Tuesday, April 22, 2008

ആഴ്ചക്കുറിപ്പുകള്‍ 59

ഉപദ്രവസ്മരണ...
സഹായ മനസ്ഥിതി ഉപദ്രവമായി മാറുന്നതിനെ പറ്റി ഈ പംക്തിയില്‍ മുന്‍പും എഴുതിയിട്ടുണ്ട്. ഇന്ന് റേഡിയോയില്‍ കേട്ട ഒരു ചര്‍ച്ച വീണ്ടും അതേകുറിച്ചെഴുതാന്‍ പ്രേരിപ്പിക്കുന്നു.

ഫോണില്ലാത്ത ഒരപരിചിതന് വിളിക്കാന്‍ തന്‍റെ മൊബൈല്‍ ഫോണ്‍ കൊടുത്തു എന്ന നല്ല കാര്യം ഒരാള്‍ ചെയ്തു. അപരിചിതന്‍ ഉറുദുവില്‍ എന്തൊക്കെയോ സംസാരിക്കുന്നു... ഫോണ്‍ തിരികെ കൊടുത്ത് നീങ്ങുന്നു. പിന്നീട് ആ നമ്പറില്‍ നിന്നും ഇയാളെ വിളിച്ച് തെറി പറയുകയും അതേ പറ്റി പോലീസില്‍ പരാതി പറയാന്‍ ചെല്ലുമ്പോള്‍ ഇതേ കാരണം കൊണ്ട് തന്നെ തന്‍റെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് അറിയുകയും ചെയ്യുന്ന ഒരാളുടെ അനുഭവമായിരുന്നു ചര്‍ച്ചാ വിഷയം... ആദ്യം ഫോണ്‍ ചെയ്ത അപരിചിതന്‍ ഉറുദുവില്‍ നല്ല എണ്ണം പറഞ്ഞ തെറിയാണ് വിളമ്പിയതെന്ന് ഇദ്ദേഹത്തിന് മനസ്സിലാവാതെ പോയി. അയാളിനി അതിന്‍റെ പേരില്‍ എത്രമാത്രം മെനക്കെടെണ്ടി വരും എന്നുള്ളത് കണ്ടറിയണം.

ഫോണ്‍ ചോദിക്കുന്നവര്‍...
എ.റ്റി.എം കാര്‍ഡ് ഉപയോഗിക്കേണ്ടതെങ്ങിനെ എന്ന് ചോദിക്കുന്നവര്‍...
കാര്‍ ലിഫ്റ്റ് ചോദിക്കുന്നവര്‍...
ഇങ്ങിനെ നിരുപദ്രവമെന്ന് തോന്നിപ്പിക്കുന്ന സഹായങ്ങള്‍ നാം പലപ്പോഴും ചെയ്യാറുണ്ട്. നമ്മള്‍ക്ക് കഴിയുന്ന ചെറിയ സഹായങ്ങള്‍ എന്നുള്ള നിലയ്ക്കാണ് ഈ വക കാര്യങ്ങളെ കാണാറ്. പക്ഷെ, ഇതിന്‍റെ ഭാഗമായി വന്നേക്കാവുന്ന നൂലാമാലകളെ പറ്റി നാം ബോധവാന്മാരാവേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം കൂടെ എ.റ്റി.എം. കാര്‍ഡ് ഉപയോഗിക്കാന്‍ സഹായം ഒരു ഫിലിപ്പൈനി ചോദിച്ചിരുന്നു. ഞാന്‍ കാര്‍ഡോ കീ പാഡോ തൊടാതെ എങ്ങിനെ അതുപയോഗിക്കാം എന്ന് പറഞ്ഞ് കൊടുക്കാറേയുള്ളൂ. ഇതേ പറ്റി കേട്ട സുഹൃത്ത് പറഞ്ഞത് അവന്‍ തന്നെയാണ് കാര്‍ഡ് വാങ്ങി കാശെടുത്ത് കൊടുക്കാറുള്ളതെന്ന്. വല്ലവന്‍റേയും അടിച്ച് മാറ്റിയ കാര്‍ഡാണ് അതെങ്കില്‍ എപ്പോ പണിയായി എന്ന് ചോദിച്ചാ പോരേ!

വഴിവക്കില്‍ നിന്നും കൈ കാട്ടി കാറില്‍ കയറുന്നവന്‍... അവന്‍റെ കയ്യിലുണ്ടായേക്കാവുന്ന ഒരു ചെറിയ പൊതിയോ ഒരു സഞ്ചിയോ മതി സഹായിച്ചവന് ആജീവനാന്തം പണി കൊടുക്കാന്‍!

ഒരു കോള്‍ ചെയ്യാന്‍ ഫോണ്‍ ചോദിച്ചവന്‍ അതും കൊണ്ട് ഓടുന്നതും അപൂര്‍വ്വമല്ല.

ചിലരെല്ലാം ഇങ്ങിനെ തട്ടിപ്പ് കാണിക്കുന്നു എന്ന് കരുതി... എല്ലാവരേയും ആ രീതിയില്‍ കാണാന്‍ ശ്രമിക്കുന്നതും ശരിയല്ല. പക്ഷെ നമ്മുടെ സുരക്ഷ ആദ്യം ഉറപ്പ് വരുത്തിക്കൊണ്ടായിരിക്കണം സഹായിക്കാന്‍ മുതിരേണ്ടത് എന്ന് മാത്രം.

ഫോണ്‍ വിളിക്കേണ്ടവന് വേണ്ടി നമുക്ക് തന്നെ സംസാരിക്കാം.
എ.റ്റി.എം. കാര്‍ഡ് ഉപയോഗിക്കേണ്ടവനെ കൊണ്ട് തന്നെ പറഞ്ഞ് കൊടുത്ത് അതുപയോഗിപ്പിക്കാം... സന്ദര്‍ഭോചിതമായ രീതിയില്‍ നമ്മുടെ ഭാഗം ഭദ്രമാക്കാന്‍ ശ്രമിക്കാം... അല്ലെങ്കില്‍ ഉപകാരസ്മരണ ഉപദ്രവസ്മരണയായി മാറിയേക്കാം!

സഫലമാകുന്ന ആഗ്രഹങ്ങള്‍
കളര്‍ പെന്‍സില്‍, പെന്‍സില്‍ ബോക്സ്, ബാഗ്, ഷൂസ്... മോള്‍ക്ക് സ്കൂളിലേക്ക് വേണ്ടതെല്ലാം പറ്റാവുന്ന പോലെ ഒരുക്കുന്നു. ഒരു ബാഗിന് വേണ്ടി കൊതിച്ച എന്‍റെ ബാല്യം ഓര്‍മ്മയിലെത്തുന്നു. ചോദിക്കാതെ തന്നെ അവള്‍ക്ക് എല്ലാം ഒരുക്കി കൊടുക്കുന്നതിലെ നിര്‍വൃതി. അവള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് കമ്പ്യൂട്ടറിന് വേണ്ടിയാണ്... വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ അവള്‍ മക്കള്‍ക്കായി ആദ്യം ഒരുക്കികൊടുക്കുന്നത് ചിലപ്പോള്‍ ഒരു ലാപ്ടോപ്പായേക്കാം അല്ലേ!



* * * * * * * * * * * * * * * * * * * * * *
ഒരു ഇടവേളയിലാണ്...
വീണ്ടും കാണും വരേയ്ക്കും വിട...
* * * * * * * * * * * * * * * * * * * * * *

26 comments:

മുസ്തഫ|musthapha said...

ആഴ്ചക്കുറിപ്പുകള്‍ 59


ആരും താഴേക്ക് പോണ്ട, ഈ ലക്കം പാച്ചൂന് അവധി കൊടുത്തു :)

[ nardnahc hsemus ] said...

എല്ലാ മാതാപിതാക്കളും മക്കള്‍ക്കിന്നേ വരെ ഒരുക്കികൊടുത്തതും ലാപ് ടോപ് തന്നെയാണ് അഗ്രജാ... :)

അഗ്രജന്‍ said...

ഹഹഹ സുമേഷേ അത് ഉഷാര്‍ :)

G.MANU said...

evide paaaachu?

Sharu (Ansha Muneer) said...

കൊള്ളാം.. പക്ഷെ പാച്ചു ഇല്ലാതെ എന്ത് ആഘോഷം???

[ nardnahc hsemus ] said...

Manu uncle,
ഇസ് ഹപ്തെ അഗ്രജന്‍ 'പാച്ചു' കൊ 'ചുപാ' ദിയാ.... (pachu = chupa)

മറ്റൊരാള്‍ | GG said...

“എല്ലാ മാതാപിതാക്കളും മക്കള്‍ക്കിന്നേ വരെ ഒരുക്കികൊടുത്തതും ലാപ് ടോപ് തന്നെയാണ്“..

ഇത് ഇത്രേം കടന്ന് ചിന്തിക്കാന്‍ ഇടനല്‍കിയതിന് സുമേഷിനോട് കടപ്പാട്.

Ziya said...

ഫോണ്‍ വിളിക്കേണ്ടവന് വേണ്ടി നമുക്ക് തന്നെ സംസാരിക്കാം.
(അവന്റെ കാമുകിയെ വിളിക്കാനാണെന്ന് അറിയാവുന്നത് കൊണ്ട് അഗ്രു പണ്ടേ റെഡി!)

അവള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് കമ്പ്യൂട്ടറിന് വേണ്ടിയാണ്...
ശരിയാണ്...
പാച്ചു നാളെ കുറിപ്പിടും.
ഒരു കമ്പ്യൂട്ടറിനു വേണ്ടി കൊതിച്ച എന്റെ ബാല്യം ഓര്‍മ്മയിലെത്തുന്നു.

ശ്രീ said...

അഗ്രജേട്ടാ...
ശരിയാണ്. ഇത്തരം പ്രശ്നങ്ങള്‍ കൂടി ഭയന്നിട്ടാകണം ഇക്കാലത്ത് മിക്കവരും മറ്റുള്ളവരെ സഹായിയ്ക്കാന്‍ പോലും ശ്രമിയ്ക്കാതിരിയ്ക്കുന്നത്.

അപ്പു ആദ്യാക്ഷരി said...

അഗ്രജാ, ആദ്യത്തെപകുതിയെപ്പറ്റി ഞാനൊന്നും പറയിണില്ല. നല്ലകാര്യം തന്നെ. ഇനി ലിഫ്റ്റില്‍കയറുമ്പോഴും സൂക്ഷിച്ചോളൂ. എന്തെങ്കിലും മണംവരുന്നതായിതോന്നിയാല്‍ (നാറ്റമായാലും ഓകെ) അടുത്തഫ്ലോറില്‍ ഇറങ്ങിക്കോണം.

സുമേഷിന്റെ കമന്റ് എനികിഷ്ടമായി. അതാണു ശരി. എല്ലാ മാതാപിതാക്കളും അവരവരുടെകുട്ടിക്ക് അന്നത്തെ കാലത്ത് അത്യന്താപേക്ഷിതമയ കാര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. കുട്ടികള്‍ എല്ലാക്കാലത്തും അത്ര അത്യാവശ്യമല്ലാതിരുന്ന കാര്യങ്ങള്‍ക്കുവേണ്ട് ആഗ്രഹിച്ചു. ശരിയല്ലേ. മൂന്നാം ക്ലാസുവരെ സ്ലേറ്റും പെന്‍സിലും പോക്കറ്റില്‍ മഷിത്തണ്ടു മായി നടന്ന നമ്മള്‍ക്കൊക്കെ എന്തിനായിരുന്നു ഒരു ബാഗ് എന്റെ അഗ്രൂ ???? ആവശ്യമില്ലാത്ത സെന്റിമെന്റല്‍ നൊസ്റ്റാള്‍ജ്യകളയൂ. എന്റെ ആഗ്രഹം അക്കാലത്ത് എന്തായിരുന്നു എന്നു കേള്‍ക്കണോ. ഒരു ഹാര്‍മോണിയം വേണമെന്ന്. എന്തിനാ? ആ.... ?

Shaf said...

പാച്ചു ഇല്ലാതെ എന്ത് ആഘോഷം???
appu vettan goal adichu
;)

NITHYAN said...

ഇതു വിതയ്‌ക്കാതെ കൊയ്യേണ്ടിവരുന്ന കേസ്‌. ഓര്‍മ്മിപ്പിച്ചത്‌ ഏതായാലും നന്നായി

Rafeeq said...

:( ഇതു പറഞ്ഞപ്പോഴാണു, ഞാന്‍ ചെന്നൈയില്‍ പഠിക്കുംമ്പോള്‍, ഒരുത്തനു ഫോണ്‍ ചെയ്യാന്‍ എന്റെ മൊബൈല്‍ കൊടുത്തു, കൊടുത്തതും അടുത്തു വന്ന ബൈക്കില്‍ എന്റെ മൊബിലും കൊണ്ടു അവന്‍ കടന്നു.. :(
അതും സിറ്റിയില്‍ നിന്നും, അപ്പോളോ ഹോസ്പിറ്റലിന്റടുത്തു വച്ചു.. :( :*(

asdfasdf asfdasdf said...

ഇതെക്കുറിച്ച് ഇന്ന് ഇവിടെ സംസാരിച്ചതേ ഉള്ളൂ. അബുദാബിയിലോ മറ്റോ എ.ടി.എം മെഷീനില്‍ നിന്നും വേറെയാരെയോ ഉപയോഗിച്ച് കളവുചെയ്ത കാര്‍ഡ് ഇട്ട് പൈസ യെടുത്തതിനെ പറ്റി.

Unknown said...

നന്നായില്ലാട്ടൊ….

ഇത് ഹിറ്റ് എഫ്മ്മില് നിന്നും കോപ്പി അടിച്ഛതല്ലെ? ഇതാ‍ര്ക്കും എഴുതാം…..പുതിയത് വല്ലതും എഴുതു ഇക്കാ…

നമൊവാകം

കുറുമാന്‍ said...

ഒന്നാം ക്ലാസ്സ് മുതല്‍ കമ്പ്യൂട്ടറൊരു സബ്ജ്ജക്റ്റാണ് അഗ്രൂ. ഏപ്രില്‍ ഒന്നിന് ഒന്നാം ക്ലാസിലായി, കമ്പ്യൂട്ടര്‍ സയന്‍സെന്ന ഒരു പുസ്തകം പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അവള്‍ പറയുന്നു അച്ഛാ,അച്ഛന്റെ പഴയ കമ്പ്യൂട്ടര്‍ എനിക്ക് ശരിയാക്കി തരൂന്ന് (പണ്ട് കമ്പിളി മൂ‍ടി ആ കമ്പ്യൂട്ടറില്‍ ഇരുന്ന് കുറേ എഴുതിയിട്ടുള്ളതാ - ഇപ്പോ ഒര് വര്‍ഷത്തിലും മീതെയായി ഓണ്‍ ചെയ്തിട്ടേയില്ല) വൈറസൊക്കെ കളഞ്ഞ് അവള്‍ക്കതൊന്നു ശരിയാക്കി കൊടുക്കണം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഹോ എന്തൊരു ബുദ്ധി!!!!
;)

സുമേഷേട്ടോ ആ ലാപ് ടോപ് കലക്കി

Ziya said...

ഫിറോസ് ബാബുക്ക പറഞ്ഞത് കാര്യം തന്നെ. എന്നെ അറിയാമോ ഫിറോസ്‌ക്കാ?

തറവാടി said...

ഒന്ന് ഫോണ്‍ ചെയ്തോട്ടെ എന്ന് ചോദിച്ച് മോബൈല്‍ ഫോണ്‍ വാങ്ങിക്കുകയും നിമിഷങ്ങള്‍‌ക്കകം അതിലെ ക്രഡിറ്റ് മറ്റൊരു മോബൈലിലേക്ക് ട്രാന്‍‌സ്ഫര്‍ ചെയ്യുകയും സ്ഥിരം തൊഴിലാക്കിയ ഒരു അറബി പ്പെണ്ണിനേ ഓര്‍മ്മവന്നു , പിന്നീടവരെ പോലീസ് പിടിക്കുകയും ചെയ്തത്രെ.

കെണിയിലായ ഫോണില്‍‌ പൈസ അയച്ച ഫോണിന്‍‌റ്റെ നമ്പര്‍ ഉള്ളതിനാല്‍ വഞ്ചിക്കപ്പെട്ടവര്‍ തിരിച്ചു വിളിച്ചാല്‍ അറബിയില്‍ തെറിയും ഭീഷണിയും തിരിച്ചുകിട്ടുന്നതിനാല്‍ അവര്‍ അതുപേക്ഷിക്കുകയാണത്രെ ചെയ്യാറ് , ഒരിക്കല്‍ ഒരറബിയെ പറ്റിച്ച് കുടുങ്ങിയപ്പോളാണ് അവരുടെ ഈ സ്ഥിരം പരിപാടി വെളിയില്‍ വന്നത്.

ദിവസവം ആജു ചോദിക്കുന്ന ഒരു ചോദ്യമുണ്ട് , ' ഉപ്പച്ചീ ഒരു ടെന്‍ ദിര്‍‌ഹംസ് വേണം ' ( തരുമോ എന്നല്ല ;) ) , എന്തിനാടാ പത്ത് ? , കാന്‍‌റ്റീനില്‍ പോകാന്‍ ഉത്തരം പെട്ടെന്ന് :) , മുപ്പത്തഞ്ച് പൈസ സി.റ്റി കിട്ടാന്‍ തല ചൊറിഞ്ഞിരുന്ന എന്‍‌റ്റെ ബാല്യം ഞാനും ഒര്‍ക്കുന്നു ദിവസേന :)

ബയാന്‍ said...

“ഉപകാരം ചെയ്തു സന്ദര്‍ഭോചിതമായ രീതിയില്‍ നമ്മുടെ ഭാഗം ഭദ്രമാക്കാന്‍ ശ്രമിക്കാം“ എന്നതിനേക്കാള്‍ നല്ലത് ഉപകാരം ചെയ്യരുത് എന്നു നേരെ ചൊവ്വെ പറഞ്ഞു കൂടായിരുന്നോ...ദുഷ്ടാ.

അഗ്രൂ: ഇന്നു ഉപകാരം ചെയ്യുന്നതിനും അതിന്റെ റിസ്കുണ്ട്. എങ്കിലും വഴിയില്‍ കൈ കാണിക്കുന്നവനെ ഓടിച്ചിട്ട് പിടിച്ചു വീട്ടിലെത്തിക്കാറുണ്ട്, “ഉപകാര സ്മരണ” വയറു നിറയെ വാങ്ങി വെച്ചിട്ടുമുണ്ട് . മനുഷ്യനായിപോയില്ലെടോ. ):

ആഴ്ച്കയ്ക്കു ആഴ്ചയ്ക്കു ഇതു പടച്ചുവിടുന്ന നിന്നെ നമിക്കുന്നു അഗ്രൂ.

മെലോഡിയസ് said...

ഇവിടെ വന്നിട്ട് മാമയുടെ അടുത്ത് നിന്ന് കിട്ടിയ ഉപദേശങ്ങളില്‍ ഒന്നാണ് ഇക്ക പറഞ്ഞത്. പരിചയം ഇല്ലാത്തവനെ ഒരു പരിധി വിട്ട് സഹായിക്കല്‍ വേണ്ടാന്ന് പുള്ളിക്കാരന്‍ തീര്‍ത്ത് പറഞ്ഞു.

പാച്ചുവിനെ മിസ്സ് ചെയ്യണൂ..

Unknown said...

ഇന്ന് പേടിച്ചിട്ട് ഒരുത്തനും ഒരുത്തനെയും
സഹായിക്കാന്‍ മനസു വരണില്ല

Radheyan said...

ആദ്യ ഭാഗത്തെ കുറിച്ച് ഒന്നും പറയാനില്ല.പറഞ്ഞാലോ കരുതിയാലോ ഇത്തരം കുടുക്കില്‍ നിന്നും രക്ഷ നേടാന്‍ ആവില്ല.ചെയ്യാന്‍ കഴിയുന്നത് ഒരു സാമൂഹ്യ ദ്രോഹി,ആ‍ര്‍ക്കും ഉപകാരം ചെയ്യാത്തവനായി സ്വയം ട്രാന്‍സ്ഫോം ചെയ്യുക എന്നത് തന്നെ.

രണ്ടാം ഭാഗത്ത് എന്നെ വിഷമിപ്പിക്കുന്ന ഒരു സംഗതി കുട്ടികള്‍ക്ക് പണത്തിന്റെ മൂല്യത്തെ കുറിച്ച് ബോധമില്ലാത്ത ഒരു കാലത്തിന്റെ പ്രത്യേകതയെ കുറിച്ചാണ്.ദാരിദ്ര്യം എന്ന പ്രതിഭാസം അതി ഭീഷണമായി ലോകത്ത് നിലനില്‍ക്കുമ്പോഴും അത് എന്ത് എന്ന് അവര്‍ക്ക് മനസ്സിലാകതെ പോകുന്നു.കുട്ടികാലങ്ങളില്‍ എന്റെ ചെറിയ ഉപധനാഭ്യര്‍ത്ഥനകള്‍ വരെ അച്ഛന്‍ തള്ളുമ്പോള്‍, എനിക്ക് സ്ഥിരമായി ഒരു ചോദ്യമുണ്ടായിരുന്നു,ഈ ദാരിദ്ര്യം പറച്ചില്‍ എന്നു തീരും എന്ന്.

ഒരു മസാലദോശ വാങ്ങി തരാന്‍ ചോദിക്കാന്‍ മടിച്ച എന്റെ മുഖത്ത് നോക്കി ഭദ്ര(മോള്‍) ചൈനീസ് ഡിന്നറും ലണ്ടന്‍ ഡയറിയുമടക്കമുള്ള ലിസ്റ്റ് ഒരു മടിയുമില്ലാതെ നിരത്തുന്നു.കാലഗതി ആരാല്‍ അളക്കാനാവും

അനില്‍ശ്രീ... said...

ലിഫ്റ്റിനെ പറ്റി പറഞ്ഞപ്പോള്‍ പഴയ കാലം ഓര്‍ത്തു പോയി. പത്ത് വര്‍ഷം മുമ്പ് ദുബായില്‍ വന്നിറങ്ങിയ കാലം. അന്ന് മിര്‍ദിഫില്‍ ആയിരുന്ന് കമ്പനി സൈറ്റ്. (മുഷ്രിഫ് പാര്‍ക്കിന് എതിര്‍‌വശത്ത് കുറെ ഉള്ളില്‍) പണിക്കാര്‍ താമസിക്കുന്നത് സത്വയിലും ഞാന്‍ താമസിക്കുന്നത് ഗിസീസിലും. കമ്പനി വണ്ടിയില്‍ വൈകുന്നേരം റഷീദിയ സിഗ്നലിന്റെ അടുത്തിറങ്ങും. എന്നിട്ട് ഗിസീസ് റോഡില്‍ വന്ന് നിന്ന് വരുന്ന സാദാ ടാക്സിക്കും, കണ്ടാല്‍ മലയാളികളൂടേതെന്ന് തോന്നിക്കുന്നതുമായ കാറുകള്‍ക്ക് കൈ കാണിക്കും. ടാക്സി കിട്ടാന്‍ ഭയങ്കര പാടാ.. ചിലപ്പോള്‍ ഒക്കെ ഏതെങ്കിലും ആള്‍ക്കാര്‍ ഫ്രീ ആയി ലിഫ്റ്റ് തരും. അപ്പോല്‍ 5-8 ദിര്‍ഹംസ് ലാഭിച്ച ഒരു സന്തോഷം ഉണ്ട്,, അത് പറഞ്ഞാല്‍ മനസ്സിലാവില്ല. അന്നൊക്കെ അഞ്ചു ദിര്‍ഹത്തിന്‍ അത്ര വലിയ വിലയുണ്ട്. കിട്ടുന്ന ശമ്പളം അത്ര വലുതാണെ... അതാ..

പക്ഷേ ഇന്ന് അഗ്രജന്‍ പറയുന്നത് നേരാ എന്ന് തോന്നുന്നു. ദുബായ് ഒത്തിരി മാറി. അക്രമവും കളിപ്പീരും ഒത്തിരി കൂടി. ( അന്ന് എനിക്ക് ലിഫ്റ്റ് തന്നിട്ടുള്ളവര്‍ക്കെല്ലാം നന്ദി).

അഭിലാഷങ്ങള്‍ said...

പാച്ചുവിന്റെ വചനങ്ങള്‍ അടങ്ങിയ ‘പാച്ചുവിന്റെ ലോകം’ ഇല്ലാത്ത ഈ പോസ്റ്റ് ബഹിഷ്കരിച്ചതായി ഞാന്‍ പ്രഖ്യാപിക്കുന്നു.

എന്ന്,

സെക്രട്ടറി,
പാച്ചൂസ് ഫാന്‍സ് അസോസിയേഷന്‍‌,
ഷാര്‍ജ്ജാ മണ്ഡലം.

അഗ്രജാ, പച്ചുമോളെ ഒരാഴ്ചത്തേക്ക് എന്റെ കൂടെ താമസിപ്പിക്കൂ.. ഞാന്‍ എഴുതാം ഒരു വര്‍ഷത്തേക്ക് വേണ്ട പാച്ചു വിശേഷങ്ങള്‍...!

(ചിലപ്പോ ആ ഒരാഴ്ച കഴിഞ്ഞാല്‍ പാച്ചു സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങാനും മതി. അതില്‍ ഒരു കോളമുണ്ടാകും ‘അഭിയങ്കിളിന്റെ ലോകം’ എന്നും പറഞ്ഞ്... ഇപ്പോഴത്തെ കുട്ടികളല്ലേ... എന്തും പ്രതീക്ഷിക്കാം!)

:-)

നിരക്ഷരൻ said...

എ.ട്ടി.എം. തട്ടിപ്പിനെപ്പറ്റി കേട്ടിരുന്നു.
സുമേഷ് ചന്ദ്രന്‍ കലക്കി.
:)