Wednesday, December 13, 2006

പന്ത്രണ്ട്

തുട്ടിന്‍റെ വില
കഫറ്റേരിയയില്‍ എന്തോ കഴിച്ച് കൊണ്ടിരിമ്പോഴാണ് രണ്ട് നിര്‍മ്മാണ തൊഴിലാളികള്‍ കടന്നു വന്നത്. അവര്‍ ഒരു ചായ, വെള്ളം കൂടുതലാക്കി ഓര്‍ഡര്‍ ചെയ്തു. മതിയെന്ന് തോന്നിയപ്പോള്‍ അവസാനത്തെ കക്ഷണം പ്ലേറ്റില്‍ തന്നെ അവശേഷിപ്പിച്ച് എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോഴാണ് ഞാനത് കണ്ടത്. ആ ‘ലംബാ പാനി ചായ’ വാങ്ങിയ അവര്‍ ഒരു ഒഴിഞ്ഞ ഗ്ലാസ്സ് കൂടെ എടുത്ത് അത് രണ്ടായി പകുത്ത് കുടിക്കുന്നു. അത് കണ്ടപ്പോള്‍ സങ്കടം തോന്നി. അതിനു പോലും വഴിയില്ലാത്തവരും ലോകത്ത് ജീവിക്കുന്നു. എന്നാലും നേരില്‍ കാണുമ്പോഴുള്ള നൊമ്പരം വല്ലാത്തത് തന്നെ. ബാക്കിയാക്കി കളയാനായി വെച്ചിരുന്ന കക്ഷണം കഴിക്കാന്‍ എനിക്ക് രണ്ടാമത് ഒരു വട്ടം ആലോചിക്കേണ്ടി വന്നില്ല. ടാക്സിക്കാരില്‍ നിന്നും ബാക്കി കിട്ടേണ്ട അന്‍പത് ഫില്‍സിന്‍റെ തുട്ട് വേണ്ടെന്ന് വെച്ച് ‘ഞെളിഞ്ഞ്’ ഇറങ്ങി പോരുന്ന എന്നോട്, എനിക്ക് പുച്ഛം തോന്നി.

ആകാംക്ഷ
കഴിഞ്ഞ ദിവസമാണ് റോഡില്‍ നിന്നും വലിയ ഒച്ചയും ബഹളവും കേട്ടത്. ഓടി ചെന്ന് നോക്കുമ്പോള്‍ രണ്ട് അറബികള്‍ തമ്മില്‍ നല്ല ഉച്ചത്തില്‍ ഭയങ്കര വഴക്ക്. പറഞ്ഞ് തീരുന്ന നിമിഷം കൊണ്ട് ആളുകള്‍ ചുറ്റും കൂടി. ഇന്ത്യന്‍ ഉപഭൂഗണ്ഢക്കാര്‍ തന്നെ കൂടിയവരൊക്കെയും. അവര്‍ പറയുന്നതെന്തെന്നറിയാതെ വാ പൊളിച്ചു നിന്നു. അടി കാണാന്‍ ഭാഷ ഒരു അത്യാവശ്യ ഘടകമല്ലല്ലോ. പക്ഷെ, കുറച്ച് കഴിഞ്ഞപ്പോള്‍ അവര്‍ രണ്ട് പേരും, കൂടി നില്‍ക്കുന്നവരെ നോക്കി പൊട്ടിചിരിച്ച് കൊണ്ട് നടന്നു നീങ്ങി. ഞാനും ഇളിഭ്യനായി തിരിച്ച് നടന്നു. വെറുതെ ഒരാള്‍ മോളിലേക്ക് വിരല്‍ ചൂണ്ടിയാല്‍ പോലും ചുറ്റും ആള്‍ക്കാര്‍ കൂടുന്നു. എത്ര തിരക്കാണെങ്കിലും എന്തെന്ന് അറിയാനുള്ള ആകാംക്ഷ വല്ലാത്തത് തന്നെ. ഇതറിയുന്നത് കൊണ്ട് തന്നെയല്ലേ ആ പയ്യന്മാര്‍ അങ്ങിനെയൊരു നാടകം കളിച്ചത്. അതോ, പെട്ടെന്നുണ്ടായ വികാരത്തിന്‍റെ പുറത്തുണ്ടായ വഴക്ക്, തിരിച്ചറിവിന്‍റെ നന്മയില്‍ അവസാനിപ്പിച്ചതോ!

ചിരിപ്പിക്കുന്ന പ്രേതങ്ങള്‍
‍വാഷ് ബേസിനില്‍ മുഖം കഴുകുകയാണ് ബാല. മുഖം കഴുകി കണ്ണാടിയിലേക്ക് നോക്കിയ ബാല ഞെട്ടി... ഒപ്പം ഞങ്ങളും. ഭീകര രൂപം പൂണ്ട രണ്ട് പ്രേതങ്ങള്‍ പിറകില്‍ നില്‍ക്കുന്നത് അവള്‍ കണ്ണാടിയില്‍ കണ്ടു. പേടിച്ച് വിറച്ച് ബാല തിരിഞ്ഞു നോക്കി. ഇപ്പോള്‍ ഞെട്ടിയത് ബാലയല്ല, ബാലയെ കണ്ട പ്രേതങ്ങള്‍... ഞെട്ടി ബോധം കെട്ട് വീണു. കണ്ട് കൊണ്ടിരുന്ന ഞങ്ങള്‍ക്കിത്തവണ ഞെട്ടലിനു പകരം ചിരിയാണ് വന്നത്. മനുഷ്യനെ കണ്ട് പ്രേതങ്ങള്‍, അതും രണ്ടെണ്ണം ഒന്നിച്ച് ഞെട്ടിയാല്‍ എങ്ങിനെ ചിരിക്കാതിരിക്കും. ‘മൂന്നമതൊരാള്‍‘ എന്ന വിത്യസ്ഥ രീതിയിലെടുത്ത പ്രേതസിനിമ, ആദ്യ ചില ഭാഗങ്ങള്‍ പേടിയോടെ കണ്ടെങ്കിലും പിന്നീട് ചിരിച്ച് കൊണ്ട് കാണാനാണ് തോന്നിയത്. എന്തായാലും ഈ സീരിസില്‍ ഇഷ്ടം തോന്നിയ സിനിമ ഫാസിലിന്‍റെ ‘വിസ്മയതുമ്പത്ത്’ ആയിരുന്നു.

പാച്ചുവിന്‍റെ ലോകം
രാവിലെ തൊട്ട് നല്ല തലവേദന തോന്നിയപ്പോള്‍ ‘അഗ്രജി’ കുളിയ്ക്കല്‍ ഒന്ന് നീട്ടി വെച്ചു. മോള്‍ക്കത് പറ്റിയില്ലെന്ന് തോന്നുന്നു. വളരെ നയതന്ത്രപരമായി തന്നെ പാച്ചുവത് കൈകാര്യം ചെയ്തു.

‘ഉമ്മാ... ന്നലെ രാത്രി കുളിച്ചപ്പോ തുന്തര്യായി’ പാച്ചു തുടരുന്നു...

‘ഉമ്മാ... കുളിക്കുമ്മാ’.

ആരായാലും, എത്ര വയ്യായ്കയാണെങ്കിലും കുളിച്ചു പോകില്ലേ!

1 comment:

അഗ്രജന്‍ said...

27 അഭിപ്രായങ്ങള്‍:
അഗ്രജന്‍ said...
ഡിസംബര്‍ എനിക്ക് പലത് കൊണ്ടും ഓര്‍മ്മിക്കപ്പെടുന്ന മാസമായതോണ്ട്... ചില ഓര്‍മ്മ കുറിപ്പുകള്‍ക്ക് വേണ്ടി, ആഴ്ചക്കുറിപ്പുകള്‍ സമയം തെറ്റിയാണ് പോസ്റ്റുന്നത് :)

12:05 PM
സുല്‍ | Sul said...
ഇതും നല്ല നിലവാരം പുലര്‍ത്തി (റേഡിയോ സ്റ്റൈല്‍). പാചു പുകഴ്താനും കാര്യം കാണാനും പഠിച്ചു ല്ലെ.

തേങ്ങ മറന്നുല്ലോ. ‘ഠേ......’ ഡൊഡി

-സുല്‍

12:09 PM
താര said...
അഗ്രജാ, ഈ ഓര്‍മ്മക്കുറിപ്പുകള്‍ വളരെ ഇഷ്ടമായി. പ്രത്യേകിച്ചും പാച്ചുവിന്റെ വര്‍ത്തമാനം. :)

12:53 PM
സു | Su said...
പാച്ചുവിനറിയാം, മടി മാറ്റാനുള്ള സൂത്രം. :)

12:57 PM
ഇക്കാസ് said...
നല്ല ഗുഡ്ഡ് കുറിപ്പുകള്‍.നന്ദി

1:07 PM
ശ്രീജിത്ത്‌ കെ said...
കലക്കന്‍ കുറിപ്പ്. ഇഷ്ടായി. നല്ല ഭാഷയും അവതരണവും, ഓരോ ലക്കത്തിലേയും പാച്ചുവിന്റെ തമാശ ഒന്നാംതരം.

1:10 PM
വിചാരം said...
കുറിപ്പുകള്‍ക്ക് നീളം കുറയുന്നു ... നീളം കൂട്ടിയാല്‍ ഗുണം നഷ്ടപ്പെടുമെന്ന തോന്നലാണോ എങ്കില്‍ ആ ധാരണ മാറ്റി ആഴ്ച്ചവട്ടം വിശാലമായി എഴുതൂ ..

1:12 PM
തറവാടി said...
ഹോട്ടലില്‍ ഭക്ഷണം കഴിച്ച് ബില്ല്‌ കൊടുത്തതിന്‌ ശേഷം കൊടുക്കുന്ന" ടിപ്" നെക്കുറിച്ചോര്‍ത്തു ഞാന്‍പിന്നെ അടി , ദുബായിലെ ട്രാഫിക് ജാമുകള്‍ക്ക് ചുരുങ്ങിയത് 60% കാരണം , ഈ വിവരിച്ച കാര്യം തന്നെ.

1:12 PM
പാര്‍വതി said...
കുറിപ്പുകള്‍ നന്നായിരിക്കുന്നു..

1:46 PM
Siju | സിജു said...
ഡ്രൈവര്‍ക്കും ഹോട്ടലിലുമെല്ലാം ടിപ്പ് കൊടുക്കുന്നതില്‍ തെറ്റുണ്ടോ
കൊടുക്കുന്നവന് അതൊരു ചെറിയ തുകയും കിട്ടുന്നവന് അതു വലുതുമായിരിക്കും

1:54 PM
ഏറനാടന്‍ said...
ഏതു വാരത്തിലേയും പോലെ ഈ വാരവും നിലവാരം നിലനിറുത്തി.

3:39 PM
കുട്ടന്മേനൊന്‍ | KM said...
പതിവുപോലെ ഈ ലക്കവും നന്നായി.

4:21 PM
Anonymous said...
ടാക്സിക്കാരനോട് കാശ ബാക്കി വെച്ചോളാന്‍ പറയുന്നത് നല്ലതല്ലേ?

6:08 PM
അഗ്രജന്‍ said...
സുല്‍: ‘ഡൊഡി’ തേങ്ങയ്ക്ക് നന്ദി :)

താര: വളരെ സന്തോഷം :)

സൂ: :)

ഇക്കാസ്: നന്ദി, തിരിച്ചും :)

ശ്രീജിത്ത്: സന്തോഷം :)

വിചാരം: ഇതെന്നെ ഒപ്പിക്കാന്‍ ഞാന്‍ പെടുന്ന പാട് :)

തറവാടി: ശരിയാണ് തറവാടി. ടിപ് കൊടുക്കുന്നവരില്‍ കൂടുതല്‍ പേരും അതിന്‍റെ ‘ദയ’ അല്ലെങ്കില്‍ ‘കാരുണ്യം’ എന്ന വശം നോക്കിയാണോ അത് കൊടുക്കുന്നതെന്നത് എന്‍റെ സംശയം. കീഴവഴക്കത്തിന്‍റെ പേരിലോ, അല്ലെങ്കില്‍ മാന്യതയ്ക്ക് വേണ്ടിയോ അല്ലേ അത് ചെയ്യുന്നത് എന്നതും എന്‍റെ സംശയം. തൊട്ടടുത്ത ചായക്കടയില്‍ നിന്നും വയറ് മുട്ടെ തിന്നാലും, പലവട്ടം സാമ്പാര്‍ ഒഴിപ്പിച്ച് വിശാലമായി ഭക്ഷിച്ചാലും ആരും ‘ടിപ്’ അവിടെ കൊടുക്കും എന്ന് എനിക്ക് തോന്നുന്നില്ല. അതേ സമയം തന്നെ തൊട്ടപ്പുറത്തെ ഏ. സി. റസ്റ്റോറന്‍റില്‍ കയറിയാല്‍ 10 രുപയക്ക് തിന്നലും 2 രൂപയെങ്കിലും ടിപ് കൊടുക്കും. അത് കൊണ്ട് ഇതൊക്കെ മാന്യതയ്ക്ക് വേണ്ടി തന്നെയല്ലേ എന്നതും എന്‍റെ സംശയം (ചിലരെങ്കിലും മറിച്ച് ചിന്തിക്കുന്നുണ്ടാവാം) - നന്ദി :)

പാര്‍വ്വതി: നന്ദി :)

സിജു: അതൊരു നല്ല കാര്യം തന്നെ സിജു. അതൊരു തെറ്റെന്നും പറഞ്ഞില്ല. പക്ഷെ, ടാക്സികാരന് ഞാന്‍ ‘ഗമ’ കാണിച്ച് കൊടുക്കുന്ന ആ 50 ഫില്‍സിന്‍റെ ചായയാണ് അവിടെ രണ്ട് പേര്‍ പകര്‍ന്നു കുടിയ്ക്കുന്നത് കണ്ടത്. അങ്ങിനെ നോക്കുമ്പോള്‍ (ഞാന്‍) ചെയ്യുന്നത് ദൂര്‍ത്ത് ആണെന്ന് തന്നെ എനിക്ക് തോന്നി. അഭിപ്രായം പങ്ക് വെച്ചതിന് നന്ദി :)

ഏറനാടന്‍: കമല്‍ അല്ല, ഫാസിലിന്‍റെ ആണ് ‘വിസ്മയതുമ്പത്ത്’ എന്ന് തിരുത്തി തന്നതിന് പ്രത്യേകം നന്ദി :)

കുട്ടമ്മേനോന്‍: നന്ദി :)

ഇഞ്ചി: സത്യം പറയാലോ, അത് നല്ലതാണ് എന്ന തോന്നലിലൊന്നും അല്ല (ഞാന്‍) അത് ചെയ്യുന്നത്. ഒന്നുകില്‍, അയാളത് ഒരു അവകാശമായി തരാതിരിക്കുന്നു, അല്ലെങ്കില്‍ അയാള്‍ ചില്ലറ തിരഞ്ഞെടുക്കുന്നത് വരെ കാത്ത് നില്‍ക്കാന്‍ എനിക്ക് സമയമില്ലാതെ വരുന്നു, അതുമല്ലെങ്കില്‍ അന്‍പത് ഫില്‍സ് വാങ്ങിക്കാനായി കാത്തിരിക്കാന്‍ എനിക്ക് ചമ്മലാവുന്നു. നല്ല ചിന്താഗതിയോടെ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും നല്ലത് തന്നെ. അഭിപ്രായം പങ്ക് വെച്ചതില്‍ സന്തോഷം - നന്ദി :)

വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

7:20 PM
തറവാടി said...
തൊട്ടടുത്ത ചായക്കടയില്‍ നിന്നും വയറ് മുട്ടെ തിന്നാലും, പലവട്ടം സാമ്പാര്‍ ഒഴിപ്പിച്ച് വിശാലമായി ഭക്ഷിച്ചാലും ആരും ‘ടിപ്’ അവിടെ കൊടുക്കും എന്ന് എനിക്ക് തോന്നുന്നില്ല.

നൂറ് ശതമാനം സത്യം

8:38 PM
വല്യമ്മായി said...
ഈ ലക്കം എനിയ്ക്ക് വളരെ ഇഷ്ടമായി,പെട്ടെന്ന് നാം മറക്കുന്ന ചെറിയ നൊമ്പരങ്ങള്‍ ഓര്മ്മപെടുത്തിയത് നന്നായി

9:13 PM
കലേഷ്‌ | kalesh said...
മുസ്തഫാ, ലംബാ പാനി ചായ നോവിക്കുന്നു....

11:14 AM
അഗ്രജന്‍ said...
This post has been removed by a blog administrator.
11:24 AM
അഗ്രജന്‍ said...
തറവാടി: ഒരിക്കല്‍ കൂടെ നന്ദി :)

വല്യമ്മായി: അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷം. നന്ദി :)

കലേഷ്: വായിച്ചതില്‍ സന്തോഷം - നന്ദി :)

11:25 AM
Sona said...
കഫ്ത്തിരിയയിലെ സംഭവം വയിച്ചപ്പോള്‍ വല്ലാത്ത ഒരു നൊബരം തോന്നി.

1:24 PM
ചക്കര said...
നല്ല കുറിപ്പുകള്‍..കഫെറ്റേരിയ :(

9:02 PM
അഗ്രജന്‍ said...
സോനാ, ചക്കര...

വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം - നന്ദി :)

11:54 AM
Anonymous said...
ചിത്രകാരന്‍ ഇതിലേ വഴിനടന്നിരിക്കുന്നു. കുടുംബം സുഖായിരിക്കട്ടെ !!!!

4:54 PM
Anonymous said...
ചായക്കടയിലെ സംഭവം ശ്രദ്ധിച്ചു... നന്നായിരിക്കുന്നു. പക്ഷെ അവര്‍ സന്തോഷപൂര്‍വം (നമ്മേക്കാള്‍ കൂടിയ അളവില്‍) ജീവിക്കുന്നുണ്ട്‌. പഠിക്കാനുള്ളത്‌ നമുക്കാണ്‌...!!

5:01 PM
മിന്നാമിനുങ്ങ്‌ said...
അഗ്രൂ...
അല്പം തിരക്കിലായതിനാല്‍ കാണാനും
വായിക്കാനും കുറച്ച് വൈകി.

അദ്ധ്വാനത്തിന്റെ യദാര്‍ത്ഥവില നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ലേബര്‍ക്യാമ്പുകളില്‍ അടിമകളെപ്പോലെ ജോലി ചെയ്യുന്ന തൊഴിലാളികളാണ്.
രക്തമൂറ്റി വിയര്‍പ്പാക്കി വിയര്‍പ്പുതുള്ളികളില്‍ കുടുംബത്തിന്റെ പരിരക്ഷണം ഉറപ്പുവരുത്തുന്ന നല്ലൊരു ശതമാനം തൊഴിലാളികള്‍ ഇന്ന് ലേബര്‍ക്യാമ്പുകളില്‍ നേരാംവണ്ണം ഭക്ഷണം പോലും കിട്ടാതെ,നന്നായൊന്നു ഉറങ്ങാന്‍ പോലുമാകാതെ കഴിച്ചുകൂട്ടുമ്പോള്‍ നാമൊക്കെ എതോ വലിയ സ്വര്‍ഗത്തിലാണെന്നു
തോന്നിപ്പോകും.ഒരു ലമ്പാപാനി ചാ‍യ രണ്ടായി പകുത്ത് കുടിച്ചും ചിലപ്പോള്‍ ചായ പോലും ഉപേക്ഷിച്ചും നാട്ടില്‍ തങ്ങളുടെ ഉറ്റവര്‍ക്ക് വേണ്ടി സ്വരുക്കൂട്ടുന്ന ഈ നാണയത്തുട്ടുകളിലൂടെ ഇവര്‍ നെയ്യുന്ന സ്വപ്നങ്ങള്‍ വര്‍ണ്ണാഭമാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

പാചൂന്റെ ലോകം എത്ര പെട്ടെന്നാണ് വളരുന്നത്,അല്ലെ അഗ്രൂ..മോള്‍ക്ക് സര്‍വൈശ്വര്യങ്ങളും വരട്ടെ.
അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

5:05 PM
അഗ്രജന്‍ said...
ആശംസകള്‍ക്ക് നന്ദി ചിത്രകാരാ... നന്മകള്‍ തിരിച്ചും നേരുന്നു :)

ചിത്രകാരാ... താങ്കള്‍ പറഞ്ഞത് എത്ര ശരി. ഉള്ളതിനേക്കാളും ആര്‍ഭാടം കാണിച്ച് ജീവിക്കുന്ന നമ്മള്‍ തന്നെയാണ് പഠിക്കേണ്ടവര്‍ അല്ലെങ്കില്‍ ഇനിയും പഠിക്കാത്തവര്‍... വളരെ നന്ദി അഭിപ്രായങ്ങള്‍ പങ്ക് വെച്ചതിന്.

മിന്നാമിനുങ്ങ്: നാട്ടില്‍ തങ്ങളുടെ ഉറ്റവര്‍ക്ക് വേണ്ടി സ്വരുക്കൂട്ടുന്ന ഈ നാണയത്തുട്ടുകളിലൂടെ ഇവര്‍ നെയ്യുന്ന സ്വപ്നങ്ങള്‍ വര്‍ണ്ണാഭമാകട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

പക്ഷെ... ആ തുട്ടുകളുടെ വില അതനുഭവിക്കുന്നവര്‍ മനസ്സിലാക്കതെ പോകുന്നു, പലപ്പോഴും.

അഭിപ്രായങ്ങള്‍ പങ്ക് വെച്ചതില്‍ സന്തോഷം.

താങ്കള്‍ക്ക് സുന്ദരമായ ഒരു അവധിക്കാലം ആശംസിക്കുന്നു :)

5:15 PM
ദിവാ (ദിവാസ്വപ്നം) said...
I really like your first paragraph, agrajaa. I wont say anything now, because I dont want to be emotional now.

keep writing

warm regards,

6:07 PM

qw_er_ty