Tuesday, July 24, 2007

മുപ്പത്തിയാറ്

പുതിയ രാഷ്ട്രപതി
ഇന്ത്യക്ക് പുതിയൊരു രാഷ്ട്രപതി നിയോഗിക്കപ്പെട്ടിരിക്കുന്നു. പുതുക്കത്തില്‍, പരിമിധികള്‍ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള എന്തെങ്കിലും നല്ല പ്രവൃത്തി കണ്ടാല്‍ തന്നേയും ചുമ്മാ കയറി ആവേശം കൊള്ളേണ്ട എന്ന് മനസ്സ് പറയുന്നു. പുതുക്കത്തിന്‍റെ ആവേശം അധികം വൈകാതെ കെട്ടടങ്ങുന്ന പരിപാടികള്‍ ചുറ്റിലും നടക്കുന്നത് കൊണ്ടാവാം അങ്ങിനെയൊരു തോന്നല്‍! വ്യക്തി എത്ര നല്ലതായിട്ടും കാര്യമില്ല - വ്യവസ്ഥിതി നന്നാവാത്തിടത്തോളം. ഒരു വനിത ആദ്യമായി രാഷ്ട്രപതിയാവുന്നു എന്നതിന്‍റെ പ്രസക്തി, മറ്റു സാധ്യതകള്‍ പിന്തള്ളപ്പെട്ടപ്പോള്‍ സംഭവിച്ച ഒരു പരിഹാരം എന്ന നിലയില്‍ നഷ്ടപ്പെടുകയും ചെയ്തു.

സ്നേഹമാണച്ഛന്‍
മകനും മകന്‍റെ കൊച്ചും തമ്മിലുള്ള കളിതമാശകള്‍ കണ്ടുകൊണ്ടിരുന്ന ആ സ്ത്രീ പറഞ്ഞു...
‘ഇപ്പഴത്തെ കുട്ടികളും അച്ഛന്മാരും ഭാഗ്യമുള്ളോരാ... ഞാനൊന്നും എന്‍റച്ഛനെ തൊട്ടതായോ കളിച്ചതായോ എനിക്കോര്‍മ്മയില്ല... ദോഷം പറയരുതല്ലോ, വാതം വന്ന് തളര്‍ന്ന് കിടക്കുന്ന കാലത്ത് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് കിടത്താനായി തൊട്ടിട്ടുണ്ട്...’

കാലങ്ങള്‍ കഴിഞ്ഞിട്ടും മക്കള്‍ക്ക് സ്നേഹത്തോടെ ഓര്‍ക്കാന്‍ ഒന്നും ബാക്കി വെക്കാതെ കടന്നു പോയ ആ അച്ഛന്‍ എന്നെ ചിന്തിപ്പിക്കുന്നു.

കണ്ടിട്ടുണ്ട്, അങ്ങിനെ ചിലരെ... മക്കളോട് സ്നേഹത്തില്‍ സംസാരിച്ചാല്‍, ഒന്ന് തലോടിയാല്‍... സ്വന്തം വിലയും ബഹുമാനവും നഷ്ടപ്പെടുമെന്ന മൂഢധാരണയുള്ളവര്‍ (ചിലര്‍). മക്കള്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാവാം... ഉള്ളില്‍ സ്നേഹത്തിന്‍റെ ഒരു സാഗരം തന്നെ ഇവമ്പുന്നൂണ്ടാവാം... പക്ഷെ, അവരറിയുന്നില്ല അവരുടെ സ്നേഹം അവരോടൊപ്പം തന്നെ മരിക്കുന്നു എന്നത്.

അടക്കി വെച്ച് പരിപാലിക്കപ്പെടേണ്ട ഒന്നല്ല സ്നേഹം... അത് അറിയിക്കപ്പെടേണ്ടതാണ്. ആ സ്ത്രീ പറഞ്ഞത് പോലെ, പുതുതലമുറ മക്കളോടുള്ള സ്നേഹം ഒട്ടും മറയില്ലാതെ തന്നെ പ്രകടിപ്പിക്കാന്‍ അറിയുന്നവരാണ്.

ചെ‌റിയ വികൃതികള്‍ക്ക് ‘ഇവടെ പിടിക്കെടാ...’ എന്ന് പറഞ്ഞ് എന്‍റെ ഓട്ടം കണ്ട് ചിരിക്കുന്ന ഉപ്പ, പനിയുറക്കത്തില്‍ നിന്നും കണ്ണ് തുറക്കുമ്പോള്‍ നെറ്റിയില്‍ പതിയെ അമര്‍ന്നിരിക്കുന്നൊരു പരുത്ത കൈത്തലം... ഇതൊക്കെ മതി എനിക്ക് ഉപ്പ തന്ന അടികളേയും ശാസനകളേയും പിറകില്‍ നിറുത്താന്‍!

എന്നെ ചിരിപ്പിച്ച ഒരാത്മഗതം
ഇവിടെ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന ചെറുപ്പക്കാരന്‍ നാട്ടില്‍ പോകുന്നു. കുറഞ്ഞ അവധിക്കുള്ളില്‍ വിവാഹം നടക്കണം എന്നുള്ളത് കൊണ്ട് അന്വേഷണങ്ങള്‍ നേരത്തേ തുടങ്ങിയിരുന്നു. അവന് വേണ്ടി അന്വേഷിക്കുന്ന പെണ്‍കുട്ടികളുടെ എല്ലാം വിവാഹം വളരെ പെട്ടെന്ന് തന്നെ നടന്നു പോവുന്നത്രേ... കുറേ കാലമായി കാര്യങ്ങളൊന്നും ശരിയാകാതെ നില്‍ക്കുന്ന പെണ്‍കുട്ടികള്‍ വരെ ഇവന്‍റെ ആലോചന വന്നാല്‍ കെട്ടിപ്പോകുന്നു പോലും... സംസാരത്തിനൊടുവില്‍ അവന്‍റെ ആത്മഗതം എന്നെ ചിരിപ്പിച്ചു...
‘ഈ നെലക്ക്... ഞാന്‍ പെണ്ണ് കെട്ടിയാല്‍ ആരെങ്കിലും അടിച്ചോണ്ട് പോവ്വോ...’

പാച്ചുവിന്‍റെ ലോകം
ചെറിയ വീഴ്ചകളും തട്ടലും മുട്ടലുമൊക്കെയായി പാച്ചു ചിണുങ്ങുമ്പോള്‍ നല്ലപാതി പാച്ചുവിനെ സമാധാനിപ്പിക്കും...
‘സാരമില്ല മോളേ... ഇതൊക്കെ സാധാരണയല്ലേ...’
ഒരു ദിവസം പാച്ചുവിന്‍റെ കളിപ്പാട്ടങ്ങളില്‍ തട്ടി നല്ലപാതി തരക്കേടില്ലാതെ ഒന്ന് വീണു. പാച്ചു ഓടി വന്നു...
‘എന്താ പറ്റ്യുമ്മാ...’
‘ഉമ്മാ വീണെടി മോളേ...’
‘അതൊക്കെ സാധാരണേണുമ്മാ...’ പാച്ചു തിരിഞ്ഞു നടന്നു.

* * * *
എന്തോ കാര്യത്തിന് ഞാനും പാച്ചുവും പിണങ്ങി...
പാച്ചു പലവിധ അടവുകള്‍ എടുത്തിട്ടും ഞാന്‍ മസിലു പിടിച്ചു തന്നെയിരുന്നു...
അവസാനം പാച്ചുവും ആ ശ്രമം ഉപേക്ഷിച്ചു...
താഴെ പോകാനായി മുടി ചീകിയിരുന്ന എന്നെ നോക്കി പാച്ചു അരിശം തീര്‍ത്തത് ഇങ്ങിനെയായിരുന്നു...
‘നെന്നെ കാണാന്‍ ഒരു ഭംഗ്യൂല്ലെഡേ...’
നല്ലപാതി ഇത് കേട്ട് ചിരിച്ചത് ഒന്നും ഉദ്ദേശിച്ചാവില്ലാ... ല്ലേ!

20 comments:

മുസ്തഫ|musthapha said...

“ആഴ്ചക്കുറിപ്പുകള്‍“

ലക്കം മുപ്പത്തിയാറ്

ഉള്ളടക്കം
- പുതിയ രാഷ്ട്രപതി
- സ്നേഹമാണച്ഛന്‍
- എന്നെ ചിരിപ്പിച്ച ഒരാത്മഗതം
- പാച്ചുവിന്‍റെ ലോകം

Rasheed Chalil said...

സ്നേഹം മനസ്സില്‍ ഒതുക്കേണ്ടതല്ല മറിച്ച് പ്രകടിപ്പിക്കേണ്ടതാണ് പലര്‍ക്കും അറിഞ്ഞ് കൂടാ എന്ന് എനിക്കും തോന്നാറുണ്ട്. സ്നേഹം ഒരു സംവേദനമാണ്... കൊടുത്താല്‍ കിട്ടുന്ന മഹാത്ഭുതം.

അഗ്രജാ... ആഴ്ചക്കുറിപ്പുകള്‍ പതിവ് പോലെ നന്നായിരിക്കുന്നു.

വേണു venu said...

പതിവുപോലെ നന്നു്.
സ്നേഹം പ്രകടനത്തിലൂടെ അനുഭവപ്പെടുന്നു, അനുഭവിക്കപ്പെടുന്നു. ശരി തന്നെ.
കാലങ്ങള്‍ കഴിഞ്ഞിട്ടും മക്കള്‍ക്ക് സ്നേഹത്തോടെ ഓര്‍ക്കാന്‍ ഒന്നും ബാക്കി വെക്കാതെ കടന്നു പോയ ആ അച്ഛന്‍ എന്നെ ചിന്തിപ്പിക്കുന്നു.
എന്നെയും. വേറൊന്നുമല്ല അഗ്രജന്‍ ഭായീ.
കാലങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും ബാക്കി വയ്ക്കാതെ പോയ ആ അച്ഛന്‍ ഇന്നും സ്നേഹത്തോടേ ഓര്‍മ്മിക്കപ്പെടുന്നു എന്നതു തന്നെ.
എന്തായിരുന്നു, അതിനു പിന്നിലെ മനശ്ശാസ്ത്രം.?
ഇന്നു് ഒരു കൂട്ടുകാരനെപോലെയോ കൂട്ടുകാരിയെപോലെയോ സ്വാതന്ത്ര്യവും സ്നേഹവും അച്ഛനില്‍ നിന്നു ലഭിക്കുന്നു. കാലങ്ങള്‍ കഴിയുമ്പോള്‍ ശരണാലയത്തിലേയ്ക്കു കൊണ്ടു പോകുന്നവരും ഒത്തിരി ഒത്തിരി സ്നേഹം ലഭിച്ച ഇവരൊക്കെ തന്നെ അല്ലെ. കാരണങ്ങളൊക്കെയുണ്ടു്. നിശ്ശബ്ദമായി ഈ വേറിട്ട കാഴ്ച ഞാന്‍ കണ്ടു് അമ്പരക്കാറുണ്ടു്.

പാച്ചുവിനൊരു കൊച്ചു ഞുള്ളു് അങ്കിളിന്‍റെ വക.:)

തമനു said...

ഈ ആഴ്ചക്കുറിപ്പുകള്‍ എന്തുകൊണ്ടും നല്ല നിലവാരം പുലര്‍ത്തുന്നു അഗ്രൂ..

ചിരിക്കാനും ചിന്തിക്കാനും വേണ്ടുന്നവ ഉള്‍ക്കൊള്ളിച്ചതിന് അഭിനന്ദനങ്ങള്‍.

പണ്ടത്തെതലമുറയുമായി വളരെയധികം മാറിയിരിക്കുന്നു നമ്മുടെ തലമുറ, അതില്‍ നിന്നും വളരെ മാറി നമ്മുടെ അടുത്ത തലമുറയും.

പാച്ചൂനെത്തന്നെ നോക്കൂ, സത്യം പറയാന്‍ അവള്‍ക്കാരേം പേടിക്കേണ്ടി വരുന്നില്ല... :)

Mubarak Merchant said...

ഇത്തവണ കുറിപ്പുകള്‍ ഒന്നുകൂടി ഉഷാറായി എന്ന് തോന്നുന്നു. ഒരു പക്ഷെ യാത്ര കാറിലാക്കിയതിനാല്‍ ചിന്തിക്കാന്‍ ഏറെ സമയം കിട്ടുന്നതുകൊണ്ടാവാം. പാച്ചൂന്റെ ലോകത്തില്‍ ഒരൈറ്റം മതിയാര്‍ന്നു. ഇനിയിപ്പൊ അടുത്താഴ്ചത്തേക്ക് വേറെ കണ്ടുപിടിക്കണ്ടേ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ് ഐറ്റംസ് കൂടി അല്ലേ, വില കൂട്ടുമോ പേജു കുട്ടുമ്പോള്‍?

ഉരുണ്ട് വീണത് ആരാ പാച്ചൂ ഉമ്മയോ ഉപ്പയോ??

അപ്പു ആദ്യാക്ഷരി said...

ഈ ആഴ്ചക്കുറിപ്പുകള്‍ നന്നായി അഗ്രജാ.

ഉം...ഇപ്പോഴത്തെ മക്കള്‍ക്ക് അച്ഛന്മാരോടു കൊഞ്ചാന്‍ കുടുതല്‍ സ്വാതത്ര്യം ഉണ്ടെന്നതു നേരുതന്നെ. പക്ഷേ പണ്ടത്തെ പേടിതന്നെയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നന്നായിരുന്നതെന്നു തോന്നുന്നു, ഇപ്പോഴത്തെ ഓരൊ സാഹാചര്യങ്ങള്‍ കാണുമ്പോള്‍. കുട്ടികള്‍ കൌമാരത്തിലെത്തി, അവര്‍ തനിയെ ചിന്തിക്കാറാകുമ്പോള്‍, നമമള്‍ പറയുന്നതൊക്കെ ജനറേഷന്‍ ഗ്യാപ്പായേ അവര്‍ക്കു തോന്നൂ... അന്നും അവര്‍ അവരുടെ മക്കളെ കൊഞ്ചിക്കും, ഇപ്പോള്‍ നമ്മള്‍ ചെയ്യുന്നപോലെ. വേണുവേട്ടന്‍ പറഞ്ഞതുപോലെ നമ്മുടെ ഗതിയാകാതെ അങ്ങെടുത്താല്‍ മതിയായിരുന്നു...!!

Visala Manaskan said...

നന്നായിട്ടുണ്ട് അഗ്രജാ..

:)

:: niKk | നിക്ക് :: said...

ല്ല. :)

കരീം മാഷ്‌ said...

"ഒരു ദിവസം പാച്ചുവിന്‍റെ കളിപ്പാട്ടങ്ങളില്‍ തട്ടി നല്ലപാതി തരക്കേടില്ലാതെ ഒന്ന് വീണു"

ഇതു വായിച്ചപ്പോള്‍ ഒരു തമാശ ഓര്‍മ്മ വന്നു.
ഒരു പല്ലു പോയെന്നും പറഞ്ഞു ദന്ത ഡോക്ടറെ കാണാന്‍ ചെന്ന ആളോട്‌ ഡോക്ടര്‍ " എന്തു പറ്റി വീണോ?"
രോഗി " വീണതു ഞാനല്ല നല്ലപാതിയാ..! ഞാന്‍ ഒന്നു ചിരിച്ചതേയുള്ളൂ!"

പാച്ചുവിന്‍റെ ലോകം നന്നായിരിക്കുന്നു.

അഞ്ചല്‍ക്കാരന്‍ said...

നല്ല ചിന്തകള്‍.

സാജന്‍| SAJAN said...

അഗ്രജാ ഇത്തവണയും ആഴ്ചക്കുറിപ്പുകള്‍, നന്നായി.. കരീം മാഷിന്റെ കമന്റ് ചിരിക്കാന്‍ ഏറെ വഹ നല്‍കി:)

ഏറനാടന്‍ said...

പണ്ടുമുതല്‍ക്കേ മനോരമ ഞായറാഴ്‌ച പതിപ്പില്‍ വരുന്ന 'ഇന്നത്തെ ചിന്താവിഷയം' വായിക്കുന്ന അതേ രസവും ഉത്സുകതയും അഗ്രജന്റെ ആഴ്‌ചക്കുറിപ്പുകള്‍' തരുന്നു. പാച്ചുവിന്റെ കുറിക്കുകൊള്ളുന്ന വാചകമടി ആണ്‌ രസങ്ങളിലെ രസകരം. (താങ്കള്‍ ഇതെല്ലാം ക്രോഡീകരിച്ചൊരു പതിപ്പാക്കി പുറത്തിറക്കണമെന്നപേക്ഷിച്ചോട്ടേ)

asdfasdf asfdasdf said...

ഈ ആഴ്ചവട്ടവും നന്നായി
(ഓടോ : ‘ഈ നെലക്ക്... ഞാന്‍ പെണ്ണ് കെട്ടിയാല്‍ ആരെങ്കിലും അടിച്ചോണ്ട് പോവ്വോ...’.. ബാച്ചികളേ നിങ്ങള്‍ക്ക് ദുരിതകാലം.!!! )

Satheesh said...

കരീം മാഷിന്റെ കമന്റ് അടിപൊളി! :)
അഗ്രജാ, നല്ല പോസ്റ്റ്!

thoufi | തൗഫി said...

:)

സുനീഷ് said...

‘നെന്നെ കാണാന്‍ ഒരു ഭംഗ്യൂല്ലെഡേ...’
നിഷ്ക്കളങ്കമായ ഒരു ചിരിയുടെ തുടക്കം, ല്ലേ?

അഭിലാഷങ്ങള്‍ said...

ഹ ഹ... പാച്ചു ആളു കൊള്ളാലോ... :-) നല്ല ‘ഗ്രാസ്പിങ്ങ്’ പവറുള്ള കുട്ടി..
പിന്നെ മോള്‍‌ ഉപ്പയോട് ഒരു ലോകസത്യം പറഞ്ഞു.. “നെന്നെ കാണാന്‍ ഒരു ഭംഗ്യൂല്ലെഡേ..!“
ഇതു കേട്ട് ഉമ്മ പറയും: “ഉപ്പ വീണെടീമോളെ! “
അപ്പോ പാച്ചു പറയും : “അതൊക്കെ സാധാരണേണുമ്മാ..!!” :-)

salil | drishyan said...

എന്നത്തെയും പോലെ, നന്നായിട്ടുണ്ട്.

സസ്നേഹം
ദൃശ്യന്‍

സുല്‍ |Sul said...

ഇവിടെ പണ്ടിട്ട കമെന്റെവിടെ പോയോ എന്തോ.
എന്തായാലും പാച്ചു കലക്കുന്നുണ്ട്. പാച്ചു സത്യങ്ങള്‍ വിളിച്ചു പറയാന്‍ തുടങ്ങി അല്ലെ അഗ്രു. :)

-സുല്‍