Sunday, February 4, 2007

പതിനേഴ്

ചില കുതിര്‍ന്ന ചിന്തകള്‍
‍ആരവത്തോടെ വരുന്നൊരു മഴയുണ്ടല്ലോ, ആ ശബ്ദം കേള്‍ക്കുമ്പോഴേക്കും അയലില്‍ ഉണക്കാനിട്ടതൊക്കെ എടുക്കാനുള്ള പെണ്ണുങ്ങളുടെ ഓടിപ്പാച്ചിലെല്ലാം കഴിഞ്ഞ് വരുമ്പോഴേക്കും ആ മഴയങ്ങട്ട് ഒരു നേര്‍ത്ത ചാറ്റലായി അവസാനിക്കും. ഈ അനുഭവം വെച്ച് ‘അത് ചാറിപൊയ്ക്കോളും’ എന്ന് കരുതിയിരുന്നാല്‍ അങ്ങട്ട് അലക്കി പെയ്യുകയും ചെയ്യു... എല്ലാരേം പറ്റിക്കുന്നൊരു മഴ. എന്തായാലും അതിന്‍റെ ശബ്ദം കേള്‍ക്കുന്നത് തന്നെ ഒരു പ്രത്യേക രസമാണ്.

കഴിഞ്ഞ വെള്ളിയാഴച ഉച്ചകഴിഞ്ഞ സമയത്ത് ഇതുപോലൊരു മഴ, പണ്ട് കേട്ടു മറന്ന അതേ ആരവത്തോടെ വന്ന് നന്നായി തന്നെ പെയ്തു. ശബ്ദം കേട്ട് പുറത്തേക്ക് നോക്കിയ ഞാന്‍ മഴ കണ്ടപ്പോള്‍ പാച്ചുവിനേയും എടുത്ത് അഗ്രജയുമൊത്ത് ബാല്‍ക്കണിയുടെയിലേക്കുള്ള വിന്‍ഡോയ്ക്കരികില്‍ നിന്നു (ഒരിക്കലും മോളെ എടുത്ത് കൊണ്ട് ബാല്‍ക്കണിയിലേക്ക് കടന്നു നില്‍ക്കാറില്ല). പാച്ചു, മഴ നന്നായി ആസ്വദിക്കുകയും ചെയ്തു. ‘ഇതെവിടുന്ന് വന്നതാ’ എന്ന് ചോദിക്കാനും പാച്ചു മറന്നില്ല.

ഞാന്‍ ശ്രദ്ധിച്ച കാര്യം, ചുറ്റുവട്ടത്തുള്ള എല്ലാ ബില്‍ഡിങ്ങുകളുടെ ബാല്‍ക്കണികളിലും മക്കളെ എടുത്ത് അച്ഛനമ്മമാര്‍ അവര്‍ക്ക് മഴ കാണിച്ച് കൊടുക്കുകയായിരുന്നു എന്നുള്ളതാണ്. ജീവിക്കാനുള്ള ബദ്ധപ്പാടിനിടയില്‍, ഒപ്പമെത്താനോ മറികടക്കാനോ ഉള്ള ഓട്ടത്തിനിടയില്‍ മനുഷ്യന്‍ പലതും മറക്കുമ്പോഴും മറന്നതായി ഭാവിക്കുമ്പോഴും ഉള്ളിന്‍റെയുള്ളിലുറങ്ങി കിടക്കുന്ന സ്വന്തം തനിമയെ തൊട്ടുണര്‍ത്തുന്ന എന്തും ഏതും അവനെ ഗൃഹാതുരത്വത്തിന്‍റെ മധുരസ്മരണകളിലേക്ക് കൊണ്ടെത്തിക്കുന്നു.

മഴ നനഞ്ഞ ബാല്യം സ്മരണകളിലോടിയെത്തുമ്പോള്‍, ഫ്ലാറ്റ് ജീവിതത്തിന്‍റെ അടച്ചിട്ട മുറികളില്‍ തളക്കപ്പെടുന്ന പുതുബാല്യങ്ങള്‍ക്ക് ഒരു മഴയെങ്കിലും കാണിച്ചുകൊടുത്ത് സായൂജ്യമടയാനവന്‍ ശ്രമിക്കുന്നു. എന്നലോ മഴയിലിറങ്ങാനൊരു അവസരം കിട്ടിയാല്‍ അതിനൊരുമ്പെടുന്ന ബാല്യങ്ങളെ അസുഖങ്ങള്‍ വരുമെന്ന ഭീതിയില്‍ തടഞ്ഞു നിറുത്തുന്നതും അവന്‍ തന്നെ! ഒരു പക്ഷെ പാച്ചുവിന്‍റെ ബാല്യസ്മരണകളില്‍ മധുരിക്കുന്ന ഒന്നായി ബാല്‍ക്കണിയില്‍ നിന്നുള്ള ഒരു മഴ ദൃശ്യവുമുണ്ടായേക്കാം - അല്ലേ!

1 comment:

അഗ്രജന്‍ said...

15 അഭിപ്രായങ്ങള്‍:
അഗ്രജന്‍ said...
"ആഴ്ചക്കുറിപ്പുകള്‍ 17"


ജോലിത്തിരക്ക് മൂലമുള്ള സമയ ദൌര്‍ലഭ്യം കാരണം തല്‍ക്കാലം മനസ്സില്‍ വന്നത് വെച്ച് പോസ്റ്റുന്നു.

:)

5:20 PM
ഇക്കാസ് ::ikkaas said...
മഴ എന്നും ഒരു നല്ല വിഷയം തന്നെ.
സന്തോഷത്തിനും, വേര്‍പാടിനും, വിരഹത്തിനും, ലക്ഷ്യമില്ലായ്മയ്ക്കും.. അങ്ങനെ എന്തിനെ മനസ്സില്‍ ചിത്രീകരിക്കുമ്പോളും പശ്ചാത്തലത്തില്‍ മഴയുണ്ടെങ്കില്‍ അതിന്റെ മിഴിവ് ഒന്നു വേറെ തന്നെ.

അതുകൊണ്ടായിരിക്കാം ‘മഴ അള്ളാന്റെ റഹമത്താ’ണെന്ന് പറയുന്നത്.

ഈ ഓര്‍മ്മകള്‍ പങ്കുവച്ചതിനു നന്ദി മുത്തുക്കാ.

5:31 PM
വല്യമ്മായി said...
:)

എനിക്കും തോന്നിമഴയത്തിറങ്ങി നടക്കാന്‍ !

6:16 PM
ഏറനാടന്‍ said...
പാച്ചു കണ്ടതും ഫ്ലാറ്റ്‌ മഴയാണ്‌. ഈ ഇളംതലമുറക്കറിയാമോ പഴമക്കാരുടെ മഴക്കാലവും തോടും പാടവും കുളങ്ങളുമെല്ലാം! എല്ലാം കഥയിലെങ്കിലും ഇവര്‍ക്കറിയിക്കാമെന്നല്ലാതെ...

6:26 PM
പച്ചാളം : pachalam said...
ബൂലോകത്താകെ മൊത്തം ടോട്ടല് മഴയാണല്ലോ :)

6:29 PM
sandoz said...
ഒരു പക്ഷെ പാച്ചുവിന്‍റെ ബാല്യസ്മരണകളില്‍ മധുരിക്കുന്ന ഒന്നായി ബാല്‍ക്കണിയില്‍ നിന്നുള്ള ഒരു മഴ ദൃശ്യവുമുണ്ടായേക്കാം - അല്ലേ!


പോസ്റ്റിലെ ഈ അവസാന വരികള്‍ക്ക്‌ അര്‍ഥവ്യാപ്തി വളരെ കൂടുതല്‍ ആണെന്ന് തോന്നി.
ഫ്ലാറ്റില്‍ കുടുങ്ങുന്ന ബാല്യങ്ങള്‍ക്ക്‌ പലതും നഷ്ടപ്പെടുന്നു.നാട്ടില്‍ പോലും പല കുട്ടികള്‍ക്കും പച്ചപ്പുകളും മഴകളും അന്യമല്ലേ.ഒരു പക്ഷേ നമ്മള്‍ക്കു ലഭിച്ച ബാല്യം അവരുടെ ഐഡിയയില്‍ പോലും വരാത്തതു കൊണ്ട്‌ അവര്‍ക്ക്‌ അതൊരു നഷ്ടത്തിന്റെ വികാരം ഉണ്ടാക്കുകയുമില്ലാ.

പാച്ചുവിനു എന്റെ സ്നേഹം.

6:35 PM
സതീശ് മാക്കോത്ത് | sathees makkoth said...
മഴയില്‍ നനഞ്ഞ് കുളിച്ച് നടന്ന് കേറിയ നഷ്ട്പ്പെട്ട് പോയൊരു ബാല്യകാലത്തെ ഓര്‍മ്മിപ്പിക്കുന്നു.

7:54 PM
വേണു venu said...
പാച്ചുവിന്‍റെ ബാല്യസ്മരണകളില്‍ മധുരിക്കുന്ന ഒന്നായി ബാല്‍ക്കണിയില്‍ നിന്നുള്ള ഒരു മഴ തീര്‍ച്ചയായും ഉണ്ടാകും. “ആരവത്തോടെയുള്ള ഒരു മഴയുണ്ടല്ലോ.” നല്ല വരികള്‍.ആ വരികളില്‍ മഴ കാണാന്‍ കഴിയുന്നു.

8:29 PM
Anonymous said...
നല്ല മഴ, നല്ല അഗ്രജന്‍, നല്ല പാച്ചു.

ഇക്കാസിനും സാന്റോസിനും ഫുള്‍മാര്‍ക്ക്.

Nousher

9:06 AM
സുല്‍ | Sul said...
മഴനനഞ്ഞോടിയ ബാല്യം. എല്ലാം ഓര്‍മ്മകളില്‍ മാത്രം.

മക്കളെ ചാറ്റല്‍ മഴയത്ത് ഇടക്ക് മുറ്റത്തിറക്കി വിടാറുണ്ട്. എനിക്കു കിട്ടിയതൊന്നും അവര്‍ക്കു തടയുന്നതില്‍ അര്‍ഥമില്ലല്ലൊ. അവരും അറിയട്ടെ മഴയെന്തെന്ന്.

ഓടോ : പനിക്കും ചുമക്കുമുള്ള മരുന്നു അലമാരിയില്‍ സ്റ്റോക്കുണ്ട്.

-സുല്‍

9:50 AM
തമനു said...
വീണ്ടും അഗ്രജനില്‍ നിന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു പോസ്റ്റ്‌.

മരങ്ങള്‍ക്കിടയിലൂടെയും, ചെടികളിലും വീഴുന്ന മഴയുടെ സൗന്ദര്യം കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ക്കിടയില്‍കൂടി വീഴുന്ന ഇവിടുത്തെ മഴക്കില്ലെങ്കിലും ഞാനും കുറെ നേരം കണ്ടു നില്‍ക്കാറുണ്ട്‌ പെട്ടെന്നു വീണ്‌ എല്ലായിടവും കുളമാക്കുന്ന ഗള്‍ഫ്‌ മഴയെ. പാവം നമ്മുടെ കുട്ടികള്‍ .. ഒരു നല്ല മഴയുടെ കാഴ്ചപോലും നാം അവര്‍ക്കു നിഷേധിക്കുകയാണ്‌. പാവം പാച്ചു


പക്ഷേ നാട്ടിലും സ്ഥിതി വ്യത്യസ്ഥമല്ല. നമ്മുടെ കുട്ടികള്‍ക്ക്‌ മഴകാണുവാനുള്ള ഭാഗ്യമേ ഉള്ളൂ .. മഴയിലൊന്നിറങ്ങാനോ, റോഡ്‌ സൈഡിലൂടൊഴുകുന്ന ചെളിവെള്ളത്തില്‍ ഇടം കാലുകൊണ്ട്‌ ശക്തമായി ചവുട്ടി ഉയരുന്ന വെള്ളത്തെ വലം കാലുകൊണ്ട്‌ അടിച്ച്‌ ഫ്‌ടേ എന്നൊരു ശബ്ദം കേള്‍പ്പിക്കാനോ എന്റെ മകള്‍ക്ക്‌ അറിയില്ല, അല്ലെങ്കില്‍ പിന്നീട്‌ വരുമെന്ന്‌ പേടിക്കുന്ന അസുഖങ്ങളുടെ പേരില്‍ ഞങ്ങള്‍ അവളുടെ ആ സന്തോഷം നിഷേധിക്കുകയാണ്‌. പാവം ഹര്‍ഷ.

എന്തായാലും പതിവുപോലെ മനോഹരമാണ്‌ പെട്ടെന്നെഴുതിയതെന്ന്‌ മുന്‍കൂര്‍ ജാമ്യത്തോടെ അഗ്രജന്‍ സമര്‍പ്പിക്കുന്ന ഈ ആഴ്ചക്കുറിപ്പും..

9:53 AM
കലേഷ്‌ | kalesh said...
മനോഹരം മുസ്തഫ!!!
മഴ എനിക്കും ഒരുപാട് ഇഷ്ടമുള്ളൊരു സംഗതിയാ....

9:22 AM
:: niKk | നിക്ക് :: said...
മഴ നനഞ്ഞ ബാല്യം സ്മരണകളിലോടിയെത്തുമ്പോള്‍, ഫ്ലാറ്റ് ജീവിതത്തിന്‍റെ അടച്ചിട്ട മുറികളില്‍ തളക്കപ്പെടുന്ന പുതുബാല്യങ്ങള്‍ക്ക് ഒരു മഴയെങ്കിലും കാണിച്ചുകൊടുത്ത് സായൂജ്യമടയാനവന്‍ ശ്രമിക്കുന്നു. എന്നലോ മഴയിലിറങ്ങാനൊരു അവസരം കിട്ടിയാല്‍ അതിനൊരുമ്പെടുന്ന ബാല്യങ്ങളെ അസുഖങ്ങള്‍ വരുമെന്ന ഭീതിയില്‍ തടഞ്ഞു നിറുത്തുന്നതും അവന്‍ തന്നെ!

നല്ല വിവരണം. ഇഷ്ടായി ഇഷ്ടാ :)

10:05 AM
പൊന്നാനി said...
ടാ മുത്തേ.. നിന്‍റെ പേനയിലെ മഷി തീര്‍ന്നോ .. ആഴ്ച്ചകുറിപ്പ് പട്ടിണി കോലം പോലെയായല്ലോ, വിഷയ ദാരിദ്രം ബാധിച്ചുവോ, ഏതായാലും ഈ ആഴ്ചയിലെ വിഷയവും എഴുതി രീതിയിലും വളരെ രസകരമാക്കിയിരിക്കുന്നു
ഓര്‍മ്മകള്‍ക്ക് ജീവന്‍ വെച്ചു .. മഴയും അയലും ഓട്ടവുമെല്ലാം

10:58 AM
അഗ്രജന്‍ said...
ആഴ്ചക്കുറിപ്പുകള്‍ വായിച്ച, അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

ഇക്കാസ്
വല്യമ്മയി
ഏറനാടന്‍
പച്ചാളം
സാന്‍ഡോസ്
സതീശ്
വേണു
നൌഷര്‍
സുല്‍
തമനു
കലേഷ്
നിക്ക്
പൊന്നാനി

നിങ്ങള്‍ക്ക് പ്രത്യേകം നന്ദി അറിയിച്ചു കൊള്ളട്ടെ :)

ആഴ്ചക്കുറിപ്പിന് വീണ്ടും സഹകരണം അഭ്യാര്‍ത്ഥിക്കുന്നു.

നന്ദി

2:05 PM