Sunday, November 26, 2006

പത്ത്

Sunday, November 26, 2006

കാലാവസ്ഥ
ചൂടില്‍ നിന്നും കുറച്ച് കാലത്തേക്ക് മോചനം നല്‍കി കൊണ്ട് യു.എ.ഇ.യില്‍ തണുപ്പ് കടന്നുവന്നത് കഴിഞ്ഞ ആഴ്ചയിലാണ്. ശക്തമായ തണുപ്പ് ഇവിടെ വന്ന കാലത്ത് അനുഭവപ്പെട്ടിരുന്നെങ്കിലും അടുത്ത കാലങ്ങളിലൊന്നും അത്രയ്ക്കങ്ങട്ട് തണുപ്പ് തോന്നാറില്ല, അത് കാലാവസ്ഥയില്‍ വന്ന വ്യതിയാനമോ അതോ വ്യതിയാനം എന്‍റെ തൊലിക്കട്ടിയിലോ!

പൊതുവെ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്ന കാലമാണ് കാലാവസ്ഥ മാറുന്ന ഈ സമയം, പ്രത്യേകിച്ച് കുഞ്ഞുങ്ങളെ വളരെയധികം ശ്രദ്ദിക്കേണ്ടിയിരിക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലത്ത് പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് എന്തും കൊണ്ടും കുറച്ച് കാലത്തേക്ക് ആശ്വാസം തന്നെ.

നിയമങ്ങള്
‍കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈ ഗവര്‍ണ്മെന്‍റ് ശക്തമായ ട്രാഫിക് പരിശോധനകള്‍ ഏര്‍പ്പെടുത്തിയതിന്‍റെ ഗുണം ശരിക്കും കണ്ടു തുടങ്ങി. ഒരാളും തന്നെ മഞ്ഞ വര മുറിച്ചു കടക്കാന്‍ ധൈര്യപ്പെടുന്നത് കാണുന്നില്ല. എല്ലാവരും നല്ല കുട്ടികളായി മഞ്ഞ വര തൊടാതെ പോവുന്നു. ഒരു മഞ്ഞവര മുറിച്ചു കടക്കല്‍ ഒഴിവാക്കിയത് കൊണ്ട് മാത്രം എല്ലാത്തിനും പരിഹാരമായിട്ടല്ല. പലപ്പോഴും കാണാറുള്ളതാണ്, പച്ച കത്തി കെടുക്കുമ്പോള്‍ മൂന്നോ നാലോ വണ്ടികള്‍ക്ക് പോവേണ്ട സമയം, ഒരുത്തന്‍ സൈഡിലൂടെ വന്ന് ഇടിച്ച് കയറുമ്പോള്‍ നഷ്ടപ്പെടുന്നത്.

നിയമം ഏറെക്കുറേയെങ്കിലും കണിശമായി പരിപാലിക്കപ്പെടുമ്പോള്‍, തീര്‍ച്ച അതിനു ഫലം കാണുന്നു. നമ്മുടെ നാട്ടില്‍ അധികം കാണാതെ പോവുന്നതും അത് തന്നെ.

ചര്‍ച്ചകള്
‍ഈയിടെയായി ബ്ലോഗില്‍ പലവിധ വാദപ്രതിവാദങ്ങളും ചര്‍ച്ചകളും ചൂട് പിടിച്ച് നടക്കുകയാണല്ലോ. അപൂര്‍വ്വം ചിലത് ഒഴിച്ച് നിറുത്തിയാല്‍ മിക്ക ചര്‍ച്ചകളും വെറും തര്‍ക്കങ്ങള്‍ക്ക് വേണ്ടിയാണെന്ന് തോന്നിപ്പിക്കുന്നു. പൂര്‍ണ്ണമായും പഠിക്കാതെ, ഉള്ള അറിവ് വെച്ചുള്ള തര്‍ക്കങ്ങളും മറ്റുമാണ് പലയിടത്തും നടക്കുന്നത്. പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ എങ്ങുമെത്താതെ അവസാനിക്കുന്നു.

വിമര്‍ശനങ്ങള്
‍ബ്ലോഗിലെ മറ്റൊരു പ്രതിഭാസമാറി മാറിയിരിക്കുകയാണ് വിമര്‍ശനങ്ങള്‍. അത്യാവശ്യത്തിന് വിമര്‍ശനങ്ങള്‍ നല്ലത് തന്നെയെങ്കിലും, എഴുതുന്നയാളെ ഒറ്റയടിക്ക് ഏതാണ്ടൊക്കെ ആക്കി തീര്‍ക്കാം എന്ന മട്ടിലാണ് പല വിമര്‍ശനങ്ങളും. ആത്മാര്‍ത്ഥമായാണ് പറയുന്നതെങ്കില്‍ എന്തു കൊണ്ട് അത് ഈമെയില്‍ വഴി ആയ്ക്കൂടാ... അത് ശരിയാവില്ലല്ലോ... നമ്മുടെ പാണ്ഡിത്യം രണ്ട് പേരറിയട്ടെ - അത് മറ്റവനിട്ട് പണിതാണെങ്കിലും.

സഹനം
ഓഫീസില്‍ നിന്നും തിരിച്ചുള്ള യാത്രയിലാണ്, കുറേയാളുകളൊക്കെ വണ്ടിയില്‍ നിന്നും ഇറങ്ങിയിരിക്കുന്നു. അപ്പുറത്തിരിക്കുന്ന പഠാണി എന്നെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. ആദ്യം ഞാനത് ശ്രദ്ധിക്കാന്‍ പോയില്ലെങ്കിലും, പിന്നെ തോന്നി ചിലപ്പോള്‍ അയാളെന്നെ പലപ്പോഴും കണ്ടിരിക്കും... ആ പരിചയത്തിലാകും ചിരിച്ചത്. ഞാനത് പരിഗണിക്കാതിരിക്കുന്നത് മോശമല്ലേ എന്ന്. ഞാനും അയാളെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്, അയാളിരിക്കുന്ന സീറ്റിന്‍റെ സൈഡിലേക്ക് യാതൊരുളുപ്പുമില്ലാതെ തുപ്പിക്കൊണ്ടിരിക്കുകയാണയാള്‍. പിന്നീടായാളോട് മിണ്ടാനേ പോയില്ല. പക്ഷേ ഞാനിരിക്കുന്ന സീറ്റിന്‍റെ വൃത്തിയെ കുറിച്ചായിരുന്നു എന്‍റെ അടുത്ത ചിന്ത. ചിന്തിച്ചിട്ടെന്ത് സഹിക്കുക തന്നെ. രണ്ട് ദിവസം സീറ്റുകളില്‍ ചാരാതെയൊക്കെ ഇരുന്നെങ്കിലും പിന്നീടതേ കുറിച്ച് ഞാനും മറന്നു.

പാച്ചുവിന്‍റെ ലോകം
‘എടാ മക്കളെ, വെയിലു കൊണ്ട് കരുവാളിക്കേണ്ടെടാ’ എന്ന് കേട്ട് വളര്‍ന്ന ഞാനിപ്പോള്‍ മോളെ വെയിലു കൊള്ളിക്കാനായി വെളിയില്‍ കൊണ്ടു പോവുന്നു. യു.എ.ഇ. യിലെ കുട്ടികളില്‍ പൊതുവെ വൈറ്റമിന്‍ ഡി യുടെ അഭാവം കൂടുതലാണെന്നാണ് പഠനങ്ങളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. സൂര്യപ്രകാശം ലഭിക്കാത്ത ഫ്ലാറ്റുകളിലെ ജീവിതമാണ് അതിന്‍റെ മുഖ്യകാരണം. ഇടയ്ക്കൊക്കെ കുഞ്ഞുങ്ങളെ വെയിലു കൊള്ളിക്കണം എന്ന് ഡോക്ടര്‍മാരും ഉപദേശിക്കുന്നു.

വെയിലു കായാന്‍ പോവാന്‍ പാച്ചുവിനും ഇഷ്ടം തന്നെ. പാച്ചു റെഡിയായപ്പോള്‍ ഞാന്‍ ആംഗലേയത്തില്‍ മൊഴിഞ്ഞു...
‘ലെറ്റ്സ് ഗോ’‘
ആ... ‘ഗോ’കാം’ പാച്ചു റെഡിയായിരുന്നു.

ചങ്ങലയിട്ട് വളച്ച് കെട്ടിയ ഒരു പാര്‍ക്കിംഗ് ഏരിയായിലായിരുന്നു നടത്തം. മോള് പൊടി പിടിച്ച ചങ്ങലയില്‍ തൊടാന്‍ പോയപ്പോള്‍ ഞാന്‍ പറഞ്ഞു...

‘വേണ്ട... മോളേ, ചങ്ങലയില്‍ മുഴുവനും പൊടിയാണ്’

‘ചങ്ങലല്ലാ... ഇത് മാലേണുപ്പാ’ പാച്ചു തിരുത്തി. അത്രയും വലിയ മാലയെ നോക്കി ഞാന്‍ പുഞ്ചിരിച്ചു.

1 comment:

അഗ്രജന്‍ said...

25 അഭിപ്രായങ്ങള്‍:
ഇക്കാസ് said...
നല്ല കുറിപ്പ് ആഗ്രജാ, തുടരൂ

6:19 PM
വല്യമ്മായി said...
ബ്ലോഗാഭിമാനിയും ആഴ്ചകുറിപ്പുകളും കൂടി ഒന്നിച്ചാക്കിയോ.

ദുബായിലെ ജീവിതത്തിലേക്ക് വെളിച്ചം വീശാനുള്ള താങ്കളുടെ ഉദ്യമത്തിന്‌ ആശംസകള്‍

6:22 PM
മിന്നാമിനുങ്ങ്‌ said...
അഗ്രജാ..ആഴ്ച്ചക്കുറിപ്പുകള്‍ കലക്കുന്നുണ്ട്

ബ്ലോഗിലെ ചര്‍ച്ചകള്‍,വിമര്‍ശനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച താങ്കളുടെ നിരീക്ഷണങ്ങളോട് ഞാനും യോജിക്കുന്നു.അറിവില്ലാത്ത വിഷയങ്ങളെക്കുറിച്ച് അധികപ്രസംഗം നടത്തുകയാണ് പലരും.പലപ്പോഴും അത് സൌഹൃദത്തിന്റെ നന്മകളെ കെടുത്തിക്കളയുകയും ചെയ്യുന്നതായി എനിക്കും തോന്നിയിട്ടുണ്ട്.ബൂലോഗത്തിന്റെ വളര്‍ച്ചക്ക് അതെത്രമാത്രം ഗുണംചെയ്യുമെന്ന് എനിക്കറിയില്ല.എങ്കിലും ആരോഗ്യകരമായ ചര്‍ച്ചകളില്‍ നിന്ന് പുതിയ പല അറിവുകളും സ്വായത്തമാക്കാന്‍ കഴിയുന്നുണ്ടന്നെതും മറന്നുകൂടാ.

പാച്ചുവിന്റെ ലോകം അലക്കിപ്പൊളിക്കുന്നുണ്ട് ട്ടൊ,
അടുത്തതിനായി കാത്തിരിക്കുന്നു

7:03 PM
ദിവാ (ദിവാസ്വപ്നം) said...
അഗ്രജാ,

ആഴ്ചക്കുറിപ്പ്‌ ഇത്തവണയും ഇഷ്ടപ്പെട്ടു.

പാച്ചുവിന്റെ 'ഗോകാം' രസമായിട്ടുണ്ട്‌. കഴിഞ്ഞ ദിവസം ഞാന്‍ ഒരു 'ഗോടാ' പ്രയോഗം ആലോചിച്ചതേയുള്ളൂ

7:10 PM
കുട്ടന്മേനൊന്‍ | KM said...
നല്ല കുറിപ്പ്. വല്യമ്മായിയുടെ സംശയമില്ലാതില്ല.

7:53 PM
കരീം മാഷ്‌ said...
ആഴ്ച്ചക്കുറിപ്പുകള്‍, പതിവിലും സീരിയസാകുന്നു. ഇത്തിരി നര്‍മ്മവുമാവാം. ഒരാഴ്‌ച്ചത്തെ സമയത്തിനിടക്കു ചില സന്തോഷകരമായ മുഹൂര്‍ത്തങ്ങളും സം‌വേദിക്കാനുണ്ടാവില്ലേ?

7:55 PM
ഖാദര്‍ (പ്രയാണം) said...
വെരി സീരിയസ് കുറിപ്പുകള്‍
നന്നായിരിക്കുന്നു

9:53 PM
വക്കാരിമഷ്ടാ said...
ഒത്തിരിനാളു കൂടി പിന്നെയും ഇപ്പോഴാണ് ആഴ്‌ചക്കുറിപ്പുകള്‍ വായിച്ചത്. ഇതിനു മുമ്പുള്ളവ വായിക്കാനായി കിടക്കുന്നു.

വളരെ നന്നായിരിക്കുന്നു. ബ്ലോഗിന്റെ തുടക്കകാലത്തുള്ള ഉദ്ദേശങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ ഡയറിക്കുറിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കുന്ന രീതിയിലുള്ള വിവരണങ്ങള്‍. എല്ലാ ആഴ്‌ചയും തുടര്‍ച്ചയായി എഴുതുമല്ലോ.

“ഗോകം” ഇഷ്ടപ്പെട്ടു.

11:03 PM
കുറുമാന്‍ said...
ആഴ്ചക്കുറിപ്പുകള്‍ ഇത്തവണയും നന്നായി

വേണ്ട... മോളേ, ചങ്ങലയില്‍ മുഴുവനും പൊടിയാണ്’
‘ചങ്ങലല്ലാ... ഇത് മാലേണുപ്പാ’ പാച്ചു തിരുത്തി.

- പാച്ചുമോളാളു കൊള്ളാലോ, ഉമ്മാടെ മോള്‍ തന്നെ :)

9:19 AM
അഗ്രജന്‍ said...
ഇക്കാസ്: നന്ദി, തേങ്ങ കച്ചോടോം തുടങ്ങി അല്ലേ :)

വല്യമ്മായി: ബ്ലോഗാഭിമാനി കേള്‍ക്കേണ്ട ഇത്... പ്രോത്സാഹനങ്ങള്‍ക്ക് നന്ദി :)

മിന്നാമിനുങ്ങ്: നന്ദി... മിന്നൂസ്... :)
ശരിയാ... ഒത്തിരി അറിവുകളും ലഭ്യമാകുന്നുവെന്നത് സത്യം തന്നെ.

ദിവാ: നന്ദി...
സൊലീറ്റായുടെ പുതിയ സുരേഷ് ഗോപി ആക്ഷനൊന്നും റിലീസായില്ലേ :) മോള്‍ക്ക് ഞങ്ങളുടെ സ്നേഹാന്വേഷണങ്ങള്‍.

കുട്ടന്‍ മേനോന്‍: നന്ദി :)

കരീം മാഷ്: തീര്‍ച്ചയായും നര്‍മ്മവും ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. എഴുതി വരുമ്പോള്‍ നര്‍മ്മം വായിച്ച് ആരെങ്കിലും കരയുമോ എന്ന സന്ദേഹവും ഇല്ലാതില്ല :)

പ്രയാണം: നന്ദി :)

വക്കാരിമിഷ്ടാ: പ്രോത്സാഹനത്തിന് വളരെയധികം നന്ദി.

イングランド・プレミアリーグは現地時間26日に3試合が行なわれ、വക്കാരി... എനിക്ക് ജാപ്പാനീസ് അറിയാമെന്ന കാര്യം ആരോടും മിണ്ടെണ്ടാ...ട്ടോ :)

കുറുമാന്‍: ഹ ഹ ... അത് കലക്കി :)

വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം... എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

9:31 AM
സുല്‍ | Sul said...
അഗ്രു:

ആഴ്ചക്കുറിപ്പുകള്‍ നന്നായിരിക്കുന്നു. ദുബായും ബ്ലോഗും വീടും ഓഫീസും എല്ലാം ഉണ്ടല്ലൊ.
ഇതിന്റെ പേരില്‍ അല്പം മാറ്റേണ്ടിവരും. വല്ല ‘അഗ്രജാഭിമാനി’ എന്നൊ ‘അഗ്രജചന്ദ്രിക’ എന്നൊക്കെ നോക്കിയാലൊ ഇഷ്ടാ.

-സുല്‍

11:24 AM
സു | Su said...
പതിവുപോലെ ആഴ്ചക്കുറിപ്പുകള്‍ കാരണം, പ്രവാസി ജീവിതം കുറച്ച് അറിഞ്ഞു.

മോള് പറഞ്ഞതാണ് ശരി. അങ്ങനെ എല്ലാ കാര്യങ്ങളിലും ഒരു സൌന്ദര്യം കണ്ടെത്താന്‍ വലിയവര്‍ക്കും കഴിഞ്ഞെങ്കില്‍...

11:33 AM
ദില്‍ബാസുരന്‍ said...
അഗ്രജേട്ടാ,
ഡയറിക്കുറിപ്പുകള്‍ പോലെ തുടരുന്ന ആഴ്ചക്കുറിപ്പുകള്‍ നന്നവുന്നുണ്ട്. പാച്ചുവിന്റെ ലോകം എല്ലാ പ്രാവശ്യവും നിഷകളങ്കതയുടെ ലോകം കാണിച്ചുതരുന്നു. :-)

12:00 PM
തറവാടി said...
അഗ്രജാ , വായിച്ചു , ആഴകുറുപ്പുകള്‍ നന്നാവുന്നുണ്‍ട് ,

12:33 PM
പാര്‍വതി said...
ചിലസമയത്തൊക്കെ വല്ലാതെ ഡെലിക്കേറ്റ് ആയ ഒരു സ്ട്രക്ചറിലാണ് ഈ ബ്ലോഗ്ലോകത്തിന്റെ(പുറം ലോകത്തിന്റെയും) തുലനം എന്ന് തോന്നും, എല്ലാവരും ഗൌരവക്കാരായി മാറുന്നു, അഗ്രജാ, ഇത്തിരി നര്‍മ്മമാവാം..

-പാര്‍വതി.

2:37 PM
Anonymous said...
അഗ്രജാ നല്ല തണുപ്പ് .. തണുപ്പായാല്‍ കഫക്കെട്ടും മറ്റു അസുഖങ്ങളും ഗള്‍ഫില്‍ പതിവാണല്ലോ ... എന്താണതിന്‍റെ കാരണങ്ങള്‍ .. ഒന്ന് രണ്ട് വര്‍ഷം മുന്‍പ് വരെ തുമ്മലും ചീറ്റലുമായിരിന്നു തണുപ്പായാലും ചൂടായാലും(ചൂടിന് ഇപ്പോഴുമുണ്ട്) എന്നാലിപ്പോള്‍ തണുപ്പിന് ചീറ്റലും തുമ്മലും കുറഞ്ഞു അതിന് കാരണം .. പുലര്‍ച്ചെ 4 മണിക്കുള്ള എന്‍റെ കുളിയില്‍ ചൂട് വെള്ളം തൊടുകയില്ല ഇവിടെ(മരുഭൂമിയിലെ ഒരു ക്യാമ്പിലാണ് ഞാന്‍) പുലര്‍ച്ചെ ഏകദേശം 10 ഡിഗ്രിക്ക് താഴെയാണ് .. ആ തണുപ്പിലും തണുത്ത വെള്ളത്തിലുള്ള കുളി ..ആദ്യം ക്കാല്‍‍പാദത്തില്‍ ഒരു മഗ് വെള്ളമൊഴിക്കും ഒരല്‍‍പ്പ സമയത്തിന് ശേഷം മുട്ട് വരെ പിന്നെ അരക്ക് താഴെ .. പിന്നെ ചെസ്റ്റ് ഒഴികെ ശരീരത്തില്‍ .. ഒന്ന് നന്നായി തണുത്താല്‍ ... പിന്നെ തല ഒഴികെ മറ്റെല്ലാ ഭാഗവും വെള്ളമൊഴിക്കും .. സോപ്പ് തേക്കല്‍ കഴിഞ്ഞ് .. അടുത്തത് തലയിലേക്ക് .. സോപ്പ് തലയില്‍ തേക്കില്ല(സോപ്പ് താരന്‍ ഉണ്ടാക്കും) മുഖത്തും സോപ്പ് തേക്കില്ല (പ്രകൃതിപരമായ മുഖത്തെ എണ്ണമയം നഷ്ടപ്പെടും).. ഒരാഴ്ച്ച ഇവിടെ പൂജ്യത്തിന് താഴെ വരെ എത്തും അപ്പോഴും എന്‍റെ പതിവ് തെറ്റിക്കാറില്ല... ഇനി ചുടുവെള്ളമാണ് ഉപയോഗിക്കുന്നതെങ്കില്‍ എന്താണ് ദോഷമെന്ന് വെച്ചാല്‍ ... ബാത്ത് റൂമില്‍ ശരീരം ചൂടായി (ചൂട്കാരണം തലയിലെ കഫം പതുക്കെ ഇറങ്ങും.. ) പെട്ടെന്ന് ബാത്ത് റൂമിന്‍റെ വെളിയില്‍ തണുപ്പിലേക്ക് നമ്മള്‍ നീങ്ങിയാല്‍ ശരീരത്തിന് ദോഷം ചെയ്യും അതിന് പുറമെ .. തലയില്‍ നിന്ന് ഇറങ്ങി വരുന്ന കഫം നെഞ്ചില്‍ കട്ടപിടിച്ചിരിക്കും , മറ്റൊരു ദൂഷ്യം ശരീരത്തിലെ എണ്ണമയം പൂര്‍ണ്ണമായും നഷ്ടപ്പെടും താരന്‍ വരും ..മുഖത്തെ എണ്ണമയം നഷ്ടപ്പെട്ട് വരണ്ട് ഒരുമാതിരി .. എത്ര ക്രീം ഇട്ടാലും ഒരു വല്ലത്തമാതിരിയാണ്.... തണുപ്പിലും ജലദോഷത്തിന്‍റെ ബുദ്ധിമുട്ടുള്ളവര്‍ ഒന്ന് ശ്രമിച്ച് നോക്കൂ ...
............
കുറിപ്പുകള്‍ നന്നായിരിക്കുന്നു .. അനാവശ്യ ചര്‍ച്ചകളില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് നല്ലത തന്നെ പക്ഷെ ആരോഗ്യമുള്ള ചര്‍ച്ചകളില്‍ പങ്കാളിയായിക്കൂടെ.. വിമര്‍ശനങ്ങള്‍ അതിന്‍റേതായ സ്പ്‍രിറ്റില്‍ എടുത്താല്‍ മതി .. നമ്മളൊന്നും 100% പൂര്‍ണ്ണരല്ലല്ലോ .. അപ്പോള്‍ സ്വഭാവികമായ വിമര്‍ശനങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ല,
പാച്ചുമോളുടെ ചങ്ങലമാല .. നിഷ്ക്കളങ്കമായ മറുപടി .. നന്നായിരിക്കുന്നു ..

3:00 PM
വിശാല മനസ്കന്‍ said...
പാച്ചു പറഞ്ഞ ‘ചങ്ങല മാല‘ സൂപ്പര്‍.

3:08 PM
ചില നേരത്ത്.. said...
അഗ്രജാ..
ആഴ്ചകുറിപ്പ് ദുബൈയിലെ ജീവിതത്തിന്റെ ചെറുതല്ലാത്തയൊരു ചിത്രം നല്‍കുന്നു.നന്നായി ആസ്വദിക്കുന്നു.
തുടര്‍ന്നും വായിക്കാന്‍ മോഹം.

3:16 PM
Siju | സിജു said...
വായിച്ചു.. ഇഷ്ടപെട്ടു
qw_er_ty

4:47 PM
ഏറനാടന്‍ said...
മനോരമയില്‍ ശ്രീ. പനച്ചി കൈകാര്യം ചെയ്യുന്ന 'ആഴ്‌ചകുറിപ്പുകള്‍' പോലെ ബഹു: അഗ്രജി (സോറി, പ്രാസം ഒപ്പിക്കാനീ നാമം ഇട്ടു) ചെയ്യുന്ന 'ആഴ്‌ചക്കുറിപ്പുകളും' ആനുകാലിക സംഭവങ്ങളെ അവലോകനം ചെയ്യുന്നില്ലേ?

കൊച്ചുകേരളത്തിലെ സംഭവവികാസങ്ങളും ഉള്‍പെടുത്തുമോ? പാച്ചുവിന്റെ ലോകം ചുരുക്കുകയുമരുത്‌.

5:07 PM
അഗ്രജന്‍ said...
സുല്‍: അഗ്രജചന്ദ്രിക - കലക്കി :)

സു: ഈ സൌന്ദര്യം കണ്ടെത്തല്‍ ബേബിഷോപ്പില്‍ പോയാലും തുടര്‍ന്നാലെന്‍റെ പോക്കറ്റിന്‍റെ സൌന്ദര്യം ഒത്തിരി കുറയും :)

ദില്‍ബൂ: പാച്ചുവിന്‍റെ ലോകം നിഷ്കളങ്കമായി പകര്‍ത്തിവെക്കുന്ന എന്‍റെ നിഷ്കളങ്കത നീയൊന്നും കാണുന്നില്ലല്ലോ :)

തറവാടി: തിരക്കിനിടയിലാണ് കമന്‍റ് ഇടുന്നതെന്ന് ശരിക്കും മനസ്സിലാവുന്നുണ്ട്ട്ടോ :)

പാര്‍വ്വതി: നര്‍മ്മം ആവാന്നെനിക്കും തോന്നുന്നുണ്ട്... ഇങ്ങനൊക്കെ പോണപോലെ അങ്ങട്ട് പോയാ പോരേ എന്നാരോ പിന്നീന്ന് തോണ്ടി ചോദിക്കുന്നു :)

ആത്മകഥ: കുളിയെക്കുറിച്ചുള്ള പുതിയ അറിവുകള്‍ പകര്‍ന്നത് നന്നായി. ഏഴ് മണിക്കെഴുന്നേറ്റ് ഏഴേമുക്കാലിന് വീട്ടില്‍ നിന്നിറങ്ങി ഒമ്പത് മണിക്ക് ഓഫീസിലെത്തുന്ന എനിക്ക് ‘കാക്കക്കുളി’ തന്നെ ശരണം - കാക്കയ്ക്കും തന്‍ കുളി പൊന്‍ കുളി എന്നാണല്ലോ വെപ്പ് :)

വിശാലോ: പാച്ചു, സംശയനിവാരണം വരുത്തിവരുത്തി എനിക്ക് വിവരം വെപ്പിക്കും എന്നാ തോന്നുന്നത് :)

ചിലനേരത്ത്: തുടര്‍ന്നെഴുതാനെനിക്കും മോഹം :)

സിജു: ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം :)

ഏറനാടാ: ഒന്നാമത് കൂടുതലെഴുതാനുള്ള ‘വെകരം’ ഇല്ല... പിന്നെ ഒത്തിരിയെഴുതി, വായിക്കാന്‍ സന്മനസ്സ് കാണിക്കുന്നവരെ ബോറഡിപ്പിക്കരുതെന്നും ആഗ്രഹിക്കുന്നു :)

വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും വളരെ വളരെ സന്തോഷം. എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി രേഖപ്പെടുത്തുന്നു :)

6:46 PM
വക്കാരിമഷ്ടാ said...
അഗ്രജാ, അഗ്രജന് ജാപ്പനീസ് അറിയാമെന്ന കാര്യം ഞാന്‍ ആരോടും മിണ്ടൂല്ല.

പകരം എനിക്ക് ജാപ്പനീസ് വായിക്കാന്‍ അറിയില്ല എന്ന കാര്യം ഒരൊറ്റ മനുഷ്യരോട് പോലും പറഞ്ഞേക്കരുതേ :)

1:50 AM
അഗ്രജന്‍ said...
വക്കാരി :)

എന്തൊരുന്നമെന്‍റപ്പോ :)

9:52 AM
അതുല്യ said...
അഗ്രുവേ പാച്ചൂന്റെ ലോകം മാത്രം മതി എനിക്ക്‌. ബാക്കി ഒക്കെ മായ..

അഗ്രൂ, വക്കാരീടെ ഉന്നം കാണണമെങ്കില്‍ കൊച്ചി മീറ്റിന്റെ പോസ്റ്റില്‍ പോവൂ.. എന്തപ്പാ ഒരു റേഞ്ചപ്പാ...

10:03 AM
ദേവരാഗം said...
ആഴ്ച്ചക്കുറിപ്പുകള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടുവരുന്നു അഗ്രജാ.

സിഗ്നലിലും മറ്റും വണ്ടി തുറന്ന് റോഡില്‍ തുപ്പുന്നത്‌ എന്നെയും ഏറെ അലോസരപ്പെടുത്താറുണ്ട്‌. ക്ഷയം, ന്യൂമോണിയ, മഞ്ഞപ്പിത്തം, മെനിഞ്ജൈറ്റിസ്‌ തുടങ്ങി പലരോഗങ്ങളും ഇവര്‍ പരത്തിക്കൊണ്ടേയിരിക്കുന്നു. ബര്‍ദുബായിലും ദേരയിലും മിക്ക പഴയ കെട്ടിടങ്ങളുടെയും ഇടനാഴിയും ഭിത്തികളും മുറുക്കിത്തുപ്പിയ കറ പിടിച്ച്‌ നാശമായിരിക്കുന്നത്‌ കാണാം.

10:33 AM