Saturday, March 24, 2007

ഇരുപത്തി മൂന്ന്

പിന്നിടുന്ന വര്‍ഷങ്ങള്‍...
കുറച്ചു കൂടെ പക്വത, ദേഷ്യം നിയന്ത്രിക്കാനുള്ള കഴിവ്, ക്ഷമിക്കാനുള്ള മനസ്സ്, പകയും വിദ്വേഷവും കുറയല്‍, ആത്മീയതയോട് കൂടുതല്‍ ചേര്‍ന്നു പോകല്‍... കല്ലെറിഞ്ഞതിനു ശേഷം ആലോചിച്ചിരുന്നിടത്ത്, കല്ലെടുക്കന്നതിന് മുന്‍പ് തന്നെ വീണ്ടുമൊന്നുകൂടെ ആലോചിക്കല്‍... ഒരു പരിധി കഴിഞ്ഞാല്‍ പിന്നെ കൊഴിഞ്ഞു പോകുന്ന വര്‍ഷങ്ങള്‍ നേടിത്തരുന്നത് ഇതൊക്കെ തന്നേയാണോ! ആയിരിക്കാം അല്ലേ? ഇപ്പോഴും മുതിര്‍ന്നവര്‍ കാര്യങ്ങള്‍ പറയുന്നിടത്ത് സംസാരിക്കാന്‍ ആളായിട്ടില്ല എന്നു പറയുന്ന മനസ്സ് മാത്രം കാലങ്ങള്‍ പാഞ്ഞു പോകുന്നതിനെ അംഗീകരിക്കുന്നില്ല.

മധുരതരമായ സര്‍പ്രൈസ്...
‘പാച്ചു ഉപ്പാക്ക് എന്താ ബര്‍ത്ത് ഡേക്ക് വാങ്ങി കൊടുക്കുന്നത്... ‘ അഗ്രജ ചോദിച്ചു...

‘പാച്ചൂന്‍റെ പൈസെല്ല... പാച്ചു വല്യ കുട്ട്യായിട്ട് സ്കൂളീ പോയിട്ട് ശബളം വാങ്ങീട്ട് വാങ്ങി കൊടുക്കൂലോ...’ പാച്ചു പറഞ്ഞു.

‘ഇക്കാടെ പോലെ ഗിഫ്റ്റൊന്നും സര്‍പ്രൈസായി തരാന്‍ എനിക്ക് പറ്റാറില്ല... എല്ലാം ഇക്ക ആദ്യം തന്നെ അറിയും...’ രണ്ട് ദിവസം മുന്‍പ് അഗ്രജ എന്നോട് പറഞ്ഞു. ശരിയാണ്, ഞങ്ങള്‍ ഒന്നിച്ച് പോയാണല്ലോ എനിക്ക് വേണ്ടി അഗ്രജയുടെ വക ഗിഫ്റ്റ് പാക്കേജ് (വാച്ച്, പാന്‍റ്സ്, ഷര്‍ട്ട്, ഷൂസ്) തന്നെ വാങ്ങിയത്.

ഇന്നലെ രാത്രി സംസാരിച്ചിരുന്നതിലിടക്ക് ഞാന്‍ ഉറങ്ങിപ്പോയിരുന്നു... പിന്നീട് ഉണരുന്നത്...

‘ഉപ്പാ... ആപ്പീ റ്റൂ യൂ... ഉപ്പാ ആപ്പീ റ്റൂ യൂ.....’ എന്ന പാച്ചുവിന്‍റെ പറച്ചില്‍ കേട്ടാണ്.

നോക്കുമ്പോള്‍ പാച്ചു ഒരു ഗിഫ്റ്റ് പായ്ക്കും പിടിച്ച് എന്‍റെ നെഞ്ചിനോട് ചേര്‍ന്നിരിക്കുന്നു. അതിനു തൊട്ടു പിറകില്‍ അഗ്രജയും. രണ്ടു പേരുടേയും മുഖങ്ങളില്‍ നിറഞ്ഞ സന്തോഷവും ചിരിയും. ഞാന്‍ ക്ലോക്കിലേക്ക് നോക്കി... സമയം പന്ത്രണ്ട് മണി കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ... പാച്ചുവിലൂടെ സമ്മാനം - അഗ്രജ കരുതി വെച്ച സര്‍പ്രൈസ്... രണ്ടു പേരുടെയും സന്തോഷം നിറഞ്ഞ മുഖങ്ങള്‍ ഇപ്പോഴും കണ്ണില്‍ കാണുന്നു... ഒപ്പം എന്‍റെ ജീവിതത്തില്‍ കിട്ടിയതില്‍ വെച്ച് ഏറ്റവും മധുരമുള്ള ആശംസ - പാച്ചുവില്‍ നിന്ന്... ഇപ്പോഴും അതെന്‍റെ കാതില്‍ മുഴങ്ങുന്നു...

‘ഉപ്പാ... ആപ്പീ റ്റൂ യൂ...’

ജന്മദിനത്തിന്‍റെ അവകാശികള്‍...
ഒരാളുടെ ജന്മദിനത്തില്‍ ആ വ്യക്തിയേക്കാള്‍ അതിന്‍റെ ഒര്‍മ്മകള്‍ ആസ്വദിക്കുന്നുണ്ടാവുക മാതാപിതാക്കാളായിരിക്കില്ലേ! ഇങ്ങിനെ ഒരു തോന്നലുണ്ടാവാന്‍ പാച്ചു ജനിക്കേണ്ടി വന്നു എന്നു മാത്രം. രാവിലെ എഴുന്നേറ്റ പാടെ വിളിച്ചു...

‘എന്താ മോനെ എന്തു പറ്റി... ശബ്ദമൊക്കെ ഒരു മാതിരി...’ എഴുന്നേറ്റ പാടേയുള്ള എന്‍റെ ശബ്ദം കേട്ട ഉപ്പാക്ക് ആവലാതി.

‘ഒന്നൂല്ലപ്പ... ഞാന്‍ എഴുന്നേറ്റതേയുള്ളൂ... ഇന്നത്തെ ദിവസം ഓര്‍മ്മയുണ്ടോ ഉപ്പാക്ക്...’ ഞാന്‍ ചോദിച്ചു...

പെട്ടെന്നോര്‍മ്മ വന്നില്ല...

‘ഉപ്പാ ആദ്യായിട്ട് ഉപ്പായ ദിവസാണ്...’ ഞാന്‍ പറഞ്ഞു...

നിറഞ്ഞ സന്തോഷ ചിരിയും ദീര്‍ഘായുസ്സും നന്മയും നല്‍കണേ എന്ന പ്രാര്‍ത്ഥനയും ലഭിച്ചു...

ഉമ്മാക്കും ആദ്യം ഓര്‍മ്മ വന്നില്ല... ഉപ്പ അപ്പോഴേക്കും പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു...

‘ഉമ്മാക്കോര്‍മ്മണ്ടാ.... മുപ്പത്തഞ്ച് വര്‍ഷം മുന്‍പ്... കിയോ... കിയോ... എന്ന ശബ്ദം കേട്ടത്...’ ഞാന്‍ ചോദിച്ചു...

(‘...ഇക്കയെന്താ കോഴിക്കുട്ട്യായിരുന്നോ...‘ അഗ്രജ ഇപ്പുറത്തിരുന്ന് തോട്ടിയിട്ടു)

‘പിന്നേ ഓര്‍മ്മല്ലാണ്ടിരിക്കോ... മുപ്പത്തിയഞ്ച് കൊല്ലം... ല്ലേ... അള്ളാ...’ ചിരിയോടും അതിശയത്തോടും കൂടി ഉമ്മ പറഞ്ഞു.

ദീര്‍ഘായുസ്സും നല്ലതും ഏകണേ എന്ന പ്രാര്‍ത്ഥന ഉമ്മയില്‍ നിന്നും ഉയര്‍ന്നു...

പതിയിരിക്കുന്ന അപകടങ്ങള്‍...
ഇന്നലെ സുഹൃത്തുമൊത്ത് പുറത്ത് പോകുമ്പോള്‍ ഡ്രൈവ് ചെയ്യുന്നതിലിടയ്ക്ക് കണ്ണടയുടെ കവര്‍ താഴെ വീണു... പുള്ളി പെട്ടെന്ന് തന്നെ വണ്ടി സൈഡിലേക്കൊതുക്കി അത് എടുത്തതിന് ശേഷം യാത്ര തുടര്‍ന്നു. ഇയാളിതെടുക്കാനാണോ വണ്ടി നിറുത്തിയത്, എവിടേയെങ്കിലും നിറുത്തുന്ന സമയത്ത് എടുത്താല്‍ പോരായിരുന്നോ... ഞാന്‍ ചിന്തിച്ചു.

ഞാന്‍ എന്താണ് ചിന്തിക്കുന്നതെന്ന് ഊഹിച്ച പുള്ളി പറഞ്ഞു...

‘കഴിഞ്ഞ ദിവസം ബ്രേക്ക് ചവിട്ടി നോക്കുമ്പോള്‍ ബ്രേക്ക് പ്രസ്സാവുന്നില്ല... ഞാനാകെ പേടിച്ചു പോയി... താഴോട്ട് നോക്കിയപ്പോള്‍ കഴിഞ്ഞ ദിവസം താഴെ വീണ പെപ്സി കാന്‍ ബ്രേക്ക് പെഡലിനടിയില്‍ ജാമായി കിടക്കുന്നു... പടച്ചവന്‍റെ അനുഗ്രഹത്തിന് കാലോണ്ട് തട്ടിയപ്പോള്‍ അത് നീങ്ങി... അല്ലെങ്കില്‍ കഥ മറ്റൊന്നായേനേ...’

എന്തൊരു വലിയ അപകട സാധ്യതയാണ് മാറിപ്പോയത് - അല്ലേ!

പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളതാണ് പലരും ചെരിപ്പും ഷൂസും ഊരിവെച്ച് വണ്ടിയോടിക്കുന്നത്. അപകടം വരുത്തി വെക്കാന്‍ വളരെയധികം സാധ്യതയുള്ള കാര്യമാണത്. ശ്രദ്ധിക്കൂ... വളരെ നിസ്സാരമെന്ന് തോന്നുന്ന ചില കാര്യങ്ങളായിരിക്കാം ചിലപ്പോള്‍ വിലയേറിയ ജീവനുകളെടുക്കാന്‍ കാരണമാകുന്നത്.

പാച്ചുവിന്‍റെ ലോകം...
ഒരു കളിപ്പാട്ടത്തിന്മേലുള്ള കളറുകള്‍ ചോദിച്ചറിയുകയായിരുന്നു പാച്ചു...

‘ഇതേത് കളറാ പ്പാ...’

‘......’

‘ഇതോ...’

‘......’

അവസാനം എല്ലാ കളറുകളും പറഞ്ഞു കൊടുത്തതിനു ശേഷം പാച്ചു തന്ന കോപ്ലിമെന്‍റായിരുന്നു എന്നെ കൊന്നത്...

‘ആങ്...ഹാ ഉപ്പാക്ക് എല്ലാം അറിയാലോ...’

42 comments:

അഗ്രജന്‍ said...

“ആഴ്ചക്കുറിപ്പുകള്‍ - 23“

പഴയ വീഞ്ഞ്... പുതിയ കുപ്പി...

ആഴ്ചക്കുറിപ്പുകള്‍ക്കു മാത്രമായി ഒരു ബ്ലോഗ് - അതിലെ ആദ്യ പോസ്റ്റ്!

ഓഡിറ്റിംഗ് തിരക്കുകള്‍ക്കിടയില്‍ ബ്ലോഗിനായി കിട്ടുന്ന സമയം വളരെ കുറവ്... വായിക്കാനും അഭിപ്രായം പറയാനും പറ്റുന്നില്ല.

ഒരുപാട് ഗ്യാപ്പ് വരേണ്ടെന്നു കരുതി ആഴ്ചക്കുറിപ്പ് ഇടുന്നു... പിന്നെ ആപ്പീ റ്റൂയാന്ന് രണ്ടാള് അറ്യേം ചെയ്തോട്ടെ :)

കുട്ടന്മേനൊന്‍ (TM) | KM said...

ആഴ്ചക്കുറിപ്പ് ഇത്തവണയും നന്നായി.

നിങ്ങളുടെ ഇക്കാസ് said...

അഗ്രജ്,
വീഞ്ഞ് പഴയതാവുമ്പോ ലഹരി കൂടും.
അതവിടെ നിക്കട്ടെ. ഇത്തവണത്തെ ആഴ്ചക്കുറിപ്പ് നിറഞ്ഞു നില്‍ക്കുന്ന സ്നേഹം കൊണ്ട് ശ്രദ്ധേയമാകുന്നു.

ഉപ്പയ്ക്ക് എല്ലാം അറിയാല്ലോ.. എന്ന പാച്ചുവിന്റെ പറച്ചിലിനോട് : പാവം കുട്ടി, അവള്‍ ഒന്നുമറിയുന്നില്ല!

പിന്നെ 35 വയസ്സിന്റെ കാര്യം: അപ്പൊ അഗ്രജന്റെ നാലാമത്തെ അനിയനാണോ ആദ്യം ജനിച്ചത്? :)

KANNURAN - കണ്ണൂരാന്‍ said...

അപ്പോ അങ്ങിനെയാ കാര്യങ്ങള്‍ അല്ലെ.. ആശംസകള്‍...

വല്യമ്മായി said...

ആഴ്ചക്കുറിപ്പ് നന്നായി.ഈ നന്മ,സ്ന്തോഷം എല്ലാം വരും വര്‍ഷങ്ങളില്‍ നിങ്ങളുടെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കട്ടെ.

(പാര്‍ട്ടി എപ്പോ,എവിടെ എന്നറിഞ്ഞാല്‍ തറ്വാട്ടിലെ വണ്ടി എപ്പോ അവിറ്റെ എത്തീന്ന് ചോദിച്ചാല്‍ മതി.)

കുറുമാന്‍ said...

കല്ലെടുക്കന്നതിന് മുന്‍പ് തന്നെ വീണ്ടുമൊന്നുകൂടെ ആലോചിക്കല്‍... - അഗ്രജാ, എനിക്കേറ്റവും ഇഷ്ടമായ ആഴ്ചക്കുറിപ്പുകളില്‍ ഒന്നാണിത്.

പ്രശംസനീയം തന്നെ തന്റെ ആഴ്ചകുറിപ്പുകള്‍

ദില്‍ബാസുരന്‍ said...

പാച്ചു സ്ട്രൈക്ക്സ് എഗേയ്ന്‍... :-)

sandoz said...

എത്രവയസ്സെന്ന്.....മുപ്പത്തഞ്ചാ....ഉവ്വ........ടീഷര്‍ട്ട്‌ ഇട്ടാല്‍ പ്രായം കുറച്ച്‌ തോന്നും എന്നു ആരാ പറഞ്ഞു തന്നത്‌......ഏതോ ശത്രു ആണെന്ന് ഉറപ്പണു......ടീഷര്‍ട്ടിന്റെ കാശ്‌ പോണത്‌ അല്ലാതെ........

പാച്ചൂന്റെ ടെസ്റ്റിംഗ്‌ ഇഷ്ടപ്പെട്ടു........

അപ്പോ പറഞ്ഞു വന്നത്‌ എന്താന്നു വച്ചാല്‍.....

ആപ്പി...ടു...യൂ.....

ദീര്‍ഘകാലം സമാധാനത്തോടെ.... സന്തോഷത്തോടെ ജീവിക്കാന്‍ ഇടവരുത്തട്ടേ എന്നു ആശംസിക്കുന്നു.....

SAJAN | സാജന്‍ said...

ഗംഭീരാ‍യീ...
:)

വിചാരം said...

മാര്‍ച്ചു മാസത്തിലെ മറ്റൊരു കമ്പി പൂത്തിരി ( കമ്പി പൂത്തിരിക്കൊരു പ്രത്യേകതയുണ്ട് കത്തുമ്പോള്‍ അതു കാണാന്‍ നല്ല ഭംഗിയാ അതു മറ്റുള്ളവര്‍ക്ക് എന്തൊരു ആനന്ദമാണുണ്ടാക്കുന്നത് സ്വയമോ പഴുത്തൊരു കമ്പിയും) ഇതാണ് ഞാനും നീയും...

ജന്മദിനാശംസകള്‍ !!! ഒത്തിരി വര്‍ഷങ്ങള്‍ പാച്ചുവിന്‍റേയും അവളുടെ കുട്ടിയുടേയും മറ്റും ജന്മദിനാശംസകള്‍ നേര്‍ന്നു കേള്‍ക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെയെന്ന് ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കുന്നു

ഈ വരികള്‍ എന്നെ ഈറണയിപ്പിച്ചു . ... ശരിക്കും “നിറഞ്ഞ സന്തോഷ ചിരിയും ദീര്‍ഘായുസ്സും നന്മയും നല്‍കണേ എന്ന പ്രാര്‍ത്ഥനയും ലഭിച്ചു...“ പിന്നെ ഉമ്മാന്‍റെ നിസംഗതയാര്‍ന്ന നെടുവീര്‍പ്പും പ്രാര്‍ത്ഥനയും

പാച്ചുവില്‍ നിന്നു കേട്ട ഹാപ്പി റ്റു യൂ .. എത്ര മധുരതരം

ശ്രദ്ധ എന്തിലും അത്യന്താപേക്ഷികം തന്നെ

പാച്ചു തന്നെ താരം ....

ജ്യോതിര്‍മയി said...

എല്ലാവരിലും നന്മയും സന്തോഷവും സ്നേഹവും നിറഞ്ഞുകാണാനവസരമുണ്ടാവട്ടെ... പ്രാര്‍ഥന.
പാച്ചൂസിനും ആശംസ...:-)

sandoz said...

വിചാരത്തിന്റെ ഉപമ ഇഷ്ടപ്പെട്ടു....

കത്തുന്ന കമ്പിത്തിരിയോട്‌ അഗ്രജനേം വിചാരത്തിനേം ഉപമിച്ചത്‌ നന്നായി....

ഒരു പടി കൂടി കടന്ന് ഉപമിക്കാഞ്ഞത്‌ വളരെ നന്നായി.....

എന്നു വച്ചാല്‍ കമ്പിത്തിരിക്കു പകരം പടക്കം ആണെന്നു പറയാഞ്ഞത്‌ നന്നായി എന്നു.....

ദേവന്‍ said...

ബിലേറ്റഡ് ജന്മദിനാശംസകള്‍ അഗ്രജാ.
ആഴ്ച്ചക്കുറിപ്പുകളെഴുതാന്‍ തുടങ്ങിയിട്ട് ആറുമാസമായിക്കാണും അല്ലേ? നന്നാവുന്നുണ്ട്, മുടങ്ങാതെ തന്നെ തുടരട്ടെ.

അഗ്രജന്‍ said...

ദേവേട്ടാ... ലേറ്റായിട്ടില്ല... ഇന്നെന്നേണ് :)

പടിപ്പുര said...

പിന്നിടുന്ന വര്‍ഷങ്ങളെക്കുറിച്ച്‌ എന്നെ ഓര്‍മ്മിപ്പിക്കുന്നത്‌ കണ്ണാടിയില്‍ മുഖം കാണുമ്പോള്‍, മീശയിലും താടിയിലുമുള്ള നരച്ച മുടികളാണ്‌.

ശരിയാണ്‌,മനസ്സ് മാത്രം കാലങ്ങള്‍ പാഞ്ഞു പോകുന്നതിനെ അംഗീകരിക്കുന്നില്ല.

തറവാടി said...

ജന്മദിനാശംസകള്‍

ദേവന്‍ said...

ആഹാ, ഇന്നാണോ? എന്നാല്‍ കയ്യോടെ പിടിച്ചോ! അഗ്രജന്

തമനു said...

അഗ്രജാ ...

ജന്മ ദിനാശംസകള്‍...

ഇനി അനേകം ജന്മദിനങ്ങള്‍ കുടുംബത്തോടും, സ്നേഹിക്കുന്നവരോടും കൂടെ കൊണ്ടാടാന്‍ ദൈവം സഹായിക്കട്ടെ.

ഈയാഴ്ചത്തേ ആഴ്‌ചക്കുറിപ്പുകള്‍ കൂടുതല്‍ മധുരതരമായി.

പാച്ചു തന്നെ താരം. മിടുക്കി.

ഓടോ : ഇനിയിപ്പോ അഗ്രജേട്ടാന്ന്‌ വിളിക്കണമല്ലോ ഞാന്‍.

വിചാരം said...

തമനൂ.. എന്താ അഗ്രജനെ ഏട്ടാന്ന് .. നിന്‍റെ വയസ്സ് ബി.സി കണക്കിലും അഗ്രജന്‍റേത് ഏ.ഡി കണക്കിലുമാണോ വരവ് വെച്ചിട്ടുള്ളത് .. സന്‍ഡോസെ വേണെമെങ്കില്‍ ഈ കമ്പിത്തിരി പൊട്ടി തെറിക്കുകയും ചെയ്യും ...
അഗ്രജാ .. വീണ്ടും ആപ്പി റ്റു യൂ

riz said...

ജന്മദിനാശംസകള്‍!

::സിയ↔Ziya said...

ഇന്നോടൊന്നു പറഞ്ഞില്യ ല്യേ ഇക്കാരിയം...
പരിഭവണ്ട് അഗ്രൂ നന്നേ പരിഭവണ്ട്...
ആയ്‌ക്കോട്ടെ
ന്നാലും ആപ്പി റ്റു യൂ....മെനി മെനി റിട്ടേണ്‍സ് ഓഫ് ദ ഡേ....
പാച്ചുമോള്‍ക്കും എല്ലാ ആശംസകളും....
വിഷ് യൂ ആള്‍ ദ ബെസ്റ്റ്...

അപ്പു said...

Many many happy returns of the day Agru (there is no malayalam keyman in this cafe. athaa ee aashamsa Englishil aayippoyathu

പുലികേശി said...

അഗ്രജാ അങ്ങനെ നിനക്ക് ഒരു വയസ്സ് കൂടി കുറഞ്ഞൂല്ലേ .... ജന്മദിനാശംസകള്‍
സാന്‍ഡൂ.. നിനക്ക് കലിപ്പിത്തിരി കൂടി നിന്‍റെ വയസ്സും കുറയും ട്ടോ One day You will be become a Old person of the BoolOgam at the time we are living same age .. still young
agrajaa... many many return of the same Day Dear .. Paachoo she is pretty nice

പട്ടേരി l Patteri said...

കല്ലെറിഞ്ഞതിനു ശേഷം ആലോചിച്ചിരുന്നിടത്ത്, കല്ലെടുക്കന്നതിന് മുന്‍പ് തന്നെ വീണ്ടുമൊന്നുകൂടെ ആലോചിക്കല്‍... :)ഛെ ഇതൊക്കെ നേരത്തെ ഇവിടെ ഈ കല്ലെറിയുന്നവര്‍ക്ക് പറഞ്ഞു കൊടുത്തിരുന്നുവെങ്കില്‍ ...... കുറെ കല്ലേറു കാണുന്നത് ഒഴിവാക്കാമായിരുന്നു..
FedEx പാര്‍സെല്‍ ഇപ്പോ എത്തുമായിരിക്കും അല്ലെ :)
track No. 420 92 11 :D
Happy Birthday!!!
qw_er_ty

Anonymous said...

‘ഉപ്പാ... ആപ്പീ റ്റൂ യൂ... ഉപ്പാ ആപ്പീ റ്റൂ യൂ.....’ ഇതില്‍ക്കൂടുതലെന്തു വേണം ഈ ദിനത്തിന്റെ ഓര്‍മ്മക്ക്.

സതീശ് മാക്കോത്ത് | sathees makkoth said...

അഗ്രജാ,
ബിലേറ്റഡ് ആപ്പി റ്റു യു.

സ്നേഹത്തോടെ
സതീശന്‍,ആഷ

ഇത്തിരിവെട്ടം|Ithiri said...

നന്നായിരിക്കുന്നു
ഒത്തിരികാലം ആയുരാരോഗ്യ സൌഖ്യത്തോടെ ജീവിക്കാറാകുമാകട്ടേ എന്ന് ആശംസിക്കുന്നു

അഗ്രജാ... ഉമ്മയോട് പറഞ്ഞ വര്‍ഷങ്ങളുടെ കണക്കില്‍ പത്ത് വയസ്സ് അറിയാതെ കുറച്ചതാണെങ്കില്‍ തിരുത്തുക. അറിഞ്ഞോണ്ട് തന്നെ കുറച്ചതാണെങ്കില്‍ ഇടയ്ക്കിടേ കാണുന്നവര്‍ക്ക് സത്യമറിയാം... അത് മറക്കാതിരിക്കുക

പാച്ചു... മിടുക്കിയാവട്ടേ...

സ്നേഹപൂര്‍വ്വം.
ഇത്തിരി

കണ്ണൂസ്‌ said...

വൈകിയാണെങ്കിലും ഹൃദയം നിറഞ്ഞ ആശംസകള്‍.

ഒരു മധ്യവയസ്ക ക്ലബ്‌ തുടങ്ങിയാലോ അഗ്രൂ?

അത്തിക്കുര്‍ശി said...

agrajan..
ആശംസകള്‍..
നന്മകള്‍...

Sul | സുല്‍ said...

അഗ്രജൂ നന്നായിട്ടുണ്ട്.

ആശംസകള്‍. ഹാപ്പി റ്റൂ... യൂ...

-സുല്‍

കരീം മാഷ്‌ said...

ആഴ്ച്ചക്കുറിപ്പിനഭിവാദ്യങ്ങള്‍:-
മദ്ധ്യ വയകനായ സ്ഥിതിക്കു മറ്റൊരു മദ്ധ്യവസ്കനു പണ്ടോരാള്‍ തന്ന ഉപദേശം കൈമാറുന്നു.
മൂന്നു സാധനം തെരഞ്ഞടുക്കുമ്പോള്‍ ഉരച്ചു നോക്കിയേ സ്വന്തമാക്കാവൂ.
1. സ്വര്‍ണ്ണം (ഉരച്ചാലിത്തിരി തേയുമെങ്കിലും വലിയ നഷ്ടമുണ്ടാവുന്നതു ഒഴിവാകും)
2.ചന്ദനം (ഉരച്ചു മണം കിട്ടിയാലേ ഉറപ്പിക്കാവൂ ഒര്‍ജിനലാണെന്ന്)
3.സുഹൃത്ത്‌ (ഒന്നു പിണങ്ങി മാറി നിന്നാലേ അറിയൂ സ്നേഹം സത്യസന്ധമായിരുന്നോ അല്ലേ എന്ന്!
സിന്‍സിയറല്ലാത്ത സ്നേഹമായിരുന്നങ്കില്‍ ആ സുഹൃത്ത് അതിനകം പുലഭ്യങ്ങളും ഒളിയമ്പുകളും ഒരു പാടു പ്രയോഗിച്ചു കഴിഞ്ഞിരിക്കും)

ആവനാഴി said...

അഗ്രജാ,

വളരെ നന്നായിരുന്നു അഗ്രജന്റെ ആഴ്ചക്കുറിപ്പുകള്‍.
നല്ല ഒഴുക്കുള്ള എഴുത്തു. ഇഷ്ടമായി.

എന്റെ വക“മെനി ഹാപ്പി റിടേണ്‍സ് ഓഫ് ദ ഡേ”

സസ്നേഹം

ആവനാ‍ഴി

വേണു venu said...

അഗ്രജന്‍‍ ഭായീ, ജീവിതത്തില്‍‍ നന്മകളും സന്തോഷങ്ങളും നിറഞ്ഞു നില്‍‍ക്കട്ടെ. ആഴ്ച്ച കുറിപ്പുകള്‍ നന്നാവുന്നു. ഡ്രൈവിങ്ങില്‍‍ ശ്രദ്ധിക്കേണ്ട ആ നുറുങ്ങിനു് നന്ദി.:)

വിശാല മനസ്കന്‍ said...

അഗ്രജാ ...

ജന്മ ദിനാശംസകള്‍...

ഞാന്‍ ഒരു പൊടിക്ക് ലേയ്റ്റായി ല്ലേ? :)

ശിശു said...

ഞാന്‍ ഓരുപാട്‌ ലേറ്റായി. എങ്കിലും സ്വീകരിച്ചീടുകീ ശിശുവിന്റെ വകയും..
ജന്മദിനാശംസകള്‍

Mullappoo || മുല്ലപ്പൂ said...

ജന്മദിനാശംസകള്‍...
ഞാന്‍ വൈകിയില്ല. മാര്‍ച്ച് 24 നു അയക്കുന്നു.
(പോസ്റ്റ് ഒക്കെ രണ്ടീസം വൈകിയും കിട്ടാം )

അഗ്രജന്‍ said...

ആഴ്ചക്കുറിപ്പുകള്‍ വായിച്ച, അഭിപ്രായങ്ങള്‍ അറിയിച്ച... പിന്നെ ആശംസകളേകിയ എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ...

കുട്ടന്‍ :)

ഇക്കാസ്: ഹഹ... അന്ന് (ദേവേട്ടന്‍റെ പോസ്റ്റില്‍) വെറുതെ വിടരുതായിരുന്നു നിന്നെ :)

കണ്ണൂരാന്‍: നന്ദി :)

വല്യമ്മായി: നിങ്ങള്‍ എപ്പോ എവിടെ വെച്ച് പാര്‍ട്ടി നടത്തിയാലും ഞങ്ങളങ്ങട്ട് എത്തിക്കോളാം... :)

പിന്നെ... ഗിഫ്റ്റ് കിട്ടി ബോധിച്ച് :)

കുറുമാന്‍: പ്രോത്സാനത്തിന് വളരെയധികം നന്ദി :)

ദില്‍ബു :)

സാന്‍ഡോ: ആദ്യത്തെ വരികള്‍ ഞാന്‍ കണ്ടിട്ടില്ല... അവസാനത്തെ വരികള്‍ക്ക് നന്‍ട്രി... :)

സാജന്‍ :)

വിചാരം: ആശംസകള്‍ക്കും അഭിപ്രായത്തിനും നന്ദി... കമ്പിത്തിരിയില്‍ പഴുത്ത കമ്പിയെങ്കിലും ബാക്കി കാണും... :)

ജ്യോതിടീച്ചര്‍: ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി :)

ദേവേട്ടാ: സമ്മാനം (ചാമ്പയ്ക്ക) കിട്ടി ബോധിച്ചു... നന്ദി... നന്ദി... :)

അതെ, ഏഴു മാസങ്ങള്‍ കഴിഞ്ഞു ആഴ്ചക്കുറിപ്പുകള്‍ തുടങ്ങിയിട്ട്... ഇടയ്ക്ക് ഒന്നു രണ്ട് ഇടവേളകള്‍ ഉണ്ടായിട്ടുണ്ട്. നിങ്ങളേവരുടേയും പ്രോത്സാഹനത്തിന് വളരെയധികം നന്ദിയുണ്ട്.

പടിപ്പുര: അതെ, മനസ്സിനു പ്രായമാവാതിരിക്കട്ടെ :)

തറവാടി: നന്ദി :)

തമനു: ആശംസകള്‍ക്ക് നന്ദി...

തമനൂനങ്ങനെ മനസമാധാനം കിട്ടുമെങ്കില്‍ വിളി... വിളി... (ചെലവില്ലാത്ത ഉപകാരമല്ലേ) :)

റിസ്: നന്ദി :)

സിയ: എന്നാലും നീയതോര്‍ത്തില്ലല്ലോ... സങ്കടംണ്ട്ട്ടാ :)

ആശംസകള്‍ക്ക് നന്ദി :)

അപ്പു: നന്ദി അപ്പൂ :)

പുലികേശി: അതെ, ഒരു വയസ്സു കൂടെ കുറഞ്ഞു... (അങ്ങോട്ട്)...

പക്ഷെ, എല്ലാരും പറയുന്നു ഒരഞ്ചു വയസ്സു കുറഞ്ഞ പോലെയുണ്ടെന്ന് - ഇങ്ങോട്ട്, അതോ അങ്ങോട്ടോ :)

ആശംസകള്‍ക്ക് നന്ദി :)

പട്ടേരി: ബുള്‍ഗാനികള്‍ കവിത ചൊല്ലുന്നിടത്തും കിട്ടുമല്ലേ നല്ല കല്ല് :)

അമേരിക്ക വഴി വന്ന പാര്‍സല്‍ കിട്ടി ബോധിച്ചു :)

നൌഷര്‍: അതെ, നൌഷര്‍... അത് നല്ല സുഖമുള്ള വാക്കുകളായിരുന്നു - നന്ദി :)

സതീശന്‍ | ആഷ : കെട്ട്യോനും കെട്ട്യോള്‍ക്കും വളരെ നന്ദി :) :) (സ്മൈലി രണ്ടെണ്ണമുണ്ട്, തല്ലൂടാണ്ട് വീതിച്ചെടുക്കുക)

ഇത്തിരി: അതെ... “ഇടയ്ക്കിടേ കാണുന്നവര്‍ക്ക് സത്യമറിയാം... അത് മറക്കാതിരിക്കുക“... ഇതു തന്നേയാണ് എനിക്കും ഓര്‍മ്മിപ്പിക്കാനുള്ളത്... :)

ആശംസകള്‍ക്ക് നന്ദി :)

കണ്ണൂസ്: ആശംസകള്‍ക്ക് നന്ദി :)

അങ്ങിനെയെങ്കില്‍ മൃഗീയ ഭൂരിപക്ഷമുളള ഒരു ക്ലബ്ബായിരിക്കും അത്. മാത്രവുമല്ല... വിവാഹിതരാവണം എന്ന മാനദണ്ഢം വെയ്ക്കാതിരുന്നാല്‍ പല ക്ലബ്ബുകളില്‍ നിന്നു ഇങ്ങോട്ട് കുത്തൊഴുക്കുണ്ടാവാന്‍ സാധ്യതയുണ്ട് :)

അത്തിക്കുറിശ്ശി: ആശംസകള്‍ക്ക് നന്ദി :)

സുല്‍: ആശംസകള്‍ക്ക് നന്ദി :)

കരീം മാഷ്: മൂന്ന് ഉപദേശങ്ങളും നന്ദി പൂര്‍വ്വം കൈപ്പറ്റി :)

സ്വര്‍ണ്ണം വാങ്ങിക്കുമ്പോള്‍ ഉരച്ചു നോക്കാറുണ്ട്, പക്ഷെ അത് വാങ്ങിയതിന് ശേഷം മാത്രം (ക്രെഡിറ്റ് കാര്‍ഡ്)

:)

ആവനാഴി: ആശംസകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി :)

വേണുജി: ആശംസകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി :)...

ആ കുറിപ്പ്, ഒരു പോസ്റ്റാക്കി ഇടാം എന്നു കരുതിയതായിരുന്നു. പിന്നെ സമയക്കുറവ് കാരണം ഇതില്‍ ചേര്‍ത്തു.

വിശാലന്‍: ലേറ്റായി വന്താലും... :)

ആശംസകള്‍ക്ക് നന്ദി :)


എല്ലാവക്കും ഒരിക്കല്‍ കൂടെ നന്ദി :)

അഗ്രജന്‍ said...

ശിശു: ആശംസകള്‍ കിട്ടി ബോധിച്ചു :)

വളരെ നന്ദി :)

മുല്ലപ്പൂ: ഹഹ... എങ്ങനെ വീണാലും നാലു കാലീ തന്നേ ല്ലേ :)

ആശംസകള്‍ക്ക് നന്ദി :)

:: niKk | നിക്ക് :: said...

ആങ്...ഹാ ഈ ഇക്കായ്ക്ക് എല്ലാം അറിയാലോ... ;) സംഭവം തന്നെ ;)

മിന്നാമിനുങ്ങ്‌ said...

അഗ്രജാ..
ആഴ്ച്ചക്കുറിപ്പുകള്‍ കലക്കീട്ട്ണ്ട്.
ഈ ലക്കം മൂന്നു തലമുറകളിലൂടെ
നിറഞ്ഞൊഴുകുന്ന സ്നേഹത്തിന്റെ
പ്രവാഹം തൊട്ടറിയാന്‍ കഴിയുന്നു.
പാച്ചുവിനോട് എന്റെ അന്വേഷണമറിയിക്കാന്‍ മറക്കരുതെ.
ജീവിതകാലം മുഴുവന്‍ നന്മയും സ്നേഹവും നിലനിര്‍ത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

Sona said...

belated happy b'day..plz convey my luv to paachuvava

Manu said...

അഗ്രജനു കേന്ദ്രസാഹിത്യ അകാദമി അവാര്‍ഡ് കിട്ടുന്നത് വിശാലമഹാഗുരുവിന്റെ സ്വപ്നസ്ക്രാപ്പുകളില്‍ കണ്ടിട്ടാണ് ഇവിടെ വന്നത്... വന്നുകയറി ഇവിടെ ആകെ മൊത്തം ഒന്നു നിരീക്ഷിക്കുമ്പോഴാണ് പാച്ചുവിന്റെ ലോകം കണ്ടത്... എല്ലാ പോസ്റ്റും വായിച്ചു...അവസാനഭാഗം മാത്രം ;) ബാക്കി സാഹിത്യമൊക്കെ പിന്നെ വായിക്കാം മാഷേ..അത്രക്കങ്ങ് പീടിച്ചുപോയി ആ മിടുക്കത്തിയെ... നന്ദി..ആ ലോകം പങ്കുവയ്ക്കുന്നതിന്.. ബാക്കി വായിച്ചിട്ട് പിന്നെ കമന്റാംട്ടോ..