Monday, December 25, 2006

പതിമൂന്ന്

സ്വാതന്ത്ര്യം ദൂര്‍ത്തടിക്കുന്നവര്‍
‍ഇന്നലെ ഷാര്‍ജയ്ക്കുള്ള മടക്ക യാത്രയില്‍, ഡ്രൈവര്‍ നേര്‍ത്ത ശബ്ദത്തില്‍ ഹിന്ദി പാട്ട് വെച്ചിട്ടുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ യാത്രക്കാരായ രണ്ട് അറബ് വംശജര്‍ക്ക് അറബി പാട്ടുകള്‍ കേട്ടേ തീരൂ എന്നൊരൊറ്റ നിര്‍ബ്ബന്ധം. താന്‍ വാര്‍ത്ത കേള്‍ക്കാന്‍ വേണ്ടി കാത്തിരിക്കുകയാണെന്ന് പറഞ്ഞിട്ടൊന്നും അവര്‍ക്ക് ബോധിക്കുന്നില്ല. അവസാനം ഡ്രൈവര്‍ അറബ് ചാനല്‍ ട്യൂണ്‍ ചെയ്തു കൊടുത്തു. മറ്റൊരിക്കല്‍ വണ്ടിയില്‍ വെച്ചു തന്നെയാണ്, സ്വന്തം മൊബൈലില്‍ അത്യുച്ചതില്‍ പാട്ട് വെച്ച് ആസ്വദിക്കുകയാണ് ഒരു ‘മിടുക്കന്‍‘. സഹയാത്രികന്‍ വോളിയം കുറയ്ക്കാന്‍ പറഞ്ഞിട്ടും അയാളത് ഗൌനിക്കുന്നില്ല. അവസാനം ‘ഓ ബന്ത് കരോ, യേ കഫറ്റേരിയ നഹീ’ എന്ന ഡ്രൈവറുടെ താക്കീത് വേണ്ടി വന്നു അതൊന്നു നിറുത്തിക്കിട്ടാന്‍.

ചിലരങ്ങിനെയാണ്, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് മാത്രമേ വില കല്പിക്കാറുള്ളു. ഉച്ചത്തില്‍ പാട്ട് വെയ്ക്കുന്നവന്‍, അടുത്തിരിക്കുന്നവന്‍റെ മാനസീകവസ്ഥ ഒരിക്കലും കാണുന്നില്ല. ഒന്നുകില്‍ അയാളെന്തെങ്കിലും തരത്തില്‍ ദുഃഖം അനുഭവിക്കുന്നവനാകാം. അയാളുടെ ചെവിയിലേക്കാണ് പാട്ട് കയറ്റി വിടുന്നത്. മറ്റൊരു കൂട്ടര്‍ക്ക് ബസ്സ് യാത്ര, കാഠിന്യമുള്ള റിങ്ങ് ടോണുകള്‍ മാറി മാറി പരീക്ഷിക്കാനുള്ള സമയമാണ്. എന്തോ പലരും, സ്വന്തം സ്വാതത്ര്യം മറ്റുള്ളവന്‍റെ സ്വാതത്ര്യത്തെ ചവിട്ടിയരയ്ക്കാനുള്ള അവകാശമായി കാണുന്നു.

സൃഷ്ടിപ്പിലെ കണിശതകള്‍
‍യു.എ.ഇ. യില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ കിട്ടി. ഒരാഴ്ചയോളമായി, മഴക്കാറുണ്ടെങ്കിലും മഴയില്ല. പക്ഷെ മുന്നെ പെയ്ത മഴയില്‍ ഉണ്ടായ വെള്ളക്കെട്ട് ഇനിയും വറ്റിയിട്ടില്ല പലേടത്തും. രണ്ടോ മൂന്നോ മഴയില്‍ ലഭിക്കുന്ന വെള്ളം പോലും ഊര്‍ന്നു പോകാത്ത ഈ മണല്‍ ഭൂമിയില്‍ നമ്മുടെ കാലവര്‍ഷം പോലെ ഒന്ന് പെയ്താലുള്ള അവസ്ഥ ആലോചിച്ചു പോയി. ഒരോ ഭൂവിഭാഗത്തിനും അതിന്‍റേതായ കാലാവസ്ഥ നല്‍കി പരിപാലിക്കുന്ന സൃഷ്ടാവിന്‍റെ കഴിവ് ഒരു യുക്തി കൊണ്ടും അളക്കാനാവില്ല.

പാച്ചുവിന്‍റെ ലോകം
വല്ലപ്പോഴും പുറത്ത് പോയി ഭക്ഷണം കഴിക്കല്‍ ഒരു രസമാണ്. കഴിച്ചവസാനിക്കുന്ന നേരത്താണ് പാച്ചുവിന്‍റെ കയ്യില്‍ നിന്നും ഗ്ലാസ്സ് തട്ടി വെള്ളം പോയത്. പാച്ചു പെട്ടെന്ന് തന്നെ വെയിറ്ററെ നോക്കി വിളിച്ചു പറഞ്ഞു...

‘അങ്കിളേ, പാച്ചു വെള്ളം തട്ടീട്ടാ...’

കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും സത്യസന്ധതയും കൊതിപ്പിക്കുന്നതു തന്നെ.

ആശംസകള്‍
‍എല്ലവര്‍ക്കും സ്നേഹം നിറഞ്ഞ ക്രിസ്തുമസ്സ് ഈദ് പുതുവത്സര ആശംസകള്‍.

* * * * *
ആശയ ദാരിദ്ര്യം കുറിപ്പുകളെ ശരിക്കും ബാധിക്കുന്നുണ്ട്, ഇതെത്ര കാലം എന്നൊട്ടും തിട്ടമില്ല.

1 comment:

അഗ്രജന്‍ said...

28 അഭിപ്രായങ്ങള്‍:
അഗ്രജന്‍ said...
ആഴ്ചക്കുറിപ്പുകള്‍ 13


ആശയ ദാരിദ്ര്യം കുറിപ്പുകളെ ശരിക്കും ബാധിക്കുന്നുണ്ട്, ഇതെത്ര കാലം എന്നൊട്ടും തിട്ടമില്ല.

10:50 AM
ഇടിവാള്‍ said...
അന്നേരം മ്മക്ക് പേര്‍ മാറ്റി, മാസക്കുറിപ്പെന്നോ, മറ്റോ ആക്കാ..

അല്ലേപ്പിന്നെ ബ്ലോഗാഭിമാനിക്കാരെപ്പോലെ ഇഷ്ടികക്കുറിപ്പെന്നും നല്ലത ;)

11:00 AM
സുല്‍ | Sul said...
അവസാനത്തെ ആ കമെന്റ് ഈ കുറിപ്പിന്റെ മുഴുവന്‍ മാനവും കളഞ്ഞു കുളിക്കും.

‘സ്വാതന്ത്ര്യം ധൂര്‍ത്തടിക്കുന്നവര്‍‘ ഒരു സത്യമാണ്. ഒരിക്കല്‍ ഓഫീസിലേക്ക് വരുന്ന വഴി ഒരു ചെറിയ ട്രാഫിക് ബ്ലോക്ക്. വണ്ടികള്‍ നീങ്ങുന്നില്ല. പുറത്തേക്ക് തലയിട്ട് നോക്കിയപ്പോള്‍ എന്താ വിശേഷമെന്നോ, ദുബായിലേക്ക് പോകുന്ന ഒരു സ്കൂള്‍ വാന്‍ ഒരു മിടുക്കനെ കാത്ത് നില്‍ക്കുകയാണ് രണ്ടു മൂന്ന് വണ്ടി മുന്നില്‍. ഇനി മിടുക്കന്‍ (14-16 വയസ്സ്) എന്തു ചെയ്യുന്നു എന്നറിയേണ്ടെ, ഒച്ചിഴയുന്ന വേഴത്തില്‍ വാ‍നിനടുത്തേക്ക് നടന്ന് വരുന്നു. വളരെ സാവധാനത്തില്‍. ഇത്രയും നേരം മറ്റു വണ്ടികള്‍ പിന്നില്‍ കാത്തുനില്പുണ്ടെന്നത് തന്നെ ബാധിക്കുന്നതല്ല എന്നപോലെ.

പാച്ചു പിടി മുറുക്കുന്നു.

ഇഷ്ടികക്കുറിപ്പാക്കുന്നൊ? അഗ്രു ഇപ്പോള്‍ സ്കൂപ് കിട്ടാതെ ഓടി നടക്കുവാണോ?

-സുല്‍

11:13 AM
അതുല്യ said...
അഗ്രുവേ തിരക്കിലും അഗ്രൂ ഇത്‌ എഴുതുന്നുണ്ടല്ലോ. ഒരു വരിയാണേങ്കിലും എഴുതൂ. പേനപിടിയ്കുമ്പോ ഇപ്പോ കൈ വിറയ്കും എന്റെ, അതോണ്ട്‌ ഈ ഡയറിക്കുറിപ്പൊക്കെ അമുല്യം.

(ഓടോ. ഈയ്യിടെ ബര്‍ദുബായ്‌ ബസ്‌ റ്റെര്‍മിനലീന്ന് ബസ്സില്‍ കയറീ ഷാര്‍ജ എത്തുന്നത്‌ വരെ ഒരു സഹസൃഷ്ടി ഒരു ബോള്‍ പെന്നിന്നെ ക്യാപ്പില്‍ റ്റിക്ക്‌ റ്റിക്ക്‌ എന്ന് പറഞ്ഞ്‌ ബോള്‍ പെന്‍ തുറന്നും അടച്ചും ഇരുന്നു. ആരോട്‌ പറയാന്‍? സ്വാതത്ര്യം... ഭൂമിയില്‍ രണ്ടാമത്‌ ഒരാളും കൂടിയുണ്ടായപ്പോ, ആദ്യം സൃഷ്ടിയ്കപെട്ട ആളിന്റെ ലിബര്‍ട്ടി (സ്വാതദ്ര്യം) 50 ശതമാനമായി കുറഞ്ഞു. (When the second is born to this earth, the freedom of first person is halved, so think of yours!!!)

ആ കണക്കിനു ഇപ്പോ നമ്മുക്ക്‌ എത്രമാത്രം ഉണ്ടാവും?)

11:24 AM
അതുല്യ said...
അഗ്രുവേ തിരക്കിലും അഗ്രൂ ഇത്‌ എഴുതുന്നുണ്ടല്ലോ. ഒരു വരിയാണേങ്കിലും എഴുതൂ. പേനപിടിയ്കുമ്പോ ഇപ്പോ കൈ വിറയ്കും എന്റെ, അതോണ്ട്‌ ഈ ഡയറിക്കുറിപ്പൊക്കെ അമുല്യം.

(ഓടോ. ഈയ്യിടെ ബര്‍ദുബായ്‌ ബസ്‌ റ്റെര്‍മിനലീന്ന് ബസ്സില്‍ കയറീ ഷാര്‍ജ എത്തുന്നത്‌ വരെ ഒരു സഹസൃഷ്ടി ഒരു ബോള്‍ പെന്നിന്നെ ക്യാപ്പില്‍ റ്റിക്ക്‌ റ്റിക്ക്‌ എന്ന് പറഞ്ഞ്‌ ബോള്‍ പെന്‍ തുറന്നും അടച്ചും ഇരുന്നു. ആരോട്‌ പറയാന്‍? സ്വാതത്ര്യം... ഭൂമിയില്‍ രണ്ടാമത്‌ ഒരാളും കൂടിയുണ്ടായപ്പോ, ആദ്യം സൃഷ്ടിയ്കപെട്ട ആളിന്റെ ലിബര്‍ട്ടി (സ്വാതദ്ര്യം) 50 ശതമാനമായി കുറഞ്ഞു. (When the second is born to this earth, the freedom of first person is halved, so think of yours!!!)

ആ കണക്കിനു ഇപ്പോ നമ്മുക്ക്‌ എത്രമാത്രം ഉണ്ടാവും?)

11:38 AM
വിചാരം said...
ഈദുസ്വാതന്ത്രം ഒരു ആഗോള പ്രതിഭാസമാണ് നമ്മുക്ക് പരിതപിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാനാവും .. പ്രതികരിച്ചാല്‍ നമ്മുടെ സമയനഷ്ടവും മാനനഷ്ടവും ഒരുപക്ഷെ സാമ്പത്തിക നഷ്ടവും മിച്ചം.
പാച്ചുവിന്‍റെ നിഷ്കളങ്കത ... ബാല്യം എത്ര സുന്ദരം

വിഷയ ദൌര്‍ലഭ്യം എന്ന പരിതാപം അത് ശരിയാണോ .. ഓരൊ ദിവസത്തെ കുറിപ്പുകള്‍ പോലും പരിശ്രമിച്ചാല്‍ അഗ്രജന് എഴുതാനാവും എന്നിട്ടാണോ ..

ഈ എഴുത്ത് ഒത്തിരി കാലം തുടരാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

11:59 AM
തറവാടി said...
എത്രയെഴുതുന്നു എന്നതല്ല , എന്തെഴുതുന്നു എന്നതാണ്‌ പ്രാധാനം

വായിച്ചു , നന്നായിരിക്കുന്നു.

( ഓ:ട്): ഒരു ദിവസം 24 മണിക്കൂറില്ലേ അഗ്രജാ!!!!!!!!!!!, വിഷയത്തിനാണൊ , പഞ്ഞം , ഒന്നുമില്ലെങ്കില്‍ ...അവരെ ക്കുറിച്ചെങ്കിലുമെഴുതിക്കൂടെ?
:)

)

12:13 PM
വല്യമ്മായി said...
അയ്യോ,ഞാന്‍ എഴുതാന്‍ വെച്ചിരുന്നത് തറവാടിയെഴുതി( ഇതാണൊ ഐ മന്‍പൊരുതം എന്നു പറയുന്നത്)

ഓ.ടോ:സ്വ.ലേ കളെ ആവശ്യമുണ്ടൊ അഗ്രജാ‍

12:22 PM
ദിവാ (ദിവാസ്വപ്നം) said...
ആഹഹ അഗ്രജ് ഭായ്, ‘മഹാന്മാര്‍ ഒരുപോലെ ചിന്തിക്കുന്നു’ എന്ന് ആരാണ് പറഞ്ഞത് ? (കുറുമാനാണോ‌ :‌-)

ഇതേ വിഷയം പറയണമെന്ന് ഓര്‍ത്തുകൊണ്ട് ഞാന്‍ വീട്ടിലെത്തിയപ്പോഴേയ്ക്കും ഇതാ അഗ്രജ് ഭായിയുടെ പോസ്റ്റ് !

രണ്ട്-മൂന്ന് മണിക്കൂറുകള്‍ക്ക് മുന്നേ, ക്രിസ്തുമസ് കുര്‍ബാന കഴിഞ്ഞ് പള്ളിയില്‍ നടന്ന “ഗിഫ്റ്റ് പങ്ക് വയ്ക്കലും സ്നേഹവിരുന്നും” ആണ് ഇപ്രകാരം ചിന്തിപ്പിച്ചത്.

(‘പള്ളിയില്‍ കുര്‍ബ്ബാന നടക്കുന സമയത്ത് ധാരാളം വിശ്വാസികള്‍ ഇടനാഴിയിലും കോറിഡോറിലും കൂടി നിന്ന് വര്‍ത്തമാനം പറയുന്നു’ എന്ന പരാതി എത്രയോ കൊല്ലമായി അച്ചന്മാര്‍ പറയുന്നതായതുകൊണ്ട്, നമുക്കതു വിട്ടുകളയാം. ഒന്നുമില്ലെങ്കിലും കുര്‍ബ്ബാന തടസ്സമില്ലാതെ നടക്കുന്നുണ്ടല്ലോ)

ഇത് അതല്ല പ്രശ്നം. ഗിഫ്റ്റ് പങ്ക് വയ്ക്കല്‍ - അഥവാ, അഞ്ചു ഡോളര്‍ വീതം കൊടുത്ത്, ക്രിസ്ത്മസ് ട്രീയുടെ ചുവട്ടില്‍ കൂട്ടിയിട്ടിരിക്കുന്ന ഗിഫ്റ്റുകളിലൊന്ന് സ്വന്തമാക്കുക - എന്ന കര്‍മ്മത്തിനിടയില്‍ ആളുകള്‍ സൃഷ്ടിച്ച തിക്കും തിരക്കും. ട്രീയുടെ ചുവട്ടില്‍ വച്ചിരിക്കുന്ന പല ഗിഫ്റ്റുകളുടെയും വില, അഞ്ചുഡോളറില്‍ കൂടുതലാണ് ! ഏറ്റവും വലിയ ഗിഫ്റ്റ് സ്വന്തമാക്കാനാണീ ഉന്തും തള്ളും. എത്രയോ തവണ അനൌണ്‍സ് ചെയ്തിട്ടും നോ രക്ഷ !

അതുകഴിഞ്ഞ്, സ്നേഹ വിരുന്ന്. വിരുന്ന് സൌജന്യമാണ്. ചിക്കന്‍ ബിരിയാണി വിളമ്പുന്നത് ഇത്ര വലിയ കാര്യമാണോ എന്ന് ആരും ചിന്തിച്ചുപോകുന്ന തരത്തിലാണ് തിക്കും തിരക്കും.

കിട്ടിയവര്‍ കിട്ടിയവര്‍ എന്താ ചെയ്യുന്നതെന്നോ... ഏതെങ്കിലും പരിചയക്കാരെ കാണുന്ന മാത്രയില്‍ അവിടെ തന്നെ നിന്ന് വര്‍ത്തമാനം പറഞ്ഞുകൊണ്ട് ബിരിയാണി തിന്നുന്നു. പിന്നാലെ വരുന്നവര്‍ക്ക് മുന്നോട്ട് പോകാനോ ഭക്ഷണം കിട്ടിയവര്‍ക്ക് എവിടെയെങ്കിലും പോയിരുന്ന് കഴിക്കാനോ തടസ്സമായി ഇവര്‍ നില്‍ക്കുന്നു. വാതിലിനു മുന്നില്‍ നിന്ന് പോലും വര്‍ത്തമാനം പറഞ്ഞുകൊണ്ട്
ബിരിയാണി തിന്നുന്നവര്‍ എത്രയോ പേര്‍. ഏറ്റവും രസം, മിക്കവര്‍ക്കും ഇതിനെപ്പറ്റി പരാതിയൊന്നുമില്ലായെന്നതാണ് !! അവരിതൊക്കെ ആസ്വദിക്കുന്നു എന്നാണ്, കാണുന്നവര്‍ക്ക് തോന്നുക.

(ഇതിനെല്ലാം ഇടയില്‍ ഒരു ചേട്ടന്‍, പെണ്ണുങ്ങള്‍ നില്‍ക്കുന്നതിനിടയിലൂടെ ‘ഗാര്‍ബേജ് ക്യാന്‍’ തപ്പുന്നതും കാണാനുള്ള ഭാഗ്യമുണ്ടായി. കൈയിലുള്ള വേസ്റ്റ് കളയാന്‍, നിലത്ത് ഗാര്‍ബേജ് ക്യാന്‍ തപ്പുന്നതായിട്ടാണ് അഭിനയം. ഒളിച്ചും പാത്തുമൊന്നുമല്ല, “ഇവിടൊരു ഗാര്‍ബേജ് ക്യാനുണ്ടായിരുന്നല്ലോ” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് തപ്പുന്നതും !)

ടീവീഎസ്സിന്റെ ബാംഗ്ലൂരിനടുത്തുള്ള ഹെഡ് ഓഫീസില്‍, ഉച്ചയ്ക്ക് ലഞ്ചിന്റെ വെറും അരമണിക്കൂര്‍ ബ്രേക്കില്‍, 900-1000 ജോലിക്കാര്‍/തൊഴിലാളികള്‍ വെടിപ്പായി ഭക്ഷണം കഴിച്ചിട്ട് പോകുന്നത് ഞാന്‍ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. ‘തമിഴന്മാര്‍ക്ക് വൃത്തിയില്ലാ‘ എന്ന് നമ്മള്‍ കാടടച്ച് വെടിവയ്ക്കാറുമുണ്ട്. ഇവിടടുത്തുള്ള ബാലാജി ടെമ്പിളീലും നല്ല മണിമണി പോലെ ക്യൂ നിന്ന് ഭക്ഷണം വാങ്ങിത്തിന്നുന്ന സൌത്ത് ഇന്‍ഡ്യന്‍സിന് പഞ്ഞമില്ല.

എന്താണ് നമ്മള്‍ മലയാളികള്‍ ഇങ്ങനെ... പതിറ്റാണ്ടുകളായി വിദേശരാജ്യങ്ങളില്‍ പോയി ജീവിച്ചാലും, ഒരിത്തിരി ഡിസോര്‍ഗനൈസ്ഡ് ആയ ഒരു സിറ്റുവേഷന്‍ വരുമ്പോള്‍ നമ്മള്‍ കവാത്ത് മറക്കുന്നു. പറയുമ്പോള്‍ എല്ലാം പറയണമല്ലോ... ഇത്തരം ‘പന്നിക്കൂട് ദൃശ്യങ്ങള്‍‘ പതിവുകാഴ്ചയല്ല. സാധാരണ കല്യാണ സദ്യകള്‍ക്കും മറ്റും വളരെ മെച്ചമാണ് സ്ഥിതി.

ഒക്കെ പോട്ടെന്ന് വയ്ക്കാം. ഇതൊക്കെ കണ്ടാണ്, ഇവിടെ ജനിച്ചുവളര്‍ന്ന അമേ. മലയാളിക്കുട്ടികള്‍ പഠിക്കുന്നത്. അവരും കൂടി, പെരുമാറ്റ മര്യാദകള്‍ തെറ്റായി പഠിക്കുമല്ലോയെന്ന് ഓര്‍ക്കുമ്പോഴേ ഇത്തിരി വിഷമമുള്ളൂ. ഇത്രയും തിരക്കിനിടയില്‍ നിന്ന്, പരസ്പരം ഫോട്ടോ എടുക്കുന്ന രണ്ടുമൂന്ന് ടീനേജേഴ്സിനെ അവിടെത്തന്നെ കാണുകയും ചെയ്തു. :(

12:24 PM
അതുല്യ said...
ദിവാന്‍-ജീ,, മഹാന്മാരുടെ ലിസ്റ്റില്‍ എന്നേയും.

ഇവിടെയും ഉണ്ട്‌, വെള്ളിയാശ്ച സല്‍സംഗ്‌.. വിഷ്ണുസഹസ്രനാമ അര്‍ച്ചന. ഒരു പ്രസാദ വിതരണമുണ്ടാവും അത്‌ കഴിഞ്ഞു. കല്‍ക്കണ്ടിലായിരുന്നും ആദ്യം തുടങ്ങീത്‌. പിന്നെ ആരോ പറഞ്ഞു, അല്‍പം കടല വേവിച്ചതും ആവാം..അങ്ങനെ അങ്ങനെ പിന്നെ അങ്ങൊട്ട്‌ ആ ലിസ്റ്റ്‌ കൂടി, എല്ലാരും അവനവന്റെ പൊണ്ടാട്ടീം, ശരവണഭവന്റെ കുക്കും ഉണ്ടാക്കുന്ന സാധങ്ങളായിട്ട്‌ ആയി വരവു. അത്‌ കാരണം ജപം നടകുമ്പോ തന്നെ.. എന്താ കൊണ്ട്‌ വന്നേ? എവിടുന്നാ വാങ്ങിയേ..പിന്നെ ഫലശ്രുതി കഴിയുമ്പോഴേയ്കും ഐറ്റംസിന്റെ അടുത്തേയ്ക്‌ പാച്ചിലാവും. അതും കഴിഞ്ഞ്‌ പിന്നെ ബാക്കിയുള്ളവ കൂടുതല്‍ കുൂടുതല്‍, സേം റൂട്ട്‌, സേം ബില്‍ഡിംഗ്‌, സേം സ്കൂളില്‍ പഠിയ്കുന്ന കുട്ടികള്‍ എന്നിങ്ങനെ കാറ്റഗറീസ്‌ ചെയ്ത്‌ അത്‌ പൊതിഞ്ഞ്‌ കെട്ടി, പ്ലാസ്റ്റിക്ക്‌ കവറീന്ന് ഒഴുക്കി, സതം പറഞ്ഞ ജപത്തിനു പോയി വരുന്നത്‌, സദ്യയുണ്ണാന്‍ പോകുന്ന മട്ടായി. ഈ വേയ്സ്റ്റ്‌ തിരയുന്ന വിദ്യയും, ഫോട്ടം പിടിപ്പും ഒക്കേനും ഇവിടേം ഉണ്ട്‌ ട്ടോ.

എത്ര അറിഞ്ഞാലും, ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ലാ എന്ന തിരിച്ചറിവ്‌ തരും ചിലപ്പോ ചില ആളുകള്‍ നമുക്ക്‌. സഹജീവിനെ ഇത്‌ പോലുള്ള കാര്യങ്ങള്‍ക്ക്‌ പോലീസില്‍ ഏല്‍പ്പിയ്കാന്‍ വകുപ്പിലല്ലോ നമുക്ക്‌.

(Agru You are also with a cam, dont clik me!!)

12:35 PM
കുറുമാന്‍ said...
ചെറുതെങ്കിലും, പറഞ്ഞതില്‍ കഴമ്പുണ്ടഗ്രജാ.

പോസ്റ്റിലും വലുത് ദിവ കമന്റായിട്ടിരിക്കുന്നതും നന്നായി. ചിരിക്കാനുള്ള വക കിട്ടിയതില്‍ സന്തോഷം.

ഇടിവാളേ, ബ്ലോഗാഭിമാനിയല്ല, ബ്ലോഗഭിമാനിയാണെന്ന് പണ്ടവര്‍ പറഞ്ഞിരുന്നു. വെറുതെ എന്തിനാ, വേലിയില്‍ ഇരിക്കുന്ന പാമ്പിനെ എടുത്ത് ടൈക്ക് പകരം കെട്ടുന്നത്?

12:39 PM
Radheyan said...
അഗ്രജാ ഒരു സംശയം,മണല്‍ഭൂമിയില്‍ വെള്ളം പെട്ടെന്ന് വാര്‍ന്നു പോവുകയല്ലേ ചെയ്യുക?വെള്ളം താഴാത്തത് എല്ലായിടവും കോണ്‍ക്രീറ്റ് ചെയ്തതു കൊണ്ടല്ലേ?അതു പോലെ ഡ്രെയ്നേജില്ലാത്തതുകൊണ്ടും?ഇതിനു ദൈവത്തിന്റെയോ പ്രകൃതിയുടെയോ കണിശതയുമായി ബന്ധമുണ്ടോ.ഇതൊക്കെ മനുഷ്യന്റെ വികൃതിയല്ലേ?കടലില്‍ മണ്ണടിച്ച് പൊക്കി നഗരം പണിയുന്ന പോലെ ഉള്ള അതിക്രമം?

12:43 PM
ഇക്കാസ് said...
ആ പാട്ടു കേള്‍ക്കുന്ന കാര്യം നന്നായി!!
അങ്ങനത്തെ ശീലങ്ങളുള്ളവര്‍ ഇത് വായിച്ച് സീലങ്ങള്‍ മാറ്റാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും.

12:43 PM
അഗ്രജന്‍ said...
radheya,

അനുഷ്ടാനങ്ങളൊന്നും പൂര്‍ണ്ണമായും കൊണ്ട് നടക്കാനാവുന്നില്ലെങ്കിലും ഞാന്‍ തീര്‍ത്തും ഒരു ദൈവ വിശ്വാസിയാണ് (മറ്റുള്ളവര്‍ അങ്ങിനെയല്ല എന്നതിനര്‍ത്ഥമാക്കേണ്ട). അതുകൊണ്ട് തന്നെ ഞാന്‍ ഈ വക കാര്യങ്ങളില്‍ ശാസ്ത്രവശങ്ങള്‍ ഉള്‍ക്കൊള്ളുന്നതോടൊപ്പം തന്നെ, അതിലെ ദൈവീകമായ വശങ്ങളും ഉള്‍കൊള്ളാറുണ്ട്.

മരുഭൂമിയായി കിടക്കുന്ന കാലത്തും ഇവിടെ മഴ കുറവ് തന്നെയായിരുന്നു എന്നാണറിവ്. ഞാന്‍ ഇവിടെ വരുന്ന കാലത്ത് (പതിമൂന്ന് വര്‍ഷം മുന്‍പ്) ഇന്നത്തേതിന്‍റെ പകുതി പോലും കെട്ടിടങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ല. ദുബായ് - ഷാര്‍ജ റോഡില്‍ അന്ന് കെട്ടിടങ്ങളൊന്നും തന്നെയില്ല. അന്നും മഴ പെയ്താല്‍ പെട്ടെന്നൊന്നും വെള്ളമിറങ്ങാറില്ല. എനിക്ക് തോന്നുന്നത് അതിവിടുത്തെ ഭൂവിഭാഗത്തിന്‍റെ പ്രത്യേകതയാണെന്നാണ്.

12:58 PM
അഗ്രജന്‍ said...
ഇടിവാളേ :) അല്ല ഈ ബ്ലോഗാഭിമാനി എവിടെ പോയി... ഡിസംബര്‍ എട്ടിന് പുതിയ ലക്കം ഇറങ്ങുമെന്ന് പറഞ്ഞിരുന്നല്ലോ.

സുല്‍: അതൊരു മുന്‍കൂര്‍ ജാമ്യം എടുത്തതല്ലേ :)

അതുല്യേച്ചി: പ്രോത്സഹനത്തിന് നന്ദി, ആ കണക്ക് നോക്കിയാല്‍ നമ്മടെ സ്വാതന്ത്യം മൈനസ് ബാലന്‍സ് തന്നെ :)

നന്ദി, രണ്ടാം റൌണ്ട് ഇല്ല :)

വിചാരം: എന്തും എഴുതാമെന്ന് വെച്ചാല്‍ വിഷയത്തിന് പഞ്ഞമില്ല... പക്ഷെ, എന്‍റെ കുറിപ്പുകള്‍ ആരേയും നോവിക്കരുതെന്ന് ആഗ്രഹിക്കുന്നു (ആഗ്രഹം മാത്രം) :)

തറവാടി, വല്യമ്മായി: പ്രോത്സാഹനത്തിന് നന്ദി. വല്യമ്മായി എടുത്ത് വെച്ചിരുന്ന കമന്‍റ് തറവാടി തട്ടിയെടുത്തത് കൊണ്ട് രണ്ട് പേര്‍ക്കും ഒന്നിച്ച് മറുപടി :)

തറവാടി: ...ന്ന് വെച്ചാ ആരാ :)

വല്യമ്മായിയുടേ ഒ.ടോ. കലക്കി :)

ദിവാ: എന്‍റെ ദിവാ, മറ്റൊരു മഹാനേ...ഞാനെന്തു പറയാനാ :).

ഒട്ടും കൊഴുപ്പില്ല, എന്നെനിക്ക് തോന്നിയ പോസ്റ്റിനെ ഇത്രയും നല്ലൊരു കമന്‍റ് കൊണ്ട് പ്രോത്സാഹിപ്പിച്ചതിന് നന്ദി :)

ഒ.ടോ: പ്രൊഫൈല്‍ പടം കലക്കന്‍ :)

അതുല്യേച്ചി: ദിവാ, നമുക്ക് ഇവരേയും കൂട്ടാം അല്ലേ :)

സത്യത്തില്‍ വിട്ടു പോയതാ, അന്ന് വീട്ടില്‍ വന്നപ്പോള്‍ ചേച്ചീടെ പടമെടുക്കാന്‍ :)

കുറുമാന്‍: വളരെ സന്തോഷം, പ്രോത്സാഹനത്തിന് നന്ദി :)

രാധേയാ: അഭിപ്രായം പങ്ക് വെച്ചതില്‍ വളരെ സന്തോഷം :).

എന്‍റെ അഭിപ്രായം മുകളില്‍ എഴുതിയിരുന്നു.

ഇക്കാസ്: തന്നെ തന്നെ... മാറിയതു തന്നെ :)

വായിച്ച, അഭിപ്രായം പങ്ക് വെച്ച എല്ലാവര്‍ക്കും നന്ദി :)

1:32 PM
Sona said...
അഗ്രജന്‍ പറഞ്ഞത് സത്യമാണ്. പലരും സ്വന്ദം സ്വാതന്ദ്ര്യം മറ്റുള്ളവന്‍റെ സ്വാതന്ദ്ര്യത്തെ ചവിട്ടിയരയ്ക്കാനുള്ള അവകാശമായി കാണുന്നു...പബ്ലിക് പ്ലെയ്സുകളിലെല്ലാം ഇത്തരം കാര്യങള്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്..എല്ലാവര്‍ക്കും ഒരെ ടെയ്സ്റ്റോ,ഒരേ മൂഡ്, ഒന്നും ആയിരിക്കില്ല എപ്പൊഴും.

9:49 PM
Anonymous said...
ഇപ്രാവശ്യം ഒന്നൂടെ ഹൃദ്യമായി. പാച്ചുവിന്റെ നിഷ്‌കളങ്കതയെത്രയും പ്രശംസനീയം. മുതിര്‍ന്നവര്‍ക്കും ഇങ്ങനെയൊരു മനസ്സുണ്ടെങ്കിലെത്ര സുന്ദരമീ ലോകം!

12:56 PM
ഏറനാടന്‍ said...
ഇപ്രാവശ്യം ഒന്നൂടെ ഹൃദ്യമായി. പാച്ചുവിന്റെ നിഷ്‌കളങ്കതയെത്രയും പ്രശംസനീയം. മുതിര്‍ന്നവര്‍ക്കും ഇങ്ങനെയൊരു മനസ്സുണ്ടെങ്കിലെത്ര സുന്ദരമീ ലോകം!

12:59 PM
Anonymous said...
ദുബായില്‍ മലയാളി ഉള്ളിടത്തോളം കുറിപ്പിനൊരു ക്ഷാമവും ഉണ്ടാകില്ല മാഷെ. തിരിച്ചും ക്രിസ്തുമസ്സ്‌ നവവല്‍സരാശംസകള്‍!

1:02 PM
അഗ്രജന്‍ said...
സോന: ചിലപ്പോഴെങ്കിലും അറിയാതെ ഞാനും ആരെയെങ്കിലും ഇതുപോലെയല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബുദ്ധിമുട്ടിക്കുന്നുണ്ടാവാം എന്നെനിക്കുറപ്പുണ്ട്, എങ്കിലും അത് തിരിച്ചറിയുന്ന നിമിഷം തിരുത്താന്‍ കഴിയും എന്നൊരു വിശ്വാസം എനിക്കുണ്ട്. അഭിപ്രായം പങ്ക് വെച്ചതില്‍ സന്തോഷം :)

ഏറനാടന്‍: പ്രോത്സാഹനത്തിന് നന്ദി :)

പാര്‍പ്പിടം :) വളരെ സന്തോഷം.

വായിച്ച, അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

2:00 PM
ശാലിനി said...
സ്വാതന്ത്ര്യം ധൂര്‍ത്തടിക്കുന്നവര്‍ - നന്നായി. യാത്രകളിലാണ് ഇങ്ങനെയുള്ളവരെ കൂടുതലും കണ്ടുമുട്ടുന്നത്. ഇവിടെയുണ്ടാകുന്ന പല ട്രാഫിക്ക് കുരുക്കുകളും നമ്മുടെ സമയത്തെ അപഹരിക്കുമ്പോള്‍, അതിന്റെ കാരണം ചിലരുടെ അനാവശ്യമായ സ്വതന്ത്രമെടുക്കലാണെന്നറിയുമ്പോള്‍ പ്രതികരിക്കാനാവാതെ നില്‍ക്കാറുണ്ട്. പിന്നെ പൊതുവാഹനത്തിലുള്ള റേഡിയോ കേള്‍ക്കല്‍ -ഉയര്‍ന്ന വോളിയത്തില്‍- ശരിക്കും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കും.

ആഴ്ചകുറിപ്പുകള്‍ നിര്‍ത്തരുത്, വായനക്കാര്‍ ധാരാളം ഉണ്ട്. എല്ലാ ആഴ്ചയും വാപ്പായ്ക്ക് എഴുതാനുള്ളത് തരുന്ന പാച്ചുവിന് അഭിനന്ദനങ്ങള്‍.

സൃഷ്ടിപ്പിലെ കണിശതകള്‍ - ഓരോ ദിവസവും പുലരുന്നതുതന്നെ ദൈവത്തിന്റെ സൃഷ്ടിയിലെ മികവിനെകുറിച്ച് അമ്പരന്നുനില്‍ക്കുവാന്‍ തക്ക കാഴ്ചകളുമായിട്ടല്ലേ!

4:03 PM
കുട്ടന്മേനൊന്‍ | KM said...
പാച്ചുവിന്റെ കമന്റുകള്‍ ഹൃദ്യമായിരിക്കുന്നു. ആശംസകള്‍

7:59 PM
കരീം മാഷ്‌ said...
ആശയ ദാരിദ്ര്യമോ?
പാച്ചുവിനെയും കൊണ്ടു നല്ല കാലാവസ്ഥയില്‍ പുറത്തു കറങ്ങാനിറങ്ങൂ,
എഴുതാനുള്ള വിഷയങ്ങള്‍ അവള്‍ തരും.
എന്റെ മിക്ക രചനകള്‍ക്കും സംഭാവന എന്റെ മക്കളാണ്.
നന്നായിട്ടുണ്ട്. മാറ്റര്‍ കുറവായി എന്നു തോന്നി.

8:41 PM
വക്കാരിമഷ്ടാ said...
സാധാരണ നടത്തം കണ്ടാല്‍ പോലും നമുക്കു കൂടി ടെന്‍ഷന്‍ തോന്നുമെങ്കിലും, ഇക്കാര്യത്തില്‍ ജപ്പാന്‍ കാര്‍ ഒരുപിടി മെച്ചമാണെന്ന് തോന്നുന്നു (അമേരിക്കക്കാര്‍ വന്ന് അവരെ അനുകരിച്ചനുകരിച്ച് സംഗതികള്‍ പുതിയ തലമുറയില്‍ കുറച്ചൊക്കെ മാറുന്നുണ്ടെങ്കിലും).

ട്രെയിനില്‍ അധികമാരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല-ഫോണ്‍ ബെല്ലടിച്ചാല്‍ തന്നെ ഒന്നുകില്‍ ഓഫ് ചെയ്യും, അല്ലെങ്കില്‍ എഴുന്നേറ്റ് പോയി വാതിലിനടുത്ത് നില്‍ക്കും. ട്രെയിനിലും ബസ്സിലും മറ്റും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നതാണ് സാമാന്യ തത്വം.

അധികം ഉച്ചത്തിലുള്ള വര്‍ത്തമാനങ്ങളുമില്ല, വണ്ടികളില്‍. പാര്‍ട്ടികളിലും മറ്റും ആരെങ്കിലും ഇടിച്ച് കയറി (സാധാരണ ജപ്പാന്‍ കാര്‍ അല്ലാത്തവര്‍) എന്തെങ്കിലും എടുക്കാന്‍ പരവേശപ്പെട്ടാല്‍ അവര്‍ സന്തോഷത്തോടെ നമുക്ക് വേണ്ടി വഴിയൊഴിഞ്ഞ് തരും.

മര്യാദകള്‍ പാലിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ട്.

പക്ഷേ അതുകൊണ്ട് ഒരു അടിപൊളി ഫീലിംഗ്‌സ് പലപ്പോഴും മിസ്സാകുന്നു.

ഒത്തിരി സാമൂഹ്യ കാരണങ്ങളുണ്ടെന്ന് തോന്നുന്നു, നമ്മുടെ ഇത്തരം പെരുമാറ്റങ്ങള്‍ക്ക്. പിന്നെ ഏച്ചുകെട്ടിയാല്‍ മുഴച്ചുമിരിക്കും.

എല്ലാം റിലേറ്റീവുമാണ്.

അഗ്രജനാഴ്‌ചക്കുറിപ്പുകള്‍ അടിപൊളിയാകുന്നു. പാച്ചു പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. ആഴ്ചകളുള്ളിടത്തോളം കുറിപ്പുകളും പോരട്ടെ.

7:36 PM
അലിഫ് said...
പാച്ചുവുള്ളപ്പോള്‍ ആശയത്തിനാണോ പഞ്ഞം..!
വണ്ടിയില്‍ പാട്ടുകേള്‍ക്കുന്ന സ്വാതന്ത്ര്യത്തെ പ്പോലെ തന്നെയാണാവോ,ഒരു മാന്യന്‍ തൃശുര്‍ മുതല്‍ അങ്കമാലി വരെ ചാറ്റല്‍ മഴയില്‍ ബസ്സിന്റെ ഷട്ടര്‍ പൊക്കി വെച്ച് കാഴ്ചകളാസ്വദിച്ചത്, അതും പച്ച പാതിരാത്രി 12 മണിക്ക്. (ഓര്‍മ്മകള്‍)

ദിവാന്റെ കമന്റിലെ ചിക്കന്‍ ബിരിയാണി വായിച്ചപ്പോള്‍ ഓര്‍ത്തത് തിരുവനന്തപുരത്തെ കല്യാണസദ്യ ‘ഉണ്ണാന്‍’കാട്ടികൂട്ടുന്ന പരാക്രമങ്ങളാണ്, ഖദറും,സില്‍ക്ക് ജൂബയും , നാടനും, ലിപ്സ്റ്റിക്കും, സ്ലീവ് ലസ്സും ഒക്കെ അവിടെ ഒരേ തരം, ഒരേ ഇടി, എന്തരോ എന്തോ.!

കുറിപ്പുകള്‍ നിര്‍ത്തിയാല്‍ തട്ടികളയും (ഭീക്ഷണി)

8:20 PM
ദിവാ (ദിവാസ്വപ്നം) said...
വക്കാരിഭായ്,

ഭായി ഈ ജാപ്പാനിലെ ജാപ്പാനികളെ മാത്രം കണ്ടിട്ടുള്ളതുകൊണ്ടാണ് അവരെപ്പറ്റി ഇത്രയും നല്ല അഭിപ്രായം. (ചുമ്മാ....:)) തല്ലരുത്, തല്ലരുത്)

(ഞാന്‍ കണ്ട) അമേരിക്കയിലെ ജാപ്പാനികളിലൊരെണ്ണം പോലും, സ്വരം താഴ്ത്തി സംസാരിക്കുന്നവരല്ല. മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ പിന്നെയും ഭേദമാണ്, ലാന്‍ഡ് ലൈനില്‍ സംസാരിക്കുമ്പോള്‍, ഫോണില്ലാതെ തന്നെ ജപ്പാനില്‍ കേള്‍ക്കുന്നത്രയും ഉച്ചത്തിലാണ് പലരുടെയും സംസാരം.

ചിരിയോ...? അതാണേറ്റവും അസഹ്യം. ഹാ‍ാ‍ാ ഹാ‍ാ ഹാ‍ാന്ന് വെടിപൊട്ടുന്നമാതിരിയാണ് ഉറക്കെയാണ് ചിരി. ചില സായിപ്പുമാര്‍ പറയുന്ന ജോക്കൊക്കെ മനസ്സിലായി വരുമ്പോഴേയ്ക്കും ഒന്നുരണ്ട് മിനിട്ട് കഴിയുന്നതുകൊണ്ട്, പലപ്പോഴും ബാക്കിയുള്ളവരെല്ലാം ചിരിച്ചുകഴിഞ്ഞായിരിക്കും ജപ്പാന്‍-കാരന്റെ ചിരി.

കൂടുതലും വെകിളി പിടിക്കുന്നത്, സീനിയര്‍ ജപ്പാനികളാണ്. ട്രെയിനി-ജപ്പാനിയാണെങ്കില്‍ ഒരക്ഷരം മിണ്ടാതെ എപ്പോഴും, ചടുക്കോപിടുക്കോന്ന് വേഗത്തില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതുകാണാം.

ചില ജപ്പാനികള്‍ എന്തിനും ഏതിനും ഓഫീസില്‍ കൂടെ ഓട്ടമാണ്. ബോസ് വിളിച്ചാല്‍ ഓട്ടം, ക്ലയന്റിന്റെ ഫോണ്‍ വന്നാല്‍ ഓട്ടം. ഓടുന്നതിനിടയിലും “ഹൈ, ഹൈ” എന്ന് വിളി കേട്ടുകൊണ്ടാണ് ഓടുന്നതും.

പിന്നെ ബോറടിച്ച് ഓഫീസിലിരിക്കുന്ന നമുക്കിതൊരു എന്റര്‍ടൈന്മെന്റാണ്. ആര്‍ട്ട് ഫിലിമുകളില്‍ വിറ്റ് സീന്‍ വരുന്നതുപോലെ...

5:40 AM
അഗ്രജന്‍ said...
This post has been removed by a blog administrator.
1:53 PM
അഗ്രജന്‍ said...
ശാലിനി, കുട്ടമ്മേനോന്‍, കരീമാഷ്, വക്കാരി, അലിഫ്, ദിവാ... വായിച്ചതിലും അഭിപ്രായം പങ്ക് വെച്ചതിലും വളരെ സന്തോഷം - ആഴ്ചക്കുറിപ്പിനുള്ള പ്രോത്സാഹനത്തിന് നന്ദി :)

1:54 PM

qw_er_ty