Monday, June 4, 2007

മുപ്പത്തിയൊന്ന്

തുടര്‍ക്കഥ
“ആയ കാലത്ത് ഒരുറുപ്യ ചെലവാക്കും മുന്‍പ് രണ്ട് വട്ടം ആലോചിക്കും, പല ആഗ്രഹങ്ങളും മക്കള്‍ക്ക് വേണ്ടി മാറ്റി വെക്കും. എല്ലാം കഴിഞ്ഞിപ്പോ സ്വസ്ഥമായപ്പോ ആഗ്രഹങ്ങളൊന്നുമില്ല... എന്ത് ജീവിതം അല്ലേ? അല്ലെങ്കി ഇതന്നല്ലേ ജീവിതം!“

പരിചയത്തിലുള്ള ഒരമ്മ, മക്കളുടെ കൂടെ താമസിക്കാന്‍ ഇവിടെയെത്തിയതായിരുന്നു‍. അവരുടെ ഈ വാക്കുകള്‍ പരിഭവമോ, പരാതിയോ, നിരാശയോ അല്ല, പക്ഷെ അതൊരു തിരിച്ചറിവാണ്... തിരിച്ച് നടക്കാനാവാത്ത വഴിയില്‍ ഒടുക്കം കിട്ടുന്ന അറിവ്.

ഭൂരിഭാഗം പേരും അങ്ങിനെ തന്നെയായിരിക്കും! സ്വന്തം ആഗ്രഹങ്ങള്‍ പലതും മനസ്സിലൊതുക്കി മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നു... അവരെ നല്ല രീതിയില്‍ വളര്‍ത്താന്‍ അഹോരാത്രം കഷ്ടപ്പെടുന്നു... എല്ലാം മറക്കുന്നു, അപ്പോള്‍ പിന്നെ നമ്മുടെ ആഗ്രഹങ്ങളെല്ലാം ആര് നിറവേറ്റിത്തരും? ശരിയാണ്... സ്വന്തം ആഗ്രഹങ്ങളും നമ്മള്‍ പരിഗണിച്ചേ മതിയാവൂ - ചിലരെങ്കിലും അങ്ങിനെ ചിന്തിക്കുന്നുണ്ടാവാം, പക്ഷെ പ്രാവര്‍ത്തീകമാക്കാന്‍ കഴിയുന്നുണ്ടാവില്ല. നമ്മള്‍ക്കായി മാത്രം ജീവിച്ച മാതാപിതാക്കള്‍, അവര്‍ക്കും എന്തൊക്കെ നഷ്ടമായിക്കാണും അല്ലേ! ആ അമ്മ പറഞ്ഞത് പോലെ കടപ്പാടുകളും കടമകളും ബന്ധനങ്ങളും നിറഞ്ഞ ഇതൊക്കെ തന്നെയല്ലേ ജീവിതം.

പാച്ചുവിന്‍റെ ലോകം
നാണുവിനെ കൂടാതെ ഒരു പാവയെ കൂടെ തപ്പിയെടുത്തിട്ടുണ്ട് പാച്ചു - പേര് സിത്താര! (എവിടുന്ന് കിട്ടുന്നാവോ ഈ പേരുകളോക്കെ).

രണ്ടിനേം കൊണ്ടന്ന് എന്‍റെ കയ്യിലിട്ട് തന്നു... കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ രണ്ടും എടുത്ത് ഒരു മൂലയിലേക്കിട്ടു. ഉടനെ വന്നു പാച്ചൂന്‍റെ ചോദ്യം...

‘ഉപ്പെന്തിനാ അവരെ എറിഞ്ഞേ...?’

‘ഉപ്പാക്കവരെ ഇഷ്ടല്ല... ഉപ്പാക്ക് ഇന്‍റെ മോളെ മാത്രാണിഷ്ടം...’ ഞാന്‍ ശുണ്ഠി പിടിപ്പിക്കാന്‍ പറഞ്ഞു...

ഉടനെ ദേഷ്യം വന്ന ആ ‘അമ്മ’ മൊഴിഞ്ഞു...

‘വേണ്ട... ഇന്‍റെ പിള്ളാരെ ...ഷ്ടല്ലെങ്കി ഇന്നേം ...ഷ്ടം വേണ്ട...’

ആ അമ്മയുടെ സ്നേഹം കണ്ട് എന്‍റെ കണ്ണ് നിറഞ്ഞു - ചിരിച്ചിട്ടേയ്.

25 comments:

മുസ്തഫ|musthapha said...

“മുപ്പത്തിയൊന്ന്”

ആഴ്ചക്കുറിപ്പുകള്‍ പുതിയ ലക്കം

ഉള്ളടക്കം
- തുടര്‍ക്കഥ
- പാച്ചുവിന്‍റെ ലോകം

ഉള്ളതോണ്ട് ഓണം പോലെ :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

രണ്ട് ഭാഗങ്ങളും തമ്മില്‍ ഒരു മറഞ്ഞിരിക്കുന്ന ലിങ്ക് ഉണ്ട് എന്നു തോന്നുന്നു.

ചുള്ളിക്കാലെ ബാബു said...

“എനിക്ക് പേരുപറയാനറിയൂലാ.. ഞാന്‍ കുഞ്ഞല്ലേടോ...” ന്ന് എന്നോട് പറഞ്ഞ പാച്ചൂന്നെവിടുന്നാ ഈ പേരൊക്കെ കിട്ടുന്നേ?

അടുത്താഴ്ച എന്നാണാവോ?

തറവാടി said...

ആളുകള്‍ക്ക്‌ പലസമയത്തും പല ആഗ്രഹങ്ങളായിരിക്കും ,

പത്തില്‍ പഠിക്കുമ്പോളുള്ള ആഗ്രമല്ല ഇപ്പോഴുള്ളത്‌ , അന്നൊക്കെ വല്ലതും ചോദിച്ചാല്‍ ഉമ്മ പറയും
" ജോലിക്ക്‌ പോയി സമ്പാദിക്കുമ്പോള്‍" അതൊക്കെ വാങ്ങിക്കോ" ,

അന്നോക്കെയുള്ള ഒരോ അഗ്രഹങ്ങളും കൂട്ടിവെക്കുമായിരുന്നു , പിന്നീട്‌ ജോലികിട്ടിയിട്ട്‌ സഫലീകരിക്കാന്‍.

ഒരാഗ്രഹമുണ്ടായാല്‍ , പറ്റുന്നതെങ്കില്‍ അതു തത്സമയത്തുതന്നെ സാധിപ്പിക്കണമെന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍

Unknown said...

അഗ്രജോ:)
സ്വന്തം ആഗ്രഹങ്ങളും നമ്മള്‍ പരിഗണിച്ചേ മതിയാവൂ.

അങ്ങനെ ചെയ്യാന്‍ കഴിയാത്തവരാണ് സായാഹ്നത്തില്‍ പരാതികളും പരിവേദനങ്ങളുമായി മക്കള്‍ക്കു ശല്യവും ഭാരവുമായിത്തോന്നിച്ച് സ്വയംകൃതാനര്‍ത്ഥങ്ങളുണ്ടാക്കി വിഷമിച്ച് പരഗതി പ്രാപിക്കുന്നത്.അതു കൊണ്ട് അവരോ മക്കളോ സമൂഹമോ ഒന്നും നേടുന്നില്ല എന്നാണെനിക്കു തോന്നിയിട്ടുള്ളത്.

അതു കൊണ്ട് ഞാനെന്റെ പങ്കാളിയോടു പലപ്പോഴും പറയാറുള്ള ഒരു കാര്യമാണിത്.

പാച്ചുവേ:)
സ്വന്തം മക്കളുടെ കാര്യമെത്തുമ്പോള്‍ ഉപ്പയേം വേണ്ടാ അല്ലേ?:)

കരീം മാഷ്‌ said...

മടിയന്‍

സാജന്‍| SAJAN said...

അഗ്രജാ ഇതിന്നാണോ ഇട്ടത്?
എനിക്കും ആദ്യം തോന്നിയത് ആ സംശയമായിരുന്നു.. ഈ പാച്ചുവിന് എവിടുന്ന് കിട്ടുന്നു ഈ പേരൊക്കെ, എന്തായാലും പാച്ചു ആദ്യം പാവയെ എടുത്തപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലായില്ല കുഞ്ഞെന്താ ഉദ്ദേശിച്ചതെന്ന്? ..അവളുടെ ഇഷ്ടം നിങ്ങള്‍ കാണാതെ പോകുന്നത് കൊണ്ടാവാം അവള്‍ വീണ്ടും ഒരോരോ പാവകളെ തപ്പിക്കൊണ്ടു വരുന്നത് :):)

അപ്പു ആദ്യാക്ഷരി said...

അഗ്രജാ...നമ്മുടെ ആഗ്രഹങ്ങളൊക്കെ മക്കള്‍ക്കുവേണ്ടി മാറ്റിവയ്ക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക. അല്ലാതെ ബാങ്ക് ഡിപ്പോസിറ്റ് അവര്‍ക്കുവേണ്ടി ഉണ്ടാക്കിവയ്ക്കുന്നത് അവരെ നശിപ്പിക്കുകയേ ഉള്ളൂ‍. നമ്മുടെ ആഗ്രഹങ്ങള്‍ നമ്മള്‍ തന്നെ നിറവേറ്റണം. അല്ലാതെ മറ്റാരും അതൊന്നും നമുക്കുവേണ്ടി ചെയ്തു തരില്ല. (ഓ.ടൊ. നല്ലൊരു ക്യാമറവാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ പാച്ചു സ്കൂളിലൊക്കെ ആവുന്നതിനു മുമ്പ് വാങ്ങിച്ചോ എന്നാണ് ഞാന്‍ പറഞ്ഞതിന്‍റ്റെ അര്‍ത്ഥം...ഓടി.)

സുല്‍ |Sul said...

അഗ്രു ജ്ജ് യൂറോപ്യന്‍ മാരെ കണ്ടു പഠിക്കെടാ. അപ്പോളീ തുടര്‍ക്കഥകളെല്ലാം മിനിക്കഥകളാക്കാം. ഐ മീന്‍ വെസ്റ്റേണ്‍ വെസ്റ്റേണ്‍ :)

പാച്ചുവിനൊരു ഉണ്ണിയെ കൊടുക്കാത്തതിലുള്ള ദേഷ്യം ഇങ്ങനെയാണോ തീര്‍ക്കുന്നത്. പാച്ചു യു കേമി തന്നെ :)
-സുല്‍

thoufi | തൗഫി said...

അഗ്രജാ..
തുടര്‍ക്കഥ ഇഷ്ടമായി.
ചിന്തക്ക് പ്രേരിപ്പിക്കുന്ന വരികള്‍.
ആഗ്രഹങ്ങള്‍ മക്കള്‍ക്ക് വേണ്ടി മാറ്റിവെക്കുന്ന മാതാപിതാക്കളീല്‍ എത്രപേര്‍ക്ക്
ജീവിത സായാഹ്നത്തില്‍ അത് തിരിച്ചുകിട്ടുന്നുണ്ട്..?
പാച്ചു കലക്കുന്നുണ്ട് ട്ടൊ.

ആഴ്ച്ചക്കുറിപ്പുകളില്‍ നിന്ന്
അശരീരി നീക്കിയതില്‍ കടുത്ത പ്രതിഷേധമുണ്ട്.

--മിന്നാമിനുങ്ങ്.

തമനു said...

അഗ്രജാ വിമര്‍ശനമായി കരുതരുത്‌, ആഴ്ചക്കുറിപ്പുകള്‍ പോലുള്ള പോസ്റ്റുകള്‍‍ വെറുതെ എഴുതുന്നവയാകരുത്‌. സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്നവയായിരിക്കണം.

മക്കള്‍ക്കു വേണ്ടി ആഗ്രഹങ്ങള്‍ മാറ്റി വയ്ക്കുന്ന മാതാപിതാക്കളെപ്പോലെ തന്നെ, മക്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുന്നവരുമാകണം മാതാപിതാക്കള്‍..

സാജന്റേം സുല്ലിന്റേം കമന്റുകള്‍ ഒന്നൂടെ വായീര്. എന്നിട്ട് നാണൂനേം, സിതാരേം ഒക്കെ കൊണ്ടു വന്ന്‌ കാണിച്ച്‌ പാച്ചു നിങ്ങളെ പറഞ്ഞ് മനസിലാക്കിക്കാന്‍ ശ്രമിക്കുന്നതെന്താണെന്ന്‌ തിരിച്ചറിയ്.

:) :) :) :)

ഗുപ്തന്‍ said...

ആഴ്ചക്കുറിപ്പുകള്‍ പതിവുപോലെ നന്നായി, പെട്ടെന്നു തീര്‍ന്നുപോയി എന്ന് തോന്നി.....
തികച്ചും വ്യക്തിപരമായ വിഷയമാണെങ്കിലും മുകളില്‍ സാജനും സുല്ലും തലതിരിഞ്ഞ ചേട്ടായിയും പറഞ്ഞതു ശരിയല്ലേ എന്നൊരു ഡൗട്ട്...... :-ss

നിമിഷ::Nimisha said...

അഗ്രജാ, തിരിച്ച് നടക്കാനാവാത്ത വഴിയില്‍ ഒടുക്കം കിട്ടുന്ന ആ അറിവ് പലപ്പോഴും വേദനിപ്പിക്കുന്നു.
പാച്ചു :)

കരീം മാഷ്‌ said...

ഞാന്‍ ഒറ്റവാക്കിലെഴുതിയതു സുല്ലും സാജനും ഇങ്ങനെ ഓപ്പണാക്കി എഴുതേണ്ടിയിരുന്നില്ല.
ഞാന്‍ പാച്ചു മനസ്സില്‍ ഉദ്ദേശിച്ചതാണ് എഴുതിയത്!

SUNISH THOMAS said...

അഗ്രജന്‍ ഭായിയുടെ മുപ്പത്തിയൊന്നാം കുറിപ്പിന് ആശംസകള്‍. ഒറ്റയടിക്കു വായിച്ചു പോയി..!!

അജി said...

പാച്ചുവാണ് താരം, അഗ്രു... ഒരു കാര്യം തുറന്നു പറയട്ടെ, വിരോധം തോന്നരുത്. പാച്ചുവിന് വേണ്ടത് ഒരു കുഞ്ഞുവാവയെ ആണ്, താലോലിക്കുമ്പോള്‍ ചിരിക്കാനും, കരയാനുമുള്ള സ്വന്തം കുഞ്ഞുവാവ.

kichu / കിച്ചു said...

agrajan..

enikkumund oru uppayum ummayum...

makkalkku vedi mathram jeevichavar.. practicallly....."jeevikkan marannupoyavar.."

innum oru thari polum mattavumilla...

jeevitham makkalkkum perakkuttikalkkum vendi mathram. ennum avarodoppam...

aa ammayude comment vayichappol manassil njan ente ummaye kandu.. uppayeyum..avare manassil namichu...


good post..

മുസ്തഫ|musthapha said...

കുട്ടിച്ചാത്തന്‍
ചുള്ളിക്കാലെ
തറവാടി
പൊതുവാള്
കരീം മാഷ്
സാജന്‍
അപ്പു
സുല്‍
മിന്നാമിനുങ്ങ്
തമനു
മനു
നിമിഷ
സുനീഷ്
അജി
കിച്ചു

ആഴ്ചക്കുറിപ്പുകള്‍ വായിച്ച, അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

സാജന്‍, സുല്‍, തമനു, കരീം മാഷ്, അജി...
പാച്ചു വഴിയും പാര‍ (ഈ പാരകള്‍) വരും എന്ന് ഈ ലക്കത്തോടെ മനസ്സിലായി :))

വല്യമ്മായി said...

നല്ല മക്കള്‍ക്ക് വേണ്ടി സമ്പാദിക്കേണ്ട ആവശ്യമില്ല,ചീത്ത മക്കള്‍ക്ക് വേണ്ടി സമ്പാദിച്ചിട്ട് കാര്യവുമില്ല എന്ന് എന്റെ വെല്ലിപ്പ പറയാറുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.നല്ല ചിന്ത തന്നെ ,രണ്ടിന്റേയും ഇടയിലെ മാര്‍ഗ്ഗമായിരിക്കും നല്ലതെന്ന് എനിക്ക് തോന്നുന്നു.

Pramod.KM said...

രണ്ടു എക്ട്രീമുകള്‍ ഒന്നിച്ചവതരിപ്പിച്ചത് ഏറെ ഇഷ്ടമായി അഗ്രജേട്ടാ..:)

മുസ്തഫ|musthapha said...

“നല്ല മക്കള്‍ക്ക് വേണ്ടി സമ്പാദിക്കേണ്ട ആവശ്യമില്ല,ചീത്ത മക്കള്‍ക്ക് വേണ്ടി സമ്പാദിച്ചിട്ട് കാര്യവുമില്ല...”

എന്തു മാത്രം ആഴമുള്ള വാക്കുകള്‍!!!

നന്ദി വല്യമ്മായി, അതിവിടെ ചേര്‍ത്തുവെച്ചതിന് :)

നന്ദി പ്രമോദ് :)

Rasheed Chalil said...

എല്ലാവരും പലര്‍ക്കുമായി പലതും വേണ്ടെന്ന് വെക്കുന്നു. അതിന്റെ മൂല്ല്യത്തില്‍ ഏറ്റക്കുറച്ചിലുണ്ടാവാം... എന്നാല്‍ പോലും.
മക്കള്‍ക്ക് വേണ്ടി പലതും മാറ്റിവെക്കുന്ന മാതാപിതാക്കള്‍, മതാപിതാകള്‍ക്കായി പലതും വേണ്ടെന്ന് വെക്കുന്ന മക്കള്‍, പങ്കാളിക്ക് വേണ്ടി പലതും വേണ്ടെന്ന് വെക്കുന്ന ഭാര്യഭര്‍ത്താക്കന്മാര്‍, സുഹൃത്തിന് വേണ്ടി, അയല്‍‌വാസിക്ക് വേണ്ടി, പാര്‍ട്ടിയ്ക്ക് വേണ്ടി, നേതാവിന് വേണ്ടി...

അവനവന് ലഭിക്കുന്നത് മറ്റൊരാള്‍ക്കായി മാറ്റിവെക്കുക എന്നത് പ്രയാസം തന്നെ. പക്ഷേ അത് തന്നെയല്ലേ ജീവിതത്തിന്റെ സുഗന്ധം.

പാച്ചു മിടുക്കിയാവട്ടേ...

ഏറനാടന്‍ said...

മുപ്പത്തിയൊന്നാം ലക്കം മൂപ്പെത്തിപോകുന്നതിനും മുമ്പ്‌ വായിക്കാനിപ്പോ മാത്രേ ഒത്തുള്ളൂ അഗ്രക്കാ.. ഒരു അക്ഞ്ഞാതവാസം കഴിഞ്ഞെത്തിയതേയുള്ളൂ ഈ നാടന്‍..

ആവനാഴി said...

അഗ്രജാ,

ഒന്നു മുതല്‍ മുപ്പത്തൊന്നു വരെയുള്ള താങ്കളുടെ ആഴ്ചക്കുറിപ്പുകള്‍ ഇന്നു ഒറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ത്തു.

കൊച്ചു കൊച്ചു സംഭവങ്ങളും അനുഭവങ്ങളും വാല്‍ക്കഷണമായി പാച്ചുവിന്റെ കുസൃതികളും കിന്നാരങ്ങളും കൂട്ടി ചേര്‍ത്ത് എഴുതിയ ആല്‍മകഥാപരമായ ഈ ആഴ്ചക്കുറിപ്പുകളുടെ സങ്കേതവും ഉള്ളടക്കവും എന്നെ വളരെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തു.

ഹൃദയസ്പര്‍ശിയായ പല പരാമര്‍ശങ്ങളുമുണ്ടതില്‍. അതിലൊന്നു ഞാനിവിടെ ഉദ്ധരിക്കട്ടെ.

ജീവിതനിലവാരമുയരുമ്പോള്‍ പൊതുവെ പലര്‍ക്കും സംഭവിക്കുന്നതാണു കടന്നു പോയ വഴികള്‍ മറക്കുക എന്നുള്ളത്.

ആദ്യം നീരസം തോന്നുകയും തുടര്‍ന്നു വേണ്ടാ എന്നു പറഞ്ഞ് സിഡി വില്‍പ്പനക്കാരനെ തിരിച്ചയക്കുകയും ചെയ്യുന്നു. എന്നാല്‍ അടുത്ത നിമിഷത്തില്‍ അല്ല അതു കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഞാന്‍ തന്നെയാണല്ലോ എന്നു തിരിച്ചറിയുമ്പോള്‍‍ താന്‍ ചെയ്തത് ക്രൂരമായിപ്പോയി എന്നു തോന്നുന്നു.

പിന്നെ ഒട്ടും മടിച്ചില്ല. അയാളെ തിരിച്ചു വിളീച്ച് നിയമാനുസൃതമല്ലെങ്കിലും അയാളുടെ പക്കല്‍ നിന്നു ഒരു സിഡി വാങ്ങുന്നു.

ഇവിടെ നാം കാണുന്നത് കടന്നു പോയ വഴികള്‍ മറക്കാത്ത മനുഷ്യസ്നേഹിയെയാണു. എന്നിട്ടും ആദ്യം എന്തേ ആദ്യം നീരസം തോന്നിയത്? എന്തേ വേണ്ട എന്നു പറഞ്ഞ് അയാളെ പറഞ്ഞു വിട്ടത്? അവിടെയാണു മനുഷ്യന്‍ എന്ന പ്രതിഭാസം “infallible" അല്ല എന്നും “എല്ലാം തികഞ്ഞ”തല്ല എന്നും നാം മനസ്സിലാക്കേണ്ടത്.

ആദ്യം തോന്നിയ നീരസം പിന്നീട് അനുകമ്പയായി പരിണമിക്കുന്നു. അതു നിഷ്ക്രിയമായി അവസാനം അപ്രത്യക്ഷമാവുകയല്ല ഇവിടെ ചെയ്യുന്നത്. പ്രത്യുത അത് ക്രിയാല്‍മകരൂപം കൈക്കൊള്ളുന്നു. അങ്ങിനെ ആ അനുകമ്പ ഉദാത്തമായിത്തീരുകയാണിവിടെ.

ഒരു കൊച്ചുകുട്ടിയുടെ മനസിലേക്കിറങ്ങിച്ചെന്നു സ്വയം ഒരു ശിശുവായിമാറാന്‍ കഴിവുള്ള ഒരാള്‍ക്കേ ഇത്ര സുഭഗമായി ഒരു കുട്ടിയുടെ സ്വപ്നങ്ങളും കാഴ്ച്ചപ്പാടുകളും കിന്നാരങ്ങളും സന്തോഷങ്ങളും കുസൃതികളുമെല്ലാം എഴുതാന്‍ കഴിയൂ.

ഇതില്‍ അഗ്രജന്‍ വിജയിച്ചിരിക്കുന്നു.

തുടരൂ.

എല്ലാ ആശംസകളും.

സസ്നേഹം

ആവനാഴി.

മുസ്തഫ|musthapha said...

ഇത്തിരിവെട്ടം: വളരെ നന്ദി അഭിപ്രായങ്ങള്‍ക്ക് :)

ഏറനാടന്‍: വൈകിയാലും എത്തി വായിക്കുന്നുണ്ടല്ലോ - നന്ദി :)

ആവനാഴി: താങ്കളുടെ ഈ കമന്‍റ് എനിക്ക് വളരെ വളരെ വിലപ്പെട്ടതാണ് എന്ന് മാത്രമേ പറയാനറിയൂ.
ഒത്തിരിയൊത്തിരി നന്ദി...
വളരെ നല്ല ഈ വാക്കുകള്‍ക്ക്...
പ്രോത്സാഹനത്തിന്.

തങ്കള്‍ മുപ്പത്തിയൊന്ന് ഭാഗങ്ങളും ഒന്നിച്ച് വായിച്ചെന്നറിയുമ്പോള്‍ അതെന്നെ കൂടുതല്‍ വിനീതനാക്കുന്നു.

നന്ദി ഒരിക്കല്‍ കൂടെ.

:)