Sunday, November 5, 2006

ഏഴ്

ബൂലോഗം
ബ്ലോഗ് എന്തെന്നറിയാതെയാണ് ഞാനൊരു ബ്ലോഗറായത്(!). ഇവിടെയെത്തിപ്പെട്ടപ്പോള്‍, എത്തിയില്ലായിരുന്നെങ്കില്‍ വലിയൊരു നഷ്ടമായേനേ എന്നു തിരിച്ചറിഞ്ഞു. തലേം വാലുമില്ലാതെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ച് കീറിക്കളയുന്ന കാലത്ത് ഒരിക്കലും നിനച്ചിരുന്നില്ല, എന്‍റെ വിടുവായത്തങ്ങള്‍ ആരെങ്കിലുമൊക്കെ വായിക്കുമെന്ന്. ഇന്നെനിക്ക് പറ്റാവുന്ന രീതിയില്‍ എഴുതുന്നത്, അത് കുറിപ്പുകളാവട്ടെ അല്ലെങ്കില്‍ കേട്ടു പഴകിയ ഫലിതങ്ങളാവട്ടെ അതുമല്ലെങ്കിലെന്‍റെ അബദ്ധങ്ങളാവട്ടെ, അതെല്ലാം ഒരുപാട് പേര്‍ വായിക്കുമ്പോള്‍ ഞാനനുഭവിക്കുന്ന സന്തോഷം, ബ്ലോഗിലെത്തുന്നതിന് മുന്‍പ് അതൊരിക്കലും എന്‍റെ സ്വപ്നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല.

ബാഹ്യലോകത്ത് നിന്നും ഒട്ടും ഭിന്നമല്ല ബ്ലോഗുമെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. ഉറച്ച സൌഹൃദങ്ങളും, വിത്യസ്ഥമായ കൂട്ടായ്മകളും, വഴക്കും, വക്കാണവും, ചര്‍ച്ചകളും, തര്‍ക്കങ്ങളും, പോര്‍വിളികളും, തിരിച്ചറിവുകളും... എല്ലാം കൊണ്ടും സജീവമായൊരിടം തന്നെ ഇവിടവും.

ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങള്
‍പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തു! വാര്‍ത്തകള്‍ തുടരനാകുന്നു. പീഡനങ്ങള്‍ക്കെതിരെ ധീരധീരം പോരാടിയ(!) നേതാവ് ഭരിക്കുമ്പോഴും സ്ഥിതി ഒട്ടും ഭിന്നമാകുന്നില്ല. പുതിയ കെണികളൊരുക്കി ഇരകളെ കാത്തിരിക്കുന്ന കഴുകന്മാരില്‍ നിന്നും നമ്മുടെ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ഒരു നിയമത്തിനുമാവില്ലേ? അതോ ഇതിലേക്ക് തലവെച്ചുകൊടുക്കുന്ന കൌമാരങ്ങളോ, തിരക്കിനിടയില്‍ മക്കളുടെ മനസ്സറിയാതെ പോവുന്ന രക്ഷിതാക്കളോ അതോ വ്യവസ്ഥിയോ ആരാണ് തെറ്റുകാര്‍! നിയമനടപടികളിലെ വീഴ്ചകള്‍ തന്നെ ഏറ്റവും വലിയ വില്ലന്‍ - അല്ലേ!

വ്യതിയാനങ്ങള്
‍കഴുത്ത് ഞെരിക്കുന്ന വാടക വര്‍ദ്ധനയും നരകിപ്പിക്കുന്ന ട്രാഫിക്കും അതിനും പുറമെ കുതിച്ചു കയറുന്ന വിലനിലവാരവും എല്ലാം കൊണ്ടും കുഴഞ്ഞുപോകുന്ന അവസ്ഥ!900 ദിര്‍ഹം വാടക കൊടുത്ത് കുടുംബസമേതം താമസിക്കാന്‍ പറ്റിയിരുന്നു ഇവിടെ 4 കൊല്ലം മുന്‍പ്. ഇന്ന് ഒരു ബെഡ് സ്പെയ്സിന് മാത്രം 1000 ദിര്‍ഹം വരുന്നുപോലും!

20 മിനിറ്റിലെത്തേണ്ട ജോലിസ്ഥലത്തേക്ക് ഒന്നര രണ്ട് മണിക്കൂറെടുത്ത് എത്തുമ്പോഴേക്കും എല്ലാ ഉന്മേഷവും പ്രസരിപ്പും റോഡില്‍ തന്നെ കളഞ്ഞുപോകുന്നു!

മുന്‍പൊക്കെ ഒരു 200 ദിര്‍ഹംസും കയ്യില്‍ വെച്ച് പര്‍ച്ചേസിംഗിനിറങ്ങിയാല്‍ ഒരു ട്രോളി നിറയെ സാധങ്ങളുമായി മടങ്ങാമായിരുന്നു. ഇന്ന് ആ പൈസകൊണ്ട് ട്രോളിയുടെ പകുതിപോലും നിറക്കാനാവുന്നില്ല!

ചുരുക്കത്തില്‍ ഒരു നാലഞ്ച് കൊല്ലം മുന്‍പ് 1500 - 2000 ദിര്‍ഹംസ് ശമ്പളം കിട്ടുന്നതിന് തുല്യം തന്നെ ഇന്നത്തെ 3500- 4000 ദിര്‍ഹംസ് ശമ്പളം!

അബദ്ധങ്ങള്
‍പന്ത്രണ്ടും പന്ത്രയും എന്നെ പറ്റിച്ചിട്ടുണ്ട്, പലപ്പോഴും, പലവട്ടം. സാധാരണ ഒരിടത്തരം പീസിന് 25 - 30 വില പറയാറുള്ള അയ്ക്കൂറ (അറ്ക്ക്യ) മീന്‍ ‘പന്ത്ര’ ദിര്‍ഹംസ് പറഞ്ഞപ്പോള്‍, വിലപേശി വിലപേശി മനം മടുത്ത് അവസാനം പറഞ്ഞ വിലക്ക് തന്നെ വാങ്ങിക്കാറുള്ള ഞാന്‍ പിന്നെയൊരു വിലപേശലിന് നിന്നില്ല. രണ്ട് പീസെടുത്ത് 30 ദിര്‍ഹംസ് കൊടുത്ത് ബാക്കി 6 ദിര്‍ഹംസ് ബാക്കിക്കായി കാത്തു നില്‍ക്കുമ്പോള്‍ അയാളാ 30 ദിര്‍ഹംസും മടക്കി പോക്കറ്റില്‍ വെച്ചപ്പോഴാണ് എനിക്ക് മനസ്സിലായത് “പന്ത്രണ്ടും (12) പന്ത്രയും (15)“ എന്നെ വീണ്ടും പറ്റിച്ചെന്ന്.

പാച്ചുവിന്‍റെ ലോകം
കുളിച്ച് നല്ല ഉടുപ്പൊക്കെ ഇട്ടു വന്നപ്പോള്‍ ഞാന്‍ പാച്ചുവിനോട് പറഞ്ഞു‘ഉപ്പാടെ മോള് സുന്ദരി ആയല്ലോ’കുഞ്ഞിക്കണ്ണുകള്‍ പരമാവധി വിടര്‍ത്തി സന്തോഷം പ്രകടിപ്പിച്ചു പാച്ചു.

മുടിവെട്ടി വന്ന് കുളിച്ചിറങ്ങിയ എന്നെ ഒരു കമന്‍റ് കാത്തിരിപ്പുണ്ടായിരുന്ന വിവരം ഞാനറിഞ്ഞില്ല!

‘ഉപ്പ തുന്തര്യായീലോ...’ പാച്ചുവിന്‍റെ കമന്‍റ്.

എന്‍റെ കണ്ണുകള്‍ വിടര്‍ന്നുവോ അതോ തുറിച്ചുവോ!

* * * *

ഡയലോഗുകളുടെ പെരുമഴക്കാലമാണിപ്പോള്‍

‘ഉമ്മാ പാച്ചൂന് ചായ വേണം’ മോളാവശ്യപ്പെട്ടു.

ബാക്കി വെച്ച പാല് തീര്‍ക്കാന്‍ ഇതു തന്നെ പറ്റിയ അവസരമെന്ന് നല്ലപാതിയും കരുതി, ഇത്തിരി ചായയില്‍ ബാക്കിയുള്ള പാല് ചേര്‍ത്തു കൊടുത്തു. ഉടനെ വന്നു പാച്ചുവിന്‍റെ ഡയലോഗ്.

‘ഉമ്മ ആള് കൊള്ളാലോ... പാച്ചൂന്‍റെ പാലെല്ലാം ചായേലൊഴിച്ച്’!

1 comment:

അഗ്രജന്‍ said...

18 അഭിപ്രായങ്ങള്‍:
സുല്‍ | Sul said...
പാച്ചൂന്റെ ലോകം എന്നും വര്‍ണ്ണാഭം. ആഴ്ചക്കുറിപ്പുകള്‍ നന്നായി.
പന്ത്ര യും പന്ത്രണ്ടും ഇപ്പൊഴും അടിയാണൊ? ഷെയ്കിനെ വിളിച്ച് ഹാന്റ് കൊടുത്തു അടിതീര്‍ക്കു അഗ്രു. :)

-സുല്‍

11:00 AM
Adithyan said...
പാച്ചു അലക്കിപ്പൊളിക്കുവാണല്ലോ :)
“ഉപ്പ തുന്തര്യായീലോ...” അതിഷ്ടപ്പെട്ടു :)

അതേ, ഈ അയ്കൂറ മേടിച്ച് വറുത്തടിച്ച വിശേഷം ഇങ്ങനെ കണ്ണിച്ചോരയില്ലാതെ വിളിച്ചു പറയുമ്പോ ഇവിടെ കൊറെ ബാച്ചിലേഴ്സ് ഇതൊക്കെ വായിച്ചോണ്ടിരിക്കുന്നുണ്ടെന്ന് വല്ല വിചാരോം ഉണ്ടോ?

മറ്റേ വിലനിലവാ‍രം കണക്ക് മുതലാളീടെ അടുത്ത് ശമ്പളം കൂട്ടിച്ചോദിക്കാന്‍ വേണ്ടി എഴുതിയുണ്ടാക്കിയത് വെറുതെ കളയണ്ടാന്നു കരുതി ഇവിടെ എടുത്തിട്ടതാണല്ലേ? ;)

11:21 AM
Adithyan said...
പാച്ചൂന് അന്വേഷണം പറയാന്‍ മറന്നു... പുന്നാരമോള്‍ക്ക് പ്രത്യേക അന്വേഷണങ്ങള്‍...

രണ്ടാമൂഴത്തില്‍ യുദ്ധത്തിന്റെ ഏതോ ഒരു രാത്രിയില്‍ കൌമാരം വിടാത്ത മക്കള്‍ പടനയിക്കുന്നതിനെപ്പറ്റി ഭീമന്റെ മനോവിചാരങ്ങള്‍ പറയുന്നുണ്ടല്ലോ. നാളെ ഒരു പക്ഷെ ഇവരുടെ ജനയിതാക്കള്‍ എന്ന പേരിലാവും ഞങ്ങള്‍ ഭാരതവര്‍ഷത്തില്‍ അറിയപ്പെടാന്‍ പോകുന്നത്...

ഇന്നത്തെ ബ്ലോഗ് വിശേഷങ്ങള്‍ കണ്ടിട്ട് ഒരു രണ്ടാം തലമുറ വളര്‍ന്നു വരുന്നത് കണ്മുന്നില്‍ കാണാന്‍ പറ്റുന്നു - ക്രിഷ്ണമോന്‍, പാച്ചുമോള്‍, പവിത്രക്കുട്ടി, ഹന്നമോള്‍ അങ്ങനെ അങ്ങനെ...

11:26 AM
aniyans said...
ആദിത്യാ, എന്റെ പുത്രന്‍ അഞ്ചു മാസക്കാരനായ അപൂര്‍വയെയും കൂടി ആ ലിസ്റ്റില്‍ പെടുത്താന്‍ താല്‍പര്യം. പുള്ളികാരന്‍ നാട്ടിലാണ്‌. ദിവസവും ടെലെഫോണിലൂടെ അവന്‌ മാത്രം മനസ്സിലാവുന്ന ഭാഷയില്‍ സംസാരിക്കലും മടുക്കുമ്പോള്‍ ഫോണെടുത്ത്‌ അവന്റെ അമ്മക്കിട്ട്‌ നല്ല തട്ട്‌ കൊടുക്കലും ഒന്നാം കിട ഹോബികള്‍...

11:35 AM
Adithyan said...
ദാ അടുത്ത കൊച്ചു മിടുക്കന്‍ എത്തിയല്ലോ.

അപൂര്‍വ്വ എന്നത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പേരാണ് :)

അപൂര്‍വ്വയുടെ വിശേഷങ്ങള്‍ ഒക്കെ പോരട്ടെ... ഇനിയിപ്പോ നമ്മള്‍ ആരും ഒന്നും എഴുതണ്ട. ഇവരുടെ ഒക്കെ വിശേഷങ്ങള്‍ മാത്രം അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്തോണ്ടിരുന്നാല്‍ മതി. അതു തന്നെ കാണും എല്ലാവര്‍ക്കും പിടിപ്പതു പണി.

11:42 AM
തറവാടി said...
ഉമ്മ ആള് കൊള്ളാലോ... പാച്ചൂന്‍റെ പാലെല്ലാം ചായേലൊഴിച്ച്’! athu kalakki

12:09 PM
ഇത്തിരിവെട്ടം© said...
അഗജാ അഴ്ചവട്ടം പല വര്‍ണ്ണങ്ങള്‍ കൊണ്ടണിയിച്ചൊരുക്കി അല്ലേ... അതിലെ ഏറ്റവും ആകര്‍ഷണീയമായ വര്‍ണ്ണം പാച്ചുവിന്റെ ലോകം തന്നെ.

ഞാനും ഓര്‍ക്കുന്നു ഒരാളെ... കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ ചോദിച്ചു എന്താവേണ്ടെതെന്ന്. പുള്ളി ആവശ്യപ്പെട്ടത് രണ്ട് കാര്യങ്ങളാണ് രണ്ടും നടക്കുമെന്ന് തോന്നുന്നില്ല. ഒന്ന് ആകാശത്തൂടെ പറക്കുന്ന വിമാനം. നിലത്തൂടെ പോവുന്ന ചെറുത് ഒന്നും വേണ്ട. പാര്‍ക്കിംഗ് സൌകര്യം കാലങ്ങളായി ഒഴിഞ്ഞ് കിടക്കുന്ന തൊഴുത്തില്‍ ഒരുക്കിയിരിക്കുന്നത്രെ. രണ്ടാമത്തെ ആവശ്യം ഇനി വന്നാല്‍ പിന്നെ തിരിച്ച് വിടില്ലന്നാണ്. അവനെ പുറത്തിരുത്തി ആന കളിക്കാന്‍ ആളില്ലത്രെ...

12:13 PM
അലിഫ് said...
ആഴ്ചകുറിപ്പുകള്‍ ഏഴാം ലക്കവും സ്റ്റാര്‍ പാച്ചു വാണല്ലോ. ‘ഉപ്പ തുന്തര്യായല്ലോ’ അതൊരുപാടിഷ്ടപ്പെട്ടു, ബാല്യത്തിന്റെ നിഷ്കളങ്കതയും.
‘അയക്കൂറാ’ നെയ്‌മീനല്ലേ? (ഒരു ചാവക്കാട്ട് കാരിയെ കെട്ടിയിട്ടും മീനിന്റെ പേരറിയാത്തവന്‍, മോശം!)

12:13 PM
പട്ടേരി l Patteri said...
പന്ത്രണ്ടും പന്ത്രയും
ഇതു വായിച്ചപ്പോള്‍ കഴിഞ്ഞ മാസം ഓഫീസില്‍ നടന്ന ഒരു സംഭവം ഓര്‍മ വന്നു ....
സംഭവം മലയാളിയുടെ രാഷ്ട്രഭാഷാജഞാനം * തന്നെ...
എതോ ഒരു പാര്‍ട്ടി (അതിനു കാരണങ്ങള്ക്കു ഒരു കുറവും ഇല്ലല്ലോ)
ഓര്‍ഗനൈസര്‍ നോര്‍ത്ത് ഇന്ത്യന്‍ (നോ.ഇ) : ഫോണെടുക്കുന്നു, ഫുഡ് കോര്‍ട്ടിലേക്കു വിളിക്കുന്നു... അശ്രഫ്* (അസര്‍പ്പ് :)(അ:) ഭായി അപ്പുറത്ത്.

(നോ.ഇ) : ഹലോ പച്ചാസ് സമൂസ, ## പെപ്സി............ബേജ്‌നാ
(അ:) ആധാ ഗണ്ഡാ :-0 ലഗേഗാ..
പതിവു പോലെ 45 മിനുട്ടിനു ശേഷം പാര്‍സെലുമായി അ: ഓഫീസില്‍ എത്തി.
പെട്ടിയുടെ വണ്ണത്തിലും കനത്തിലും സംശയം തോന്നിയ (നോ.ഇ) : ക്യാ സമൂസ ചോട്ടാ കിയാ ക്യാ?
അ: നഹി ഭായി സാബ് ഏക് ധം ബടാ ഹൈ..
എന്നിട്ടും സംശയം മാറാത്ത (നോ.ഇ) : ചലോ ദിഖാവോ...
വണ്ണത്തില്‍ തെറ്റിയാലും എണ്ണത്തില്‍ തെറ്റാത്ത (നോ.ഇ) : അരേ യേ തോ റ്റൊന്റി ഫൈവ് ഹീ ഏ,,
അ: ആപ്പ് തൊ പചാസ് ബൊലാ ത്താ ഓര്‍ ഹം പച്ചാസ് ലേക്കേ ആയേ

ഇതിനിടയില്‍ സമൂസയുടെ മണം അറിഞ്ഞു ചാടി വീണ മറ്റൊരു മലയാളിക്കു ( മ. മ.) കാര്യം പിടി കിട്ടി (അതു ഞാനല്ല എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കാന്‍ സാദ്യത ഇല്ലാത്തതിനാല്‍ ഞാന്‍ അതു പറയുന്നില്ല ;)
പ്രശ്നം പരിഹരിച്ചു... പക്ഷെ പച്ചീസ് - പച്ചാസ് കണ്ഫ്യൂഷ്യനെക്കാളും ഇറിറ്റേറ്റ് ചെയ്തതു അവിടെ കണ്ട "ആ" മലയാളിയുടെ "വിട്ടുവീഴ്ചയില്ലാത്ത" മനോഭാവം ആയിരുന്നു.

12:25 PM
ദിവാ (ദിവാസ്വപ്നം) said...
അഗ്രജാ

ആഴ്ചക്കുറിപ്പുകള്‍ വളരെ ഇഷ്ടപ്പെടുന്നു, അതിലേറെ പാച്ചുവിനെയും.

ആശംസകള്‍

9:47 PM
സന്തോഷ് said...
പാച്ചൂന്‍റെ ലോകവും ആഴ്ചക്കുറിപ്പുകളും വളരെ നന്നാവുന്നു.

10:06 PM
Anonymous said...
നല്ല കുറിപ്പുകള്‍.
അഭിനന്ദനങ്ങള്‍.

6:39 AM
വല്യമ്മായി said...
എങ്ങോട്ടാണീ പോക്ക് എന്ന് ചോദിച്ചു പോകും വിധമാണ്‍ ഇവിടുത്തെ ചെലവുകള്‍,പിന്നെ നാട്ടില്‍ പോകാത്തതെന്തേ എന്ന് ചോദിച്ചാല്‍ ഇവിടെ ചെലവാക്കാന്‍ പൈസയെങ്കിലുമുണ്ട്,അവിടെ ചെന്നാല്‍ അതുമില്ല.
ഇവിടെ എത്ര ചുരുങ്ങിയും ജീവിയ്ക്കാം,അവിടെയാണെങ്കില്‍ അതിനെല്ലാം പല ചോദ്യങ്ങള്‍ നേരിടേണ്ടി വരും.

ആഴ്ച കുറിപ്പുകള്‍ ഉഷാറാവുന്നുണ്ട്ട്ടാ,പാച്ചുവിന്റെ ഉമ്മാനെ പറ്റിയും എന്തെങ്കിലുമെഴുതൂ

12:51 PM
ശ്രീജിത്ത്‌ കെ said...
പാച്ചു കസറി. ഇത്ര ചെറിയ പ്രായത്തിലും പറയുന്ന ഡയലോഗിനു എന്തൊരു ഗുമ്മ്. ഇഷ്ടായി.

2:14 PM
മിന്നാമിനുങ്ങ്‌ said...
ആഴ്ച്ചക്കുറിപ്പുകള്‍ കലക്കനാകുന്നുണ്ടല്ലൊ,അഗ്രൂ

ബ്ലോഗിലെ സൗഹൃദങ്ങളും കൂട്ടായ്മകളും എന്നെന്നും നിലനില്‍ക്കട്ടെ
കേള്‍ക്കാനിഷ്ടപ്പെടാത്ത വാര്‍ത്തകളും ദുരന്തങ്ങളും ആവര്‍ത്തിക്കാതിരിക്കട്ടെ
ഗള്‍ഫിലെ ജീവിതച്ചിലവ്‌ താങ്ങാനുള്ള കരുത്തും അതോടൊപ്പം ചെലവു മെയിന്റൈന്‍ ചെയ്യാനുള്ള വരുമാനവും സര്‍വേശ്വരന്‍ നല്‍കട്ടെ
അബദ്ധങ്ങള്‍ ഇക്കണക്കിനു പോയാല്‍ ശ്രീജിത്ത്‌ അതിന്റെ പേരില്‍ പേറ്റന്റ്‌ ചോദിക്കാതിരിക്കട്ടെ
പാച്ചൂന്റെ ഡയലോഗുകള്‍ അവളിലെ വ്യക്തിത്വത്തെ വളര്‍ത്തിയെടുക്കട്ടെ

അഗ്രൂ,ആഴ്ച്ചക്കുറിപ്പുകള്‍ മുടങ്ങാതിരിക്കട്ടെ

3:21 PM
അതുല്യ said...
മിന്നാമിനുങ്ങേ.. ഗള്‍ഫിലെ ചിലവു മാത്രമല്ല... പ്ലീസ്‌ ദുബായിലേ ട്രാഫിക്കിനേ പറ്റീം പറയൂ... ജീവിതം ദുസ്സഹ്ഹമാക്കുന്നു....4 മണിക്കൂര്‍ യാത്ര ചെയ്ത്‌ അര മണിക്കൂര്‍ NMC യിലേ രോഗിയേ കാണേണ്ടി വരണ്ട ഗതികേടിലാണു ജനം.

3:32 PM
അഗ്രജന്‍ said...
സുല്‍: എല്ലാ കുഞ്ഞുങ്ങളുടേയും ലോകം പരമകാരുണ്യവാന്‍ എന്നും വര്‍ണ്ണാഭമാക്കി നിലനിറുത്തട്ടെ എന്നെ പ്രാര്‍ത്ഥിക്കുന്നു.

ആദി: പാച്ചൂനോട് പടം പിടിക്കണ മാമനെപറ്റി എന്നേ പറഞ്ഞു കഴിഞ്ഞു :)

മുതലാളീടെ അടുത്ത് കരഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല... ഓഫീസിന്‍റെ വാടക കൂടിയത് പറഞ്ഞ് പുള്ളിയും കരയും... എന്തിനാ വെറുതെ ഒരു കൂട്ടക്കരച്ചില്‍...

അനിയന്‍സ്: അപൂര്‍വ്വ... നല്ല പേര് :)

തറവാടി :)

ഇത്തിരി: അതു കലക്കി... വിമാനത്തിന് തൊഴുത്തില്‍ പാര്‍ക്കിംഗ് ശരിപ്പെടുത്തിയ മിടുക്കന് ഞങ്ങളുടെ അന്വേഷണങ്ങളറിയിക്കണം :)

അലിഫ്: ‘നെയ്മീന്‍‘ ആ കാര്യത്തില്‍ ചാവക്കാടിന്‍റെ പരിസരത്ത് ജീവിച്ചിട്ടും എനിക്കിപ്പോഴും ഉറപ്പില്ല... നെയ്മീന്‍ തന്നെയാണോ അയ്ക്കൂറയെന്ന്... ആണെന്ന് തോന്നുന്നു :) വ്യാഴായ്ചയല്ലേ നാട്ടില്‍ പോകുന്നത്... ദുബായിലെത്തി സമയം കിട്ടുകയാണെങ്കില്‍ വിളിക്കാന്‍ മറക്കരുത്.

പട്ടേരി: പച്ചീസും പച്ചാസും എന്നെയും പറ്റിച്ചിട്ടുണ്ട്... :)

ദിവാ: വളരെ സന്തോഷം... സൊലീറ്റയ്ക്ക് ഞങ്ങളുടെ അന്വേഷണങ്ങള്‍ അറിയിക്കുക :)

സന്തോഷ്: വളരെ സന്തോഷം... ഓം ഹ്രീം സ്വാഹ... പേടി ഇപ്പോഴും വിട്ടുമാറിയിട്ടില്ല :)

തനിമ: പ്രോത്സാഹനത്തിന് നന്ദി :)

വല്യമ്മായി: ചിലവുകളുടെ കാര്യം മുന്നില്‍ പല്ലിളിച്ചു നില്‍ക്കുന്ന യാഥാര്‍ത്ഥ്യം മാത്രം.

പാച്ചൂന്‍റെ ഉമ്മാനെ പറ്റി എഴുതുന്നുണ്ട് :)

ശ്രീജിത്ത്: നമുക്കൊക്കെ സ്വപ്നതുല്യമായ ഡയലോഗുകളാണ് ചില സമയത്ത് പ്രവഹിക്കാറ്... പുതിയ തലമുറ നമ്മുടെ കണക്കുകൂട്ടലുകള്‍ക്കും ഒരുപാടൊരുപാട് അപ്പുറത്താണ് :)

മിന്നാമിനുങ്ങ്: ഹ ഹ ശ്രീജിത്തിന്‍റെ പേറ്റന്‍റ് ചോദിക്കല്‍ ഇഷ്ടായി... പ്രോത്സാഹനത്തിന് നന്ദി :)

കുറുക്കനതുല്യ: കുറുക്കന്‍ ചേര്‍ത്തില്ലെങ്കിലും കുറുക്കന്‍ തന്നെ :)

4:57 PM
Siju | സിജു said...
പന്ത്രയും പന്ത്രണ്ടും ഇടക്ക് എനിക്കും തെറ്റാറുള്ളതാണ്. അപ്പോള്‍ ഒരാള്‍ കൂടി കമ്പനിക്കുണ്ടല്ലേ..
പാച്ചൂന്റെ കമന്റ്സെല്ലാം അടിപൊളി

6:05 PM