Saturday, October 28, 2006

ആറ്

ചെറിയ പെരുന്നാള്
ഒരു മാസത്തെ വ്രതാനുഷ്ടാനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമൊടുവില്‍ പെരുന്നാള്‍ വന്നെത്തി. നേടിയെടുത്ത പുണ്യങ്ങള്‍ നില നിറുത്താന്‍ എല്ലാവര്‍ക്കും കഴിയട്ടെ.

പെരുന്നാളിനെടുത്ത ഡ്രസ്സിന്‍റെ പുതുമണം പോവാന്‍ അലക്കിയതിന് ശേഷമാണത് ധരിച്ചത്... പണ്ടൊക്കെ കുപ്പായത്തിന്‍റെ പുതുമണം കളയാതിരിക്കാനാണ് ശ്രദ്ധിച്ചിരുന്നത്... വസ്ത്രത്തില്‍ നിന്നു പോയാലും ആ പുതുമണം മനസ്സില്‍ കൊതിപ്പിച്ചു നില്‍ക്കുമായിരുന്നു അടുത്ത പെരുന്നാള്‍ വരെ.

പെരുന്നാള്‍ ഭക്ഷണം കഴിഞ്ഞ് ‘ഹാന്‍ഡ് വാഷ്’ ഉപയോഗിച്ച് കൈ കഴുകുമ്പോള്‍ ഓര്‍മ്മ വന്നത്... തിന്ന ബിരിയാണിയുടെ മണം കളയാതെ കൈ മണത്തും, കൂട്ടുകാരെ മണപ്പിച്ചും നടന്നിരുന്ന കാലമായിരുന്നു.

വീട്ടില്‍ തൂങ്ങിക്കിടക്കുന്ന പഴക്കുല പെരുന്നാളിന്‍റെ മുഖ്യ ഘടകമായിരുന്നു... വയറ് പൊട്ടുന്ന പരുവമായാലും രണ്ട് പഴമങ്ങട്ട് ചെന്നില്ലെങ്കില്‍ വല്ലാത്തൊരു കുറവു തോന്നുമായിരുന്നു... ഇന്നത് ഫ്രൂട്ട് സാലഡിനു വഴിമാറി.

പട്ടിണി കിടക്കുന്നവര്
‍കുറച്ചു കൊല്ലം മുമ്പ്, നോമ്പിന്‍റെ അവസാന നാളുകളില്‍ നോമ്പുതുറക്ക് വന്ന അതിഥിയോട് എന്‍റെ കൂട്ടുകാരന്‍ ഓര്‍മ്മിപ്പിച്ചു... ‘പെരുന്നാളിന് നേരത്തെ വരണംട്ടാ... നാല് ഫുള്ളാ ഓര്‍ഡര്‍ ചെയ്തേക്ണത്’... വെറുതേ ഒരു മാസം പട്ടിണി കിടക്കുന്നവര്‍!

മാസപ്പിറവി
എന്തോ അറിയില്ല ഇത്തവണ റമദാന്‍ വിട പറയുമ്പോള്‍ വല്ലാത്ത വിഷമം തോന്നിയിരുന്നു. വളരെ വേണ്ടപ്പെട്ട ഒരാള്‍ യാത്ര ചോദിച്ചത് പോലെ. ചില പത്രറിപ്പോര്‍ട്ടു‍കളില്‍ കണ്ടു... റമദാന്‍ തുടങ്ങിയത് നേരത്തെയായിരുന്നു, പെരുന്നാള്‍ നേരത്തെയായി എന്നൊക്കെ. ഇത്തിരിവെട്ടത്തിന്‍റെ ‘പോക്കരെ’ പോലെ ആരെങ്കിലും തൊപ്പിക്കൊടയോളം ബട്ടത്തില് ചന്ദ്രക്കല കണ്ടോ എന്തോ!

വിരുന്നുകാര്
‍രണ്ട് ദിവസത്തെ അവധി, രണ്ടാം പെരുന്നാളിന് വൈകീട്ട് പുറത്തൊന്ന് പോയതൊഴിച്ചാല്‍ മുഴുവന്‍ സമയവും വീട്ടില്‍ തന്നെയായിരുന്നു. ഒന്നാം പെരുന്നാളിന് അടുത്ത ചില സുഹൃത്തുക്കള്‍ വന്നിരുന്നു. വൈകുന്നേരം പ്രതീക്ഷിക്കാത്ത ചില അതിഥികളെത്തി... ഒരു പക്ഷേ ഞാന്‍ ബ്ലോഗിലെത്തിയില്ലായിരുന്നെങ്കില്‍ ഇനിയും അപരിചിതരാകുമായിരുന്ന ചിലര്‍. അതെ തറവാടി യും വല്യമ്മായി യും പച്ചാന യും ആജു വും അഗ്രജന്‍റെ ‘ഇന്ദ്രപ്രസ്ഥ’ത്തിലെത്തി. വളരെ നല്ലൊരു കുടുംബം, അവരെഴുതുന്ന വരികളേക്കാളും ലാളിത്യവും നിഷ്ക്കളങ്കതയും സ്വന്തമായുള്ളവര്‍. ഒരേ ചിന്താഗതിയുള്ളവരെ കണ്ടുമുട്ടുമ്പോള്‍ അതൊരുപാടു കാലത്തിന്‍റെ പരിചിതത്വം തോന്നിപ്പിക്കുന്നു.

സൌഹൃദങ്ങള്
‍ബ്ലോഗിലെത്തിയതിന്‍റെ നേട്ടങ്ങള്‍ കൂടിക്കൂടി വരുന്നു.‍ ഇനിയും ഒരുപാടു പേര്‍... ഇത്തിരിവെട്ടം, വിശാലന്‍, ദില്‍ബു, കലേഷ്, ദേവന്‍, ഇടിവാള്‍,ഏറനാടന്‍,കരീം മാഷ്, ചില നേരത്ത്, ഡ്രിസില്‍, ഗന്ധര്‍വ്വന്‍, സങ്കുചിതന്‍, കണ്ണൂസ്, അത്തിക്കുറുശി, പെരിങ്ങോടന്‍, കുറുമാന്‍... വരികളില്‍ കൂടി മാത്രമല്ല, മൊഴികളില്‍ കൂടിയും പരിചയപ്പെട്ടവരുടെ നീണ്ട നിര. ഇതില്‍ ചിലത് വളരെ അടുത്ത സൌഹൃദങ്ങളായി ദൃഢപ്പെട്ടിരിക്കുന്നത് ഞാനറിയുന്നു.

തിരിച്ചൂവരവ്
എന്നെ ബ്ലോഗ്ഗിന്‍റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു വന്ന എന്‍റെ പ്രിയ സുഹൃത്ത് നിക്ക് കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം ബ്ലോഗിലേക്ക് തിരിച്ചു വന്നിരിക്കുന്നു. സന്തോഷം... അവന്‍റെ ‘മെയ്’ എന്ന കഥാപാത്രത്തിന് ‘നവംബര്‍‘ എന്ന നായികയെ എത്രയും പെട്ടെന്ന് കിട്ടട്ടെ എന്നാശംസിക്കുന്നു.

പാച്ചുവിന്‍റെ ലോകം
പാച്ചുവിനിപ്പോള്‍ പ്രിയപ്പെട്ട പാട്ട്...‘...കടല് കണ്ടിട്ടെത്ര നാളായീ...’ ആണ്.ചില ആവശ്യങ്ങളൊക്കെ ഈ പാട്ടിന്‍റെ ഈണത്തില്‍ ചോദിക്കാന്‍ ഇപ്പോള്‍ പാച്ചൂന് നന്നായിട്ടറിയാം.

‘ഉപ്പാടെ പൊറത്താന കളിച്ചിട്ടെത്ത്ര നാളായീ...’
‘ഉപ്പാടീം ഉമ്മാടീം കൂടെ ‘ബൈ ബൈ’ പോയിട്ടെത്ത്ര നാളായീ...’

ആവശ്യങ്ങളുടെ എണ്ണമനുസരിച്ച് പാട്ടിന്‍റെ വരികളും കൂടിക്കൊണ്ടിരിക്കും!

1 comment:

അഗ്രജന്‍ said...

17 അഭിപ്രായങ്ങള്‍:
:: niKk | നിക്ക് :: said...
എന്റെ പൊന്നും കുരിശു മുത്തപ്പാ... എന്റെ തിരിച്ചുവരവ് അങ്ങിനെ ഷാര്‍ജ്ജയിലും ചൈനീസ് ഫയര്‍വര്‍ക്ക്സിന്റെ പശ്ചാത്തലത്തോടെ ആഘോഷിച്ചൂന്നറിഞ്ഞതില്‍...കി കി കി ;)

ഇക്കായേയ്...ഉം ഉം...

11:15 AM
അരവിശിവ. said...
ഓര്‍മ്മകളുണ്ടായിരിയ്ക്കണം...നല്ല പോസ്റ്റ്..

11:19 AM
:: niKk | നിക്ക് :: said...
"ഉപ്പാടെ പൊറത്താന കളിച്ചിട്ടെത്ത്ര നാളായീ" ഇത് ഞാന്‍ തെറ്റിവായിച്ചതിന് ക്ഷമിക്കണേ ഇക്കാ... ;)

“ഉപ്പാ കുളിച്ചിട്ടെത്ത്ര നാളായീ“

(ഞാന്‍ ഓഫീസില്‍ പോയി, ഇവിടെയെങ്ങും ഞാനില്ല)

11:19 AM
ഇത്തിരിവെട്ടം© said...
പെരുന്നാള്‍ വിശേഷം എന്നേയും ബാല്യകാലത്തിന്റെ ഓര്‍മ്മളിലേക്കെത്തിക്കുന്നു. മൈലാഞ്ചികായി നാടകെ ഓടിനടന്നിരുന്നൊരു കാലത്തിന്റെ... പെരുന്നാള്‍ തലേന്ന് കയ്യില്‍ പരത്തിയിടുന്ന മൈലഞ്ചിയുടെ മറക്കാനാവത്ത സുഗന്ധത്തെ... കൈ ചുവന്നോ എന്ന് നോക്കി നോക്കി എപ്പോഴോ ഉറങ്ങുന്ന മനോഹരമായ രാത്രിയെ... രാവിലെ കുളിച്ച് പുത്തനുടുപ്പുകളുമായി മസ്ജിദിലേക്ക് ഓടിയിരുന്ന ബാല്യത്തെ... ഒന്നോരണ്ടോ പൂത്തിരിയുമായി വൈകുന്നേരമാവാന്‍ കാത്തിരുന്ന പ്രായത്തെ എല്ലാം ഒരു നിമിഷം ഓര്‍മ്മിപ്പിച്ചല്ലോ അഗ്രജാ... അസ്സലായി.

കഴിഞ്ഞ നോമ്പിനാണ്... മാസപ്പിറവി കണ്ടു പെരുന്നളുറപ്പിച്ചപ്പോള്‍ ഈദുമുബാറക്ക് പറയാന്‍ ഒരു തൊട്ടടുത്ത റൂമില്‍ ചെന്നു. വാതില്‍ തുറന്നപ്പോള്‍ നിരത്തിവെച്ച ഗ്ലാസ്സിനും തുറന്ന ബോട്ടിലിനും ഇടയില്‍ രണ്ട് മൂന്ന് പേര്‍... എന്തോ ഈദ് മുബാറക്ക് പറയാതെ തിരിച്ച് നടന്നു.

അതേ അഗ്രജന്‍... റമദാനോട് വിടപറയുമ്പോള്‍ മനസ്സിന് വല്ലാത്ത ഭാരമായിരുന്നു. ഈദിന്റെ പ്രഭാതത്തില്‍ മസ്ജിദിലിരുന്നപ്പോള്‍ മനസ്സ് തേങ്ങി. ജീവിതത്തിന്റെ ഭാഗമായ ആ അതിഥി വിടപറഞ്ഞ നൊമ്പരം... ശരിക്കും കണ്ണ് നനയുണ്ടായിരുന്നു.

പാച്ചു വളരട്ടേ... അറിഞ്ഞും പറഞ്ഞും ചിരിച്ചും ചിന്തിച്ചും...

11:25 AM
സു | Su said...
എന്റെ പേര് എവിടേം പറഞ്ഞില്ല.;)

എന്നാലും കൊച്ചുകൊച്ചുസന്തോഷങ്ങള്‍ നന്നായി. അടുത്ത പെരുന്നാളിനു ഞങ്ങളും വരാം.

11:32 AM
കുറുമാന്‍ said...
അഗ്രജോ, അതു ശരി, താങ്കളും, തറവാടികുടുംബവും ഒരു ബ്ലോഗേഴ്സ് മീറ്റ് നടത്തിയല്ലെ. എന്നാ ദാ, ആ കുറുമാനേം, കുടുംബത്തേം വിളിച്ച് ഒരു പ്ലേറ്റ് ബിരിയാണി കൊടുക്കാം എന്നു തോന്നിയോ നിങ്ങള്‍ക്ക്. വെരി സെല്‍ഫിഷ്, നോര്‍മല്‍ ഫിഷ്, ഐക്കൂറ, ആവോലി, ബ്രാല് അഥവാ കണ്ണന്‍, കരുപ്പിടി, ചെമ്മീന്‍ - ഞാന്‍ ഓടി

12:08 PM
കുട്ടന്മേനൊന്‍ | KM said...
ആഴ്ചക്കുറിപ്പ് നന്നായി..
(ഒടോ: ഉപ്പാടെ പൊറത്താന കളിച്ചിട്ടെത്ത്ര നാളായീ.. ഉപ്പാടെ പൊറം ഒരു ഒന്നൊന്നര പൊറമാണല്ലേ..)

12:11 PM
പടിപ്പുര said...
ഉത്സവങ്ങള്‍ക്കായുള്ള കാത്തിരിപ്പിനാണ്‌ സുഖം.
അഗ്രൂ, ഇനി അടുത്ത പെരുന്നാളിന്നായി കാത്തിരിക്കുക.

12:29 PM
വല്യമ്മായി said...
അഗ്രജോ,ഇത്രയ്ക്കു വേണമായിരുന്നോ,

ഒരേ ചിന്താഗതിയുള്ളവരെ കണ്ടുമുട്ടുമ്പോള്‍ അതൊരുപാടു കാലത്തിന്‍റെ പരിചിതത്വം തോന്നിപ്പിക്കുന്നു. 100% ശരി.

ദില്ബുവിനെ കണ്ടപ്പോഴും ഞങ്ങള്ക്കു തോന്നിയത്,ഈ പയ്യനെന്തിനാ അസുരന്‍ എന്നൊക്കെ പേരിട്ടിരിക്കുന്നതെന്ന്.

ഈ പെരുന്നാള്‍ എനിയ്ക്കും പ്രത്യേകത നിറഞ്ഞതായിരുന്നു,അതിനെ പറ്റി ഒരു പോസ്റ്റ് അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുന്നു.

ഇനി അടുത്ത ഇടിച്ചു കയറല്‍ മിക്കവാറും കരാമ സെന്ററിലേയ്ക്കായിരിക്കും.ജാഗ്രതൈ

12:30 PM
മിന്നാമിനുങ്ങ്‌ said...
ആഴ്ചക്കുറിപ്പുകള്‍ നന്നായിരിക്കുന്നു,അഗ്രജാ
പെരുന്നാളിന്റെ മാധുര്യത്തിനിടയിലും കൊഴിഞ്ഞുപോകുന്ന റമദാനിനെ
കണ്ണീരോടെ യാത്രയയക്കുമ്പോള്‍ ഉള്ളം പിടയും.സുകൃതങ്ങള്‍ മാത്രം സമ്മാനിച്ച്‌ കടന്നുപോകുന്ന ഈ അതിഥി പതിനൊന്നുമാസത്തിനു ശേഷം തിരിച്ചെത്തുമ്പോള്‍ ആരൊക്കെ ബാക്കിയുണ്ടാകുമെന്നാര്‍ക്കറിയാം?

ബ്ലോഗിലെ സൗഹൃദങ്ങള്‍ നിറം മങ്ങാതിരിക്കട്ടെ,എന്നുമെക്കാലെത്തും
പാച്ചു വളരട്ടെ,എല്ലാം കണ്ടും കണ്ടറിഞ്ഞും പിറകെ വരുന്നവര്‍ക്ക്‌ മാതൃകയായും..

1:09 PM
ദില്‍ബാസുരന്‍ said...
എന്റെ വല്ല്യമ്മായീ,
എന്നെ അന്ന് കണ്ടതിന് ശേഷം തറവാടി പറഞ്ഞു ഞാന്‍ പ്രതീക്ഷിച്ചതിലും നല്ല ഒരു വ്യക്തിയാണ് താങ്കള്‍ എന്ന്. എന്റെ മാനം പോയില്ലേ? അസുരന്‍ എന്ന് പേരിട്ടു എന്ന് വെച്ച് സ്വഭാവം നരകാസുരന്റെ പോലാവണമെന്നുണ്ടോ?(അഛനാണ് എന്നെ ദില്‍ബാസുരന്‍ എന്ന് വിളിച്ചത്. എന്തെങ്കിലും കാണാതെ അഛന്‍ അങ്ങനെ വിളിക്ക്യോ?) :-)

അഗ്രജേട്ടാ,
കുറിപ്പുകള്‍ കലക്കുന്നുണ്ട്. നമ്മളും മീറ്റും ഉടന്‍! :-)

1:21 PM
ദില്‍ബാസുരന്‍ said...
This post has been removed by a blog administrator.
1:39 PM
ഇത്തിരിവെട്ടം© said...
ദില്‍ബാ കയ്യിലിരുപ്പ് വല്ല്യമ്മായിക്കറിയില്ലല്ലോ... അച്ഛനല്ലേ അറിയൂ... നീ ക്ഷമി.

1:43 PM
കലേഷ്‌ | kalesh said...
നന്നായിട്ടുണ്ട് !
നൊസ്റ്റാള്‍ജിക്ക്!

2:40 PM
അഗ്രജന്‍ said...
ഹി ഹി... ഞാന്‍ 27 തവണ കുളിക്കുന്നുണ്ട് നിക്കേ... സോപ്പ് ജീവായാണ് :)

അരവിശിവ: നന്ദി :)

ഇത്തിരി: ശരിയാണ്... ഞാനെന്തേ മൈലാഞ്ചിയുടെ കാര്യം വിട്ടു പോയത്. അതിന്‍റെ ഒറിജിനല്‍ ഒന്ന് വേറെതന്നെ. ഞാന്‍ താമസിക്കുന്ന ബില്‍ഡിംഗിന് താഴേ രണ്ട് ബ്യൂട്ടിപാര്‍ലറുകളുണ്ട്. എന്നും മൈലാഞ്ചിയിട്ട അറബിപെണ്ണുങ്ങള്‍ പോകുമ്പോള്‍ ഏതോ കെമിക്കലിന്‍റെ മണം മൂക്കിലേക്കടിച്ചു കയറും.

ഒ.ടോ> ദൈവമേ ദില്‍ബൂന്‍റെ വിളി ഇപ്പോ വരൂലോ :)

സൂ: സത്യായിട്ടും ഞാന്‍ നേരില്‍ കണ്ടവരേയും ഫോണില്‍ സംസാരിച്ചവരേയും ഉള്‍പ്പെടുത്തിയതാണ്. അടുത്ത നാട്ടില്‍ വരവിന് ശേഷം ‘സൂ’വിനേയും ഉള്‍പ്പെടുത്തുന്നതാണ് :) - (ഇന്‍ഷാ അള്ളാ).

കുറുജി: ജബല്‍ അലിയില്‍ നിന്നും വയറു നിറയെ ബിരിയാണിയും വെട്ടിവിഴുങ്ങിയിട്ടാണ് അവര്‍ വന്നത്.

പരസ്പരം വാളെടുത്ത് വീശല്‍ മാത്രമാണവിടെ നടന്നത് :)

അവര്‍ പോയപ്പോള്‍ ഭാര്യയുടെ ചോദ്യം ഇതായിരുന്നു... ‘അതു ശരി ഇക്ക അപ്പോ കത്തിവെക്കാന്‍ മിടുക്കനാണല്ലേ’ എന്നായിരുന്നു :)

കുട്ടന്മേന്ന്നേ: ഹി... ഹി ആനക്കോട്ടക്കടുത്തായതോണ്ടാവും അങ്ങിനെ :)

പടിപ്പുര: നന്ദി :)

വല്യമ്മായി: സത്യത്തില്‍ പറയാനുള്ളത് മുഴുവനും പറഞ്ഞില്ല... കൂടുതല്‍ പറഞ്ഞാല്‍ കാശ് വാങ്ങിച്ചാണ് എഴുതണ്ന്ന് മറ്റുള്ളോര്‍ക്ക് മനസ്സിലാകും :)

കറാമ സെന്‍ററിലേക്കുള്ള ഇടിച്ചു കയറ്റത്തില്‍ ഞങ്ങളേയും കൂടെക്കൂട്ടാന്‍‍ മറക്കല്ലേ.

മിന്നാമിനുങ്ങ്: ശരിയാണ്... ആര്‍ക്കറിയമല്ലേ ആരൊക്കെ കാണുമെന്ന്!

ദില്‍ബു: ഇന്ദ്രപ്രസ്ത്ഥത്തിലേക്ക് ഈ അസുരനെപ്പോഴും സ്വാഗതം.

വരുന്നതിന് മുമ്പൊന്ന് വിളിച്ചു പറയണേ... എവിടേക്കേങ്കിലും വിരുന്നു പോവാനാ :)

ഇത്തിരി: :)

കലേഷ്: നന്ദി :)

വായിച്ചവര്‍ക്കും കമന്‍റിയവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

4:26 PM
സുല്‍ | Sul said...
അഗ്രൂ, ആഴ്ചക്കുറിപ്പു നന്നായി. അപ്പൊ കാണാം.

10:00 AM
Kiranz..!! said...
അഗ്രാ...ആഴ്ച്കക്കുറിപ്പ് നന്നായിരിക്കുന്നു..വേണുഗൊപാലിന്റെ “കണ്ടോ..കണ്ടോ..കടല് “ ഒത്തിരി കുഞ്ഞിച്ചെക്കന്മാര്‍ക്ക് ഇഷ്ടമാവുന്നുണ്ട്..!

10:24 AM