Tuesday, October 9, 2007

നാല്പത്തിയഞ്ച് (എ ഷോട്ട് ബ്രേക്ക്)

ലജ്ജയോടെ തല താഴ്ത്തുന്നു...
ഗര്‍ഭിണിയായ ഒരു സ്ത്രീയുടേയും അവരുടെ മക്കള്‍ക്ക് നേരേയും നടന്ന ക്രൂരമായ ആക്രമണം...
വാര്‍ത്ത കാണുമ്പോള്‍ സ്വയം പുച്ഛം തോന്നുകയായിരുന്നു...
നിലത്ത് വീണ് പിടയുന്ന ആ അമ്മയും മക്കളും എന്‍റെയുള്ളില്‍ വേദന പടര്‍ത്തുന്നു...
ഈ സമൂഹത്തിലാണല്ലോ ഞാന്‍ ജീവിക്കുന്നത്... എന്ന ചിന്ത നിരാശ ജനിപ്പിക്കുന്നു...
അരുതെന്ന് വിലക്കാന്‍ ജനക്കൂട്ടത്തില്‍ നിന്നൊരുത്തനും ഇല്ല എന്നറിയുമ്പോഴുള്ള ലജ്ജ, അതെന്‍റെ തല കുനിപ്പിക്കുന്നു...

ഇടവേള...
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത -
കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും...
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ -
ഞാനും കൊതിക്കാറുണ്ടെന്നും...

അതെ, പ്രാവസത്തിനൊരവധി കൂടെ...
ദൈവം അനുഗ്രഹിച്ചാല്‍ നാളെ (ബുധനാഴ്ച) രാത്രിയില്‍ നാട്ടിലേക്ക് തിരിക്കും...

ഉപ്പയും ഉമ്മയും കൂടപ്പിറപ്പുകളുമൊത്ത് ഒരു പെരുന്നാള്‍ കൂടെ...
എല്ലാരും ചേര്‍ന്നിരുന്നുള്ള സൊറ പറച്ചില്‍...
ഉപ്പയെ പിറകിലിരുത്തി ഒരു ബൈക്ക് യാത്ര...
നിസ്കാരപ്പായയിലിരിക്കുന്ന ഉമ്മാടെ മടിയില്‍ തലവെച്ചൊന്ന് കിടക്കാന്‍...
അനിയന്മാരുടെയടുത്ത് പുളുവടിക്കാന്‍...
മഴയത്ത് വരാന്തയിലിരുന്ന് പുരപ്പുറത്ത് നിന്നുള്ള വെള്ളപ്പാച്ചില്‍ കാണാന്‍...
മഴയത്ത് കുടയും ചൂടി അയല്‍ വീട്ടിലേക്ക് നടക്കാന്‍...
ബാല്യവും കൌമാരവും യൌവ്വനവും പിന്നിട്ട ഇടവഴികളിലൂടെ പ്രിയ കൂട്ടുകാരനുമൊത്ത് ഒരു സാഹായ്ന സവാരിക്കിറങ്ങാന്‍...
കുളക്കടവിലിരിക്കാന്‍...
വെള്ളത്തില്‍ പൊങ്ങിവരുന്ന കണ്ണന്‍ മീനിന്‍റെ (ബ്രാല്‍) മണ്ടയ്ക്കിട്ട് ഓടയിലൂടെ ഉന്നം പിടിച്ച് ഉളി ഊതി കൊള്ളിക്കാന്‍...
പ്രിയപ്പെട്ടവരെയെല്ലാം കാണാന്‍...
ചായക്കടയിലിരുന്നൊരു പൊടിച്ചായ കുടിക്കാന്‍... പരിപ്പ് വട തിന്നാന്‍...
മോള്‍ക്ക് ഗ്രാമത്തിന്‍റെ ഭംഗി മുഴുവനും കാണിച്ച് കൊടുക്കാന്‍...
ഇലച്ചാര്‍ത്ത് പിടിച്ചുലച്ച് നല്ലപാതിയെ നനയ്ക്കാന്‍...
കൊക്കരക്കോ... വിളി കേട്ടെഴുന്നേല്‍ക്കാന്‍...
പത്രക്കാരന്‍റെ വരവും കാത്തിരിക്കാന്‍...

എന്നും നാട്ടിലേക്ക് തിരിക്കുമ്പോള്‍ മനസ്സില്‍ ഇതുപോലത്തെ കൊച്ചു കൊച്ചു മോഹങ്ങള്‍ ഒത്തിരി കാണും... പക്ഷെ, നാട്ടിലെത്തിക്കഴിഞ്ഞാല്‍ ഇവയില്‍ കുടുംബവുമായി ബന്ധപ്പെട്ടതൊഴികെ പലതും നടക്കാറില്ല. എണ്ണിച്ചുട്ട അപ്പം പോലത്തെ അവധി ...ദാന്ന്... പറഞ്ഞ പോലെ തീര്‍ന്ന് കിട്ടും... അവധി തീരുന്ന അവസാനത്തെ ദിനങ്ങളാണ് ഏറെ കാഠിന്യം... മനസ്സിന് വല്ലാത്തൊരു വിങ്ങലായിരിക്കും...!

തിരിച്ചെത്തുന്നത് വരെ ബ്ലോഗിങ്ങിനും സമ്പൂര്‍ണ്ണാവധി പ്രഖ്യാപിക്കുന്നു...
(ആ. കു: 45) നിങ്ങള്‍ ഭാഗ്യശാലികളും പുണ്യം ചെയ്തവരുമത്രേ!

വെജ് & നോണ്‍ വെജ് പനികളുടെ കൈപ്പിടിയില്‍ അകപ്പെടാതിരിക്കാന്‍ വേണ്ടി എല്ലാരും പ്രാര്‍ത്ഥിക്കണം :)

അപ്പോ... വീണ്ടും സന്ദിപ്പും വരേയ്ക്കും വിട...

30 - 40 ദിവസങ്ങളില്‍ 9846790828 എന്ന നമ്പറില്‍ കാണും...
എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ഈദുല്‍ ഫിത്വര്‍ ആശംസകള്‍ :)

(ചെറിയ) വലിയ ആഗ്രഹങ്ങള്‍‍...
കഴിഞ്ഞ അവധിക്ക് മൃഗശാല കണ്ട് മടങ്ങും വഴി, തൃശ്ശൂരിലെ ഒരു റസ്റ്റോറന്‍റില്‍ കയറി ബിരിയാണി കഴിച്ച് മടങ്ങുമ്പോള്‍ വണ്ടിയില്‍ വെച്ചാണ് ഉമ്മ പറഞ്ഞത്...
‘കൊറേ കാലായിട്ടുള്ള ഒരു പൂത്യേര്‍ന്ന് ഹോട്ടലീന്ന് ഒരു ബിര്യാണി തിന്നാന്‍...’!
ഞാന്‍ തരിച്ചുപോയി അത് കേട്ട്... എന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു...

ബിരിയാണി ഉമ്മ ഇടയ്ക്ക് കഴിക്കാറുണ്ട്... പക്ഷെ, റസ്റ്റോറന്‍റില്‍ നിന്നും ഒരു ബിരിയാണി കഴിക്കുക എന്നത്, ചിന്തിക്കുമ്പോള്‍ വളരെ നിസ്സാരമായ ഒരാഗ്രഹം... പക്ഷെ, ഉമ്മ അതെത്ര കാലം അടക്കിവെച്ചു... മക്കള്‍ക്കോ ഭര്‍ത്താവിനോ അതൊരു ബുദ്ധിമുട്ടാവരുതെന്ന് കരുതി!

അവിടെ ബിരിയാണിയായിരുന്നില്ല ഉമ്മാക്ക് പ്രിയപ്പെട്ടതായി മാറിയതെന്ന് എനിക്ക് മനസ്സിലായി...
വല്ലിപ്പാടും മാമന്മാരോടുമൊപ്പം (ഉമ്മയുടെ ഉപ്പയും ആങ്ങളമാരും) ടൌണില്‍ പോകുമ്പോള്‍ ബിരിയാണി കഴിച്ചിരുന്ന ആ പഴയ നാളുകളായിരിക്കാം, അവരോടൊത്ത് കഴിഞ്ഞ ആ ദിനങ്ങളായിരിക്കാം ഉമ്മാക്ക് ഇതിത്രയും പ്രിയപ്പെട്ടതാക്കി തീര്‍ത്തത്.

നമ്മുടെ സന്തോഷത്തിന് വേണ്ടി മാതാപിതാക്കള്‍ക്ക് നമ്മള്‍ പലതും വാങ്ങിക്കൊടുക്കുമ്പോഴും അവരുടെ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങള്‍, ആഗ്രഹങ്ങള്‍ അറിയാന്‍ നമുക്ക് കഴിയുന്നില്ല, അല്ലെങ്കില്‍ അതിനായ് ശ്രമിക്കുന്നില്ല... പലതും മനസ്സിലൊതുക്കി അവര്‍ നമ്മെ വളര്‍ത്തുന്നു, വളര്‍ത്തി വലുതാക്കിയാലും അവര്‍ പിന്നേയും പലതും മനസ്സില്‍ തന്നെയൊതുക്കുന്നു - എല്ലാം മക്കള്‍ക്ക് വേണ്ടി മാത്രം!

പാച്ചുവിന്‍റെ ലോകം...
എന്താണ് അല്ലെങ്കില്‍ എങ്ങിനെയാണ് നാടെന്നൊന്നും അറിയില്ലെങ്കിലും പാച്ചുവും നാട്ടില്‍ പോകുന്ന സന്തോഷത്തില്‍ തന്നെ...
‘ഉമ്മാ... നാട്ടീ പോയാ ഉപ്പ ഓഫീസീ പോക്വോ...’ പാച്ചുവിന്‍റെ ചോദ്യം
‘ഇല്ല...’ നല്ലപാതി
‘അപ്പോ നമ്മക്ക്...പ്പാനെ എപ്പളും കാണാല്ലേ...’ പാച്ചുവിനെ സന്തോഷിപ്പിച്ചത് അതായിരുന്നു...
കളിക്കോപ്പുകളും ഉടുപ്പുകളും മിഠായിയും വാങ്ങിക്കൊടുത്ത് അവളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന എന്‍റെ മനസ്സപ്പോള്‍ ദിവസവും മൂന്നും നാലും മണിക്കൂറുകള്‍ കവര്‍ന്നെടുക്കുന്ന ഗതാഗതക്കുരുക്കിനെ പിരാകുകയായിരുന്നു...!

29 comments:

സുല്‍ |Sul said...

“ബാല്യവും കൌമാരവും യൌവ്വനവും പിന്നിട്ട ഇടവഴികളിലൂടെ പ്രിയ കൂട്ടുകാരനുമൊത്ത് ഒരു സാഹായ്ന സവാരിക്കിറങ്ങാന്‍...
കുളക്കടവിലിരിക്കാന്‍...
വെള്ളത്തില്‍ പൊങ്ങിവരുന്ന കണ്ണന്‍ മീനിന്‍റെ (ബ്രാല്‍) മണ്ടയ്ക്കിട്ട് ഓടയിലൂടെ ഉന്നം പിടിച്ച് ഉളി ഊതി കൊള്ളിക്കാന്‍...
പ്രിയപ്പെട്ടവരെയെല്ലാം കാണാന്‍...
ചായക്കടയിലിരുന്നൊരു പൊടിച്ചായ കുടിക്കാന്‍... പരിപ്പ് വട തിന്നാന്‍...
മോള്‍ക്ക് ഗ്രാമത്തിന്‍റെ ഭംഗി മുഴുവനും കാണിച്ച് കൊടുക്കാന്‍...
ഇലച്ചാര്‍ത്ത് പിടിച്ചുലച്ച് നല്ലപാതിയെ നനയ്ക്കാന്‍...
കൊക്കരക്കോ... വിളി കേട്ടെഴുന്നേല്‍ക്കാന്‍...
പത്രക്കാരന്‍റെ വരവും കാത്തിരിക്കാന്‍“

അഗ്രജാ ഈ ചതി വേണ്ടായിരുന്നു. മനുഷ്യന്മാരെ കൊതിപ്പിക്കുന്നതിനുമില്ലേ ഒരറ്റം. ഹോ ഇതൊക്കെ വായിച്ചിട്ട് എനിക്കും.....

നന്നായിരിക്കുന്നു ഈ ലക്കം.
യാത്രാമംഗളങ്ങള്‍, കൂടെ ഈദാശംസകളും.

-സുല്‍

വല്യമ്മായി said...

നാല്പ്പത്തിയഞ്ച് ദിവസം അത്ര ചെറിയ കാലാവധിയല്ലല്ലോ,കഴിഞ്ഞ പെരുന്നാളിന് നിങ്ങളുടെ വിട്ടില്‍ വന്നത് ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു.പിന്നെ നാട്ടില്‍ പോയി ചെയ്യേണ്ട കാര്യങ്ങളുടെ കൂട്ടത്തില്‍ തിരിച്ചു വരുമ്പോള്‍ തറവാട്ടിലേക്ക് കൊണ്ടു വരുന്ന സാധനങ്ങളുടെ പ്രിപ്പറേഷന്‍ ഒന്നും കണ്ടില്ലല്ലോ:)

സന്തോഷം നിറഞ്ഞ ഒരവധിക്കാലം പ്രിയപ്പെട്ടവരോടൊത്ത് ചെലവഴിക്കാന്‍ പടച്ചവന്‍ അനുഗ്രഹിക്കട്ടെ.

അഗ്രജനും മുനിറാക്കും പാച്ചുവിനും മുങ്കൂറായി ഈദാശംസകള്‍.

കുറുമാന്‍ said...

അഗ്രജാ നന്നായിരിക്കുന്നു ആഴ്ചക്കുറിപ്പുകള്‍. അതെ, കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ പോലും പുറത്തറിയിക്കാതെ നമ്മളെ മാതാ പിതാക്കള്‍ വളര്‍ത്തുന്നു.

ശുഭയാത്ര.....മഴയില്‍ നനഞ്ഞ്, ചൂണ്ടയിട്ട് മീന്‍ പിടിച്ച്,കെട്ടി കിടക്കുന്ന വെള്ളത്തില്‍ കാലുകൊണ്ട് പടക്കം പൊട്ടിച്ച്, ഈ അവധി ആസ്വദിക്കൂ കുടുംബത്തോടൊപ്പം.

എല്ലാവര്‍ക്കും ഈദ് ആശംസകള്‍.

കുറുമാന്‍ said...
This comment has been removed by the author.
Appu Adyakshari said...

ഹാവൂ.... ഒരാശ്വാസം.. (ഇതിവിടെ പറഞ്ഞതാണേ, കമന്റല്ല)

അഗ്രൂ... നാല്‍പ്പത്തഞ്ചു ദിവസം എന്നത് വളരെ നീണ്ട വെക്കേഷന്‍ തന്നെയാണ്.അതിനെ നാല്‍പ്പത്തഞ്ചു ദിവസങ്ങളായല്ല 45x24 = 1080 മണിക്കൂര്‍ എന്നു കണക്കാക്കി കാര്യങ്ങള്‍ ചെയ്യുക. ഈ പറഞ്ഞത്രയുമല്ല, അതിലും അധികം കാര്യങ്ങള്‍ നടക്കും... അല്ലെങ്കില്‍ നടത്തണം.

പിന്നെ ഒരു ട്രിക്ക് : രാവിലെ ബ്രേക്ക്ഫാസ്റ്റ് വീട്ടില്‍ നിന്നു കഴിക്കാന്‍ നില്‍ക്കാതിരുന്നാല്‍ ഒരു ദിവസത്തിന്റെ പകുതി ലാഭിക്കാം.

നല്ലോരു വെക്കേഷന്‍ അടിച്ചുപൊളിച്ച്, എല്ലാവരേയും കണ്ട്, കൂടുതല്‍ നാട്ടു കഥകളുമായി ഇങ്ങു തിരിച്ചുവാ. ഞങ്ങളൊക്കെ കാത്തിരിക്കുന്നുണ്ടാവും..

ഇനി ഒരു ഓണ്‍ ടോപ്പിക്ക് : അമ്മയേയും മക്കളേയും വഴിയിലിട്ട് തല്ലിച്ചതച്ചതിനും, അവിടെ ക്യാമറയും നീട്ടിപ്പിടിച്ച് അതില്‍ കൂടുതല്‍ എരിതീയില്‍ എണ്ണയൊഴിച്ചു കൊടുത്തതിനും ആ മീഡിയക്കാര്‍ സകല പ്രതിഷേധവും അര്‍ഹിക്കുന്നു. ചുരുങ്ങിയത് അവരെങ്കിലും പറയേണ്ടതാ‍യിരുന്നു “അരുതേ” എന്ന്. അതെങ്ങനാ അപ്പോ ഒരു ചുള്ളന്‍ ന്യൂസ് നഷ്ടപ്പെടില്ലേ !!

കുഞ്ഞന്‍ said...

അഗ്രജന്‍ ഭായ്

ആഗ്രഹങ്ങള്‍ സഫലീകരിക്കട്ടെ...യാത്രാ ആശംസകള്‍ നേരുന്നു..

ഈ വരികള്‍ വായിച്ചപ്പോള്‍ “വെജ് & നോണ്‍ വെജ് പനികളുടെ കൈപ്പിടിയില്‍ അകപ്പെടാതിരിക്കാന്‍ വേണ്ടി എല്ലാരും പ്രാര്‍ത്ഥിക്കണം :)“ ചിരിക്കണൊ കരയണൊ എന്നറിയാതെ കുഴങ്ങിപ്പോയ്, പക്ഷെ തകര്‍ത്ത് ചിരിച്ചു, പടച്ചോന്‍ പോലും ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്ന കാര്യമാണ് ഭായി ക്വോട്ടിയത്..!

Rasheed Chalil said...

ഇന്‍ഷാ അല്ലാ... പോയി വാ.

ഈദാശംസ അറിയികാന്‍‍ വിളിക്കാന്‍ മറക്കണ്ട.. :)

ചന്ദ്രകാന്തം said...

...ഇതൊരു ലോങ്ങ്-ബ്രെയ്ക്ക്‌ ആണല്ലോ...
മനസ്സില്‍ കൂട്ടി വച്ചിരിയ്ക്കുന്ന എല്ലാ മോഹങ്ങളും ഭംഗിയായി നിറവേറട്ടെ...
പെരുന്നാള്‍ ആശംസകള്‍.

പ്രയാസി said...

ഉപ്പയെ പിറകിലിരുത്തി ഒരു ബൈക്ക് യാത്ര...
നിസ്കാരപ്പായയിലിരിക്കുന്ന ഉമ്മാടെ മടിയില്‍ തലവെച്ചൊന്ന് കിടക്കാന്‍...
ഞാനേറ്റവും ആഗ്രഹിക്കുന്ന രണ്ടു കാര്യങ്ങള്‍!
മനുഷ്യനെ ഇങ്ങനെ സെന്റിയടിപ്പിക്കരുതു കേട്ടാ..
ഹൃദയം നിറഞ്ഞ ഈദാശംസകള്‍..

Mubarak Merchant said...

മനുഷ്യനെ ഇങ്ങനെ സന്തോഷിപ്പിക്കരുത് :)
മുസ്തഫാക്കാക്കും മുനീറാത്താക്കും പാച്ചൂനും മുന്‍‌കൂറായി ഈദ് ആശംസകള്‍ നേരുന്നു.

asdfasdf asfdasdf said...

അഗ്രജാ.. നന്നായി ഇത്തവണത്തെ കുറിപ്പ്.
യാത്രാമംഗളങ്ങള്‍.
മുഖംമൂടിമുക്കിലുള്ളവരെയെല്ലാം എന്റെ ആശംസകള്‍ അറിയിക്കുമല്ലോ.
അഗ്രജനും കുടുമ്മത്തിനും ഈദ് ആശംസകള്‍ !!

വേണു venu said...

അഗ്രജന്‍‍ ഭായീ,
കുറിപ്പു നന്നായി.
ശുഭയാത്ര ആശംസിക്കുന്നു.:)

ശ്രീ said...

യാത്രാ മംഗളങ്ങള്‍‌!
:)

തമനു said...

ആദ്യമേ തന്നേ ഹൃദയം നിറഞ്ഞ പെരുനാളാശംസകള്‍ അഗ്രൂ,മുനീറാ, പ്രിയ പാച്ചുക്കുട്ടി ... :)

അപ്പൊ പെരുനാളിന് എനിക്ക് തരാമെന്നു പറഞ്ഞ പത്തിരീം കോയിക്കറീം....... :( , ങ്ഹാ പോട്ടേ സുല്ലും, ഇത്തിരിയും ഒക്കെ ഉണ്ടല്ലൊ.. :)

നാട്ടുകാര്‍ക്കും എല്ലാ ആശംസകളും ... 45 ദിവസമേ.. പാവങ്ങള്‍... ശ്ശൊ ..അവരെ സമ്മതിക്കണം..) :)

കുളിക്കടവില്‍ ഇരിക്കാനുള്ള ആഗ്രഹം വിട്ടേരെ അഗ്രൂ ... ഇപ്പൊഴത്തെ പിള്ളാരൊന്നും കുളത്തില്‍ കുളിക്കാന്‍ പോകാറില്ല.. :)

നമ്പര്‍ വേണമെന്നില്ല അഗ്രൂ, ഞങ്ങളുടെ എല്ലാവരുടേം നമ്പര്‍ കൈയിലുണ്ടല്ലൊ അല്ലേ....? (നാട്ടീന്ന് ഇങ്ങോട്ടുള്ള വിളിയൊക്കെ ഇപ്പൊം എന്നാ ചീപ്പ് റേറ്റാ...!!!)

ഒരിക്കല്‍ കൂടി ആശംസകള്‍ നേരുന്നു..

അഞ്ചല്‍ക്കാരന്‍ said...

യാത്രാ മംഗളങ്ങള്‍....

സു | Su said...

നാട്ടില്‍പ്പോക്കിന്, വരവിന്, ആശംസകള്‍.

ഒന്നും ഇല്ലെങ്കിലും, തിരിച്ചറിവും, ബുദ്ധിയും, സഹജീവികളോട് കരുണയും, ഒക്കെയുള്ള മക്കളാ അഗ്രജാ, മാതാപിതാക്കന്മാരുടെ ഏറ്റവും വലിയ സന്തോഷവും, അഭിമാനവും, സ്വത്തും. അതില്‍, അഗ്രജന്റെ ഉപ്പയും ഉമ്മയും ഭാഗ്യവാന്മാര്‍. പ്രത്യേകിച്ചും ഇക്കാലത്ത്.

പോസ്റ്റ് വായിച്ചിട്ട് അല്‍പ്പം വിഷമം ആയി. എന്താന്ന് പറയൂല.

(ഇനി അഗ്രജന്റെ പോസ്റ്റ് കുറച്ചുദിവസത്തേക്ക് കാണൂലല്ലോ ഭഗവാനേ എന്നു വിചാരിച്ചിട്ടല്ല, തീര്‍ച്ചയായിട്ടും. :D)

പെരുന്നാള്‍ ആശംസകള്‍.

അലിഫ് /alif said...

നാട്ടില്‍പോക്ക് വിശേഷങ്ങള്‍ കുറിച്ച ആഴ്ചകുറിപ്പ് നന്നായിരിക്കുന്നു, പ്രത്യേകിച്ച് ലീവില്‍ ചെയ്യാനുള്ള കാര്യങ്ങളുടെ ആ നീണ്ട ലിസ്റ്റ്.

എന്തായാലും നമ്പര്‍ തന്നതല്ലേ, ഒക്ടോബര്‍ 18 കഴിഞ്ഞൊരു വിളി മൊബൈലില്‍ പ്രതീക്ഷിച്ചോളൂ..!!

പാച്ചുവുനും അഗ്രജയ്ക്കുമുള്‍പ്പെടെ മുന്‍‌കൂര്‍ പെരുന്നാളാശംസകള്‍..
-അലിഫ്

ഉപാസന || Upasana said...

എല്ലാ ആശംസകളും നേരുന്നു
ഈദ് ആശംസകളും
:)
ഉപാസന

Melodious said...

എടപ്പാളിലെ സംഭവം ഏവരെയും ലജ്ജിപ്പിക്കുന്ന സംഭവം തന്നെ. തെറ്റ് ചെയ്‌തോ ഇല്ലേ എന്നതല്ല അവിടെ വിഷയം..അത് പിന്നീട് പറയേണ്ട കാര്യം. ഒരു ഗര്‍ഭിണിയായ സ്‌ത്രീയെ ഈ വിധം ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട് അത് നോക്കി നിന്നവരെ സമ്മതിക്കണം.

അഗ്രജനിക്കാ. ആഴ്ചകുറിപ്പുകള്‍ നന്നായിരിക്കുന്നു. നല്ല ഒരു അവധിക്കാലം ഇക്കാക്കും മുനീറത്താക്കും പാച്ചുട്ടിക്കും ആശംസിക്കുന്നു. ഒപ്പം ഹൃദ്യമായ ഈദാശംസകളും.

ബയാന്‍ said...

.

അരവിന്ദ് :: aravind said...

നല്ല പോസ്റ്റ്.

ഇക്കാ..പോയ് വരൂ...നാട്ടില്‍ ഈദുല്‍ ഫിത്തറൊക്കെ കൂടി, അത്തറ് പൂശി, പത്തിരി തിന്നൂ.

അവസാന ഭാഗം വായിച്ചപ്പോള്‍ ഈറനണിഞ്ഞു...‍...വായ.

(ബിരിയാണി എന്നു കേട്ടിട്ടേ..നാവില്‍ വെള്ളമൂറി. കൂട്ടുകാരുടെ കൊച്ചു കൊച്ചാഗ്രഹങ്ങളും കാണുമ്പോള്‍ ചോദിക്കണം ട്ടാ)

എന്റെ പ്രാര്‍‍ത്ഥനകള്‍.

കരീം മാഷ്‌ said...

ഈദ് ആശംസകള്‍.
ഇന്‍ശാ അല്ലാഹ്, ഞാനും നാട്ടിലുണ്ടാവും 30 ദിവസം.

ഇടിവാള്‍ said...

അക്രൂ ;)

നിങ്ങടെ നാട്ടില്‍ 43 കഴിഞ്ഞാല്‍ 45 ആണോ ? ആഴ്ചക്കുറിപ്പ് 44 (പോര്‍ത്തി പോര്‍ എന്നു ഫിലിപ്പിനികള്‍ പറയുന്ന അതേ നാപ്പത്ത്യാലന്നേയ്..)കണ്ടില്ലേയ്..അതാ ചോദിച്ചത് ;)

അതോ 45 ദിവസത്തെ അവധിയോടു ചേര്‍ന്നു നില്ക്കാനായി ഇതും 45 ആക്കീതാ?

ന്തായാലും, പെരുനാള്‍ തകര്‍ക്കൂ..

സ്നേഹാശംസകള്‍.

sandoz said...

അഗ്രൂ...അവിടെക്കിടന്ന് അയ്യോ പത്തോയെന്ന് വിളിക്കാതെ ഇങ്ങട്‌ വാടോ വേഗം...
നമുക്കിവിടെ അങ്ങട്‌ പൊളിക്കാന്നേ.....

കര്‍ത്താവേ.... കരീം മാഷും വരണണ്ടാ.....
പാവം പാവം കേരളം...

Visala Manaskan said...

വായിച്ചപ്പോള്‍ മനസ്സിന് നല്ല കുളിര്‍മ്മ. വിചാരിച്ച എല്ലാ കാര്യങ്ങളും വിചാരിച്ചേലും ടോപ്പായി തന്നെ നടക്കട്ടേ. ഒരു വണ്ടര്‍ ഫുള്‍ വെക്കേഷന്‍ ആശംസിക്കുന്നു,

അഗ്രജാ. വി മിസ്സ് യൂ ഡാ...

ഞാന്‍ ഇന്ന് നാട്ടില്‍ പോയി 14 ന് തിരിച്ച് വരാന്‍ വേണ്ടി ടിക്കറ്റെടുക്കാന്‍ പോയതാ. ഒരു ക്ലിക്ക് എവെ വച്ച്, ഉള്‍വിളി ഉണ്ടായി. ‘വേണ്ട്രാ... വേണ്ട്രാ..’ ന്ന്.

പോണ ദിവസം നല്ല രസമുണ്ടാകുമെങ്കിലും, നാല് ദിവസം കഴിഞ്ഞ് വരണ കാര്യം ആലോചിച്ചപ്പോള്‍ ചങ്കിന്റെ അകത്തൊരു !!

അപ്പോ, ബ്ലോഗിങ്ങും ഖുബൂസും മട്ടന്‍ ടിക്കയും ടി.വി.ലെ സിനിമേം.. എന്നാ ഇവിടെ ഉള്ളത് ന്ന് വച്ചാ അതോണ്ടങ്ങട് ഒഴിവു ദിവസങ്ങള്‍ അടിച്ച്പൊളിക്കാം എന്ന് വിചാരിക്ക്യാര്‍ന്നു.

“ആ സമയം, എന്റെ കുഞ്ഞുങ്ങളുടെയും കൂട്ടുകാരിയുടെയും വീട്ടുകാരുടെയും കൂട്ടുകാരുടെയുമൊക്കെയായിരുന്നെങ്കിലോ... ഹോ!!!അവര്‍ക്കും എനിക്കും എന്തോരു സന്തോഷമായേനേ..’ എന്നൊന്നും ഓര്‍ക്കാന്‍ നില്‍ക്കരുത് എന്നല്ലേ പ്രവാസിപ്രമാണം!

മുസ്തഫ|musthapha said...

സുല്‍
വല്യമ്മായി
കുറുമാന്‍
അപ്പു
കുഞ്ഞന്‍
ഇത്തിരിവെട്ടം
ചന്ദ്രകാന്തം
പ്രയാസി
ഇക്കാസ് മെര്‍ച്ചന്റ്
KuttanMenon
വേണു venu
ശ്രീ
തമനു
അഞ്ചല്‍കാരന്‍
സു
അലിഫ്
എന്റെ ഉപാസന
Melodious
ബയാന്‍
അരവിന്ദ്
കരീം മാഷ്‌
ഇടിവാള്‍
sandoz
Visala Manaskan

എല്ലാവര്‍ക്കും... വളരെയധികം നന്ദി... :)
എല്ലാര്‍ക്കും വിശദമായി മറുപടി പറയണമെന്നുണ്ട്... പക്ഷെ സമയക്കുറവ് വിരലുകളെ പിടിച്ച് വലിക്കുന്നു... :)
അപ്പോ ഇനി തിരിച്ച് വന്നിട്ട് (ഇന്‍ശാ അള്ളാഹ്) കാണാം... എല്ലാവര്‍ക്കും ക്ഷേമം ആശംസിക്കുന്നു... ഒപ്പം സന്തോഷകരമായ പെരുന്നാള്‍ ആശംസകളും :)

സ്നേഹത്തോടെ,
അഗ്രജനും കുടുംബവും

നാട്ടില്‍ വെച്ച് കാണാന്‍ പറ്റുന്നവരെയെല്ലാം കാണണമെന്നും സംസാരിക്കണമെന്നുമുണ്ട്... എറണാകുളം കണ്ണൂര്‍ യാത്രകള്‍ക്ക് സാധ്യതയുണ്ട്... ജാഗ്രതൈ!
:)

തറവാടി said...

agrajan phone number :

0091-999-5533-421

ചീര I Cheera said...

വായിച്ചിട്ട് ആകെ ഫീലിങ്ങ്സ് ആയി...
പെരുന്നാളാശംസകള്‍, അഗ്രജനും, കുടുമ്പത്തിനും..!
ഹാപ്പി ജേര്‍ണി !

രാജന്‍ വെങ്ങര said...

അല്ലപ്പാ! ഇങ്ങളു പോയിറ്റിപ്പം നാളു നാപ്പത്തന്ചു എപ്പ്ളെ കയിഞ്ഞു?
ബെരാനായില്ലെ എന്‍നും?
ബന്നിറ്റു ബേണം ഞമ്മക്കു ഞിങ്ങളെ രണ്ടു ബര്‍ത്താനം ബീണ്ടും കേക്കാന്‍.ഒന്ന് ബേം ബാ..
സസ്‌നേഹം രാജന്‍