Monday, January 21, 2008

ആഴ്ചക്കുറിപ്പുകള്‍ 50

ഹാഫ് സെഞ്ച്വറി
ബ്ലോഗിങ്ങ് തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴാണ് ആഴ്ചക്കുറിപ്പുകള്‍ എന്നൊരു ആശയം മനസ്സിലുദിച്ചത്. രണ്ടായിരത്തിയാറ് ആഗസ്റ്റ് പന്ത്രണ്ടിനായിരുന്നു ആഴ്ചക്കുറിപ്പുകളുടെ ആദ്യ എപ്പിസോഡ് പ്രസിദ്ധീകരിച്ചത്. ഇന്ന് ഈ ലക്കത്തോടെ ആഴ്ചക്കുറിപ്പുകളുടെ അന്‍പത് ലക്കങ്ങള്‍ പൂര്‍ത്തിയാവുകയാണ്.

ബ്ലോഗേഴ്സിനെ പരിചയപ്പെട്ടത്, വീട്ടില്‍ പൈപ്പ് വെള്ളം മുടങ്ങിയത്, വഴിവക്കില്‍ ബസ്സ് കാത്ത് നില്‍ക്കുന്ന തൊഴിലാളികള്‍, പാച്ചുവിന്‍റെ തല മൊട്ടയടിച്ചത്, എന്‍റെ തലയില്‍ നര വന്നത്... തുടങ്ങിയവയായിരുന്നു ആദ്യലക്കത്തിലെ വിഷയങ്ങള്‍... അതില്‍ നിന്നും ഒട്ടും മാറ്റം ഇപ്പഴും ഇല്ല എന്നതില്‍ എനിക്ക് സന്തോഷം ഉണ്ട്.

വ്യക്തിപരമായ കുറിപ്പുകളും ചിന്തകളുമായിരുന്നിട്ടും പ്രോത്സാഹിപ്പിക്കാന്‍ നിങ്ങളെല്ലാവരും എന്നും ഒപ്പമുണ്ടായിരുന്നു എന്നതാണ് ഞാന്‍ ഏറ്റവും വിലമതിക്കുന്നത്. എന്തൊക്കെയോ എഴുതിവെക്കുന്നുവെങ്കിലും ചില വിഷയങ്ങള്‍ വായനക്കാരില്‍ ചിലര്‍ക്കെങ്കിലും ഇഷ്ടപ്പെടുന്നുണ്ടെന്നറിയുന്നത് സന്തോഷം തരുന്നു.

ചിലപ്പോള്‍ വിഷയങ്ങള്‍ ഒന്നും പ്രതിപാദിക്കാന്‍ കിട്ടാതെ ആശയദാരിദ്ര്യം സംഭവിക്കാറുണ്ട്. ചില ആഴ്ചകള്‍ എഴുതാതേയും ചിലപ്പോള്‍ എന്തെങ്കിലും തട്ടിക്കൂട്ടി ഇടാറുമുണ്ട്, എങ്കിലും പറയട്ടെ ഒരിക്കല്‍ പോലും ഭാവനാസൃഷ്ടികള്‍ ആഴ്ചക്കുറിപ്പുകളില്‍ കടന്ന് കൂടിയിട്ടില്ല.

അത്പോലെ പാച്ചുവിന്‍റെ ലോകം, അവളുടെ കുഞ്ഞു കുസൃതികള്‍ പകര്‍ത്തി വെക്കണം എന്ന് തോന്നിയപ്പോള്‍ തുടങ്ങിയ പംക്തിയാണ്. എല്ലാ കുട്ടികളും പറയുന്ന പോലെയൊക്കെ തന്നെയേ പാച്ചുവും പറയുന്നുള്ളൂ... ഇപ്പഴത്തെ കുഞ്ഞുങ്ങളെ നമുക്ക് അണ്ടറെസ്റ്റിമേറ്റ് ചെയ്യാന്‍ പറ്റില്ല എന്നതാണ് വാസ്തവം. എല്ലാവരും അവരവരുടെ മക്കളുടെ കുസൃതികള്‍ എഴുതി വെക്കുകയാണെങ്കില്‍ ഇതിലും രസമുള്ള കാര്യങ്ങള്‍ കുഞ്ഞുങ്ങളുടേതായി ഇവിടെ കേള്‍ക്കാം. കൂടുതല്‍ അതിശയോക്തി തോന്നിപ്പിക്കുന്ന ഡയലോഗുകള്‍ മനപ്പൂര്‍വ്വം തന്നെ ഇവിടെ പങ്ക് വെക്കാറുമില്ല.

ആഴ്ചക്കുറിപ്പുകള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന, ഒപ്പം വിമര്‍ശനങ്ങളാല്‍ കുറിപ്പുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ പ്രേരിപ്പിക്കുന്ന നല്ലവരായ എല്ലാ വായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും നിറഞ്ഞ നന്ദി അറിയിക്കട്ടെ.

ബ്ലോഗ് മീറ്റുകള്‍ - പോയ വാരം
ബ്ലോഗര്‍മാര്‍ തമ്മില്‍ കണ്ട് മുട്ടിയാല്‍ അത് ബ്ലോഗ് മീറ്റാവുമോ? ആവാണ്ട് പിന്നേ...! എങ്കില്‍ മൂന്ന് മീറ്റുകളാണ് പോയ വാരത്തില്‍ അരങ്ങേറിയത്.

* * * *
‘ഡാ സുല്ലേ മോളും മുനീറയും ഞായറാഴ്ച വരുന്നു, വൈകീട്ട് നാലരയ്ക്കാണ് ഫ്ലൈറ്റ്...’ എന്ന് പറഞ്ഞപ്പോള്‍...

‘നീ നാല് മണിയ്ക്ക് ഓഫീസിലോട്ട് പോരേ...’ എന്ന് പറയാന്‍ സുല്ലിനൊട്ടും ആലോചിക്കേണ്ടി വന്നില്ല.

അങ്ങിനെ ഒരു ഓണ്‍ റോഡ് മീറ്റ് നടന്നു... പറ്റാവുന്നത്രേം ബ്ലോഗര്‍മാരെ കുറ്റം പറഞ്ഞ് സമയം പോയതറിഞ്ഞതേയില്ല... കാറിന് പുറത്ത് തിമര്‍ത്ത് പെയ്യുന്ന മഴ അതിന് കൊഴുപ്പേകി. അതിലിടയ്ക്ക് കമന്‍റ് നോട്ടിഫിക്കേഷന്‍ എങ്ങിനെ സെറ്റ് ചെയ്യും എന്നറിയാനായ് വിളിച്ച ഒരു നവബ്ലോഗര്‍ രണ്ട് സീനിയര്‍ ബ്ലോഗര്‍മാരുടെ മൃഗീയമായ റാഗിംഗിന് വിധേയനായി. ചൊവ്വിനും ചേലിനും കണ്ടും ബഹുമാനിച്ചും ഒക്കെ ബ്ലോഗാന്‍ ഉപദേശിച്ച് ആ ബ്ലോഗറ്ക്ക് സംശയനിവാരണം നല്‍കി വിടുതല്‍ നല്‍കി. പിന്നീടാണറിഞ്ഞത് അദ്ദേഹം വസിക്കുന്നത് എന്‍റെ താമസ സ്ഥലത്തിന്‍റെ പരിസരത്താണെന്ന്... റാഗിംഗ് പരിധി വിട്ടില്ല എന്ന് ഞാനൊന്ന് സമാധാനിച്ചോട്ടെ... ബ്ലോഗറായതിന്‍റെ പേരില്‍ തല്ല് കൊണ്ടു എന്നൊരു അപഖ്യാതി കൂടെ വാങ്ങിവെക്കാന്‍ വയ്യ.

* * * * *
‘അഗ്രജനല്ലേ...? ഇത് ശിവപ്രസാദ്...!’ എന്ന് ഫോണില്‍ ഒരപരിചിത സ്വരം കേള്‍ക്കുമ്പോള്‍, ആ ശബ്ദത്തിന്‍റെ ഉടമയെ തിരിച്ചറിയാന്‍ അധികം സമയം വേണ്ടി വന്നില്ല. എനിക്കറിയാവുന്ന ഒരേ ഒരു ശിവപ്രസാദേയുള്ളൂ... അത് ചാരുകേശി എന്ന ബ്ലോഗിന്‍റെ ഉടമ മൈനാഗന്‍ എന്ന ശിവപ്രസാദാണ്.

വ്യാഴാഴ്ച വൈകീട്ട് ഷാര്‍ജയില്‍ വെച്ച് കണ്ടു ശിവപ്രസാദിനെ... ഒരിക്കലും പ്രതീക്ഷിക്കത്ത ഒരു ബ്ലോഗേര്‍സ് മീറ്റ്. ബ്ലോഗെന്ന മാധ്യമം നല്‍കിയ പരിചയങ്ങളുടെ കണ്ടുമുട്ടല്‍... ചെല്ലുന്നിടങ്ങളില്‍ ഒരു ബ്ലോഗര്‍ ഉണ്ടെന്നറിഞ്ഞാല്‍ സാധ്യമെങ്കില്‍ പരസ്പരം കാണാന്‍ തോന്നിപ്പിക്കുന്ന അടുപ്പത്തിന് ചാറ്റുകളുടേയോ കമന്‍റുകളുടെയോ ആവശ്യം ഒട്ടും ഇല്ല തന്നെ.

* * * * *
തറവാടിക്കും വല്യമ്മായിക്കും ഉണ്ടായ പുതിയ വാവയെ കാണാനായി എത്തിയതായിരുന്നു സുല്‍ - അഗ്രജന്‍ കുടുംബങ്ങള്‍. ബ്ലോഗര്‍മാര്‍ കണ്ടാല്‍ ബ്ലോഗിനെ പറ്റിയേ സംസാരിക്കു... അല്ലാതെ കുഞ്ഞുങ്ങളുടെ വിശേഷങ്ങളോ, കുശലങ്ങളോ അവിടെ വിഷയമാവാറില്ല. പക്ഷെ, ഭാഗ്യമെന്ന് പറയട്ടെ വല്യമ്മായിയുടെ ബാപ്പ ചര്‍ച്ച ചെയ്യാന്‍ നല്ലൊരു വിഷയം എറിഞ്ഞ് തന്നത് കൊണ്ട് ഞങ്ങള്‍ക്ക് മറ്റ് ബ്ലോഗര്‍മാരുടെ ചോര അത്രകണ്ട് കുടിക്കാനായില്ല.

ഒരു നന്ദി പ്രകടനം
ബുഷിന്‍റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം പരാജയമായിരുന്നെന്ന് പറയപ്പെടുന്നു... അതെന്തെങ്കിലുമാവട്ട്. എന്‍റെ കുടുംബം നാട്ടില്‍ നിന്നും വന്നതിന് പിറ്റേ ദിവസം തന്നെ ഒരു പൊതു അവധി ലഭിക്കാന്‍ വഴിയൊരുക്കിയതിന് ബുഷിനുള്ള നന്ദി ഞാന്‍ ഇവിടെ രേഖപ്പെടുത്തട്ടെ.


പൂവണിയുന്ന മോഹങ്ങള്‍
അഡ്മിഷന്‍ കിട്ടേണ്ട പ്രായമായിട്ടില്ലെങ്കിലും പാച്ചുവിനേയും വെറുതെ കുറച്ച് ദിവസങ്ങള്‍ക്കായിട്ടാണെങ്കിലും മദ്രസ്സയില്‍ വിട്ടാലോ എന്ന് തോന്നി. അയല്പക്കത്തെ കുട്ടികളോടൊപ്പം മദ്രസ്സയില്‍ പോവ്വാന്‍ പാച്ചുവിനും നല്ല താത്പര്യം. ഞാന്‍ പഠിച്ച മദ്രസ്സയിലേക്ക് മോളേം കൊണ്ട് നീങ്ങുമ്പോള്‍ ഒരു പ്രത്യേക അനുഭൂതിയായിരുന്നു മനസ്സില്‍... കൂടെ എന്‍റെ ഉപ്പയും ഉണ്ടായിരുന്നു. എനിക്ക് ആദ്യം അറിവ് പകര്‍ന്ന് തന്ന ഉസ്താദിന്‍റെ (അദ്ധ്യാപകന്‍) ക്ലാസ്സിലേക്ക് മോളെ ഇരുത്തിക്കൊടുത്ത് ‘ഉസ്താദേ... ഇതാ എന്‍റെ മോള്...’ എന്ന് പറയുമ്പോള്‍ എന്‍റെ മനസ്സില്‍ നിറഞ്ഞ് തുളുമ്പിയിരുന്ന വികാരം... അതെഴുതി ഫലിപ്പിക്കാന്‍ ആവുന്നില്ല. നിര്‍ബ്ബന്ധബുദ്ധിയില്ലായിരുന്ന ഒരു വലിയ ആഗ്രഹം അവിടെ പൂവണിയുകയായിരുന്നു. പുറത്തെ ബെഞ്ചില്‍ മോളേയും കാത്തിരുന്ന എന്‍റെ ഉപ്പ, മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്രസ്സയ്ക്ക് പുറത്ത് എന്നെ കാത്തിരുന്നിരുന്ന എന്‍റെ വല്ലിപ്പയെ മനസ്സിലേക്കെത്തിച്ചു... ഒപ്പം തിരിച്ച് പിടിക്കാനാവാത്ത സുന്ദരമായ ആ നാളുകളും!

വെലനെലവാരം
ഒരു കോഴിമുട്ടയ്ക്ക് ഒരു ദിര്‍ഹമോ...!
അറിയാതെ തലയില്‍ കൈവെച്ച് പോയി... കുടുംബം തിരിച്ചെത്തിയപ്പോഴാണ് വിലക്കയറ്റത്തിന്‍റെ ഭീകരത ബോധ്യപ്പെടുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ പോവുന്നത് വരേയും മൂന്ന് കോഴിമുട്ട വാങ്ങാന്‍ വേണ്ടി വന്നിരുന്ന തുകയാണ് ഇന്നൊരണ്ണം വാങ്ങിക്കാന്‍ വേണ്ടത്. എഴുപത്തിയഞ്ച് ഫിത്സിനും ഒരു ദിര്‍ഹത്തിനുമൊക്കെ ചുരണ്ടിയ തേങ്ങ കിട്ടിയിരുന്നെങ്കില്‍ ഇന്നതിന് രണ്ടേ മുക്കാലോ അല്ലെങ്കില്‍ മൂന്നോ ദിര്‍ഹംസ് കൊടുക്കേണ്ടിയിരിക്കുന്നു. വിലക്കയറ്റത്തിനനുസരിച്ച് ശമ്പളക്കയറ്റവും ഉണ്ടായേ പറ്റൂ... അല്ലെങ്കില്‍ ജീവിതം മുന്നോട്ട് കോണ്ട്പോകാന്‍ ശരിക്കും പാട് പെടേണ്ടി വരും.

വാല്‍കഷ്ണം:
ആദ്യത്തെ തവണ നാട്ടില്‍ നിന്നും വരുമ്പോള്‍ തേങ്ങയും കൊണ്ട് വന്ന നല്ലപാതിയേയും അത് കൊടുത്തയച്ച വീട്ടുകാരേയും ഞാന്‍ അത്യാവശ്യത്തിന് കളിയാക്കിയിരുന്നു. ഇത്തവണ തേങ്ങയുമായി വന്നപ്പോള്‍ ഞാനൊന്നും മിണ്ടാനേ പോയില്ല... മിണ്ടാനുണ്ടായിരുന്നെങ്കില്‍ തന്നെ അത് ‘എന്തേ എണ്ണമിത്ര കുറഞ്ഞത്...’ എന്നായിരുന്നു.

പാച്ചുവിന്‍റെ ലോകം
ബാലവാടിയിലും പാച്ചു ഒരു കൈ പയറ്റി തന്നേയാണ് വന്നിട്ടുള്ളത്.
ടീച്ചര്‍ക്ക് ഭയങ്കര ഇഷ്ടമായി പാച്ചൂനെ...
‘എന്ത് പറഞ്ഞാലും കേള്‍ക്കും, ചോദിച്ചതിനൊക്കെ മറുപടി പറയും...’ ടീച്ചറുടെ വാക്കുകള്‍.
പക്ഷെ, അഞ്ചാം ദിവസം ആവശ്യത്തിന് കുസൃതിയുമുണ്ടെന്ന് ടീച്ചറെ കൊണ്ട് അംഗീകരിപ്പിച്ചു. പ്രത്യേകിച്ചൊന്നുമല്ല... ടീച്ചര്‍ പാത്രം കഴുകാന്‍ വെച്ചിരുന്ന വെള്ളത്തില്‍ നിറച്ചും മണ്ണ് വാരിയിട്ടാണ് പാച്ചു ആ അംഗീകാരം വാങ്ങിയത്. അതെന്തിനാ അങ്ങനെ ചെയ്തെന്ന ചോദ്യത്തിന് ‘മണ്ണിട്ട് കഴ്ക്യാലേ പാത്രം വൃത്ത്യാവൂ...’ എന്നും പാച്ചു പറഞ്ഞു. വീട്ടില്‍ വെണ്ണീറിട്ട് പാത്രങ്ങള്‍ കഴുകുന്നതാവാം പാച്ചുവിന് പ്രചോദനമായത്.

27 comments:

മുസ്തഫ|musthapha said...

ആഴ്ചക്കുറിപ്പുകളെന്ന ഈ ബാറ്റ് ഞാനിതാ പകുതി പൊക്കിപ്പിടിക്കുന്നു :)

അതുല്യ said...

ഈ കണ്‍സിസ്റ്റെന്‍സി കണ്‍സിസ്റ്റെന്‍സീന്ന് പറഞാലിതാണു ഇത്! അതന്നെ 50!
പാച്ചൂനെപറ്റി എഴുതു ഒരുപാട് അത് വായിയ്കാനാണെനിക്ക് ഇഷ്ടം.

(സ്ക്കൂളില്‍ ചേര്‍ക്കണ്ട അവളെ രണ്ട് കൊല്ലം കൂടി)

സുല്‍ |Sul said...

അമ്പതാം കുറിപ്പിനു തേങ്ങയടിക്കാന്‍ വന്നപ്പോള്‍ അതുല്യാമ അതു ചാര്‍ത്തിക്കഴിഞ്ഞു. ഇനി എന്താ. ആശംസകള്‍. അമ്പതില്‍ അമ്പതടിക്കാന്‍ പറ്റുമോന്ന് നോക്കട്ടെ. വരാംട്ടൊ :)
-സുല്‍

അഭിലാഷങ്ങള്‍ said...

അഗ്രജോ,

“മണ്ണിട്ട് കഴ്ക്യാലേ പാത്രം വൃത്ത്യാവൂ...!“

പാച്ചുവിന്റെ ആ കണ്ടുപിടുത്തത്തില്‍ അഗ്രജനോടൊപ്പം ഞാനും സന്തോഷിക്കുന്നു.

ലേക്കിന്‍, ഭാവിയിലെങ്ങാനും ഉപ്പയെ മണ്ണ് വാരി എറിഞ്ഞ്

“മണ്ണിട്ട് കഴുകിയാലേ ഉപ്പയും വൃത്തിയാകൂ.!!”

എന്നോ മറ്റോ പാച്ചു PHd ലെവലില്‍ ഗവേഷണം നടത്തിയാല്‍ അന്ന് സന്തോഷിക്കാന്‍ എന്റെ കൂടെ അഗ്രജന്‍ ഉണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഖല്‍ബിനകത്തൊരു വേദന!

:-)

Shaf said...

ഗ്യാലറിയില്‍ നിന്നും ഞാനും കൈയടിച്ചോട്ടെ..അഭിനന്ദനങ്ങള്‍..

ഈയിടെയാണ്‌ ഞാനെല്ലാ ആഴ്ചകുറിപ്പുകളും വായിച്ചുതീര്‍ത്തത്,നല്ല ഒഴുക്കോടെ വായിക്കാനും കഴിഞു ചിലപ്പോള്‍ ഇതായിരിക്കാം കാരണം "എങ്കിലും പറയട്ടെ ഒരിക്കല്‍ പോലും ഭാവനാസൃഷ്ടികള്‍ ആഴ്ചക്കുറിപ്പുകളില്‍ കടന്ന് കൂടിയിട്ടില്ല".പലപ്പോഴുമുള്ള എന്റെ മണ്ടന്‍ ചോദ്യങ്ങല് ഉത്തരം നല്‍കിയതിനും പിന്തുണക്കുമുള്ള നന്ദിയും കൂടെ രേഖപെടുത്തുന്നു. അങ്ങ്ട്: സ്വീകരിക്കാ:
:)-shaf

Physel said...

അഗ്രുവിനെ എറിഞ്ഞിടാന്‍ പാകത്തിന് ബൌളര്‍മാര്‍ എനിയും ജനിക്കേണ്ടിയിരിക്കുന്നു ബൂലോകത്ത്...ആയതിനാല്‍ അഗ്രൂ, സ്വെഞ്ചറിയും,ഡബിളും, ട്രിപ്പിളും ഒക്കെയായി ബൂലോഗമുള്ള കാലത്തോളം ക്രീസില്‍ വാഴ്ക!! നമോവാകം...

ശ്രീ said...

അമ്പതാം കുറിപ്പിന്‍ ആശംസകള്‍!

Ziya said...

*ഒരു നന്ദി പ്രകടനം
ബുഷിന്‍റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം പരാജയമായിരുന്നെന്ന് പറയപ്പെടുന്നു... അതെന്തെങ്കിലുമാവട്ട്. എന്‍റെ കുടുംബം നാട്ടില്‍ നിന്നും വന്നതിന് പിറ്റേ ദിവസം തന്നെ ഒരു പൊതു അവധി ലഭിക്കാന്‍ വഴിയൊരുക്കിയതിന് ബുഷിനുള്ള നന്ദി ഞാന്‍ ഇവിടെ രേഖപ്പെടുത്തട്ടെ*

ആശംസകള്‍! :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കണ്‍സിസ്റ്റന്‍സി എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ക്ക് ക്രിക്കറ്റിലെ ദ്രാവിഡുമായി ഒന്നുപമിച്ചാലോ.

ഇതോടെ അഗ്രൂനെ ബ്ലോഗിലെ ‘ദ വാള്‍’ ആയി പ്രഖ്യാപിക്കട്ടെ.

ഓടോ: സാന്‍ഡോ ഇപ്പോള്‍ ഓടി വരും ചോദിക്കാന്‍ മറ്റേ ‘വാള്‍‘ ആണെന്ന് വച്ച്.

വേണു venu said...

ഈ ലക്കവും നന്നായി.അഗ്രജനു് ആശംസകള്‍‍.:)

krish | കൃഷ് said...

അര്‍ദ്ധസെഞ്ചുറിക്ക് ആശംസകള്‍.
തുടരട്ടെ.
:)

Mubarak Merchant said...

അഭിനന്ദനങ്ങള്‍ മുത്തുക്കാക്കാ.
ആഴ്ചക്കുറിപ്പിലൂടെ ഇനിയുമൊരുപാടു ചിന്താശകലങ്ങളുമായി തിങ്കളാഴ്ചതോറും എത്താന്‍ ഇക്കയെ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ. വളര്‍ന്നു വലുതാവുമ്പോള്‍ ആഴ്ചക്കുറിപ്പിന്റെ ബാറ്റണ്‍ പാച്ചുവിനു കൈമാറുന്ന ആ നാള്‍ സ്വപ്നം കാണൂ.. (സ്വപ്നം കാണാനാ നമ്മടെ മുന്‍ രാഷ്ട്രപതി ഏ.പി.ജെ.അബ്ദുള്‍ കലാം എല്ലാവരോടും പറയുന്നത്. കുന്നോളം സൊപ്നം കണ്ടാലേ കുന്നിമണിയോളം കിട്ടൂ എന്നാണല്ലോ)

ശ്രീവല്ലഭന്‍. said...

ഇവിടെ ആദ്യമാണ്. വായിക്കാന്‍ സുഖമുള്ള എഴുത്തുകള്‍.

അന്‍പതാം പോസ്റ്റ് അഭിനന്ദനങ്ങള്‍.

ദേവന്‍ said...

അമ്പതാശംസകള്‍ അഗ്രജാ.. ആഴ്ച്ചക്കുറിപ്പുകള്‍ പോലെ വേറൊരു ബ്ലോഗില്ല.

sree said...

ഭാവുകങ്ങള്‍....

[ nardnahc hsemus ] said...

അഗ്രുഭായ്,
നൂറുകണക്കിന് സെഞ്ചുറികളടിയ്ക്കുവാന്‍ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു!

(അപ്പൊ, 50 എന്നു പറഞ്ഞത് ആഴ്ചക്കുറിപ്പുകളുടെ എണ്ണം ആയിരുന്നോ? ഞാന്‍ കരുതിയത് അഗ്രുഭായ്, പിറന്നാളാഘോഷിയ്ക്കാന്നല്ലേ..;) )

ചീര I Cheera said...

ഒരൂ യു.എ. ഇ ‘വാസിനി’ ആയ്yതുകൊണ്ട് തന്നെ ക്കൂടുതല്‍ താല്പര്യത്തോടെയാണ് ആഴ്ചക്കുറിപ്പുകള്‍ വായിയ്ക്കാറുള്ളത്.
പാച്ചുവിന്റെ ലോകം കഴിiയുന്നതും മിസ്സ് ആവാതെ നോക്കാറുമുണ്ട്.
സ്കൂ‍ൂളില്‍ അഡ്മിഷനൊക്കെ വലിയ പാടാണ് ട്ടൊ, രാത്രി,, കെടക്കേം തലേണേം ഒക്കെയെടുത്ത് പോകുന്നവരാ കൂടുതലും..
(പേടിപ്പിച്ചതല്ല ട്ടൊ)
എല്ലാ ആശംസകളും..

Sharu (Ansha Muneer) said...

ഭാവുകങ്ങള്‍.....

പ്രയാസി said...

ഹാഫിനു ആശംസകള്‍..!
ഫുള്ളാകട്ടെ അന്നു പോസ്റ്റു നിറച്ചും ഫുള്‍ശംസ തരാം..:)

ചാരുകേശി ദുഫായീല്‍ പൊങ്ങിയല്ലെ..
പ്രയാസീടെ അന്വേഷണം പറഞ്ഞേക്കൂ..

ഓ:ടോ: പാച്ചൂനു മണ്ണു വാരിക്കളിക്കാന്‍ വല്യ ഇഷ്ടമാ അല്ലെ.. പാവം..!

അവിടെ ഫ്ലാറ്റിലൊക്കെ എവിടെയാ മണ്ണ്
ഒരു കാര്യം ചെയ്യ്.. അഭിയെ വിളിച്ച് അവടെ മുന്നിലേക്കിട്ടു കൊട്..തലേന്നു ആവശ്യം പോലെ വാരിക്കളിച്ചോളും..;)

Visala Manaskan said...

ഹാപ്പി അമ്പത് റ്റൂ യൂ..

കുറിച്ചുവച്ച അമ്പത് ആഴ്ചകള്‍! വെരി ഗുഡ്. എന്നും ഓര്‍ക്കാം. ആശംസകള്‍.

ഇടിവാള്‍ said...

ആശംസകള്‍!

ദിലീപ് വിശ്വനാഥ് said...

ഹാഫ് സെഞ്ച്വറി അടിച്ചു അല്ലേ? കണ്‍ഗ്രാചുലേഷന്‍സ്.

ഏ.ആര്‍. നജീം said...

അമ്പതിന്റെ മികവിന് അഭിനന്ദനങ്ങള്‍.....!

പിന്നെ കാര്യമായി വിഷയങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഇതില്‍ അഗ്രുവിന്റെ എഴുത്തിന് ഒരു പ്രത്യേകത തോന്നുന്നു. ഔപചാരികത ഒട്ടും ഇല്ലാതെ ലളിതമായി എഴുതിയിരിക്കുന്നു...

അഭിനന്ദനങ്ങള്‍...

Unknown said...

അഭിനന്ദനങ്ങള്‍,ആശംസകള്‍!

asdfasdf asfdasdf said...

സെഞ്ചുറിയടിച്ച ആഴ്ചക്കുറിപ്പിനു അഭിവാദ്യങ്ങള്‍ !!

ഉഗാണ്ട രണ്ടാമന്‍ said...

ആശംസകള്‍!

420 said...

‘ഉസ്താദേ... ഇതാ എന്‍റെ മോള്...’
എന്ന് പറയുമ്പോള്‍ എന്‍റെ മനസ്സില്‍
നിറഞ്ഞ് തുളുമ്പിയിരുന്ന വികാരം...

അഗ്രജാ,
അതു തിരിച്ചറിയുന്നു..
:)
ആശംസ.