Tuesday, July 31, 2007

മുപ്പത്തിയേഴ്

വൈകിയെത്തുന്ന വിവേകം...
കഴിഞ്ഞ വ്യാഴാഴ്ച ഞാനും സുല്ലും കുടുംബസമേതം ഷാര്‍ജയിലെ ഒരു പാര്‍ക്കിലിരിക്കുന്നു. അമി, അനു (സുല്‍ വഹ), പാച്ചു (ഏന്‍ വഹ) ദൂരേ നിന്നും കൈ കോര്‍ത്ത്പിടിച്ച് വരുന്നത് നോക്കി രസിക്കുകയായിരുന്നു. അപ്പോഴാണ് കുറച്ച് മുന്നിലൂടെ ഒരു കുടുംബം കടന്ന് പോയത്... അതിലുള്ള വളരെ തടിച്ച ഒരു സ്ത്രീയുടെ ശരീരം കാരണം ദൂരെ നിന്നും വരുന്ന മക്കളെ കാണാനാവാതെ വന്നപ്പോള്‍ ഞാനൊരു ആത്മഗതം നടത്തി... ‘ഹോ ആ പെണ്ണിന്‍റെ തടി കാരണം മക്കളെ മൂന്നിനേം കാണണില്ല...’.

സത്യത്തില്‍ അവര്‍ മലയാളികളല്ല എന്ന് വിശ്വാസത്തിലാണ് ഞാനാ ആത്മഗതം ഉച്ചത്തിലാക്കിയത്. പിന്നീടവര്‍ സംസാരിക്കുന്നത് കേട്ടപ്പോഴാണ്... അബദ്ധം മനസ്സിലായത്. പിന്നെ ആ സ്ത്രീ അത് കേട്ടിരിക്കുമോ എന്നുള്ളതായി എന്‍റെ ചിന്ത. അവരത് കേട്ടുവെങ്കില്‍ അവര്‍ക്കതെത്ര വിഷമമായിക്കാണും.

ആത്മാര്‍ത്ഥമായ പാശ്ചാത്താപം കൊണ്ട് ദൈവം എല്ലാ പാപങ്ങള്‍ക്കും മാപ്പ് നല്‍കും, എന്നാല്‍ നിങ്ങളിലൊരു വ്യക്തിയെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ നോവിക്കുന്നത് ആ വ്യക്തി മാപ്പ് നല്‍കിയാലല്ലാതെ ദൈവം പോലും പൊറുക്കില്ലെന്ന് പഠിപ്പിച്ച ഒരു വിശ്വസം പിന്‍പറ്റുമ്പോഴും നൈമിഷികമായ തമാശകള്‍ക്ക് വേണ്ടി ചിലപ്പോള്‍ മറ്റുള്ളവരുടെ പോരായ്മകളെ കരുവാക്കുന്നു... അവരെ അതെന്തുമാത്രം നോവിക്കും എന്നറിയാതെ... ഇനി ഇവിടെ വാചക കസര്‍ത്ത് നടത്തിയിട്ടെന്തു കാര്യം അല്ലേ!

ഓട്ടാത്തോനോട്ടുമ്പോ...
5 ദിര്‍ഹംസ് കൊടുത്താല്‍ യാതൊന്നും അറിയാതെ സുഖമായി ഉറങ്ങിയോ ഉറങ്ങാതേയോ ഓഫീസിലെത്താം - തിരിച്ചും അത് പോലെതന്നെ... യാതൊരു വിധ ടെന്‍ഷനുമില്ല... മൊത്തം 10 ദിര്‍ഹംസ് ചിലവ്. ഇങ്ങിനെയായിരുന്നു കുറച്ച് ദിവസങ്ങള്‍ മുന്‍പു വരെ. പക്ഷെ ഇപ്പോള്‍, തറവാടി-വല്യമ്മായി കുടുംബം നാട്ടില്‍ പോകുമ്പോള്‍ വല്യമ്മായിയുടെ വണ്ടി എന്നെ ഏൽപ്പിച്ചത് മുതല്‍ അവസ്ഥ മൊത്തം മാറി.

പതിവിലും നേരത്തെ എണീക്കണം, ഫ്രീ പാര്‍ക്കിംഗ് ഏരിയയിലേക്ക് 10 മിനിറ്റ് നടത്തം, വണ്ടി പൊടി തട്ടല്‍, കനത്ത ട്രാഫിക്കില്‍ ശ്രദ്ധിച്ച് വണ്ടിയോടിക്കല്‍, 20 മിനിറ്റ് ദൂരം വെറും ഒരു മണീക്കൂറില്‍ ഓടി ദുബായിലെത്തിയാല്‍ പിന്നെ അര മണിക്കൂറോളം പാര്‍ക്കിംഗിന് വേണ്ടിയുള്ള അലച്ചില്‍, പിന്നെ 10 ദിര്‍ഹംസ് പേ ചെയ്ത് 24 മണിക്കൂറ് പാര്‍ക്കിംഗ് ടിക്കറ്റെടുക്കല്‍... പാര്‍ക്ക് ചെയ്തിടത്ത് നിന്നും ഓഫീസിലോട്ടുള്ള നടത്തം 5 - 10 മിനിറ്റ്സ്... എന്തായാലും തല്‍ക്കാലം ഒരു വണ്ടി എടുക്കേണ്ട എന്ന എന്‍റെ തീരുമാനത്തെ അരക്കിട്ടുറപ്പിക്കുന്ന ദിനങ്ങളാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്.

ചിരിപ്പിക്കുന്ന സത്യങ്ങള്‍...
എന്‍റെ വളരെ അടുത്ത കൂട്ടുകാരനായ ഫിറോസ് ബാബു കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ രസകരമായൊരു കാര്യം പറഞ്ഞു. ആഴ്ചക്കുറിപ്പുകള്‍ മിക്കതും വായിക്കാറുള്ള അവന്‍ പറഞ്ഞത് ഇതായിരുന്നു...
‘തന്‍റെ ഈ കുറിപ്പുകളെല്ലാം വായിച്ചാല്‍ ആളുകള്‍ തന്നെ ചിലപ്പോള്‍ റോള്‍ മോഡലാക്കീന്ന് വരും... അതോണ്ട് തന്‍റെ തനി സ്വഭാവം കാണിക്കുന്ന വല്ലതും ഇടയ്ക്ക് എഴുതാന്‍ മറക്കേണ്ട...’
ഞാന്‍ ശരിക്കും മനസ്സറിഞ്ഞ് ചിരിച്ചു അവന്‍റെ ഡയലോഗ് കേട്ട്. ഒരു ബ്ലോഗറല്ലാത്ത അവന്‍ സത്യം വിളിച്ച് പറയുന്നു!
എന്തായാലും അഗ്രാപ്രദേശില്‍ എന്‍റെ ചില തനിരൂപങ്ങള്‍ കാണിക്കാറുണ്ടെന്ന് പറഞ്ഞവനെ സമാധാനിപ്പിച്ചു.

പാച്ചുവിന്‍റെ ലോകം
പാച്ചു എന്‍റെ കണ്ണടയുടെ കൂടെടുത്ത് വെള്ളം നിറച്ചത് കണ്ട നല്ലപാതി ചോദിച്ചു...
‘എന്താ മോളേ ഈ കാണിച്ചത്...’
‘ഇതൊക്കൊരു രസല്ലെ മ്മാ...’ പച്ചുവിന്‍റെ മറുപടി പെട്ടെന്നായിരുന്നു.

* * * * *
എന്‍റെ പുറത്ത് ആന കളിച്ചിരുന്ന പാച്ചു പെട്ടെന്നാണ് എന്‍റെ ബനിയന്‍റെ കൈ രണ്ടും കടിഞ്ഞാണാക്കി പിടിച്ച് വലിച്ച് എന്നെ കുതിരയാക്കി മാറ്റിയത്. ‘കടിഞ്ഞാണ്‍‘ പിടിച്ച് വലിച്ച് പാച്ചു പിറകിലേക്ക് മറിയും എന്നായപ്പോള്‍ ഞാന്‍ ഭയന്നു...
‘മോളേ വീഴും...’
‘ആര്ടെ മോള്...’
‘ഇന്‍റെ മോള്...’
‘അയിന് പാച്ചു കുതിരേടേ മോളാ...’

23 comments:

അഗ്രജന്‍ said...

“ആഴ്ചക്കുറിപ്പുകള്‍“

ലക്കം മുപ്പത്തിയേഴ്

ഉള്ളടക്കം
- വൈകിയെത്തുന്ന വിവേകം
- ഓട്ടാത്തോനോട്ടുമ്പോ
- ചിരിപ്പിക്കുന്ന സത്യങ്ങള്‍
- പാച്ചുവിന്‍റെ ലോകം

ഇത്തിരിവെട്ടം said...

ഒരാളുടെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ബാക്കി മൂന്ന് വിരലുകളും സ്വന്തം നെഞ്ചിലേക്കാണെന്ന് ഞാനും മറക്കാറുണ്ട്. വിവേകം വൈകി എത്താറുമുണ്ട്.

‘അയിന് പാച്ചു കുതിരേടേ മോളാ...’ ഇത് കലക്കി അഗ്രൂ...

പതിവ് പോലെ ഇഷ്ടമായി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
1. ഉപദേശിക്കാ‍നെന്തെളുപ്പം.
2. ആ വണ്ടി പെട്രോളൊഴിക്കാതെം ഓടുമോ അതിന്റെ ചിലവു കണ്ടില്ല.
3.റോള്‍ മോഡലാ.. ഫിറോസ് ബാബൂനു ബാക്കി ബൂലോഗരെ ഒന്നും പരിചയമില്ലല്ലേ?
4. പാച്ചൂ ഇനി കുതിരപ്പുറത്ത് കേറുമ്പോള്‍ ഒരു കൊച്ച് വടീം കൂടി. തീരെ അനുസരണയില്ലാത്ത കുതിരയാ അല്ലേ?

Abhilash | അഭിലാഷ് said...

“അമി, അനു (സുല്‍ വഹ), പാച്ചു (ഏന്‍ വഹ) ... “ - അതു കലക്കി.. :-)

“നൈമിഷികമായ തമാശകള്‍ക്ക് വേണ്ടി ചിലപ്പോള്‍ മറ്റുള്ളവരുടെ പോരായ്മകളെ കരുവാക്കുന്നു....അവരെ അതെന്തുമാത്രം നോവിക്കും എന്നറിയാതെ..“-അപ്പോ സംഗതികളല്ലാം അറിയാം .. എന്നാലും ...ഹും...:-)

‘അഗ്രജാപ്രദേശ്‘ ‘അഗ്രാപ്രദേശായത്‘ ഞാന്‍‌ ഇപ്പഴാ കാണുന്നത്..? ഇയാളെന്താ പേര് മാറ്റിക്കളിക്കുവാണോ? അവസാനം “ആ പ്രദേശ്” എന്നക്കുമോ? മാറ്റിമാറ്റി ഒടുവില്‍‌ “ശ്” എങ്കിലും ബാക്കി വെക്കണേ..! :-)

പിന്നെ, കുതിരേടെ മോള്‍ക്ക് എന്റെ വക ഒരു ചക്കരയുമ്മ... :-)

അഭിലാഷ് (ഷാര്‍ജ്ജ)

SAJAN | സാജന്‍ said...

അഗ്രജാ ഇതില്‍ മുപ്പത്തിയാറാമത്തെ ആഴ്ചക്കുറിപ്പുകള്‍ കാണനില്ലല്ലൊ?
ഇതില്‍ പാച്ചുവിന്റെ തമാശ ഇഷ്ടപ്പെട്ടു
പിന്നെ സുഹൃത്തിന്റെ ഉപദേശവും സൂപ്പര്‍:)

അഗ്രജന്‍ said...

സാജാ... മുപ്പത്തിയാറ് പഴേ പോസ്റ്റുകളില്‍ ചേര്‍ത്തിട്ടുണ്ട്... അല്ലെങ്കില്‍ ഓള്‍ഡറിലുണ്ട്.

KuttanMenon said...

സുഹ്രുത്തിന്റെ ഉപദേശം നന്നായി. മിന്നുന്നതെല്ലാം പൊന്നല്ല എന്നെങ്ങാനും ആ സുഹ്രുത്തു പറഞ്ഞോ ?
പാച്ചുവിശേഷം കലക്കി.കുതിരയെന്നു കരുതി കഴുതപ്പുറത്ത് കയറുന്ന പാവം പാച്ചു. ഞാനോടി.

അഗ്രജന്‍ said...

ഹഹഹഹ കുട്ടമ്മേന്ന്നേ... :)

ഇതാരെങ്കിലും പറയും എന്നെനിക്കുറപ്പായിരുന്നു...
ആരായിരിക്കും എന്നേ നോക്കാനുണ്ടായിരുന്നുള്ളു :)

എങ്കിലും കുട്ടന്‍ തന്നെ... ഈ ചതി :)

Abhilash | അഭിലാഷ് said...

അഗ്രജാ.. കുട്ടന്‍‌മേനോന്‍‌ പറഞ്ഞത് ഞാന്‍‌ പറയാന്‍‌ മുട്ടി നില്‍ക്കുകയായിരുന്നു.. പിന്നെ “ബഹുമാനം” കൊണ്ടാ പറയാതിരുന്നത് ... ഹി ഹി...(ആത്മഗതം: സരമില്ല.. അദ്ദേഹം പറഞ്ഞപ്പോ സമാധാനമായി..!)...

അഭിലാഷ് (ഷാര്‍ജ്ജ)

::സിയ↔Ziya said...

‘തന്‍റെ ഈ കുറിപ്പുകളെല്ലാം വായിച്ചാല്‍ ആളുകള്‍ തന്നെ ചിലപ്പോള്‍ റോള്‍ മോഡലാക്കീന്ന് വരും... അതോണ്ട് തന്‍റെ തനി സ്വഭാവം കാണിക്കുന്ന വല്ലതും ഇടയ്ക്ക് എഴുതാന്‍ മറക്കേണ്ട...’

സത്യസന്ധനായ ആ മാന്യസുഹൃത്തിനു ഒരു പൊന്നുമ്മ. ഞാനിത് പണ്ടേ വിചാരിക്കണതാ. പറയാന്‍ അവസരം കിട്ടീല്ലാന്നു മാത്രം. മേനന്‍ ആദ്യം പറഞ്ഞത് എന്നേക്കാള്‍ മുന്നേ വായിച്ചത് കൊണ്ട് മാത്രമാണ്.

അഗ്രൂ, തത്കാലത്തേക്ക് എന്റെ ഹെലൊകോപ്റ്റര്‍ വിട്ടു തന്നാല്‍ മതിയാകുമോ? അമ്മായീന്റെ കാറ്‌ അബഡെക്കെഡക്കട്ടെ.

‘അയിന് പാച്ചു കുതിരേടേ മോളാ...’
പാച്ചൂനു തെറ്റില്ല. ഒരു ഗടിഞ്ഞാണുള്ളത് കൊണ്ട് മാത്രം ഗഴുദഗള്‍ ഗുദിരഗളാഗില്ലല്ലോ...

ശൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ....ഞാന്‍ ഹെലികോപ്റ്ററില്‍ തന്നെ പറന്നു

P.R said...

മൂന്നും ഒരുപോലെ ഇഷ്ടമായി..

സു | Su said...

അഗ്രജാ :) വായിക്കാറുണ്ട്. വൈകിയെത്തുന്ന വിവേകം വായിച്ചപ്പോള്‍ സന്തോഷം തോന്നി. അപ്പോത്തന്നെ വിവേകം വന്നല്ലോന്നോര്‍ത്ത്.

യഥാര്‍ത്ഥസുഹൃത്തൊരു കണ്ണാടി തന്നെ. ഇടയ്ക്ക് അദേഹം പറഞ്ഞപോലേം എഴുതാം. ഹിഹിഹി.

പാച്ചുവിനൊരുമ്മ.

ഉറുമ്പ്‌ /ANT said...

:)

സാരംഗി said...

പാച്ചുവിന്റെ ലോകം ഉഗ്രന്‍!

സാല്‍ജോҐsaljo said...

ഇതാണ് ശരിക്കും ബ്ലോഗ്, തങ്ങളുടെ ചിന്താഗതികള്‍ പങ്കുവയ്ക്കുക..ഗുഡ്..നന്നായി..ഓ.ടോ.: ഫിറോസ് മാഷ് ഏതാ പാട്ടുപാടുന്ന ആളല്ലേ?

P.R said...

മുകളില്‍ ഞാനൊരു കമന്റ് വെച്ചിരുന്നു, അതിലൊരു തിരുത്ത് കണ്ടത് ഇപ്പോഴാണ്.
മൂന്നും എന്നവിടെ എഴുതിയത് “നാലും” എന്നു വായിയ്ക്കണേ...
അതില്‍ വിട്ടു പോയത് എന്തായാലും പാച്ചുവിനെ അല്ല ട്ടൊ :)

ഏറനാടന്‍ said...

ഹഹഹ ഇത്‌ കയിഞ്ഞായിച്ചത്തേനെക്കാളും ഉഷാറായി. ഓട്ടാത്തോനോട്ടുമ്പോ ഉണ്ടാകുന്ന ഓരോ പുകിലുകളാലോയിച്ച്‌ ചിരിച്ചുപോയി. വല്ലാത്ത ചുറ്റിക്കലായിപോയില്ലേ.. പിന്നെ പാച്ചു, അതൊരൊന്നൊന്നര തമാശക്കുരു തന്ന്യാണേ (മാഷാ അള്ളാഹ്‌!)

തമനു said...

ഹഹഹഹഹഹഹ ...

പാച്ചുവിന്റെ കുതിര കലകലക്കി...

കുട്ടന്മേനോനും, കുട്ടിച്ചാത്തനും കമന്റില്‍ കലക്കി

കുറിപ്പുകളും കലക്കി....:)

പൊതുവാള് said...

അഗ്രൂ:)
ഇതും നന്നായിരിക്കുന്നു.:)

വണ്ടിയോട്ടുന്നവരുടെ കഷ്ടപ്പാടുകള്‍ ഞാനും ആലോചിക്കാറുണ്ട്.

പാച്ചൂ :)
എന്നാണുപ്പയെ ആനയാക്കി ചങ്ങലയ്ക്കിടുക?.

ശാലിനി said...

:)

Sul | സുല്‍ said...

അഗ്രജന്റെ ആഴ്ചകുറിപ്പുകളിലെ സത്യം തേടിയുള്ള യാത്രയിലായിരുന്നു ഞാന്‍.
ഇപ്പോള്‍ ഞാനറിയുന്നു ആ ആഴ്ചകുറിപ്പിന്റെ സത്യം,
അതിലെ ആത്മാര്‍ത്ഥത.
ഫിറോസ് ബാബു പറഞ്ഞതിലും വലിയ സത്യങ്ങള്‍...

പാചൂ നീ മിടുക്കിയാ. കഴിഞ്ഞയാഴ്ച ഉമ്മയെ തട്ടിയിട്ടു, ഉപ്പയെ ഭംഗിയില്ലെന്നു പറഞ്ഞു നിര്‍ത്തി. ഈ ആഴ്ച... ഉപ്പാനെ നീ മൃഗമാക്കിയില്ലേ മൃഗം :)
(ഇതില്‍ ആക്കാനെന്തിരിക്കുന്നു എന്നു തിരിച്ചു ചോദിക്കരുത്)
-സുല്‍

ആവനാഴി said...

ഓട്ടാത്തോനോട്ടുമ്പഴോ ? .....എന്തിനാണഗ്രജാ ഇങ്ങനെ വളരെ പ്രശസ്തമായ നാട്ടുചൊല്ലിനു പാരഡിയുണ്ടാക്കിയത്?. ആ ഒറിജിനല്‍ തന്നെയങ്ങു പ്രയോഗിക്കൂ. പണ്ടൊക്കെ കാക്ക കാഷ്ടിച്ചു എന്നേ പറയൂ. കാഷ്ഠം എന്നു പറഞ്ഞാലേ സംസ്കാരമുള്ളവരാകൂ! ഈയിടെയായി അതിനു മാറ്റം വന്നിട്ടുണ്ട്. ചില മലയാളസിനിമകളിലെ ഡയലോഗു കേട്ടാല്‍ മനസിലാകും.

ഞാന്‍ വെറുതെ പറഞ്ഞതാണഗ്രജാ. :)

ഇത്തരം അബദ്ധങ്ങളൊക്കെ സാധാരണ പറ്റുന്നതാണു. പശ്ചാത്താപമാകുന്ന പുണ്യാഹത്തിനേ ആ പാപപങ്കത്തെ കഴുകിക്കളയാനൊക്കൂ.

ആഴ്ചക്കുറിപ്പുകളും തുടര്‍ന്നുള്ള കടുകു വറുക്കലും വളരെ ആസ്വദിച്ചു വായിക്കാറുണ്ട്. പലപ്പോഴും ആ കടുകു വറപ്പ് കൂട്ടാനെ കവച്ചുവെട്ടും.

സസ്നേഹം
ആവനാഴി

ദൃശ്യന്‍ | Drishyan said...

അയ്യോ.. ഇത് മിസ്സ് ആയിരുന്നു. ഇപ്പോഴാ വായിച്ചത്.

:-)

സസ്നേഹം
ദൃശ്യന്‍