Monday, July 28, 2008

ആഴ്ചക്കുറിപ്പുകള്‍ 63

നമ്മളെന്ന ജനക്കൂട്ടം
ക്ലസ്റ്റര്‍ യോഗത്തിനെത്തിയ അദ്ധ്യാപകനെ കുറേപ്പേര്‍ ചേര്‍ന്നു മര്‍ദ്ദിച്ചവശനാക്കുന്നതു ടീവിയില്‍ കണ്ടപ്പോഴേ സങ്കടം തോന്നിയിരുന്നു, പിന്നീടദ്ദേഹം മരണപ്പെട്ടതറിഞ്ഞപ്പോള്‍ അതു കൂടുതലായി. ജീവിച്ചിരിക്കേണ്ടിയിരുന്ന ഒരു പാവം ജീവന്‍ ആക്രമോത്സുകരായ ഒരു കൂട്ടം നിഷ്ഠൂരമായി കവര്‍ന്നെടുത്തു. ആ ക്രൂരതയുടെ ആഴവും അതു ചെയ്തവരുടെ രാഷ്ട്രീയവും ലക്ഷ്യവും ഞാന്‍ ഇവിടെ മാറ്റി നിറുത്തട്ടെ!

അന്നു സുഹൃത്തിനോടു പറഞ്ഞു... ഒരു പക്ഷെ ആ അക്രമത്തില്‍ പങ്കെടുത്ത ഏതെങ്കിലും ഒരുത്തന്‍, അതില്‍ പ്രതിഷേധിക്കുന്ന നമുക്കിടയില്‍ വന്നുപെട്ടാല്‍ അവനും ഒരു പക്ഷെ ഇതേ അനുഭവം ഉണ്ടായേക്കും. അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല... പിറ്റേ ദിവസം ചാനലില്‍ കണ്ടു, ജയിംസ് മാഷുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്ന യു.ഡി.എഫു് നേതാവിനെ കോപാകുലരായ ചിലര്‍ വിരട്ടിയോടിക്കുന്നതു്. ഒരുപക്ഷെ അപ്പോഴവിടെ പോലീസിന്‍റെ സാന്നിദ്ധ്യം ഇല്ലായിരുന്നെങ്കില്‍ മറ്റൊരു ദുരന്തം അവിടെ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജനങ്ങള്‍ അത്രയ്ക്കും മാറിയിരിക്കുന്നു... ആര്‍ക്കും ആരേയും നിയന്ത്രിക്കാനാവുന്നില്ല. പണ്ടൊക്കെ ദുഷ്ടനാണെങ്കിലും ഒരു കേഡിക്കു് മറ്റുള്ളവരെ വിരട്ടിനിര്‍ത്താനാവുമായിരുന്നു. ഇന്നു് എല്ലാം ജനക്കൂട്ടങ്ങളാണു് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതു്. ഹൈലി ഇന്‍ഫ്ലാമബിളാണു് ജനക്കൂട്ടം, ഒരു ചെറിയ സ്പാര്‍ക്കു മതി അതാളിക്കത്താന്‍!

മനുഷ്യനെങ്ങിനെ മറ്റുള്ളവരെ ഉപദ്രവിക്കാനും കൊല്ലാനുമൊക്കെ കഴിയുന്നു, ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ടു്. ഏറെക്കുറെ എല്ലാവരിലും അടിഞ്ഞു കിടക്കുന്നുണ്ടാവണം അക്രമവാസനകള്‍. അതു സാഹചര്യങ്ങള്‍ക്കൊത്തു പുറത്തു വരുന്നതാവണം. ക്ഷമയും വിട്ടുവീഴ്ചയും നമ്മള്‍ പഠിക്കുന്നതേയില്ല... പകരം, ‘ഒരു ദിവസമെങ്കില്‍ ഒരു ദിവസം അതു പുലിയെ പോലെ ജീവിക്കണം’ ‘പിന്നെന്തിനാ മീശേം വെച്ചു് ആണാന്നും പറഞ്ഞു നടക്കുന്നതു്’... ആത്മാഭിമാനത്തെ തൊട്ടുണര്‍ത്തുന്ന ഇത്തരം ആപ്തവാക്യങ്ങളാണു് നമ്മള്‍ ചെറുപ്പം മുതലേ മനസ്സിലേറ്റി വെക്കുന്നതു്. അതില്‍ നിന്നും പിറകോട്ടു പോകുന്നവന്‍ ഭീരുവായും മുദ്രകുത്തപ്പെടുന്നു. വിട്ടുവീഴ്ചയും പിന്‍മാറ്റവുമൊക്കെ എന്തോ വലിയ നാണക്കേടായാണു് കാണുന്നതു തന്നെ.

തിരിച്ചറിവുള്ളവര്‍ പോലും കൂട്ടത്തില്‍ ചേരുമ്പോള്‍ എല്ലാം മറക്കുന്ന അവസ്ഥ, അല്ലെങ്കില്‍ അവര്‍ക്കു് ഒന്നും ചെയ്യനാവാത്ത അവസ്ഥ, അതു മാറിയേ തീരൂ. നമ്മുടെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്ക്കരണം ആവശ്യമായി വന്നിരിക്കുന്നു... അതിനായി പൊതുജനത്തിനു ഫ്രീയായി കൌണ്‍സിലിങ്ങു് നല്‍കാനുള്ള സം‌വിധാനം അധികൃതര്‍ മുന്‍കയ്യെടുത്തു ചെയ്യേണ്ടിയിരിക്കുന്നു... അല്ലെങ്കില്‍ ദുരന്തങ്ങള്‍ ആവത്തിക്കപ്പെട്ടുകൊണ്ടിരിക്കും!

ഹരിതവിപ്ലവം
വെറും മാസങ്ങള്‍ക്കു മുമ്പു് 20 കിലോ പാലക്കാടന്‍ മട്ട അരിക്കു 43 ദിര്‍ഹം വിലയുണ്ടായിരുന്നിടത്തു ഇന്നലത്തെ വില 130 ദിര്‍ഹം! ഒന്‍പതേ അന്‍പതുണ്ടായിരുന്ന മുംതാസു് ബസുമതി അരിക്കു ഇരുപത്തി രണ്ടു ദിര്‍ഹം! മുഖ്യഭക്ഷണമായ അരിയുടെ വിലക്കയറ്റം തന്നെയാണു് എപ്പഴും കൂടുതല്‍ ബാധിക്കുന്നതു്. എങ്ങിനെ ജീവിച്ചു പോകും എന്ന ചോദ്യത്തിനു ഭാര്യ ആശ്വാസം പകരുന്നു...

‘ഇതൊക്കെ ഇപ്പോ മാറും ഇക്കാ... നാട്ടിലിപ്പോള്‍ എല്ലാരും വീണ്ടും കൃഷിയിലേക്കു് തിരിഞ്ഞിരിക്കുന്നു... വീണ്ടും ഹരിതവിപ്ലവം വരും... അപ്പോ വില കുറഞ്ഞോളൂം...’

ഞാന്‍ മറുത്തൊന്നും പറയാന്‍ പോയില്ല...
വീണ്ടും ഹരിതവിപ്ലവം വരുന്നതിനെ കുറിച്ചു പാവം അവള്‍ സ്വപ്നം കണ്ടോട്ടെ...!

പെണ്‍ബുദ്ധി മുന്‍ബുദ്ധി
കഴിഞ്ഞ തവണ നാട്ടില്‍ പോകുമ്പോള്‍ പഴയ ചുരിദാറുകളൊക്കെ കെട്ടിക്കൊണ്ടു പോകുന്നതിനു ഭാര്യയോടു കയര്‍ത്തിരുന്നു. പാവപ്പെട്ട ആര്‍ക്കെങ്കിലും കൊടുക്കാനാണെങ്കില്‍ ഈ കീറിപ്പറിഞ്ഞതൊന്നും കൊടുക്കരുതു്... ഉപയോഗിക്കാനാവുന്നതു തന്നെ കൊടുക്കണം എന്നും പറഞ്ഞു... അന്നവള്‍ ഒന്നും പറഞ്ഞില്ല.

കഴിഞ്ഞ ദിവസം അനിയന്‍ നാട്ടില്‍ നിന്നും വരുമ്പോള്‍ അവള്‍ക്കു് പതിമൂന്നു ചുരിദാറുകള്‍ കൊണ്ടുവന്നിരിക്കുന്നു... എല്ലാം കണ്ടു പരിചയിച്ച ചുരിദാറുകള്‍, എന്നാലോ എല്ലാറ്റിനും നല്ല പുതുക്കം! ഓരോന്നോരോന്നായി എടുത്തു കാണിക്കുമ്പോള്‍ അവളുടെ മുഖത്തു് ‘അമ്പട ഞാനേ’ എന്ന ചിരി പൊതിഞ്ഞ ഭാവം...

‘ഇതെങ്ങനൊത്തടിവളേ...’ ഞാന്‍ ചോദിച്ചു...

‘ആ പഴയ ചുരിദാറുകളുടെയെല്ലാം ഷോളോണ്ടാണു് ഈ ചുരിദാറൊക്കെ അടിച്ചിരിക്കുന്നതു്...’

എന്‍റെ കണ്ണുകള്‍ വിടര്‍ന്നു...

‘ഓരോന്നടിപ്പിക്കാനും ചിലവു വന്നതു 50 രൂപ... മൊത്തം 650 രൂപയ്ക്കു് പതിമൂന്നു ചുരിദാര്‍...’

‘എങ്ങനെണ്ടെന്‍റെ പുത്തീ...’ അവള്‍ തുടര്‍ന്നു...

ഞാന്‍ മനസ്സില്‍ ‘ഹാറ്റ്സ് ഓഫ് യു’ പറഞ്ഞു... പിന്നെ ഉ‌റക്കെ ആത്മഗതിച്ചു...
‘ഇങ്ങനത്തെ ഐറ്റം തന്നെ കിട്ടുമെങ്കില്‍ ഒന്നു രണ്ടെണ്ണത്തിനെ കൂടെ കെട്ടാമായിരുന്നു...’

അവനവനാത്മസുഖത്തിന്നാചരിക്കുന്നവ
ബസ്സില്‍ കയറുമ്പോള്‍ എന്നുമുള്ള പ്രാര്‍ത്ഥനയാണു് വിയര്‍പ്പുനാറ്റമുള്ളവരുടെ അടുത്തു് ഇരിപ്പിടം തരല്ലേ ദൈവമേ എന്നുള്ളതു്. ഒഴിഞ്ഞു കിടക്കുന്ന രണ്ടു സീറ്റുകളിലൊന്നില്‍ കിളിവാതിലിനോടു് ചേര്‍ന്നിരിക്കാനിഷ്ടമൊക്കെ തന്നെയാണു്, എങ്കിലും അവിടെ ഇരിക്കാറില്ല... കാരണം, അങ്ങിനെയിരുന്നാല്‍ നമ്മുടെ അടുത്തു ആരെങ്കിലും വന്നിരിക്കുന്നതു വരെ വല്ലാത്ത ചങ്കിടിപ്പായിരിക്കും... പത്തോ ഇരുപതോ മിനിറ്റുകള്‍ സഹിച്ചാല്‍ മതിയെങ്കില്‍ ഓക്കെ... ഇതു പക്ഷെ, ഒന്നര രണ്ടുമണിക്കൂറോളം നാറ്റം സഹിക്കുക എന്നതു് അണ്‍സഹിക്കബിള്‍ തന്നെ... അത്രയ്ക്കും റിസ്ക്കെടുക്കാന്‍ താത്പര്യമില്ലാത്തോണ്ടു്, തരക്കേടില്ലെന്നു തോന്നിപ്പിക്കുന്നവരുടെ അടുത്ത സീറ്റില്‍ ഇടം പിടിക്കാറാണു് പതിവു്.

പതിവുപോലെ, തടിയനാണെങ്കിലും കണ്ടാല്‍ കുഴപ്പമില്ലെന്നു തോന്നിപ്പിച്ച ഒരാളുടെ അടുത്തിടം പിടിച്ചു. വണ്ടി കുറച്ചു നീങ്ങിയപ്പോഴാണു് അയാള്‍ വലതുകൈ പൊക്കി പിറകിലേക്കു വെച്ചതു്. അയാളുടെ കക്ഷം എന്‍റെ മുഖത്തിനോടു ചേര്‍ന്നു വന്നു. വലിയ നാറ്റമൊന്നുമില്ലെങ്കിലും എനിക്കു വല്ലാത്ത അസ്വസ്ഥത തോന്നി... അയാള്‍ അങ്ങിനെ ചെയ്യരുതല്ലോ എന്ന ചിന്ത, സ്വസ്ഥമായിരുന്നു യാത്ര ചെയ്യാനുള്ള എന്‍റെ അവകാശത്തെ അയാള്‍ ഹനിക്കുന്നുവെന്ന തോന്നല്‍ എന്നില്‍ ശക്തി പ്രാപിച്ചു കൊണ്ടിരുന്നു. അയാളോടു് അതെങ്ങിനെ പറയും എന്നതും എന്നെ കുഴച്ചു. ഒടുവില്‍ അയാള്‍ ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ടു് മനസ്സിലാക്കി കൊടുക്കാന്‍ ഞാനൊരു വഴിയേ കണ്ടുള്ളൂ...

ഞാന്‍ എന്‍റെ ഇടതുകൈ പൊക്കി പിറകിലേക്കു വെച്ചു... ഞാനുദ്ദേശിച്ച ഗുണം പെട്ടെന്നു തന്നെ കണ്ടു... അയാള്‍ കൈ വേഗം താഴ്ത്തി വെച്ചു!

15 comments:

സുല്‍ |Sul said...

((((((((ഠേ...))))))))
ഒരാഴ്കത്തേങ്ങ ഇവിടെ.
-സുല്‍

സുല്‍ |Sul said...

ഇടതുകൈപൊക്കി പിന്നിലേക്കു വച്ചപ്പോള്‍, അയാളുടെ ബോധം നഷ്ടപ്പെട്ടതുകൊണ്ടായിരിക്കാം കൈ പിന്‌വലിച്ചത്. :)
-സുല്‍

ശ്രീവല്ലഭന്‍. said...

ha ha : ishtappettu eeyazcha :-)

Sharu.... said...

ഈ ആഴ്ച കലക്കി. പിന്നെ ആ ചുരിദാര്‍ വിദ്യ ഇഷ്ടമായി.

പാര്‍ത്ഥന്‍ said...

‘ഇങ്ങനത്തെ ഐറ്റം തന്നെ കിട്ടുമെങ്കില്‍ ഒന്നു രണ്ടെണ്ണത്തിനെ കൂടെ കെട്ടാമായിരുന്നു...’

ഓരോരോ ബാലചാപല്യങ്ങളേ!!!!!!!!!!!!!!!!!!!

ഞാന്‍ എന്‍റെ ഇടതുകൈ പൊക്കി പിറകിലേക്കു വെച്ചു... ഞാനുദ്ദേശിച്ച ഗുണം പെട്ടെന്നു തന്നെ കണ്ടു... അയാള്‍ കൈ വേഗം താഴ്ത്തി വെച്ചു!

ഈ പെണ്ണുങ്ങളെ സമ്മതിക്കണം?????????

ബഷീര്‍ വെള്ളറക്കാട്‌ said...

1) ആത്മാഭിമാനം ഉണര്‍ന്നാല്‍ അക്രമമുണ്ടാവില്ല.. ദുരഭിമാനവും ദുഷ്ടതയുമാണുരുന്നതിന്ന്

2) ചുരിദാര്‍ തയ്ക്കാന്‍ 50 രൂപ.. ഏത്‌ കാലത്തെ കാര്യമാ ?
പിന്നെ ഒരു ചുരിദാര്‍ തയ്ക്കാന്‍ ഒരു ഷാള്‍ എത്ര ഷാള്‍ ഉപയോഗിച്ചു എന്നത്‌ ദുരൂഹം. ഒരു ചുരിദാറിനു 5 മീറ്റര്‍ തുണി വേണമെന്ന് തോന്നുന്നു. ഷാള്‍ കൂടിയാല്‍ 2 മീറ്റര്‍ കാണും അതും വീതിയില്ലാത്തതായാല്‍ ..
സധാരണ ഷാള്‍ കനം കുറഞ്ഞതായിരിക്കും ..ഉള്ളില്‍ തുണി വെച്ച്‌ അടിക്കണം (അല്ലെങ്കില്‍ പിന്നെ അതും ഇട്ട്‌ വെളിയിലിറങ്ങാന്‍ പറ്റില്ല. ) അപ്പോള്‍ അതിന്റെ കാശ്‌ വേറെ..
ആകെ മൊത്തം ടോട്ടല്‍ എത്രയായി..

3) നാറ്റത്തിന്റെ കാര്യം .. സുല്‍.. : )‌

ബഷീര്‍ വെള്ളറക്കാട്‌ said...

OT
സുല്‍ , ബോധം നഷ്ടപ്പെടും എന്ന് കരുതിയാവാം എന്ന് തിരുത്തുന്നു. ബോധം നഷ്ടമായാല്‍ പിന്നെ : )


ആഴ്ചക്കുറിപ്പുകള്‍ തുടരട്ടെ..

ബൈജു സുല്‍ത്താന്‍ said...

നേതാക്കളെ വിരട്ടിയോടിച്ചത് എതിര്‍ കക്ഷിക്കാരായിരുന്നു..അപ്പോ..അതിലും ഒരു രാഷ്ട്രീയമുണ്ട്. പൊതുജനം ഇങ്ങനെ പ്രതികരിച്ചിരുന്നെങ്കില്‍ എന്നു ആശിച്ചുപോകുന്നു. പൊതുജനങ്ങള്‍ ശരിക്കും പ്രതികരിക്കാറുണ്ട്. ചെലപ്പോഴൊക്കെ..കൂടുതലും ബസ്സ് ജീവനക്കാരോട്..ഈയിടെ സ്കൂള്‍ ബാലികയെ നിഷ്ഠൂരമായി കൊലചെയ്ത പ്രതിയെ പോലീസിനു വിട്ടുകൊടുക്കാതെ..അങ്ങിനെയങ്ങിനെ..ഈ ആവേശം ആവശ്യത്തിനും അനാവശ്യത്തിനും ഹര്‍ത്താലുകള്‍ നടപ്പാക്കി സാധാരണ ജനജീവിതം ദു:സ്സഹമാക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെക്കൂടി വേണം..

അഗ്രജന്‍ said...

ബൈജു,
പലപ്പോഴും ഞാനും ആ രീതിയില്‍ ചിന്തിക്കാറുണ്ടു്... കയ്യില്‍ കിട്ടിയാല്‍ ഒരു വിഹിതം കൊടുക്കാമെന്നും തോന്നാറുണ്ടു്. പക്ഷെ, പൊതുജനങ്ങളുടെ അങ്ങിനെയുള്ള പ്രതികരണങ്ങള്‍ ഒട്ടും തന്നെ ആശാസ്യകരമല്ല. നിയമം കയ്യിലെടുക്കാനോ വിധി നടപ്പിലാക്കാനോ, അപരാധിയേയും നിരപരാധിയേയും തീരുമാനിക്കാനോ‍ ജനത്തിനെ അനുവദിച്ചു കൂട...

നജൂസ്‌ said...

നന്നായിരിക്കുന്നു ഈ കുറിപ്പ്‌
എന്നിട്ട് അയാളെവിടെ ഇറഞി. എന്നാലും ചെയ്തത്‌ മോശായി.... :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ആ ചുരിദാറിന്റെ കാര്യം!!!
മറ്റേയാളു ആ സീറ്റീന്ന് തന്നെ എണീച്ച് പോയോ?

Shaf said...

പിന്നെ ആ ചുരിദാര്‍ വിദ്യ ഇഷ്ടമായി.

അനൂപ്‌ കോതനല്ലൂര്‍ said...

ഇഷ്ടമായി മാഷെ

അല്ഫോന്‍സക്കുട്ടി said...

ചുരിദാര്‍ തയ്ക്കാന്‍ 50 രൂപ - ആശാത്തി സൂപ്പറായി പറ്റിച്ചതാണോ, ഒരു ഡൌട്ട്.

അഗ്രജന്‍ said...

ആഴ്ചക്കുറിപ്പുകള്‍ വായിച്ചു അഭിപ്രായം അറിയിച്ച സര്‍വ്വശ്രീ:-

സുല്‍
ശ്രീവല്ലഭന്‍
ഷാരു
പാര്‍ത്ഥന്‍
ബഷീര്‍
ബൈജു
നജൂസ്
കുട്ടിച്ചാത്തന്‍
ഷെഫ്
അനൂപ്
അല്ഫോന്‍സക്കുട്ടി

എന്നിവര്‍ക്ക് നന്ദി അറിയിക്കട്ടെ.

ചുരിദാറിന്‍റെ കാര്യത്തില്‍, ഷോളുകള്‍ കൊണ്ട് വീട്ടില്‍ നിത്യേന ഉപയോഗിക്കാനുതകുന്ന പരുവത്തിലുള്ള ടോപ്പുകള്‍ മാത്രമാണ് തയ്പ്പിച്ചിട്ടുള്ളത്. അതിന് ലൈനിംഗ് തുണി ഉള്‍പ്പെടെ തയ്പ്പിക്കാന്‍ ഒന്നുക്ക് 50 രൂപ തന്നെയാണ് വന്നത്... ഒന്നും അഡ്ജസ്റ്റ് ചെയ്യാനില്ല.

:)