Monday, February 4, 2008

ആഴ്ചക്കുറിപ്പുകള്‍ 52

മീന്‍ ചന്തയും ചിന്തയും
മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങിച്ച് മടങ്ങുമ്പോള്‍ ടാക്സിയൊന്നും കിട്ടിയില്ലെങ്കിലേ ഞാന്‍ നടക്കാന്‍ മുതിരാറുള്ളു. അര കിലോമീറ്റര്‍ ദൂരമേയുള്ളൂവെങ്കിലും വല്ലാത്ത പാടാണെന്നേയ് രണ്ട് കയ്യിലും മീന്‍ നിറച്ച കീശകളും തൂക്കിപ്പിടിച്ച് നടക്കാന്‍. മീന്‍ കയറ്റാന്‍ സമ്മതിക്കാത്ത ടാക്സി ഡ്രൈവര്‍മാരെ പിരാകിക്കൊണ്ട് ഞാന്‍ നടക്കും. അത് കഴിഞ്ഞ കാലം. ഇപ്പോള്‍ നടക്കാന്‍ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുന്ന എനിക്ക് മീന്‍ വങ്ങിച്ച് കൊണ്ട് നടക്കാനും എന്തൊരാവേശം. നിസ്സാര പണികളാണെങ്കിലും അതൊരു ബുദ്ധിമുട്ടെന്ന് കരുതി ചെയ്യുമ്പോഴാണ് അതില്‍ ‘ബുദ്ധിമുട്ട്’ കയറി ഇടം പിടിക്കുന്നതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.

സമയം തികയാത്തവര്‍
പുലര്‍ച്ച 5 മണിക്ക് തെരുവ് ഏറെക്കുറെ വിജനമായിരിക്കേണ്ടതാണ്. പക്ഷെ, ഭക്ഷണപൊതികളൊരിടത്ത് വെച്ച് തണുപ്പില്‍ നിന്നും രക്ഷനേടാന്‍ സ്വന്തം ശരീരത്തിലേക്ക് പിന്നേയും ഒതുങ്ങിച്ചേരാന്‍ ശ്രമിക്കുന്ന തൊഴിലാളികള്‍ തെരുവിനെ സജീവമാക്കിയിരിക്കുന്നു. ഭാരങ്ങള്‍ പേറുന്ന തങ്ങളെ പേറാന്‍ വന്നെത്തുന്ന വാഹനം കാത്ത് അവരിരുപ്പാണ്. ജോലിസമയത്തിനും മണിക്കൂറുകള്‍ മുമ്പ് അവര്‍ക്ക് യാത്ര തിരിച്ചേ മതിയാവൂ... ക്ഷീണിച്ച് തിരികെയെത്തുന്നതും മണിക്കൂറുകളുടെ അലച്ചിലിനൊടുവില്‍. തൊഴിലാളികളുടെ അലക്കാതേയും കുളിക്കാതേയുമുള്ള അഴുകിയ മണം മൂക്കിലേക്ക് അടിച്ച് കയറുമ്പോഴൊക്കെ ഞാനാലോചിക്കാറുണ്ട്... ‘കഷ്ടപ്പാടാണെങ്കിലും ഇവര്‍ക്ക് ഒന്ന് കുളിച്ചെല്ലാം നടന്നൂടെ...’ എന്ന്. ഉണ്ണാനും ഉറങ്ങാനും സമയം തികയാത്ത, അദ്ധ്വാനിക്കാന്‍ മാത്രം വിധിക്കപ്പെട്ട ആ പാവങ്ങള്‍ക്കെവിടെ കുളിക്കാനും അലക്കാനും നേരം!

കാറ്റേ നീ വീശരുതിപ്പോള്‍
അങ്ങനെ കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് രണ്ട് വലിയ ഖാസിമാരെ കിട്ടിയിരിക്കുന്നു - പ്രായം കൂടിയ വലിയ ഖാസിയും പ്രായം കുറഞ്ഞ വലിയ ഖാസിയും!

മാമലനാട്ടില്‍ നിന്നും വന്നെത്തുന്ന കാറ്റേ ഈയിടെയായി നിനക്ക് പുരോഹിതന്മാരുടെ സ്ഥാനമോഹങ്ങള്‍ പൂത്തുലയുന്ന മണം - പക്ഷെ, എനിക്ക് ഓക്കാനം വരുന്നു കേട്ടോ!

ഇര നഷ്ടപ്പെട്ടവന്‍
ദൂരെ നിന്നും കണ്ടു കൂടി നില്‍ക്കുന്ന തൊഴിലാളികള്‍ തമ്മില്‍ പൊരിഞ്ഞ അടി നടക്കുന്നത്. ഓടിച്ചെന്ന് അതാസ്വദിക്കണമെന്നുണ്ട്... പക്ഷെ, ഒരടി കാണുമ്പോഴേക്കും ഓടിച്ചെന്ന് നോക്കാന്‍ ഞാനെന്താ കൊച്ചു കുട്ടിയോ മറ്റോ ആണോ... കൊറച്ചിലല്യോ! അവിടെയെത്തിയപ്പോഴേക്കും ആരൊക്കെയോ അടികൂടിയവരെ പിടിച്ചുമാറ്റിയിരുന്നു. എന്തായിരുന്നു സംഭവം... എന്‍റെ ആകാംക്ഷയ്ക്ക് ‘കുച്ച് നഹീ... ജാവോ ഭായ്...’ എന്ന മറുപടി കിട്ടി... അവരെല്ലാം കൂട്ടത്തോടെ വണ്ടിയിലേക്ക് കയറിപ്പോവുകയും ചെയ്തു. ആഴ്ചക്കുറിപ്പുകളിലേക്കുള്ള ഒരു ആര്‍ട്ടിക്കിള്‍ നഷ്ടമായതോര്‍ത്ത് ഇര നഷ്ടപ്പെട്ട വേട്ടക്കാരന്‍റെ മുഖഭാവത്തോടെ ഞാന്‍ തിരിച്ച് നടന്നു.

ചൂടുളവാക്കുന്ന വാര്‍ത്തകള്‍
ദളിത് യുവാവിനെ ചൂടുള്ള എണ്ണയിലിട്ട് കൊലപ്പെടുത്തി... രാവിലെ കേട്ട വാര്‍ത്ത എന്നെ നടുക്കി. നിത്യസംഭവമായതിനാലാവണം നടുക്കങ്ങളുടെ ദൈര്‍ഘ്യം കുറയുന്നത്. ചുട്ടുപൊള്ളുന്ന എണ്ണയില്‍ വെന്തൊടുങ്ങുന്ന പ്രാണന്‍, അത് ദളിതന്‍റേതായാലും ജന്മിയുടേതായാലും സമം... പക്ഷെ, വെറും യുവാവെന്ന് പറയുമ്പോള്‍ ഒരിമ്പം കുറയുമെന്ന് കരുതിയോ ദളിതെന്നുള്ളതൊക്കെ പ്രത്യേകം പരാമര്‍ശിക്കുന്നത്! കുറച്ച് പേരെയെങ്കിലും രോഷാകുലരാക്കിയില്ലെങ്കില്‍ പിന്നെന്ത് വാര്‍ത്ത അല്ലേ!

പാച്ചുവിന്‍റെ ലോകം
ഉറക്കം വരുന്നില്ലെങ്കില്‍ പിന്നെ പാച്ചുവിന് കഥ കേള്‍ക്കണം അല്ലെങ്കില്‍ കഥ പറയണം. ഉറക്കം വരുന്നത് കൊണ്ട്, ഇടയ്ക്കൊന്ന് മൂളിയാല്‍ മതിയല്ലോ എന്ന് കരുതി നല്ലപാതി പാച്ചുവിന് കഥ പറയാന്‍ അവസരം കൊടുത്തു.

‘പണ്ടൊരു ടോമുണ്ടായിരുന്നു...’ പാച്ചു കഥ പറഞ്ഞ് തുടങ്ങി...

കഥ അവസാനിച്ചപ്പോള്‍ പാച്ചുവിന് മനസ്സിലായി ഉമ്മ ശ്രദ്ധിച്ചിട്ടില്ലെന്ന്... അതിനാലാവണം പാച്ചു ‘ഇനി ഉമ്മ കഥ പറയ്...’ എന്നാവശ്യപ്പെട്ടത്...

‘ഒരു കാട്ടിലൊരു കുറുക്കനുണ്ടായിരുന്നു...’ നല്ലപാതി സ്ഥിരം കഥകളിലൊന്ന് പറഞ്ഞു തുടങ്ങി...

ഉടനെ പാച്ചു നയം വ്യക്തമാക്കി...

‘അതല്ല... പാച്ചു ഇപ്പോ പറഞ്ഞ കഥ പറയ്...’

ഉറക്കത്തിന്‍റെ വക്കിലെത്തിയിരുന്ന ഞാന്‍ ഉറക്കെ ചിരിച്ചു പോയി.

39 comments:

മുസ്തഫ|musthapha said...

ആഴ്ചക്കുറിപ്പുകള്‍ 52 പുറത്തിറങ്ങിയിരിക്കുന്നു.... നിങ്ങളുടെ കോപ്പികള്‍ ഇപ്പോള്‍ തന്നെ ഉറപ്പ് വരുത്തുക :)

ഉള്ളടക്കം
- മീന്‍ ചന്തയും ചിന്തയും
- സമയം തികയാത്തവര്‍
- കാറ്റേ നീ വീശരുതിപ്പോള്‍
- ഇര നഷ്ടപ്പെട്ടവന്‍
- ചൂടുളവാക്കുന്ന വാര്‍ത്തകള്‍
- പാച്ചുവിന്‍റെ ലോകം

[ nardnahc hsemus ] said...

ഭായ്ജാന്‍,
നന്നായി.

ഈ പാച്ചൂന്റെ ലോകം ഇങ്ങനെ ആയാല്‍ പോര.
സത്യം പറഞ്ഞാ, ഇതൊരു കാര്‍ട്ടൂണ്‍ സ്ട്രിപ് ആയി വരണം. ഒരു പുതിയ പരമ്പര.

അതുല്യ said...

മീന്‍ വാങിയ കഥേം, ചുട്ട് കൊന്ന കഥേം ഒന്നു എനിക്ക്ക് കേക്കണ്ട. ആ പാച്ചൂന്റെ കഥ പറ. അവളേ ഉക്കൂളില്‍ ചേര്‍ക്കാന്‍ പോണെന്ന് കേട്ടല്ലോ. ദ്രോഹി. ആ കുഞി കെകയ്യില്‍ ഇനി വല്യകാട്ട പെന്‍സിലും, ഹോം വര്‍ക്കും, രാവിലെ തണുപ്പില്‍ 5 മണിയ്ക് എണീപ്പിയ്കലുമ്ം ഒക്കേനും കൂടീ.. പാവം പാച്ചൂ. പാച്ചൂനെ പറ്റി ഇപ്പോ ഒന്നും മനസ്സിരുത്തി എഴുതണില്ല അഗ്രൂ. എന്തോ വഴിപാടായിട്ടാ കുറിയ്കണത്. അത് പോരാ.. ഈ കുഞി കൊഞ്ചലുകള്‍ ഒക്കെ കുറച്ചൂ‍ടെ ദിവസേ ഉണ്ടാവു.ഫോണ്‍ എടുത്ത് നമ്പര്‍ കറക്കാനായാല്‍ അവരൊക്കെ പിന്നെ, കൂട്ടുകാരേ ഒക്കെ വിളിച്ച് മിണ്ടു.നമ്മളോടുള്ള കമ്മ്യൂണിക്കേഷന്‍ കുറയും. അതോണ്ട്, അതൊക്കേനും എഴുതു. എന്നും എന്ന പോലെ എഴുതു അവള്‍ടേ കാര്യങ്ങള്‍.

അപ്പു ആദ്യാക്ഷരി said...

അഗ്രൂ...ഒപ്പ്.

ഈതൊഴിലാളിബസുകള്‍ റോളയിലേക്ക് വരരുത് എന്നൊരു ഉത്തരവുണ്ടായിരുന്നല്ലോ കുറേ മുമ്പ്. ആ പാവങ്ങള്‍ അന്നൊക്കെ മൂന്നാലു കിലോമീറ്റര്‍ റോളയില്‍നിന്നും ഇന്‍ഡസ്ട്രിയല്‍ ഏരിയ വരെ വലിയൊരു സംഘം വാസ്തുഹാരകളെപ്പോലെ രാവിലെയും വൈകിട്ടും ഞങ്ങളുടെ ഖസിമിയ സ്ട്രീറ്റ് വഴി പോകുന്നത് സങ്കടകരമായ കാഴ്ചയായിരുന്നു. ഇടയ്ക്കൊരുദിവസം, ഒരു തൊഴിലാളി വൈകിട്ട് വരുന്നവഴി ഈ ദീര്‍ഘദൂരനടപ്പില്‍പ്പെട്ട് തളര്‍ന്നു വീഴുന്നതും കൂടെയുള്ള നിസ്സഹായര്‍ സഹായിക്കുന്നതും കണ്ടു. വലിയകഷ്ടംതന്നെ അതുങ്ങളുടെ ജീവിതം. രാത്രി പത്തുമണിക്കോ പതിനൊന്നിനോ കിടന്നാല്‍ രാവിലെ മൂ‍ന്നുമണിക്ക് എഴുനേല്‍ക്കണം. ജോലിക്കായി പോകണം. ആകെ ദുരിതങ്ങള്‍.

ഇര നഷ്ടപ്പെട്ടവന്‍ ഒഴിവാക്കാമായിരുന്നു. :(
പാച്ചുവിന്റെ ലോകം നന്നായി. ഞങ്ങടവിടെ സ്ഥിതി മറിച്ചാണ്. കഥപറഞ്ഞുപറഞ്ഞ് ഞങ്ങള്‍ ഉറങ്ങും. അപ്പോള്‍ വാക്കുകളൊക്കെ വികൃതമാകും. മനുവിന്റെ കൈയ്യില്‍നിന്ന് തൊഴി കിട്ടുകയും ചെയ്യു.

വല്യമ്മായി said...

വല്ലതെ സീരിയസ് ആയിപ്പോയോ എന്നൊരു ശങ്ക.ആ പുട്ടു തേങ്ങേം സ്റ്റൈല്‍ തന്നേര്‍ന്ന് നല്ലത്.

അഭിലാഷങ്ങള്‍ said...

:-)
:-):-)
:-):-):-)

ഉപ്പാ.... ഉമ്മാ... കളി പാച്ചൂനോട് വേണ്ട..!

‘പാച്ചു നിങ്ങളുടെയൊക്കെ പ്രായം കഴിഞ്ഞാ ഇതുവരെ എത്തിയത് ‘ എന്ന് പറയാന്‍ പാച്ചൂന് കഴിയണില്യ എന്ന് വച്ച് പാച്ചൂനെയത്രയങ്ങ് കൊച്ചായിക്കാണണ്ട.. ട്ടാ...

അതോണ്ട്...

ഉപ്പാ.... ഉമ്മാ... കളി പാച്ചൂനോട് വേണ്ട..!

ശാലിനി said...

ചുട്ടുപൊള്ളുന്ന എണ്ണയില്‍ വെന്തൊടുങ്ങുന്ന പ്രാണന്‍, അത് ദളിതന്‍റേതായാലും ജന്മിയുടേതായാലും സമം...

സത്യം.

കഥപറഞ്ഞ് പറഞ്ഞ് പകുതിയില്‍ ഉറങ്ങി പിന്നെന്തൊക്കൊയോ പറഞ്ഞ് അവസാനം ബാക്കി പറ അമ്മേ എന്ന് കുഞ്ഞുങ്ങള്‍ തട്ടിയുണര്‍ത്തുന്ന ഒരമ്മയുടെ വക അഭിനന്ദനം പാച്ചുവിന്. ആ കഥ ഒന്നെഴുതാമൊ? ഒരിടത്തൊരിടത്ത് ഒരു ടോമുണ്ടായിരുന്നു....

Ziya said...

ഉം...വല്യ ഉഷാറില്ല.

മാമലനാട്ടില്‍ നിന്നും വന്നെത്തുന്ന കാറ്റേ ഈയിടെയായി നിനക്ക് പുരോഹിതന്മാരുടെ സ്ഥാനമോഹങ്ങള്‍ പൂത്തുലയുന്ന മണം -
കേരളത്തിലെ മുസ്‌ലിംകള്‍ക്ക് ഈ ഖാസിമാരെ ആവശ്യമില്ല; പൌരൊഹിത്യത്തിന്റെ അപ്പോസ്തലന്മാരെയും.

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

പാച്ചുവിനെ ഉറക്കാന്‍ ഒരു ഒരമ്മക്കുറുക്കനും ഒരപ്പക്കുറുക്കനും തക്കം പാര്‍ത്തിരുന്നു, പുതപ്പ് പാച്ചുവിനിഷ്ടമല്ല, പാചുവിനെ യുറക്കി പുതപ്പിച്ചുകൊടുത്താലേ രണ്ട്കുറുക്കന്മാര്‍ക്കും ഉറക്കം വരൂ.
അമ്മക്കുറുക്കനും അപ്പക്കുറുക്കനും ഉറക്കംനടിച്ചു പാച്ചുവിന്റെ അടുത്തു തന്നെ കിടന്നു, അപ്പക്കുറുക്കന്‍ അറിയാതെ ഉറക്കം തുടങ്ങി, വര്‍ഗ്ഗസ്വഭാവം എന്നല്ലാതെ എന്തു പറയാന്‍.
അമ്മകുറുക്കന്‍ ഇടംകണ്ണിട്ടു പാചുവിനെ നോക്കി; പാചുവേതാ മോള്‍, അവള്‍ ഒച്ചയനക്കാതെ കണ്ണു മിഴിച്ചു കിടന്നു, പാവം, അമ്മകുറുക്കനും മയക്കത്തിലേക്കു വീണു.

ഗുറ്‌റ്..ഗു‌റ്..ഗ്‌റ്ര്..

മയക്കത്തിലാണ്ട അമ്മക്കുറുക്കന്‍ ചാടിയെണീറ്റു, അപ്പക്കുറുക്കനും എന്തോ അരുതാത് സംഭവിച്ചപോലെ ബോധം വീണ്ടെടുത്തു.

അപ്പകുറുക്കന്‍ പാചുവിനെ സമാ‍ധാനിപ്പിച്ചു, “ഉപ്പാന്റെ കൂര്‍ക്കംവലി കാരണം പാചുന്റെ ഉറക്കം പോയി അല്ലെ, സാരമില്ല, ഉപ്പമോളെ താരാട്ടാം“ പാച്ചു ഉപ്പാന്റെ തോളില്‍ കയ്യിട്ട് സമാധാനിപ്പിച്ചു “ ഉപ്പാക്ക് മോളില്ലെ”

താരാട്ടിന്റെ ഈണത്തിന്നിടയില്‍ ഒരു ഗുറ്‌റ്..ഗു‌റ്..ഗ്‌റ്ര്..ശബ്ദം കേല്‍ക്കുന്നൂണ്ടായിരുന്നു.

പാച്ചുവിന് ഒരു കുറുക്കന്‍ കഥ.

പ്രയാസി said...

ഒന്നും വായിച്ചില്ലേലും പാച്ചൂന്റെ ലോകം വായിക്കും..!

പച്ചൂനോടാ കളി..:)

siva // ശിവ said...

.... നല്ല വിവരണം ......

Sharu (Ansha Muneer) said...

പാച്ചു സൂപ്പര്‍.... :)

സുല്‍ |Sul said...

ആഴ്ചക്കുറിപ്പുകള്‍ നന്നായി എന്നിനി പറയേണ്ടല്ലോ :)

തൊഴിലാളികളോട് മനസ്താപം പ്രകടിപ്പിച്ച് എഴുതിയിട്ട്, അവര്‍ അടികൂടുന്നത് കാണാനാവാതെ ഇര നഷ്ടപ്പെട്ടവനായി തിരികെ നടന്നത് എന്തിനെഴുതി? ഈ ആഴ്ചകുറിപ്പുകളില്‍ എഴുതുന്നത് മുഴുവന്‍ സത്യമാണെന്നു മറ്റുള്ളവര്‍ വിശ്വസിക്കാനോ? അതോ ആഴ്ചകുറിപ്പ് ഒരു തുറന്നപുസ്തകമാണെന്ന് വരുത്തി തീര്‍ക്കാനോ? അതിനു വേറെ ആളെ നോക്കണം എന്നെ കിട്ടില്ല. :) പിന്നെ പാച്ചൂനെം കിട്ടില്ല. അല്ലേ പാച്ചു :)

-സുല്‍

ശ്രീവല്ലഭന്‍. said...

ചിന്തകള്‍ കൊള്ളാം...പാച്ചുവിനെ ഇഷ്ടമായ്.

ഇടിവാള്‍ said...

ഓ.. ഇര നഷ്ടപ്പെട്ടവന്‍! ഹഹ
തല്ലു കാണാനിത്ര പൂതിയാണോ?

ഇത് കണ്ട് പിടിക്കാന്‍ പ്രയാസമില്ലാത്ത കാര്യമാണ്. കണ്ണടച്ച് മറുമൊഴിയിലെ എതെങ്കിലുമൊരു ലിങ്ക് ക്ലിക്ക് ചെയ്താല്‍ മതി. 9/10 പ്രാവശ്യവും തല്ലില്‍ എത്താം

ഓടോ: മേലെ ബോള്‍ഡിലെഴുതിയത് വേറേ ഏതെങ്കിലും ബ്ലോഗില്‍ വായിച്ച ഓര്‍മയുണ്ടെങ്കില്‍ അതു മറന്നു കളഞ്ഞേര് ;)

Shaf said...

മാമലനാട്ടില്‍ നിന്നും വന്നെത്തുന്ന കാറ്റേ ഈയിടെയായി നിനക്ക് പുരോഹിതന്മാരുടെ സ്ഥാനമോഹങ്ങള്‍ പൂത്തുലയുന്ന മണം - പക്ഷെ, എനിക്ക് ഓക്കാനം വരുന്നു കേട്ടോ!
നന്നായി.

:)-

കുറുമാന്‍ said...

ആഴ്ചക്കുറിപ്പുകള്‍ നന്നായി ഇത്തവണയും അഗ്രജാ. മുന്‍പത്തെ ലക്കം വായിച്ചിട്ടില്ല.

പാച്ചു തന്നെ താരം.......

പിന്നെ ഇര നഷ്ടപെട്ടവന്‍....അതു ശരി തല്ലിന്റെ ഇടയില്‍ ഇടിച്ച് കയറി ബ്ലോഗിലേക്കുള്ള ത്രെഡുണ്ടാക്കുന്നവന്‍.......തന്നെ ഞാന്‍ ബ്ലോഗരാസി എന്ന് നാമകരണമ ചെയ്തിരിക്കുന്നു.

asdfasdf asfdasdf said...

ബ്ലോഗിലെ ഈ കൊച്ചുവര്‍ത്തമാനവും നന്നായിട്ടുണ്ട്.

ഇര നഷ്ടപ്പെട്ടവന്റെ രോദനം ആരറിയാന്‍ !!!

മുസ്തഫ|musthapha said...

ഹഹഹ സുല്ലേ...

ആരാ പറഞ്ഞത് ബ്ലോഗിലെ അടുപ്പങ്ങള്‍ സത്യങ്ങള്‍ വിളിച്ച് പറയുന്നതിന് തടസ്സമാകുന്നെന്ന്... :)

Anonymous said...

നിനക്ക്‌ ഓക്കാനം വരുന്നത്‌ വേറെ അസുഖം കൊണ്ടാണേ.. കുറച്ച നായക്കൊരണപ്പൊടി കഴിച്ചാല്‍ മാറിക്കോളും..

മുസ്തഫ|musthapha said...

പ്രചാരകന്‍, അങ്ങയെ പോലുള്ളവരാണ് നമ്മുടെ സമുദായത്തിന്‍റെ നെടുംതൂണുകള്‍

കണ്ണൂരാന്‍ - KANNURAN said...

പാച്ചുവിന്റെ ലോകം മാത്രം ഒരു ബ്ലോഗാക്കാനുള്ളത്രയുണ്ട്. പാച്ചു അവന്റെ ഉമ്മയോടു ചോദിച്ച ചോദ്യം എന്റെ മോളൊരുപാടു തവണ എന്നോട് ചോദിച്ചിട്ടുണ്ട് അഗ്രജാ..

simy nazareth said...

നല്ല ആഴം!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പാച്ചൂ ഇനി അതേ കഥ തിരിച്ച് പറഞ്ഞില്ലേല്‍ ഇത്തിരി വെള്ളമെടുത്ത് ഉപ്പേടെം ഉമ്മേടേം കണ്ണിലൊഴിച്ചാ മതീട്ടോ.:)

reshma said...

ദളിത് ആയത് കൊണ്ടണല്ലോ ഈ വിധി. അത് മറച്ച് വെക്കുന്നത് മറ്റൊരു പാതകമല്ലേ ആവൂ.

തറവാടി said...

എന്താ അഗ്രജാ ഇത് , കൊത്തിക്കൊത്തി മുറത്തിക്കേറി ക്കൊത്തുന്നോ , ബേണ്ട മോനെ ബേണ്ട ട്ടാ .....

സുല്ലേ , ജ്ജാടാ ആണ്‍കുട്ടി ( ഉവ്വ്... ഉവ്വ് )

തറവാടി said...

സിമ്യേ ,

അഗ്രജന്‍‌ സ്വയം കുഴിച്ച കുഴിക്കാണോ അഴം? :)

തറവാടി said...
This comment has been removed by the author.
ദിലീപ് വിശ്വനാഥ് said...

ആഴ്ചകുറിപ്പുകള്‍ ഉഷാറാവുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാച്ചൂസ് മിടുമിടുക്കാ...

Roby said...

32 കമന്റുകള്‍..എന്നിട്ടും ‘ചൂടുണ്ടാക്കുന്ന വാര്‍ത്തകള്‍‘ എന്ന കുറിപ്പിലെ തിളയ്ക്കുന്ന അരാഷ്ട്രീയ ബോധം ആരും കണ്ടില്ല....!

ദളിത് എന്ന വിശേഷണം വരുന്നത് ഇമ്പത്തിനല്ല..അഗ്രജാ.(താങ്കളെ അഗ്രജനെന്നു വിളിക്കാന്‍ മടി തോന്നുന്നു)ഒരു ദളിതന് അവന്റെ ഐഡന്റിറ്റി മരണകാ‍രണമാകുന്നുവെങ്കില്‍ അത് എഴുതപ്പെടണം. അത് പലപ്പോഴും സംഭവിക്കാറുണ്ട് താനും..ഈ പറഞ്ഞ സംഭവത്തില്‍ എന്തുകൊണ്ട് അയാള്‍ കൊല്ലപ്പെട്ടു എന്നു വായിച്ചോ.
ഒരു ബ്രാഹ്മണനായിരുന്നുവെങ്കില്‍ അയാള്‍ അതു പോലെ കൊല്ലപ്പെടുകയില്ലയിരുന്നു എന്ന് നിശ്ചയം.

ഇത്തരം വാര്‍ത്തകള്‍ വായിക്കുന്നവരില്‍ സഹതാപമുണര്‍ത്താന്‍ വേണ്ടി മാത്രമല്ല...ആ സാമൂഹ്യവ്യവസ്ഥിതിയ്ക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ്. ദളിതന്‍ എന്ന വാക്കുപേക്ഷിക്കുമ്പോള്‍ ആദ്യത്തേതു മാത്രമേ നടക്കുന്നുള്ളൂ...

Pongummoodan said...

ഇഷ്ടപ്പെട്ടു. :)

Unknown said...

ദളിതന്‍ എന്ന വാക്ക് ഇമ്പം കിട്ടാന്‍ വേണ്ടിയും ചൂടു കൂട്ടാന്‍ വേണ്ടിയും ചേര്‍ക്കുന്നതാണെന്ന് എഴുതി 51 ആഴ്ചക്കുറിപ്പുകളുടെ വില ഒറ്റയടിയ്ക്ക് കളഞ്ഞല്ലോ അഗ്രജാ!
മരണത്തിലെങ്കിലും ഒരു ദളിതനു സമത്വം കിട്ടിയിരുന്നെങ്കില്‍ ഇന്ത്യ എത്ര പുരോഗമിച്ചു എന്ന് നമ്മുക്ക് ആശ്വസിക്കാമായിരുന്നു.


സമയം കിട്ടുമ്പോള്‍ വായിച്ച് നോക്കണം, കൂടുതല്‍ എഴുതുന്നില്ല.

http://rajeevechelanat.blogspot.com/2008/01/2008.html

Unknown said...

Link once again, it is not complete in the above post.

മുസ്തഫ|musthapha said...

കൂടുതല് വിശദീകരണങ്ങളൊന്നുമില്ലാതെ ‘ദളിത് യുവാവിനെ തിളച്ച എണ്ണയിലിട്ടു കൊന്നു’ എന്ന് മാത്രമായി പറഞ്ഞ ഒരു റേഡിയോ ന്യൂസ് ആണ് ഈ കുറിപ്പിനാധാരം. ദളിത് എന്ന വിശേഷണത്തിനെയല്ല മറിച്ച്, ദുഷിച്ച സാമൂഹ്യവ്യവസ്ഥിതിക്കെതിരെ നില കൊള്ളുമ്പോള് തന്നെ ജനവികാരം ഇളക്കി വിടാതിരിക്കാനുള്ള ബാധ്യത മീഡിയകള്‍ക്കുണ്ടെന്ന് പറയാനായിരുന്നു ശ്രമിച്ചത്. ഒരാളെ നിഷ്ടൂരമായി കൊലപ്പെടുത്തി എന്നതിന് തന്നെയാവണം പ്രാധാന്യം ലഭിക്കേണ്ടത്… ആദ്യം പ്രതിഷേധിക്കേണ്ടത് ആ പ്രവൃത്തിക്കെതിരേയും – അത് ജാതിയും മതവും വിഭാഗവും നോക്കിയായിരിക്കരുത്. ഒരു ദളിതന്‍ ആക്രമിക്കപ്പെടുമ്പോള്‍ കണ്ട് നില്‍ക്കാന്‍ സവര്‍ണ്ണനും ഒരു സവര്‍ണ്ണന്‍ ആക്രമിക്കപ്പെടുമ്പോള് അത് കണ്ടാസ്വദിക്കാന്‍ ദളിതനും കഴിയാതെ വരുന്ന ഒരു വ്യവസ്ഥിതിയാണ് നമുക്ക് വേണ്ടത്… മരണത്തിലെങ്കിലും സമത്വമെന്നൊക്കെ നമുക്ക് ഭംഗിവാക്കായി പറയാനല്ലേ കഴിയൂ - സമത്വം ലഭിക്കേണ്ടത് ജീവിച്ചിരിക്കുമ്പോള് തന്നെ!

ശ്രീ said...

നന്നായി, ഈ ലക്കവും.

പാച്ചു കലക്കി.
:)

ഏ.ആര്‍. നജീം said...

- ഇര നഷ്ടപ്പെട്ടവന്‍
- ചൂടുളവാക്കുന്ന വാര്‍ത്തകള്‍
- പാച്ചുവിന്‍റെ ലോകം

ഇതുമൂന്നുമാണ് ഈ ആഴ്ചയിലെ കുറിപ്പിന്റെ ജീവന്‍ എന്ന് ഇക്കണ്ട കമന്റുകളിലൂടെ മനസ്സിലായല്ലോ അല്ലെ.. അതു തന്നെയാ എന്റെയും അഭിപ്രായം. മറ്റു വിഷയങ്ങള്‍ക്ക് അത്ര പ്രാധാന്യം തോന്നിയില്ല..

പാച്ചൂസേ...കലക്കീട്ടോ... :)

അടയാളം said...

അഗ്രജാ..
ആഴ്ച്ചക്കുറിപ്പുകള്‍ കലക്കണ്ണ്ട് ട്ടാ..
ചൂടുളവാക്കുന്ന വാര്‍ത്തകള്‍ കേട്ട് കേട്ട്
മരവിച്ചതു കൊണ്ട് ഇപ്പോള്‍ ഇത്തരം
വാര്‍ത്തകള്‍ക്കൊന്നും മനസ്സില്‍ ഒരു വിമ്മിട്ടം പോലും
വരുത്താണ്ടായിരിക്കുന്നു.

ഇര നഷ്ടപ്പെട്ടവന്‍..അപ്പോള്‍ നിന്നിലൊരു
വേട്ടക്കാരന്റെ മുഖം ഒളീഞ്ഞിരിക്കുന്നുണ്ടല്ലെ..?

കാറ്റെ..നീ വീശരുതിപ്പോള്‍..
ഖാദിമാര്‍ എത്ര കൂടൂന്നുവോ,അത്രയും നല്ലതാ..
അത്രയും പെരുന്നാളുകള്‍ കൂടുതല്‍ ആഘോഷിക്കാല്ലൊ.

പാച്ചൂന്റെ ലോകം കൂടുതല്‍ വര്‍ണ്ണാഭമാകുന്നു..