പതിനാറ്
യാദൃശ്ചികത
ഇന്നലെ ആഴ്ചക്കുറിപ്പിടണം എന്ന് കരുതിയിരുന്നതാണ്. പക്ഷെ, ഇത്തിരിവെട്ടം റഷീദിന്റെ ഉപ്പ മരണപ്പെട്ടെന്ന ദുഃഖവാര്‍ത്തയാണ് രാവിലെ കേട്ടത്. നമ്മിലൊരാള്‍ അതും ദിവസവും സംസാരിക്കുന്ന ഒരാള്‍ അവിടെ വ്യസനിച്ചിരിക്കുമ്പോള്‍ പോസ്റ്റിടാനോ എന്തിന് ഒരു കമന്റിടാന്‍ പോലും തോന്നിയില്ല. ഇത്തിരിവെട്ടത്തിന്റെ ഒരു മകന് എന്ന പോസ്റ്റിലെ കഥാപാത്രത്തിന്റെ അവസ്ഥയോട് സമാനമായൊരു ഘട്ടത്തില്‍ റഷീദ് എത്തിപ്പെട്ടത് കണ്ടപ്പോള്‍ മനസ്സ് ശരിക്കും പിടഞ്ഞു പോയി... അവനെ എങ്ങിനെ ആശ്വസിപ്പിക്കണം എന്നുപോലും അറിയില്ലായിരുന്നു.
ഒരു സന്തുഷ്ടന്‍
അപൂര്‍വ്വമായേ ജീവിതത്തില്‍ സന്തുഷ്ടരായവരെ കണ്ടു മുട്ടാറുള്ളൂ. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ വിത്യാസമില്ലാതെ എല്ലാവര്ക്കും കാണും എന്തെങ്കിലും തരത്തിലുള്ള പരാതികള്‍. പരാതികളും ബുദ്ധിമുട്ടുകളും ഇല്ലാത്ത ജീവിതമോ! - അതുണ്ടാവില്ല, എങ്കിലും കുറേയൊക്കെ അസന്തുഷ്ടി നമ്മളായിട്ടു തന്നെ വരുത്തി വെക്കുന്നതല്ലേ എന്നാണെനിക്ക് തോന്നാറ് - എന്റെ കാര്യത്തിലെങ്കിലും പലപ്പോഴും അതാണ് സത്യം എന്നെനിക്കറിയാം.
ആഗ്രഹങ്ങളും മോഹങ്ങളും അതിരുകള്‍ ഭേദിച്ചു മുന്നേറുമ്പോള്‍, അത് നേടാനാവാതെ വരുമ്പോള്‍ അല്ലെങ്കില്‍ അതിനായ് പെടാപാടു പെടുമ്പോള്‍ അതു വരെ അനുഭവിച്ചു കൊണ്ടിരിക്കുന്ന സന്തോഷകരമായ ജീവിത്തിന്റെ കടയ്ക്കല്‍ കത്തി വെക്കപ്പെടുകയാണ് ചെയ്യുന്നത്.
ഇത്രയൊക്കെ ഇപ്പോള്‍ പറയാന്‍ കാരണം, ഞാന്‍ കഴിഞ്ഞ ദിവസം ഒരു സന്തുഷ്ടനായ മനുഷ്യനെ കണ്ടുമുട്ടുവാന്‍ ഇടവന്നു. അതും അയാളെപറ്റി ഞാനൊരു മുന്‍ധാരണ വെച്ചതില്‍ നിന്നും തികച്ചും വിഭിന്നമായൊരു മുഖത്തോടെ.ചില അത്യാവശ്യ ജോലികള്‍ തീര്‍ക്കാനുണ്ടായിരുന്നത് കൊണ്ട് അന്ന് രാത്രി പതിനൊന്നര കഴിഞ്ഞിരുന്നു ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍. ഷാര്‍ജയിലേക്ക് ലൈന്‍ ബസ്സ് പത്ത് പതിനൊന്ന് മണി കഴിഞ്ഞാല്‍ പിന്നെ ഉണ്ടാവില്ല. മീറ്റര്‍ ടാക്സി വിളിച്ചാല്‍ നടുവൊടിഞ്ഞതു തന്നെ, എങ്കിലും ഷെയര്‍ ചെയ്യാന്‍ രണ്ടാളെ കിട്ടുകയാണെങ്കില്‍ അത്ര വലിയ ഭാരമാവുകയുമില്ല. അങ്ങിനെ ആരെയെങ്കിലും നോക്കി നില്ക്കുമ്പോള് ഒരു പിക്കപ്പ് വന്നു. ഒരു പാക്കിസ്ഥാനിയായിരുന്നു ഡ്രൈവര്‍. ഇരുപത്തി അഞ്ച് ദിര്‍ഹംസ് വേണം ഷാര്ജയിലേക്കെന്നു പറഞ്ഞു അയാള്‍. ഇരുപത് ദിര്ഹംസിനാണെങ്കില് പോരാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പിന്നെ വില പേശലിനൊന്നും നില്‍ക്കാതെ സമ്മതിച്ചു.
സാധാരണ പച്ച (പാക്കിസ്ഥാനി) യുടെ വണ്ടികളില്‍ (ടാക്സി) കയറിയാല്‍ സംസാരം പരമാവധി കുറച്ച് മിണ്ടാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അതിന് ചില കാരണങ്ങളുമുണ്ട്... അവരുടെ വണ്ടികളിലെ അപാര നാറ്റം, പിന്നെ അവന്മാര് വായ തുറന്നാലുള്ള നാറ്റം, പിന്നെ പുതപ്പായും വിരിയായും അവരുപയോഗിക്കുന്ന വെള്ളം കാണാത്ത അവരുടെ തലേക്കെട്ടില്‍ നിന്നുള്ള നാറ്റം, പിന്നെ ഹിന്ദിയില്‍ എനിക്കുള്ള അല്പജ്ഞാനം എന്നിവയൊക്കെയാണ്.
അയാള്‍ ആദ്യം ചോദിച്ചതിനൊക്കെ മുറി ഹിന്ദിയില്‍ അഡ്ജസ്റ്റ് ചെയ്ത് മറുപടി പറഞ്ഞപ്പോള്‍ തന്നെ അയാള്‍ എന്നോട് ഇംഗ്ലീഷില്‍ ചോദിച്ചു... ‘ഹിന്ദി ശരിക്കറിയില്ല അല്ലേ...’ എന്ന്. പിന്നീട് അയാള്‍ സംസാരിച്ചത് നല്ല ഒഴുക്കുള്ള ഇംഗ്ലീഷിലായിരുന്നു. എനിക്ക് കേള്‍ക്കാന്‍ താത്പര്യം ഉണ്ടെന്നറിഞ്ഞപ്പോള്‍ അയാള്‍ ഇവിടെ (ദുബായില്‍) എത്തിയത് മുതലുള്ള കഥകള്‍ പറഞ്ഞു... ഞാന്‍ നല്ലൊരു കേള്‍വിക്കാരനായി.
സ്കൂള്‍ വിദ്യാഭ്യാസം ഒട്ടും തന്നെ നേടിയിട്ടില്ലാത്ത അയാള്‍ ഇവിടെ വന്നിട്ട് മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. വന്ന് രണ്ട് വര്‍ഷം കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഹെല്‍പറായി ജോലി ചെയ്തു. പിന്നീട് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയപ്പോള്‍ സ്വന്തമായി ടാക്സി ഓടിക്കാന്‍ തുടങ്ങി. വിവാഹിതനായി... ഇരുപത്തിയൊന്നു വര്‍ഷം കുടുംബത്തെ ഇവിടെ തന്നെ താമസിപ്പിച്ചു. മക്കള്‍ക്കൊക്കെ നല്ല വിദ്യാഭ്യാസം കൊടുത്തു. തനിക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസം മക്കള്‍ക്ക് ലഭിക്കണമെന്ന് തനിക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു എന്നയാള്‍ പറഞ്ഞു. പിന്നീട് നല്ലൊരു വീട് വെച്ച് കുടുംബത്തെ നാട്ടിലേക്കയച്ചു. മൂത്ത മകനെ ഉപരി പഠനത്തിന് വിദേശത്തയച്ചു. കൂടുതല്‍ പഠിക്കാന്‍ താത്പര്യമില്ലാത്ത രണ്ടാമത്തെ മകന് സ്വര്‍ണ്ണക്കട ഇട്ടു കൊടുത്തു. മകളെ നല്ല രീതിയില്‍ കല്യാണം കഴിച്ചു കൊടുത്തു... പിന്നീട് മകള്‍ക്ക് നല്ലൊരു വീട് വെച്ചു കൊടുത്തു. ഇതൊക്കെ പറയുമ്പോള്‍ വലിയൊരു ഉത്സാഹം, സംതൃപ്തി അല്ലെങ്കില്‍ ഒരുതരം നിര്‍വൃതി അയാളുടെ വാക്കുകളിലുണ്ടായിരുന്നു.
ഇത്രയൊക്കെ കേട്ടപ്പോള്‍ സ്വാഭാവീകമായും അടുത്തതായി അയാള്‍ പറയാന്‍ പോവുന്നത്... ഇത്രയൊക്കെ ചെയ്തു കൊടുത്ത തന്നെ അവര്‍ ഇപ്പോള്‍ കറിവേപ്പില കണക്കേ കാണുന്നു എന്നതായിരുന്നു. പക്ഷെ, എനിക്ക് തെറ്റി.അയാള്‍ തുടര്‍ന്നു... എനിക്ക് വേണമെങ്കില്‍ വീട്ടില്‍ സുഖമായിട്ടിരുന്നാല്‍ മതി. ഭാര്യയും മക്കളും പറയുന്നതും അത് തന്നെയാണ്. ഇപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്നത് സമ്പാദിക്കാന്‍ വേണ്ടിയല്ല. എന്റെ ആത്മസംതൃപ്തിക്ക് വേണ്ടി മാത്രം. ഞാന്‍ ചിലപ്പോള്‍ രണ്ട് മാസം കൂടുമ്പോള്‍ നാട്ടില്‍ പോകും, എപ്പോള്‍ കുടുബത്തെ കാണാന്‍ തോന്നുന്നു അപ്പോള്‍ പോകും. ഇത്രയൊക്കെ നേടാന്‍ സഹായിച്ച അനുഗ്രഹിച്ചു തന്ന ദൈവത്തിനു സ്തുതി. ആര്‍ക്കും ഭാരമാകാതെ, വിഷമിപ്പിക്കാതെ എപ്പോള്‍ വേണമെങ്കിലും പോവാന്‍ തയ്യാര്‍.
ഇത്രയും സന്തോഷകരമായി കഴിഞ്ഞകാല ജീവിതം ഒരാള്‍ വിവരിക്കുന്നത് ഞാനാദ്യമായിട്ട് കേള്‍ക്കുകയായിരുന്നു... അതെ, ഞാനൊരു സന്തുഷ്ടനെ കണ്ടുമുട്ടുകയായിരുന്നു.
പാച്ചുവിന്റെ ലോകം
കഴിഞ്ഞ ആഴ്ചക്കുറിപ്പില്‍ പറഞ്ഞ ബഫല്ലോ ഒരെണ്ണം വാങ്ങിക്കൊടുത്തിരുന്നു പാച്ചുവിന്. കയ്യില്‍ കിട്ടിയതിന്റെ പിറ്റേ ദിവസം തന്നെ അതിന്റെ പരിപ്പൂരാന് തുടങ്ങിയിരുന്നു. ആദ്യം ഊരിയത് വാലായിരുന്നു. ഞാന്‍ ഓഫീസില്‍ നിന്നും എത്തിയ പാടെ പാച്ചുവിന് പറയാനുണ്ടായിരുന്ന പരാതി ബഫല്ലോയുടെ വാല് പൊട്ടിയതായിരുന്നു. പക്ഷെ പാച്ചുവിന് വാലിന് എന്താണ് പറയുക എന്നത് പെട്ടെന്നങ്ങട്ട് ഓര്‍മ്മ വന്നില്ല.
‘ഇത് പൊട്ടി‘ എന്ന് പറഞ്ഞ് ആ ഭാഗം കാണിച്ചു തന്ന പാച്ചുവിനോട് ‘എന്താണ് പൊട്ടിയത്’ എന്ന് ഞാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചപ്പോള്‍, പാച്ചു അതിന്റെ പേരു വ്യക്തമാക്കാന്‍ ഒരു വഴി കണ്ടെത്തി!
പിന്‍വശത്ത് ഞാന്നു കിടന്നിരുന്ന അരഞ്ഞാണത്തിന്റെ ഭാഗം തൊട്ടു കാണിച്ചു തന്നു പാച്ചു.
തൂങ്ങിക്കിടക്കുന്ന അരഞ്ഞാണത്തിന്റെ ഭാഗത്തിനെ പാച്ചുവിന്റെ വാല് എന്ന് പറഞ്ഞ് ഞങ്ങള്‍ കളിയാക്കുന്നത് പാച്ചു മറന്നിട്ടുണ്ടായിരുന്നില്ല :)
1 comment:
22 അഭിപ്രായങ്ങള്‍:
അഗ്രജന് said...
ആഴ്ചക്കുറിപ്പുകള്‍ 16
പുതിയ പോസ്റ്റ്
12:19 PM
തറവാടി said...
സ്വന്തം സഹോദരങ്ങളുടെ പഠിപ്പിന് വേണ്ടി പഠിപ്പ് കളഞ്ഞിട്ടുള്ള പലരേയും അറിയാമെനിക്ക്.
നന്നായിരിക്കുന്നു അഗ്രജാ " പിന്നെ " എന്നാത് കൂടുതലായോ , അതിനുള്ള പകരക്കാരനുന്ടായിരുന്നല്ലോ :)
12:32 PM
ഇക്കാസ് said...
സന്തുഷ്ടനായ ഒരാളെയെങ്കിലും കണ്ടുമുട്ടാനായത് അഗ്രജന്റെ ഭാഗ്യം തന്നെ.
ഇത്തിരിവെട്ടത്തിന്റെ പിതാവിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
12:38 PM
/അഡ്വ.സക്കീനകധീര് said...
പാക്കിസ്ഥാനികളുടെ വണ്ടിയെ കുറിച്ചുള്ള വിവരണം അസ്സലായി. അവരോടിക്കുന്ന കാറില്‍ കാറില്‍ കയറിയാല്‍ എത്ര ചൂടാണെങ്കിലും ഗ്ലാസ് താഴ്ത്തിയിടുകയാണ് പതിവ്.
നാറ്റം തന്നെ കാരണം. ആദ്യ കാലങ്ങളില്‍ ഇവരോറ്റൊപ്പം താമസിച്ചപ്പോഴുണ്ടായ അവസ്ഥയും മറ്റൊന്നല്ല. രാവിലെ എഴുന്നേറ്റ് പല്ല് തേക്കാതെ, കുളിക്കാതെ ലിപ്സ്റ്റിക്കും
ഐ ലൈനറും റൂഷുമെല്ലാമിട്ട് സൌന്ദര്യത്തിന്റെ അമ്പാസഡറായി പോകുന്നത് കണ്ട് മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിച്ചത് നന്നായെന്ന്
ആദ്യമായി തോന്നിയത് ദുബായില്‍ വന്നപ്പോഴാണ്. അല്ലെങ്കില്‍ ഇന്ത്യ മുഴുവന്‍ പണ്ടേ നാറ്റിച്ചേനേ ഇവര്‍.
12:39 PM
തമനു said...
എല്ലാ അവസരങ്ങളിലും സന്തോഷവാനായിരിക്കുക. അതൊരു ഭാഗ്യം തന്നെയാണ്. വളരെ ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും കഴിയാറില്ല. അഗ്രജന് പറഞ്ഞതിനോട് നൂറ് ശതമാനവും യോജിക്കുന്നു, കുറേയൊക്കെ അസന്തുഷ്ടി നമ്മളായിട്ടു തന്നെ വരുത്തി വയ്ക്കുന്നതാണ്.
ഈ ആഴ്ചക്കുറിപ്പും ഹൃദ്യം.
NB. അപ്പോ വീട്ടില്‍ ബഫല്ലോയുടെ എണ്ണം രണ്ടായി അല്ലേ .. പാച്ചുവിനും, അഗ്രജയ്ക്കും കൂട്ടായി ഓരോന്ന്.. (അടുത്ത മീറ്റിനു ഞാന്‍ വരില്ല, അടിക്കാന്‍ വെറുതെ ആളെക്കൂട്ടണ്ടാ..)
12:40 PM
വല്യമ്മായി said...
ഉള്ളതില്‍ സംതൃപ്തി കണ്ടെത്തുക എന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം.
പതിവു പോലെ നന്നായി
12:40 PM
കുട്ടന്മേനൊന് | KM said...
എന്നും സ്ന്തോഷവാനായിരിക്കുക എന്നത് ഇന്നൊരു മിഥ്യയായിരിക്കുന്നു.
12:55 PM
ദില്ബാസുരന് said...
അഗ്രജനണ്ണാ,
സംതൃപ്തനായ മനുഷ്യനെ കാണാന്‍ കഴിഞ്ഞ താങ്കള്‍ ഭാഗ്യവാന് തന്നെ. പണ്ട് ഗുരു സംതൃപ്തനായ ഒരുവനെ കണ്ട് വരാന്‍ പറഞ്ഞയച്ചിട്ട് ലോകം മുഴുവന്‍ തെണ്ടിത്തിരിഞ്ഞ് ഒരാളെ പോലും കാണാതെ നശിച്ച് നാറാണക്കല്ലായിപ്പോയ ശിഷ്യന്റെ കഥ കേട്ടിട്ടില്ലേ. :-)
ഓടോ: പാച്ചുവിനൊക്കെ ഓര്‍മ്മയുണ്ട്. എല്ലാം കൂടി ഒരു ദിവസം പാച്ചുവിന്റേന്ന് കിട്ടും കളിയാക്കിയതിനൊക്കെ. ഫ്ലാറ്റിന്റെയുള്ളില് കല്ല് കിട്ടാത്തത് നിങ്ങടെ ഭാഗ്യം. നോക്കിയിരുന്നോളൂ.. :-)
1:56 PM
വിചാരം said...
കൊള്ളാം
വിവരണം
അയാള്‍ തൃപ്തനായിരുന്നുവോ ? ആവണമല്ലോ വ്യക്തിയുടെ കാഴ്ച്ചപാടുകളാണല്ലോ സംതൃപ്തിയുടെ മാനദണ്ഡം
(കുവൈറ്റില്‍ എന്റെ റൂമിന്റെ അടുത്തുള്ളൊരു പച്ച എഴുന്നേറ്റ ഉടനെ ഡ്രസ്സ് മാറും എന്നിട്ട് നമ്പര്‍ 2 വിന് പോകും പിന്നെ തലമാത്രം കഴുകും തല പകുതി തോര്‍ത്തി മുടി ചീകി പിന്നെയാണ് പല്ല് തേയ്പ്പ് .... )
ദേ പാച്ചുവിന്റെ ഇടയില്‍ നീ ജയിക്കില്ല മോനെ .. ആ പരിപ്പ് അവിടെ വേവില്ല
3:22 PM
mumsy said...
ഒരുദിവസം ഷാര്‍ജയില്‍ നിന്ന് ഒരു പാകിസ്താനി ആക്രി കച്ചവടക്കാരന് ദുബൈയിലേക്ക് എനിക്കൊരു ലിഫ്റ്റ് തന്നു .
പഹയന് ഓക്സ്ഫോര്‍ഡ് ആക്സന്റില്‍ ഇംഗ്ളീഷ് പറഞ്ഞ് എന്നെ ഞെട്ടിച്ചു കളഞ്ഞു. പിന്നെ നാറ്റത്തിന്റെ കാര്യം പറഞ്ഞ് പച്ചകളെ കളിയാക്കാന്‍ മാത്രം നമ്മള് ശുചിത്വമുള്ളവരാണോ?
ആഴ്ചകുറിപ്പ് നന്നായി.
3:22 PM
ഏറനാടന്‍ said...
എന്നത്തേയും പോലെ ഹൃദ്യമായി. മുടക്കരുതെന്ന് വീണ്ടും ആഗ്രഹിച്ചോട്ടെ.
5:55 PM
സതീശ് മാക്കോത്ത് | sathees makkoth said...
ഇത്തിരിവെട്ടത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു.
എവിടെയോ വായിച്ചതാണ്.
ഏറ്റവും കൂടുതല്‍ സന്തുഷരുള്ളത് ബംഗ്ലാദേശിലാണ്. അമേരിക്ക വളരെ പിന്നിലുമാണ്.
ഒരു സന്തുഷ്ടനെ കണ്ടതിന്റെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു.
പാച്ചുവിന്റെ വാലു കൊള്ളാം!
7:34 PM
കരീം മാഷ് said...
പലരെയും നാം അണ്ടര്‍ എസ്റ്റിമേറ്റു ചെയ്യും, ചിലരെ ഓവര്‍ എസ്റ്റിമേറ്റും. കലീജ് റ്റൈംസില്‍ വന്ന ഒരു പദപ്രശ്നം പൂരിപ്പിക്കാന്‍ ഞാന്‍ കഷ്ടപെട്ടപ്പോള്‍ അറബാബിന്റെ വീട്ടിലെ ഒരു സിലോണി ഹൌസ്മേഡ് അതു അഞ്ചു മിനിട്ടു കൊന്റു ചെയ്തപ്പോള്‍ ഞാന്‍ ശരിക്കും ചമ്മി
7:38 PM
Reshma said...
പാച്ചൂന്റെ വാല് :)
8:44 PM
Anonymous said...
പ്രയത്നശാലിയായ ആ സഹോദരന്റെ ജീവിതം ശരിക്കും ഒരു മാതൃകയാണ്. ഇത്തരം നേര്കാഴ്ചക്കുറിപ്പുകള് ആഴ്ച്ചകുറിപ്പുകളെ അതീവ ഹൃദ്യമാക്കുന്നു.
Nousher
3:53 AM
ശാലിനി said...
ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ലാതെയാവുമ്പോള് സന്തോഷവും ഇല്ലാതെയാവും. ഈ ആഴ്ചയിലെ കുറിപ്പ് എന്റെ ഉള്ളിലേക്ക് ഒന്ന് നോക്കാന്‍ സഹായിച്ചു. നന്ദി.
11:23 AM
സുല്‍ | Sul said...
ആഴ്ചകുറിപ്പുകള്‍ പതിവുപോലെ നന്നായിരിക്കുന്നു അഗ്രു.
ഇത്തിരിയുടെ ഉപ്പാക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ!
-സുല്‍
2:43 PM
അഗ്രജന് said...
“ആഴ്ചക്കുറിപ്പുകള്‍ 16“ വായിച്ച, അഭിപ്രായം പങ്കുവെച്ച എല്ലാവര്ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ.
തറവാടി: ശരിയാണ്, അങ്ങിനെയുള്ള ത്യാഗമന്സ്കരം ധാരാളം... ‘പിന്നെ’യുടെ ആവത്തനം ചൂണ്ടിക്കാണിച്ചത് നന്നായി. ഇനിയുള്ള പോസ്റ്റുകളില്‍ ശ്രദ്ധിക്കാന്‍ അത് സഹായിക്കും... നന്ദി :)
ഇക്കാസ്: അങ്ങിനെയുള്ളവരെ കണ്ടുമുട്ടുമ്പോള്‍ നമുക്ക് ഒന്ന് സ്വയം വിശകലനം ചെയ്യാന്‍ തോന്നും (കുറച്ച് നേരത്തിനെങ്കിലും) :)
അഡ്വ:സക്കീനകധീര്
ഹഹഹ... ആ അവസാനത്തെ തോന്നല്‍ എനിക്കുണ്ടായതും ഇവിടെ വന്നതിന് ശേഷം തന്നെ :)
തമനു: വെച്ചിട്ടൊണ്ട് ഞാന്‍...
ഒ.ടോ: ആദ്യത്തെ റിംഗില്‍ തന്നെ എന്റെ ഫോണെടുത്തിരുന്ന തമനു ഇന്നലെ മുതല്‍ ഒത്തിരി സമയം റിംഗ് ചെയ്താലേ ഫോണെടുക്കൂ എന്നായിരിക്കുന്നു - എന്തുപറ്റിയാവോ :))
വല്യമ്മായി: അതെ, അങ്ങിനെയായാല്‍ മനസ്സമാധാനം ഏതിലെ, എപ്പോ വന്നു എന്ന് ചോദിച്ചാല്‍ മതി.
ഒ.ടോ: ബിരിയാണിയുടെ കാര്യത്തില്‍ അങ്ങിനെയൊരു നിലപാട് ശരിയല്ല എന്നാണെന്റെ പക്ഷം :)
കുട്ടമ്മേനോന്‍: അതല്ലെങ്കിലും എളുപ്പമുള്ള ഒരു കാര്യമല്ല - അല്ലേ, പ്രത്യേകിച്ചും എങ്ങോട്ടു നോക്കിയാലും അക്കരെ പച്ച എന്നു തോന്നിക്കുന്ന ഈ കാലത്ത്.
ദില്‍ബു: ഇത് ചുമ്മാ കാലില്‍ ചുറ്റിയ വള്ളിയൊന്ന് എടുത്തു നോക്കി :)
ഹെഹെഹെ... പാച്ചൂന് കല്ലൊന്നും വേണ്ട മോനേ, കഴിഞ്ഞ ദിവസം ഞാനെന്തോ പറഞ്ഞ് ചൂടാക്കിയപ്പോള്‍ ‘എവടെ പാച്ചൂന്റെ തോക്ക്’ എന്നാ ആദ്യം അന്വേഷിച്ചത് :)
വിചാരം: അനുഭവിച്ച ജീവിതത്തില്‍ അയാള്‍ തൃപ്തനാണെന്നാണ് അയാളുടെ വാക്കുകളില്‍ മുഴച്ചു നിന്നത്.
ഇപ്പഴത്തെ പിള്ളേരുടെ അടുത്ത് ജയിക്കല് എളുപ്പമല്ല മോനേ... ഇന്ഷാ അള്ളാ സ്നേഹ ഒന്നിങ്ങ് വളര്‍ന്നോട്ടെ നീ വെവരം അറിയും :)
മമ്മ്സി: പാകിസ്ഥാനികള്‍ ഇംഗ്ലീഷ് നല്ല ഒഴുക്കോടെ സംസാരിക്കുന്നതില്‍ എന്തത്ഭുതം തോന്നാന്‍. ആ പാകിസ്ഥാനിയെ കുറിച്ച് ഞാന്‍ ഒരു മുന്‍ധാരണ വെച്ചത് തെറ്റി എന്നേ ഉദ്ദേശിച്ചുള്ളു.
പിന്നെ... ആരേയും കളിയാക്കാന്‍ പാടില്ല, എന്നാലും കളിയാക്കമെങ്കില് തീര്‍ച്ചയായും ശുചിത്വത്തിന്റെ കാര്യത്തില്‍ നമ്മള്‍ക്ക് യോഗ്യതയുണ്ട് എന്നെനിക്ക് തോന്നുന്നു :) ഉള്ളത് അലക്കിയും വെളുപ്പിച്ചും കുളിച്ചും വൃത്തിയായി തന്നേയല്ലേ നമ്മള് മലയാളികള്‍ ജീവിക്കുന്നത്.
ഏറനാടന്‍: പ്രോത്സാഹനത്തിന് നന്ദി :)
സതീഷ്: വളരെ സന്തോഷം അഭിപ്രായം പങ്ക് വെച്ചതില്‍ - നന്ദി :)
കരീം മാഷ്: ശരിയാണ്... പക്ഷെ ആ മുന്‍ധാരണ തെറ്റാണെന്ന് തിരിച്ചറിയുമ്പോള്‍, നല്ല മനസ്സോടെ അതിനെ അംഗീകരിക്കുമ്പോള്‍ ആ മുന്‍വിധിയുടെ പാപക്കറ കഴുകപ്പെടുന്നു - അല്ലേ :)
രേഷ്മ: :)
നൌഷര്‍: പ്രോത്സാഹനത്തിന് വളരെ സന്തോഷം. കരീം മാഷ് പറഞ്ഞത് പോലെ ഒരു ബ്ലോഗ് തുടങ്ങാത്തതെന്ത് :)
ശാലിനി: എന്റെ വരികള്‍ ആര്‍ക്കെങ്കിലും ഒരു നിമിഷം നേരത്തെ ചിന്തക്കെങ്കിലും ഇട നല്കിയെങ്കില്, ഞാന്‍ കൃതാര്‍ത്ഥനായി... നന്ദി :)
സുല്‍: നീയെന്താ മുങ്ങി നടപ്പാണോ :)
വായിച്ച എല്ലാവര്ക്കും ഒരിക്കല്‍ കൂടെ നന്ദി :)
4:19 PM
കുറുമാന് said...
ഇത് വായിക്കാന്‍ വിട്ടുപോയിരുന്നു അഗ്രജാ. പതിവുപോലെ ഇതും നന്നായിരിക്കുന്നു. പാച്ചുവിന്റെ വാല് ഐഡന്റിഫിക്കേഷന്‍ അടിപൊളി.
ഓ ടോ : സന്തുഷ്ടനായ ഒരാളെ എനിക്ക് നേരിട്ടറിയാം (ഞാന്‍ തന്നെ - അഹംഭാവം പറയുകയാണെന്ന് നാട്ടുകാരു പറയും എന്നു കരുതി ഇത്രയും നാള് ആരോടും പറയാതിരിക്കുകയായിരുന്നു)
4:30 PM
സു | Su said...
വായിച്ചിരുന്നു ആദ്യം തന്നെ, അഗ്രജാ :).
സന്തോഷം--- എന്നും അങ്ങനെ ആവണം എന്നാഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാവുമോ? ഒക്കെ നമ്മുടെ കൈയില്‍ ആയിരുന്നെങ്കില്‍ എന്നും സന്തോഷത്തിനു നേര്‍ക്ക് മുഖം വെക്കാമായിരുന്നു.
പാച്ചൂ :)
6:56 PM
ദിവാ (ദിവാസ്വപ്നം) said...
this episode was good as usual :)
10:56 PM
ഷാനവാസ് ഇലിപ്പക്കുളം said...
“സാധിക്കുന്നതു മാത്രം ആഗ്രഹിച്ചാല്‍ ചിലപ്പോള്‍ ഒന്നും നേടനായില്ലെന്നും വരും,മലയോളം ആഗ്രഹിച്ചാലേ കുന്നോളം കിട്ടൂ“ എന്ന് കേട്ടിട്ടുണ്ട്, പക്ഷേ കിട്ടിയ കുന്നുകൊണ്ട് സംതൃപ്തിപ്പെടാന്‍ കഴിയണം എന്നാലേ മനസ്സമാധാനം ലഭിക്കൂ എന്നസാമാന്യ തത്ത്വം ഓര്‍മ്മിപ്പിച്ചു തന്നതിനഗ്രജനിരിക്കട്ടെ ഒരു പൊന്‍ തൂവല്‍.
2:25 AM
Post a Comment