Monday, September 3, 2007

നാൽപ്പത്തിയൊന്ന്

അരക്ഷിതാവസ്ഥ പേറുന്ന ജന്മങ്ങള്‍
അടുത്ത സീറ്റിലിരുന്നയാള്‍ ഇടയ്ക്കിടെ സംസാരിച്ച് കൊണ്ടേയിരുന്നു. ഉറങ്ങാനുള്ള മൂഡിലായതിനാല്‍ അയാളെ ഒഴിവാക്കാന്‍ ഞാന്‍ സംസാരത്തില്‍ താത്പര്യമില്ലായ്മ കാണിച്ചെങ്കിലും അയാള്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. എട്ട് വര്‍ഷത്തിലധികമായി അയാള്‍ ഇവിടെയെത്തിയിട്ട്. വിസയും പാസ്സ്പോര്‍ട്ടും എല്ലാം നഷ്ടപ്പെട്ടവന്‍... കിട്ടുന്ന ജോലിയെടുത്ത് ജീവിക്കുന്നവന്‍... നാട്ടില്‍ ജീവിക്കുന്നവരുടെ സ്വപ്നങ്ങളെ പൂവണിയിക്കാന്‍ ശ്രമിക്കുന്നവന്‍... സ്വന്തമായി സ്വപ്നങ്ങള്‍ നെയ്യാന്‍ മറന്ന് പോയവന്‍.

‘അപ്പോ... പൊതുമാപ്പിന് നാട്ടില്‍ പോണുണ്ടാവും ല്ലേ...’ ഞാന്‍ ചോദിച്ചു...
‘നാട്ടീപ്പോവാനോ... ഞാനോ...’ നൊമ്പരപ്പെടുത്തുന്ന ഒരു ചിരിയോടെ അയാള്‍ തിരിച്ച് ചോദിച്ചു...
‘ഭായ്... ഇവടെ പേടിച്ചാണേലും കിട്ടണ ജോല്യെടുത്ത് എന്തേലും രണ്ട് കാശ് കുടുമത്തെത്തിക്കാം... നാട്ടില് ആരെടുത്ത് വെച്ചേക്കണ് ജോലി...? അവിടെ പോയിട്ട് എന്തോന്ന് ചെയ്യാന്‍...?
അയാളുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ എനിക്കുണ്ടായിരുന്നില്ല. തയ്യാറുണ്ടെങ്കില്‍ നാട്ടിലും ഇഷ്ടം പോലെ ജോലികള്‍ ലഭ്യമാണെന്ന ചിരപരിചിതമായ വാക്കുകളോ ഇവിടെ രേഖകളൊന്നും ഇല്ലാതെ നിന്നാലുണ്ടാവുന്ന ഭവിഷ്യത്തുകളോ അയാളോടോതാന്‍ എനിക്കാകുമായിരുന്നില്ല. പിറന്ന മണ്ണിലെ അരക്ഷിതാവസ്ഥയില്‍ ആകുലപ്പെടുന്ന അയാളോടെന്ത് പറയാന്‍! ഇത് ഞാന്‍ കണ്ട്മുട്ടിയ ഒരാള്‍ മാത്രം... മറ്റനേകം പേരും ഇങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ടായിരിക്കാം!

പാച്ചുവിന്‍റെ ലോകം
‘ഉമ്മാ... പാച്ചു ഒരു മാജിക് കാണിക്കട്ടെ...’
‘മാജിക്കാ!...’ നല്ലപാതി ആശ്ചര്യത്തോടെ ചോദിച്ചു.
‘ആ...’
ഒരു ചെറിയ ടോയ് പിറകില്‍ പാന്‍റ്സിനുള്ളില്‍ വെച്ച് കൈകള്‍ രണ്ടും മലര്‍ത്തി കാണിച്ച് പാച്ചു ചോദിച്ചു...
‘ഇപ്പോ റാബിറ്റിനെ കാണാന്‍ല്ലല്ലോ...’
ചിരിയോടെ, വീണ്ടും അതിനെ പ്രത്യക്ഷപ്പെടുത്താനായി പിറകില്‍ തപ്പിയ പാച്ചുവിനത് കിട്ടിയില്ല... ലൂസുള്ള പാന്‍റിസിനുള്ളിലൂടെ അത് താഴേക്ക് വീണിരുന്നു... അത് താഴെ കിടക്കുന്നത് കണ്ട പാച്ചു പറഞ്ഞു...
‘കണ്ടാ... ഇതെന്നേണ് മാജിക്കുമ്മാ...’

15 comments:

Sul | സുല്‍ said...

ആഴ്ചകുറിപ്പുകളുടെ ഉള്ളടക്കം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിക്കുന്നു. (ഓഹ് ഉള്ളടക്കം കൂടിയിരുന്നെങ്കില്‍ .....)

പാച്ചുവിന്റെ പരിപാടി ഇപ്പോള്‍ അനുവിന്റെ സ്ഥിരം പരിപാടിയാ, കൈരളിയിലെ മാജിക് കാണാന്‍ തുടങ്ങിയതു മുതല്‍ :)

-സുല്‍

അതുല്യ said...

അഗ്രുവേ.. ഞാനിത് ആറേഴ് കൊല്ലമായിട്ട് അനുഭവിയ്കുന്നു ഈ ബോറിങ്ങ് മാജിക്ക് പരിപാടി വീട് മുഴുവനും ചീട്ടും, മാജിക്ക് സാധനങ്ങളുമാണു. പക്ഷെ ചിലതൊക്കെ നല്ല രസാണു കാണാന്‍. കട്ട വിരലു മുറിച്ച് മാറ്റുന്നതൊക്കെ അപ്പു കാട്ടുന്നത് കാണാം. ഒരു കുഞി പാല്‍ കുപ്പീന്ന് തോരാതെ പാലു വരുന്നത്, തൊപ്പീലു വച്ച മുട്ട കാണാണ്ടെ പോണത് ഒക്കെ. പക്ഷെ ഏത് സമയവും, സീ തിസ് മാജിക്ക് ന്നും പറഞ് അവന്‍ വരുമ്പോ ഞാന്‍ ഓടി വാതിലു കുറ്റിയിടും, മടുതതിട്ട്. ഞാന്‍ പറയും സ്റ്റേജിലു പോയി കാട്ടിയാ ഏത് വഴിയാണു അടീം ചെരുപ്പും ഒക്കെ വരണത് എന്ന് അറിയില്ലാന്ന്. പാച്ചൂനു മാജിക്ക് കിറ്റ് വാങി കൊടുക്കാം ട്ടോ ഞാന്‍, കൂട്ടതില്‍ കുറെ പീപ്പി കളും വിസിലും. !

മുടങ്ങാതെ പതിപ്പുകള്‍ ഇറക്കാന്‍ കാണിയ്കുന്ന ഈ ഡിറ്റര്‍മിനേഷനു ഞാനീ തൊപ്പി ഊരിപിടിയ്കട്ടെ.

അപ്പു said...

naalppathiyonninu aasamsakal!!

Anonymous said...

എല്ലാവരുടെയും ലോകം, ഒപ്പം പാച്ചുവിന്റെ പ്രത്യേക ലോകവും.

നല്ല എഴുത്ത്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:പാച്ചൂ റാബിറ്റിനെയല്ല അവിടാകുമ്പോള്‍ ഒട്ടകത്തിനെവേണം കാണാതാക്കാന്‍, നല്ല മാജിക്...

മന്‍സുര്‍ said...

അഗ്രജന്‍

ഓരോ എപ്പിഡോസായി വായിച്ച് വരുന്നേയുള്ളു.....അത് കൊണ്ടു
തല്‍ക്കാലം അഭിനന്ദനങ്ങള്‍

എഴുത്തിലെ രീതി ഇഷ്ടമായ് എന്നു പറയാതെ വയ്യ.


മന്‍സൂര്‍,നിലംബൂര്‍

വല്യമ്മായി said...

വിഷയം നന്നായെങ്കിലും വളരെ ചെറുതായിപ്പോയെന്ന ഒരു പരാതിയുണ്ട്.

ശ്രീ said...

:)

ബയാന്‍ said...

അനു,അപ്പു,പാച്ചു ഒരു മാജിക് ഗ്രൂപ്പിന് സാധ്യത കാണുന്നു.

“ഇതിന്നേണ് മാജിക്ക്” , വീണതു വിദ്യയാക്കുന്ന പാച്ചു വിനെ ഇഷ്ടമാവുന്നു.

മഴത്തുള്ളി said...

അഗ്രജാ,

പാച്ചുവിന്റെ മാജിക്ക് ഇഷ്ടമായി. പാച്ചു മാജിക്ക് പഠിപ്പിക്കുമോ ആവോ :)

Satheesh :: സതീഷ് said...

പണ്ട് രാമേട്ടന്റെ ചായക്കടയിലെ സ്പെഷല്‍ ഐറ്റമായിരുന്നു സ്വദേശിവട. ഒരു പ്ലേറ്റില്‍ ഒരു 10 വടയെങ്കിലും കാണും. വാങ്ങാന്‍ ഇഷ്ടം പോലെ ആള്‍ക്കാര്‍ ഉള്ളപ്പോള്‍ ഈ എണ്ണം കുറഞ്ഞ് കുറഞ്ഞ് വരും.. അതുപോലെയാണ്‍ ആഴ്ചക്കുറിപ്പുകള്‍. ഇവിടെയിപ്പോള്‍ എണ്ണം കൂടുമ്പം, വലിപ്പം കുറയുന്നു എന്ന വ്യത്യാസം മാത്രം!
:)

കരീം മാഷ്‌ said...

ഈയിടെ യാത്രയിലുടനീളം അഗ്രജന്‍ ഉറങ്ങുകയാണെന്നു തോന്നുന്നു.
ഒന്നും കാണുന്നില്ല.
അല്ലങ്കില്‍ കണ്ടതു ഉള്‍കൊള്ളുന്നില്ല.
ഏതായാലും ഇതു നിര്‍ത്താതെ കൊണ്ടുപോകാനുള്ള സന്മനസ്സിനു നന്ദി.
വല്ലപ്പോഴും കമണ്ടിട്ടില്ലങ്കിലും വായിച്ചിട്ടില്ലന്നു കരുതരുത്.
കമണ്ടിടാന്‍ ഇപ്പോള്‍ പരിമിതികള്‍ ഏറെ.

തറവാടി said...

:)

സതീശ് മാക്കോത്ത് | sathees makkoth said...

വീണിടത്ത് വിദ്യ ആയല്ലോ പാച്ചുവിന്റെ മാജിക്!

ദേവന്‍ said...

പണ്ട് എനിക്കു പത്രം വിറ്റിരുന്ന ഒരാളും ഇതുപോലെ ആയിരുന്നു അഗ്രജാ. പതിനെട്ടു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ലാത്ത ഒരു തമിഴന്‍. പഴയ അംനെസ്റ്റി സമയത്ത് പോകുന്നില്ലേ എന്നു ചോദിച്ചപ്പോള്‍ പോകാതിരുന്നാല്‍ ഭാര്യയും മക്കളുമെങ്കിലും പട്ടിണി കിടക്കില്ല , പോയാല്‍ എല്ലാവരും തുലഞുപോകും അതുകൊണ്ട് അവരെ കാണാതെ ജീവിച്ചു പോകുന്നു എന്നു പറഞ്ഞു അയാളും...