Monday, December 24, 2007

നാല്പത്തിയാറ്

അങ്ങനെ നാല്പത്തിയഞ്ച് ദിവസത്തെ അവധിക്ക് ശേഷം തിരിച്ചെത്തിയിട്ടിന്നേക്ക് ഒരു മാസം കഴിഞ്ഞു. നല്ലവരായ വായനക്കാരുടെ മനസ്സമാധാനം നിറഞ്ഞ എഴുപത്തി അഞ്ച് ദിവസങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട് ഞാന്‍ നാടന്‍ വിശേഷങ്ങളോടെ ആഴ്ചക്കുറിപ്പുകള്‍ പുനരാരംഭിക്കുന്നു.

മനോഹരമായിരുന്നു അവധിക്കാലം... തകര്‍ത്ത് പെയ്ത തുലാവര്‍ഷവും വൃശ്ചിക കാറ്റിന്‍റെ ഇളംകുളിരും തണുത്ത രാത്രികളും നേര്‍ത്ത മഞ്ഞ് മൂടിയ പുലരികളും... നിറഞ്ഞ പച്ചപ്പുകളും... ശരിക്കും മനസ്സ് നിറഞ്ഞ അവധിക്കാലം. ആഗ്രഹിച്ചതും വിചാരിച്ചതുമായ പലതും നടന്നു, പലതും നടന്നില്ല... എന്നാലോ പ്രതീക്ഷിക്കാത്ത ചിലതെല്ലാം നടന്നു.

ഹര്‍ത്താല്‍
കുന്നോളം മോഹിക്കൂ... എന്നാലേ കുന്നിക്കുരുവോളം ലഭിക്കൂ... എന്നല്ലേ!
ഒരുപാട് ഹര്‍ത്താല്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ആകെ ഒരെണ്ണമേ തരപ്പെട്ടുള്ളൂ. എന്തായാലും ജനങ്ങളൊക്കെ നല്ല സഹകരണം. എന്‍റെ ഗ്രാമത്തിലെ മുറുക്കാന്‍ കടകള്‍ വരെ അടഞ്ഞ് തന്നെ കിടന്നു. അടച്ചിട്ട കടകള്‍ക്ക് മുന്നിലൂടെ, വിജനമായ റോഡിലൂടെ കൂട്ടുകാരനുമൊത്ത് നടക്കാന്‍ നല്ല രസമായിരുന്നു.

പനി
പനികളില്‍ സുന്ദരന്‍ ഗുനിയാ... ഗുനിയാ... അതെ പനികളില്‍ മുഖ്യമായും ‘ചിക്കന്‍ ഗൂനിയ’ തന്നെയാണ് മുന്നിട്ട് നിന്നത്. ചിലര്‍ക്ക് ചെറിയ രീതിയില്‍ സന്ധിവേദനകളുമായി അവസാനിക്കുമ്പോള്‍ ചിലര്‍ക്കത് മാസങ്ങള്‍ നീണ്ട് നില്‍ക്കുന്ന വേദന സമ്മാനിക്കുന്നു. ചുറ്റുവട്ടത്തൊക്കെ അവന്‍ വിരുന്നെത്തിയിരുന്നു. നാട്ടുകാര്‍ക്കിപ്പോള്‍ പനി എന്നത് നിസ്സാരമാണ് എന്നതിലുപരി തമാശയ്ക്കുള്ള വിഷയം കൂടെയാണ്. പറമ്പില്‍ നിറഞ്ഞ് നില്‍ക്കുന്ന പുല്ലും ചെടികളും വെട്ടിത്തെളിക്കാനോ പറമ്പുകള്‍ വേണ്ട വിധം പരിപാലിക്കാനോ ജനത്തിന് സമയമില്ലാത്തോണ്ട് തന്നെ കൊതുകുകള്‍ പ്രജനന പ്രക്രിയ നിര്‍ബാധം തുടരുന്നു. ചില കൊതുകുകളുടെ കുത്ത് കിട്ടുമ്പോള്‍ തോന്നും ‘ഓ... ഇവന്‍ ഗുനിയ തന്ന മട്ടുണ്ട്...’. പണ്ടത്തെ കൊതുകുകളൊക്കെ ആട്ടിയോടിച്ചാല്‍ പോവുമായിരുന്നെങ്കില്‍ ഇപ്പഴത്തെ ഇനമൊക്കെ ചാവേര്‍ ടൈപ്പുകളാണ്. തല്ല് കിട്ടിയാലും വേണ്ടില്ല... ചോര കുടിച്ചേ ചാവൂ എന്ന് നിയ്യത്ത് വെച്ചിറങ്ങിയിരിക്കുകയാണ് - ദുഷ്ടന്മാര്‍!

കച്ചോടക്കാര്‍
ബ്രോക്കര്‍ എന്നാല്‍ കല്യാണ ദല്ലാള്‍ എന്ന ചിത്രം മുന്നില്‍ വന്നിരുന്ന കാലം മാറി. പറമ്പ് കച്ചോടക്കാരെ തട്ടി നടക്കാന്‍ വയ്യാത്ത സ്ഥിതിവിശേഷമാണിപ്പോള്‍. എല്ലാവരും കയ്യില്‍ ഇഷ്ടം പോലെ ‘പാര്‍ട്ടി’കളേയും വെച്ചാണ് ഉറക്കമെഴുന്നേല്‍ക്കുന്നത് തന്നെ. വില്‍ക്കുന്നവനും വാങ്ങുന്നവനും ഇടയില്‍ ബ്രോക്കര്‍/ ഉപബ്രോക്കര്‍മാര്‍ അഞ്ചാറ് പേരെങ്കിലും കാണും - എല്ലാവരുടേയും കമ്മീഷന്‍ വകയില്‍ നല്ല്ലൊരു തുകയും!

പുതുരക്തം!
പണ്ടത്തെ പോലെ തൊഴിലൊന്നുമില്ലാതെ കറങ്ങി നടക്കുന്ന ചെറുപ്പക്കാരെ കാണാന്‍ തന്നെ പ്രയാസം! എന്തെങ്കിലും തൊഴിലുകളില്‍ വ്യാപൃതരാണ് മിക്കവാറെല്ലാം ചെറുപ്പക്കാരും. മൊബൈല്‍, കേബിള്‍ കണക്ഷന്‍, റെന്‍റ് എ കാര്‍, ഭൂമികച്ചവടം... തുടങ്ങി പലവിധത്തിലും തരക്കേടില്ലാത്ത വരുമാനമുണ്ടാക്കാന്‍ മിടുക്കന്മാരാണെല്ലാവരും - അടിച്ച് പൊളിച്ച് ചിലവഴിക്കുന്ന കാര്യത്തിലും അതേ മിടുക്ക് തന്നെ കാണിക്കുന്നു!

എയര്‍ ഇന്ത്യാ എക്സ്പ്രസ്സ്
യാത്രക്കാരുടെ മേലിട്ട് തന്നെ പരിശീലനം കൊടുക്കണം എന്നത് എയര്‍ ഇന്ത്യയുടെ നിര്‍ബ്ബന്ധമാണെന്ന് തോന്നുന്നു. ചെക്ക് ഇന്‍ കൌണ്ടറില്‍ ഇരിക്കുന്നവന്‍ ശരിക്കും പരിശീലിക്കുക തന്നെയായിരുന്നു. ഒരോ ടിക്കറ്റുകളുമായി ചുള്ളന്‍ മറ്റുള്ളവരുടെ അടുത്ത് പോയി സംശയനിവാരണം നടത്തിക്കൊണ്ടിരുന്നു. ട്രയിനിംഗ് പൂര്‍ത്തികരിച്ചവരെ പോരെ ഡ്യൂട്ടിയിലിടുന്നത്? ഈ ചോദ്യത്തിന് മറുപടി അവിടെ നിന്ന് തന്നെ കിട്ടി... നീങ്ങാത്ത വരിയില്‍ നിന്ന് വട്ട് കയറിയ ഒരുത്തന്‍ അപ്പുറത്തെ കൌണ്ടറില്‍ ചെന്ന് ചൂടായി... അവിടുത്തെ ചേട്ടന്‍ വളരെ സൌമ്യമായി പറഞ്ഞു...
‘എയര്‍ ഇന്ത്യാ എക്സ്പ്രസ്സല്ലേ... ഇങ്ങനൊക്കെ തന്നെയേ കാണൂ...’
ചൂടായ ചേട്ടനും വിട്ട് കൊടുത്തില്ല... അത്യാവശ്യം ഉറക്കെ തന്നെ പറഞ്ഞു...
‘ഡ്യൂട്ടീം കഴിഞ്ഞ് അന്‍പത് പൈസേടെ ടിക്കറ്റും എടുത്ത് കേറുന്ന ബസ്സെങ്ങാനം ലേറ്റായാല്‍ ബസ്സുകാരന്‍റെ കുടുമത്തിരിക്കുന്നവരെയെല്ലാം തെറിവിളിക്കുന്നവന്മാരാ... ഇവിടിരുന്ന് ഡയലോഗടിക്കുന്നത്...’

ബ്ലോഗേര്‍സ് വിവാഹം
ഇക്കാസ് - ജാസുട്ടി വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതാണ് മറ്റൊരു സന്തോഷം. ബ്ലോഗ് എന്ന മാധ്യമം വഴി ലഭിച്ച പരിചയങ്ങളുടെ ആഴവും പരപ്പും അപാരം തന്നെ. അധികം സമയം അവിടെ ചിലവഴിക്കാനിയില്ലെങ്കിലും വരികളിലൂടെ അറിയുന്ന ഒത്തിരി പേരെ നേരിട്ട് പരിചയപ്പെടാന്‍ കഴിഞ്ഞു... വില്ലൂസ്, കുമാര്‍, അന്‍വര്‍, തഥാഗതന്‍, പൊന്നമ്പലം, ഉമേച്ചി, പച്ചാളം, മെലോഡിയസ്, മുല്ലപ്പൂ, വരയന്‍പുലി സജീവ്ജി... പിന്നെ... തുളസി... ബ്ലോഗിംങ്ങ് തുടങ്ങിയ കാലം മുതലേ നേരിട്ടറിയുന്ന കലേഷ്... പിന്നെ സിയയുടെ ഉമ്മ, ഭാര്യ, അനുജന്‍ എന്നിവരേയും അവിടെ വെച്ച് പരിചയപ്പെടാന്‍ കഴിഞ്ഞു... ബ്ലോഗര്‍മാര്‍ തമ്മിലുള്ള അടുപ്പം കുടുംബാംഗങ്ങളിലേക്കും വ്യാപിക്കുന്നു. ഇനിയും കുറച്ച് പേര്‍ കൂടെയുണ്ട്... പക്ഷെ പേരുകള്‍ ഓര്‍മ്മയില്‍ വരുന്നില്ല... വിട്ട് പോയവര്‍ ക്ഷമിക്കുക... എല്ലാവരേയും നേരിട്ട് കാണാന്‍ കഴിഞ്ഞത് വളരെ സന്തോഷം പകര്‍ന്ന അനുഭവമായിരുന്നു.

ഓണ്‍ലൈനില്‍ ദ്വയവ്യക്തിത്വങ്ങള്‍ കാണും എന്നതാണ് പൊതുവെ പറഞ്ഞ് വരുന്ന ഒരു കാര്യം. ശരി തന്നെയാണ്... കാണപ്പെടാത്ത മുഖങ്ങള്‍ക്ക് മുന്നില്‍ എങ്ങിനെ വേണമെങ്കിലും പെരുമാറാം... പക്ഷെ, അടിസ്ഥാനപരമായി ദ്വയവ്യക്തിത്വം അന്തര്‍ലീനമായി കിടക്കുന്ന ഒരാളില്‍ നിന്ന് മാത്രമേ അങ്ങിനെയൊരു പെരുമാറ്റം ഉരുത്തിരിയുകയുള്ളൂ... പറഞ്ഞ് വന്നതെന്തെന്ന് വെച്ചാല്‍ ഒരാളുടെ ഓണ്‍ലൈന്‍ വ്യക്തിത്വം എന്നത് ആ വ്യക്തിയുടെ അടിസ്ഥാന സ്വഭാവവിശേഷങ്ങളുടെ ആകെത്തുക തന്നെയാണ് എന്ന് സൂചിപ്പിക്കുകയായിരുന്നു.

ഇക്കാസ് - ജാസുട്ടി വിവാഹം എന്നത് ബ്ലോഗ് സമൂഹത്തിലെ ഭൂരിഭാഗം ആഘോഷപൂര്‍വ്വം കൊണ്ടാടിയ ഒരു സംഭവം തന്നെയായിരുന്നു. മലയാളം ബ്ലോഗര്‍മാര്‍ തമ്മിലുള്ള ആദ്യവിവാഹം എന്നതിലുപരി ബ്ലോഗില്‍ കുറേ കാലങ്ങളായി സജീവമായി നിറഞ്ഞ് നിന്നിരുന്നവര്‍ എന്ന പ്രത്യേകത കൂടിയുണ്ട്. സാധാരണഗതിയില്‍ പിണക്കങ്ങളും വഴക്കുകളും എല്ലാം മാറ്റിവെച്ച് സൌഹൃദങ്ങളും അടുപ്പങ്ങളും പുനഃസ്ഥാപിക്കപ്പെടുന്ന അവസരങ്ങളാണ് വിവാഹം പോലുള്ള സന്തോഷവേളകള്‍‍. പക്ഷെ, ഇവിടെ ഈ ബ്ലോഗ് സമൂഹത്തില്‍ നേരെ മറിച്ചാണ് സംഭവിച്ച് കണ്ടത്. ഒരു വിഭാഗം അല്ലെങ്കില്‍ കുറച്ച് പേര്‍ ഈയൊരു കാര്യത്തില്‍ ഒരു ആശംസ പോലും അറിയിക്കാന്‍ മെനക്കെടാതെ മനഃപ്പൂര്‍വ്വമായ മസിലുപിടുത്തം പ്രകടിപ്പിച്ചതായി കണ്ടു. ബ്ലോഗിങ്ങ് എന്നാല്‍ ആശംസയും ആദരാജ്ഞലിയും അഭിനന്ദനങ്ങളും ഒന്നുമല്ലെന്ന് നടിക്കുന്നവര്‍ ഒരുകാലത്ത് ഇതിന്‍റെയെല്ലാം വാക്താക്കളായിരുന്നു എന്നതാണ് ഏറ്റവും രസകരമായ വസ്തുത... ബ്ലോഗറായിക്കഴിഞ്ഞാല്‍ മാനുഷീകമായ പരിഗണനകളൊന്നും പാടില്ലെന്ന് പറഞ്ഞത് ഏത് മഹാനാണാവോ! എന്തായാലും എല്ലാ തിരിച്ചറിവുകളും നല്ലതിനായിരിക്കട്ടെ!

പാച്ചുവിന്‍റെ ലോകം
പാച്ചു വളരെ പെട്ടെന്ന് തന്നെ നാടുമായും നാടന്‍ ചുറ്റുപാടുകളുമായും ഇണങ്ങിച്ചേര്‍ന്നു. നാട്ടിലെത്തിയതിന്‍റെ പിറ്റേ ദിവസം തന്നെ ഇനി തിരിച്ച് ഷാര്‍ജയിലേക്ക് പോവേണ്ട എന്ന നിലപാടില്‍ അവളെത്തിക്കഴിഞ്ഞിരുന്നു. സംശയങ്ങളുടെ മാലപ്പടക്കം തീര്‍ത്ത് അവള്‍ എന്നേയും ഉപ്പുപ്പാനേയും കൊച്ചുപ്പമാരേയും വലച്ചു...

പരസ്യത്തിന്‍റെ സ്വാധീനമാവാം ആദ്യദിവസം തന്നെ അയവിറക്കുന്ന പശുവിനെ നോക്കി അവള്‍ ചോദിച്ചു...
‘പശുവെന്തിനാ ച്യൂയിംഗം തിന്നുന്നത്...’

കുറച്ച് നാളുകള്‍ കൂടെ മോള്‍ നാടിന്‍റെ നന്മയും ഉറ്റവരുടേയും ഉടയവരുടേയും സ്നേഹവും അനുഭവിക്കട്ടെ എന്ന ചിന്തയിലാണ് ഞാന്‍ തനിയെ തിരിച്ചത്... എയര്‍പോര്‍ട്ടിലെത്തും വരേയും മോളും കരുതിയിരുന്നില്ല... ഞാന്‍ അവളെ കൂട്ടാതെ പോരും എന്നുള്ളത്... ബോഡിംഗ് പാസ്സ് എടുത്ത് തിരിച്ച് വന്നപ്പോഴാണ് അവളുടെ സങ്കടവും കരച്ചിലും... ഇപ്പോള്‍ കളികളില്‍ വ്യാപൃതയാണെങ്കിലും ഉപ്പാനെ കാണാത്ത വിഷമം ഇടയ്ക്കിടെ തികട്ടിവരുന്നുണ്ട്...

ഇവിടെ പെരുന്നാള്‍ ആഘോഷിച്ച ദിവസം പാച്ചു പുതിയ ഡ്രസ്സ് ഇടണം എന്ന് നിര്‍ബ്ബന്ധം പിടിച്ചത്രേ... അതിന് പറഞ്ഞ കാരണം...

‘...ന്‍റെ ഉപ്പാക്ക് ഇന്നാണ് പെരുന്നാള്... അപ്പോ പാച്ചൂനും ഇന്നാണ് പെരുന്നാള്...’ എന്നായിരുന്നു!

21 comments:

അപ്പു said...

കിടക്കട്ടെ തേങ്ങയൊരെണ്ണം!

പണ്ടാറടങ്ങാന്‍, വീണ്ടും ആഴ്ച്ചക്കുറിപ്പു തുടങ്ങീല്ലോ. പാച്ചു വിന്റെ ചൂയിംഗമാണ് നന്നെ പിടിച്ചത്.

ഏറനാടന്‍ said...

ആഴ്ചക്കുറിപ്പ് കൊള്ളാം. ബ്ലോഗ് വിവാഹ ബൂലോഗരുടെ ലിസറ്റില്‍ എന്റെ പേര്‍ വിട്ടുപോയല്ലേ... ഞാനും വന്നതാണല്ലോ, നേരില്‍ കാണാന്‍ കിട്ടുന്നേനും മുന്‍പ് അഗ്രജകുടുംബം മുങ്ങിയതായിരുന്നില്ലേ...

::സിയ↔Ziya said...

ആഴ്‌ച്ചക്കുറിപ്പുകള്‍ വീണ്ടും കണ്ടതില്‍ സന്തോഷം.
നാട്ടില്‍ പോയതിനാലാവാം, കുറിപ്പുകള്‍ക്ക് ഒരു ഉര്‍വ്വരത!
ന്റെ ഫാമിലീനെ ഒക്കെ കണ്ടെന്നറിഞ്ഞതില്‍ തന്തോയം :)
പാച്ചു മോള്‍ടെ ചോദ്യം അസ്സലായി!
കുറേക്കാലം കൂടി മോളു നാട്ടില്‍ നില്‍ക്കട്ടെ, മിടുക്കിയാവട്ടെ :)

Cartoonist said...

അഗ്രേ പശ്യാമി

... ന്ന്വച്ചാല്‍ എന്താ ? എന്തെങ്കില്വാവട്ടെ .

സംഗതി രസ്സായി. പിന്നെ, ഇക്കാസിന്റെ ആശംസാബ്ലോഗില്‍ ചില അസാന്നിദ്ധ്യങ്ങള്‍ തോന്നിയിരുന്നു. ഞാന്‍ കൂടുതല്‍ തേടാന്‍ പോയില്ല.

കമന്റ് കൊണ്ടും കൊടൂത്തും അങ്ങനെകഴിയ്യ്‌വ എന്നതില്‍ക്കവിഞ്ഞൊന്നും ഒരു സുഖോം ഈ ബ്ലോഗിനി തരുംന്ന് പ്രതീക്ഷിയ്ക്കണീല്യ ഞാനിപ്പൊ. ഈ വിഷയത്തെ ആസ്പദമാക്കി ‘സ്മൈലിസ്സുഖം’ എന്നൊരു ഖണ്ഡകാവ്യത്തിന്റെ പണിപ്പുരയിലാണു ഞാന്‍. മാസങ്ങളായി.

ആശംസകള്‍, എനിക്കും അഗ്രുവിനും.

സുല്‍ |Sul said...

101 പേരൊപ്പിട്ട ഹര്‍ജി കയ്യില്‍ കിട്ടിയോ, ഈ കാപിറ്റല്‍ പണിഷ്മെന്റ് വീണ്ടും ഞങ്ങളെ തേടിയെത്താന്‍?

നന്നായിരിiകുന്നു നാടിന്റെ ചിന്തകള്‍!

--സുല്‍

പ്രയാസി said...

ഇങ്ങനൊരു സംഭവം ഉണ്ടായിരുന്നല്ലെ.. കൊള്ളാം രസികന്‍ വിവരണം..:)

sathees makkoth | സതീശ് മാക്കോത്ത് said...

സംഭവ ബഹുലമായിരുന്നല്ലോ നാട്ടിലെ ജീവിതം. കുറിപ്പുകള്‍ നന്നായി.

SAJAN | സാജന്‍ said...

അപ്പൊ തല്‍‌ക്കാലം പാച്ചൂന്റെ ലോകം മുടങ്ങും അല്ലേ? സാരമില്ല, പാച്ചു നാട്ടില്‍ നിന്ന് വര്‍ത്തമാനത്തിനു ഗ്രാജ്വേറ്റ് ചെയ്യട്ടെ:)
പിന്നെ പതിവു പോലെ ആഴ്ചക്കുറിപ്പുകള്‍ മെച്ചമായി വരുന്നുണ്ട്!
കീപിറ്റപ്പ്:)

SAJAN | സാജന്‍ said...

അപ്പൊ തല്‍‌ക്കാലം പാച്ചൂന്റെ ലോകം മുടങ്ങും അല്ലേ? സാരമില്ല, പാച്ചു നാട്ടില്‍ നിന്ന് വര്‍ത്തമാനത്തിനു ഗ്രാജ്വേറ്റ് ചെയ്യട്ടെ:)
പിന്നെ പതിവു പോലെ ആഴ്ചക്കുറിപ്പുകള്‍ മെച്ചമായി വരുന്നുണ്ട്!
കീപിറ്റപ്പ്:)

കുട്ടന്മേനോന്‍ said...

അപ്പൊ പൂര്‍വ്വാധികം ശക്തിയോടെയുള്ള ഈ തിരിച്ചുവരവു കൊള്ളാം. അവധിവിശേഷങള്‍ ഹര്‍ത്താലിലും പനിയിലും ഒതുക്കികളഞ്ഞുവല്ലേ.
(ഓടോ : അഗ്രേ പശ്യാമി .. എന്നു പറഞ്ഞാല്‍ തുമ്പത്ത് പശു എന്നര്‍ത്ഥം. :) സംസ്കൃതം നമുക്കും അറിയാം ട്ടോ..)

ബയാന്‍ said...

ഇനി അടുത്ത അ വ ധി എന്നാ..?

രാജന്‍ വെങ്ങര said...

നിറഞ്ഞ സന്തോഷത്തോടെ....അഗ്രചവാചകങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നു.

കൂട്ടുകാരന്‍ said...

വിവരണം നന്നായി..;)

പാച്ചുവിന്റെ സംശയം കലക്കി,,

തറവാടി said...

അഗ്രജന്‍ ,

ആശ്ചക്കുറിപ്പിനെക്കുറിച്ച് ' നോ കമന്‍‌സ് :) '
ഇതില്‍ പറഞ്ഞ ഒരു വിഷയത്തെക്കുറിച്ചുമാത്രം പറയാം ,

ഇക്കാസ് എന്ന ബ്ലോഗറുടെ കല്യാണത്തില്‍ പങ്കെടുക്കാത്തവര്‍ ,ഞങ്ങള്‍ , സീനിയേഴ്സായവര്‍ മാത്രമാണ്.
ഞങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ പങ്കെടുക്കും അതൊക്കെ ഇവിടെ പറയേണ്ടതുണ്ടോ?

ബ്ലോഗ്ഗിങ്ങ് എന്തെന്ന് നിങ്ങളെ പഠിപ്പിച്ചവരല്ലെ ഞങ്ങള്‍ മാത്രമല്ല നിങ്ങളെയൊക്കെ മലയാളം കൂട്ടി എഴുതാനും വായിക്കാനും പഠിപ്പിച്ച ഞങ്ങളുടെ നെഞ്ചത്തുതന്നെവേണോ ഈ കുതിരകളി?

വല്ലാതെ കളിക്കല്ലെ അഗ്രജാ , ഞങ്ങള്‍ ചിലര്‍ വിചാരിച്ചാല്‍ നിന്‍‌റ്റെ ബ്ലോഗ് പൂട്ടാന്‍ പറ്റുമെന്നത് മറക്കരുത് മാത്രമല്ല പിന്നെ നീയൊക്കെ എങ്ങിനെ മലയാളം ടൈപ്പുമെന്ന് ഒന്ന് കാണണം.

പൊതുവാള് said...

അഗ്രുവേ:)

വീണ്ടും വീക്ക്‍ലി വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങിയല്ലേ?.

നന്നായിട്ടുണ്ട്.


ഓട്ടോക്കമന്റുകള്‍ക്ക് കമന്റില്ല....:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇങ്ങനൊരെണ്ണം ഉള്ളത് അറിഞ്ഞിരുന്നില്ല. ഇനിയെന്നും വരാം

നാട്ടുവിശേഷങ്ങള്‍ നന്നായി.

ദില്‍ബാസുരന്‍ said...

ഓ ലാന്റായി അല്ലെ? :-)

(കുറച്ച് കാലമായി സമാധാനമുണ്ടായിരുന്നു)

ഓടോ: ബ്ലോഗില്‍ കല്ല്യാണമോ? ഈ പുതിയ ബ്ലോഗേഴ്സിന്റെ ഒക്കെ ഒരു കാര്യം.. ഞാന്‍ ഈയിടെയായി കസാന്ദ്സാക്കീസിന്റെ ‘ഗബ്രിയേലിന്റെ കറ്റാര്‍വാഴ‘ എന്ന സ്പാനിഷ് നോവല്‍ നിരൂപണത്തിലായിരുന്നു. ഈ ചീപ്പ് ബ്ലഡി മല്ലു ബ്ലോഗ്സ് നോക്കാനൊന്നും ടൈം കിട്ടാറില്ല. പോട്ടെ. :-)

ഏ.ആര്‍. നജീം said...

അങ്ങിനെ വീണ്ടും തുടങ്ങിയല്ലേ, അടിപൊളി ..നടക്കട്ടെ...

പാച്ചുകഥകള്‍ മുടങ്ങുന്നതെന്തിനാ ആഴ്ചയാഴ്ച ഫോണ്‍ ചെയ്യുമ്പോള്‍ പാച്ചു ചോദിക്കുന്നതില്‍ കാണുമെന്നെ വല്ലതും ഒക്കെ..അതങ്ങട് പകര്‍ത്തുക തന്നെ :)

ആശംസകള്‍..

ആഷ | Asha said...

വീണ്ടും ആഴ്ചക്കുറിപ്പുകള്‍ (വീണ്ടും ലിസ എന്നു പറയണ ഇഫക്റ്റില്‍ അല്ല കേട്ടോ)

അങ്ങനെ നാട്ടില്‍ ചുറ്റികറങ്ങി കല്യാണത്തിനൊക്കെ കൂടി തിരികെയെത്തിയല്ലേ.

വിശേഷങ്ങളൊക്കെ കൊള്ളാട്ടോ

sandoz said...

അത് ശരി..അഗ്രുക്ക പിന്നേം തൊടങിയാ....
[ഒരു സംശയം...മലയാളത്തില്‍ ബ്ലോഗ്ഗിങ് ഉണ്ടോ....]

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പാച്ചൂ‍നെ മിസ് ചെയ്യും... ഞങ്ങളും... :(