Sunday, December 3, 2006

പതിനൊന്ന്

യു.എ.ഇ. നാഷണല്‍ ഡേ
ഡിസംബര്‍ 2 ന് യു.എ.ഇ. യുടെ മുപ്പത്തി അഞ്ചാമത് നാഷണല്‍ ഡേ ആഘോഷിക്കപ്പെട്ടു. വെറും മുപ്പത്തിനാല് വര്‍ഷങ്ങള്‍ കൊണ്ട്‍ കൊണ്ട് ഒത്തിരിയൊത്തിരി വികസനം നേടിയെടുത്ത രാജ്യം, ഈ ജനതയ്ക്കും ഇവിടുത്തെ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ക്കും തീര്‍ച്ചയായും അഭിമാനിക്കാം. പുരോഗതി കൊണ്ടു വരുന്ന തീരുമാനങ്ങളെടുക്കാനുള്ള ഇച്ഛാശക്തിയും തെറ്റാണെന്ന് കണ്ടാല്‍ അത് തിരുത്തുവാനുള്ള ആര്‍ജ്ജവവും ഉള്ള ഭരണകര്‍ത്താക്കളും, അവരെ പൂരണ്ണമായും ഉള്‍കൊള്ളുന്ന ഒരു ജനതയും കൂടെയാവുമ്പോള്‍, അവര്‍ക്കെങ്ങിനെ നേട്ടങ്ങള്‍ അകലെയാവും!

വ്യവസ്ഥിതിയേതാണെങ്കിലും സ്വന്തം ജനതയുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റുന്ന ഭരണാധികാരികള്‍, അവരെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ജനത, അതാണിവിടെ കാണാന്‍ കഴിഞ്ഞിട്ടുള്ളത്. പ്രവിശ്യകള്‍ തോറും യാത്ര ചെയ്ത് പൌരന്മാരുമായി കുശലാന്വേഷണങ്ങള്‍ നടത്തുന്ന ഭരണാധിപന്മാരാണിവിടെ ഉള്ളത്. അവര്‍ക്ക് വേണ്ടി അനുവദിക്കുന്ന കാര്യങ്ങള്‍ പിന്നേക്ക് മാറ്റി വെക്കപ്പെടുന്നില്ല. അവര്‍ തിരിച്ച് യാത്രയാകുമ്പോഴേക്കും അതെല്ലാം നടപ്പിലായി കഴിയുന്നു. സ്വന്തം രാജ്യത്തിന്‍റെ നന്മ വിദേശിയര്‍ക്കും പകര്‍ന്നു നല്‍കുന്നതില്‍ ഒട്ടും വിമുഖത കാട്ടുന്നില്ല ഇവിടുത്തുകാര്‍.

ഇവിടുത്തെ ജനതയ്ക്കൊപ്പം ഞങ്ങളും പ്രാര്‍ത്ഥിക്കുന്നു ഈ നല്ല നാടിന്‍റെ അഭിവൃദ്ധിക്കായ്.

ബ്ലോഗിലെ സൌഹൃദങ്ങള്‍
‍കഴിഞ്ഞ ദിവസം കുറച്ച് ബ്ലോഗര്‍മാര്‍ ഒത്തു കൂടി. ഒട്ടും ഔപചാരികത കടന്നുവരാതെ, എന്തിനധികം ബ്ലോഗ് പോലും കൂടുതല്‍ സംസാര വിഷയമായില്ല എന്നതാണ് സത്യം. തമാശകളും പരസ്പര പാരകളും കൊണ്ട് ഒരു ദിവസം മുഴുവന്‍ തറവാടിയുടേയും കുടുംബത്തിന്‍റേയും കൂടെ ചിവഴിച്ചു - ഒരവധി ദിവസം വളരെ മനോഹരമായി കടന്നു പോയി. വരാമെന്നേറ്റിരുന്ന പലര്‍ക്കും പ്രത്യേക സാഹചര്യങ്ങളില്‍ എത്തിപ്പെടാന്‍ പറ്റാതെ പോയി. എത്തിപ്പെടാന്‍ പറ്റുന്നവരുമായി, വല്ലപ്പോഴുമൊക്കെ ഇങ്ങിനെയൊരു ഒത്തു ചേരല്‍ നന്നായിരിക്കും എന്നത് എന്‍റെ അഭിപ്രായം.

ചുമരിലിറക്കി വെക്കുന്ന വികാര പ്രകടങ്ങള്‍
‍കഴിഞ്ഞ ദിവസം കുടുംബവുമൊത്ത് ഒരു ലിഫ്റ്റില്‍ കയറിയപ്പോള്‍ ശരിക്കും ലജ്ജിച്ചു പോയി. പച്ച മലയാളത്തില്‍ മുഴുത്ത തെറികള്‍ ലിഫ്റ്റിന്‍റെ ചുമരുകളില്‍ കോറിപ്പിടിപ്പിച്ചിരിക്കുന്നു. ലിഫ്റ്റിന്‍റെയുള്ളില്‍ തെറികള്‍ എഴുതി വെക്കുന്നവരില്‍ മിടുക്കന്മാര്‍ മലയാളികള്‍ തന്നെയാണെന്ന് തോന്നുന്നു. ലിഫ്റ്റിനുള്ളില്‍ അശ്ലീലം എഴുതി വെക്കുന്നവരുടെ മാനസീകാവസ്ഥ എന്താണ്! വിദ്യാഭ്യാസമില്ലായ്മയുടേയോ സംസ്കാരത്തിന്‍റെയോ കുഴപ്പമല്ല, പകരം... സ്വഭാവരൂപികരണത്തിലെ വൈകല്യമായിരിക്കാം ഇങ്ങിനെ ചെയ്യിക്കുന്നതെന്ന് തോന്നുന്നു. ഭാഷയറിയാത്തത് കൊണ്ട് മറ്റുള്ളവര്‍, നമ്മില്‍ ചിലര്‍ കാത്ത് സൂക്ഷിക്കുന്ന സംസ്കാരം അറിയുന്നില്ല - അത് തന്നെ ഭാഗ്യം.

പാച്ചുവിന്‍റെ ലോകം
കുറുമാന്‍റെ പോസ്റ്റുകള്‍ പ്രിന്‍റ് എടുത്തത് വായിച്ച്, അതേ പറ്റി സംസാരിക്കുകയായിരുന്നു ഞാനും അഗ്രജിയും. അതിലിടയ്ക്ക് വായിച്ചു കഴിഞ്ഞ കമന്‍റുകളുടെ പ്രിന്‍റും കയ്യില്‍ വെച്ച് പാച്ചു ഒരാവശ്യം ഉന്നയിച്ചത് കേട്ട് ഞങ്ങള്‍ ‘കോരിത്തരിച്ച്’ പോയി...

‘ഉമ്മാ പാച്ചൂന് പേന താ... പാച്ചൊരു ബോഗെയുതട്ടെ...’

എങ്ങിനെ കോരിതരിക്കാതിരിക്കും!

* * * * *
ഇന്നലെ രാവിലെ മുതല്‍ മഴയായിരുന്നു. പാച്ചൂനെ പുറത്തൊന്ന് കൊണ്ട് പോയി മഴ കാണിച്ച് കൊടുക്കണമെന്നുണ്ട്... പക്ഷേ, അസുഖങ്ങളെ കുറിച്ചുള്ള പേടി അതില്‍ നിന്നും വിലക്കുന്നു. ഫ്ലാറ്റില്‍ തളച്ചിടപ്പെടുന്ന അവളുടെ ബാല്യത്തെ നോക്കി പലപ്പോഴും എനിക്ക് എന്തോ ഒരു മാതിരി കുറ്റബോധം തോന്നാറുണ്ട്.


പുറത്തെ ചാറ്റല്‍ മഴയെ നോക്കി കിന്നാരം പറയുന്ന പാച്ചു.

1 comment:

മുസ്തഫ|musthapha said...

20 അഭിപ്രായങ്ങള്‍:
ഇക്കാസ് said...
ദേ കെടക്കണ് തേങ്ങ!!
ഫാക്ടംഫോസ് 20:20:0:15

5:30 PM
ഏറനാടന്‍ said...
തേങ്ങ ബ്ലോഗില്‍ നിരോധിച്ചുവോ? ദാ പിടിച്ചോ നല്ല മൂത്ത സുല്ല് മൂന്നെണ്ണം.. ഠ്‌ ഠേ ഠോ..

5:41 PM
കുട്ടന്മേനൊന്‍ | KM said...
അടുത്ത തേങ്ങ. പാച്ചുവിന്റെ ലോകം വിശാലമാകുന്നു.

5:41 PM
ഇടിവാള്‍ said...
ബ്ലോഗാഭിമാനി പത്രത്തേലൊക്കെ പേരു വന്നു അഗ്രജന്‍ ഒന്നു ഫേമസായതിന്റെ അസൂയ നോക്കിക്കേ ബൂലോഗര്‍ക്ക്! എല്ലാരുമിപ്പോ അഗ്രൂനിട്ടാണല്ലോ തേങ്ങയേറ്!

ഈ ലക്കം നന്നായിരി ഗെഡി. തെറിയെഴുതിവക്കുന്നതില്‍ മലയാളികളു മാത്രമല്ല, ഒരു വിധമെല്ലാവരും കണക്കാ.. അതൊരു മാനസിക രോഗമല്ലേ/

നാട്ടിലെ സിനിമാ തീയറ്ററിലൊക്കെ മൂത്രപ്പുരയില്‍, ഇല്ലസ്റ്റ്രേഷനോടുകൂടിയ വിവരണങ്ങള്‍ കാണാം!

5:51 PM
വേണു venu said...
അഗ്രജന്‍ ഭായീ, ആഴ്ച കുറിപ്പുകള്‍ നന്നാകുന്നു.
ഇവിടെയും തീരുമാനങ്ങളെടുക്കാനുള്ള ഇച്ഛാശക്തിയും തെറ്റാണെന്ന് കണ്ടാല്‍ അത് തിരുത്തുവാനുള്ള ആര്‍ജ്ജവവും ഉള്ള ഭരണകര്‍ത്താക്കളും,അവരെ പൂരണ്ണമായും ഉള്‍കൊള്ളുന്ന ഒരു ജനതയും ഈ ജനാധിപത്യ സം‌വിധാനത്തിലൂടെ നമുക്കും നേടാമെന്നും നമുക്കും ഉയരങ്ങളില്‍ എത്താമെന്നും പ്രത്യാശിക്കാം.
പുറത്തെ ചാറ്റല്‍ മഴയെ നോക്കി കിന്നാരം പറയുന്ന പാച്ചുവിനു നഷ്ടപ്പെടുന്നു ഇടവപ്പാതികള്‍, തുലാവര്‍ഷങ്ങള്‍.

8:19 PM
സുല്‍ | Sul said...
അഗ്രു നീ ഇങ്ങനെ സീരിയസ് മാത്രം എഴുതാന്‍ തുടങ്ങിയലെങ്ങനെ?

ഈ ആഴ്ചകുറിപ്പും കസറിയിട്ടുണ്ട്.

തലക്കു തേങ്ങയെറിയുന്നവരും സുല്ലെറിയുന്നവരും ഒരുപാട് കൂടിവരുന്നു. ‘തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും തേങ്ങയേറ്’.

പാചുവിനോട് പറ മഴയുള്ള ഒരു ദിവസം കറങ്ങാന്‍ പോകാമെന്ന്.

-സുല്‍

8:34 AM
രാജു ഇരിങ്ങല്‍ said...
താങ്കളുടെ മറ്റ് പോസ്റ്റുകള്‍ പോലെ ഇതും ശ്രദ്ധേയം.

എനിക്കു തോന്നുന്നു മലാ‍യാളികള്‍ ചുമരുകളില്‍ (മുന്‍സിപ്പലിറ്റികക്കൂസില്‍, ലിഫിറ്റില്‍, ഇരിക്കുന്ന ബഞിചില്‍, അടുത്തിരിക്കുന്നവന്‍റെ കസേരയില്‍, ടിക്കറ്റ് കൌണ്ടറില്‍)കോറിയിടുന്നതിന്‍റെ മന:ശാസ്ത്രം ഒന്ന് പഠന വിധേയമാക്കേണ്ടിയിരിക്കുന്നു. ബ്ലോഗ് ചെയ്യുന്ന മന:ശാസ്ത്ര വിശാരദന്‍ മാരുടെ ശ്രദ്ധ ഈ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുവാന്‍ താല്പര്യപ്പെടുന്നു.

8:45 AM
മുസാഫിര്‍ said...
നന്നായിരിക്കുന്നു അഗ്രജന്‍ , പ്രത്യേകിച്ചും യു ഏ യിയെക്കുറിച്ച് എഴുതിയത്.

9:57 AM
അഗ്രജന്‍ said...
ഇക്കാസ്: ഫാക്ടം ഫോസ് 20:20:0:15 ഇത് വായിക്കുമ്പോള്‍, മര്‍ഫി റേഡിയോയും ഏലൂര്‍ വഴിയുള്ള എറണാകുളം യാത്രയും ഓര്‍മ്മ വരുന്നു :)

ഏറനാടാ: മൂന്നെണ്ണവും വരവ് വെച്ചു :)

കുട്ടമ്മേനോനെ: അപ്പോ മൊത്തം നാലു തേങ്ങ :)

ഇടിവാള്‍: ശ്ശൊ, ഈ ബ്ലോഗാഭിമാനിയെ കൊണ്ടു തോറ്റു - കാശിത്തിരി ചിലവായി, ന്നാലും രണ്ടാളറിഞ്ഞൂലോ :))

ശരിയാണ്, മുന്‍പ് ഇവിടുത്തെ ചില പള്ളികളുടെ ടോയലറ്റുകളിലും ഇത് കാണാമായിരുന്നു (ഇപ്പോഴുണ്ടോ എന്നറിയില്ല) - ഗ്രൂപ്പുകളും, വിഭാഗങ്ങളും തമ്മിലുള്ള തെറിയെഴുത്ത് മത്സരം.

വേണുജി: നമുക്കും പ്രത്യാശിക്കാം എന്നെങ്കിലും അങ്ങിനെയൊരു കാലം.

സുല്‍: ഹഹഹ... ആ ‘തലമുറ തലമുറ’ മുദ്രാവാക്യം ഇഷ്ടായി :)

രാജു: എന്തോ ചിലരൊക്കെ അങ്ങിനെയായി പോകുന്നു... അവരെ കുറ്റപെടുത്തുന്നതോടൊപ്പം, അതിന്‍റെ കാരണങ്ങളും നാമന്വേഷിക്കേണ്ടതു തന്നെ.

മുസാഫിര്‍ ഭായ്: ഇഷ്ടമായതില്‍ വളരെ സന്തോഷം :)

വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം - എല്ലാവര്‍ക്കും നന്ദി :)

10:29 AM
മിന്നാമിനുങ്ങ്‌ said...
അഗ്രൂ,ആഴ്ച്ചക്കുറിപ്പുകള്‍ കാണാനിത്തിരി വൈകി.

ഇമാറാത്ത് വളരുകയാണ്.അതിദ്രുതഗതിയിലുള്ള വളര്‍ച്ച.34വര്‍ഷക്കാലത്തിനിടക്കുള്ള ഈ നാടിന്റെ പുരോഗതി അസൂയാര്‍ഹം തന്നെ.ദീര്‍ഘവീക്ഷണമുള്ള ഭരണധികാരികളുടെ ഇച്ഛാശക്തിതന്നെ,അതിന് നിദാനം.

ഔപചാരികത ഒട്ടുംതീണ്ടാതെയുള്ള ഇത്തരം മീറ്റുകള്‍
ഇനിയും തുടരട്ടെ.അത് നമുക്കിടയിലെ സൌഹൃദത്തെ ഊട്ടിയുറപ്പിക്കട്ടെ.

കാണുന്നിടത്തെല്ലാം അശ്ലീലം കുത്തിനിറച്ചെഴുതി മലയാളിയെ മാനം കെടുത്തുന്നവര്‍ക്ക്,അതുകൊണ്ടെന്ത് സംതൃപ്തിയാണാവൊ ലഭിക്കുന്നത്?

പാച്ചൂന്റെ ലോകം വിശാലമാവുകയാണല്ലൊ,അഗ്രു കുടുംബത്തില്‍ നിന്നൊരു ഭാവിബ്ലോഗര്‍ക്കുള്ള എല്ലാ സാധ്യതകളും തെളിഞ്ഞുകാണുന്നുണ്ട്.പാച്ചു എല്ലാം കണ്ടും കണ്ടറിഞ്ഞും വളരട്ടെ,അതോടൊപ്പം അവളുടെ ലോകവും.

ആഴ്ച്ചക്കുറിപ്പുകള്‍ തുടരട്ടെ,ഭാവുകങ്ങള്‍

1:34 PM
:: niKk | നിക്ക് :: said...
പാച്ചുവും ബ്ലോഗ് എഴുതാന്‍ തുടങ്ങുന്നോ? കൊള്ളാലോ :) കൊടുക്കിക്കാ ഒരു പാര്‍ക്കര്‍. അവള്‍ എഴുതുന്നത് ഇവിടെ പോസ്റ്റ് ചെയ്യണം ട്ടോ :)

1:42 PM
പാര്‍വതി said...
പാച്ചുവിന്റെ സ്വപ്ന ലോകത്തില്‍ എല്ലാ വര്‍ണ്ണങ്ങളും നിറയട്ടെ....ഈ ആഴ്ചകുറിപ്പ് നന്നായിരിക്കുന്നു അഗ്രജാ.

-പാര്‍വതി.

1:59 PM
അഗ്രജന്‍ said...
മിന്നാമിനുങ്ങേ: പ്രോത്സാഹനത്തിന് നന്ദി :)
വാരാദ്യകുറിപ്പ് കണ്ടില്ലല്ലോ.

നിക്കേ: നീയും പാച്ചൂന്‍റെ കമന്‍റിനൊത്ത് തുള്ളിയാലോ... :)

പാര്‍വ്വതി: പ്രോത്സാഹനത്തിന് നന്ദി :)

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

3:55 PM
ആത്മകഥ said...
ആഴ്ചക്കുറിപ്പുകള്‍ നന്നായി .. യു.എ.ഇ.യുടെ വളര്‍ച്ച അസൂയാര്‍ഹം തന്നെയായിരിക്കും പക്ഷെ നമ്മുടെ ഭരതം 100 കോടി ജനതയുമായി എത്ര ഉയര്‍ച്ചയിലേക്കാണ് നടന്നടുക്കുന്നത് .. യു.എ.ഇ. യേക്കാള്‍ ആളോഹരി വരുമാനം കുറഞ്ഞിട്ടും പ്രതിരോധ രംഗത്തും,ശാസ്ത്ര രംഗത്തും, വിഞ്ജാനരംഗത്തും മറ്റേത് രാഷ്ട്രങ്ങളേക്കാള്‍ ഉന്നതിയിലേക്ക് കുതിക്കുന്നു സാമ്പത്തിക വളര്‍ച്ചാനിരക്ക് വളരെ ഉയര്‍ന്ന നിലയിലേക്ക് കുതിക്കുന്നു, ലോകത്തിലെ സമ്പന്നരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത് .. ഒരു കാലത്ത് ജനസംഖ്യ നമ്മുടെ ശാപമായി കണ്ട സ്ഥാനത്ത് ഇപ്പോളത് അനുഗ്രഹമായി കൊണ്ടിരികുകയാണ്, മറ്റുള്ള രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ ഒരു വലിയ മാര്‍ക്കറ്റാണ് അതിന് കാരണം അവിടത്തെ ജനത തന്നെ ...
പാച്ചുവിന്‍റെ ലോകം വിശാലമാക്കുക .. നാലു ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെടാതിരിക്കുക
സൌഹൃദ കൂട്ടായ്മ എത്രമനോഹരമാണ് .. അന്നെടുത്ത ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുക ആ സൌഹൃദം ബൂലോകത്തില്‍ വിഹരിക്കട്ടെ.
ചുമരില്‍ ചീത്ത എഴുതിവെയ്ക്കുന്നതും ഒരു തരം മാനസ്സികമാണ്.. നല്ല പെട കിട്ടാത്തതിന്‍റെ കേടാ.
... എനിക്കൊരു സംശയം എന്താ ഈ തേങ്ങയേറിന്‍റെ ഗുട്ടന്‍സ്

4:29 PM
P.R said...
"pAchchuvinte lOkam" ..that was touching..
I can relate to that "feeling" very well as I too have 2 kids at home.

4:43 PM
അഗ്രജന്‍ said...
ആത്മകഥ: സന്തോഷം, വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും.

ഞാനൊരിക്കലും നമ്മുടെ ഇന്ത്യയുടെ നേട്ടങ്ങളേയും വളര്‍ച്ചയേയും കുറച്ചുകാണാനല്ല ആ ആര്‍ട്ടിക്കിളിലൂടെ ശ്രമിച്ചത്. യു.എ.ഇ. യെ കുറിച്ച് ചിലത് കോറി വെച്ചു... അത്രമാത്രം :)

തേങ്ങയേറിന്‍റെ ഗുട്ടന്‍സ്, തേങ്ങയടി ഞാന്‍ ആദ്യം കണ്ടത് കുറുമാന്‍റെ കയ്യില്‍ നിന്നാണ്... അതോണ്ട് ഞാന്‍ മൈക്ക് കുറുമാന്‍ജിക്ക് കൈമാറുന്നു :)

പി. ആര്‍.: വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം :)

9:31 AM
Anonymous said...
ഇതു ഭയങ്കര രസമായിട്ടുണ്ട് ഈ ആഴ്ചക്കുറിപ്പുകള്‍ വായിക്കാന്‍. പാച്ചുവിന്റെ ലോകം എസ്പെഷലി ഭയങ്കര ഫേവിറെറ്റ്. എന്തു വ്യത്യസ്തമായിട്ടാണ് പിള്ളേര്‍ ഒരോന്നും കാണുന്നേ, ല്ലെ?

1:38 AM
viswaprabha വിശ്വപ്രഭ said...
ആഴ്ചക്കുറിപ്പുകള്‍ നിശ്ശബ്ദമായി വായിച്ചുവരികയായിരുന്നു ഇത്ര നാളും. ആരംഭശൂരത്വത്തിന്റെ ഇല്ലിപ്പടിയും കടന്ന് ഈ ശീലം നാട്ടുവഴിയിലേക്കിറങ്ങില്ലേ എന്ന പേടിയുണ്ടായിരുന്നു ഇത്ര നാളും.

ഇപ്പോളാ പേടി മാറി. വിഷയദാരിദ്ര്യവും അലസതയുമില്ലാതെ ഇതു തുടരുമെന്നൊരു വിശ്വാസം തോന്നുന്നു.
എങ്കില്‍ നന്നായി. എടുത്തുപറയാന്‍ മറ്റൊരു ബ്ലോഗുകൂടിയാവും നമുക്കപ്പോള്‍!

കനിവുള്ള, കനമുള്ള, എന്നിട്ടും കനപ്പില്ലാത്ത നല്ല ഉള്ളടക്കങ്ങള്‍!

ഈ പ്രകടനത്തിന് എല്ലാവിധ ആശംസകളും...!

4:41 AM
Adithyan said...
അഗ്രജോ നന്നായിരിക്കുന്നു :)

5:14 AM
അഗ്രജന്‍ said...
ഇഞ്ചി: ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം :)
പിള്ളേരുടെ കാര്യം, ചിലപ്പോള്‍ നമ്മള്‍ ശരിക്കും അന്തം (ഉള്ള) വിട്ട് പോവും.

വിശ്വേട്ടാ: വളരെ സന്തോഷം :)
ഈ കമന്‍റ് ശരിക്കും ഉത്തരവാദിത്വം കൂട്ടുന്നു എന്ന ചെറിയൊരു പേടി എനിക്കില്ലാതില്ല.

ആദി: സന്തോഷം :)

വായിച്ചവര്‍ക്കെല്ലാം ഒരിക്കല്‍ കൂടെ നന്ദി.

1:29 PM

qw_er_ty