Monday, September 24, 2007

നാല്പത്തിനാല്

റമദാന്‍ ചിന്തകള്‍...
ഡ്രൈവറുടെ നിര്‍ദ്ദേശം കിട്ടുന്നതിന് മുന്‍പ് തന്നെ ബസ്സിലേക്ക് ആളുകള്‍ തള്ളിക്കയറാന്‍ തുടങ്ങിയതോടെ ഡ്രൈവര്‍ ഡോര്‍ ക്ലോസ്സ് ചെയ്തു. കയറാനാഞ്ഞ ഒരാള്‍ക്ക് ദേഷ്യം വന്നു. ഡ്രൈവറുമായുള്ള തര്‍ക്കത്തിനൊടുവില്‍ അയാള്‍ പറഞ്ഞു... ‘നോമ്പില്ലായിരുന്നെങ്കില്‍ നിന്നെ ഞാന്‍ താഴേക്ക് വലിച്ചിടുമായിരുന്നു...’

‘നോമ്പില്ലായിരുന്നെങ്കില്‍...’ ഞാനുള്‍പ്പെടെ പലരും ഈയൊരു രീതിയില്‍ പറയാറുണ്ട്. നോമ്പുള്ളപ്പോള്‍ മാത്രം ആവശ്യമുള്ളതാണോ ക്ഷമയും നിയന്ത്രണവുമൊക്കെ...! ദൈവഭയവും അനുഷ്ഠാനകര്‍മ്മങ്ങളും വികാരങ്ങളെ നിയന്ത്രിക്കാന്‍ ഏറെക്കുറെ മനുഷ്യനെ പാകപ്പെടുത്തുന്നു എന്ന കാര്യം ഇവിടെ ശ്രദ്ധേയം തന്നെ.

സൌഹൃദം...
പതിനാല് വര്‍ഷമായി സ്ഥിരം കണ്ട്മുട്ടാറുള്ള ചില മുഖങ്ങളുണ്ട് ഞാന്‍ ജോലി ചെയ്യുന്ന കെട്ടിടത്തില്‍. പക്ഷെ, അവരില്‍ ചിലരൊക്കെ ഇന്നും അപരിചിതര്‍ തന്നെ. അവരില്‍ ചിലരുമായൊക്കെ സൌഹൃദത്തിന് ശ്രമിച്ചിരുന്നു പണ്ട്... ഒന്നോ രണ്ടോ തവണ ഞാന്‍ മുന്‍കൈ എടുത്തിട്ടും അവരില്‍ നിന്നും അനുകൂല പ്രതികരണം ഇല്ലാത്തതോണ്ട് പിന്നീട് അതിന് മുതിര്‍ന്നിട്ടുമില്ല... ഒരു പുഞ്ചിരി പോലും പകരാത്ത അപരിചിതരായി ഇപ്പോഴും തുടരുന്നു.

മനുഷ്യരില്‍ പരസ്പരം ആകര്‍ഷണവും വികര്‍ഷണവും ഉണ്ടാക്കുന്ന എന്തോ ഘടകം അടങ്ങിയിട്ടുണ്ടെന്ന് എവിടേയോ വായിച്ചിരുന്നു... അത് നെറ്റ് സൌഹൃദങ്ങള്‍ക്കും ബാധകമാണോ എന്നതാണെന്‍റെ ഇപ്പോഴത്തെ സംശയം.

ജി-ടോക്ക് വഴി പരിചയപ്പെട്ട് ദൃഢമായ സൌഹൃദങ്ങള്‍ ഒത്തിരി... പക്ഷെ, ആദ്യം പറഞ്ഞ എന്‍റെ ഓഫീസ് കെട്ടിടത്തിലെ അപരിചിതരെ പോലുള്ളവര്‍ അവിടേയും ധാരാളം. ആശയങ്ങളിലും ചിന്താഗതികളിലും ഉള്ള വ്യത്യാസമോ രുചിഭേദങ്ങളോ ആയിരിക്കാം ചിലപ്പോള്‍ അടുപ്പിക്കാതെ അകറ്റി നിറുത്തുന്ന ഘടകം... അല്ലെങ്കില്‍ തിരക്കോ മറ്റെന്തെങ്കിലും ഘടകങ്ങളോ ആയിരിക്കാം. എന്തായാലും മിണ്ടുന്നവരേക്കാള്‍ മിണ്ടാത്തവരുടെ ഒരു നീണ്ട നിര ജീ-ടോക്കില്‍ തൂങ്ങിക്കിടപ്പുണ്ട്. തത്ക്കാലം എല്ലാരും അവിടെ തന്നെ ഇരിക്കട്ടെ - ഒരു പക്ഷെ, ഇന്നല്ലെങ്കില്‍ നാളെ നല്ല സൌഹൃദങ്ങളായി മാറിയെങ്കിലോ അവയില്‍ ചിലതെങ്കിലും!

‘ഓ ലവന് ഭയങ്കര തലക്കനമാണ്...’ എന്ന് കരുതി അകലം പാലിച്ചിരുന്ന, ഇപ്പോഴത്തെ എന്‍റെ ഒരടുത്ത കൂട്ടുകാരനോട് അവനെ പറ്റി എനിക്കാദ്യമുണ്ടായിരുന്ന മനോഭാവത്തെ പറ്റി പറഞ്ഞപ്പോള്‍ അവന്‍ തിരിച്ച് പറഞ്ഞത് ‘എനിക്കും നിന്നെ പറ്റി അങ്ങിനെ തന്നെയാണ് തോന്നിയത്... അപാര തലക്കനമാണെന്ന്...’. ചില മുന്‍ധാരണകളും അകലം പാലിക്കാന്‍ പ്രേരിപ്പിക്കുന്നവ തന്നെ!

ആരാധികയുടെ കണ്ടെത്തല്‍...
വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം ഫോണില്‍ ‘ശരറാന്തല്‍ തിരിതാണു... മുകിലിന്‍ കുടിലില്‍...’ എന്ന് ഞാന്‍ പാടിയത്(!) മുതല്‍ മുനീറ എന്‍റെ ആരാധികയായി മാറിക്കഴിഞ്ഞിരുന്നു. അതീയടുത്ത കാലം വരേയും തുടര്‍ന്നിരുന്നു... പക്ഷെ അടുത്തയിടെ ഇവള്‍ക്കെന്‍റെ പാട്ടിനോട് പണ്ടേ പോലെ ആരാധനയില്ലേ എന്നൊരു സംശയം! ഭാര്യയുടെ അടുത്ത് ഒരു സംശയവും മറച്ച് വെക്കാന്‍ പാടില്ല... നേരിട്ടങ്ങ് ചോദിച്ചു...

മറുപടി കിട്ടേം ചെയ്തു...

‘അതേയ്... മുന്‍പ് ഞാനത്രയധികം പാട്ടൊന്നും കേട്ടിട്ടുണ്ടായിരുന്നില്ല... ഇപ്പോ പലപല ചാനലുകളിലായി എത്രയെത്ര നല്ല പാട്ടുകളാ...’

22 comments:

Sul | സുല്‍ said...

“ഠേ...........”
ആഴ്ചകുറിപ്പിനൊരു തേങ്ങയടിച്ചിട്ടെത്തറ നാളായി.

ഹഹഹ
ആരാധികയെ കണ്ടെത്തല്‍ നന്നായി.
ഞങ്ങട നാട്ടിലൊരു ചൊല്ലുണ്ടേ
“പൊട്ടക്കുളത്തിലെ വട്ടുടി വരാലാ“ണെന്ന് :)

-സുല്‍

ആഷ | Asha said...

പൊട്ടകുളത്തിലെ തവളയെന്നല്ലേ സുല്ലേ?
ആരാധികയ്ക്കും വിവരം വെച്ചു ;)

ചിലപ്പോള്‍ ഒത്തിരി സുഹ്യത്തുക്കള്‍ ഉള്ളതിനേക്കാള്‍ നല്ലത് ഇത്തിരി നല്ല സുഹ്യത്തുക്കള്‍ ആവും.

കൊള്ളാം ഈയാഴ്ചത്തെ കുറിപ്പുകള്‍.

ശ്രീ said...

ഹ ഹ.. അവസാനത്തെ മരുപറ്റി ചിരിപ്പിച്ചു
:)

(അതോടെ പാട്ടു നിര്‍‌ത്തിയോ???)

സു | Su said...

ഹിഹിഹി. പാവം അഗ്രജന്‍. ഇനി പുതിയ പാട്ട് വല്ലതും പഠിക്കണം.

നോമ്പുള്ളതുകൊണ്ട്. ഉവ്വ്. അല്ലെങ്കില്‍ എന്ന മനോഭാവം ഉണ്ട്. പക്ഷെ വ്രതങ്ങള്‍, മനുഷ്യന് ചങ്ങലകളല്ല, അവന്റെ മനസ്സിനെ പാകപ്പെടുത്തി, നന്മയിലേക്ക് നയിക്കാനുള്ള പാതകളാണെന്ന് പലരും മറക്കുന്നു.

പിന്നെ, സൌഹൃദം. മറുപുറത്തിരിക്കുന്നവര്‍ പലരും എന്താണെന്നെപ്പറ്റി ചിന്തിക്കുന്നതെന്ന് വ്യക്തമായാലും എനിക്കൊന്നുമില്ല. പലപ്പോഴും, ആ ധാരണയില്‍ അവര്‍ നീങ്ങുന്നതാവും അവര്‍ക്കെങ്കിലും നല്ലത്. :D

അപ്പു said...

നോമ്പുള്ളപ്പോള്‍ മാത്രം ആവശ്യമുള്ളതാണോ ക്ഷമയും നിയന്ത്രണവുമൊക്കെ...! എല്ലാവരും ചിന്തിക്കേണ്ട കാര്യം തന്നെ..

അഗ്രജാ.. പരിചയപ്പെടുന്നതിനു മുമ്പ് ഞാനും തന്നെപ്പറ്റി ഇങ്ങനെ വിചാരിച്ചിരുന്നു... ഭയങ്കര തലക്കനക്കാരനാണെന്ന്. പരിചയപ്പെട്ടുകഴിഞ്ഞപ്പോഴല്ലേ മനസ്സിലായത് ആ ലോലഹൃദയത്തിനുള്ളില്‍ ഒരു കുശുമ്പന്‍ ഒളിച്ചിരിപ്പുണ്ടെന്ന് !!

ഇക്കാസ് മെര്‍ച്ചന്റ് said...

‘നോമ്പില്ലായിരുന്നെങ്കില്‍ നിന്നെ ഞാന്‍ താഴേക്ക് വലിച്ചിടുമായിരുന്നു...’
ഈ ചിന്തയോടു യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. വര്‍ഷത്തില്‍ ബാക്കി പതിനൊന്നുമാസവും തോന്ന്യവാസം കാണിച്ചിട്ട് ഒരുമാസം മാത്രം ശാരീരികേച്ഛകളെ അടക്കി ജയിലില്‍ കഴിയുന്നതുപോലെ ബുദ്ധിമുട്ടി കഴിയുന്നവരുടെ മനസ്സില്‍ നിന്നേ മേല്‍പ്പറഞ്ഞ ചിന്ത ബഹിര്‍ഗമിക്കൂ. വര്‍ഷത്തില്‍ ഒരു മാസം നോമ്പനുഷ്ഠിക്കാന്‍ പടച്ചവന്‍ പറഞ്ഞത് ബാക്കി പതിനൊന്നുമാസത്തെ പ്രവൃത്തികള്‍ക്ക് ഒരു ട്രെയിനിംഗിനു വേണ്ടിയാണ്. അല്ലാതെ പതിനൊന്ന് മാസത്തെ അധര്‍മ്മങ്ങള്‍ക്ക് പരിഹാരമായല്ല ഒരുമാസം പകല്‍ കഞ്ഞീം വെള്ളോം കുടിക്കാതെ കിടക്കാന്‍ പറഞ്ഞത്.

SAJAN | സാജന്‍ said...

പതിവു പോലെ കലക്കന്‍, ഇത്തവണ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അഗ്രജയുടെ മറുപടി ആണ്:)

ശാലിനി said...

ഇവിടെ പലരേയും കണ്ടാല്‍ തോന്നും ആരോ അടിച്ചേല്പിച്ചതാണ് നോമ്പ് എന്ന്. ലോകത്തോടു മുഴുവനും ദേഷ്യവുമായിട്ടാണ് നടപ്പ്. ഇന്നലെ കട്ണ ഒരു വഴക്ക് - നിര്ത്താതെ പോയ വണ്ടിയുടെ ഗ്ളാസില്‍ അടിച്ച ചെറുപ്പക്കാരനുനേരേ വണ്ടിനിര്ത്തി ഇറങ്ങിവന്ന് വഴക്കുണ്ടാക്കിയ ഡ്രൈവര്‍ (രണ്ടുപേരും ബംഗാളികള്‍). നോമ്പല്ലേ വിട്ടുകള എന്നു പറഞ്ഞയാളോട് അയാള്‍ പറഞ്ഞത്, അവന്‍ മുസ്ളിമല്ല, യഹൂദിയാണ് എന്ന്. വെറുതെ ഒരു പേരിനെന്നപോലെ നോമ്പ് ആചരിക്കുന്നവരാണ് പലരും, എന്നാല്‍ യതാര്ത്ഥവിശുദ്ധിയോടെ ആചരിക്കുന്നവരേയും കാണാറുണ്ട്.

നാട്ടില്‍ പോകുന്നതിന്‍റെ ഒരുക്കമൊക്കെ തുടണ്ങിയോ?‍

കുഞ്ഞന്‍ said...

നല്ല പാതിയുടെ മറുപടി ഉഗ്രന്‍, കിടിലന്‍...


കാഴ്ചപ്പാട് നന്നായി..:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ ശരറാന്തല്‍ തറേലിട്ട് പൊട്ടിച്ചല്ലേ :)ഇനിയൊരു പുതിയ “വാ വാ മനോരഞ്ജിനീ“ പാടി നോക്ക് ചെലപ്പം ഫലിക്കും :)

വേണു venu said...

കുറിപ്പുകളെല്ലാം ഒരു ചെറുചിരിയുമായി ചിന്തിപ്പിക്കുന്നു.:)

::സിയ↔Ziya said...

അഗ്രജന് വല്യ തലക്കനമാണെന്ന് എനിക്കും തോന്നീരുന്നു. അഗ്രജന്‍ പാട്ടുകാരനാണ് എന്ന തോന്നല്‍ മുനീറാത്താക്ക് മാറിയെങ്കിലും എനിക്ക് മേപ്പടി തലക്കന തോന്നല്‍ അത്ര മാറീട്ടില്ല.

പിന്നെ നോമ്പില്ലാരുന്നേ കാണിച്ചു തന്നേനെ എന്ന് പറയുന്നവര്‍ ഇക്കാസ് പറയുന്ന തരത്തില്‍ പെട്ടവരാണ്. ജീവിതം സംസ്‌കരിച്ച് വര്‍ഷം മുഴുവന്‍ നന്മ പ്രവര്‍ത്തിക്കാനുള്ള കടുത്ത പരിശീലനം തന്നെയാണ് നോമ്പ്. നോമ്പൊന്നു തീര്‍ന്നു കിട്ടിയിരുന്നെങ്കില്‍ എന്തു തോന്ന്യാസവും പ്രവര്‍ത്തിക്കാം എന്ന വിചാരം റമദാനിനു തന്നെ അപമാനമാണ്.

Visala Manaskan said...

നന്നായിട്ടുണ്ട് ട്ടാ.

അപ്പോ‍ അഗ്രജന്‍ പാട്ടും പാടുമോ? നിക്ക് വയ്യ!!

:)

sandoz said...

അഗ്രൂസേ....
ചങ്ങാത്തങ്ങള്‍ ഒരു സുഖമുള്ള ഏര്‍പ്പാടല്ലേ മനുഷ്യാ.....
നിങ്ങള്‍ ഒരു പാട്ട്‌ പോസ്റ്റ്‌ ചെയ്യാനുള്ള ചാന്‍സ്‌ ഞാന്‍ കാണുന്നുണ്ട്‌......
അതിനുള്ള ചില മുന്‍ കൂര്‍ ജാമ്യങ്ങള്‍ പ്രത്യക്ഷപ്പെട്ട്‌ തുടങ്ങി....

ബാജി ഓടംവേലി said...

ആരാധികയെ മറ്റ് മനുഷ്യന്മാരുടെ മുന്‍പിലൊന്നും കൊണ്ടുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
നന്നായിരിക്കുന്നു.

നിഷ്ക്കളങ്കന്‍ said...

അപ്പം ശരിയ്കും അഗ്രജന് തലക്കനമില്ലെന്നോ?
ഹോ. എന്നാ ഞാന്‍ കൂടാം . ഞാമ്മിചാരിച്ച്.... ബ‌യങ്ക‌ര ഡമ്പനാന്നാ...

:)) ന‌ന്നായി അഗ്രജാ.നല്ല ര‌സമു‌ള്ള ചിന്തിപ്പിക്കുന്ന് നിരീക്ഷ‌ണ‌ങ്ങ‌ള്‍.
ശ‌ബരിമലയ്ക്ക് പോകാന്‍ മാലയിട്ടിട്ട് ഇതേ പരിപാടിയുണ്ട്.
"ഞാന്‍ മാലയിട്ട് പോയി.. സ്വാമിയായിപ്പോയി.. അല്ലേക്കാണാമാരുന്നു" എന്നൊക്കെ.
പച്ചത്തെറി വി‌ളിച്ചിട്ട് "സ്വാമിശ‌രണം" എന്നവസാന‌ം പ‌റഞ്ഞ് പാപത്തെ കാന്‍സ‌ല്‍ ചെയ്യുന്ന സ്വാമിമാരും കു‌റവല്ല.

ഏ.ആര്‍. നജീം said...

ഒരുപാട് ചിന്തിക്കേണ്ട് ഒരു വലിയ സത്യത്തില്‍ തുടങ്ങി നല്ലോരു ചിരിയില്‍ അവസാനിപ്പിച്ചു.. അല്ലെ..?
അഭിനന്ദനങ്ങള്‍..

ഏറനാടന്‍ said...

അഗ്രജാ പാച്ചൂസ്‌ സെന്‍സോഫ് ഹ്യൂമര് പിന്നെങനെ കിട്ടാതിരിക്കും. ഇങളും കൊള്ളാം, ആരാധികയും ബെസ്റ്റ്.. പാച്ചു ഇസ് ആള്‍ ദി ബെസ്റ്റ്.. പതിവുപോലെ നന്നായിരിക്കുന്നു വാരഫലം..

അഗ്രജന്‍ said...

സുല്‍
വട്ടുട്ടി എന്താന്ന് പറ...! :)

ആഷ
“ആരാധികയ്ക്കും വിവരം വെച്ചു“ <<< ഈ അഭിപ്രായത്തിനൊഴികെ ബാക്കിയെലാറ്റിനും നന്ദി :)

ശ്രീ
ശ്രീയേ... പാടണ പരിപാടി അല്ലെങ്കിലും ഇല്ല :)

സു
അത് ശരി അങ്ങനാണല്ലേ... ഇനിയപ്പോ ഞാനെപ്പോ കണ്ടാലും മിണ്ടിക്കോളാം :)

അപ്പു
ശ്ശൊ... ഈ അപ്പൂന്‍റെ ഒരു കാര്യം... എന്‍റെ കുശുമ്പിനേം കണ്ടെത്തി! :)

ഇക്കാസ് മെര്‍ച്ചന്റ്
പലരും നോമ്പിന്‍റെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ ഉള്‍കൊള്ളുന്നില്ല എന്ന് തന്നെയാണ് ഞാനും പറഞ്ഞത്... നന്ദി :)

SAJAN
നന്ദി സാജാ... എവിടെ പോസ്റ്റുകളൊന്നും കാണുന്നില്ലല്ലോ (അതോ ഞാന്‍ കാണത്തതോ!)
:)

ശാലിനി
ശരിയാണ് ശാലിനി പറഞ്ഞത് പോലെ തന്നെയാണ് ചിലരുടെയെങ്കിലും നടപടികള്‍... നോമ്പുണ്ടെന്ന കാരണം കൊണ്ട് അകാരണമായി ചൂടാവുന്ന ബോസ്സിനെ പറ്റി സുഹൃത്ത് കഴിഞ്ഞ ദിവസം പറഞ്ഞതേയുള്ളൂ...!

നാട്ടില്‍ പോക്കിന്‍റെ ഒരുക്കങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നു... ഇനി പതിനഞ്ച് ദിവസങ്ങള്‍ കൂടെ ബാക്കി - നന്ദി :)

കുഞ്ഞന്‍
നന്ദി കുഞ്ഞന്‍... നല്ലപാതിയുടെ മറുപടി എനിക്കത്ര ഉഗ്രനായി തോന്നിയില്ല :))

കുട്ടിച്ചാത്തന്‍
ഉവ്വ്... :)

വേണു
നന്ദി വേണുജി :)

::സിയ↔Ziya
ആ... എങ്കി നന്നായിപ്പോയി... :)

Visala Manaskan
ഹഹഹ... തമനുവിന് വരെ പാടാമെങ്കില്‍... :)

sandoz
ഹഹഹ ഇതാ പറഞ്ഞത് കാക്ക കണ്ടറിയുമെന്ന്... :)

ബാജി ഓടംവേലി
:)

നിഷ്ക്കളങ്കന്‍
പിന്നെന്താ... കൂടിയേക്കാം :)

ഇതൊന്നും അനുഷ്ഠാനങ്ങളുടേയോ അവയുടെ ഉദ്ദേശങ്ങളുടേയോ പോരായ്മകളല്ല... പകരം അവ ഉള്‍ക്കൊള്ളുവാനുള്ള മനുഷ്യന്‍റെ കഴിവ് കേട് തന്നെ!

ഏ.ആര്‍. നജീം
നന്ദി നജീം... :)

ഏറനാടന്‍
നന്ദി :)

എന്റെ ഉപാസന said...

വൈഫ് കല്യാണത്തിന് മുന്‍പ് ചാനലുകളൊന്നും കാണാതിരുന്നത് നന്നായി...
:)
ഉപാസന

kichu said...

അഗ്രജന്‍...

44ന് hats off

ഞങ്ങളുടെ നാട്ടില്‍ ചൊല്ല് ഇങ്ങനെയാണ്
“വരാല്‍ ഇല്ലാത്ത കുളത്തില്‍ വട്ടുടി മൂപ്പന്‍”

ഏതായാലും അടുത്ത തവണ ഏതെന്കിലും music reality show വില്‍ ഒരു കൈ നോക്ക്. രക്ഷയുണ്ടോന്നറിയാം.

ആശംസകള്‍...

P.R said...

അഗ്രജന്‍ മാഷേ...
കുറിപ്പുകളെല്ലാം പതിവായി വായിയ്ക്കാറുണ്ട്.
എന്റെ കണക്കില്‍, വളരുമെന്നു തോന്നുന്ന സൌഹ്ര്‌ദങ്ങള്‍ക്കാണ് കൂടുതല്‍ സമയം കൊടുക്കാറുള്ളത്.
അതിനുള്ള ഘടകങ്ങള്‍ എന്തെല്ലാമാവാം എന്നു അധികം ചിന്തിച്ചു നോക്കിയ്യിട്ടില്ല പക്ഷെ..
ഇഷ്ടമായി ഇതും..