Monday, March 3, 2008

ആഴ്ചക്കുറിപ്പുകള്‍ 54

സഹായങ്ങള്‍ - സംശയങ്ങള്‍‍‍
വര്‍ഷങ്ങള്‍ക്ക് മുന്‍പ്, എറണാകുളത്ത് നിന്നുമുള്ള ഒരു മടക്കയാത്ര...
രാത്രി സമയം... ചാവക്കാട്ട് നിന്നും എട്ട് മണിക്ക് പുറപ്പെട്ട് എന്‍റെ ഗ്രാമത്തിലൂടെ കടന്ന് പോകുന്ന അവസാന ബസ്സാണെന്‍റെ പ്രതീക്ഷ. ചാവക്കാടിറങ്ങിയപ്പോഴാണ് അറിയുന്നത് ആ ബസ്സന്ന് ഓടിയിട്ടില്ലെന്ന്. ഇനിയുള്ള രണ്ട് മാര്‍ഗ്ഗങ്ങളില്‍ ഒന്നായ ഓട്ടോറിക്ഷ വിളിക്കല്‍ ശരിയാകില്ല എന്നത് കൊണ്ട് മറ്റൊരു മാര്‍ഗ്ഗമായ ചാവക്കാടില്‍ നിന്നും കുന്ദംകുളത്തേക്ക് കയറി അവിടെ നിന്നും (കുന്ദംകുളത്ത് നിന്നും എന്‍റെ ഗ്രാമം വഴി ഒന്‍പതര വരെ ബസ്സുണ്ട്) വേറെ ബസ്സ് കയറുക എന്നുള്ളതാണ്. പക്ഷെ, പ്രശ്നം എന്‍റെ കയ്യില്‍ ആകെ ബാക്കിയുള്ളത് ഒരു രൂപ മാത്രമാണ് എന്നുള്ളതാണ്. അത് വെച്ച് കുന്ദംകുളം വരെ എത്താമെങ്കിലും അവിടെ നിന്ന് പോരാന്‍ എന്തു ചെയ്യും! എന്തായാലും ബസ്സില്‍ കയറിയിരുന്നു... ഭാഗ്യത്തിന് കുന്ദംകുളം എത്തുന്നത് വരേയും കണ്ടക്ടര്‍ ടിക്കറ്റ് ചാര്‍ജ്ജ് ചോദിച്ച് എന്‍റെയടുത്തെത്തിയില്ല. പക്ഷെ, എനിക്ക് കാശ് കൊടുക്കാതെ ഇറങ്ങാന്‍ തോന്നിയില്ല. ഞാന്‍ കണ്ടക്ടറുടെ അടുത്ത് ചെന്ന് ഒരു രൂപ കൊടുത്ത് ‘ഇത് വെച്ച് എനിക്ക് എഴുപത് പൈസ തരണം’ എന്നു പറഞ്ഞു. നല്ലവനായ കണ്ടക്ടര്‍, എന്തെന്നോ ഏതെന്നോ ചോദിക്കാതെ തന്നെ ആ ഒരു രൂപ വാങ്ങിവെച്ച് എഴുപത് പൈസ എനിക്ക് തന്നു.
ആ സംഭവത്തിന് ശേഷം ഞാനൊരു തീരുമാനമെടുത്തു... ഇനിയൊരിക്കലും കൃത്യമായ പൈസയും വെച്ച് എവിടേയ്ക്കും യാത്ര പോകില്ലെന്ന്. ഒരു തീരുമാനം എടുത്താല്‍ അത് തെറ്റിക്കാന്‍ പാടില്ലെന്ന് നിയമമൊന്നുമില്ലാത്തതിനാല്‍ ഞാനത് തെറ്റിച്ചു... ഒരിക്കലല്ല, പലവട്ടം!

കഴിഞ്ഞ ദിവസമുണ്ടായ ഒരനുഭവമാണ് ഈ സംഭവം വീണ്ടും ഓര്‍മ്മയിലെത്തിച്ചത്.
ഓഫീസില്‍ നിന്നും സുഹൃത്തുമൊത്തുള്ള മടക്കയാത്ര... ഷാര്‍ജയിലൊരിടത്ത് സാധങ്ങള്‍ വാങ്ങിക്കാനായി ഇറങ്ങിയതായിരുന്നു ഞങ്ങള്‍. കുറച്ചകലെയായിരുന്ന എന്നെ സുഹൃത്ത് അരികില്‍ വിളിച്ച്, അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറ് ചൂണ്ടികാണിച്ച് പറഞ്ഞു...
‘ഇതെന്താ കേസെന്നറിയില്ല, പെട്രോളടിക്കാന്‍ കാശ് ചോദിക്കുന്നു... ഒമാനീന്നും വന്നവരാത്രേ...’.
ഇങ്ങിനെ പല തട്ടിപ്പ് കേസുകളും കേട്ടിട്ടുള്ളത് കൊണ്ട് ‘ഒന്നും കൊടുക്കേണ്ട’ എന്ന് പറയാന്‍ എന്‍റെ നാവ് പൊങ്ങിയതായിരുന്നു. അപ്പോഴാണ് ആ വണ്ടിയില്‍ മുന്‍സീറ്റിലിരിക്കുന്ന സ്ത്രീയുടെ കയ്യില്‍ ഒരു കുരുന്ന് പൈതലിനെ കണ്ടത്.
ഞങ്ങള്‍ കൊടുത്ത കാശും വാങ്ങി അവര്‍ പോയി.

- ഒരു യാത്രയ്ക്ക് വരുന്നത് ഇത്രയ്ക്കും കാശില്ലാതെയാണോ?
- കാശെല്ലാം നഷ്ടപ്പെട്ടെങ്കില്‍ അവര്‍ക്കിവിടെ സുഹൃത്തുക്കളും പരിചയക്കാരും ഒന്നും കാണില്ലേ?
- അവര്‍ക്ക് പെട്രോള്‍ മാത്രമടിച്ചാല്‍ മതിയോ?
- എന്തു കൊണ്ട് അവര്‍ക്ക് നാട്ടില്‍ വിവരമറിയിച്ച് സഹായം ആവശ്യപ്പെട്ടു കൂടാ?
- ഇത് വെറും തട്ടിപ്പ് മാത്രമായിരുന്നോ?
- തട്ടിപ്പല്ലെങ്കില്‍, ഇനിയും എത്രപേരുടെ അടുത്ത് അവര്‍ സഹായം തേടേണ്ടി വരും?

ഇതൊക്കെ ഇപ്പോഴും ഞങ്ങളില്‍ അവശേഷിക്കുന്ന ചോദ്യങ്ങള്‍ മാത്രം!

എത്രമാത്രം മുന്‍കരുതലോടെ യാത്ര തിരിച്ചാലും സഹായങ്ങള്‍ തേടേണ്ടുന്ന ഘട്ടങ്ങള്‍ വരുമെന്നിരിക്കെ, പരിചയക്കാര്‍ വഴിയോ ഏതെങ്കിലും സംഘടനകള്‍ വഴിയോ അതിന് മുതിരുന്നതായിരിക്കും സംശയദൃഷ്ടിയോടെ സ്വീകരിക്കുന്ന സഹായങ്ങളേക്കാളും നല്ലതെന്ന് തോന്നുന്നു!

അയാം എ മലയാളി...
ഒരു ലൊക്കേഷന്‍ ചോദിച്ച് ഒരറബി നമ്മുടെ അടുത്ത് വന്നെന്നിരിക്കട്ടെ, അയാളുടെ ആവശ്യം മിക്കവാറും അറബിയിലായിരിക്കും നമ്മോട് ചോദിക്കുന്നത്. അത് ചൈനക്കാരനായാല്‍ ചൈനീസിലും ഹിന്ദിക്കാരനെങ്കില്‍ ഹിന്ദിയിലും തമിഴനെങ്കില്‍ തമിഴിലുമായിരിക്കും... നമുക്കത് മനസ്സിലാവുന്നോ ഇല്ലയോ എന്നത് അവര്‍ക്ക് പ്രശ്നമല്ല. മറിച്ച്, അതൊരു മലയാളിയാണെങ്കില്‍ ഏറെക്കുറെ അറബിയുടെ അടുത്ത് അറബിയിലും ചൈനക്കാരന്‍റെ അടുത്ത് ചൈനീസിലും റഷ്യക്കാരന്‍റെ അടുത്ത് റഷ്യന്‍ ഭാഷയിലും ആയിരിക്കും ലോക്കേഷന്‍ ചോദിക്കാന്‍ ശ്രമിക്കുക. അറ്റ്ലീസ്റ്റ് ഇംഗ്ലീഷിലെങ്കിലും ചോദിക്കാന്‍ ശ്രമിക്കും.

പാച്ചുവിന്‍റെ കൂട്ടുകാര്‍ അയല്‍ക്കാരായ ബാംഗ്ലൂര്‍ക്കാരും ഹൈദരാബാദികളുമായ കുട്ടികളാണ്. അവര്‍ ഭയങ്കര കൂട്ടാണ്. കളിയും തമാശയും വഴക്കും എല്ലാം മുറപോലെ നടക്കുന്നു. അവര്‍ക്ക് ഭാഷയൊന്നും ഒരു പ്രശ്നമേ അല്ല. ഇതിലെ രസകരമായ കാര്യം, മേല്‍ പറഞ്ഞത് പോലെ, മനസ്സിലാക്കിയെടുത്ത ഹിന്ദി വാക്കുകള്‍ വെച്ച് പാച്ചു അവരോട് സംസാരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്... അല്ലാതെ ആ കുട്ടികള്‍ മലയാളം പറയാന്‍ ശ്രമിക്കുന്നില്ല!

അങ്ങിനെ ഞാനും...
റിയാല്‍റ്റി ഷോയില്‍ ഒരു കുട്ടിയുടെ നൃത്തം പകുതിയായപ്പോഴാണ് ജഡ്ജ് വേദിയിലെത്തുന്നത്.
നൃത്തം കഴിഞ്ഞു, ജഡ്ജ് വിധിപറയാന്‍ തുടങ്ങി...
‘ഈ കുട്ടിയുടെ പരിപാടി മുഴുവനായി കാണാന്‍ കഴിയാത്തത് കൊണ്ട് എനിക്ക് വ്യക്തമായ ഒരഭിപ്രായം പറയാനാവില്ല, അതു കൊണ്ട് ഈ കുട്ടിയുടെ അടുത്ത പെര്‍ഫോമന്‍സ് കണ്ടതിന് ശേഷം ഞാനഭിപ്രായം പറയാം...’
എന്തു നല്ല ജഡ്ജ് അല്ലേ...
നേരം വെളുത്ത പാടെ നല്ലപാതിയോട് ഈ സ്വപ്നം ഷെയര്‍ ചെയ്തു...
‘അള്ളാ... ഇക്കയായിരുന്നോ ആ ജഡ്ജ്... എന്നാ അത് വല്ല ബ്ലോഗ് റിയാല്‍റ്റി ഷോയുമാകും’
അല്ലാതെ വേറെന്ത് പുണ്ണാക്കിനാ ഇക്കാക്ക് ജഡ്ജാവാന്‍ പറ്റുക എന്നവള്‍ വ്യക്തമായി ചോദിച്ചില്ലെന്ന് മാത്രം!

പാച്ചുവിന്‍റെ ലോകം
പാച്ചുവിന് കളിക്കാന്‍ ഒരു കമ്പ്യൂട്ടര്‍ വേണം. ഇടയ്ക്കിടെ അതെന്നെ ഓര്‍മ്മപ്പെടുത്താറുമുണ്ട്.
‘ഉപ്പാ പാച്ചുന്‍റെ കമ്പൂട്ടര്‍ മറന്നാ...’
‘ഉപ്പ നോക്കിയിട്ട് നല്ല കമ്പ്യൂട്ടറൊന്നും കണ്ടില്ല...’
‘സാരെല്ലുപ്പാ... തത്ക്കാലം പൊട്ടകമ്പൂട്ടറായാലും മതി...’
എന്‍റെ വേലയുണ്ടോ അവളുടടുത്ത് വിലപ്പോവുന്നു...!

പാച്ചുവും ഭാഷകളും
=============
സ്വപ്നം കണ്ടിട്ടാവും ഉറക്കത്തില്‍ പാച്ചു പറയുന്നു... ‘ടീകേ... ജാത്തോം...’
ടീകേയുടെ കാര്യം ടീകെ... പക്ഷെ, ജാത്തോം... അതെന്തൂട്ട്? ഞാനാലോചിച്ചു...
പക്ഷെ പിറ്റേന്ന് അവര്‍ കളിക്കുമ്പോഴും കേട്ടു... പാച്ചു പറയുന്നു... ‘ജാത്തോം...’
സന്ദര്‍ഭം ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി അത് ‘ജാവോ തും...’ ആണെന്ന്

=============
‘പാച്ചുവിനപ്പോ ഹിന്ദി അറിയാം... തമിഴ് അറിയോ പാച്ചൂന്...’ നല്ലപാതിയുടെ കൂട്ടുകാരി ചോദിച്ചു...
‘അപ്പടിയൊന്നും സൊന്നമാട്ടേ...’ പാച്ചു തമിഴില്‍ കലക്കി...
എവിടുന്നിവളിതൊക്കെ പഠിക്കുന്നു... എന്‍റെ വിട്ട അന്തം ഇപ്പഴും തിരിച്ച് കിട്ടിയിട്ടില്ല!

=============
വഴക്ക് കൂടിയാല്‍ തോല്‍ക്കുക എന്നത് പാച്ചുവിന് ദഹിക്കാത്ത കാര്യമാണെന്ന് തോന്നുന്നു.
കൂട്ടുകാര്‍ ഹിന്ദിയില്‍ ഉറക്കെ എന്തൊക്കെയോ പറയുന്നത് കേട്ട പാച്ചു തിരിച്ച് വഴക്ക് പറയാന്‍ കണ്ട മാര്‍ഗ്ഗം ഇതായിരുന്നു...
‘$#@വണ്ടൂത്രീ#!@ഏബിസീഡി$#!@’

30 comments:

അഗ്രജന്‍ said...

ആഴ്ചക്കുറിപ്പുകള്‍ 54


രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ത്വയിരക്കേട് :)

സുല്‍ |Sul said...

ഇത്തവണയും ഒരു കുറവും വരാതെ കാത്തല്ലോ ആശ്ചര്യകുറിപ്പുകളെ. :)
പാച്ചുവിന്റെ വിശേഷങ്ങള്‍ കൂടി വരുന്നു. ഇനി ഒരു പേജ് പാച്ചുവിനു മാത്രമാക്കേണ്ടി വരുമോ?
((((((((((ഠേ...))))))))
-സുല്‍

Shaf said...

കയ്യില്‍ അത്യവശ്യത്തിനുള്ള പൈസ ഇല്ലെങ്കില്‍ ഒരത്മവിശ്വാസം ഉണ്ടാകില്ല പുറത്തിറങ്ങാന്‍..
എന്തായലും ഇവെടെ കണ്ടക്ട്‌ര്‍ പൈസ വാങ്ങിയതിനു ശേഷമല്ലെ കയറ്റുന്നുള്ളൂ..

ഓഫീസിലിരുന്നാ ഇത് വായിക്കുന്നത്..പാച്ചിവിന്റെ മറുപടി വായിച്ച്
പെട്ടെന്ന് ഞാനങ്ങ് ചിരിച്ചപ്പോള്‍ അടുത്തിരിക്കുന്നവരുടെ നോട്ടം മാറ്റാന്‍ സെല്‍ഫോണ്‍ ചെവിയില്‍ വെച്ചു അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു...:) . 5 വയസാകുമ്പോഴേക്കും 5 ഭാഷ കയ്യിലുണ്ടാകും അല്ലെ മോളേ..
അതു നന്നായി വാപ്പച്ചി ഇന്‍റര്‍വ്യുനു പോയ പോലെ ആകില്ലല്ലൊ...:)

കൃഷ്‌ | krish said...

ആഴ്ചക്കുറിപ്പും പാച്ചുവിശേഷങ്ങളും കലക്കി.

ശ്രീവല്ലഭന്‍ said...

പാച്ചു കലക്കുന്നുണ്ട്. കയ്യില്‍ കറക്റ്റ് പൈസയുമായ്‌ കുറെ പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്! തിരിച്ചെത്തുന്നത് വരെ ഭയങ്കര ടെന്‍ഷന്‍ തന്നെ ആണേ....ഇപ്പം പിന്നെ ATM കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിങ്ങനെ പല കാര്‍ഡുകളും ഉള്ളതിനാല്‍ വല്യ കുഴപ്പം ഇല്ല.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മലയാളികളെപ്പറ്റിപ്പറഞ്ഞത് വാസ്തവം.

ഇനിയിപ്പോ ഞങ്ങളൊക്കെ പാച്ചൂനോട് ഏത് ഭാഷേലാ സംസാരിക്കുക?

Sharu.... said...

പാച്ചുന്റെ വിശേഷങ്ങള്‍ അടിപൊളി....
:)

G.manu said...

പാച്ചു കസറുന്നല്ലോ അഗ്രൂ

ഇത്തിരിവെട്ടം said...

അഗ്രു ... പതിവ് തെറ്റിച്ചില്ല. നന്നായി.

അഭിലാഷങ്ങള്‍ said...

ഈ ആഴ്ചക്കുറിപ്പിന് അഭിപ്രായം പറയണോ വേണ്ടയോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാ പാച്ചു മനസ്സിലേക്കോടിയെത്തി എന്നെ ഒരു തീരിമാനത്തിലെത്തിച്ചത്...

അതിനാലെ അഭി അഭിപ്രായം......

സൊന്നമാട്ടേ...സൊന്നമാട്ടേ...!

അപ്പടിയൊന്നും സൊന്നമാട്ടേ...!!

സൊന്നമാട്ടഗ്രൂ...സൊന്നമാട്ടേ...!!

:-)

തമനു said...

നന്നായി.

:)

നിരക്ഷരന്‍ said...

പാച്ചു വിശേഷങ്ങള്‍ കൊള്ളാം.
:)

അതുല്യ said...

എന്റെ അഗ്രൂ, അഗ്രൂ ഒരു തവണയല്ലേ ഇത്? ഞാനൊക്കെ എത്രയോ തവണ ബസ്സിലും പലചരക്ക കടയിലുമൊക്കെ ഒന്നാംതീ ആവുമ്പോന്ന് പറഞേക്കണ്!. ഒക്കേനും ഒരു കാലം. ഒമാനിന്ന് വന്ന ഫാമിലിയ്ക്ക് ഒന്നും കൊടുക്കണ്ട. അവരു ഒരു ദിവസം ഉണ്ടാക്കുന്നത് നമ്മള്‍ ഒരു മാസം ഉണ്ടാക്കുന്നില്ല അഗ്രു. മിക്ക പോഴും കാര്‍ പാര്‍ക്കിങ്ങ് ഏരിയയില്‍, മഞ നമ്പര്‍ പ്ലേറ്റ് ബോര്‍ഡുമായിട്ട് (ഇതും ചുമ്മാ വ്യാജം) ഇവരെ കാണുന്നുണ്ട് ഇവിടെത്തെ ആളുകളും. സ്ഥിരം വിസിറ്റ് വിസയില്‍ വന്ന സ്ത്രീകളെ ബുര്‍ക്കായിട്ടിരുത്തി കരയിയ്ക്കുന്നത് പോലെ കാട്ടി, ഇവര്‍ പറയുന്നു, എല്ലാം പോയി, വരണ വഴിയ്ക്ക് തിരിച്ച് പോണമെന്നൊക്കെ. എന്റെ വീട് പോലീസ് സ്റ്റേഷന്റെ അടുത്താണു. ഒരു തവണ ഇവരെന്നോട് ചോദിച്ചപ്പോഴ് ഞാന്‍ പറഞു, നിങ്ങള്‍ എന്റെ കൂടെ വരു, പോലീസ് നിങ്ങള്‍ക്ക് എല്ലാം സൌകര്യ്‌വും ചെയ്ത് തരുമെന്നും, ഈ പറച്ചിലിനിടയില്‍ ശര്‍മ്മാജി നിര്‍ത്തിയിട്ടിരിയ്ക്കുന്ന കാറിന്റെ താക്കോല്‍ എടുത്ത് മാറ്റുകയും ചെയ്തു. കുറെ കരഞ് കാലുപിടിച്ച് തട്ടിപ്പാണു, ദയവായി റിപ്പോര്‍ട്ട് ചെയ്യരുതെന്ന് അപേക്ഷിച്ച ശേഷം താഴെ കൂ‍ടിയവരെല്ലാം കൂടെ ഇവരെ വിട്ടയച്ചു. പാ‍റി പറന്ന് മുടിയുമായി രണ്ട് മൂന്ന് കുട്ടികളുമുണ്ടാവും ഇവരുടെ കൂടെ. അവരെയും വച്ച് ഇവര്‍ മുതലെടുക്കുന്നു.

പാച്ചുവിനു ഇനി താഗ്‌ലോഗും കൂടി പഠിപ്പിയ്ക്കണേ.

ശ്രീ said...

ഹ ഹ. പാച്ചുവിന് 100 മാര്‍ക്ക്.
:)

താരാപഥം said...

കലക്കീണ്ട്‌ട്ടാ. പാച്ചൂന്റെ ഉമ്മയ്ക്കും അതിനൊപ്പം ക്ലാസ്സ്‌ കയറ്റം കിട്ടുന്നുണ്ടാവും. ഒന്ന് ശ്രദ്ധിച്ചോളൂ.
മസ്ക്കറ്റ്‌ നിന്ന് വന്ന് കാശ്‌ നഷ്ടപ്പെട്ട കുടുമ്പം 1989 ല്‍ എന്നെ പറ്റിച്ചിട്ടുണ്ട്‌. ഒരാഴ്ചയ്ക്കുശേഷം അതേ പാര്‍ട്ടി വീണ്ടും വന്നപ്പോള്‍ ഞാന്‍ പോലീസ്സിനെ വിളിയ്ക്കും എന്നു പറഞ്ഞതോടെ സ്ഥലം വിട്ടു. ഇത്തരം ആളുകളെ പ്രോല്‍സാഹിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പിന്നീടൊരിക്കല്‍ ഇതേ പോലെ ഒരു കേസ്സ്‌ വന്നപ്പോള്‍ അവര്‍ക്ക്‌ ഇന്ത്യന്‍ അസോസ്സിയേഷനിലേയ്ക്കുള്ള വഴി പറഞ്ഞുകൊടുത്തു. അവിടെ അതിനുള്ള സംവിധാനം ഉണ്ടെന്നു പറഞ്ഞു. ഇപ്പോള്‍ വിശക്കുന്നു എന്നു പറഞ്ഞുവരുന്നവര്‍ക്ക്‌ ഹോട്ടലില്‍ കയറ്റി ശാപ്പടിനുള്ള കാശ്‌ കൗണ്ടറില്‍ കൊടുക്കും- ഇവിടെയും നാട്ടിലും. അങ്ങിനെത്തന്നെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹഹ പാച്ചു കലക്കണ്ണ്ടല്ലോ...

ഭൂമിപുത്രി said...

ഈപ്പാച്ചൂനെ ഇന്നാണല്ലൊ ഞാന്‍ പരിചയപ്പെട്ടതു!മോളാണല്ലെ?
മിടുക്കി..ഇപ്പോഴെ ആളുതരവുമൊക്കെ പഠിച്ചുവെച്ചേക്കണല്ലൊ.

വാല്‍മീകി said...

ആഴ്ചക്കുറിപ്പ് കലക്കുന്നു.

സംശയദൃഷ്ടിയോടെ സ്വീകരിക്കുന്ന സഹായങ്ങളേക്കാളും എന്നുള്ളത് തെറ്റല്ലേ? സംശയദൃഷ്ടിയോടെ ചെയ്യുന്ന സഹായങ്ങളേക്കാളും എന്നല്ലേ ശരി.

തറവാടി said...

സമാന സംഭവം ഇവിടെ

‘അള്ളാ... ഇക്കയായിരുന്നോ ആ ജഡ്ജ്... എന്നാ അത് വല്ല ബ്ലോഗ് റിയാല്‍റ്റി ഷോയുമാകും’

ങ്ങട് വാ ബ്ലോഗിലെ റിയാലിറ്റി ഷോ നടത്താന്‍ , അയിനൊക്കെ വിടെ ഞമ്മളൊക്കേണ്ട്ട്ടാ അഗ്രജാ (ജീ).

പാച്ചു said...

ഇനി കാശില്ലാതെ ചാവക്കാട് കുന്ദംകുളം റോഡിലൂടെ വരുമ്പോള്‍ മമ്മിയൂര് ഇറങ്ങിയാല്‍ മതി, ഈ പാച്ചുവിനവിടെയൊരു ചെറിയ കൂരയുണ്ട്, അവിടെ കൂടാം.
പാച്ചുവിന്റെ വിശേഷങ്ങള്‍ തകര്‍ക്കുന്നു.

ആലുവവാല said...

വീടിനടുത്തുള്ള കശുവണ്ടിക്കമ്പനിയിലെ ഒറീസക്കാരന്‍ തൊഴിലാളിയോട് മുതലാളീ അണ്ടിക്കുഞ്ഞിക്കാടെ ആക്ഷനോടെയുള്ള കല്പന "ബായീ, ഏക് കാട്ടാവോ, കാട്ടാവോ?"

അന്തംവിട്ടു നിന്ന ഭായിയോട് കലിച്ച്, അല്പം വിട്ടുനിന്ന അനിയന്‍മുതലാളി അലിയോട് കുഞ്ഞിക്ക അപേക്ഷിച്ചു;" 'ഒന്നു കട്ടുചെയ്യാവോ' എന്ന് ഈ മണ്ടനോട് ഒന്നു ചോദിച്ചേടാ അലി?"

ഉടന്‍ ഭാഷാ പണ്ഡിതനായ അലിക്കാടെ വക ശുദ്ധ ഹിന്ദി " ബയ്യാ! കാട്ടിയേ, കാട്ടിയേ! സഞ്ചി കാട്ടിയേ !"

പാച്ചൂന്റെ 'ജാത്തോം' കേട്ടപ്പൊ പെട്ടെന്ന് ഓര്‍ത്തുപോയതാണ്!‍

കിനാവ് said...

ആഴ്ചകുറിപ്പുകളും പാച്ചുവിശേഷങ്ങളും ഇഷ്ടായിട്ടാ.
:)

സുമേഷ് ചന്ദ്രന്‍ said...

ഞാനിപ്പോ ആഴ്ചക്കുറിപ്പുകള്‍ താഴേന്ന് മേലോട്ടെ വായിക്കാറുള്ളു.. :) അതാ എനിക്കിഷ്ടം :)

(അവസാനമെഴുതിയ ഡോളര്‍, ഹാഷ് സൈനുകളൊക്കെ പാച്ചു എങനാ വായിക്കാ ഭായ്ജാന്‍?) :P

ആഗ്നേയ said...

പാച്ചു പിന്നേം കലക്കി.
(ഇക്കാടെ അന്തം തിരിച്ചുകിട്ടീല്ലാന്ന് ഞങ്ങള്‍ക്കൊക്കെ അറിയാം.പക്ഷേ പോയ വിവരം ഇക്ക ഇപ്പോളാ അറിഞ്ഞേല്ലേ)

മഴത്തുള്ളി said...

“എന്‍റെ വിട്ട അന്തം ഇപ്പഴും തിരിച്ച് കിട്ടിയിട്ടില്ല!“

ഹഹഹ ഇതിനു പറയും “അന്തം വിട്ട നാരായണന്‍ വണ്ടിവിട്ടപോലെ“ എന്ന് ;)

അയ്യോ സുമേഷ് പറഞ്ഞതുപോലെ ആ ഹാഷ് എന്താ ;)

ചന്ദ്രകാന്തം said...

സംഗതി കലക്കി. അവസാനത്തെ വാചകം വായിച്ചപ്പോ മനസ്സിലായി, പാച്ചു ബ്ലോഗ്‌ ഭാഷാ രീതികളും പഠിച്ചുവരുന്നൂന്ന്‌..!!

ദൃശ്യന്‍ | Drishyan said...

സൂപ്പര്‍ അഗ്രജാ, പാച്ചുവിന്‍‌റ്റെ തമിഴും തന്‍‌റ്റെ അന്തം ഇപ്പഴും തിരിച്ച് കിട്ടിയിട്ടില്ലാത്ത അന്തവും ഓര്‍ത്ത് ഞാന്‍ കുറേ ചിരിച്ചു.

സസ്നേഹം
ദൃശ്യന്‍

ആഷ | Asha said...

ആഴ്ചക്കുറിപ്പുകള്‍ മാറ്റി പാച്ചുകുറിപ്പുകളാക്കൂ :)
പാച്ചുവിന്റെ വിശേഷങ്ങള്‍ വായിക്കാന്‍ നല്ല രസാണ്.
അഗ്രജന്‍ പറഞ്ഞതിനു വിപരീതമായി മലയാളം നന്നായി സംസാരിക്കുന്ന രണ്ടു പേരെ ഞാന്‍ പരിചയപ്പെട്ടു. ഒന്ന് ഒരു നോര്‍ത്തിന്‍ഡ്യന്‍ പയ്യന്‍ അയല്‍ക്കാരായ മലയാളികളില്‍ നിന്നും പഠിച്ചതാണത്രേ. അവന്റെ അമ്മ പറഞ്ഞത് അവന്‍ ചെറുതിലെ സംസാരിക്കാന്‍ തുടങ്ങിയതു തന്നെ മലയാളത്തിലായിരുന്നുവെന്നാണ്.
പിന്നെ ഒരു പെണ്‍കുട്ടിയെ ഈയിടെ കണ്ടു ഞാന്‍ ഹിന്ദിയില്‍ അതിനോട് സംസാരിച്ചു തുടങ്ങിയപ്പോ (ഞാനും സതീശ് മാക്കോത്തും മലയാളത്തില്‍ സംസാരിക്കുന്നത് അത് കേട്ടിരുന്നു) മലയാളത്തില്‍ പറഞ്ഞാല്‍ മതിയെന്നു പറഞ്ഞു. നല്ല ശുദ്ധമലയാളത്തില്‍ സംസാരിച്ചു. തമിഴത്തി കുട്ടിയാണ് ഹോസ്റ്റലിലെ മലയാളി കൂട്ടുകാരികളില്‍ നിന്നും പഠിച്ചതാണെന്ന് പറഞ്ഞു. കേട്ടപ്പോ എനിക്കും നല്ല സന്തോഷം തോന്നി. :)

ഗുപ്തന്‍ said...

മലയാളികള്‍ മാത്രം അല്ല. ഇവിടെ ഇറ്റലിയില്‍ ഒരുപാട് പേരെകണ്ടിട്ടുണ്ട് ഇന്ത്യക്കാരെ കണ്ടാല്‍ ഉടന്‍ കഷ്ടപ്പെട്ട് ഇംഗ്ലീഷ് സംസാരിക്കാന്‍ ശ്രമിക്കുന്നവര്‍. ഇന്ത്യക്കാര്‍ക്കെല്ലാം ഇംഗ്ലീഷ് അറിയാം എന്നൊരു ധാരണ എങ്ങനെയോ പരന്നിട്ടുണ്ട്.

*************
ഓഫ്: ആഷേ അപ്പോള്‍ ഈ സതീശ് മാക്കോത്തുമായൊക്കെ സംസാരിക്കാറുണ്ടല്ലേ. നിങ്ങളൊക്കെ ഒരു ഗാംങ്ങാ???

സതീശ് മാക്കോത്ത് | sathees makkoth said...

പാച്ചു തന്നെ താരം!!


(ദൈവമേ...ഞാന്‍ മലയാളത്തില്‍ സംസരിച്ചെന്ന് പറഞ്ഞിരിക്കുന്നു.ഛെ എന്റെ ഉള്ള വെല കൂടി കളഞ്ഞിവള്‍!!!!!!!!)