Monday, January 28, 2008

ആഴ്ചക്കുറിപ്പുകള്‍ 51

നാളെയാണ്... നാളെയാണോ... നാളെയാവാം:
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ റാഫിള്‍ ടിക്കറ്റില്‍ എന്നെക്കൊണ്ട് ഷെയറെടുപ്പിക്കാനായി എന്‍റെ സഹപ്രവര്‍ത്തകന്‍ പരമാവധി ശ്രമിച്ച് നോക്കിയെങ്കിലും ഞാന്‍ ആ പ്രലോഭനത്തെ അതിജീവിച്ചു. മിക്കയിടങ്ങളിലും കുടയും മേശയും വെച്ചിരിക്കുന്ന പോസ്റ്റ് കാര്‍ഡ് മില്യനെയര്‍ വില്പനക്കാരും ചിലപ്പോഴെന്‍റെ മനസ്സിളക്കാറുണ്ട്. ഇരുപത് ദിര്‍ഹംസല്ലേ... അവര്‍ക്കൊരു ബിസിനസ്സ് ആയ്ക്കോട്ടെ എന്നൊക്കെ കരുതുമെങ്കിലും സംഗതി ഭാഗ്യം പരീക്ഷിക്കാനുള്ള ആഗ്രഹം തന്നെ... എന്നിരുന്നാലും വാങ്ങിക്കാറില്ല. കഷ്ടകാലം പാണ്ടിലോറി കേറിയാണെങ്കിലും വരുമെന്നപോലെ ഭാഗ്യം കനിയാന്‍ സമയമായിട്ടുണ്ടെങ്കില്‍ ആരെങ്കിലും ഒരു റാഫിള്‍ ടിക്കറ്റ് വെറുതെ തരും എന്ന് ചിന്തിക്കുന്നതിന് കാശ് ചിലവൊന്നുമില്ലല്ലോ അല്ലേ!

ഇഷ്ടക്കേടുകള്‍:
‘എന്തായി വണ്ടിയുടെ കാര്യം...’
സുഹൃത്തിന് കമ്പനി വാങ്ങിച്ച് കൊടുക്കാന്‍ പോകുന്ന പുതിയ വണ്ടിയുടെ കാര്യം തിരക്കിയതായിരുന്നു ഞാന്‍. സുഹൃത്ത് വണ്ടിയുടെ കാര്യത്തിലുള്ള ഇഷ്ടക്കേട് പങ്കെവെച്ചു.

‘അവര് ടൊയോട്ട - യാരിസാ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്...’
‘.......’
‘ഓ എനിക്കതാണേല്‍ വേണ്ട... ഞാന്‍ ബോസ്സിനോട് പറയാന്‍ പോവ്വാ...’
‘.......’
‘പന്ന വണ്ടി, അതിന്‍റെ ബാക്കും ഇന്‍റേരിയറും ഒക്കെ ഒരുമാതിരി...’
‘.......’
‘അറ്റ് ലീസ്റ്റ് ഹോണ്ട സിറ്റിക്കെങ്കിലും ഓര്‍ഡര്‍ കൊടുത്താല്‍ മതിയായിരുന്നു.

രണ്ട് ദിവസത്തിന് ശേഷം
‘.......’
‘ആ ഇന്ന് ഇന്‍വോയിസെല്ലാം കൊടുത്ത്... കോപ്പ് അതുതന്നെ...’

കുറച്ച് ദിവസം കഴിഞ്ഞ്
‘.......’
‘യാരിസ് അത്ര മോശമൊന്നുമല്ലാ ല്ലേ...’
‘.......’
‘ചെറുതാണെങ്കിലും നല്ല ഷേപ്പാണല്ലേ...’

അപ്പോള്‍ ഞാനോര്‍ത്തത് ചില നാടന്‍ വിശേഷങ്ങളായിരുന്നു.

‘ആ കൊച്ചിനെ എനിക്കിഷ്ടമായില്ല...’
‘.......’
‘കറുത്ത നിറോം, പിന്നെ വിദ്യാഭ്യാസോം കൊറവ്...’
‘.......’
‘പൊക്കത്തിന്‍റെ കാര്യത്തിലും പോരാ...’

പിന്നീട്...
‘.......’
‘എനിക്ക് വയ്യ ഇനിയും പെണ്ണ് കണ്ട് നടക്കാന്‍...’
‘.......’
‘ആ ഇനിയിപ്പോ വിധിയതാണേല്‍ പിന്നെന്തു ചെയ്യാന്‍...’

പിന്നീടെപ്പോഴോ...
‘.......’
‘നിറം ഇച്ചിരി കുറവാണേലും നല്ല മുഖശ്രീയുണ്ട്... അല്ലേ അമ്മേ...’

ഏറെക്കുറെ വിഷയങ്ങളിലും അവസ്ഥ ഇതുതന്നെ...
മോതിരമിടീല്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാം സ്വാഹ...!

മലയാളിയുടെ സംസ്കാരം:
നാട്ടിലുള്ള തന്‍റെ സ്ഥാപനത്തിലെ വനിതാ ജോലിക്കാരെ നേരത്തെ പറഞ്ഞയക്കേണ്ടതിന്‍റെ ആവശ്യകതയെ പറ്റി സംസാരിക്കുകയായിരുന്നു സുഹൃത്ത്...

‘നേരം ഇരുട്ടിയാല്‍ പെണ്ണുങ്ങള്‍ക്ക് ധൈര്യമായി നടക്കാനുള്ള സംസ്കാരമൊന്നും നമ്മള്‍ മലയാളികള്‍ക്കായിട്ടില്ല..., മറ്റുള്ള സ്ഥലങ്ങളിലെത്തുമ്പോഴാണ് നമ്മുടെ സംസ്കാരത്തിന്‍റെ ഗുണം അറിയുന്നത്...’

‘ഉമിക്കരിയും വെള്ളവും ഇഷ്ടം പോലെ കിട്ടിയിരുന്നത് കൊണ്ട് പല്ല് തേക്കാനും കുളിക്കാനും ശീലിച്ചതിനപ്പുറം മലയാളിയുടെ സംസ്ക്കാരമെന്ത്...’

സുഹൃത്ത് വികാരം കൊള്ളുമ്പോള്‍ എന്ത് പറയണം എന്നാലോചിക്കുകയായിരുന്നു ഞാന്‍.

അപ്പകഷ്ണം:
കേരളത്തില്‍ നിന്നാദ്യമായി ഒരു സ്വകാര്യ വിമാനക്കമ്പനി ഗള്‍ഫിലേക്ക് സര്‍വ്വീസ് നടത്തുന്നു... മാധ്യമങ്ങള്‍ ശരിക്കും ആഘോഷിക്കുകയായിരുന്നു. അതിന് വേണ്ടി ശ്രമിച്ചവരുടെ അദ്ധ്വാനത്തെ ഒട്ടും വിലകുറച്ച് കാണുന്നില്ല. പക്ഷെ അത്രയ്ക്കും പ്രാധന്യം നല്‍കേണ്ടതുണ്ടോ അര്‍ഹതയുള്ള അപ്പത്തില്‍ നിന്നും പൊടിച്ച് നല്‍കുന്നീ കഷ്ണത്തിന്!

എനിക്കിഷ്ടമായി... നിങ്ങള്‍ക്കോ!:
ഒരു പ്രശസ്ത ബ്ലോഗര്‍‍ ‍ ചാറ്റില്‍ ഷെയര്‍ ചെയ്ത ഒരു തമാശ, നിങ്ങളില്‍ പലരും കേട്ടിരിക്കാം... കേള്‍ക്കാത്തവര്‍ക്കായി ഇവിടെ ചേര്‍ത്ത് വെക്കുന്നു.

പുലിയുടെ കല്യാണത്തിന് എല്ലാവരും ക്ഷണിക്കപ്പെട്ടു... പാട്ട്, ഡാന്‍സ്, കൂത്ത്... അങ്ങനെ ആഘോഷം തകര്‍ക്കുന്നു. ഇതിലിടക്ക് എല്ലാവരും ശ്രദ്ധിച്ചത് അടിച്ച് പൊളിച്ച് ഡാന്‍സ് ചെയ്യുന്ന എലിയെയാണ്. എലിയുടെ ഈ ആഹ്ലാദപ്രകടനം കണ്ട് ആരോ ചോദിച്ചു.

‘നിനക്കെന്തിര് ഇത്രയ്ക്ക് സന്തോഷം...’
‘ലവന്‍, ഈ പുലി എന്‍റെ സഹോദരന്‍ ആണ് കേട്ടാ...’ എലി പറഞ്ഞു...
ഇത് കേട്ട് എല്ലാരും അന്തം വിട്ടു...
‘ഈ പുലി നെന്‍റെ ബ്രദറോ...?’
എലി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു...
‘അതെ, കല്യാണത്തിന് മുമ്പ് ഞാനും ഒരെണ്ണം പറഞ്ഞ പുലിയായിരുന്ന്...’

എലികളുടെ എണ്ണം ഇങ്ങനെ പെരുകുന്നത് കൊണ്ടാണോ സര്‍ എലിപ്പനി ഉണ്ടാകുന്നത്...!

ആത്മഗതം:
മറ്റൊരു പ്രശസ്ത ബ്ലോഗറുമായുള്ള‍ ടെലഫോണ്‍ സംഭാഷണം... തന്‍റെ ചെറുപ്പത്തിലെ സ്വഭാവത്തെ പറ്റി വാചാലനാവുകയാണ് ഇഷ്ടന്‍...

‘ഞാന്‍ മഹാവികൃതിയായിരുന്നു... എന്നും വഴക്കുണ്ടാക്കിയേ വീട്ടിലെത്തൂ... ഏതെങ്കിലും കുട്ടിയുടെ അച്ഛനും അമ്മയും എന്നും പരാതിയുമായി വീട്ടില്‍ വന്നിരിക്കും...’

‘ബ്ലോഗര്‍മാര്‍ക്ക് അച്ഛനേം അമ്മേം കൂട്ടി വരാന്‍ പറ്റാത്തോണ്ടല്ലേ...’ എന്നതെന്‍റെ പുറത്ത് ചാടിയ ആത്മഗതം...!

30 comments:

മുസ്തഫ|musthapha said...

ആഴ്ചക്കുറിപ്പുകള്‍ 51

ഉള്ളടക്കം:
- നാളെയാണ് നാളെയാണോ നാളെയാവാം
- ഇഷ്ടക്കേടുകള്‍
- മലയാളിയുടെ സംസ്കാരം
- അപ്പകഷ്ണം
- എനിക്കിഷ്ടമായി... നിങ്ങള്‍ക്കോ
- ആത്മഗതം

പ്രയാസി said...

അഗ്രാ‍ാ‍ാ‍ാ‍ാ‍ാ‍ാ

കലക്കീഷ്ടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

എല്ലാം ഒന്നിനൊന്നു മെച്ചം.....:)

“എനിക്കിഷ്ടമായി... നിങ്ങള്‍ക്കോ!“ ഇതു കൂടുതല്‍ ഇഷ്ടപ്പെട്ടു..:)

സുല്‍ |Sul said...

(((((ഠേ))))))
സൂപര്‍ ആഴ്ചകുറിപ്പ് ഇത്. വായിക്കാനുണ്ട്. 50 കഴിയുമ്പോള്‍ പിന്നെ മുട്ടിനില്‍കേണ്ടല്ലോ തകര്‍ത്തടിക്ക് മ്വോനെ. ഇനി 90ല്‍ എത്തിയിട്ട് നമ്മുക്ക് ബ്രേക്ക് ചെയ്യാം.... :)

-സുല്‍

Mubarak Merchant said...

ആഴ്ചപരിപ്പിന്റെ കലത്തില്‍ പുതിയ കണ്ടെന്റുകള്‍ പുഴുങ്ങാനിട്ടത് അസ്സലായിട്ടുണ്ട്. സമീപഭാവിയില്‍തന്നെ എന്റെ16 ബ്ലോഗുകളുടെയും പരസ്യം പ്രതീക്ഷിക്കുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അഗ്രൂനെ ചാറ്റിലു കിട്ടിയിരുന്നെങ്കില്‍. ഫ്രീ ആയി ഒരു പരസ്യം കൊടുക്കാമായിരുന്നു. പാച്ചു എവിടെ?

പാച്ചുവിന്റെ ലോകം:

കുസൃതികാട്ടിക്കൊണ്ടിരിക്കുന്ന പാച്ചുവിനോട് ഉപ്പ:
“നിന്റെ പ്രായത്തില്‍ ഞാനൊക്കെ എന്തൊരു അച്ചടക്കമുള്ളവനായിരുന്നു. ഇക്കണക്കിനു നീ കുറച്ചൂടെ വലുതായാല്‍ എന്നും പരാതിയുമായി വല്ല പിള്ളേരുടെം അച്ചനും അമ്മേം എന്റടുത്ത് വരുമല്ലോ?


പാച്ചു:“ബ്ലോഗര്‍മാര്‍ക്ക് അച്ഛനേം അമ്മേം കൂട്ടി വരാന്‍ പറ്റാത്തോണ്ടല്ലേ...”

ഇട്ടുതരുന്ന വടിയെടുത്ത് ഒന്ന് പൊട്ടിക്കാന്‍ കിട്ടിയാല്‍ എന്താ സുഖം!!!

ശ്രീ said...

നല്ല കുറിപ്പ്.
:)

അവസാനത്തെ ബ്ലോഗര്‍‌ തമാശകളും പങ്കു വച്ചതിനു നന്ദി.

Shaf said...

:) :) :)

Shaf

സുഗതരാജ് പലേരി said...

നന്നായിട്ടുണ്ട് :)

asdfasdf asfdasdf said...

‘ബ്ലോഗര്‍മാര്‍ക്ക് അച്ഛനേം അമ്മേം കൂട്ടി വരാന്‍ പറ്റാത്തോണ്ടല്ലേ...’ എന്നതെന്‍റെ പുറത്ത് ചാടിയ ആത്മഗതം...!
ഇതിനെ ബ്ലോഗോമാനിയ എന്നു പറയും. ഇംഗ്ലീഷില്‍ ഇതിനു മരുന്നില്ല. മലയാളത്തില്‍ പലരും മരുന്നുണ്ടെന്നു പറയുന്നു. പരീക്ഷണ ഘട്ടത്തിലാണ്.
:)
കുറിപ്പ് നന്നായി. എന്റെ വക 51 സ്പെഷല്‍ വെടി. !!

Sharu (Ansha Muneer) said...

നന്നായിരിക്കുന്നു..എന്നുമെന്ന പോലെ :)

വിനയന്‍ said...

അഗ്രൂ

റിയലി നൈസ്.ഞാനും ഒരു എലിയായി...................

വേണു venu said...

Nice.:)

തറവാടി said...

ഇനി അന്നൊട്‌ ഞാന്‍ മിണ്ടൂല്ല പഹയാ , ജ്ജ്‌ ന്നേം വിറ്റു കാശാക്കിയില്ലെ!

sandoz said...

എപ്പഴാ ചാറ്റിലൊന്ന് കാണുക...
നിങളാരു ലിങ്കജനാ...
കമ്പ്ലീറ്റ് ലിങ്ക് കൊടുത്ത് പോസ്റ്റിടാന്‍...
[ഞാന്‍ തയ്യാര്‍..നിങ്ങളോ...
എന്തിനാന്നോ..
ഓടാനേ..ഓടാന്‍..]

Anonymous said...

:) കൊള്ളാം..പതിവുപോലെ

:( പാച്ചൂസ് മൌന വൃതമാണോ

:| അങ്ങോട്ട് ചാറ്റിയാല്‍ പ്രശസ്തബ്ലോഗര്‍ ആവുമെങ്കില്‍ എന്നെക്കൂടെ ആഡൂ‍ൂ... (ഒറ്റയേറില്‍ മൂന്നുപേരുടെ തല്ല് ഉറപ്പാക്കി :p )

പപ്പൂസ് said...

ഇഷ്ടക്കേട് ശരിക്കും ഇഷ്ടായി... :)) അവസാനത്തെ ആത്മഗതം ഗലക്കി... :)

siva // ശിവ said...

വായിക്കാന്‍ നല്ല രസം...

വല്യമ്മായി said...

ഞാന്‍ എല്ലാ കൊല്ലവും എന്‍‌റ്റെ വാപ്പാനെ വിളിച്ചു കൊണ്‍ടു വരുന്നുണ്ട് , ഒരു മാസം കഴിഞ്ഞ് വന്നപോലെ വാപ്പ തിരിച്ചുപോകും ആര് നന്നാവാന്‍ :)

ആഴ്ചകുറിപ്പ് നന്നായിട്ടുണ്ട് ( ഇനീപ്പോ പാച്ചു അഗ്രജിയും പറയുന്നതൊക്കെ ധൈര്യായിട്ട് നമുക്കും പോസ്റ്റലോ ല്ലെ?)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

**********:):)

തറവാടി said...

അപ്പക്കഷ്ണം നന്നായി :

കാര്യങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്ന ആളുകളും ഉണ്ടല്ലെ!
എന്തിനേയും പര്‍‌വതീകരിക്കുന്നവരുടെ ഇടക്കിതു കാണുമ്പോള്‍ സന്തോഷം :)

ഏറനാടന്‍ said...

അഗ്രജന്‍ ഭായീടെ ആഴ്ചക്കുറിപ്പിലെ ഈ ലക്കം ഇരുത്തിചിന്തിപ്പിക്കുന്ന ഉള്ളടക്കം കൊണ്ട് സമ്പുഷ്ടമായിട്ടുണ്ട്.
കണ്ണാടി അവതരിപ്പിക്കുന്ന ഗോപകുമാറിന്റെ ഒരു ടോണ്‍ ഇതില്‍ ഭായിക്ക് വന്നപോലെ.. :)

ദിലീപ് വിശ്വനാഥ് said...

കൊള്ളാല്ലോ അഗ്രജാ ഈയാഴ്ചത്തെ കുറിപ്പ്.
അവസാനത്തെ ആ പുറത്തു ചാടിയ ആത്മഗതത്തിന്റെ ആഫ്ടര്‍ എഫ്കറ്റ്സ്???

[ nardnahc hsemus ] said...

അഗ്രുഭായ്‌

അല്ലാ യിത്‌ ഞാന്‍ പറഞ്ഞതാണല്ലോ, അപ്പൊ ഈ പ്രശസ്ത ബ്ലോഗ്ഗര്‍ ഏതവാനാണ്‌ എന്നും കരുതി ക്ലിക്കിയപ്പോഴാണ്‌ ആകപ്പാടെ നാലു മൂന്നും ഏഴുപോസ്റ്റുള്ള ഒരു ബ്ലോഗ്‌ കണ്ടത്‌!! ഇനി ഇതാവര്‍ത്തിയ്ക്കരുത്‌, ആവര്‍ത്തിച്ചാല്‍ ഞാനെന്റെ അച്ഛനേയും അമ്മയേയും വിളിച്ചോണ്ടുവരും!

വല്ലാത്തൊരു കഷ്ടം തന്നെ !!
എന്നാലും ഇത്രയും വേണമായിരുന്നോ? എന്നൊക്കെ ഒന്നു ചോദിയക്കണമെന്നുണ്ട്‌... എന്നാലും ഭായിജാന്‌ എന്നെക്കുറിച്ച്‌ അറിയാതെയാണ്‌ link ഇട്ടതെങ്കിലും ഒരു ദിവസമെങ്കിലൊരു ദിവസം ആരെങ്കിലുമൊക്കെ ആ പ്രശസ്തബ്ലോഗ്ഗറെ ഒന്നു ക്ലിക്കിയല്ലൊ.. ഇനിയെങ്കിലും ഞാന്‍ മന:സ്സമാധാനത്തോടെ ഒന്നുറങ്ങട്ടെ! :)

അഞ്ചല്‍ക്കാരന്‍ said...

അപ്പം അങ്ങിനെയാണ് എലിയായത് അല്ലേ?

മുസ്തഫ|musthapha said...

എല്ലാവര്‍ക്കും നന്ദി... :)



ആഴ്ചക്കുറിപ്പുകളിലെ പുതുക്കിയ പരസ്യനിരക്ക്:
ലിങ്കൊന്നുക്ക് രണ്ട് കമന്‍റ് അല്ലെങ്കില്‍ അരപേജില്‍ കുറയാത്ത കമന്‍റ് പാരഗ്രാഫ് തിരിച്ചത് ഒരെണ്ണം :)

Ziya said...

ഇത്തവണത്തെ കുറിപ്പുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉജ്ജ്വലമായി. രസിച്ചു, രസിച്ചൂ, പിന്നേം രസിച്ചൂ അഭിനന്ദനങ്ങള്‍.
ഓണ്‍ ടോ. അപ്പോ വിമര്‍ശിച്ചാ നന്നാവും അല്ലേ? :)

Unknown said...

ഇക്കാ കലക്കി...എല്ലാം..
പിന്നെ ആ പരാതി ഇക്കയെപ്പറ്റി ഞാനും കേട്ടതാണേ..
അപ്പക്കഷ്ണം, ഇഷ്ട്ടക്കേടുകള്‍, എല്ലാം കിടിലന്‍

അപ്പു ആദ്യാക്ഷരി said...

നന്നായി അഗ്രജാ... പതിവിലും നന്നായി.

“കേരളത്തില്‍നിന്നു ആദ്യ വിദേശവിമാന സര്‍വ്വീസ്” എന്തോ മിസ്റ്റേക്കുണ്ടല്ലോ? എന്താ ഉദ്ദേശിച്ചത്?

ഏ.ആര്‍. നജീം said...

പതിവു കലക്കല്‍ ഒട്ടും കുറയാതെ ഒപ്പിച്ചല്ലോ...
എവിടുന്നു കിട്ടുന്നിഷ്ടാ ഓരോ ആഴ്ചയും ഓരോരോ സംഭവങ്ങള്‍...ഹോ...!

പാച്ചു പ്രത്യേകം പോസ്റ്റു വരുന്നത് കൊണ്ടാവും ഇതില്‍ ഉള്‍പ്പെടാതിരുന്നത്..അല്ലെ

മഴത്തുള്ളി said...

അഗ്രജാ,

ഈ ആഴ്ചക്കുറുപ്പുകള്‍ നന്നായിരിക്കുന്നു. കൂടാതെ നമ്മുടെ സുമേഷ് പുലിയെക്കുറിച്ചെഴുതിയിരിക്കുന്നതും അടിപൊളി ;) ഹി ഹി