Monday, May 7, 2007

ഇരുപത്തിയെട്ട്

അക്കരപ്പച്ച
ചാനലില്‍ വീണ്ടും കണ്ടു... റിക്രൂട്ടിംഗ് ഏജന്‍റിന്‍റെ വഞ്ചനയ്ക്ക് വിധേയരായ ഗള്‍ഫ് പ്രവാസികളുടെ ഒരു കൂട്ടം. ഏജന്‍റുമാരുടെ ചതികള്‍, സര്‍ക്കാരിന്‍റെ അലംഭാവം എന്നതിലെല്ലാമുപരി, വലിയൊരു തുക കണ്ണുമടച്ച് ഏജന്‍റിനു നല്‍‍കാന്‍, ദൃശ്യമാധ്യമങ്ങളും മറ്റും നിരന്തരം കുരുക്കുകളെ പറ്റി മുന്നറിയിപ്പ് നല്‍കുമ്പോഴും ആളുകള്‍ തയ്യാറാവുന്നു എന്നതെന്നെ ചിന്തിപ്പിക്കുന്നു.

ഗള്‍ഫെന്ന സ്വപ്നത്തിന് ഇന്നും മലയാളിക്ക് ഒട്ടും തന്നെ പുതുമ നഷ്ടപ്പെട്ടിട്ടില്ല. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞാലും സ്വന്തം കഴിവുകൊണ്ടും കഠിനാദ്ധ്വാനം കൊണ്ടും നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ ഇന്നും കഴിയുന്നു എന്നതും ഗള്‍ഫ് മണ്ണിനെ അന്നത്തിന് വക തേടുന്നവന്‍റെ സ്വപ്നഭൂമിയായി നിലനിറുത്തുന്ന ഒരു ഘടകമായിരിക്കാം.

ഒരു ലക്ഷമോ അതിലധികമോ ഏജന്‍റിനു നല്‍കി ഗള്‍ഫിലേക്ക് ചേക്കേറുന്നവരില്‍ ഭൂരിഭാഗം പേരും വളരെ കുറഞ്ഞ വേതനം ലഭിക്കുന്ന നിര്‍മ്മാണമേഖല പോലെയുള്ള ജോലികള്‍ക്കായാണ് പോകുന്നത്. പതിനായിരമോ പതിനയ്യായിരമോ ശമ്പളം എന്ന് കേള്‍ക്കുമ്പോള്‍ പ്രലോഭിക്കപ്പെടുക സ്വാഭാവീകം. പക്ഷെ, അതില്‍ നിന്നും താമസം, ഭക്ഷണം, വസ്ത്രം, നാട്ടില്‍ കുടുംബത്തിന്‍റെ ചിലവുകള്‍, പിന്നെ നാട്ടില്‍ പോക്ക് ഇതെല്ലാം കഴിഞ്ഞ് എന്തെങ്കിലും(!) സ്വരുക്കൂട്ടി വെച്ചാലും ഒരു പക്ഷെ വര്‍ഷങ്ങള്‍ എടുക്കുമായിരിക്കാം ഏജന്‍റിന് കൊടുത്ത തുക സമ്പാദിക്കാന്‍.

‘അക്കരപ്പച്ച’ കണ്ട് ഇറങ്ങിപ്പുറപ്പെട്ട പലരും ജീവിതവും സമ്പാദ്യവുമില്ലാതെ ‘ജീവിച്ചു‘ തീര്‍ക്കുകയാണ്. ഗള്‍‍ഫ് നാടുകളില്‍ നമ്മുടെ തൊഴിലാളികള്‍ പ്രകടിപ്പിക്കുന്ന കഠിനാദ്ധ്വാനം, അതവര്‍ക്ക് നാട്ടില്‍ 250 - 300 രൂപ ദിവസവേതനം നേടിത്തരുന്നുണ്ടെങ്കില്‍, അങ്ങിനെയുള്ള ആരും തന്നെ ഇവിടെ വന്ന് കഷ്ടപ്പെടല്ലേ എന്നേ ഞാന്‍ പറയൂ. നഷ്ടപ്പെടാനുള്ളത്‍ ഗള്‍ഫുകാരന്‍ എന്നൊരു പേരു മാത്രം, പക്ഷെ നഷ്ടപ്പെട്ടില്ലെന്ന് പറയാന്‍ ഒരു ജീവിതം ബാക്കി കാണും.

ആദര്‍ശങ്ങള്‍ അട്ടത്ത്
‘നല്ല പരിപാടിയാണ്, ഒരു തവണയെങ്കിലും കണ്ട് നോക്ക്...’ എന്ന നല്ലപാതിയുടെ അഭിപ്രായമാണ് അമൃത ചാനലിലെ ‘വനിതാലോകം’ എന്ന പരിപാടി കാണാന്‍ ഇടയാക്കിയത്. ചിലരുടെ കാട്ടിക്കൂട്ടലുകള്‍ ഒഴിച്ചു നിറുത്തിയാല്‍ സംഭവം കൊള്ളാം. കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത് കാരണം കലാപരമായ കഴിവുകള്‍ പലതും മാറ്റിവെച്ച സ്ത്രീകള്‍ക്ക് അവയെല്ലാം പൊടി തട്ടിയെടുക്കാന്‍ ഒരവസരം, ഒത്താല്‍ തരക്കേടില്ലാത്ത ഒരു സംഖ്യയും തടയും.

ഞാന്‍ ശ്രദ്ധിച്ച രസകരമായ കാര്യം... സിനിമാറ്റിക് ഡാന്‍സിനെതിരെ പ്രകടനം നയിച്ച ഒരാള്‍ തന്‍റെ ഭാര്യയുടെ സിനിമാറ്റിക് ഡാന്‍സ് കണ്ടാസ്വദിച്ച് അഭിപ്രായം പറഞ്ഞതായിരുന്നു. സ്വന്തം ആദര്‍ശങ്ങള്‍ക്ക് വേണ്ടി ഭാര്യയുടെ കഴിവുകളെ അവഗണിക്കാത്ത നല്ല ഒരു ഭര്‍ത്താവെന്ന അംഗീകാരമാണ് ജഡ്ജസ് അയാള്‍ക്ക് നല്‍കിയത്. പക്ഷെ, മനപ്പൂര്‍വ്വമോ അല്ലെങ്കില്‍ ഗതികേട് കൊണ്ടോ സ്വന്തം കാര്യങ്ങളില്‍ ആദര്‍ശങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന നല്ലൊരു വിഭാഗത്തിന്‍റെ പ്രതിനിധി മാത്രമായിരുന്നു എനിക്കയാള്‍.

വായന
“അന്നെത്രയെത്ര
ഇടങ്ങളായിരുന്നു
ഒളിച്ചിരിക്കാന്...”

‘ബൂലോക കവിത’ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച, ഭൂതാവിഷ്ടന്‍ എഴുതിയ ‘ഇടങ്ങള്‍‘ എന്ന കവിതയുടെ തുടക്കമാണീ വരികള്‍. ചെറിയ പേടികളെ വലുതായിക്കണ്ട് ഒളിച്ച്പതുങ്ങിയിരുന്ന ബാല്യവും, വലിയ പേടികളേയും നിസ്സാരമായി കാണേണ്ടി വരുന്ന ഇപ്പോഴത്തെ അവസ്ഥയും! ചെറുതെങ്കിലും ഒരുപാടോര്‍ക്കാന്‍ എനിക്കവസരം തന്നു ഭൂതാവിഷ്ടന്‍ തന്‍റെ വരികളിലൂടെ.

താത്പര്യമുള്ളവര്‍ക്ക് ‘ഇടങ്ങളി‘ലേക്ക് ഇതിലെ പോകാം.

അശരീരി
“നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യാനില്ലെങ്കില്‍, കല്ലുകളും ശവങ്ങളും നിങ്ങളും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്” - സ്വാമി വിവേകാനന്ദന്‍.

പാച്ചുവിന്‍റെ ലോകം
കഴിഞ്ഞ വാരാന്ത്യത്തില്‍ സുല്‍ കുടുംബവുമൊത്തുള്ളൊരു യാത്രയില്‍, സ്വാഭാവീകമായും ഞങ്ങള്‍ക്ക് സംസാരിക്കാനുണ്ടായിരുന്നത് ബ്ലോഗ് സംബന്ധിയായ വിഷയങ്ങള്‍ തന്നെയായിരുന്നു.

കുറേ നേരത്തെ ഞങ്ങളുടെ കത്തി കേട്ട പാച്ചു പിന്‍സീറ്റില്‍ നിന്നും ദയനീയമായി വിളിച്ചു പറഞ്ഞു...

‘ഇവരെന്താ പറേണ്... പാച്ചൂനൊന്നും മനസ്സിലാവണില്ലേയ്...’

33 comments:

അഗ്രജന്‍ said...

"ഇരുപത്തിയെട്ട്"

ആഴ്ചക്കുറിപ്പുകള്‍ പുതിയ ലക്കം.

ഉള്ളടക്കം
1) അക്കരപ്പച്ച
2) ആദര്‍ശങ്ങള്‍ അട്ടത്ത്
3) വായന
4) അശരീരി
5) പാച്ചുവിന്‍റെ ലോകം

ഞാന്‍ ഇരിങ്ങല്‍ said...

അഗ്രജന്‍ പതിവ് തിളക്കം കിട്ടിയില്ലെങ്കിലും ആനുകാലിക പ്രസക്തം എന്നു തന്നെ പറയാം.
‘വനിതാ രത്നം’ ഒരു മാര്‍ക്കറ്റിങ്ങ് തന്ത്രമാ‍ണെന്ന് നാമെന്നാണ് തിരിച്ചറിയുക.
ആടിയാല്‍, പാടിയാല്‍, പിന്നെ എന്തൊക്കെ വൃത്തികേടുകള്‍ കാണിച്ചാലാണ് ഒന്ന് രത്നമായി തീരുക. എന്‍റെ ദൈവമേ...

വായന: കൂടുതല്‍ വിവണങ്ങള്‍, കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു. താങ്കള്‍ക്ക് എന്തു കൊണ്ട് ഇത് നന്നായി എന്ന് തോന്നി എന്നെങ്കിലും എഴുതിയാല്‍ ഉചിതമായേനെ..

Kiranz..!! said...

കൃത്യതയോടെ ഇങ്ങനെയെഴുതാനുള്ള ഈ ശ്രമം ഇഷ്ടമായി അഗ്രൂസേ..!,ഒരഞ്ചുവര്‍ഷം കഴിഞ്ഞൊന്നു ആര്‍ക്കൈവ്സ് തിരയുമ്പോളേ അതിന്റെ ഒരു സുഖം കിട്ടൂ..!

ഏറനാടന്‍ said...

'ഇരുപത്തിയെട്ട്‌' തിളക്കമുള്ള 28 പല്ലുകള്‍ പോലെ മിന്നിത്തിളങ്ങുന്നത്‌ അല്‍പം മങ്ങിയോ എന്നൊരു സംശയം. ന്നാലും ബൂലോഗ വാരക്കുറിപ്പുകള്‍ വായിക്കാനും എല്ലാ ഇതേ ദിവസവും പ്രതീക്ഷിക്കുന്നതുമാകുന്നു.

Satheesh :: സതീഷ് said...
This comment has been removed by the author.
Satheesh :: സതീഷ് said...

ബല്യ ബല്യ സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയിട്ടൊന്നുമല്ല ഇന്നത്തെ മലയാളി ഗള്‍ഫിലേക്ക് പോകുന്നത്. നാട്ടില്‍ വേറെ നില്‍ക്കക്കള്ളിയില്ലാതാവുമ്പം പിന്നെ എന്താ ചെയ്യുക? നാട്ടില്‍ ഒരു ചെറിയ ബിസിനസ്സ് നടത്തുന്ന എന്റെ ഒരു സുഹൃത്ത് ഇതിനിടെ ഒരു സെയില്‍‌സ് റെപ് ജോലിക്ക് ആളെ വേണമെന്ന് ഒരു ലോക്കല്‍ പത്രത്തില്‍ പരസ്യം കൊടുത്തു. മിനിമം യോഗ്യത Pre Degree. കിട്ടിയ അപേക്ഷകരില്‍ രണ്ടക്കത്തില്‍ കുറയാതെ ഉണ്ടായിരുന്നത്രേ Engineering Graduates!!! അപ്പോപ്പിന്നെ ബാക്കി പറയേണ്ടല്ലോ!
“ഇല്ലാത്തവന്റെ പൂജാമുറിയില്‍ ഇരിക്കുന്നതിനേക്കാള്‍ നല്ലതാണ്‍ ഉള്ളവന്റെ കുപ്പത്തൊട്ടിയില്‍ ഇരിക്കുന്നത്’ന്ന് പണ്ട് മാഷ് പറഞ്ഞുതരാറുണ്ട്!

Manu said...

പച്ചയായ യാഥാര്‍ഥ്യങ്ങള്‍ തന്നെ എല്ലാം... ആ ഭര്‍ത്താവിനെ ഓര്‍ത്ത് സഹതാപമുണ്ട് എനിക്കും.. പക്ഷേ ഇന്നു രണ്‍റ്റുകൊന്‍പില്‍ ജീവിക്കുന്നവരാണ് ഇണകളെന്നു പറയുന്നതല്ലേ ഫാഷന്‍ ?

പാച്ചുവിനൊരു ബ്ലോഗ് തുടങ്ങാന്‍ കാലമായീട്ടോ...

വക്കാരിമഷ്‌ടാ said...

പതിവുപോലെ ചെറുതെങ്കിലും പതിവുപോലെ മനോഹരം, അഗ്രജനഗ്രഗണ്യാ

പാച്ചുവിനെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലോ :)

ദേവന്‍ said...

സിനിമയുടെ പാട്ടിനൊത്ത് ഡാന്‍സിന്റെ ലോജിക്ക് എനിക്കങ്ങോട്ട് ഇതുവരെ കത്തിയിട്ടില്ല. ഇനി നമ്മുടെ ഭാഷയില്‍ നല്ല പോപ് മ്യൂസിക്ക് ഇല്ലാഞ്ഞാവുമോ?

ഒരാളെ കാണാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോള്‍ ഒരു മലയാളം ടീവി ചാനെലിന്റെ ക്യാമറ കണ്ട് പോയി എന്താ നടക്കണേന്ന് നോക്കി.

അഞ്ചാറു വയസ്സുള്ള രണ്ട് കുട്ടികളുടെ ഡാന്‍സ് ഷൂട്ട് ചെയ്യുന്നു. പാട്ട് "മന്മഥ റാസാ, മന്മഥ റാസാ, കന്നി മനസ്സേ കിള്ളാതെ... കണ്ണിലെ ലേസാ കണ്ണിലെ ലേസാ എന്നെ കണക്കു പണ്ണാതെ... പച്ച ഉട്മ്പിലേ ഉച്ചി ഞരമ്പിലെ കിച്ച് കിച്ച് കിച്ച് മോതാതെ..”
പത്തിരുനൂറുപേര്‍ കൂടി നിന്ന് കയ്യടിക്കുന്നു. എന്തു കണ്ടിട്ടാണാവോ. കുട്ടികള്‍ക്കറിയില്ല അവരെന്താണു പറയുന്നതെന്ന്, പക്ഷേ അത് പഠിപ്പിച്ചുകൊടുത്ത മാതാപിതാക്കള്‍ക്കറിയില്ലേ?

SAJAN | സാജന്‍ said...

അഗ്രൂ.. ഈ ചാനലിലെ സംഭവങ്ങള്‍പരിചയമില്ലത്തതു കൊണ്ട് അതൊന്നും മനസ്സിലായില്ല.. എന്റെ കാഴ്ച പ്പാടില്‍ സുല്ലിനിട്ട നല്ല പെട കൊടുത്ത പാച്ചു തന്നെ വീണ്ടും താരം...:)
പാചൂ.. യൂ കീപ് ഇറ്റ് അപ് (അല്ലേലും ഈ സുല്ലങ്കിള്‍ എന്തു പറഞ്ഞാലും അങനെയാ മോളെ)

കരീം മാഷ്‌ said...

ഇരുപത്തെട്ടു പെട്ടന്നു തീര്‍ന്നപോലെ! തീരെ ചെറുതായപോലെ (വായിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നതു കൊണ്ടാവാം)
ഗള്‍ഫെന്ന തീയിലേക്കു പാറി വരുന്ന ഈയാം പാറ്റകള്‍ മനസ്സു വിഷമിപ്പിക്കാറുണ്ട്. വ്യാഴാഴ്‌ച റോള സ്കയറില്‍ തടിച്ചു കൂടുന്ന ശരാശരി സൌകര്യങ്ങള്‍ക്കും താഴെ ജീവിക്കുന്ന പാവപ്പെട്ട തൊഴിലാളികളെ കാണുമ്പോള്‍ ഇവരൊന്നും മലയാളം ടെലിവിഷനില്‍ ഗള്‍ഫ്‌ വിസ്മയങ്ങള്‍ എന്ന ഭ്രമിപ്പിക്കുന്ന തിളക്കത്തിനിടയില്‍ ഒഴിവാക്കുകയും എഡിറ്റു ചെയ്തു മാറ്റുകയും ചെയ്യുന്ന ഉപരിവര്‍ഗ്ഗത്തിന്റെ ജാടയോര്‍ത്തു ലജ്ജ തോന്നറും ഉണ്ട്.
ആഴ്ച‘വെട്ട‘ത്തിന്നാശംസകള്‍

കരീം മാഷ്‌ said...

ഇരുപത്തെട്ടു പെട്ടന്നു തീര്‍ന്നപോലെ! തീരെ ചെറുതായപോലെ (വായിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നതു കൊണ്ടാവാം)
ഗള്‍ഫെന്ന തീയിലേക്കു പാറി വരുന്ന ഈയാം പാറ്റകള്‍ മനസ്സു വിഷമിപ്പിക്കാറുണ്ട്. വ്യാഴാഴ്‌ച റോള സ്കയറില്‍ തടിച്ചു കൂടുന്ന ശരാശരി സൌകര്യങ്ങള്‍ക്കും താഴെ ജീവിക്കുന്ന പാവപ്പെട്ട തൊഴിലാളികളെ കാണുമ്പോള്‍ ഇവരൊന്നും മലയാളം ടെലിവിഷനില്‍ ഗള്‍ഫ്‌ വിസ്മയങ്ങള്‍ എന്ന ഭ്രമിപ്പിക്കുന്ന തിളക്കത്തിനിടയില്‍ ഒഴിവാക്കുകയും എഡിറ്റു ചെയ്തു മാറ്റുകയും ചെയ്യുന്ന ഉപരിവര്‍ഗ്ഗത്തിന്റെ ജാടയോര്‍ത്തു ലജ്ജ തോന്നാറും ഉണ്ട്.
ആഴ്ച‘വെട്ട‘ത്തിന്നാശംസകള്‍

appu said...

അഗ്രൂ..... സാധാരണക്കാരായ മലയാളികളുടെ ഗള്‍ഫ് സ്വപ്നങ്ങള്‍ക്ക് മറ്റൊരു മറുവശം നാട്ടില്‍ ഈയിടെ കാണാറുണ്ട്. തമിഴ് നാട്ടില്‍നിന്നും, ബീഹാറില്‍ നിന്നുമൊക്കെ കേരളത്തില്‍ പണിചെയ്യനെത്തുന്നവര്‍..അവരുടെ ഗള്‍ഫാണ് ഇന്ന് കേരളം. ദിറംസില്‍ കിട്ടുന്ന വരുമാനം, ഇന്ത്യന്‍ രൂപയില്‍ കേള്‍ക്കുമ്പോളുള്ള പ്രതീക്ഷയാണ് പലരേയും ഇവിടേക്ക് വരാന്‍ പ്രേരിപ്പിക്കുന്നത്. പലരും ഇവിടെ വരുന്നതിനു മുമ്പ്, വരുമാനം പതിനായിരം, പതിനയ്യായിരം എന്നൊക്കെ മനസ്സില്‍ കൂട്ടിയിട്ട്, ചെലവ് ഇന്ത്യന്‍ രീതിയില്‍ ആയിരമോ രണ്ടായിരമോ എന്നൊക്കെയാണ് മനസ്സില്‍കൂട്ടുക. വന്നുകഴിയുമ്പോഴല്ലേ തനിനിറം വ്യക്തമാകുന്നത്?

വേണു venu said...

പതിവുപോലെ നന്നു്. പാച്ചു പറഞ്ഞതും രസിച്ചു.:)

Sul | സുല്‍ said...

അഗ്രജ് ഈ ലക്കവും നന്നായി കേട്ടോ.
കിരണ്‍ പറഞ്ഞതാ അതിന്റെ കാര്യം. കുറെ കാലം കഴിയുമ്പോഴേ ഈ എഴുതുന്നതിന്റെ മൂല്യം നമ്മല്‍ മനസ്സിലാക്കുകയുള്ളു.
പാച്ചൂ നീ മിടുക്കിതന്നെ. (ഒരു വാചകം കൊണ്ട് രണ്ടു പോസ്റ്റുകളില്‍ കയറിക്കൂടിയില്ലേ :))
-സുല്‍

തമനു said...

വളരെ ശക്തമായി അഗ്രജാ ഇത്തവണത്തെ ആഴ്ചക്കുറിപ്പുകള്‍.

എല്ലാ ഭാഗങ്ങളും വളരെ നന്നായി.

::സിയ↔Ziya said...

വളരെ മികച്ച കുറിപ്പായിരുന്നു ഇത്തവണത്തേത്...
അഗ്രജന്റെ സാമൂഹ്യ പ്രതിബദ്ധത തുടിച്ചു നില്‍ക്കുന്ന വരികള്‍....
ഇന്നത്തെ വാചകം: നഷ്ടപ്പെടാനുള്ളത്‍ ഗള്‍ഫുകാരന്‍ എന്നൊരു പേരു മാത്രം, പക്ഷെ നഷ്ടപ്പെട്ടില്ലെന്ന് പറയാന്‍ ഒരു ജീവിതം ബാക്കി കാണും.

Siju | സിജു said...

നന്ന്

qw_er_ty

സുനീഷ് തോമസ് said...

വനിതാ ലോകം തറപ്പരിപാടി തന്നെ. അക്കരയും ഇക്കരയും അക്കാര്യത്തില്‍ സംശയമില്ല!!

വിഷ്ണു പ്രസാദ് said...

ആഴ്ച്ചക്കുറിപ്പുകള്‍ ഇങ്ങനെ തുടരാനാവുന്നതിന് ഒരഭിനന്ദനം...

കുട്ടന്മേനൊന്‍::KM said...

ഇത്തവണയും ആഴ്ചക്കുറിപ്പ് നന്നായി.
ഇടത്തരക്കാരന്‍ ഇന്നും സ്വപ്നം കാണുന്നത് ഗള്‍ഫുതന്നെ. ഏജന്റിനുകൊടുക്കുന്ന പൈസ നാലും അഞ്ചും വര്‍ഷം പണിയെടുത്താണ് പലരും വീട്ടുന്നതു.
പാച്ചുവിന്റെ ലോകവും നന്നായി.

sandoz said...

ഉം...കൊള്ളാം.....
സുല്ലിന്റെ ഒപ്പം കൂടി അല്ലേ...അപ്പോള്‍ ബ്ലോഗിലെ ആസ്ഥാന ഫോട്ടോഗ്രഫേര്‍സ്‌ ഒരു മീറ്റ്‌ നടത്തി എന്നര്‍ഥം.
അഗ്രൂ...കഥാപ്രസംഗം മറക്കണ്ടാ....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
അപ്പോള്‍ നല്ലപാതി നിര്‍ബദ്ധിച്ചാല്‍ വനിതാലോകോം കാണാനിരിക്കും അല്ലേ..

റിമോട്ട് കയ്യീന്നു പോയാലുള്ള ഒരു ഗതികേടേ...

“ ദയനീയമായി വിളിച്ചു പറഞ്ഞു...”

ദയനീയമായി അലറി വിളിച്ചു എന്ന് തിരുത്തുന്നു. പാവം പാച്ചു.

പാച്ചൂ അവിടെ ചെവീലു വയ്ക്കാന്‍ പാട്ടുകേക്കണ കുന്ത്രാണ്ടമൊന്നും ഉപ്പ വാങ്ങിത്തന്നില്ലേ?

ഇത്തിരിവെട്ടം|Ithiri said...

അല്ലെങ്കിലും അക്കരപ്പച്ച മനുഷ്യന്റെ കൂടെപ്പിറപ്പല്ലേ... അത് ഇക്കാര്യത്തില്‍ മാത്രമല്ല. ഇവിടെയെത്തിയാല്‍ നാടാണ് സുഖം എന്നും അങ്ങനെ ഉള്ള ജോലി റിസൈന്‍ ചെയ്ത് നാട്ടിലെത്തിയാല്‍ ആറുമാസം തീരും മുമ്പേ ഇവിടെ തന്നെയേ നമുക്ക് നടക്കൂ എന്ന് തീരുമാനിച്ച് വീണ്ടും വിസക്ക് ശ്രമിക്കുകയും ചെയ്യുന്ന ഒത്തിരി പേരെ ഞാന്‍ കണ്ടിട്ടുണ്ട്... രണ്ടും ഒരേ നണയത്തിന്റെ രണ്ടു വശങ്ങളല്ലേ... ഗള്‍ഫ് കാണാത്തവര്‍ മാത്രമല്ല ഒരിക്കല്‍ കണ്ടവരും ഈ മായ ലോകത്തില്‍ ആകൃഷ്ടരാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണങ്ങള്‍ പലതാവാം.

സിനിമയുടെ പാട്ടിനൊത്ത് ഡാന്‍സിന്റെ ലോജിക്ക് എനിക്കങ്ങോട്ട് ഇതുവരെ കത്തിയിട്ടില്ല. എന്ന ദേവേട്ടന്റെ വാചകത്തോടൊപ്പം ‘എനിക്കും‘ എന്ന് കൂട്ടിചേര്‍ക്കുന്നു.

മനുഷ്യാ നിനക്ക് പക്ഷിയേപ്പോലെ ആകാശത്തൂടെ പറക്കാനാവുന്നു. മത്സ്യത്തേപ്പോലെ വെള്ളത്തില്‍ ഊളിയിടാനാവുന്നു... പക്ഷേ കഷ്ടം; മനുഷ്യനെ പോലെ ഭൂമിയില്‍ നടക്കാനാവുന്നില്ലല്ലോ എന്ന സ്വാമി വിവേകാന്ദന്റെ ആധി അശരീരിയോടൊപ്പം ഞാന്‍ ചേര്‍ത്ത് വെക്കുന്നു.

പാച്ചു മിടുക്കിയാവട്ടേ...

അഗ്രജാ ആഴ്ചക്കുറിപ്പുകള്‍ നന്നായിരിക്കുന്നു; ഈ ലക്കവും.

വല്യമ്മായി said...

ഉള്ളടക്കത്തിന്റെ ഗാംഭീര്യം കൊണ്ട് ശ്രദ്ധ നേടേണ്ട ഒരു ലക്കം കൂടി. ഇനിയും സമൂഹശ്രദ്ധയാകര്‍ഷിക്കേണ്ട വിഷയങ്ങള്‍ ആഴ്ചകുറിപ്പുലൂടെ വെളിച്ചത്ത് കൊണ്ടു വരാന്‍ താങ്കളുടെ തൂലികയ്ക്ക് കഴിയട്ടെ.

തറവാടി said...

ഏറ്റവും എളുപ്പമായ കാര്യം :
മറ്റുള്ളവരെ ഉപദേശിക്കല്‍ , അഗ്രജാ ,
കൂടുതല്‍ വിവരിക്കേണ്ടല്ലോ അല്ലെ?

, ഇവിടെ പണിയെടുക്കുന്ന ഒരു സാധാരണക്കാരനില്‍ സാധാരണക്കാരന്‌ ,
" ഡാ , ആകെ പ്രശ്നമാടാ , ഒരു ലക്ഷം രൂപ തരപ്പെടുത്താനെതാവഴി"

എന്നു ചോദിക്കുമ്പോള്‍ :

" ജ്ജ് ബേജാറാവണ്ടെടാ , എന്തെങ്കിലും വഴികാണാതിരിക്കുമോ?"

എന്ന ഒരു പ്രതീക്ഷതരാന്‍ കഴിയും ,

നാട്ടിലെ,

എത്ര കൊലകൊമ്പന്‍മാര്ക്ക് പറ്റും ഇത്തരം ഒരു പ്രതീക്ഷതരാന്‍?

അപ്പോ അതാണ്‌ "ദുഫായിക്കാരനും" , (ഒരമേരിക്കന്‍ ബൂലോക പുലിയോട് കടപ്പാട്‌)
മറ്റുള്ളവരും തമ്മിലുള്ളാ വ്യത്യാസം,

അപ്പോ അങ്ങിനെ ഒരു പ്രതീക്ഷതരാനെങ്കിലും ഓലൊക്കെ ങ്ങോട്ട് ബരട്ടെ ന്‍റ്റെ അഗ്രജാ , അനെക്കെന്തിനാണിത്ര ബെഷമം?

പിന്നെ ,

ആദര്‍ശത്തിന്‍കാര്യം

" നോ കമന്‍സ്"

വിവേകാനദന്‍റ്റെ വാക്കുകള്‍ കേട്ട് എനിക്കു കോരിത്തരിച്ചു


പ്രിയ അഗ്രജന്‍,

മേലെയുള്ളതൊക്കെ എന്‍റ്റെ ചിന്തകള്‍, ഇതൊക്കെയാണെങ്കിലും ,
മുടങ്ങാതെയുള്ള ,

എഴുത്തില്‍ കാമ്പുള്ളതുള്ക്കൊള്ളിക്കുമ്പോള്‍

സന്തോഷം തോന്നുന്നു

പൊതുവാള് said...

ആഗ്രൂ,
നന്നായിട്ടുണ്ട്.

‘നഷ്ടപ്പെടാനുള്ളത്‍ ഗള്‍ഫുകാരന്‍ എന്നൊരു പേരു മാത്രം, പക്ഷെ നഷ്ടപ്പെട്ടില്ലെന്ന് പറയാന്‍ ഒരു ജീവിതം ബാക്കി കാണും.‘
ഇതുതന്നെയാണെന്റെയും അഭിപ്രായം.

നല്ല പാതി പറയുമ്പോള്‍ വനിതാലോ‍കം കാണാന്‍ തുനിഞ്ഞ അഗ്രുവിന്റെ സ്ഥിതി തന്നെയായിരിക്കും സിനിമാറ്റിക് ഡാന്‍സിന് കൈയടിക്കുമ്പോള്‍ ആ ഭര്‍ത്താവിനും ഉണ്ടായിരിക്കുക.

പാച്ചുവേ;)

ഞാന്‍ ഇരിങ്ങല്‍ said...

ഈ ‘ദുഫായി’ ക്കര്‍ക്കെന്താ കൊമ്പുണ്ടോ..?
തറവാടീ ആരാണീ അമേരിക്കന്‍ ബൂലോക ‘പുലി’? എനിക്കറിയാം എനിക്കറിയാം....

ബിന്ദു said...

പാച്ചുവിന്റെ ഡയലോഗുകളാണ് എനിക്കേറ്റവും ഇഷ്ടം. :)

അഗ്രജന്‍ said...

ആഴ്ചക്കുറിപ്പുകള്‍ വായിച്ച അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

ഞാന്‍ ഇരിങ്ങല്‍ : അഭിപ്രായങ്ങള്‍ക്ക് നന്ദി :)
വായന - എന്‍റെ പരിമിതികളെ പറ്റി നല്ല ബോധമുള്ളത് കൊണ്ട്, അതൊരു നിരൂപണത്തിന്‍റെ തലത്തില്‍ കൈകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കിഷ്ടമായ, എന്നാല്‍ അധികം പേര്‍ കാണാത്ത രചനകളെപറ്റി ഒരു ചെറിയ കുറിപ്പ് അല്ലെങ്കില്‍ പരിചയപ്പെടുത്തല്‍ - അത്രയേ ഉദ്ദേശിക്കുന്നുള്ളൂ :)

Kiranz: ഹഹഹ 5 വര്‍ഷം അതാലോചിച്ചിട്ടെനിക്ക് ചിരി വരുന്നു :)

ഏറനാടന്‍ : അത് സംശയമൊന്നുമല്ല - ശരി തന്നേയാണ് :)

Satheesh :: സതീഷ് : വിസക്ക് നല്ലൊരു സംഖ്യ കൊടുത്ത്, ചെറിയ വേതനമുള്ള ജോലിക്കായി വരുന്നവരേയാണ് ഞാന്‍ ഉദ്ദേശിച്ചത്... ആ തുക കൊണ്ട് ചെറിയ തോതില്‍ പച്ചക്കറി കച്ചവടം ചെയ്ത് ജീവിച്ചാല്‍ അതായിരിക്കും തമ്മില്‍ ഭേദം എന്ന് തോന്നുന്നു.

അഭിപ്രായത്തിന് നന്ദി സതീശ് :)

Manu: ഇന്നു രണ്‍റ്റുകൊന്‍പില്‍ ജീവിക്കുന്നവരാണ് ഇണകളെന്നു പറയുന്നതല്ലേ ഫാഷന്‍ - ശരി തന്നെ മനു.

അഭിപ്രായങ്ങള്‍ നന്ദി മനു :)

വക്കാരിമഷ്‌ടാ : നന്ദിയിഷ്ടാ :)

ദേവന്‍ : ചില മാതാപിതാക്കളെങ്കിലും നോക്കുന്നത് വാക്കുകളുടെ അര്‍ത്ഥമല്ല ഭാവിയില്‍ നേടാവുന്ന ‘അര്‍ത്ഥ’മാണ് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും... അതിനവര്‍ മക്കളെകൊണ്ട് എന്തും ചെയ്യിക്കും.

SAJAN | സാജന്‍ : നന്ദി സാജാ...
സാജനപ്പോ കുറഞ്ഞ കാലം കൊണ്ട് സuല്ലിനെ (അവന്‍റെ ഫില്‍ട്ടറിനെ പറ്റിക്കാനാ)മനസ്സിലായല്ലേ :)

കരീം മാഷ്‌ : മാഷെ, അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി :)

appu : വളരെ ശരിയാണ് അപ്പു പറഞ്ഞത് - നന്ദി :)

വേണു venu : നന്ദി വേണുജി :)

Sഉl | സuല്‍ : നന്ദിടാ... പാച്ചുവിന്‍റെ ഡയലോഗുകള്‍ കോപ്പീറൈറ്റുള്ളതാ - മറക്കേണ്ട :)

തമനു : നന്ദി തമനു, ഈ പ്രോത്സാഹനത്തിന് :)

എന്തു പറ്റി, ഇങ്ങനെ പക്കാ ഡീസന്‍റാവാന്‍ അതും ഒരു ഓ.ടോ. പോലുമില്ലാതെ :)

::സിയ↔Ziya : വളരെ നന്ദി ഈ നല്ല വാകുകള്‍ക്ക് :)

Siju | സിജു : നന്ദി സിജു :)

സുനീഷ് തോമസ് : അഭിപ്രായത്തിന് നന്ദി സുനീഷ് :)

വിഷ്ണു പ്രസാദ് : അഭിനന്ദനത്തിന് നന്ദി മാഷെ :)

കുട്ടന്മേനൊന്‍::KM : നന്ദി മേന്ന്നേ :)

sandoz : ഹഹഹ് ആ’സ്ഥന’ ഫോട്ടോഗ്രാഫര്‍മാര്‍ കൊള്ളാം നല്ല പ്രയോഗം :)

കുട്ടിച്ചാത്തന്‍ : അങ്ങനെ കാണില്ല എന്നുള്ള മസിലുപിടുത്തമൊന്നും നമ്മക്കില്ലിഷ്ടാ :)

ഇത്തിരിവെട്ടം|Ithiri : ഇത്തിരി പറഞ്ഞതും അതിന്‍റെ മറ്റൊരു വശമാണ് - നന്ദി അഭിപ്രായങ്ങള്‍ പങ്ക് വെച്ചതിന് പിന്നെ ആ ആധി ഇവിടെ ചേര്‍ത്തു വെച്ചതിന് (ഇത്തിരിക്ക് മിനിമം 3 പേജ് കഥയ്ക്കുള്ള ഒരു ത്രെഡാണത് :)

വല്യമ്മായി : ഈ നല്ല അഭിപ്രായങ്ങള്‍ക്കും ആശീര്‍വാദങ്ങള്‍ക്കും നന്ദി :)

തറവാടി : ആഴ്ചക്കുറിപ്പുകള്‍ ഒരുപദേശമായി എടുക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ അത് ചെയ്യേണ്ടതാണെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു :)

താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു... പക്ഷെ അത്, പിറന്ന നാടിന്‍റെ മടിത്തട്ടില്‍ നിന്നകന്ന് പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയ പ്രവാസിയുടെ (ദുബായിക്കാരന്‍റെയല്ല) ഒരു മാനസീകാവസ്ഥയായിരിക്കാം ആ നിലപാട്, അതും എല്ലാവരും അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. തിരിച്ച്, നാട്ടിലും കാണും ഒത്തിരിപേര്‍ അങ്ങിനെയുള്ളവര്‍... താങ്കളുടെ ‘കാണാക്കരത്തിലെ’ കഥാപാത്രം പോലുള്ളവര്‍.

പിന്നെ ഒരാളെ പോലും ഗള്‍ഫില്‍ വരുന്നതിനെ ഞാന്‍ നിരുത്സാഹപ്പെടുത്തില്ല... ദൈവം സഹായിച്ച് ഇവിടെ വന്നത് കൊണ്ട് തന്നെയാണ് എനിക്കും ഒരു നല്ല ജീവിതം കരുപ്പിടിപ്പിക്കാനായത്. പക്ഷെ, വിറ്റും പൊറുക്കിയും കാശ് കൊടുത്ത് അതും വരുമാനം വളരെ കുറഞ്ഞ ജോലിക്കായി വരുന്നവര്‍ ഒന്നു കൂടെ നന്നായി ആലോചിക്കണം എന്നേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ.

അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി :)

പൊതുവാള് : ഹഹ പൊതുവാളേ... ഞാനങ്ങനെ ചുമ്മാ മസിലു പിടിക്കുന്ന കൂട്ടത്തിലൊന്നുമല്ല... വനിതാ ലോകം കാണില്ലെന്നൊന്നും എനിക്കില്ല... പക്ഷെ എതിര്‍ത്ത് ജാഥ നയിച്ച ആള്‍ സ്വന്തം കാര്യത്തില്‍ അതുമായി സഹകരിക്കുന്നത് കണ്ടപ്പോള്‍ തോന്നിയ എന്തോ ഒരിത്... ആഴ്ചക്കുറിപ്പിന് വിഷയം തപ്പിനടക്കുന്ന എന്നെ അത് ഹൃദായാകര്‍ഷിച്ചു - സ്വാഭാവീകം - ആരാന്‍റമ്മാക്ക് പ്രാന്തായാല്‍... എന്നല്ലേ :)

നന്ദി :)

ബിന്ദു : നന്ദി :)

ആവനാഴി said...

പ്രിയ അഗ്രജാ,

ആഴ്ചക്കുറിപ്പുകള്‍ ഇന്നാണു വായിക്കാനൊത്തത്. നല്ല ഒഴുക്കുള്ള എഴുത്ത്. ആനുകാലികപ്രാധാന്യമുള്ള കാര്യങ്ങളും പ്രദിപാദിച്ചിരിക്കുന്നു.
നന്നായിരിക്കുന്നു.
വീണ്ടും തുടരൂ.

സസ്നേഹം
ആവനാഴി

:: niKk | നിക്ക് :: said...

‘ഇവരെന്താ പറേണ്... പാച്ചൂനൊന്നും മനസ്സിലാവണില്ലേയ്...’

എനിക്കും !

കരീം മാഷ്‌ said...

ആഴ്ചക്കുറിപ്പുകള്‍ പുതിയ ലക്കം?.