Sunday, June 17, 2007

മുപ്പത്തിരണ്ട്

ആവര്‍ത്തനങ്ങള്‍!
പത്താം ക്ലാസ്സില്‍ ഗ്രെയ്സിടീച്ചറുടെ കണക്ക് ക്ലാസ്സ്. പെട്ടെന്നാണ് കുട്ടികളില്‍ ചിലര്‍ക്ക് ഇന്ന് ടീച്ചറുടെ ക്ലാസ്സ് വേണ്ട എന്നൊരു തോന്നല്‍, പ്രത്യേകിച്ച് കാരണമൊന്നുമില്ല. ചിലര്‍ അത് ടീച്ചറോട് പറഞ്ഞ് ക്ലാസ്സില്‍ നിന്നും ഇറങ്ങി... അതില്‍ പഠിപ്പിസ്റ്റുകള്‍ വരെ ഉണ്ടായിരുന്നു. ക്രമേണ എല്ലാ കുട്ടികളും പുറത്തിറങ്ങി... ടീച്ചര്‍ നിര്‍വ്വികാരയായി നോക്കി നിന്നു. എനിക്കെന്തോ ഇറങ്ങിപ്പോകാന്‍ മനസ്സുവന്നില്ല. പുറത്ത് നിന്ന് കൂട്ടുകാര്‍ എന്നെ വിളിക്കുന്നു. ‘താന്‍ ക്ലാസ്സില്‍ ഇരിക്കുകയാണെങ്കില്‍ ഞാന്‍ തനിക്ക് മാത്രമായി ക്ലാസ്സെടുത്തിരിക്കും...’ ടീച്ചര്‍ എന്നോട് പറഞ്ഞു. ഞാന്‍ ക്ലാസ്സിലിരുന്നു, കുറച്ച് നേരം ക്ലാസ്സെടുത്ത് ടീച്ചര്‍ പോവുകയും ചെയ്തു.

ഇപ്പോള്‍... പ്രിയപ്പെട്ട പലരും പിന്മൊഴിയില്‍ നിന്നും അകന്ന് പോകുമ്പോഴും ഇവിടെ തന്നെ നില്‍ക്കാന്‍ തോന്നുന്ന എനിക്ക് ആ പഴയ സംഭവം ഓര്‍മ്മ വന്നു. കാലങ്ങളും അനുഭവങ്ങളും ജീവിതത്തില്‍ പല മാറ്റങ്ങള്‍ വരുത്തുമ്പോഴും ചില അടിസ്ഥാന സ്വഭാവങ്ങള്‍ ഇപ്പോഴും അതുപോലെ തന്നെ തുടരുന്നുവെന്ന് ചില ആവര്‍ത്തനങ്ങള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു.

വെള്ളം പാഴാക്കുന്നവര്‍!
കുറേ നേരത്തെ കാത്ത് നില്പിനു ശേഷം ഷാര്‍ജയിലേക്കുള്ള ബസ്സ് വന്നു. പുതിയ ബസ്സ് നല്ല കുട്ടപ്പനാണ്... അടിപൊളി സീറ്റ്, കാലൊക്കെ അത്യാവശ്യം നീട്ടിവെക്കാനുള്ള ഗ്യാപ്പ്... മൊത്തത്തില്‍ സുഖകരമായ അന്തരീക്ഷം.

‘നീ അവിടെ നില്ക്ക്... ‍ദാ ഞാന്‍ ബസ്സിലാണ്... പത്ത് മിനിറ്റിനുള്ളില്‍ ഷാര്‍ജയിലെത്തും...’
അടുത്തിരുന്നയാള്‍ ഫോണിലാരോടോ പറയുകയാണ്. ഞാനത്ഭുതപ്പെട്ടു... പത്തുമിനിറ്റിനുള്ളില്‍ ഷാര്‍ജയിലെത്തുകയോ! ഒരു മണിക്കൂറില്‍ എത്തിയാല്‍ ഭാഗ്യം. ചിലപ്പോള്‍ ഇവിടുത്തെ ട്രാഫിക്കിനെ പറ്റി അറിയാത്ത ആളാവും, അതൊന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാം - ഞാന്‍ കരുതി...
‘ഈ ട്രാഫിക്കില്‍ പത്ത് മിനിറ്റിലൊന്നും ഷാര്‍ജയിലെത്തില്ല, മുക്കാല്‍ മണിക്കൂറിലധികം എന്തായാലും വേണ്ടി വരും...’
‘അതറിയാം... ഒരു മണിക്കൂറെങ്കിലും എടുക്കും ഇന്നവിടെ എത്താന്‍...’
‘പിന്നെന്തിനാ അയാളോട് അവിടെ നില്‍ക്ക് പത്തിമിനിറ്റിലെത്തും എന്ന് പറഞ്ഞത്...’ എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
‘ഹഹ... ഞാന്‍ ആറരയ്ക്ക് അവിടെ എത്താമെന്ന് പറഞ്ഞിരുന്നതാ... ഇനിയും പുറപ്പെട്ടിട്ടേയുള്ളൂവെന്ന് പറയേണ്ടാന്ന് കരുതി തട്ടിവിട്ടതാ...‘
‘അപ്പോ അയാള്‍ അത്രയും നേരം അവിടെ നില്‍ക്കേണ്ടേ... അയാളുടെ സമയം വെറുതെ പോവില്ലേ...’
‘ആ കുറച്ച് നേരം അവിടെ നിക്കട്ടെ... അയാളുടെ കാര്യത്തിന് വേണ്ടിയാണ് ഞാനീ കെട്ടിക്കുത്തിപ്പോണത്...’ അയാളുടെ വാക്കുകളില്‍ എന്‍റെ ചോദ്യത്തിലുള്ള അനിഷ്ടം പ്രകടമായിരുന്നു.

ചിലര്‍ അങ്ങിനെയാണ്... മറ്റുള്ളവരുടെ സമയത്തിന് അവര്‍ ഒരു വിലയും കൽപ്പിക്കില്ല. ആ ഒരു മണിക്കൂര്‍ ചിലപ്പോള്‍ കാത്ത് നില്‍ക്കുന്ന വ്യക്തിക്ക് വിലപ്പെട്ടതായിരിക്കാം... അതിയാള്‍ തിരിച്ചറിയുന്നില്ലെന്ന് മാത്രമല്ല അയാള്‍ കാത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ടവനാണെന്ന ധാരണ വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു. സഹായിക്കാന്‍ കാണിച്ച മനസ്സിന്‍റെ നന്മ, അത് തന്‍റെ ഔദാര്യമാണെന്ന വിളിച്ചോതലില്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. കഷ്ടപ്പെട്ട് വെള്ളം കോരി ഒഴിക്കുമ്പോഴും അത് കമഴ്ത്തി വെച്ച കുടത്തിന്‍റെ പുറത്താണെന്നറിയാതെ പോകുന്നവരെത്ര!

അശരീരി!
“ആനന്ദത്തിലേക്കുള്ള ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊന്ന് താനേ തുറക്കും. എന്നാല്‍ പലപ്പോഴും നാം അടഞ്ഞ വാതിലിലേക്ക് തന്നെ വളരെ നേരം നോക്കിക്കൊണ്ടിരിക്കുന്നതിനാല്‍, നമുക്ക് വേണ്ടി തുറന്നിട്ടിരിക്കുന്ന വാതില്‍ കാണുന്നതേയില്ല“.
- ഹെലന്‍ കെല്ലര്‍ -

പാച്ചുവിന്‍റെ ലോകം!
ഞാനും പാച്ചുവും അതുല്യേച്ചിയുടെ ഓഫീസില്‍ ചെന്നപ്പോള്‍ പാച്ചു വരുമെന്നറിഞ്ഞ് ശര്‍മ്മാജി കുറേ കളിപ്പാട്ടങ്ങള്‍ വാങ്ങിവെച്ചിരുന്നു. അതായിട്ടാണിപ്പോ എന്നും അങ്കം!

സ്റ്റെതസ്കോപ്പെടുത്ത് കഴുത്തിലിട്ട്, എന്നെ രോഗിയാക്കി ഗൌരവ്വത്തോടെ പരിശോധനയിലാണ് പാച്ചു...
‘പേടിക്കേണ്ട നിങ്ങക്ക് പനിയില്ല...’
‘അപ്പോ മരുന്നൊന്നും വേണ്ട... ല്ലേ മാഡം...’ സ്റ്റെതസ്കോപ്പ് കഴുത്തില്‍ വീണാല്‍ പിന്നെ മാഡം എന്നേ വിളിക്കാവൂ, അത് പാച്ചുവിന്‍റെ ഒരു നിര്‍ബ്ബന്ധമാണ്
‘പക്ഷേ, പനിണ്ടാക്കീട്ടൂണ്ട്...’ പാച്ചു എന്നെ വീണ്ടും സമാധാനിപ്പിച്ചു...
‘........’
‘ഇത് കഴിച്ചോളൂ...’ ഒരു ചെറിയ പാവയുടെ തല ഗുളികയാക്കി തന്നു പാച്ചു...
‘പാവയെ കഴിക്കാനോ...’ ഞാന്‍ ചോദിച്ചു
‘ആ... കല്യാണം കഴിച്ചോളൂ...’
കഴിക്കുന്നതെല്ലാം കല്യാണമാണെന്ന് പാച്ചു എങ്ങിനെയോ ധരിച്ചുവെച്ചിരിക്കുന്നു!

29 comments:

മുസ്തഫ|musthapha said...

“ആഴ്ചക്കുറിപ്പുകള്‍“

ലക്കം മുപ്പത്തിരണ്ട്!

ഉള്ളടക്കം
- ആവര്‍ത്തനങ്ങള്‍
- വെള്ളം പാഴക്കുന്നവര്‍
- അശരീരി
- പാച്ചുവിന്‍റെ ലോകം

അപ്പു ആദ്യാക്ഷരി said...

സഹായിക്കാന്‍ കാണിച്ച മനസ്സിന്‍റെ നന്മ, അത് തന്‍റെ ഔദാര്യമാണെന്ന വിളിച്ചോതലില്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. കഷ്ടപ്പെട്ട് വെള്ളം കോരി ഒഴിക്കുമ്പോഴും അത് കമഴ്ത്തി വെച്ച കുടത്തിന്‍റെ പുറത്താണെന്നറിയാതെ പോകുന്നവരെത്ര!

nannaayittundu agrajan.

asdfasdf asfdasdf said...

ആഴ്ചക്കുറിപ്പ് നന്നായി.
അശരീരി ഇഷ്ടപ്പെട്ടു. അടച്ചിട്ട വാതിലിലേക്ക് അടക്കാന്‍ പോകുന്ന വാതിലിലേക്കും നിര്‍നിമേഷനായി നോക്കിയിരിക്കുന്നവന്റെ മുന്ന്നിലേക്കുള്ള വഴി കട്ടപ്പൊക. :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ചുമ്മാ ഇറങ്ങിപ്പോയതാണാ കണക്കു ക്ലാസീന്ന്!!!
പാച്ചുനു ഡോക്ടറാവണംന്നാണോ?

തറവാടി said...

അഗ്രജാ ,
കുറേ പേര്‍ കൊല്ലുകയും , കൊല്ലപ്പെടുകയും ചെയ്ത്തിനു ശേഷമുള്ള രാജാവിന്‍റ്റെ തിരിച്ചറിഞ്ഞുള്ള യുദ്ധം നിര്‍ത്തല്‍ ,

രാജാവിന്‍റ്റെ തീരുമാനമെടുക്കാനുള്ള കഴിവ്‌ കേടാണ്‌ കാണിക്കുന്നത്‌ ,

എനിക്കെപ്പോഴും ഇഷ്ടം , തോല്‍ക്കുമെന്നുറപ്പുള്ളപ്പോഴും യുദ്ധഭൂമിയിലേക്ക്‌ നടക്കുന്ന രാജാവിനെയാണ്‌ , കാരണം ,

എടുത്ത തീരുമാനം മാറ്റേണ്ടിവരുന്ന രാജാവ്‌ രാജ്യം ഭരിക്കാന്‍ യോഗ്യനല്ലാ എന്നുള്ളതുതന്നെ!

ആഴ്ചക്കുറിപ്പ്‌ നന്നാവുന്നുണ്ട്‌.

വല്യമ്മായി said...

എല്ലാ ഭാഗങ്ങളും ഒന്നിനൊന്ന് മെച്ചം.

കരീം മാഷ്‌ said...

നൈര്‍മല്യത്തിന്റെ സുഗന്ധം.
ലാളിത്യത്തിന്റെ ആകര്‍ഷണീയത

Unknown said...

അഗ്രജാ ഇതും നന്നായിട്ടുണ്ട്:)

അശരീരി വീണ്ടും വന്നല്ലോ!?:)

പാച്ചു മാഡം :)
നല്ല ചൂട് പനിയായിരിക്കുമോ ,ഈ ഭൂമിക്കും?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Good :)

അതുല്യ said...

(1) അഗ്രുവിനെ പോലെ ഞാനും കാത്തിരിയ്കുന്നു, മനസ്സില്‍ പറയുന്നു, ഒക്കെ ശരിയാവും, എല്ലാരേയും ഇനിയും കാണാനാവും. ഒരുപാട് നല്ല നിമിഷങ്ങള്‍ തന്നവയായിരുന്നു ഇവയൊക്കെ. 1
2
3
4
5br/>
(2)ആശ്രയിയ്കേണ്ടി വരുക എന്ന ഒരു ഗതികേട് ചിലപ്പോ കാത്തിനില്‍പ്പിനല്ല, അതിനു ശേഷം കാലുകഴുകലില്‍ വരെ ചിലപ്പോ നമ്മേ കൊണ്ടെത്തിയ്കും, എന്നും പ്രാര്‍ഥിയ്കുക, നെവെര്‍ മേയ്ക് മി ആ ബൊറോവര്‍ എന്ന്.

(3)പാച്ചൂനോട് ഒന്നൂടി ചോദിയ്ക് കളിപ്പാട്ടം ആരാ തന്നത് ന്ന്? പാച്ചുവേയ് ഇത്രയും ദിവസം അത് ഉരുപ്പുടി ആയിട്ടന്ന്യ്യ് ഇരുന്നോ? മഹാല്‍ഭുതം തന്നെ! ഒരു വിസില്‍ വാങണമെന്നാണു ആദ്യം കരുതീത് :)

അനില്‍ ബാനര്‍ജീടെ മുന്‍ഷി പോലെ മുടങ്ങാതെ കുറിപ്പുകളിട്ട് ഗിന്നസ്സിലേയ്യ്ക് നടന്നെങ്ങാനും കേറുവോ ഈ അഗ്രു?

myexperimentsandme said...

വല്ല്യമ്മായി പറഞ്ഞതുപോലെ ഓരോ ആഴ്ചക്കുറിപ്പുകളും ഒന്നിനൊന്ന് മെച്ചം. കണ്ണൂസ് പറഞ്ഞതുപോലെ നിഷ്‌കളങ്കമായ എഴുത്ത്.

ഇതും വളരെ നന്നായിരിക്കുന്നു. നല്ല മനസ്സിന്റെ നല്ല തോന്നലുകളും നല്ല കാഴ്ചകളും നല്ല നിരീക്ഷണങ്ങളും പോരാത്തതിന് പാച്ചുവും.

കീപ്പിറ്റപ്പീ :)

വിചാരം said...

അഗ്രുവിന്റെ ആഴ്ച്ചകുറിപ്പുകള്‍ എന്നെമെനിക്കിഷ്ടമാണ്, ആ ഇഷ്ടത്തിനു കാരണം അഗ്രുവിനോടുള്ള ഇഷ്ടം മാത്രമല്ല ആ എഴുത്തിലുള്ള ആത്മാര്‍ത്ഥത തന്നെ.
മറുമൊഴിക്കു വേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടു കാലമേറെയായി, ഇപ്പോഴണത് ക്ലച്ചു പിടിക്കാന്‍ തുടങ്ങിയത്, ചിലര്‍ പറയുന്നു അതു ഗൂഗിളിന്റെ ഒരു സംഭാവനയാണന്ന്, അതുവെറും തെറ്റായ ധാരണ. അതും ഏവൂരാനെ പോലെയുള്ള നല്ല മനുഷ്യരുടെ സംഭാവന തന്നെ, അതിലേക്ക് വരുന്ന മൊഴികളും അവര്‍ക്കൊരുനാള്‍, അവര്‍ക്കിഷ്ടമില്ലാത്തവ ബ്ലോക്ക് ചെയ്യാം.ഏതായാലും മറുമൊഴി വന്നതും നന്നായിന്നാ എന്റെ അഭിപ്രായം. ഇപ്പോള്‍ പിന്മൊഴിയില്‍ 120 കിലോമീറ്റര്‍ സ്പീഡില്‍ ഓടിച്ചാലും യാതൊരു ആക്സിഡന്റും ഉണ്ടാവില്ല (ഒരു റോഡിന് പകരം മറ്റൊരു സമാന്തര റോഡ് വന്നാലങ്ങനെയാണല്ലോ ).എന്തു മൊഴിവന്നാലും തല്‍ക്കാലം ഇവരിവിടെ നിന്നു പുറത്താക്കുന്നതു വരെ വിചാരവും ഇവിടെ ഉണ്ടാവും.. ഗ്രേസി ടീചറുടെ ക്ലാസിലെ മറ്റൊരു വിദ്യാര്‍ത്ഥിയായി.

സമയം
പണ്ടെനിക്കൊരു ചങ്ങാതിയുണ്ടായിരുന്നു (ഏറ്റവും അടുത്ത ചങ്ങാതി) അവന്‍ സൈക്കിളില്‍ പാഞ്ഞു പോകുമ്പോള്‍, സൈക്കിള്‍ നിറുത്താതെ .. “ഡാ.. ഞാനിപ്പം വരാം നീ എങ്ങോട്ടും പോകരുത്, വളരെ അത്യാവശ്യമായ കാര്യമുണ്ട് വന്നിട്ടു പറയാം”.
ഞാന്‍ മൂന്നു മണിക്കൂറിലധികം കാത്തതിന് ശേഷം അവന്‍ വന്നു.. കാര്യമറിയാന്‍ ആകാംക്ഷയോടെ “ എന്താ കാര്യം, ഞാനിതുവരെ എവിടേയും പോയില്ല നിന്നെ കാത്തിരിക്കുകയായിരുന്നു.”
വളരെ ലാഘവത്തോടെ... ഹേയ് ഒന്നൂല്യ.. ഞാന്‍ വെറുതെ .. നീ എങ്ങും പോവേണ്ടാന്നു കരുതി പറഞ്ഞത”. ദേഷ്യം ഉള്ളിലൊതുക്കി പക്ഷെ . ഈ നിമിഷം വരെ പിന്നെ മറ്റാര്‍ക്കുവേണ്ടിയും ഇത്ര കാത്തു നില്‍ക്കാറില്ല.. സമയത്തിന്റെ വില തന്നെ.
അശരീര നന്നായി.
പാച്ചു തന്നെ താരം

Unknown said...

ഒരു ദിവസം പാച്ചു കല്ല് കൊണ്ട് അഗ്രജനണ്ണന്റെ തല കുത്തിപ്പൊട്ടിയ്ക്കും. എന്നിട്ട് മരുന്ന് വെച്ച് തരും.
പനി വരുത്തീട്ടുണ്ട്.. എന്ന് ഹ ഹ ഹ. മിടുക്കി. :-)

qw_er_ty

chithrakaran ചിത്രകാരന്‍ said...

അഗ്രജന്‍,
വളരെ നന്നായിരിക്കുന്നു ആഴ്ച്ചക്കുറിപ്പുകള്‍.
നമ്മളെല്ലാം പലപ്പോഴായി പല മനുഷ്യര്‍ക്കും ചെറുതും വലുതുമായ സഹായങ്ങള്‍ ചെയ്തുകൊടുത്തവരാണ്‌. നന്ദി എന്ന ഒരു വാക്കുപോലും പ്രതീക്ഷിച്ചല്ല അതൊക്കെ സാധാരണ മനുഷ്യന്മാര്‍ ചെയ്യുക.
എന്നാല്‍ പണവും അധികാരവും മാത്രമാണ്‌ മഹത്തരമായ മാനുഷിക മൂല്യം എന്നു കരുതുന്ന അല്‍പ ബുദ്ധികള്‍ എത്ര വിദ്യാഭ്യാസമുള്ളവരായാലും, എത്ര നല്ല പുസ്തകം വായിച്ചവരായാലും, എത്രനല്ല ഈശ്വരവിശ്വാസിയായാലും അവര്‍ ചുറ്റും മൂടുതാങ്ങികളെ മാത്രമെ ആഗ്രഹിക്കു.ആശ്രിതന്മാര്‍ ചുറ്റുമുണ്ടായാലെ ഇവര്‍ക്കു തങ്ങളുടെ അപകര്‍ഷതയെ മൂടിവച്ച്‌ പ്രമാണി ചമയാനാകു.
അത്തരം വ്യക്തികളില്‍ നിന്നും ഒരു ചായപോലും കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
അഥവ കഴിച്ചുപോയാല്‍ അവരുടെ മുഖമാണെന്ന് മനസ്സില്‍ സംങ്കല്‍പ്പിച്ച്‌ വാഷ്ബസിനിലേക്ക്‌ കാറിതുപ്പുന്നത്‌ നല്ലൊരു പരിഹാരക്രിയയാണ്‌.

നക്കാപ്പിച്ചകള്‍ !!!
അന്യന്റെ ആത്മാഭിമാനത്തെ നക്കാപ്പിച്ച സഹായത്തിന്റെപേരില്‍ തന്റെ കാല്‍ക്കീഴില്‍ അടിയറവെക്കണമെന്നു പറയുന്ന ദരിദ്രവാസി ...

പ്രിയ അഗ്രജന്‍,
ഇതെല്ലാം തുറന്നെഴുതണമെന്നാണ്‌ എന്റെ പക്ഷം. പകല്‍ വെളിച്ചത്തില്‍ വികൃതമായ ഇവരുടെ മുഖം കണ്ട്‌ ബൂലൊകവാസികള്‍ ഞെട്ടണം. അപ്പഴേ ഒരു മാറ്റം പ്രതീക്ഷിക്കാനാകു.
ഈ പ്രശ്നങ്ങളുടെയൊന്നു വ്യക്തമായ ചിത്രം എനിക്കറിയില്ലാത്തതിനാലാണ്‌ ഞാന്‍ അശക്തനാകുന്നത്‌.

ബൂലൊകത്തുനടക്കുന്ന ആശയ വിനിമയങ്ങളുടെ പത്തിരട്ടി ചാറ്റും ടാക്കും ബൂലൊക രാഷ്ട്രീയത്തിനായി തല്‍പ്പരകക്ഷികള്‍ നടത്തുന്നുണ്ടെന്നാണ്‌ ചിത്രകാരന്റെ അനുമാനം.

പിന്മൊഴിക്കു പ്രസക്തിയുണ്ടെങ്കിലും ഇല്ലെങ്കിലും പിന്മൊഴി ബൂലൊകത്തിന്റെ ഒരു അലങ്കാരം തന്നെയാണ്‌. (ഏവൂരാനു നന്ദി.)

ചുള്ളിക്കാലെ ബാബു said...

എങ്കിലും ക്ലാസ്സില്‍നിന്നും ഇറങ്ങിപ്പോകരുതാരുന്നു! ആ ടീച്ചറെത്ര സങ്കടപ്പെട്ടിട്ടുണ്ടാവും?

ഏറനാടന്‍ said...

അഗ്രജനിക്കാ..

ഇപ്രാവശ്യം ഹൃദ്യമായി. പാച്ചുവിന്റെ ഡാക്കിട്ടറ്‌ കളി കാണുമ്പം മമ്മൂട്ടിയും ബേബിശാലിനിയും നടിച്ച 'സന്ദര്‍ഭം' സിനിമയിലെ പാട്ടുരംഗം ഓര്‍ത്തുപോയ്‌.

"ഡോക്‌ടര്‍ സാറേ
ലേഡിഡോക്‌ടര്‍ സാറേ..
എന്റെ രോഗമൊന്ന്‌ നോക്കണേ
ആദ്യം തന്നെ?"

Unknown said...

അഗ്രജന്‍.. നന്നായി താങ്കള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത.

പിന്നെ തറവാ‍ടി പറഞ്ഞതിനോട് ഒരു വിയോജിപ്പ്”

“എനിക്കെപ്പോഴും ഇഷ്ടം , തോല്‍ക്കുമെന്നുറപ്പുള്ളപ്പോഴും യുദ്ധഭൂമിയിലേക്ക്‌ നടക്കുന്ന രാജാവിനെയാണ്‌ “

എന്നാല്‍ എനിക്കിഷ്ടം തോല്‍ക്കുമെന്നുറപ്പുള്ള ഒരു യുദ്ധവും ചെയ്യരുതെന്നും ബുദ്ധിപൂര്‍വ്വം പിന്മാറി അവസരത്തിനു കാത്തിരിക്കുകയാണ് വേണ്ടതെന്നും ഞാന്‍ കരുതുന്നു.

തറവാടി said...

ഇരിങ്ങല്‍,

യുദ്ധഭൂമിയില്‍‌ ഇറങ്ങിയതിനു ശേഷം‌ പിന്തിരിയുന്നതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്.

( അല്ലാണ്ടെങ്ങിനെയാ സാര്‍ പകുതി ആളുകള്‍‌ കൊല്ലപ്പെടുന്നത്‌)

ഗുപ്തന്‍ said...

നന്നായി മാഷേ.. ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോകുന്നില്ല ഞാനും. റ്റീച്ചറിനോട് വികാരപരമായ അടുപ്പമുള്ളതുകൊണ്ടല്ല. ഇറങ്ങിപ്പോകാനുള്ള കാരണങ്ങള്‍ ഇല്ലാത്തതുകൊണ്ട്. ഇറങ്ങിപ്പോക്കുക്കാരുടേതായി പുറത്തൊക്കെയും മുഴങ്ങിക്കേള്‍ക്കുന്ന മുദ്രാവാക്യങ്ങളില്‍ വിശ്വാസമില്ലാത്തതുകൊണ്ട്/ അവ മനസ്സിലാകാത്തതുകൊണ്ട്.

പാച്ചൂ മിടുക്കത്തീ!!! ആ ‘പനിണ്ടാക്കീട്ടൂണ്ട്...’ വായിച്ച് ഞാന്‍ ചിരിച്ചതിനു കണക്കില്ല....

ഷാനവാസ്‌ ഇലിപ്പക്കുളം said...

നിര്‍മ്മലമായ സ്നേഹത്തിന്റെ, ചിന്തോദ്ദീപകങ്ങളായ, ആത്മാര്‍ത്ഥതയുടെ വരികള്‍. കൂട്ടത്തില്‍ ഹെലന്‍ കെല്ലറുടെ ആശ്വാസവും ഒപ്പം പ്രതീക്ഷയും തരുന്ന വാക്കുകളും. നന്ദി അഗ്രജാ
, അടുത്ത ആഴ്ചക്കുറിപ്പിനായ് കാത്തിരിക്കുന്നു.പാച്ചു ഒരു ഡോക്റ്ററാകാന്‍ ദൈവം അനുഗ്രഹിക്കട്ടെ!

Kuttyedathi said...

പാച്ചൂട്ടി മിടുമിടുക്കത്തി തന്നെ... വല്യ മുട്ടന്‍ പെണ്ണായോ ? കൊതീണ്ട്... പുതിയ ചിത്രങ്ങള്‍ കാണാന്‍ കുറുംബിപ്പെണ്ണിന്റെ...

ഇതിങ്ങനെ മുടക്കാതെ എഴുതുന്നതിനഭിനന്ദനങ്ങള്

qw_er_ty

സാരംഗി said...

അഗ്രജാ..ആഴ്ചക്കുറിപ്പുകള്‍ കേമമായിട്ടുണ്ട്. പാച്ചു ഡോക്ടറുടെ കാര്യമോര്‍ത്ത് ഇപ്പോഴും ചിരിവരുന്നു...
പിന്മൊഴിക്ലാസില്‍ ഞാനുമുണ്ട്. വെറും ആറുമാസത്തെ പരിചയമേ ഉള്ളുവെങ്കിലും ഈ ക്ളാസ് വിട്ടുപോകാന്‍ മടി..

Kaithamullu said...

കഴിക്കുന്നതെല്ലാം കല്യാണമാണെന്ന് പാച്ചു എങ്ങിനെയോ ധരിച്ചുവെച്ചിരിക്കുന്നു!
-വീട്ടിലപ്പോ അതൊക്കേയാ ചര്‍ച്ച അല്ലേ അഗ്രൂ!

:: niKk | നിക്ക് :: said...

കഴിക്കുന്നതെല്ലാം കല്യാണമാണെന്ന് പാച്ചു എങ്ങിനെയോ ധരിച്ചുവെച്ചിരിക്കുന്നു!

:P

അഗ്രൂ ങ്ങളെന്താ മോശാണോ? ;)

:: niKk | നിക്ക് :: said...

അല്ലെങ്കില്‍ പാച്ചൂനും ങ്ങളെ പറ്റി ശരിയായ ധാരണവന്നിരിക്കുന്നുവോ? ങേ!

ഹിഹിഹി

Rasheed Chalil said...

ടീച്ചറ് പോയശേഷവും അഗ്രജന്‍ അവിടെ ഇരുന്നിരിക്കാനിടയില്ലല്ലോ...

അഗ്രജാ ആഴ്ച്ചക്കുറിപ്പ് പതിവ് പോലെ അസ്സലായി.

ആഷ | Asha said...

:)

Siju | സിജു said...

നന്നായിരിക്കുന്നു..

qw_er_ty

മുസ്തഫ|musthapha said...

ആഴ്ചക്കുറിപ്പുകള്‍ വായിച്ച, അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ :)

‘ആവര്‍ത്തനങ്ങള്‍‘
പിമൊഴിയോട് ബന്ധപ്പെട്ടത് തന്നെയെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷവും എന്‍റെ സ്വഭാവത്തില്‍ കണ്ട സാദൃശ്യത്തെ വിലയിരുത്താനായിരുന്നു ശ്രമിച്ചത്!

‘വെള്ളം പാഴാക്കുന്നവര്‍‘
ഒരനുഭവം - ഒരു പക്ഷെ, എന്നിലും ഉണ്ടാവാന്‍ സാധ്യതയുള്ള, ഞാന്‍ തിരിച്ചറിയാത്ത ഒരു സ്വഭാവ വിശേഷം!

‘അശരീരി’
തീര്‍ച്ചയായും പിന്മൊഴി നിറുത്തുന്നതിനോട് ചേര്‍ത്തു തന്നെ വായിക്കാന്‍ വേണ്ടി!

അപ്പു
കുട്ടമ്മേനൊന്‍
കുട്ടിച്ചാത്തന്‍
തറവാടി
വല്യമ്മായി
കരീം മാഷ്‌
പൊതുവാള്
ഇന്‍ഡ്യാഹെറിറ്റേജ്‌
അതുല്യ
വക്കാരിമഷ്‌ടാ
വിചാരം
ദില്‍ബാസുരന്‍
chithrakaran
ചുള്ളിക്കാലെ ബാബു
ഏറനാടന്‍
രാജു ഇരിങ്ങല്‍
തറവാടി
Manu
ഷാനവാസ്‌ ഇലിപ്പക്കുളം
Kuttyedathi
സാരംഗി
kaithamullu
niKk
ഇത്തിരിവെട്ടം
സു
ആഷ
Siju

അഭിപ്രായങ്ങള്‍ പങ്കുവെച്ച, പാച്ചുവിന്‍റെ വിശേഷങ്ങള്‍ രസിച്ച നിങ്ങള്‍ക്ക് ഒരിക്കല്‍ കൂടെ നന്ദി :)