരിക്കൂ , എന്നാല്‍ അന്നായതിനാലുള്ള മറ്റുകാര്യങ്ങള്‍ ഒരു പക്ഷെ ബുഷ് കണ്ടില്ലായിരിക്കാം

9:09 AM
ദില്‍ബാസുരന്‍ said...
അഗ്രജേട്ടാ,
ആഴ്ചക്കുറിപ്പ് നന്നായി. പിന്നെ പാച്ചുവിന്റെ കാര്യം. ഇപ്പൊ പറഞ്ഞ് സമ്മതിപ്പിക്കും താടിയെടുക്കാന്‍. കുറച്ച് കഴിഞ്ഞാല്‍ തറവാടി പറഞ്ഞത് പോലെ താടിയെടുത്തില്ലെങ്കില്‍ മണ്ടയ്ക്ക് കല്ലെറിയും എന്നാവാന്‍ ഞാന്‍ സാധ്യത കാണുന്നു. ആയുഷ്മാന്‍ ഭവ: :-)

ഓടോ: ഹമ്മോ പാച്ചു കേട്ടു എന്ന് തോന്നുന്നു. ഞാന്‍ ഓടി. :-)

9:54 AM
ഇത്തിരിവെട്ടം© said...
അഗ്രജാ ആഴ്ചക്കുറിപ്പുകള്‍ നന്നായിരിക്കുന്നു. പുതുവര്‍ഷവും നേട്ടങ്ങളും സന്തോഷങ്ങളും നിറഞ്ഞതാവട്ടേ എന്ന് ആശംസിക്കുന്നു.

12:18 PM
ഇക്കാസ് said...
ആഴ്ചക്കുറിപ്പുകള്‍ നന്നായി.

‘ഇതിന്‍റെ കുറേ കോപ്പിയെടുത്ത് എല്ലാര്‍ക്കും അയച്ചുകൊടുക്കും, എന്നിട്ടടിയിലെഴുതും ഇതിന്‍റെ കോപ്പി ഇരുപത് പേര്‍ക്ക് അയച്ചു കൊടുത്താല്‍ ഐശ്വര്യവും സമ്പാദ്യവും ലഭിക്കും, അങ്ങിനെ ചെയ്യാത്ത പക്ഷം ഭയങ്കരമായ വിപത്ത് വന്ന് ചേരുമെന്നും’.

അതെനിക്കിഷ്ടപ്പെട്ടൂ.....

12:44 PM
പുള്ളി said...
അഗ്രജാ, പുതുവര്‍ഷാശംസകള്‍. ആഴ്ച്ചക്കുറിപ്പുകള്‍ എല്ലാം വായിക്കാറുണ്ട്. ഇനി 2007ല്‍ നമ്മളൊക്കെ സീനിയേഴ്സ് ആയിയല്ലോ! ബൂലോഗ പള്ളിക്കൂടത്തില്‍ പുതിയ കുട്ടികള്‍ എത്തിത്തുടങി...

12:58 PM
Sona said...
aazhcha kurippukal nannayirunnu..sadhamine kollaruthayirunnu,oru jeevaparyantham mathiyayirunnu..sadhaminte maranavartha ketukondanu njanum unarnnathu..vallathoru nombaram thonni..oru rajyathinte bharanadhikariye kollan matoru rajyathinu enthu avakasham?
Paachuvinodu ente anveshanam parayane..

10:44 PM
അഗ്രജന്‍ said...
സു: ആശംസകള്‍ക്ക് നന്ദി, തിരിച്ചും സൌഭാഗ്യങ്ങള്‍ നേരുന്നു.

പുതുവര്‍ഷത്തിലെനിക്ക് കിട്ടിയ ആദ്യ കമന്‍റ് താങ്കളുടേതാണ് - നന്ദി :)

കുറുമാന്‍: സന്തോഷം - തിരിച്ചും ആശംസകളറിയിക്കുന്നു :)

ഏറനാടന്‍: പാച്ചുവിന്‍റെ അനിഷ്ടങ്ങള്‍ കുറച്ചൊന്നുമല്ല :)

ഞാന്‍ ബര്‍മുഡ തന്നെയിടണം, മുണ്ടുടുക്കാന്‍ പാടില്ല... മുടി അങ്ങിനെ പാടില്ല, ഇങ്ങിനെ വേണം... കണ്ണട വെയ്ക്കരുത്... ഇങ്ങിനെയൊത്തിരിയൊത്തിരി... :)

കരീം മാഷ്: നന്ദി - തിരിച്ചും സൌഭാഗ്യങ്ങള്‍ നേരുന്നു :)

സുല്‍: സ്വര്‍ഗ്ഗമായാലും നരകമായാലും 20 ദിവസത്തിനുള്ളില്‍ കാറ്റ് പോകുമെന്ന് ചുരുക്കം - അല്ലേ :)

തമനു: തിരിച്ചും ആശംസകള്‍ നേരുന്നു.

ബുള്‍ഗാന്‍ ക്ലബ്ബിലേക്കുള്ള അംഗത്വം തിരസ്കരിക്കപ്പെട്ടതിനാലും പാച്ചുവിന്‍റെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയതിനാലും അതങ്ങട്ട് ഒഴിവാക്കി :)

വിചാരം: എല്ലാം വായിച്ച് അഭിപ്രായങ്ങള്‍ പങ്ക് വെച്ചതില്‍ വളരെ സന്തോഷം :)

നീ പറഞ്ഞത് ശരിയാണ്. “...എന്തെല്ലാം ആദര്‍ശങ്ങള്‍ പൊക്കിപിടിച്ച് നടന്നാലും നമ്മുടെ ഹൃദയത്തില്‍ മനുഷ്യത്വമെന്ന വികാരത്തെ ഉള്‍കൊള്ളുവാനുള്ള ഒരു അറ ഉണ്ടല്ലോ...”
അത് തന്നെയാണ് ഇവിടെ മുഴച്ചു നിന്നത്...

തറവാടി: താങ്കള്‍ പറഞ്ഞത് ശരിയാണ്. ഇങ്ങിനെയൊരു മരണം സദ്ദാമിന് ഒരു വീരപരിവേശം സൃഷ്ടിച്ച് കൊടുത്തിട്ടുണ്ട്.

പെരുന്നാളിന്‍റെ അന്ന് വധിച്ചത്, അത് ഇറാക്കി സര്‍ക്കാരിന്‍റെ മാത്രം തീരുമാനമായിരുന്നു എന്നല്ലേ അവസാനം അറിയാന്‍ കഴിഞ്ഞത് - അമേരിക്കയും ഇറാക്കി പ്രസിഡന്‍റും അതിനെ അനുകൂലിച്ചിരുന്നുമില്ലെത്രേ.

അഭിപ്രായം പങ്ക് വെച്ചതില്‍ സന്തോഷം - നന്ദി :)

ദില്‍ബു: കല്ലുകളെല്ലാം ‘ഇച്ചിച്ചി’യാണ്, തൊടരുതെന്നാ ഇപ്പോ തന്നെ പഠിപ്പിക്കുന്നത് - ഒരു മുന്‍കൂര്‍ ജാമ്യം :)

ഇത്തിരിവെട്ടം: താങ്കള്‍ക്കും സമധാനവും സന്തോഷവും നിറഞ്ഞതായിരിക്കട്ടെ വരും നാളുകള്‍ എന്നാശംസിക്കുന്നു :)

ഇക്കാസേ: നിനക്ക് കുറച്ച് ബിസിനസ്സ് കിട്ടും, ഒന്ന് പ്രോത്സാഹിപ്പിക്കൂ :)

പുള്ളി: അതെനിക്കിഷ്ടപ്പെട്ടു :) നമുക്കൊന്ന് റാഗിങ്ങ് സംഘടിപ്പിച്ചാലോ :)

സോന: ശരിയാണ്... കാരണങ്ങളും അതിന്‍റെ പിന്നിലെ രാഷ്രീയവും എന്തു തന്നെയായാലും, ഒരാളുടെ ജീവന്‍ വിട്ടകലുന്നത് കണ്‍മുന്നില്‍ കണ്ടപ്പോള്‍ ഭയങ്കര വിഷമം തോന്നി.

തീര്‍ച്ചയായും പാച്ചുവിനോട് അന്വേഷണം അറിയിക്കുന്നതാണ് - നന്ദി :)

വായിച്ചവര്‍ക്കും അഭിപ്രായം പങ്ക് വെച്ചവര്‍ക്കും എന്‍റെ നന്ദി അറിയിക്കട്ടെ - വീണ്ടും വരിക :)

9:38 AM
വല്യമ്മായി said...
This post has been removed by a blog administrator.
2:09 PM
വല്യമ്മായി said...
ആഴ്ചകുറിപ്പുകള്‍ ദുബായിയും ഷാര്‍ജയും കഴിഞ്ഞ് ലോക വര്‍ത്തമാനങ്ങളില്‍ എത്തി നില്‍ക്കുന്നു.ആശംസകള്‍

നമ്മളൊക്കെ ചെറുപ്പത്തില്‍ മാതാപിതാക്കളെ അനുസരിച്ച് ജീവിച്ചെങ്കില്‍ ഇപ്പോള്‍ മക്കളെ അനുസരിച്ച് ജീവിക്കുന്നു.അത്രമാത്രം.

പാച്ചൂ,മോളേ ഒരു പൊടിക്ക് വിട്ടു കൊടുക്കരുതേ

2:10 PM
മുരളി വാളൂര്‍ said...
agrEsarA,
AzhchakkuRippukaL nannAyirikkunnu, ASamsakaL....
sorry for eng....

2:27 PM
അഗ്രജന്‍ said...
വല്യമ്മായി, മുരളി വാളൂര്‍

വായിച്ചതിലും അഭിപ്രായം പങ്ക് വെച്ചതിലും സന്തോഷം - എല്ലാവര്‍ക്കും നന്ദി :)

മുരളി, എവിടെയായിരുന്നു... കാണാറില്ലായിരുന്നല്ലോ ഈയിടെയായി.

9:00 AM
Anonymous said...
വളരെ വിഭിന്നമായ , സാധാരണ്‍ക്കാരന്റെ മനസ്സിലേക്കൊരു പുതുമഴയുടെ ഈര്‍പ്പമായി കടന്നു ചെല്ലുന്ന വാക്കുകള്‍. എനിക്കിഷ്ടമായതു
പിറന്നാള്‍ സമ്മാനം എന്ന കവിതയാണു കാരണം, വരികള്‍ക്കു , ഇന്ന്ത്തെ കവിതകള്‍ക്കില്ലാത്ത അടുക്കും ചിട്ടയും...വിധേയന്‍..നന്ദു

11:03 AM
അഗ്രജന്‍ said...
നന്ദുജി, വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം :)

1:50 PM

qw_er_ty