Monday, April 23, 2007

ഇരുപത്തിയാറ്

ചില ഡ്രൈവിംഗ് ചിന്തകള്‍
ട്രാഫിക്ക് തിരക്കിലൂടെ ഒരു കാര്‍ ധൃതിയില്‍ ട്രാക്കുകള്‍ മാറി മാറിക്കടന്ന് പോവാന്‍ ശ്രമിച്ചുകൊണ്ടിരിരുന്നു. ഒരു സ്ത്രീയായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. ഇവരുടെ പ്രവൃത്തിയില്‍ ദേഷ്യം വന്ന മറ്റൊരു വാഹനക്കാരന്‍ അവരുടെ മുന്നിലേക്ക് വണ്ടി കയറ്റി നിറുത്തി ആ സ്ത്രീയോട് കയര്‍ക്കുന്നത് കണ്ടു. പിന്നീട് ആ സ്ത്രീയും അയാളും തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും ഇടം കൊടുക്കാതെ മത്സരിക്കുകയായി. അവസാനം ആ സ്ത്രീ അയാളുടെ വണ്ടിയുടെ വശത്തില്‍ ഇടിച്ച് കൊണ്ട് മുന്നോട്ട് കടന്നു. തൊട്ടപ്പുറത്ത് തന്നെ ഉണ്ടായിരുന്ന പോലീസുകാരന്‍ ഇടപെട്ടു. ക്ഷമയില്ലായ്മ രണ്ട് പേര്‍ക്കും സമ്മാനിച്ചത് സമയനഷ്ടം മാത്രം.

അല്ലെങ്കിലും ക്ഷമയും വിനയവും ബഹുമാനവും വളരെയധികം വേണ്ട ഒന്നാണ് വണ്ടിയോടിക്കല്‍ എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. അവ ട്രാഫിക് നിയമങ്ങളേക്കാള്‍ ഉപരിയായി ഫലം ചെയ്യുന്ന ഘടകങ്ങളാണ്. പക്ഷെ ചിലരെങ്കിലും സ്റ്റിയറിംഗ് കയ്യില്‍ വന്നാല്‍ അഹംഭാവികളോ അഹങ്കാരികളോ ആയി തീരുന്നു.

നോട്ട്ബുക്ക്
ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയം, ഹിന്ദി ഇമ്പോസിഷന്‍ മുഴുമിപ്പിക്കാത്തതിന്‍റെ പേരില്‍ സ്കൂള്‍ സമയം തീരുന്നത് വരെ നില്‍ക്കുക എന്ന ശിക്ഷ ഏറ്റുവാങ്ങിക്കൊണ്ട് ക്ലാസ്സിലെ വാതിലിനോട് ചേര്‍ന്ന് നില്‍ക്കുന്നു. നില്‍ക്കുന്നതിന്‍റെ വിരസതയകറ്റാന്‍ വാതിലിന്‍റെ കൊളുത്തില്‍ തിരുപ്പിടിച്ച് തിരുപ്പിടിച്ച് അവസാനം അതങ്ങട്ട് പൊട്ടി അല്ലെങ്കില്‍ പൊട്ടിച്ചു.

വീട്ടില്‍ നിന്നും രക്ഷിതാവിനെ വിളിച്ചോണ്ട് വന്ന്, ഇത് ശരിയാക്കിയതിന് ശേഷം കയറിയാല്‍ മതിയെന്നും പറഞ്ഞ് ക്ലാസ്സില്‍ നിന്നും ക്ലാസ്സദ്ധ്യാപകന്‍ പറഞ്ഞു വിട്ടു. ഉപ്പാട് വിവരം പറഞ്ഞാലുള്ള പ്രതികരണം, അതിന് വേണ്ടി വരുന്ന ചിലവ് എല്ലാം ഓര്‍ത്ത് ഞാനത് വീട്ടില്‍ പറഞ്ഞില്ല.

രണ്ട് ദിവസം സ്കൂള്‍ വിടുന്നത് വരെ ഗ്രൌണ്ടിനടുത്തുള്ള പുളിമരത്തിന്‍റെ പോടില്‍ ഇരുന്ന് തള്ളി നീക്കി. രണ്ടാം ദിവസം രാത്രി പഠനവും ഭക്ഷണവുമെല്ലാം കഴിഞ്ഞ് ഉപ്പ വളരെ ശാന്തമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു - കൂട്ടുകാര്‍ എന്‍റെ അനിയന്മാരോട് പറഞ്ഞ് വിവരം വീട്ടിലറിഞ്ഞ് കഴിഞ്ഞിരുന്നു. എന്തുകൊണ്ട് വീട്ടില്‍ അറിയിച്ചില്ല എന്ന് ചോദിച്ച് ഒരു സ്നേഹശാസന - അതിലൊതുങ്ങി ഉപ്പാടെ പ്രതികരണം - പൊതുവേ മുന്‍കോപിയായ ‍ഉപ്പാടെ ഈ പ്രതികരണം ഞാനൊരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു.

പിറ്റേ ദിവസം വാതിലിനുള്ള കൊളുത്തും വാങ്ങി (ആ കൊളുത്തിന് 75 പൈസയാണ് വില വന്നത്) ഉപ്പ എന്‍റെ കൂടെ സ്കൂളിലേക്ക് വന്നു. ഓഫീസ് റൂമില്‍ വെച്ച് ക്ലാസ്സദ്ധ്യാപകന്‍ പിന്നേയും എന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. കുറച്ച് നേരം എല്ലാം കേട്ട എന്‍റെ ഉപ്പ ചോദിച്ചു...

‘മാഷ് ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ? അബദ്ധത്തില്‍ സംഭവിച്ച ഈ ഒരു കാര്യം നേരിട്ട് വീട്ടിലറിയിക്കാതെ ഈ കുട്ടിയെ സ്കൂളീന്ന് പറഞ്ഞ് വിട്ടത് ശരിയാണോ...’

‘ഈ 75 പൈസ വില വരുന്ന സാധനത്തിന്‍റെ പേരില്‍ ഈ കുട്ടി എവിടേക്കെങ്കിലും പോവുകയോ മറ്റോ ചെയ്തിരുന്നെങ്കില്‍ മാഷെന്തു ചെയ്യുമായിരുന്നു...’

മാഷിന്‍റെ കുറ്റപ്പെടുത്തലുകള്‍ കേട്ട് വിഷമിച്ച് നിന്ന എനിക്ക്, ഉപ്പാടെ ഇടപെടല്‍ വളരെ ആശ്വാസകരമായി തോന്നി, മാത്രമല്ല ഉപ്പാടുള്ള എന്‍റെ പേടി എന്ന വികാരം ബഹുമാനത്തിലേക്കും സ്നേഹത്തിലേക്കും വഴിമാറിപ്പോയി.

റോഷന്‍ ആന്‍ഡ്രൂസിന്റെ ‘നോട്ട്ബുക്ക്’ എന്ന സിനിമയിലെ ഒരു സീനാണ് എന്നെ ഈ പഴയ സംഭവം വീണ്ടും ഓര്‍മ്മിപ്പിച്ചത്.

ഒരബദ്ധ(!)ത്തില്‍ ഗര്‍ഭിണിയായ കൂട്ടുകാരിയുടെ ഗര്‍ഭം ആരുമറിയാതെ അബോര്‍ഷന് ചെയ്യിക്കാനുള്ള ശ്രമത്തില്‍ ആ കൂട്ടുകാരി മരണപ്പെടുകയും എല്ലാറ്റിനും കൂടെ നിന്ന മറ്റൊരു കൂട്ടുകാരി തള്ളിപ്പറയുകയും ചെയ്ത് സ്കൂളില്‍ നിന്നും കുറ്റാരോപണവിധേയയായി പുറത്താക്കപ്പെട്ട സൈറ എലിസബത്തി (റോമ) നെ കൊണ്ടു പോകാന്‍ വേണ്ടി ഡല്‍ഹിയില്‍ മേജറായ പിതാവ് (സുരേഷ് ഗോപി) വന്നിരിക്കുന്നു. പ്രിന്‍സിപ്പാളിന്‍റെ മുറിയില്‍ പ്രിന്‍സിപ്പാളും പോലീസ് ഓഫീസറും ചേര്‍ന്ന് സൈറയെ വീണ്ടും കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഘട്ടത്തില്‍ സുരേഷ് ഗോപി പൊട്ടിത്തെറിക്കുന്ന രംഗം, ആ ഒരു സീനെന്നെ വല്ലാതെ സ്പര്‍ശിച്ചു.

സുരേഷ് ഗോപിയെന്ന നടനില്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന ശൈലി മാറ്റി നിറുത്തിയാല്‍ ആ സിനിമയുടെ ഏറ്റവും നല്ല മെസ്സേജ് ആ ഒരു സീന്‍ തന്നേയാണെന്ന് തോന്നി. പ്രതിസന്ധിഘട്ടങ്ങളിള്‍ മക്കള്‍ക്ക് സാന്ത്വനവും താങ്ങുമാവേണ്ടവരാണ് രക്ഷിതാക്കള്‍ എന്ന നല്ലൊരു സന്ദേശമാണ് നോട്ട്ബുക്കില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത്.

ക്ലാസ്സ്മേറ്റ്സ് എന്ന സിനിമയേക്കാളും എനിക്കിഷ്ടമായത് നോട്ട്ബുക്ക് തന്നെയായിരുന്നു. എങ്കിലും നോവലുകളിലും സിനിമകളിലും മിക്കപ്പോഴും കാണാറുള്ള , ആവിചാരിതമായ ആദ്യലൈംഗീകബന്ധവും അതോടനുബന്ധിച്ചുണ്ടാകുന്ന ഗര്‍ഭധാരണവും എല്ലായ്പ്പോഴുമെന്നപോലെ ഇവിടേയും എന്നെ വിസ്മയപ്പെടുത്തി.

പാച്ചുവിന്‍റെ ലോകം
ഡ്രസ്സില്‍ ഒരല്പം വെള്ളമായാല്‍ ആ ഡ്രസ്സ് എത്രയും പെട്ടെന്ന് മാറ്റിയെങ്കിലെ പാച്ചുവിന് സമാധാനമാവൂ.
രാത്രി ഭക്ഷണം കഴിഞ്ഞ് കൈ കഴുകി വന്നപ്പോഴും പാച്ചുവിന്‍റെ ആവശ്യം അത് തന്നെയായിരുന്നു...
‘ഉമ്മാ പാച്ചൂന് ഡ്രസ്സ് മാറ്റി ത്താ...’
‘മോളെ അതിനിതിലെവിടെ വെള്ളം...’ ഞാനിടപ്പെട്ടു.
‘ഇതാപ്പാ... വെള്ളം...’ പാച്ചു നനഞ്ഞ ഭാഗം കാണിച്ചു തന്നു.
‘എവിടെ ഉപ്പാക്ക് കാണാനില്ല... ഇത് നനഞ്ഞിട്ടൊന്നുമില്ല...’ ചെറിയൊരു നനവ്, ഞാനത് കാണാത്തത് പോലെ തള്ളി വിട്ടു.
പാച്ചു പെട്ടെന്ന് അപ്പുറത്തേക്ക് ഓടിപ്പോയി...
തിരിച്ച് വന്നത് എന്‍റെ കണ്ണടയും കൊണ്ടായിരുന്നു... അതെന്‍റെ മുഖത്ത് വെച്ച് തന്ന് പാച്ചു പറഞ്ഞു...
‘നോക്ക്പ്പാ... വെള്ളം...’
ഞാന്‍ പെട്ടെന്ന് തന്നെ വെള്ളമുണ്ടെന്ന് സമ്മതിച്ചു...
അല്ലെങ്കിലൊരു പക്ഷെ ‘ഉപ്പാ ഈ കണ്ണട മാറ്റ്...’ എന്നുകൂടെ പാച്ചു പറഞ്ഞാലോ!

34 comments:

മുസ്തഫ|musthapha said...

"ഇരുപത്തിയാറ്"

ആഴ്ചക്കുറിപ്പുകള്‍ ഇരുപത്തിയാറാം ലക്കം!

ഉള്ളടക്കം
- ചില ഡ്രൈവിംഗ് ചിന്തകള്‍
- നോട്ട് ബുക്ക്
- പാച്ചുവിന്‍റെ ലോകം

വല്യമ്മായി said...

കനമുള്ള ഉള്ളടക്കം, വളരെ നന്നായി

അത്തിക്കുര്‍ശി said...

Nasr square!ട്രാഫിക്ക് തിരക്കി ലൂടെ ഒരു കാര്‍ ധൃതിയില്‍ ..അതിനകത്തുനിന്നും 'അഗ്രജോ' എന്നൊരു വിളി! കൈ പുറത്തേക്കിട്ട്‌ വീശി കാര്‍ മുന്നോട്ട്‌!

പ്രതിഷേധിക്കുന്നു! ഡ്രൈവിംഗ്‌ ചിന്തകളില്‍ നിന്നും ഇത്‌ വിട്ടു പോയതിന്‌
ലൂടെ ഒരു കാര്‍ ധൃതിയില്‍ ..

Unknown said...

അഗ്രജന്‍,
നിഷ്കളങ്കമെന്നൊ സാധാരണമെന്നോ തോന്നാവുന്ന ചില വരികള്‍ വല്ലാതെ സപര്‍ശിക്കുന്നു.
പാച്ചുവിന്‍റെ ലോകം എപ്പോഴുമെന്നപോലെ എന്നെ വല്ലാതെ ആകര്‍ഷിച്ചു.
ഒരു കഥ വായിക്കുന്ന സുഖവും ഒരു ഗുണപാഠത്തിന്‍ റെ അറിവും നല്‍കുന്നവയാണ്.

താങ്കളില്‍ ഒരു കുട്ടികളുടെ കഥാകാരന്‍ ഒളിഞ്ഞിരിപ്പുണ്ട്. ഒന്ന് ശ്രദ്ധിച്ചാല്‍ കുട്ടികള്‍ക്കു വേണ്ട നല്ല രചനകള്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു.

നോട്ട്ബുക്ക് കഥ എന്നെ അത്ര ആകര്‍ഷിച്ചില്ലെങ്കിലും താങ്കളുടെ അവസാനത്തെ ചോദ്യം എന്നെ വിസ്മയിപ്പിച്ചു.
മുടക്കം കൂടാതെയുള്ള ആഴ്ച കുറിപ്പുകള്‍ അഭിനന്ദനീയം തന്നെ.

തറവാടി said...

അഗ്രജാ ,ആഴ്ചക്കുറിപ്പ് നന്നായി.


( സമാധാനമായി , അതപ്പോ അത്തിക്കുര്‍ശിയായിരുന്നല്ലെ , ഞാന്‍ എന്തൊക്കെയോ കരുതി...അല്ലെങ്കിലും അത്രക്കൊന്നും അഗ്രജന്‍ ...:) )

വേണു venu said...

ഞാനെന്നെ ശ്രധിക്കുന്നു, താങ്കള്‍‍ പഴയ ഓര്‍മ്മകളില്‍ പുതുമകളുടെ പിന്നാംബുറങ്ങളുടെ കട്ടളപ്പടിയില്‍‍ ഇരുന്നു് കുറിക്കുന്ന ഓരോ കുഞ്ഞു കാര്യങ്ങളും . great.:)

ഏറനാടന്‍ said...

അഗ്രജാജീ..
ഹൃദയസ്പര്‍ശിയായ പള്ളിക്കൂടചീന്ത്‌ മനസ്സില്‍ തട്ടി.
അതേപോലെ ഇപ്രാവശ്യത്തെ വിഭവങ്ങളെല്ലാം മെച്ചമായിരിക്കുന്നു.

ആഴ്‌ചക്കുറിപ്പില്‍ സിനിമാക്കുറിപ്പും ചേരുന്നുണ്ടേട്ടോ, നല്ലതാണെന്നാലും ഞമ്മള്‍ക്ക്‌ അടിയാവരുതേ..ഹിഹി..
:)

thoufi | തൗഫി said...

അപ്പൊ,സ്ക്കൂള്‍ കാലത്ത് അഗ്രജന്‍ ആളൊരു
വീരസൂര പരാകൃമി തന്നെയായിരുന്നു,അല്ലെ?
സത്യം പറ..ആ കൊളുത്ത് മനപ്പൂര്‍വം ഇളക്കിയെടുത്തതല്ലെ?മാഷോടുള്ള ദേഷയ്ത്തിന്.

കനപ്പെട്ട ഉള്ളടക്കം,ഈ ലക്കം
(വല്ല്യമ്മാ‍യി.മ്യാപ്പ്..മ്യാപ്പ്)

ഇവിടെയും പാചുതന്നെ താരം.

Ziya said...

“ആ സിനിമയുടെ ഏറ്റവും നല്ല മെസ്സേജ് ആ ഒരു സീന്‍ തന്നേയാണെന്ന് തോന്നി.”
ചില സിനിമയിലെ ചില രംഗങ്ങള്‍ കാണുമ്പോള്‍ നമുക്ക് അഭിമാനവും സന്തോഷവും തോന്നും. നോട്ടുബുക്കിലെ ഈ ഒരു സീന്‍ കണ്ടപ്പോള്‍, 0-2 ന് പിന്നിലായ ഇന്ത്യന്‍ ഫുട്‌ബോള്‍‍ ടീം ബ്രസീലിനെതിരേ മിനുട്ടുകള്‍ക്കുള്ളില്‍ ഹാട്രിക്ക് അടിക്കുന്നത് കാണുന്നതിനേക്കാള്‍ സന്തോഷം ചാരിതാര്‍ത്ഥ്യവും ആവേശവും എനിക്കുണ്ടായി.
നന്നായി അഗ്രൂ

ബയാന്‍ said...

അഗ്രജന്റെ പൊട്ടന്‍കളിയൊന്നും പാചുവിന്റേടത്തു ഇനി ചെലവാകില്ല. ഇനി അടുത്ത ആഴ്ച വരാം.

asdfasdf asfdasdf said...

ഈ ലക്കവും നന്നായി. ‘Driving is not a right. Its a previlage..' പലരും മറക്കുന്ന ഒന്നാണത്.

Mubarak Merchant said...

ആക്രിക്കടേല്‍ കൊടുത്ത് കിട്ടണ കാശിനു കപ്പലണ്ടി വാങ്ങാന്‍ ഉസ്കൂളിന്റെ ഓടാമ്പല്‍ ഒടിച്ചെടുത്തത് സാറു കയ്യോടെ പിടിച്ചു. രണ്ടുദിവസം മാര്‍ത്താണ്ട വര്‍മ്മേടെ പോലെ മരപ്പൊത്തില്‍ ഒളിച്ചു കഴിഞ്ഞ അഗ്രജനെ അനിയമ്മാരുടെ നേതൃത്വത്തില്‍ ഉപ്പ പൊക്കി. പാവം ഉപ്പ പുതിയ ഓടാമ്പല്‍ മേടിച്ചു കൊടുത്ത് പ്രശ്നം സോള്‍വാക്കി. ഇതായിരുന്നില്ലേ സത്യം?
അല്ല എന്നാണുത്തരമെങ്കില്‍ ആ സ്കൂള്‍ അനുഭവം വളരെ രസകരമായി എന്നറിയിക്കുന്നു.
(പിള്ളാരെ പ്രിക്കാഷനെടുക്കാന്‍ ഉദ്ബോധിപ്പിക്കുന്നതാണ് നോട്ട് ബൂക്ക് എന്ന സിനിമയുടെ സന്ദേശം എന്നാണു ഞാന്‍ മനസ്സിലാക്കിയത്. അതുകൊണ്ട് ആ സിനിമേടെ പരാമര്‍ശം അവസരോചിതമായില്ല എന്നറിയിക്കുന്നു)

പാച്ചു ബ്രില്യന്റാണ്.
പാച്ചു നല്‍കുന്ന മെസേജ്:
1. കണ്ണുണ്ടായാപ്പോരാ, കാണണം.
2. അഗ്രജന്റെ പ്രായത്തെക്കുറിച്ച് ബ്ലോഗു വായനക്കാര്‍ക്കിടയിലുള്ള മിഥ്യാ ധാരണകളെ ഉന്മൂലനം ചെയ്യാന്‍ പോന്നതാണ് കൊച്ചിന്റെ ഉടുപ്പേലെ നനവു കാണണങ്കിപ്പോലും വെള്ളെഴുത്ത് കണ്ണട വേണം അഗ്രജന് എന്ന അറിവ്. അപ്പൊ അഗ്രജന്‍ ഉച്ചൈസ്തരം ഉദ്ഘോഷിക്കാറുള്ളപോലെ 40 അല്ലാ, 55 ആണ് അഗ്രജന്റ്റെ പ്രായം എന്ന് മനസ്സിലാക്കാം.

അതേയ്,
ഇത്തവണ കുറിപ്പുകളുടെ നിലവാരം ഒന്നു നന്നായിട്ടുണ്ട് എന്നറിയിക്കുന്നു.

ബാക്കി പിന്നെത്തരാം. :)

കുറുമാന്‍ said...

അഗ്രജോ, ഇത്തവണയും ജോര്‍.......അശരീരി നിറുത്തിയാ :)

തമനു said...

എന്തു ചെയ്തിട്ടായാലും ആഴചയില്‍ നാലഞ്ചു പോസ്റ്റിടണം എന്നു കരുതി തക്കാളിയും, സാവാളയും തപ്പി നടക്കുന്നതിനിടയിലും അഗ്രജന്‍ ആഴ്ചക്കുറിപ്പ്‌ ഭംഗിയാക്കി. അഭിനന്ദനങ്ങള്‍..

ഒന്നാം ഭാഗത്തില്‍ പുതുമകളൊന്നും ഇല്ലെങ്കിലും, രണ്ടും, മൂന്നും ഭാഗങ്ങള്‍ എഴുത്തിലും, ആശയത്തിലും നല്ല നിലവാരം പുലര്‍ത്തുന്നു.

പാച്ചു കലക്കി കടു വറുത്തു.

ഗുപ്തന്‍ said...

നന്നായിട്ടുണ്ട്. മനസ്സില്‍ തട്ടുന്ന നിരീക്ഷണങ്ങളാണ് താങ്കളുടേത്. പാച്ചു പതിവുപോലെ സൂപ്പര്‍

ശാലിനി said...

ഡ്രൈവിംഗ് കാണണമെങ്കില്‍ കുവൈറ്റില്‍ വരണം. എക്സ്പ്രെസ് വേയില്‍ ഡിവൈഡറൊക്കെ മറികടന്ന് എതിര്‍ദിശയിലൂടെ പോകുന്ന വണ്ടിയിലിടിച്ച് താഴേക്ക് മറിഞ്ഞുകിടക്കുന്ന കാറുകള്‍ ഒരു സ്ഥിരം കാഴ്ചയാണ്. പെണ്ണുങ്ങളാണ് കൂടുതലും.

അപ്പു ആദ്യാക്ഷരി said...

അഗ്രൂ... പതിവുപോലെ നന്നായി. റോഡില്‍ അവശ്യം വേണ്ട ഒരു കാര്യമാണ് ക്ഷമയും, പരസ്പര ബഹുമാനവും. ഇതു രണ്ടും പലപ്പോഴും കാ‍ണാറീല്ല. അതിന്റെ ഫലമാണല്ലോ അപകടങ്ങള്‍.

ആഷ | Asha said...

കുറിപ്പു വളരെ ഹ്യദയസ്പര്‍ശിയായിരിക്കുന്നു.

Sathyardhi said...
This comment has been removed by the author.
Sathyardhi said...

ഡ്രൈവിങ്ങില്‍ ഒരു മനുഷ്യന്റെ സ്വഭാവം നല്ലതുപോലെ തെളിഞ്ഞു കാണാം അഗ്രജാ. ഇന്നലെ മുതല്‍ ഇന്റലിജന്റ്‌ റഡാറുകള്‍ [അമിതവേഗത മാത്രമല്ല, റാഷ്‌ ഡ്രൈവിംഗ്‌, ഡ്രങ്കണ്‍ ഡ്രൈവിംഗ്‌, വീവിംഗ്‌, ടെയില്‍ ഗേറ്റിംഗ്‌ ഒക്കെ അതിനു തിര്‍ച്ചറിഞ്ഞു പിഴ ചുമത്താന്‍ പറ്റും പോലും] നിലവില്‍ വന്നു തുടങ്ങി

ഇരുപത്താറും നന്നായി.

Visala Manaskan said...

ആഴ്ചക്കുറിപ്പുകള്‍ വച്ചടി വച്ചടി മെച്ചപ്പെടുന്നുണ്ട് അഗ്രജാ.
ആശംസകള്‍.

“ചിലരെങ്കിലും സ്റ്റിയറിംഗ് കയ്യില്‍ വന്നാല്‍ അഹംഭാവികളോ അഹങ്കാരികളോ ആയി തീരുന്നു“

:(

Sathees Makkoth | Asha Revamma said...

നല്ല വിചാരങ്ങള്‍.
പാച്ചു കലക്കി.

കരീം മാഷ്‌ said...

ജാടകളില്ലാത്ത എഴുത്ത്,
ആശുപത്രിയിലെ അത്യാഹിത ജനറല്‍ വാര്‍ഡു സന്ദര്‍ശിക്കുമ്പോള്‍ ഒരു അരോഗ്യവാനെന്നഹങ്കരിക്കുന്നവനു തിര്‍ച്ചറിവു തരുന്നതു പോലെ സത്യ്സന്ധമായ വരികള്‍.
അഗ്രജാ.. നീ ആഴ്ചക്കുറിപ്പുകളാല്‍ പ്രസിദ്ധനാവും.
കൂടുതല്‍ എഫേര്‍റ്റ് ഇതിനു കൊടുക്കുക.
ഇതില്‍ നന്മയുണ്ട്.

സാജന്‍| SAJAN said...

എല്ലാ ഐറ്റെവും ഉണ്ടായിരുന്നു അല്ലേ...
പഠിക്കാത്തതിനല്ലേ അഗ്രജാ.. ഇമ്പോസിഷന്‍ എഴുതാന്‍ പറഞ്ഞത്?
പറയുന്നത് അനുസരിക്കാത്തതിനല്ലേ..
ക്ലാസ്സില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയത്.. മൊതലു നശിപ്പിച്ചതിനല്ലേ.. ബാപ്പയെ വിളിച്ചുകൊണ്ടു വന്നത്.. അപ്പൊ നിങ്ങളൊരു.. ബഹു മുഖ പ്രതിഭതന്നേ.. ഒരു സംശയവും ഇല്ല..
പിന്നെ ഇതൊക്കെ ആ പാവം പാച്ചുനെ പഠിപ്പിക്കല്ലേ..:)

Pramod.KM said...

അഗ്രജന്‍ ചേട്ടാ..നല്ല കുറിപ്പുകള്‍.നോട്ബുക്കിലെ ആ രംഗം എനിക്കും മനസ്സില്‍ തട്ടിയ ഒന്നാണ്.ഞാന്‍ ശരിക്കും സുരേഷ്ഗോപിയുടെ പ്രകടനം കണ്ട് രോമാഞ്ചം കൊണ്ടിരുന്നു.അവിചാരിത ഗറ്ഭങ്ങള്‍ നോവലുകളിലെയും സിനിമകളിലെയും പൊതുവായ വിഷയമാ‍ണെങ്കിലും ഈ സിനിമയില്‍ അതിനെ കൈകാര്യം ചെയ്ത രീതിയും ഇഷ്ടമായി.മലയാളസിനിമയുടെ അതിരു കടന്ന സദാചാരത്തിനെ ചോദ്യം ചെയ്യുന്നതായും തോന്നി ഈ സിനിമ.
പാച്ചു ആള്‍ കൊള്ളാലോ....;)

സുല്‍ |Sul said...

ഇരുപത്തിയാറിന് ഇരുപത്തിയാറാം കമെന്റ് :)
ഇതു നന്നായി അഗ്രു. നല്ല നിരീക്ഷണങ്ങള്‍.
പാച്ചു അടിപൊളി.

-സുല്‍

Unknown said...

ഇരുപത്തിയാറിന് ഇരുപത്താറ് കമണ്ട് പോരല്ലോ,
ഒന്നെന്റെ വകയും ആയിക്കോട്ടെ.

അഗ്രജാ വളരെ നന്നായിരിക്കുന്നു.
പ്രത്യേകിച്ചും മക്കളുടെ കാരുഅത്തില്‍ മാതാപിതാക്കളുടെ നിലപാടുകള്‍ എങ്ങനെയായിരിക്കണം എന്ന് നന്നായി വിശദീകരിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞു.

പാച്ചൂനൊരുമ്മ.

Rasheed Chalil said...

ആഴ്ചക്കുറിപ്പ് പതിവ് പോലെ ഗംഭീരം അഗ്രജാ...

Sona said...

നല്ല കുറിപ്പ് അഗ്രജാ..

santhosh balakrishnan said...

നന്നായിട്ടുണ്ട്..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
“ക്ഷമയും വിനയവും ബഹുമാനവും വളരെയധികം വേണ്ട ഒന്നാണ് വണ്ടിയോടിക്കല്‍ എന്നാണെനിക്ക് തോന്നിയിട്ടുള്ളത്“

കമന്റിടീലിലും അത് വേണമെന്ന് മനസ്സിലായി :)

മുസ്തഫ|musthapha said...

ആഴ്ചക്കുറിപ്പുകള്‍ വായിച്ച, അഭിപ്രായം പറഞ്ഞ, പ്രോത്സാഹനം തരുന്ന എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

വല്യമ്മായി - നന്ദി :)

അത്തിക്കുര്‍ശി : റോഡീകൂടെ പോണ വണ്ടീന്നും അഗ്രജാന്ന് വിളിക്കാന്‍ മാത്രം ഫെയ്മസായോന്നുള്ള ടെന്‍ഷനിലായിരുന്നു... അതിപ്പോ മാറി... ഈ ആരാധകരെക്കൊണ്ട് തോറ്റെന്‍റെ ദൈവമേ :)

രാജു ഇരിങ്ങല്‍ : പ്രോത്സാഹനത്തിനും അഭിപ്രായത്തിനും നന്ദി അറിയിക്കട്ടെ...

...ഒന്ന് ശ്രദ്ധിച്ചാല്‍ കുട്ടികള്‍ക്കു വേണ്ട നല്ല രചനകള്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു... താങ്കളുടെ ഈ കമന്‍റ് വായിച്ച അഗ്രജ പറഞ്ഞത് ‘ഹഹ പാച്ചൂനൊരു കഥ പറഞ്ഞുകൊടുക്കാനുള്ള അങ്കം പുള്ളി കണ്ടാല്‍ ഈ പറഞ്ഞത് മാറ്റിക്കോളും’ എന്നായിരുന്നു :)

സാന്‍ഡോസൊന്നും കേക്കേണ്ട ഇരിങ്ങല്‍ ഈ പറഞ്ഞത് :)

തറവാടി : നന്ദി :)
ഹോ... എന്തൊരു കുശുമ്പ്... എന്തൊരു കുശുമ്പ് :)

വേണു : ഈ പ്രോത്സാഹങ്ങള്‍ക്ക് നന്ദി :)

ഏറനാടന്‍ : നന്ദി & ജാഗ്രതൈ!
:)

മിന്നാമിനുങ്ങ്‌ : സത്യായിട്ടും പച്ചപാവായിരുന്നു... :)

::സിയ↔Ziya : തിരക്കിനിടയിലും വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും സന്തോഷം അറിയിക്കട്ടെ :)

ബയാന്‍ :
ഹഹ... കിട്ടിയ ഗ്യാപ്പിലെന്നെ പൊട്ടാന്ന് വിളിച്ചല്ലേ :)

കുട്ടന്മേനൊന്‍: ‘Driving is not a right. Its a previlage..' പലരും മറക്കുന്ന ഒന്നാണത്.... അതെ ആരും മറക്കരുതാത്ത ഒന്ന്.

നന്ദി :)

ikkaas|ഇക്കാസ് : ഹഹഹ... എന്താ നിന്‍റെ ഒരാവേശം...

[പടക്കളത്തില്‍ വെച്ചെടുത്തോളാം... ട്ടാ]

:)

കുറുമാന്‍ : നന്ദി കുറുമാന്‍... ഇപ്പോ ചെവി വട്ടം പിടിച്ചിട്ടും അശരീരിക്കുള്ള വഹയൊന്നും കിട്ടുന്നില്ല :)

തമനു : ഒരു കൈ കൊണ്ട് തല്ലും മറുകൈ കൊണ്ട് തലോടലും :)

നന്ദി :)

Manu : അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി :)

ശാലിനി: നന്ദി :)

ഒരു ടിക്കറ്റ് അറേഞ്ച് ചെയ്തു തന്നാല്‍ കുവൈറ്റില്‍ വന്നും ഡ്രൈവിംഗ് കാണാം കൂട്ടത്തില്‍ കുട്ടമ്മേനോന്‍റെ നളപാചകത്തിന്‍റെ ടേസ്റ്റും അറിയാം :)

അപ്പു : ശരിയാണ് അപ്പു, അപകടങ്ങളില്‍ നല്ലൊരു പങ്കും ഇതുകൊണ്ടൊക്കെ തന്നെ ഉണ്ടാവുന്നതാണ്.

നന്ദി :)

ആഷ | Asha : നന്ദി :)

ദേവന്‍ : ശരിയാ... നല്ല ഒരു വ്യക്തിക്ക് ഒരിക്കലും അപകടകരമായ രീതിയില്‍ ഡ്രൈവ് ചെയ്യാനാവില്ല.

അഭിപ്രായത്തിന് നന്ദി :)

വിശാല മനസ്കന്‍ : അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി :)

സതീശ് മാക്കോത്ത് : നന്ദി സതീശ് :)

കരീം മാഷ്‌ : മാഷെ... ഈ പ്രോത്സാഹനത്തിനും അഭിപ്രായങ്ങള്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

SAJAN | സാജന്‍ : ഹഹ സാജന്‍... :)

Pramod.KM : അഭിപ്രായങ്ങള്‍ക്ക് നന്ദി പ്രമോദ് :)

Sul | സുല്‍ : ഇരുപത്തിയാറിന് വേണ്ടി കാത്തിരുന്നതാല്ലേ :)

പൊതുവാള് : അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനത്തിനും നന്ദി :)

ഇത്തിരിവെട്ടം|Ithiri : നന്ദി :)

Sona : നന്ദി സോന :)

santhosh balakrishnan : നന്ദി :)

കുട്ടിച്ചാത്തന്‍ : ഹഹ :)
യു ആര്‍ ഗ്രേറ്റ്... ഡിയര്‍‍ :)

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി :)

ഇടിവാള്‍ said...

ഈരുപത്തിയാറീന്റ്റെ തിളക്കവുമായി ആഴ്ചകുറിപ്പുകള്‍ മുന്നേറട്ടേ ! ആശംസകള്

salil | drishyan said...

നന്നായിട്ടുണ്ട് അഗ്രജാ, പതിവു പോലെ!

സസ്നേഹം
ദൃശ്യന്‍