Monday, April 30, 2007

ഇരുപത്തിയേഴ്

ചൂട്
കുറച്ച് മാസങ്ങളിലെ തണുപ്പിന് ശേഷം ഇവിടെ ചൂട് തിരിച്ചെത്തിയിരിക്കുന്നു. സാമാന്യം നല്ല തരക്കേടില്ലാത്ത നിലവാരത്തിലാണ് ആരംഭം തന്നെ. നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് കാഠിന്യമേറിയതാണ് ഇനിയുള്ള നാളുകള്‍. പാവങ്ങള്‍... എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെടാന്‍ അവരെന്നേ ശീലിച്ചു കഴിഞ്ഞിട്ടുണ്ടാവാം... അല്ലെങ്കിലും ഉള്ളിലെരിയുന്ന കനലിനോളം വരില്ലല്ലോ പുറത്തെ ചൂട്!

വായന
“ശരി.എങ്കില്‍..ഇവിടെ ഈ ഇരുട്ടില്‍..തനിച്ച്..നിനക്കെന്താണ് ജോലി??”
“ഈ ചോദ്യവും എനിക്ക് നിങ്ങളോട് തിരിച്ചു ചോദിക്കാം”.
അവളില്‍ പഴയ ചിരി ഇല്ലാതായിരിക്കുന്നു.അവളുടെ കണ്ണുകളെ ഞാന്‍ ഭയപ്പെട്ടു.ആ വാക്കുകള്‍ക്കു മുന്നില്‍ ഞാന്‍ വിറച്ചു.
-------------

കഴിഞ്ഞ ദിവസം വായിച്ച “എന്‍റെ കിറുക്കുകള്‍“ എന്ന ബ്ലോഗിലെ ‘വെളിച്ചം’ എന്ന കഥയിലേതാണാ വരികള്‍.
വായിച്ചപ്പോള്‍ നല്ല കഥയായി (എനിക്ക്) തോന്നി.

ഓരോ ആഴ്ചയിലും വായിച്ചതില്‍ കൂടുതലിഷ്ടപ്പെട്ട ഒരു പോസ്റ്റ് (സമയ ലഭ്യതയനുസരിച്ച്) ആഴ്ചക്കുറിപ്പുകളില്‍ ഉള്‍പ്പെടുത്തിയാലോ എന്ന് തോന്നിയപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് ഈ പോസ്റ്റായിരുന്നു.

താത്പര്യമുള്ളവര്‍ക്ക് ‘വെളിച്ച‘ത്തിലേക്ക് ഇതിലെ പോകാം.

സന്തോഷവാര്‍ത്ത
‘ഒരു സന്തോഷ വാര്‍ത്തയുണ്ട്...’ നല്ല പാതി...
‘എന്താ!...’ ഞാന്‍ ആകാംക്ഷ അടക്കി വെച്ചില്ല...
‘അമ്മ മനസ്സ് വെള്ളിയാഴ്ചയോടെ തീരുന്നു...’
അതൊരു സന്തോഷകരമായ വാര്‍ത്ത തന്നെ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന “അമ്മ മനസ്സ്’ എന്ന സീരിയലു തന്നെയാണ് ഉദ്ദേശിച്ചത്. ഒരു പക്ഷെ അതെവിടെ കൊണ്ടവസാനിപ്പിക്കും എന്നറിയാതെ കുഴങ്ങിയിരുന്ന (!) അതിന്‍റെ സം‌വിധായകനായ കെ.കെ. രാജീവും സന്തോഷവാനായിരിക്കണം.

പാച്ചുവിന്‍റെ ലോകം
പാച്ചുവിന്‍റെ ചില അനുകരണങ്ങള്‍:

മസ്സാജ്:
കമിഴ്ന്ന് കിടന്നുറങ്ങുന്ന എന്‍റെ പുറത്ത്, പാച്ചു ഒരു കാല് വെച്ച് ചവിട്ടുന്നു...
‘എന്താ മോളെ ഈ കാണിക്കുന്നത്, ഉപ്പാക്ക് വേദനാവില്ലേ...’ നല്ലപാതി
‘ഇല്ലമ്മാ... പാച്ചു ഉപ്പാനെ മസാലാക്ക്വാണ്...’ പാച്ചു വിശദീകരിച്ചു.

ഇന്‍സ്പെക്ടര്‍ ഗരുഡ് എന്ന സിനിമയിലെ.... ‘കാന്താരി പെണ്ണേ...’ എന്ന പാട്ടു സീനില്‍ ദിലീപിനെ മസ്സാജ് ചെയ്യുന്നത് അനുകരിച്ചതായിരുന്നു... പാച്ചുവിന്‍റെ മസാലയാക്കല്‍.

കൊഞ്ചല്‍:
അടുത്ത വീട്ടിലെ കുഞ്ഞുവാവയെ പാച്ചുവിന് വളരെ ഇഷ്ടമാണ്. ഇടയ്ക്കൊക്കെ വാവയെ കാണല്‍ നിര്‍ബ്ബന്ധവുമാണ്. അവി‌ടുന്ന് തിരിച്ചു വന്നാല്‍ പാവയെ കയ്യിലെടുക്കുന്ന പാച്ചു പിന്നെ ഒരു അമ്മയുടെ റോളിലായിരിക്കും.

കഴിഞ്ഞ ദിവസം പാവയെ എന്‍റെ കയ്യില്‍ കൊണ്ട് തന്ന് പാച്ചു പാവയെ കൊഞ്ചിയത് ഇങ്ങിനെയായിരുന്നു...
‘വാവേ... വാവേടെ അച്ഛനാടാ വാവേ...’

34 comments:

അഗ്രജന്‍ said...

ആഴ്ചക്കുറിപ്പുകള്‍ “ഇരുപത്തിയേഴ്”

കാര്യമായിട്ടൊന്നും എഴുതാനില്ലാതെ പോയ മറ്റൊരു ലക്കം കൂടെ!

ഉള്ളടക്കം:
1- ചൂട്
2- വായന
3- സന്തോഷ വാര്‍ത്ത
4- പാച്ചുവിന്‍റെ ലോകം

വല്യമ്മായി said...

"അല്ലെങ്കിലും ഉള്ളിലെരിയുന്ന കനലിനോളം വരില്ലല്ലോ പുറത്തെ ചൂട്!"

നമ്മള്‍ പലപ്പോഴും കാണാതെ പോകുന്നത്.

വിശാല മനസ്കന്‍ said...

‘വാവേ... വാവേടെ അച്ഛനാടാ വാവേ...’

ഹഹഹഹ....എനിക്കു ചിരിക്കാന്‍ വയ്യേ!!!

മാറ്റങ്ങള്‍ നന്നായിട്ടുണ്ട് അഗ്രജാ.

നിമിഷ::Nimisha said...

"കാര്യമായിട്ടൊന്നും എഴുതാനില്ലാതെ പോയ മറ്റൊരു ലക്കം" എന്ന് അഗ്രജന് തോന്നുന്നുവെങ്കിലും ആ “അല്ലെങ്കിലും ഉള്ളിലെരിയുന്ന കനലിനോളം വരില്ലല്ലോ പുറത്തെ ചൂട്! എന്ന ഒറ്റ വരിയില്‍ തന്നെയുന്ട് കാര്യമായ കാര്യം! പാച്ചുമോളുടെ കിളിക്കൊഞ്ചല്‍ എന്നത്തേയും പോലെ സരസം :)

പൊതുവാള് said...

അര്‍ദ്ധവര്‍ഷം പിന്നിട്ട് പ്രയാണം തുടരുന്ന ആഴ്ചക്കുറിപ്പുകള്‍ക്ക് വിജയാശംസകള്‍....

‘അല്ലെങ്കിലും ഉള്ളിലെരിയുന്ന കനലിനോളം വരില്ലല്ലോ പുറത്തെ ചൂട്!‘
ആ കനലുകള്‍ ആളുകയാണിപ്പോള്‍, കാരണം കൂടിവരുന്ന എക്സ്‌ചേഞ്ച് റേറ്റ് തന്നെ.

പാച്ചൂന്റെ കുസൃതികള്‍ വായിക്കുമ്പോള്‍ ഞാനെന്റെ പൊന്നൂനെ ഓര്‍ക്കും.അവളുടെ കളികള്‍ കാണാന്‍ കഴിയാത്തതില്‍ പരിതപിക്കും മറ്റെന്തു ചെയ്യാന്‍.

ഏറനാടന്‍ said...

അഗ്രജാ തമാശ കലര്‍ന്ന ഈ കുറിപ്പും രസിച്ചുവായിച്ചു. ഈ പാച്ചു ഒരു പ്രസ്ഥാനമായിമാറും. ഇന്‍ഷാ അള്ളാഹ്‌..

തറവാടി said...

അഗ്രജാ വായിച്ചു ,

അമ്മ മനസ്സിപ്പോഴൊന്നും തീരാന്‍ പോകുന്നില്ല മോനെ!

(ഇവിടെ പരസ്യം കൊടുക്കാന്‍ എന്തു തരണം :) )

പിന്നെ ആ കഥയുടെ കര്യം അതു നന്നായിരുന്നു

Sul | സുല്‍ said...

അഗ്രജ്
ഈ ആഴ്ചയും നന്നായി.
പാച്ചുവും ചൂടും വായനയും.
-സുല്‍

sandoz said...

അഗ്രൂ...
ഈയാഴചത്തെ കുറിപ്പുകള്‍...
താങ്കളുടെ മികച്ച കുറിപ്പുകളില്‍ ഒന്ന്.....

എന്നേയും കാത്തിരിക്കുന്നു....
ചൂടും...
ചുട്ടുപഴുത്ത സ്റ്റീം പൈപ്പുകളും....
ബോയിലറുകളും.....

അമ്മ മനസ്സ്‌ തീര്‍ന്നെങ്കില്‍ അമ്മൂമ്മ മനസ്സ്‌ തുടങ്ങുമായിരിക്കും.....
ശ്ശെടാ..ഈ അഛന്മാര്‍ക്ക്‌ മനസില്ലേ.....

പൂയ്‌..പാച്ചൂ.....

ഞാന്‍ ഇരിങ്ങല്‍ said...

അഗ്രജന്‍,
ആഴ്ച കുറിപ്പുകളില്‍ വൈവിധ്യം ഉണ്ടായാല്‍ കുറച്ചു കൂടി നന്നാവുമെന്ന് തോന്നുന്നു.
ഈ ആഴ്ച ഉള്‍പ്പെടുത്തിയ വായന കുറച്ചു കൂടി ആസ്വാദ്യമായ രീതിയില്‍ എഴുതുകയാണെങ്കില്‍ അത് താങ്കള്‍ക്കും മറ്റ് വായനക്കാര്‍ക്കും ഉപകാരപ്രദമാകും എന്ന് തോന്നുന്നു. വായിച്ച കൃതിയെ കുറിച്ചുള്ള നോട്ട് അല്ലെങ്കില്‍ ആസ്വാദനം അങ്ങിനെ എന്തെങ്കിലും. ഒരു അഭിപ്രായം പറഞ്ഞുവെന്നു മാത്രം. താങ്കള്‍ക്ക് ഇഷ്ടമുള്ളതെഴുതാം

പതിവു പോലെ പാച്ചു വിന്‍ റെ ലോകം ഹൃദ്യമായി.

കുട്ടന്മേനൊന്‍::KM said...

അഗ്രൂ ഈ ആഴ്ചയും നന്നായി. ഗള്‍ഫില്‍ ചൂട് കൊടുമ്പിരിക്കൊള്ളുന്നു. കുവൈറ്റില്‍ ഇതുവരെ ആയിട്ടില്ല.
പാച്ചുവിന്റെ കമന്റും കലക്കി.
(ഓടോ : ബ്ലോഗാഭിമാനി കോപ്പിറൈറ്റും കൊണ്ട് വീട്ടുപടിക്കല്‍ ഇരിക്കുമോ ? )

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
“മസാലാക്ക്വാണ്...’ പാച്ചു വിശദീകരിച്ചു”

മസാലയില്‍ ഇത്തിരി മുളകു പൊടി കൂടി ചേര്‍ത്തേ പാച്ചൂ...

Manu said...
This comment has been removed by the author.
വേണു venu said...

പാവങ്ങള്‍... എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെടാന്‍ അവരെന്നേ ശീലിച്ചു കഴിഞ്ഞിട്ടുണ്ടാവാം... അല്ലെങ്കിലും ഉള്ളിലെരിയുന്ന കനലിനോളം വരില്ലല്ലോ പുറത്തെ ചൂട്!

അഗ്രജന്‍‍ ഭായീ, ഒരു പക്ഷേ ഇതൊക്കെ വായിക്കാനാണു് , ഞാനിവിടെ വരുന്നതു്.:)

Manu said...

മാഷെ പ്രത്യേകം നന്ദി. ആ വാണിയെ പരിചയപ്പെടുത്തിയതിന്..

Manu said...

ആദ്യം ചേര്‍ത്ത കമന്റ് ഒരു പ്രത്യേകകാരണം കൊണ്ട് ഒഴിവാക്കുന്നു.

എഴുത്ത് വളരെ നന്നായിട്ടുണ്ട്. ചിന്തയും അനുഭവങ്ങളുടെ സൌന്ദര്യവും.

Satheesh :: സതീഷ് said...

പാച്ചു കലക്കി!
‘വാവേ... വാവേടെ അച്ഛനാടാ വാവേ...’
ചിരിച്ചിട്ട് കുറച്ചു നേരത്തേക്ക് വേറൊന്നും വായിക്കാനും മിണ്ടാനും പറ്റിയില്ല!

Pramod.KM said...

അഗ്രജേട്ടാ..നല്ല കുറിപ്പുകള്‍.;)

daly said...

അഗ്രൂ, കഴിഞ്ഞേന്റെ മുന്നില്‍ത്തേന്റെ മുന്നില്‍ത്തെ ആഴ്ച്ച കുറിപ്പു തൊട്ടാണ് സ്ഥിരാമായി വായന തുടങ്ങിയത്. ഡയറി ബ്ലോഗുകളില്‍ ഏറേ വ്യതസ്തമായതും, ഹൃദ്യമായതും. പാച്ചൂട്ടി സുന്ദരിയ്ക്ക് തുണി പാവായുണ്ടോ? ഇല്ലെങ്കെ ഒരു നൊസ്സ്റ്റാള്‍ജിയക്കു ഉണ്ടാക്കി കൊടുക്കൂട്ടാ

SAJAN | സാജന്‍ said...

ആഴ്ചക്കുറിപ്പുകള്‍.. ഗംഭീരം!!
പാച്ചു ആളത്ര മോശമല്ലല്ലൊ അഗ്രു, ഇനിയും പോരട്ടെ കൊച്ചു മുടുക്കിയുടെ വിശെഷങ്ങള്‍:)

കരീം മാഷ്‌ said...

ആഴ്ചക്കുറിപ്പുകള്‍ “ഇരുപത്തിയേഴ്”
എന്റെ അഭിപ്രായം.(തീരെ ചെറുതായി)
പുറത്തു ചൂടി കൂടുന്നതു ഇതു വായിക്കുന്നവര്‍ക്കു ഫീലു ചെയ്യുന്നു. (എല്ലാം അടഞ്ഞ നാലു ചുമരിനുള്ളിലെ വിശേഷങ്ങള്‍‍ മാത്രം.)
പാച്ചുവിനു, റ്റോം & ജറിയും പിങ് പാന്തറും പോലുള്ള നിലവാരമുള്ള കാര്‍ട്ടൂണുകല്‍ കാണിച്ചു കൊടുത്താല്‍ മതി. മലയാള സിനിമ,സീരിയലുകള്‍ എത്രയും കുറച്ചു കണ്ടോ അത്രക്കും വിവരം ബാക്കിയുണ്ടാവും. നമ്മുടെ മസ്തിഷ്കത്തിലെ സെല്ലുകള്‍ ആത്രക്കും വിലപിടിച്ചത്.

ബ്ലോഗുകളിലെ നല്ല പോസ്റ്റുകള്‍ വിലയിരുത്തുന്നത് നല്ലകാര്യം. പക്ഷെ ഒന്നല്ലെ നന്നാക്കി പറയാന്‍ പറ്റൂ. അതു ബാക്കിയുള്ളവരെ അസൂയക്കാരാക്കുമെന്നതാണ്‍് മുന്നേ ഇതിനു ആരംഭിച്ച വിമര്‍ശന ബ്ലോഗുകാരു കട്ടേം പടോം മുടക്കി സ്ഥലം വിടാന്‍ കാരണമായത്.
എന്നാലും എം. കൃഷ്ണന്‍ നായരുടേ സാഹിത്യവാരഫലത്തിന്റെ ഗുണം നല്‍കുന്ന ഒന്ന് ആവശ്യം തന്നെ.
ആള്‍ ദ ബെസ്റ്റ്.

ദിവ (diva) said...

"വാവേ... വാവേടെ അച്ഛനാടാ വാവേ..."

ഹ ഹ അതൊരു അമറന്‍ വിറ്റാണല്ലോ :))

അപ്പു said...

അഗ്രജന്‍, നന്നായി. ചൂടുകാലത്ത് വെളിയില്‍ പണിയെടുക്കുന്നവരുടെ കാര്യം... വളരെ കഷ്ടം തന്നെ.

Inji Pennu said...

ഹയ്! ഇതെന്നാ ഇത്തിരിവെട്ടാം മാഷിന്റേയും അഗ്രജ്ന്‍ ജീന്റേയും ടെമ്പ്ലേറ്റ് ഒരേപോലെയാണല്ലൊ...ഞാന്‍ കണ്‍ഫ്യൂഷ്യനടിച്ചു രണ്ട് പ്രാവശ്യം ക്ലിക്കിയപ്പൊ.

ഇത്തിരിവെട്ടം|Ithiri said...

അഗ്രജാ... നല്ല കുറിപ്പുകള്‍.

അല്ലെങ്കിലും ഉള്ളിലെരിയുന്ന കനലിനോളം വരില്ലല്ലോ പുറത്തെ ചൂട്. ഓരോ ദിവസവും കാണുന്നു അത്തരം മുഖങ്ങള്‍. ഒന്നും ചെയ്യാനാവത്തവന്റെ നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്നു.

വായന എന്നത് അശരീരി പോലെ വല്ലപ്പോഴും മുഴങ്ങുതാവരുത്. നല്ല സംരഭം.

പാച്ചു മിടുക്കിതന്നെ. അത് കലക്കി.

അഗ്രജന്‍ said...

ആഴ്ചക്കുറിപ്പുകള്‍ വായിച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

നന്നായില്ലെന്ന് എനിക്ക് തോന്നുന്ന ചില ലക്കങ്ങളില്‍ പ്രിയ വായനക്കാര്‍ തരുന്ന പിന്തുണയും പ്രോത്സാഹനവും... അതെന്നെ കൂടുതല്‍ വിനീതനാക്കുന്നു... കൂടുതല്‍ ശ്രദ്ധിക്കുവാന്‍ പ്രേരണയുമാകുന്നു.

വല്യമ്മായി: അതെ, കൂടുതലും കാണാതെ പോകുന്നു, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്നു - നന്ദി

വിശാല മനസ്കന്‍ :)

നിമിഷ::Nimisha
ഈ പ്രോത്സാഹനത്തിന് നന്ദി നിമിഷാ :)

പൊതുവാള് : നന്ദി പൊതുവാള്‍...
പൊന്നുവിന് ഞങ്ങളുടെ അന്വേഷണം അറിയിക്കുക.

ഏറനാടന്‍ : നന്ദി :)

തറവാടി : അത് തീര്‍ന്നതറിഞ്ഞില്ലേ :)

ഇവിടെ പരസ്യത്തിന് ചാര്‍ജ്ജുകള്‍ കമന്‍റ് മോഡിലേ സ്വീകരിക്കൂ :)

Sul | സുല്‍ - നന്ദി :)

sandoz : ഹഹ ഇതിനെ മികച്ച കുറിപ്പെന്ന് വിളിച്ചത് ഒരു നമ്പറല്ലേ :)

ഞാന്‍ ഇരിങ്ങല്‍ : ഞാനും അങ്ങിനെ ഒരു രീതി തന്നെയാണ് ഉദ്ദേശിക്കുന്നത്. അഭിപ്രായങ്ങള്‍ക്കും സ്നേഹം നിറഞ്ഞ ഉപദേശങ്ങള്‍ക്കും നന്ദി അറിയിക്കട്ടെ :)

കുട്ടന്മേനൊന്‍::KM : നന്ദി കുട്ടമ്മേനോന്‍ - ബ്ലോഗാഭിമാനിയെവിടെ ഈ പാവം ഞാനെവിടെ :)

കുട്ടിച്ചാത്തന്‍ : നന്ദി - പിന്നെ ചാറ്റിലെ അഭിപ്രായത്തിന് സ്പെഷ്യന്‍ ഡാങ്ക്സ് :)

വേണു venu : നന്ദി വേണുജി... ഈ നല്ല വാക്കുകള്‍ക്ക് :)

Manu: അഭിപ്രായത്തിന് സ്നേഹത്തോടെ നന്ദി അറിയിക്കുന്നു :)

എന്തിനാ മനു ആദ്യ കമന്‍റ് ഡിലീറ്റ് ചെയ്തത്.

Satheesh :: സതീഷ് : ഹഹ നന്ദി സതീഷ് :)

Pramod.KM : നന്ദി പ്രമോദ് :)

daly : സ്വാഗതം ഡാലി... :)
അഭിപ്രായങ്ങള്‍ക്ക് നന്ദി... പാച്ചുവിനെ അറിയിക്കാം പുതിയ ആന്‍റിയെ പറ്റി :)

SAJAN | സാജന്‍ : നന്ദി സാജന്‍

...അരളിയെ ചെമ്പകമാക്കിയവനേ... സാജനേ :)

കരീം മാഷ്‌ : മാഷുടെ അഭിപ്രായം ഞാന്‍ മാനിക്കുന്നു. ആരേയും താഴ്ത്തിക്കെട്ടാതെ നല്ലതെന്ന് തോന്നുന്ന ഒരു പോസ്റ്റിനെ കുറിച്ച് പറയാന്‍ ശ്രമിക്കുന്നതാണ് (സമയം കിട്ടുന്നത് പോലെ) - അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹങ്ങള്‍ക്കും നന്ദി :)

ദിവ (diva) :
എന്താ ചെയ്യെന്‍റെ ദിവാ... ഇനിയും എന്തൊക്കെ കേക്കാനിരുക്കുന്നാവോ :)

അപ്പു : കഠിനാദ്ധ്വാനത്തിന് കുറഞ്ഞ വേതനം പറ്റുന്ന പാവങ്ങള്‍ :(

അഭിപ്രായത്തിന് നന്ദി അപ്പു.

Inji Pennu :
ഞാന്‍ ഇത്തിരിവെട്ടത്തിനോട് പറയുന്നുണ്ട്, എന്‍റെ ടെമ്പ്ലേറ്റിനോട് സമാനമായ അവന്‍റെ ടെമ്പ്ലേറ്റ് മാറ്റാന്‍ :)

ആരോടും പറയേണ്ട, ഇത് പുള്ളിയുടെ ടെമ്പ്ലേറ്റ് പുള്ളി തന്നെ കോപ്പി ചെയ്തിട്ടു തന്നതാ... ചില്ലറ മാറ്റങ്ങള്‍ വരുത്തിയെന്നു മാത്രം... എന്തായാലും അതിലും ഭംഗിണ്ടല്ലേ കാണാന്‍ :)

ഇത്തിരിവെട്ടം|Ithiri : നന്ദി ഇത്തിരീ :)

പിന്നെ ഇഞ്ചി പറഞ്ഞത് കേട്ടില്ലേ - എത്രേം പെട്ടെന്ന് ആ ടെമ്പ്ലേറ്റ് മാറ്റാന്‍ നോക്ക് :)

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി അറിയിക്കട്ടെ :)

ഇത്തിരിവെട്ടം|Ithiri said...

അഗ്രജാ ഈ കോപ്പിറൈറ്റ് കോപ്പിറൈറ്റെന്ന് കേട്ടിട്ടുണ്ടോ... ?

ആഷ | Asha said...

അയ്യോ വണ്ടി വിടല്ലേ ഒരാളു കൂടി കേറാനുണ്ടേ

കാര്യായിട്ടൊന്നു എഴുതാനില്ലാതെ പോയന്നോ
ഇതാ പറയണേ സ്വന്തം മുല്ലയ്ക്കു മണമില്ലെന്നു.

ചിന്തിപ്പിച്ചും വേദനിപ്പിച്ചും തുടങ്ങി പൊട്ടി പൊട്ടി ചിരിപ്പിച്ചു അവസാനിപ്പിച്ചു.

എന്നാലും എന്റെ പാച്ചുവേ...പാച്ചുന് ഈ ആന്റിയുടെ ഒരുമ്മ.

ശാലിനി said...

ഇവിടേയും ചൂട് തുടങ്ങുന്നു. പുറത്ത് കണ്‍സ്ട്രക്ഷന്‍ സൈറ്റിലും മറ്റും ജോലിചെയ്യുന്നവരുടെ കാര്യം കഷ്ടം തന്നെ. അവരുടെ ഉള്ളിലും ചൂട് പുറത്തും ചൂട്. എറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നവര്‍ അവരാണല്ലോ.

ആഴ്ചകുറിപ്പുകള്‍ മുടങ്ങാതെ കുറിക്കണം.

അഗ്രജന്‍ said...

ഇത്തിരീ... അതെന്നേണ് ഞാനും പറയണത് :)

ആഷ: ഹഹ... നന്ദി ആഷ... വിട്ട വണ്ടിയില്‍ ചാടിക്കയറിയതിനും പ്രോത്സാഹനമേകുന്ന വാക്കുകള്‍ക്കും :)

ശാലിനി: അതെ, എല്ലാം പണിതുയര്‍ത്തി തരുന്ന അവരാണ് ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോകുന്ന വര്‍ഗ്ഗവും.

അഭിപ്രായങ്ങള്‍ക്കും സമാനചിന്തകള്‍ക്കും നന്ദി.

:)

ikkaas|ഇക്കാസ് said...

ഇവിടെ ചൂട് അതിന്റെ പാരമ്യത്തിലെത്തി. വേനല്‍ മഴ ഇപ്പൊ ഓരോ ഏരിയ തിരിച്ച് ബില്ല് പാസാക്കി കിട്ടണതനുസരിച്ച് അതിന്റെ കോണ്‍‌ട്രാക്ടര്‍ പെയ്യിച്ച് തുടങ്ങിയിട്ടുണ്ട്. ഒട്ടൊരാശ്വാസം.
സീരിയല്‍ തീരുന്നതില്‍ അഗ്രജാഗ്രജപാച്ചുവാദികളെ പോലെ നമുക്കും സന്തോഷം.

പാചുവിന്റെ ലോകം ഇല്ലെങ്കില്‍ ആഴ്ചക്കുറിപ്പ് വട്ടപ്പൂജ്യം. ഹഹഹ

ലാപുട said...

എഴുത്ത് ഒരു ശീലവും ആവശ്യവുമായി തീരുമ്പോള്‍ ഭാഷയില്‍ നിന്ന് ആഡംബരങ്ങളൊക്കെ ഒഴിഞ്ഞ് പോയി ഊര്‍ജ്ജവത്തായ ഒരു ഫ്ലെക്സിബിലിറ്റി രൂപപ്പെടുമെന്ന് തോന്നുന്നു...ആഴ്ചക്കുറിപ്പുകളും ആ വഴിയിലേക്കാണ്...
അഭിനന്ദനങ്ങള്‍, ആശംസകള്‍...:)

മിന്നാമിനുങ്ങ്‌ said...

ഓരൊ ലക്കവും പിന്നിടുമ്പോഴും
ആഴ്ച്ചക്കുറിപ്പുകള്‍ കൂടുതല്‍ ഹൃദ്യവും ആകര്‍ഷകവുമായി അനുഭവപ്പെടുന്നു.
വായന നടക്കട്ടെ,ബ്ലൊഗിന് പുറത്തേക്കും.
ടീവീ പ്രോഗ്രാമുകള്‍ വല്ലാതെ അനുകരിക്കാതിരിക്കാന്‍
പാച്ചൂനെ ശ്രദ്ധിക്കുക.കാലം കലികാലമാണ്.

നന്മയൂറുന്ന/അസൂയയില്‍ കുതിര്‍ന്ന ആശംസകള്‍..

തമനു said...

വായന എന്ന ഭാഗം നന്നായി അഗ്രജാ. അശരീരി പോലെ അല്പായുസാകാതിരുന്നാല്‍ മതി.

പാച്ചുസാറ് പിന്നേം കലക്കി.