Saturday, October 14, 2006

നാല്

എനിക്ക് രണ്ട് വരി എഴുതാന്‍ ധൈര്യം തന്ന എന്‍റെ ആഴ്ചക്കുറിപ്പുകള്‍, എന്തെങ്കിലുമൊക്കെ എഴുതാമെന്ന് വന്നപ്പോള്‍ ഞാന്‍ കെട്ടിപ്പൂട്ടി അട്ടത്ത് വെച്ച എന്‍റെ ആഴ്ചക്കുറിപ്പുകള്‍, വീണ്ടും പൊടി തട്ടി പുറത്തെടുക്കുന്നു... അല്ലെങ്കിലും നമ്മള്‍ മനുഷ്യര്‍ ഇങ്ങിനെയൊക്കെ തന്നെയാണ് അല്ലേ!

നോമ്പുകാല വിശേഷങ്ങള്
‍പുണ്യമാസത്തിന്‍റെ ദിനങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണി ആയിരിക്കുന്നു. ഷാര്‍ജയിലേക്കുള്ള ബസ്സിനുള്ള ക്യൂവില്‍ നില്‍ക്കുന്നു. അപ്പോഴതാ ക്യൂവില്‍ ചേരാതെ ഒരാള്‍ മറുഭാഗത്ത് നിന്നും ബസ്സിലേക്ക് തിക്കി തിരക്കി കയറുന്നു. ഞാനത് ഉടനെ അവിടെയുള്ള ഉദ്യോഗസ്ഥന്‍റെ ശ്രദ്ധയില്‍ പെടുത്തി. പിറകില്‍ പോയി നില്‍ക്കാന്‍ പറഞ്ഞിട്ടും കൂട്ടാക്കാതെ വന്നപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ അയാളുടെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ച് പിറകിലേക്ക് വിട്ടു. അങ്ങനെ ഒരുത്തനെ പിറകിലേക്ക് പറഞ്ഞയച്ച് ഞാന്‍ ഹാപ്പിയായി.

നേരോം കാലോമില്ലാത്ത ട്രാഫിക്ക് കാരണം നോമ്പ് തുറക്കുന്ന സമയത്ത് വീട്ടിലെത്തില്ല എന്നുറപ്പുണ്ടായിരുന്നത് കൊണ്ട് ചെറിയൊരു ബോട്ടില്‍ വെള്ളം കരുതിയിരുന്നു. പാതി ദൂരം പിന്നിട്ടപ്പോള്‍ തന്നെ ബാങ്ക് വിളിയുയര്‍ന്നു. ഒരിറക്ക് വെള്ളം കൊണ്ട് നോമ്പ് തുറന്നു ബോട്ടില്‍ അടുത്ത സീറ്റിലിരുന്ന സിറിയക്കാരന് കൊടുക്കുമ്പോള്‍, ഒരു മുളക് ബജിയും പരിപ്പുവടയും കൊണ്ടൊരു കൈ എന്‍റെ നേര്‍ക്ക് നീണ്ടു. ആ കയ്യിന്‍റെ ഉടമസ്ഥന്‍റെ മുഖത്തേക്ക് നോക്കിയ എനിക്കുണ്ടായ വികാരം എഴുതിഫലിപ്പിക്കാന്‍ കഴിയില്ല - ഞാന്‍ മുന്‍കയ്യെടുത്ത് ക്യൂവിന്‍റെ പുറകിലേക്കയപ്പിച്ച ആളായിരുന്നു അത്.സിറിയക്കാരനും കൊടുത്തു അയളൊരു മുളക് ബജി.

മുളക് ഒട്ടും പഥ്യമല്ലാത്തതായിട്ട് കൂടി സിറിയക്കരനത് അള്ളാഹുവിന്‍റെ നാമമോതിക്കൊണ്ട് കഴിച്ചു. പക്ഷെ, അപ്പുറത്തിരുന്ന മറ്റൊരു സിറിയക്കാരന്‍ പലരും നീട്ടിയ വെള്ളം പോലും കുടിക്കാന്‍ കൂട്ടാക്കിയില്ല - വെള്ളം നീട്ടിയവരെല്ലാം ഇന്ത്യക്കാരയതോ... എന്തോ! നോമ്പിന്‍റെ പുണ്യമറിയാതേയും ചിലര്‍ നോമ്പനുഷ്ഠിക്കുന്നു.

ഇന്നലെ ബോസ്സിന്‍റെ വക ഇഫ്ത്താര്‍ പാര്‍ട്ടിയുണ്ടായിരുന്നു. ഒത്തിരി അറബിക് വിഭവങ്ങള്‍ നിറഞ്ഞ ബുഫേ... എല്ലാവരും രണ്ടും മൂന്നും പ്ലേറ്റുകളില്‍ നിറയെ വിഭവങ്ങള്‍ ടേബിളില്‍ ഒരുക്കി വെച്ച് കാത്തിരുന്നു. നോമ്പുതുറ കഴിഞ്ഞ് എല്ലാവരും പിരിയുമ്പോള്‍ മേശകളിള്‍ ഇനിയും അത്രയും പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണസാധനങ്ങള്‍ വെയിസ്റ്റായിക്കിടന്നിരുന്നു. ഈ പുണ്യമാസത്തിന്‍റെ ഉദ്ദേശമറിയാതെയുള്ള ധൂര്‍ത്ത്!

അധഃപതനം
കഴിഞ്ഞ ദിവസം കൊളീഗിന്‍റെ കൂടെ ഓഫീല്‍ നിന്നും മടങ്ങുമ്പോള്‍ റോഡിന്‍റെ സൈഡിലൊരാള്‍ക്കൂട്ടം. വണ്ടി വേഗത കുറച്ച് നോക്കിയപ്പോള്‍, മുനിസിപ്പാലിറ്റിയുടെ നിറഞ്ഞ് കവിഞ്ഞ രണ്ട് കച്ചറ ഡബ്ബകള്‍ക്കിടയിലായി, മാലിന്യങ്ങളില്‍ പുതഞ്ഞ് ഒരാള്‍ കിടക്കുന്നു. മനസ്സ് പിടഞ്ഞു പോയി - ഇത്രയൊക്കേയുള്ളു ജീവിതം...! മരിച്ചതോ, അതോ ആരെങ്കിലും...! ശ്രദ്ധിച്ച് നോക്കിയപ്പോള്‍ അയാള്‍ തലയനക്കുന്നത് കണ്ടു. ഭാഗ്യം മരിച്ചിട്ടില്ല. സൈഡ് ഗ്ലാസ്സിറക്കി അവിടെ കൂടി നിന്നവരിലൊരാളോട് തിരക്കിയപ്പോള്‍ വെള്ളമടിച്ച് കിറുങ്ങിയാതാണെന്നാംഗ്യം കാണിച്ചു. ഹാ... എന്തൊരു കഷ്ടം...! മദ്യം മനുഷ്യനെ എത്രമാത്രം അധഃപതിപ്പിക്കുന്നു.

പാച്ചുവിന്‍റെ ലോകം
സോഫയില്‍ കമഴ്ന്ന് കിടന്ന് താടിക്കും കൈ കൊടുത്ത്, ‘ഉമ്മാ പഠിപ്പിച്ച് താ ഉമ്മാ’ രണ്ടേകാല്‍ വയസ്സുകാരി മകള്‍ ഭാര്യയോട് കൊഞ്ചുന്നു. ഈ ആവേശം വലുതായാലും കാണണേ എന്നത് ഞങ്ങളുടെ പ്രാര്‍ത്ഥന.

ഇം‌ഗ്ലീഷാണ് പാഠ്യവിഷയം.

ഇതെന്താണ്?’ പുസ്തകത്തിലെ ചിത്രം കാണിച്ച് ഭാര്യയുടെ ചോദ്യം.

‘പശു’ മോളുടെ ഉത്തരം

‘പശൂന് ഇംഗ്ലീഷിലെന്താ പറയ്വാ’ ഭാര്യ.

‘പാച്ചൂനറില്ല’‘കൌ’‘

ആ, അത് ശരി...’

‘ഇനി പറഞ്ഞേ, ഇതെന്താ’

കുറച്ചൊന്നാലോചിച്ച് മോളുടെ ഉത്തരം വന്നു...

‘ഇംഗ്ലീഷ് പശൂ’.

ചിരിക്കാന്‍ വേറെ എവിടെ പോണം.

‘കൌ എന്ന് പത്ത് പ്രാവശ്യം പറയ് പാച്ചു’ ഭാര്യയുടെ നിര്‍ദ്ദേശം.

‘പത്ത് പ്രാശ്യം കൌ’ പാച്ചൂന്‍റെ ഉത്തരം പെട്ടെന്നായിരുന്നു.

ഇപ്പോ ഞാന്‍ ലോകത്തുള്ള എല്ലാ കാര്യങ്ങളെപ്പറ്റിയും അറിവുള്ളവനായിരിക്കണം എന്ന് വന്നിരിക്കുന്നു. എപ്പോഴാ, എന്തിനെക്കുറിച്ചാ ചോദ്യം വരികയെന്നറിയില്ല.

‘അതെന്താ ഉപ്പാ’ മോളുടെ ചോദ്യത്തിന് ഒരുവിധം അഡ്ജ്സ്റ്റ് ചെയ്ത് ഉത്തരം കൊടുക്കുന്നു.

‘ആ, പാച്ചുന് മനശിലായി’ എന്നത് കേട്ട് ആശ്വാസിക്കുമ്പോഴേക്കും വരുന്നു അടുത്ത ചോദ്യം...!‘മോളേ, ഇതൊക്കെ ഉപ്പാക്കറിയാമായിരുന്നെങ്കില്‍...!’ എന്നതെന്‍റെ ആത്മഗതം.

അമ്മതന്‍ അമ്മിഞ്ഞപ്പാലിന്‍റെ മാധുര്യം!
എല്ലാരും ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് കണ്ടത് മുതല്‍ എനിക്കും ഒരു പൂതി. അങ്ങിനെ തേടിയ വള്ളി കാലില്‍ ചുറ്റി. ഇന്നലെ ബോസ്സിന്‍റെ വക ഇഫ്താര്‍ പാര്‍ട്ടിയും കഴിഞ്ഞ് ഏമ്പക്കോം വിട്ട് മടങ്ങുന്ന വഴി റോളയിലെ ഒരു പഴയ കെട്ടിടത്തിന്‍റെ ഓരത്ത് പാലൂട്ടുന്ന ഒരമ്മയും അമ്മിഞ്ഞ നുണയുന്ന കുഞ്ഞും. മോള്‍ക്ക് പൂച്ചയെ കണ്ട സന്തോഷം, എനിക്ക് ഫോട്ടോക്ക് പറ്റിയ പോസ് കിട്ടിയ ത്രില്ല്, ഭാര്യക്ക് ഇത്രേം വലിയ ‘കുഞ്ഞ്’ പാല്‍ കുടിക്കുന്ന കൌതുകം. പക്ഷെ, ഇതൊന്നുമറിയാതെ, ശക്തമായ(!) ഫ്ലാഷ് പോലും അറിയാതെ പാലൂട്ടുന്നതിന്‍റെ നിര്‍വൃതിയിലാണാ അമ്മ.

1 comment:

അഗ്രജന്‍ said...

Posted by അഗ്രജന്‍ at 12:02 PM
17 അഭിപ്രായങ്ങള്‍:
അഗ്രജന്‍ said...
എനിക്ക് രണ്ട് വരി എഴുതാന്‍ ധൈര്യം തന്ന എന്‍റെ ആഴ്ചക്കുറിപ്പുകള്‍, എന്തെങ്കിലുമൊക്കെ എഴുതാമെന്ന് വന്നപ്പോള്‍ ഞാന്‍ കെട്ടിപ്പൂട്ടി അട്ടത്ത് വെച്ച എന്‍റെ ആഴ്ചക്കുറിപ്പുകള്‍, വീണ്ടും പൊടി തട്ടി പുറത്തെടുക്കുന്നു.
12:18 PM

ഇത്തിരിവെട്ടം© said...
അഗ്രജാ ഈ ആഴ്ചവട്ടം നന്നായി. എതായാലും കുറെ ദിവസം കാണാതിരുന്നപ്പോള്‍ വര്‍ഷവട്ടം എന്ന് പേരുമറ്റേണ്ടിവരുമോ എന്ന് കരുതിയിരുന്നു.റമദാന്‍ മാസത്തിലെങ്കിലും പാരവെപ്പ് വേണ്ടെന്ന് വെച്ചൂടെ.പാച്ചുവിന്റെ ലോകം മനോഹരമാണല്ലേ.മുമ്പോരിക്കല്‍ ഖബറിന്റെ ചിത്രം കാണിച്ച് ഞെട്ടിച്ച ശേഷം ഇപ്പോള്‍ ഇതും നന്നായി.ഏതായാലും തേങ്ങ എന്റെ വകയാവാട്ടേ...ഓ.ടോ : എല്ലാവരും കൂടി എന്നെ കോണ്ടും ക്യാമറ വാങ്ങിക്കും എന്ന് തോന്നുന്നു.
12:25 PM

ഏറനാടന്‍ said...
അഗ്രജോ കുറിപ്പുകള്‍ മുറിയാതെ തുടരുക.. എല്ലാ ഭാവുകങ്ങളും നേരുന്നു..
12:33 PM

വല്യമ്മായി said...
നല്ല വിവരണം.ഇന്നലെ അവിടെയൊന്നു ആകസ്മികമായ ഇടിച്ചു കയറണമെന്നുണ്ടായിരുന്നു.:(
12:37 PM

അഗ്രജന്‍ said...
ആകസ്മീകമായി വരവേല്ക്കാന്‍ ഞങ്ങളും തയ്യാറായിരുന്നു... :)പക്ഷേ, ബോസ്സേട്ടന്‍റെ ആക്സമീകമായ നോമ്പുതുറ പറ്റിച്ചു!
12:44 PM

ദില്‍ബാസുരന്‍ said...
അഗ്രജേട്ടാ,ആഴ്ചക്കുറിപ്പുകള്‍ നന്നായി.ബോസേട്ടന്റെ വീട്ടില്‍ തമര്‍ത്തായിരുന്നല്ലേ? പാച്ചുവിന്റെ ചോദ്യങ്ങള്‍ ഇഷ്ടമായി. :-)
2:35 PM

അഗ്രജന്‍ said...
ഇത്തിരിവട്ടം, ഏറനാടന്‍, വല്യമ്മായി, ദില്‍ബു... നന്ദി :)പെട്ടെന്ന് കഴിഞ്ഞു പരിപാടി ;)
3:29 PM

പടിപ്പുര said...
ഓര്‍മ്മക്കുറിപ്പുകള്‍ കഴിഞ്ഞകാലത്തിന്‌ നേരെ പിടിച്ച കണ്ണാടിയാകുന്നു. അഗ്രൂ, തുടരുക.
5:04 PM

:: niKk നിക്ക് :: said...
‘മോളേ, ഇതൊക്കെ ഉപ്പാക്കറിയാമായിരുന്നെങ്കില്‍...!’അറിയില്ലായിരുന്നോ ? :D
5:56 PM

Adithyan said...
ആഴ്ചവിശേഷങ്ങള്‍ കൊള്ളാം :)നല്ല അവതരണം.പാച്ചൂന് എന്റെ അന്വേഷണം.
8:13 PM

പച്ചാളം said...
പാച്ചു ആളുകൊള്ളാലോ!അന്നാലും ക്യൂവില്‍ നിന്നും മാറ്റിക്കണായിരുന്നൊ??ഉം... സാരമില്ല!
9:21 PM

ദിവാ (ദിവാസ്വപ്നം) said...
അഗ്രജാആഴ്ചക്കുറിപ്പ് വളരെ ഇഷ്ടപ്പെട്ടു കേട്ടോ. ശരിക്കും...ബസില്‍ വച്ചുള്ള നോമ്പു തുറക്കലിന്റെ കാര്യം വളരെ സ്പര്‍ശിച്ചു.പാച്ചു മിടുക്കിയാണല്ലോ, ‘ടകടകേ‘ന്നുള്ള ഉത്തരം പറച്ചില്‍ കലക്കീട്ടുണ്ട്.പാച്ചുവിന് സൊലീറ്റയുടെ സൌഹൃദമെത്തിക്കുമല്ലോആശംസകള്‍:)
9:49 PM

കരീം മാഷ്‌ said...
ഇംഗ്ലീഷില്‍ സി.എ.റ്റി എന്നെഴുതിയാല്‍ വായിക്കുന്നത്‌ ക്യാറ്റ്‌ എന്ന്‌ അതിന്റെ അര്‍തഥമോ പൂച്ച എന്ന്‌.എന്നാല്‍ മലയാളത്തില്‍ പൂ.ച്ച എന്നെഴുതുന്നു വായിക്കുന്നതും പൂച്ച എന്ന്‌ അതിന്റെ അര്‍ത്ഥവും പൂച്ച എന്ന്‌.എപ്പടി.ആഴ്‌ചക്കുറിപ്പുകള്‍ ഉഷാര്‍.‍
10:31 PM

പാര്‍വതി said...
ഒത്തിരി നല്ല പോസ്റ്റ് അഗ്രജന്‍,എനിക്ക് പാച്ചുവിന്റെ ചോദ്യങ്ങള്‍ ഇഷ്ടമായി,ഈ ലോകം എന്നും നിലനില്‍ക്കുന്നത് ഈ കുഞ്ഞുങ്ങളുടെ നിഷ്കളങ്കത ബാക്കിയുള്ളത് കൊണ്ടാവും..-പാര്‍വതി.
10:47 PM

അനംഗാരി said...
സത്യസന്ധമായ കുറിപ്പുകള്‍ ഇനിയും പോരട്ടെ..അന്യന്റെ കാര്യങ്ങള്‍ കേള്‍ക്കാനും അസൂയപ്പെടാനും, പരദൂഷണം പറയാനും പറ്റിയില്ലേല്‍ പിന്നെ ഈ ജന്മം പാഴായിപോകില്ലേ..അഗ്രൂ..
9:00 AM

അഗ്രജന്‍ said...
പടിപ്പുര: നന്ദി
നിക്ക്: നന്ദി [ഏതൊക്കെ] :)
ആദീ: നന്ദി. പോട്ടം പിടിക്കണ മാമനെപ്പറ്റി എന്തായാലും പറയുന്നുണ്ട് :)
പച്ചാളം: നന്ദി.എന്ത് ചെയ്യാം, അര മണിക്കൂറോ അതിലധികമോ ക്യൂവില്‍ നിന്നിട്ട് ഇങ്ങനെ ഒരാള്‍ ഇടിച്ച് കയറുമ്പോള്‍ അവസരം നഷ്ടപ്പെടുന്ന വാലറ്റക്കാരനെ കുറിച്ചൊന്ന് ഓര്‍ത്ത് നോക്കിക്കേ!
ദിവാ: നന്ദി ദിവാ...തീര്‍ച്ചയായും സൊലീറ്റായെ പറ്റി പറയാം :)
കരീം മാഷെ: നന്ദി.നാട്ടില്‍ പോവുന്നതിന് മുന്‍പ് വിളിക്കാം.
പാര്‍വ്വതി: നന്ദി. ശരിയാണ്... കുഞ്ഞിലെ നിഷ്കളങ്കത എന്നും നിലനിറുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍... ഈ ലോകമെത്ര സുന്ദരമായേനേ!
അനംഗാരി: നന്ദി... ഹ ഹ ... തീര്‍ച്ചയായും കുറിപ്പുകള്‍ തുടരാന്‍ ശ്രമിക്കാം :)
12:13 PM

മുസാഫിര്‍ said...
അഗ്രജന്‍ , ആഴ്ച്ചക്കുറുപ്പുകള്‍ നന്നായിരിക്കുന്നു.സിറിയക്കരനെ മുളകു ബജ്ജി തിറ്റിച്ചു അല്ലെ,പാവം പിന്നിടു കഷ്ടപ്പെട്ടിട്ടുണ്ടാവണം.പാച്ചുവിന്റെ ചോദ്യങ്ങള്‍ ഇഷ്ടമായി.
11:40 AM