Monday, August 6, 2007

മുപ്പത്തിയെട്ട് (വാര്‍ഷീക പോസ്റ്റ്)

പിന്നിട്ട ഒരു വര്‍ഷം...
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് അഞ്ചിനായിരുന്നു ‘ആഗമന വിളംബരം’ എന്ന തലക്കെട്ടോട് കൂടി ബ്ലോഗില്‍ ഞാന്‍ ആദ്യ പോസ്റ്റിട്ടതും ബ്ലോഗുമായുള്ള എന്‍റെ ബന്ധം ആരംഭിച്ചതും. മലയാളത്തെ സ്നേഹിക്കുന്നവര്‍ ഒത്തുചേരുന്ന ഒരു സമൂഹത്തില്‍ അംഗമാവാന്‍ കഴിഞ്ഞതും കുറേ നല്ല സൌഹൃദങ്ങള്‍ നേടാനായതും ഒരു ചെറിയ കാര്യമല്ലെന്ന് മാത്രമല്ല, വലിയ ഒരു നേട്ടമായി തന്നെ ഞാന്‍ കാണുന്നു.

മുമ്പെഴുതിയത് പോലെ, പല വ്യക്തിത്വങ്ങള്‍ ഒത്ത് ചേരുമ്പോള്‍ സംഭവിക്കുന്ന നേട്ടങ്ങളും കോട്ടങ്ങളും, അതേ പോലെ തന്നെ ഒരു സമൂഹത്തിന്‍റെ എല്ലാ പ്രതിഫലനങ്ങളും ഇവിടേയും സ്വാഭാവികം. എങ്കിലും പൊതുവെ വിദ്യാസമ്പന്നരും, തൊഴില്‍ രംഗങ്ങളിലും സമൂഹത്തിന്‍റെ നാനാതുറകളിലും പ്രവര്‍ത്തിക്കുന്ന, ജീവിതം ശരിക്കും കണ്ടറിഞ്ഞ ഭൂരിപക്ഷം ഉള്‍പ്പെടുന്ന ഈ കമ്മ്യൂണിറ്റിയില്‍, തരം താണ കക്ഷിരാഷ്ട്രീയത്തിന്‍റെ നിലവാരത്തില്‍ നിന്നും താഴോട്ട് പോകുന്ന ചില സംഭവങ്ങള്‍ കാണേണ്ടി വന്നിട്ടുള്ളത് ചിലപ്പോഴൊക്കെ മടുപ്പുളവാക്കിയിട്ടുണ്ട്. അങ്ങിനെയുള്ള സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ ഞാന്‍ നല്‍കിയ സംഭാവന ‘കുറ്റകരമായ മൌനം’ പാലിച്ച് അതെല്ലാം നോക്കി കണ്ടു എന്നുള്ളത് തന്നെയാണ്.

ഇവിടെ പരസ്പരം പോരടിക്കുന്നതിന് നാം വിനിയോഗിക്കുന്ന സമയം ജീവിക്കുന്ന സമൂഹത്തിന് ഉപയോഗപ്രദമായ രീതിയില്‍ വിനിയോഗിക്കാന്‍ നമുക്കാവേണ്ടിയിരിക്കുന്നു. എല്ലാ രംഗങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളുകള്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ സമൂഹത്തിന് തീര്‍ച്ചയായും ചെയ്യാന്‍ കഴിയുന്ന പലതുമുണ്ട്. ഏറ്റവും കുറഞ്ഞത് കേരളത്തില്‍ അധികാരികളുടെ സത്വരശ്രദ്ധ പതിയേണ്ട രംഗങ്ങള്‍ ചൂണ്ടിക്കാണിക്കാനെങ്കിലും നമുക്കാവും. ഒരാളോടും ബാധ്യതയും കടപ്പാടും ഇല്ലാത്ത ഒരു തൂലിക നമ്മുടെയെല്ലാം കയ്യിലുള്ളപ്പോള്‍ അതൊന്നും തന്നെ അസാദ്ധ്യമല്ല. നമ്മള്‍ ബ്ലോഗര്‍മാര്‍ മനസ്സ് വെച്ചാല്‍ സമൂഹത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയും എന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് കുറുമാന്‍ തുടങ്ങി വെച്ച ‘ബൂലോഗ കാരുണ്യം’ എന്ന എളിയ സംരഭം.

ഒരു വര്‍ഷമായി അതുമിതുമെല്ലാമായി 125 പോസ്റ്റുകള്‍ പടച്ച് വിട്ടിട്ടുണ്ടെങ്കിലും ഗുണനിലവാരമുള്ളതോ ഉപയോഗപ്രദമായതോ ആയ ഒന്നും തന്നെ അതിലില്ല എന്ന പരമാര്‍ത്ഥം എല്ലാരേക്കാളും നന്നായി എനിക്ക് തന്നെയറിയാം. പിന്നെ എന്തിനിതൊക്കെ എന്ന് ചോദിച്ചാല്‍... എനിക്കും ഇവിടെ നില നില്‍ക്കണം, എന്‍റെ സാന്നിധ്യം അറിയിക്കണം... ഇവിടെ തുടരാനാവുന്ന കാലത്തോളം. അത്ര തന്നെ. ആ ഒരു പരാക്രമത്തില്‍ എന്നോട് സഹകരിക്കുന്ന/ എന്നെ സഹിക്കുന്ന നല്ലവരായ എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും വായനക്കാര്‍ക്കും സ്നേഹത്തിന്‍റെ ഭാഷയില്‍ ഞാന്‍ നന്ദി അറിയിക്കട്ടെ.

എന്‍റെ യൂറോപ്പ് സ്വപ്നങ്ങള്‍...
മലയാള അച്ചടിസാഹിത്യത്തിന് ബ്ലോഗ് നല്‍കിയ ആദ്യത്തെ സംഭാവനയായിരുന്നു വിശാലമനസ്കന്‍റെ ‘കൊടകര പുരാണം’. അതിന് ശേഷം ഇതാ കുറുമാന്‍റെ ‘എന്‍റെ യൂറോപ്പ് സ്വപ്നങ്ങള്‍‘ എന്ന പുസ്തകത്തിന്‍റെ പ്രകാശനം ഇന്ന് നടക്കുന്നു. തീര്‍ച്ചയായും എല്ലാ ബ്ലോഗര്‍മാര്‍ക്കും അഭിമാനിക്കാവുന്ന മറ്റൊരു ദിനം കൂടെ. സ്വന്തം ജീവിതത്തില്‍ നേരിട്ട അനുഭവങ്ങള്‍ സരസമായി അവതരിപ്പിക്കുകയാണ് കുറുമാന്‍ തന്‍റെ വരികളിലൂടെ. എങ്കിലും പലയിടങ്ങളിലും ശ്വാസം അടക്കിപിടിച്ചേ വായിക്കാനാവുന്നുള്ളു. ഒടുവില്‍, എഴുത്തുകാരന്‍ വളരെ ലാഘവത്തോടെ പറഞ്ഞ് പോകുമ്പോഴും വായനക്കാരന്‍റെ കണ്ണുകളില്‍ നനവ് പടര്‍ത്തിയാണ് അവസാന താള്‍ മറിയുന്നത്. പുസ്തകത്തിന്‍റെ ഒരുപാട് കോപ്പികള്‍ വിറ്റഴിയട്ടെ എന്നാശംസിക്കുന്നു... ഒപ്പം കുറുമാനും എല്ലാവിധ ആശംസകളും.

അബ്ദുള്‍ നാസര്‍ മഅദനി...
നിയമവ്യവസ്ഥയുടെ പിടിപ്പുകേട് മൂലം ജീവിതത്തിന്‍റെ വിലപ്പെട്ട ഒന്‍പതിലധികം വര്‍ഷങ്ങള്‍ തടവറയില്‍ ചിലവഴിക്കേണ്ടി വന്ന ഒരു വ്യക്തി, അവസാനം ന്യായപീഠം തന്നെ നിരപരാധി എന്ന് വിധിച്ച് പുറത്തേക്കുള്ള വാതില്‍ തുറന്നിട്ട് കൊടുത്തു. ആ വ്യക്തിയുടെ നഷ്ടപ്പെട്ടു പോയ ഇത്രയും വര്‍ഷങ്ങള്‍ക്ക് എന്തുണ്ട് പകരം വെയ്ക്കാന്‍. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന് ഒരു പക്ഷെ, അദ്ദേഹത്തിന്‍റെ ജയില്‍വാസം നേട്ടമായിരിക്കും നേടിക്കൊടുത്തിരിക്കുക. പക്ഷെ, അദ്ദേഹവും ഭാര്യയും മക്കളും കുടുംബവും അനുഭവിച്ച കഷ്ടപ്പാടുകളും മാനസിക വിഷമങ്ങളും ഊഹിക്കാവുന്നതിലും എത്രയോ അപ്പുറമായിരുന്നിരിക്കണം.

എന്തായാലും മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തും എന്നുള്ള മഅദനിയുടെ തന്നെ പ്രസ്താവന, ശരികേടുകളുടെ പാതയിലൂടേയും താന്‍ സഞ്ചരിച്ചിരുന്നു എന്നുള്ള തിരിച്ചറിവിന്‍റെ ഭാഗമായിട്ടാണെന്ന് വേണം കരുതാന്‍. എന്തായാലും ഭാവി ജീവിതം ഒരു വിഭാഗത്തിന് മാത്രമായല്ലാതെ, പൊതുനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു നേതാവായി ചിലവഴിക്കാന്‍ മഅദനിക്കാവട്ടെ!

ശ്രീ. മഅദനിയെ കൂടെ ചേര്‍ക്കാനോ നിലനിര്‍ത്താനോ ഉള്ള രാഷ്ട്രീയ നേതാക്കളുടെ വെപ്രാളം അതിശയിപ്പിക്കുന്നതായിരുന്നു!

നമ്മള്‍ കാണാതെ പോവുന്നത്...
എന്‍റെ ഇടത് ട്രാക്കിലൂടെ പോവുന്ന വാഹനത്തിന്‍റെ തൊട്ട് മുന്നിള്ള വാഹനം അപ്രതീക്ഷിതമായി ബ്രേക്കിട്ടപ്പോള്‍ ആ വണ്ടിക്കാരന് എന്‍റെ ട്രാക്കിലേക്ക് വണ്ടി വെട്ടിച്ച് മാറ്റുക എന്നുള്ളത് മാത്രമായിരുന്നു ഏക മാര്‍ഗ്ഗം. അപ്രതീക്ഷിതമായി എന്‍റെ മുന്നിലേക്ക് ആ വണ്ടി വെട്ടിച്ച് വന്നപ്പോള്‍ എനിക്കും അപ്പുറത്തെ ട്രാക്കിലേക്ക് വെട്ടിച്ച് മാറുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. വണ്ടി വെട്ടിച്ച് മാറ്റി എന്‍റെ നെഞ്ചത്തോട്ട് കയറിയവനെ തറപ്പിച്ചൊന്ന് നോക്കി പിറുപിറുത്ത് കൊണ്ട് മുന്നോട്ട് നീങ്ങുമ്പോള്‍ ഞാന്‍ വണ്ടി വെട്ടിച്ച് നെഞ്ചത്തോട്ട് കയറിയവനും എന്നെ നോക്കി പല്ലിറുമ്മിയിരിക്കണം... ഞാനത് കണ്ടില്ല, അല്ലെങ്കിലും അതങ്ങിനെയാ... സ്വന്തം തെറ്റിനെപ്പഴും പിന്‍ബെഞ്ചിലാ സ്ഥാനം.

കുമിളകള്‍‍...
ഏവരും വളരെ പ്രതീക്ഷയോടെ കണ്ട ഒരു നേതാവായിരുന്നു മുഖ്യമന്ത്രി ശ്രീ. വി. എസ്. അച്യുതാനന്ദന്‍. പ്രത്യേകിച്ചും മൂന്നാര്‍ പ്രശ്നത്തില്‍ അദ്ദേഹം കൈക്കൊണ്ട ധീരമായ നടപടികള്‍ സാധാരണ ജനങ്ങളില്‍ അസാധാരണമായ ഉണര്‍വേകി. പക്ഷെ, എല്ലാം നൈമിഷികമായ കുമിളകള്‍ക്ക് തുല്യം എന്ന് തെളിഞ്ഞു കഴിഞ്ഞു. ഇവിടെ, ഒരു വ്യക്തിയാല്‍ മാറ്റിമറിക്കാനവുന്നതല്ല ഉന്നതങ്ങളില്‍ രൂപം കൊടുത്തിരിക്കുന്ന നമ്മുടെ വ്യവസ്ഥിതി. തനിനിറം പുറത്ത് വരാതിരിക്കാന്‍ ചെറിയ പോറലുകളെല്ലാം അത് സഹിച്ചേക്കും... പക്ഷെ, മാംസത്തില്‍ മുറിവേറ്റാല്‍ അത് ശൌര്യത്തോടെ ആഞ്ഞടിക്കും... അതില്‍ പിടിച്ച് നില്‍ക്കാന്‍ ആര്‍ക്കും ആവില്ല!‍പാച്ചുവിന്‍റെ ലോകം
‘ഉമ്മാ പാച്ചൂനെ എടുക്ക്...’ മോള്‍ടെ ആവശ്യം...
‘മോളെ ഉമ്മാക്ക് പണിണ്ട്...’ നല്ലപാതി ഒഴിവ്കഴിവ് പറഞ്ഞു...
‘ന്നാ... പാച്ചൂന് ഒരുണ്ണി വാവനെ താ...’ പാച്ചൂന്‍റെ മറ്റൊരാവശ്യം...
‘അതെന്തിനാ പാച്ചൂ...’ നല്ലപാതി ചോദിച്ചു...
‘പാച്ചുനെ എടുത്ത് നടക്കാനാ...’ പാച്ചുവിന്‍റെ പരിഹാരം... എന്തൊരെളുപ്പമുള്ള പരിഹാരം!

36 comments:

അഗ്രജന്‍... said...

“ആഴ്ചക്കുറിപ്പുകള്‍“

മുപ്പത്തിയെട്ട്
ഉള്ളടക്കം:
- പിന്നിട്ട ഒരു വര്‍ഷം
- എന്‍റെ യൂറോപ്പ് സ്വപ്നങ്ങള്‍
- അബ്ദുള്‍ നാസര്‍ മഅദനി
- നമ്മള്‍ കാണാതെ പോവുന്നത്
- കുമിളകള്‍
- പാച്ചുവിന്‍റെ ലോകം

ഈ ആഴ്ചക്കുറിപ്പിനോടൊപ്പം ഞാന്‍ ബ്ലോഗെഴുത്ത് തുടങ്ങിയതിന്‍റെ ഒരു വര്‍ഷവും പിന്നിടുന്നു... എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി :)

KuttanMenon said...

ഈ പോസ്റ്റിനു തേങ്ങ എന്റെ വക.

‘125 പോസ്റ്റുകള്‍ പടച്ച് വിട്ടിട്ടുണ്ടെങ്കിലും ഗുണനിലവാരമുള്ളതോ ഉപയോഗപ്രദമായതോ ആയ ഒന്നും തന്നെ അതിലില്ല എന്ന പരമാര്‍ത്ഥം എല്ലാരേക്കാളും നന്നായി എനിക്ക് തന്നെയറിയാം.. ‘
ഇതു ശുദ്ധ നുണ / അസംബദ്ധം !!!
ഞാന്‍ സ്ഥിരമായി വായിക്കുന്ന ഒരു ബ്ലോഗാണിത്. വായനക്കാര്‍ക്കങ്ങനെ തോന്നിയതായി ഇതുവരെ പറഞ്ഞതായി കണ്ടില്ല. ആഴ്ചക്കുറിപ്പ് എപ്പോഴും അതിന്റെ പ്രൊഫഷണലിസം കാത്തുസൂക്ഷിക്കുന്നുണ്ട്.
ഇത്തവണ അല്പം ശക്തമായി തന്നെയാണ് സമകാലിക സംഭവങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്.
പാച്ചുവിന്റെ ലോകം ഇഷ്ടപ്പെട്ടു. (അടുത്ത ഓണത്തിനു മുമ്പ് പാച്ചുവിന്റെ ഈ സ്പെസിഫിക് ആഗ്രഹം പൂവണിയട്ടെയെന്നാശംസിക്കുന്നു. )

വാര്‍ഷിക പോസ്റ്റിനു ആശംസകള്‍ !

ഉറുമ്പ്‌ /ANT said...

:)

ബീരാന്‍ കുട്ടി said...

അഭിനന്ദനങ്ങള്‍, ആശംസകള്‍.

ഏറനാടന്‍ said...

അഭിനന്ദനങ്ങള്‍ നേരുന്നു.
ഇനിയും അത്യുന്നതങ്ങളിലേക്ക്‌ അഗ്രജന്‍ എന്ന എന്റെ പ്രിയസുഹൃത്തിന്‌ എത്തിചേരുവാന്‍ ആശംസകള്‍ നേരുന്നു..

Abhilash | അഭിലാഷ് said...

അഗ്രജാ.. വാര്‍ഷിക പോസ്റ്റിന് ആശംസകള്‍..!!

പിന്നെ,

‘125 പോസ്റ്റുകള്‍ പടച്ച് വിട്ടിട്ടുണ്ടെങ്കിലും ഗുണനിലവാരമുള്ളതോ ഉപയോഗപ്രദമായതോ ആയ ഒന്നും തന്നെ അതിലില്ല എന്ന പരമാര്‍ത്ഥം എല്ലാരേക്കാളും നന്നായി എനിക്ക് തന്നെയറിയാം..‘

ഓഹോ...! ആഹാ.. എന്തൊരു വിനയം!! ഈ പോക്ക് പോയല്‍ ബ്ലോഗിന് ‌ ‘അഗ്രജന്‍ ‘ എന്ന പേരിനേക്കാള്‍ നല്ലത് ‘വിനയന്‍‌‘ എന്നാക്കുന്നതായിരിക്കും! :-)

KuttanMenon പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്..!

പിന്നെ, പാച്ചൂനെ നിരാ‍ശപ്പെടുത്തരുതേ.... അവളുടെ ‘ചിന്ന ചിന്ന ആശൈ‘ അല്ലേ.. പരിഗണിക്കൂ... :-)

[അഭിലാഷങ്ങള്‍]

അഞ്ചല്‍കാരന്‍ said...

ആശംസകള്‍.

പൊതുവാള് said...

അഗ്രജാ ;)
പിറന്നാളാശംസകള്‍......

ഇത്തവണയും ചിന്തനീയമായ വിഷയങ്ങള്‍ കോര്‍ത്തിണക്കിയിട്ടുണ്ടിതില്‍.

365 ദിവസത്തില്‍ 125 പോസ്റ്റുകള്‍ എന്നത് ചില്ലറയല്ല ,3 ദിവസത്തില്‍ ഒരു പോസ്റ്റ് എന്ന ശരാശരി വരും.അതു ബൂലോകത്തെ താങ്കളുടെ ശക്തമായ സാന്നിദ്ധ്യമാണു കാണിക്കുന്നത്.

‘ന്നാ... പാച്ചൂന് ഒരുണ്ണി വാവനെ താ...’ പാച്ചൂന്‍റെ മറ്റൊരാവശ്യം...
‘അതെന്തിനാ പാച്ചൂ...’ നല്ലപാതി ചോദിച്ചു...
‘പാച്ചുനെ എടുത്ത് നടക്കാനാ...’ പാച്ചുവിന്‍റെ പരിഹാരം... എന്തൊരെളുപ്പമുള്ള പരിഹാരം!

ഇവിടെ പലരും തെറ്റിവായിച്ചതാണോ,അഗ്രജന്‍ എഴുതിയതിലെ തെറ്റാണോ?,പാച്ചൂനെ എടുത്ത് നടക്കാന്‍ വാവക്കു കഴിയുമെന്ന് പാച്ചു തെറ്റിദ്ധരിച്ചതാണോ? ആകെ കണ്‍ഫൂഷനായല്ലോ?

എന്തരായാലും,
‘ചിന്ന ചിന്ന ആശൈ
ചിറകടിക്കുമാശൈ
മുത്ത് മുത്ത് ആശൈ
മുസ്തഫാന്റെ ആശൈ’

ആകട്ടെ ,സഫലമാകട്ടെ....
എല്ലാവിധ ആശംസകളും.....‍

അഗ്രജന്‍... said...

പൊതുവാള്‍ ജി :)
എന്‍റെ എഴുത്തിലെ തെറ്റല്ല - പാച്ചൂനെ എടുത്ത് നടക്കാന്‍ അവള്‍ കണ്ടെത്തിയ പരിഹാരം അതായിരുന്നു :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “ ശരികേടുകളുടെ പാതയിലൂടേയും താന്‍ സഞ്ചരിച്ചിരുന്നു എന്നുള്ള തിരിച്ചറിവിന്‍റെ ഭാഗമായിട്ടാണെന്ന് ” ഇക്കാര്യത്തില്‍ പോസ്റ്റിട്ട പലരും തുറന്ന് പറയാതിരുന്ന കാര്യം...ആ വേറിട്ട കാഴ്ചപ്പാട് നന്നായി.

പാച്ചൂ വാശിക്ക് ഒരു ശക്തി പോരാ..കുറേ മുന്‍പേ പറഞ്ഞോണ്ടിരിക്കുന്നതല്ലേ :)

ഡാലി said...

അഗ്രൂ, വാര്‍ഷികാശംസകള്‍.
ഞാനും സ്ഥിരമായി വായിക്കുന്ന പോസ്റ്റാണിത്.
പാച്ചുന്റെ പരിഹാരം കേട്ടപ്പോള്‍ എന്തേ അവള്‍ അങ്ങനെ ചിന്തിക്കാന്‍ എന്നായി എന്റെ ചിന്ത.

വേണു venu said...

അഗ്രജന്‍‍ ഭായീ.
വാര്‍ഷികാശംസകള്‍‍.
ഈ പോസ്റ്റില്‍‍ വിവരിച്ച എല്ലാ വിഷയങ്ങളും, കാലിക പ്രാധാന്യമുള്ളതു്.
ഓരോ വിഷയങ്ങളിലേയും സമീപന രീതി ശ്ലാഘനീയം തന്നെ.
ശ്ശോ...ഈ പാച്ചുവിനെക്കൊണ്ടു ഞാന്‍‍ തോറ്റു.:)‍‍

:: niKk | നിക്ക് :: said...

വാര്‍ഷിക ദിനാശംസകള്‍ ഇക്കാ :)

‘ന്നാ... പാച്ചൂന് ഒരുണ്ണി വാവനെ താ...’ പാച്ചൂന്‍റെ മറ്റൊരാവശ്യം...

ദ് ന്താ ങ്ങനെ മാഷേ? അന്നത്തെ ആ മൂന്നാര്‍ ട്രിപ്പ് ഓര്‍മ്മയുണ്ടോ? ഹിഹിഹി

അടുത്ത മൂന്നാര്‍ ട്രിപ്പ് എപ്പോഴാ? ;)

ഞാന്‍ ഇവിടെ വന്ന് കമന്റിട്ടത് പോലുമില്ലട്ടോ... ഹിഹിഹി

Typist | എഴുത്തുകാരി said...

ആശംസകള്‍.

അശോക് said...

അഗ്രജാ,
ആശംസകള്‍ ..

അപ്പു said...

ma)അഗ്രജാ...ഞാന്‍ വിചാരിച്ചു കല്യാണ വാര്‍ഷികമായിരിക്കുമെന്ന്. ഉം.
ഏതായാലും ആശംസകള്‍ ഇരിക്കട്ടെ.

അച്ചുമാമന്റെയും മ‌അദനിയുടെയും കാര്യങ്ങള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജ്ജിക്കുന്നു.

ദേവന്‍ said...

വാര്‍ഷികാശംസകള്‍ അഗ്രജാ.
ബ്ലോഗ്ഗ് വായന തീരെ കുറഞ്ഞുപോയെങ്കിലും ആഴ്ചക്കുറിപ്പുകള്‍ ഞാന്‍ നഷ്ടപ്പെടുത്താറില്ല.

വക്കാരിമഷ്‌ടാ said...

അഗ്രൂസ്‌, ആശംസകള്‍.

SAJAN | സാജന്‍ said...
This comment has been removed by the author.
SAJAN | സാജന്‍ said...

അഗ്രജാ, ആശംസകള്‍!!
ബ്ലോഗിലെ ഇന്നത്തെ സാഹചര്യം വെച്ച്, നന്മ കാണാനും അതെഴുതാനും കഴിയുന്നത് തന്നെ മഹത്തരം
അത് അഗ്രജന്‍ നന്നായി പ്രതിഫലിപ്പിക്കുന്നുണ്ടല്ലൊ പോസ്റ്റുകളില്‍,
അങ്ങ്ങനെയുള്ള 125 പോസ്റ്റുകള്‍ ഒരു വലിയ സംഭവം തന്നെയാണ്:)
ഇനിയും ഏറെ എഴുതാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ!
പിന്നെ പാച്ചൂനെ കാര്യം
ഈ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഒരു അനുഭവസ്ഥന്‍ എന്ന നിലയില്‍ ഒരു മൂന്നു മാസം മുമ്പ് ഞാന്‍ അഗ്രജന്റെ ഓര്‍കുടീല്‍ ഒരു സ്ക്രാപ്പിട്ടത്,(ഓര്‍ക്കുന്നുണ്ടോ?)
ഇനിയും നാളെയാവട്ടെ , നാളെയാവട്ടെ എന്നു കരുതി മാറ്റി വയ്ക്കരുത് ഒരു പക്ഷേ ഇന്നത്തെ ആ ഭാഗ്യ ശാലി നിങ്ങളാവും വേഗമാവട്ടെ വേഗമാവട്ടെ ഒരു ടിക്കറ്റ് എടുക്കൂ:)

മയൂര said...

എല്ലാവിധ ആശംസകളും.....

സു | Su said...

ആശംസകള്‍.

Visala Manaskan said...

ആശംസകള്‍ അഗ്രജാ.
സന്തോഷകരമായ ബ്ലോഗിങ്ങ് ആശംസിക്കുന്നു. :)

KANNURAN - കണ്ണൂരാന്‍ said...

സാര്‍ത്ഥകമായ ഒരു വര്‍ഷം തന്നെ അഗ്രജാ സംശയമേതുമില്ല... അഭിനന്ദനങ്ങള്‍...

ദൃശ്യന്‍ | Drishyan said...

അഗ്രജാ,
എന്നത്തേതുമെന്ന പോലെ വളരെ നന്നായിരിക്കുന്നു.
പാച്ചുവിനോട് എനിക്ക് തോന്നുന്ന സ്നേഹ‌വാത്‌സല്യം കൂടുന്നുണ്ട് കേട്ടോ. എന്‍‌റ്റെ വക ഒരുമ്മ കൊടുക്കൂ.

സസ്നേഹം
ദൃശ്യന്‍

Sul | സുല്‍ said...

പ്രിയപ്പെട്ട അഗ്രജന്,

താങ്കളുടെ ബ്ലോഗ് ജീവിതം ഒരുകൊല്ലം പൂര്‍ത്തിയായതറിഞ്ഞു വളരെ സന്തോഷിക്കുന്നു. ചില ആഴ്ചകള്‍ കൂടി കഴിഞ്ഞാല്‍ എനിക്കും ബ്ലൊരു വയസ്സാകും. ആ സന്തോഷത്തില്‍ പങ്കു ചേരുന്നതിനായി താങ്കളെ മുങ്കൂര്‍ സ്നേഹപുരസ്സരം ക്ഷണിച്ചുകൊള്ളൂന്നു.

താങ്കള്‍ ബ്ലോഗ് തുടങ്ങിയ കാലം മുതലിങ്ങോട്ടു നോക്കുകയാണെങ്കില്‍, എഴുത്തിനു വളരെ പുരോഗതി കാണുന്നുണ്ട്. വളിപ്പുകഥകളെഴുതാന്‍ എപ്പോഴും തയ്യാറായിരിക്കുന്ന അഗ്രു, ആഴ്ചകുറിപ്പുകളാല്‍ ആ പാപം കഴുകികളയുന്നത് ബൂലോഗം കാണുന്നുണ്ട്. പടമെടുപ്പ് പഠിച്ചതും ബ്ലോഗു വഴിതന്നെയല്ലെ.

ഈലക്കത്തിലെ വിശേഷങ്ങളും നന്നായിരിക്കുന്നു. കാലികപ്രസക്തങ്ങളായ വിഭവങ്ങള്‍ നിരത്തി വക്കുന്നതില്‍ അഗ്രുവിന്റെ ഈ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

വാരികകളുടെ അവസാന പേജില്‍ കാണുന്ന ബോബനും മോളിയും ടൈപ്, പാച്ചുവിന്റെ ലോകം തന്നെയാണ് എന്നും പ്രിയം. അതിനാല്‍ ഞാന്‍, ആഴ്ചകുറിപ്പ് താഴെനിന്നേ വായിക്കാറുള്ളു.

താങ്കളില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തട്ടെ!

എല്ലാ ആശംസകളും നേരുന്നു.

സസ്നേഹം
സുല്‍

ഇത്തിരിവെട്ടം said...

ഡാ... എല്ലാ ആശംസകളും.

Satheesh :: സതീഷ് said...

എല്ലാ ഭാവുകങ്ങളും നേരുന്നു! പോസ്റ്റിനല്ല...പാച്ചുവിന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിന് :)

തമനു said...

ആശംസകള്‍ ...അഗ്രൂ..
:)

G.manu said...

kodu kai mashey

പ്രിയംവദ-priyamvada said...

അഗ്രജന്‍,
ആശംസകള്‍ ..

മുസാഫിര്‍ said...

അഗ്രജാ,ഒരു വര്‍ഷമാ‍യി അല്ലെ.ആശംസകള്‍.
ആരോ അഗ്രജന്റെ അര്‍ത്ഥം ചോദിച്ചതും മറ്റാരോ‍ മറുപടി പറഞ്ഞതുമെല്ലാം ഇപ്പോള്‍ അടുത്ത് നടന്നത് പോലെ ഓര്‍ക്കുന്നു.കാലം പറക്കുകയാണ് അല്ലെ ?

Inji Pennu said...

ആശംസകള്‍ അഗ്രജന്‍ മാഷേ! മിക്കവരും ബ്ലോഗിങ്ങില്‍ വന്നത് താങ്കള്‍ പറഞ്ഞ അതെ മനോ വികാരത്തിലാവണം.

എനിക്കോര്‍മ്മയുണ്ട് ആദ്യമൊക്കെ ഏതോ പോസ്റ്റില്‍ ഓഫീസിലേക്ക് പോകുന്ന വഴിയില്‍ കണ്ണും കാതും തുറന്ന് വെക്കണം, എങ്ങിനെയെങ്കിലും ഒരു പോസ്റ്റിടണം ബ്ലോഗില്‍ എന്ന് എപ്പോഴൊ എഴുതിയത്...അതില്‍ നിന്നൊക്കെ എന്തു മാത്രം മുന്നോട്ട് പോയിരിക്കുന്നു ഈ ദേ ഇവിടെ ഈ പോസ്റ്റ് എത്തുമ്പോള്‍. ഹൃദയം നിറഞ്ഞ ആശംസകള്‍!

::സിയ↔Ziya said...

ശ്രീമാന്‍ അഗ്രജന്റെ വാര്‍ഷികപ്പോസ്റ്റിനു ഒരു കമന്റ് എഴുതാന്‍ വൈകിപ്പോയത് വലിയ ജോലിത്തിരക്ക് മൂലമായിരുന്നു എന്ന വസ്തുത ആദ്യമേ പ്രസ്താവിച്ചു കൊള്ളട്ടെ.

നമ്മുടെ ബ്ലോഗ് സമൂഹത്തിലെ അപൂര്‍വ്വം ധിഷണാശാലികളിലൊരാണ് ശ്രീ.അഗ്രജന്‍.
വാക്കും പ്രവൃത്തിയും തമ്മില്‍ നേരിയ അന്തരമെങ്കിലുമുണ്ടാവണമെന്ന് അതിയായി ആഗ്രഹിക്കുന്ന ഒരു പച്ച മനുഷ്യന്‍.
അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ സ്നേഹവും കാരുണ്യവും ധാര്‍മ്മികബോധവുമൊക്കെ മുന്നിട്ടു നില്‍ക്കുന്നു.
സമകാലിക സംഭവവികാസങ്ങളോട് ശരിയായ രീതിയില്‍ ശക്തമായി പ്രതികരിക്കാറുണ്ട് അദ്ദേഹം.
നര്‍മ്മ ഭാവനയിലും അഗ്രജന്‍ പിന്നിലല്ല. അദ്ദേഹത്തിന്റെ ഓരോ കുറിപ്പും നമ്മെ ഏറെ ചിന്തിപ്പിക്കുകയും അതിലേറെ ചിരിപ്പിക്കുകയും ചെയ്യും.
എല്ലാ ആശംസകളും.

അഗ്രജന്‍ said...

സിയാ...

‘ശ്രീ അഗ്രജന്‍റെ പാവനസ്മരണയ്ക്ക് മുന്നില്‍ ഞാനീ പുഷ്പചക്രം സമര്‍പ്പിക്കുന്നു’ എന്നൊരു വരികൂടെ ഇതിനോടൊപ്പം ചേര്‍ക്കാമായിരുന്നു :)

ബിന്ദു said...

ella aasamsakaLum. ippozhaa kandathu. :)