Sunday, January 21, 2007

പതിനഞ്ച്

ഓര്‍മ്മകള്‍ക്ക് നിറം മങ്ങുമ്പോള്‍
ദുബൈയില്‍ വന്ന അവസരം ആദ്യം ജോലി ചെയ്തത്, ഒരു കമ്പനിയുടെ ‘റാഫിള്‍ ടിക്കറ്റ്’ വില്പനക്കാരനായിട്ടായിരുന്നു. പത്തോ പതിനഞ്ചോ ദിര്‍ഹംസ് വില വരുന്ന സാധങ്ങള്‍ (പെന്‍, ക്ലോക്ക്, ടോര്‍ച്ച്...) അന്‍പത് ദിര്‍ഹംസിനു വില്‍ക്കുകയും അതിന്‍റെ കൂടെ കാറുകള്‍ സമ്മാനമായി കിട്ടുന്ന നറുക്കെടുപ്പിനുള്ള ഒരു കൂപ്പണും നല്‍കും - ഇതായിരുന്നു ആ കമ്പനിയുടെ ബിസിനസ്സ് - ലോട്ടറി പരിപാടി തന്നെ. ഫ്ലാറ്റുകളും ഷോപ്പുകളും കയറിയിറങ്ങി ആള്‍ക്കാര്‍ക്കിത് വില്‍ക്കുക എന്നതാണ് എന്‍റെ ജോലി... പകലെന്നോ രാത്രിയെന്നോ ഇല്ല. ഒരു കൂപ്പണിന്‍റെ വില അന്‍പത് ദിര്‍ഹംസും അതിലെനിക്കുള്ള കമ്മീഷന്‍ പന്ത്രണ്ട് ദിര്‍ഹവുമായിരുന്നു.

ഒരു ദിവസം രാത്രി പത്തര കഴിഞ്ഞിരിക്കുന്നു. ഒരു ഫ്ലാറ്റില്‍ ചെന്ന് കോളിംഗ് ബെല്ലടിച്ചു... കുറച്ച് സമയം കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്ന്, ഉറക്കച്ചടവോടെ ഒരു പുരുഷനും സ്ത്രീയും മുഖം കാണിച്ചു... ഞാന്‍ എന്‍റെ കയ്യിലുള്ള പ്രൊഡക്റ്റിനെ പറ്റി പറഞ്ഞു തുടങ്ങുമ്പോഴേക്ക് തന്നെ അവര്‍ നീരസത്തോടെ പറഞ്ഞു ‘ഒറങ്ങുന്ന മനുഷ്യരെ വിളിച്ചുണര്‍ത്തിയാണോ തന്‍റെ കച്ചവടം’ ഞാന്‍ സോറി പറഞ്ഞ് കുറ്റബോധവും ഒപ്പം ചെറിയൊരു അപമാനഭാരവും പേറി അവിടുന്ന് മടങ്ങി. പിന്നീട് ഞാന്‍ അത്രേം വൈകി ആ പരിപാടിക്ക് നിന്നിട്ടില്ല... മാത്രമല്ല ആ ജോലി രണ്ട് മാസത്തോളമേ ചെയ്തുള്ളൂ.

കാലങ്ങള്‍ കടന്നു പോയി...

കഴിഞ്ഞ ദിവസം രാത്രി, സാധാരണ ഉറങ്ങുന്ന നേരമായിട്ടില്ല... എങ്കിലും ഞാനൊന്ന് മയങ്ങിയിരിക്കുന്നു. കോളിംഗ് ബെല്‍ ശബ്ദിക്കുന്നത് കേട്ടാണ് ഉണര്‍ന്നത്. ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. ഇതാരെടാ ഈ സമയത്ത്... ഞാനെണീറ്റ് വാതില്‍ തുറന്ന് നോക്കി. ഒരു സി.ഡി വില്പനക്കാരനാണ്. ആ സമയത്ത് വന്ന് ബുദ്ധിമുട്ടിച്ച അയാളോടെനിക്ക് ദേഷ്യം തോന്നി. ‘വേണ്ട’ എന്ന പറച്ചിലില്‍ അത് പ്രകടമാക്കുകയും ചെയ്തു. കിടക്കയില്‍ വന്നിരുന്നപ്പോഴാണ് ഞാന്‍ ഓര്‍ത്തത്... ‘പണ്ട് പത്തരമണിക്ക് കോളിംഗ് ബെല്ലടിച്ച ഞാന്‍ തന്നെയല്ലേ നേരത്തെ വന്നു പോയത്’‍. എന്നിട്ടും ഞാനെന്തേ അയാളോടങ്ങിനെ പെരുമാറി... കഴിഞ്ഞ കാലം ഞാന്‍ മറക്കുന്നുവോ! പെട്ടെന്ന് തന്നെ ഞാന്‍ പുറത്തിറങ്ങി നോക്കി. ഭാഗ്യം അയാള്‍ ലിഫ്റ്റും കാത്ത് നില്‍ക്കുന്നു. അയാളെ തിരിച്ചു വിളിച്ച്, എനിക്ക് വേണ്ടാതിരുന്നിട്ടും നിയമപരമല്ലാത്തതായിരുന്നിട്ടും ഞാനൊരു സി.ഡി വാങ്ങിച്ചു... എനിക്കൊരു സമാധാനത്തിന് വേണ്ടി മാത്രം.

മെച്ചമായ അവസ്ഥകളിലെത്തുമ്പോള്‍ പലപ്പോഴും നാം വന്ന വഴികള്‍ മറന്നു പോകുന്നു. അറിഞ്ഞു കൊണ്ടല്ലെങ്കില്‍ പോലും അതരുത് എന്ന അഭിപ്രായക്കാരനാണു ഞാന്‍ - അതെ, ഞാന്‍ തന്നെ അത് പറയണം അല്ലേ!

ബഹുമാന സൂചനകള്‍
‍ഞാന്‍ ഹനീഫ് ഭായ് എന്ന് വിളിക്കുന്ന മധ്യവയസ്കനായ സഹയാത്രികനെ ഇടയ്ക്കൊക്കെ, സഹയാത്രികയായ ഒരു കൊച്ചു പെണ്ണ് ‘ഹനീഫ’ എന്ന് വിളിക്കുന്നത് കേട്ട് എനിക്കെന്തോ ഒരു മാതിരി തോന്നാറുണ്ട്. ആ കൊച്ചിന്‍റെ ഉപ്പാടെ പ്രായം കാണും ഹനിഫ് ഭായിക്ക്. എന്നിട്ടും അവള്‍ അയാളെ ഹനീഫ എന്ന് പേരു വിളിക്കുന്നത് എനിക്ക് അരോചകമായി തോന്നി. അവള്‍ അയാളെ എല്ലാവിധത്തിലും റെസ്പെക്ട് ചെയ്തോണ്ട് തന്നെയാണ് അങ്ങിനെ വിളിക്കുന്നത് എന്നെനിക്കറിയാം. എങ്കിലും ഞാന്‍ വളര്‍ന്ന ചുറ്റുപാട്, എന്‍റെ സംസ്കാരം ഇതിനൊന്നും എളുപ്പം ആ വിളി ദഹിക്കുന്നില്ല. മലയാളിക്കിടയിലോ അല്ലെങ്കില്‍ ഇന്ത്യക്കാരനിലോ അതുമല്ലെങ്കില്‍ ഇന്ത്യന്‍ സബ്‌കോണ്ടിനന്‍റിലോ മാത്രമാണോ ഈയൊരു രീതിയിലുള്ള ബഹുമാനിക്കല്‍ നിലനില്‍ക്കുന്നത്!

എന്‍റെ പ്രദേശത്ത് ബഹുമാനിച്ചുള്ള വിളിയിലും ‘ഗ്രേഡ് സിസ്റ്റം’ നിലനിന്നിരുന്നു. അടുത്തവരെ ‘ഇക്ക’ എന്നും അടുപ്പമില്ലാത്തവരെ ‘ആക്ക’ എന്നും വിളിച്ചു പോന്നിരുന്നു. ഉദാ:- ബക്കര്‍ എന്ന മുതിര്‍ന്ന വ്യക്തി അടുത്തയാളാണെങ്കില്‍ ‘ബക്കര്‍ക്ക’ എന്നും അടുപ്പമില്ലാത്തയാളാണെങ്കില്‍ ‘ബക്കറാക്ക’ എന്നും വിളിക്കുമായിരുന്നു [കാദര്‍ക്ക - കാദറാക്ക, പോക്കര്‍ക്ക - പോക്കറാക്ക]. എന്തായാലും വളര്‍ന്ന് ബോധം വന്നപ്പോള്‍ ആ ‘ആക്ക’ ഞാന്‍ എന്‍റെ വിളികളില്‍ നിന്നും എടുത്ത് കളഞ്ഞു.

ദൈവത്തെ നമ്മള്‍ ‘അവന്‍‘ ‘നീ’ എന്നൊക്കെ സംബോധന ചെയ്യുമെങ്കിലും, ദൈവത്തിന്‍റെ സൃഷ്ടികളായ മനുഷ്യനെ അങ്ങിനെയൊക്കെ സംബോധന ചെയ്യുമ്പോള്‍ ആ പ്രയോഗങ്ങളില്‍ ബഹുമാനമില്ലായ്മ കടന്നുവരുന്നത് രസകരമായി തോന്നിയിട്ടുണ്ടെനിക്ക്.

പാച്ചുവിന്‍റെ ലോകം
കിട്ടിയ ഒഴിവുദിവസം പുറത്ത് പോയി ചിലവഴിക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഞങ്ങള്‍. കൊണ്ടു പോവാനുള്ള ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലായിരുന്നു ഞാനും അഗ്രജയും (അഗ്രജന്‍റെ സ്ത്രീലിംഗ പദം ‘അഗ്രജ’യാണെന്ന് തിരുത്തി തന്ന സങ്കുചിതന് നന്ദി). സ്വന്തമായി വികസിപ്പിച്ചെടുത്ത രീതിയില്‍ ഇറച്ചിക്കറി‍ ഉണ്ടാക്കുന്ന എന്നോട് ചോദ്യങ്ങളുമായി ഒരാള്‍ അരികിലുണ്ടായിരുന്നു.

‘ഉപ്പെന്താണ്ടാക്കണ്...’ പാച്ചു ചോദിച്ചു.
‘ഉപ്പ പാച്ചുന്ന് കഴിക്കാന്‍ ഇറച്ചിക്കറിണ്ടാക്കാ...’‍ ഞാന്‍ പറഞ്ഞു
‘എന്തിന്‍റെ എറച്ച്യാപ്പാ...’ പാച്ചു
‘ബഫല്ലോടെ ഇറച്ച്യാണ്...’ ഞാന്‍
‘അമ്മാന്‍റേ‍റെലുണ്ടാലോ ബഫല്ലോ...’ അടുത്ത വീട്ടിലെ അബ്ദുള്‍ മന്നാന്‍ [പാച്ചുവിനവന്‍ അമ്മാന്‍] എന്ന കുട്ടിയുടെ കയ്യിലുള്ള കളിപ്പാട്ടമാണ് പാച്ചു ഉദ്ദേശിക്കുന്നത്.
‘അമ്മാന്‍റേള്ളത് ടോയല്ലേ മോളൂ...’ ഞാന്‍
‘ആ... അമ്മന്‍റെ ഉപ്പ വാങ്ങ്യേതാ ബഫല്ലോ...’ പാച്ചു.
‘അമ്മാന്‍റെ ഉപ്പ വാങ്ങ്യേതാ...’ പാച്ചു രണ്ടാമതും ആവര്‍ത്തിച്ചു.
‘അമ്മാന്‍റെ ഉപ്പ വാങ്ങ്യേതാ...’ പാച്ചു പിന്നേയും അതു തന്നെ ആവര്‍ത്തിച്ചപ്പോഴേ എനിക്ക് സംഭവം കത്തി.
‘ഉപ്പാ... പാച്ചുന്ന് വാങ്ങ്യാര്വോ അമ്മാന്‍റെ പോലത്തെ ബഫല്ലോ...’ ഞാന്‍ പ്രതീക്ഷിച്ചത് തന്നെ പാച്ചു ചോദിച്ചു.
‘ബഫല്ലോ പാച്ചൂനെ കുത്തുല്ലേ...’ ഞാന്‍ ചുമ്മാ പറഞ്ഞു.
കുറച്ച് നേരം ആലോചിച്ച് പാച്ചു പറഞ്ഞു...
‘പാച്ചു അത് ഓഫ് ചെയ്യൂലോ... അപ്പോ പാച്ചൂനെ കുത്തൂല്ല...’

1 comment:

മുസ്തഫ|musthapha said...

19 Comments
അഗ്രജന്‍ said...
“ആഴ്ചക്കുറിപ്പുകള്‍“

ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആഴ്ചക്കുറിപ്പുകള്‍ ഞാന്‍ മാന്യവായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.

- അഗ്രജന്‍ -

2:12 PM


ഇത്തിരിവെട്ടം© said...
എല്ലാവരും വന്ന വഴി പലപ്പോഴും മറക്കാറുണ്ട്... പക്ഷേ ഇടയ്ക്കെങ്കിലും ഓര്‍ക്കാനാവുന്നതും തെറ്റെന്ന് തോന്നിയാല്‍ തിരുത്താനാവുന്നതും മനസ്സിന്റെ സുകൃതം തന്നെ...

അഗ്രജാ... ആഴ്ചക്കുറിപ്പ് നന്നായിരിക്കുന്നു.

ഓടോ : ഇത് സത്യത്തില്‍ ആഴ്ചക്കുറിപ്പോ അതോ മാസക്കുറിപ്പോ... അതോ ഇഷ്ടികക്കുറിപ്പോ (ബ്ലോഗാഭിമാനി ഇഷ്ടികയാക്കിയ പോലെ)

2:36 PM


വേണു venu said...
അഗ്രജന്‍ ഭായീ,

ഇന്നു്...... ‍---- വാല്‍ പിടിച്ചേണി
കേറീടണം, കേറിക്കഴിഞ്ഞാലുടന്‍ തട്ടി മാറ്റീടണം.
ഈ തത്വ ശാസ്ത്രങ്ങള്‍ മുദ്രാവാക്യം വിളിക്കുന്ന ഈ
കാല‍ഘട്ടത്തില്‍ ഇങ്ങനെയുള്ള ചിന്തകള്‍ തന്നെ വായിക്കുന്നതു ഭാഗ്യം, വന്ന വഴികള്‍ മറന്നു പോകാത്ത അഗ്രജന്‍ ഭായീ...നമിക്കുന്നു.

3:43 PM


കുറുമാന്‍ said...
അഗ്രജാ, പതിവുപോലെ ഇതും നന്നായിരിക്കുന്നു. തീര്‍ച്ചയായും,വന്ന വഴി ആരും മറക്കരുത് എന്നു തന്നേയാണ് ഞാനും പറയൂ

4:13 PM


ഇക്കാസ് said...
ആഴ്ചക്കുറിപ്പുകളിത്തവണ പതിവിലുമേറെ നന്നായിരിക്കുന്നു.

മുടങ്ങാതെ തുടരൂ അഗ്രൂജീ.

4:42 PM


ഏറനാടന്‍ said...
അഗ്രജാ ശരിക്കും മനസ്സില്‍ തട്ടിയ താങ്കളുടെ ആദ്യകാലത്തെ അനുഭവം എഴുതുവാന്‍ താങ്കള്‍ കാണിച്ച സന്മനസ്സിനോട്‌ എനിക്ക്‌ വല്ലാത്തൊരു ബഹുമാനം തോന്നുന്നു. ഇത്രേം കഷ്‌ടപ്പെട്ട മുന്‍കാലങ്ങളെ ഓര്‍ക്കുവാന്‍പോലും പലരും മടിക്കുന്ന ഇക്കാലത്ത്‌ അത്‌ എഴുതുവാനും പങ്കുവെക്കുവാനും തോന്നിയ താങ്കളെ മറ്റൊരു ജ്യേഷ്‌ടനെ പോലെ കാണുവാന്‍ ആഗ്രഹിക്കട്ടെ..

(ഓ:ടോ:- ആഴ്‌ചക്കുറിപ്പുകള്‍ മുടങ്ങാതെ തരുവാന്‍ ശ്രദ്ധിക്കുമല്ലോ)

5:25 PM


വല്യമ്മായി said...
എന്റെ ഉമ്മ പണ്ട് പറയുമായിരുന്നു:എത്ര മുകളില്‍ പോയി കളിച്ചാലും തഴെ ചെന്നാലേ സമ്മാനം വാങ്ങാന്‍ പറ്റൂ എന്ന്.വന്ന വഴി മറക്കാതിരുന്നത് നന്നായി.

പാച്ചുവിന് ബുഫല്ലോ വാങ്ങിയോ

6:59 PM


കരീം മാഷ്‌ said...
ഈയിടെ പതിവായി വായിക്കുന്ന എന്തോ ഒന്ന് മിസ്സായല്ലോ എന്നു കരുതിയിരിക്കുകയായിരുന്നു.
പാച്ചു കളിപറയുമ്പോള്‍ നമുക്കതു കാര്യമാകുന്നു.
ദാര്‍ശനികതയുടെ ഈ പോസ്റ്റ് നന്നായിട്ടുണ്ട്.

7:21 PM


സു | Su said...
ആഴ്ചക്കുറിപ്പ് കൂടുതല്‍ നന്നായിട്ടുണ്ട്.

8:08 PM


Anonymous said...
ആഴച്ചകുറിപ്പ് വായിച്ചു. സി.ഡി.കാരനെ തിരിച്ചുവിളിച്ചു സി.ഡി.വാങ്ങി അത് ഞാനാനെണ് സ്വയം അഭിമാനിച്ച ആ വലിയ മനസ്സിനെ അഭിനന്ദിക്കുന്നു.

10:02 PM


സുല്‍ | Sul said...
അഗ്രജാ ആഴ്ചകുറിപ്പുകള്‍ പതിവുപോലെ ഹൃദ്യം ഒപ്പം പാച്ചുവും.

-സുല്‍

7:34 AM


കുട്ടന്മേനൊന്‍ | KM said...
പതിവുപോലെ ഈ ആഴ്ചക്കുറിപ്പും നന്നായിരിക്കുന്നു. ജീവിതത്തിന്റെ ഉയര്‍ച്ചയില്‍ വന്ന വഴികള്‍ മറക്കുമ്പോഴാണ് പാളിച്ചകളുണ്ടാകുന്നതെന്ന സത്യം പലര്‍ക്കും ഇന്നുമറിയില്ല..

10:02 AM


Anonymous said...
അഗ്രജാ,

ശരിക്കും മനസ്സില്‍ തൊട്ടടോ തന്റെ വരികള്‍. നല്ല മനസുള്ളവര്‍ക്കു മാത്രമേ ഇങ്ങനെ ചിന്തിക്കാനും, എഴുതാനും കഴിയൂ.

പാച്ചു എന്നാ ബ്ലോഗെഴുതാന്‍ തുടങ്ങുക. അവള്‍ക്കും എഴുതാന്‍ കുറേ കാണും അല്ലേ, ടോയ്‌ ബഫല്ലോ കുത്താന്‍ വന്നാല്‍ എന്തു ചെയ്യണം എന്നുപോലുമറിയാത്ത ഉപ്പയെപ്പറ്റി.

10:15 AM


വിചാരം said...
വന്ന വഴി ഒരുനിമിഷത്തേക്ക് മറന്നതൊരുതെറ്റായി കണ്ടടുത്തനിമിഷം തന്നെ തിരുത്തിയത് നല്ല മനസ്സിന്‍റെ ലക്ഷണം തന്നെ ... നന്മകള്‍ ഇനിയും ഉണരട്ടെ...

ബഹുമാനം അതിന് പ്രായം കാണരുതെന്നാണ് എന്‍റെ അഭിപ്രായം നമ്മേക്കാള്‍ ചെറിയവനാണെങ്കിലും നമ്മേക്കാള്‍ കഴിവുള്ളവനാണെങ്കില്‍ അവനെ/അവളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തിയോടൊപ്പം ബഹുമാനിക്കുന്ന വ്യക്തിയുടെ വ്യക്തിത്വവും വികസിക്കുന്നു, ബഹുമാനിക്കുക എന്നത് മലയാളിക്ക് മാതമല്ലായെന്നാണെന്‍റെറിവ് അറബികള്‍ “സയ്യിദ്” എന്നാലെല്ലാം വിളിക്കുന്നത് മിസ്റ്റര്‍, മിസ്സീസ് എന്നതിന് പകരമായിരിക്കാം മലയാളികള്‍ ഏട്ടാ.. ജേഷ്ടാ.. ക്കാ എന്നെലാം വിളിക്കുന്നത് മലയാളിയുടെ മനസ്സിന്‍റെ വലുപ്പം കൊണ്ടാണ് ( ശ്രീ.. ശീമതി.. ശ്രീമാന്‍ എന്നെല്ലാമുള്ളപ്പോഴും)
(എന്‍റെ കൂടെ ജോലിചെയ്യുന്ന ശേഖരനെ ആരെങ്കിലും ശേഖരേട്ടാ എന്നുവിളിച്ചാല്‍ അദ്ദേഹത്തിന് ചൂടാവും കക്ഷിക്ക് 35 വയസ്സായി കല്യാണം കഴിക്കാത്തത് കൊണ്ടിപ്പോഴും ചെറുപ്പാണെന്നാ വിചാരം .. ഇപ്പോള്‍ ഞാനും ശേഖരനെ ചൂടാക്കാന്‍ വേണ്ടി ശേഖരേട്ടാന്ന് വിളിക്കുന്നു കൂടെ മറ്റുള്ളവരും .. മനസ്സന്മാരെ ചിന്തേ..)

അഗ്രൂ പാച്ചുവിന് നിന്നേക്കാള്‍ പുത്തിയുണ്ട് മോനെ .. സൂക്ഷിച്ചും കണ്ടും നടന്നോ അല്ലെങ്കില്‍ ...

11:34 AM


അഗ്രജന്‍ said...
ആഴ്ചക്കുറിപ്പുകള്‍ വായിച്ച, അഭിപ്രായങ്ങള്‍ പങ്ക് വെച്ച എല്ലാവര്‍ക്കും എന്‍റെ നന്ദി അറിയിക്കുന്നു.

ചില സാഹചര്യങ്ങളില്‍ വിചാരിച്ച പോലെ സമയത്തിന് കുറിപ്പുകള്‍ ഇടാന്‍ പറ്റാതെ വരുമ്പോള്‍ ‘ആഴ്ചക്കുറിപ്പ്’ എന്ന പേരിനോട് നീതി പുലര്‍ത്താനാവുന്നില്ല എന്ന സത്യം ഞാനും തിരിച്ചറിയുന്നു.

ആഴ്ചക്കുറിപ്പിനോട് നിങ്ങള്‍ കാണിക്കുന്ന താത്പര്യത്തിനും നല്‍കുന്ന പ്രോത്സാഹനത്തിനും പ്രത്യേകം നന്ദി അറിയിക്കട്ടെ.

ഇത്തിരിവെട്ടം :)
വേണുജി :)
കുറുമാന്‍ :)
ഇക്കാസ് :)
ഏറനാടന്‍ :)
വല്യമ്മായി :)
കരീം മാഷ് :)
സൂ :)
സഞ്ചാരി :)
സുല്‍ :)
കുട്ടമ്മേനോന്‍ :)
തമനു :)
വിചാരം :)

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

1:08 PM


ദില്‍ബാസുരന്‍ said...
ഒപ്പം ജോലി ചെയ്യുന്ന 50 വയസ്സുകാരന്‍ ഫിലിപ്പിനോയേയും 38 വയസുള്ള റൊമാനിയക്കാരിയേയുമൊക്കെ പേര് വിളിയ്ക്കുമ്പോള്‍ മനസ്സില്‍ തോന്നുന്ന കുറ്റബോധം.. ചെറുപ്പത്തില്‍ പഠിച്ച ശീലങ്ങള്‍ മാറ്റാന്‍ പ്രയാസം തന്നെ.

ഓടോ: അഗ്രജേട്ടോ.. കളി പാച്ചൂനോടാ? നടന്നത് തന്നെ. :-)

5:00 PM


പാര്‍വതി said...
പലപ്പോഴും അത്തരം ഓര്‍മ്മകളല്ലേ ഉയര്‍ന്ന് പൊങ്ങാന്‍ തുടങ്ങുന്ന നമ്മുടെ കാലുകളെ തറയിലുറപ്പിച്ച് നിര്‍ത്തുന്നത്.

പാച്ചൂന് ഓണാകുമ്പോള്‍ മാത്രം കുത്തുന്ന ബഫല്ലോ വാങ്ങി കൊടുത്തോ?

-പാര്‍വതി.

6:16 PM


തറവാടി said...
ഓര്‍മ്മകളുണ്ടായിരിക്കണം

9:30 PM


അഗ്രജന്‍ said...
ദില്‍ബന്‍, പാര്‍വ്വതി, തറവാടി... ആഴ്ചക്കുറിപ്പുകള്‍ വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും സന്തോഷം - എല്ലാവര്‍ക്കും നന്ദി :)

10:17 AM

qw_er_ty