Monday, September 29, 2008

ആഴ്ചക്കുറിപ്പുകള്‍ 65

പ്രവാസി‍
ഞങ്ങളും അനിയന്മാരും കൂടെ നാട്ടിലെ നോമ്പുതുറയുടെ ഫോട്ടോകള്‍ കാണുകയായിരുന്നു. നോമ്പുതുറയോടൊപ്പം തന്നെ അനിയന്‍റെ മോന്‍റെ പിറന്നാളും ഒന്നിച്ചായിരുന്നു. വിഭവസമൃദ്ധമായ നോമ്പുതുറയുടെ ഫോട്ടോകള്‍ കണ്ട അനിയന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു...

‘ഹഹഹ... ആ നേരത്ത് ഞങ്ങളിവിടെ ഷെയ്ക്ക് മുഹമ്മദിന്‍റെ പാലസിലെ ഇഫ്താര്‍ ടെന്‍റിലേക്കുള്ള ക്യൂവില്‍ നില്പായിരുന്നു...’

സ്വന്തം ചിലവുകള്‍ നിയന്ത്രിച്ച് നാട്ടിലെ ആവശ്യങ്ങള്‍ ആര്‍ഭാടമാക്കുന്ന ഇവിടുത്തെ ഭൂരിപക്ഷം വരുന്ന പ്രവാസികളേയും പ്രതിനിധാനം ചെയ്യാന്‍ പോന്നതായിരുന്നു അവന്‍ തമാശയായി പറഞ്ഞ ആ കാര്യം!

ഇവര്‍ ശിക്ഷ അര്‍ഹിക്കുന്നു
ചെറുപ്പത്തില്‍, അതായത് ഒരു നാലഞ്ച് വയസ്സുള്ള സമയത്ത്, ഭക്ഷണം കഴിക്കുമ്പോള്‍ ചോറ് താഴെ കളയുന്ന എന്നോട് വല്ലിപ്പ പറയുമായിരുന്നു...

‘ഒരു വറ്റ് നെലത്ത് കളഞ്ഞാല്‍ ഞമ്മള്‍ തിന്ന്ണ പാത്രത്തില്‍ നൂറ് വറ്റ് പെരുകും...’ എന്ന്.

അധികം വരുന്ന ചോറും കൂടെ തിന്നേണ്ടി വരുമല്ലോ എന്നോര്‍ത്ത് വറ്റൊന്നും നിലത്ത് കളയാതെ തന്നെ കഴിക്കുമായിരുന്നു.

അത് വല്ലിപ്പാടെ സൂത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞത് വലുതായപ്പോള്‍... പക്ഷെ വല്ലിപ്പ പറഞ്ഞത് സത്യമാവണേ... ഒരു വറ്റ് താഴെ കളഞ്ഞാല്‍ പാത്രത്തില്‍ നൂറ് വറ്റ് പെരുകണേ എന്ന് ആത്മാര്‍ത്ഥമായി ചിന്തിച്ച കാലവും പിന്നീട് കടന്നു പോയിട്ടുണ്ട്.

പട്ടിണി കിടക്കുന്നവന്‍റെ വിശപ്പ് എന്തെന്നറിയാനും പാവപ്പെട്ടവരോട് സഹാനുഭൂതി തോന്നുവാനും ഭക്ഷണത്തിന്‍റെ വില അറിയുവാനും പ്രയോജനപ്പെടേണ്ടത് കൂടിയാണ് പരിശുദ്ധ റമദാന്‍ മാസം. പക്ഷെ ദൌര്‍ഭാഗ്യവശാല്‍ ഒരുപാട് ഭക്ഷണം അനാവശ്യമായി ചിലവഴിക്കപ്പെടുന്നതും ഈ മാസത്തില്‍ തന്നെയാണ്.

ഇതു മുന്നില്‍ കണ്ട് കൊണ്ട് തന്നെയാവണം ദുബായ് മുനിസിപ്പാലിറ്റി, എന്തെങ്കിലും പരിപാടികള്‍ക്ക് ഭക്ഷണം അധികമായി വരികയാണെങ്കില്‍ അത് മുനിസിപ്പലിറ്റിയെ അറിയിച്ചാല്‍ അവര്‍ വന്നത് ശേഖരിച്ച് ലേബര്‍ ക്യാമ്പ് പോലുള്ള സ്ഥലങ്ങളില്‍ എത്തിക്കാനുള്ള ഒരു പദ്ധതി ഈ റമദാന്‍ കാലത്ത് തുടങ്ങി വെച്ചത്... അഭിനന്ദനം അര്‍ഹിക്കുന്നു ഈ നടപടി.

ആവശ്യത്തിന് മാത്രം വേണ്ടുന്നത് തിരഞ്ഞെടുത്ത് കഴിക്കാന്‍ സൌകര്യപ്രദമാണ് ബുഫെ പാര്‍ട്ടികള്‍. പക്ഷെ ഏതെങ്കിലും ഒരൈറ്റമെങ്കിലും എടുക്കാന്‍ വിട്ടുപോയെങ്കില്‍ അതൊരു കുറച്ചില്‍ പോലെയാണ് ചിലരെങ്കിലും കാണുന്നത്. വേണ്ടുന്നതും വേണ്ടാത്തതും എല്ലാം ടേബിളില്‍ നിരത്തി വെച്ച് ഒടുവില്‍ അതിലേറിയ പങ്കും എച്ചിലാക്കി മാറ്റും.

പാര്‍ക്കുകളിലും മറ്റും കച്ചറയിലേക്ക് തള്ളുന്ന ഭക്ഷണമെത്ര... കാണുമ്പോള്‍ ശരിക്കും വിഷമം തോന്നും. ഭക്ഷണം ധൂര്‍ത്തടിക്കുന്നവരേയും കുറ്റവാളികളായി കണ്ട് നിയമനടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു... അല്ലാതെ അന്നത്തിന്‍റെ വിലയറിയാത്തവരെ നിയന്ത്രിക്കാനാവില്ല!

മിച്ചറില്ലാതെ എന്തൂട്ടിഷ്ടാ...
നല്ല എരിവുള്ള മിച്ചറും ഒരു ഗ്ലാസ്സ് ചൂടുള്ള കട്ടന്‍ ചായയും...

ഹോ എന്താ ഒരു ടേസ്റ്റ്... എന്താ ഒരു സുഖം...
ഈ കോമ്പിനേഷന്‍ പരീക്ഷിക്കാത്തവര്‍ ആരേലും ഉണ്ടെങ്കില്‍ ഇനിയും ഒട്ടും താമസിപ്പിക്കരുത്...

കഴിഞ്ഞ ദിവസം നോമ്പുതുറയെല്ലാം കഴിഞ്ഞ് പുറത്ത് പോയി വരുമ്പോള്‍ ഒരു പായ്ക്കറ്റ് മിച്ചറും കൊണ്ടാണ് വന്നത്... ചായയും കൂട്ടി കുറച്ച് കഴിക്കുമ്പോഴേക്കും അവളുടെ ഓര്‍മ്മപ്പെടുത്തല്‍...

‘ഇക്കാ അധികം തിന്നെണ്ടെക്കാ...’

ഓള്‍ക്ക് പേട്യാ... കൊളസ്ട്രോള്‍ വരും ബിപി കൂടും എന്നൊക്കെ... എന്താ ചെയ്യാ...

എന്‍റെ ചെറുപ്പം മുതലേയുള്ള ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് മിച്ചര്‍. അല്ലായിരുന്നെങ്കില്‍ എന്‍റെ കണ്ടുപിടുത്തങ്ങളുടെ കൂട്ടത്തില്‍ മിച്ചറിന് ഇത്രയ്ക്കും പ്രാധാന്യം ലഭിക്കുമായിരുന്നോ...

കണ്ടുപിടുത്തങ്ങളെ പറ്റി ചിന്തിക്കാന്‍ ഞാന്‍ ചെറുപ്പം മുതലേ ഫയങ്കര മിടുക്കനായിരുന്നു. അതില്‍ വളരെ പ്രധാനപ്പെട്ട ഒരു കണ്ടുപിടുത്തമായിരുന്നു മൂന്നു കുഴലുകളും അതിനോട് ചേര്‍ന്ന് മൂന്ന് ബട്ടണുകളും അടങ്ങിയ ഒരു ചെറിയ ഉപകരണം.

ഇത് പ്രവര്‍ത്തിപ്പിക്കുന്ന വിധം...

നമ്മള്‍ക്ക് എപ്പഴാണ് ഭക്ഷണം ആവശ്യമായി വരുന്നത്... അപ്പോള്‍ വേണ്ടുന്ന ഭക്ഷണം മനസ്സില്‍ വിചാരിച്ച് ഇതിലെ ബട്ടണ്‍ അമര്‍ത്തണം. അപ്പോള്‍ നമുക്ക് വേണ്ട് ഭക്ഷണം ഈ കുഴലിലൂടെ വേണ്ടുന്നത്ര പുറത്ത് വരും.

പിന്നെന്തിനാ മൂന്ന് കുഴലല്ലേ...? പറയാം...

- ഒന്നാമത്തെ കുഴല്‍ മിച്ചര്‍ മാത്രം വരുത്താനായി
- രണ്ടാമത്തേത് ബിരിയാണിക്ക് വേണ്ടി മാത്രം
- മുന്നാമത്തെ കുഴല്‍ വഴി മറ്റുള്ള എല്ലാ ഭക്ഷണങ്ങളും വരുത്താം

മിച്ചറിന് ഇത്രയും പ്രാധാന്യം കൊടുക്കുന്ന ഞാന്‍, കൊളസ്ട്രോള്‍ ബി.പി ഇതൊക്കെ വന്നാലോന്ന് പേടിച്ച് അതിനെ ഉപേക്ഷിച്ചാല്‍ പിന്നെന്തൂട്ട് ജീവിതം... അല്ലേ :)

പെരുന്നാള്‍ ആശംസകള്‍
പരിശുദ്ധമായ ഒരു റമദാന്‍ മാസം കൂടെ കടന്നു പോകുന്നു... വ്രതശുദ്ധിയിലൂടെ നേടിയെടുത്ത നന്മയും നല്ല മനസ്സും എന്നും നിലനിറുത്താനാവട്ടെ...

എല്ലാവര്‍ക്കും സ്നേഹത്തോടെ പെരുന്നാള്‍ ആശംസകള്‍ നേരുന്നു...

21 comments:

മുസ്തഫ|musthapha said...

വെറും തീറ്റക്കാര്യങ്ങളുമായി ഒരു കുറിപ്പ് :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ബ്ലോഗ് മീറ്റിനുശേഷം അവിടെ ചുമ്മാ ചുറ്റിപ്പറ്റി നില്‍ക്കുന്നത് ആരും ശിക്ഷിക്കപ്പെടാതിരിക്കാനാ അല്ലേ?

തറവാടി said...

അറിയില്ലെങ്കില്‍ കുറച്ച് കൂട്ട് ഞാനും പറഞ്ഞുതരാം:

സെവെന്‍ അപ്പ് + മില്‍ക്
സെവന്‍ അപ്പ്+ ലബന്‍
സെവെന്‍ അപ്പ്+ലെമണ്‍+സാള്‍ട്ട്

വയറിന് വല്ല കുഴപ്പവും പറ്റിയാന്‍ ഞാനുത്തരവഅദിയല്‍ലെന്നും അറിയീക്കുന്നു ;)

മുസ്തഫ|musthapha said...

ചാത്തനെങ്കിലും എന്‍റെ ആത്മാര്‍ത്ഥത മനസ്സിലാക്കിയല്ലോ… എനിക്കതുമതി :)

ഗുരുവിനോടാ ഉപദേശം അല്ലേ തറവാടി :)

നജൂസ്‌ said...

അഗ്രജനും കുടുംബത്തിനും ഈദുല്‍ ഫിത്തര്‍ ആശംസകള്‍...
ഈ ഉച്ചസമയത്തിങനെ മിച്ചറിനെ ഓര്‍മ്മിപ്പിക്കല്ലേ... :)

പ്രയാസി said...

റമദാനെ വരവേറ്റു കൊണ്ട് തീറ്റമാസം വന്നൂന്ന് പറഞ്ഞ് ഇടക്കൊരു “സഹോദരന്‍“ പോസ്റ്റിയിരുന്നു. റമദാനില്‍ പാഴാക്കിക്കളയുന്ന ഭക്ഷണമോര്‍ത്ത് എന്തൊ മറുപടി പറയാന്‍ തോന്നിയില്ല! വിഭവസമ്യദ്ധമായ സദ്യയൊരുക്കി ഭൂരിഭാഗവും ബലദിയയിലേക്ക് വലിച്ചെറിയുന്ന പ്രവണത കാണുമ്പോള്‍ വിശപ്പുകൊണ്ട് ഗോമൂത്രം കുടിക്കുന്ന ആഫ്രിക്കക്കാരന്റെ ചിത്രം മനസ്സിലേക്കോടി വരും, വെറൈറ്റി പരീക്ഷിക്കാനല്ല, മനസ്സും ശരീരവും ശുദ്ധീകരിക്കാനാണ് റമദാനെന്ന് സമാധാന മതത്തിന്റെ അനുസരണയുള്ള അനുയായികളെങ്കിലും
മനസ്സിലാക്കിയിരുന്നെങ്കില്‍..
(മനപ്പൂര്‍വ്വം മറന്നു പോകുന്നതൊ എന്തൊ !?)

മിച്ചറിനും കുടുമ്പത്തിനും ശാന്തിയുടെയും സമാധാനത്തിന്റെയും ചെറിയ പിറന്നാള്‍ ആശംസകള്‍..:)

വേണു venu said...

അഗ്രജനും കുടുംബത്തിനും പെരുന്നാള്‍ ആശംസകള്‍ നേരുന്നു.!

കരീം മാഷ്‌ said...

മാശാ അല്ലാഹ്..!
പെരുന്നാള്‍ ആശംസകള്‍.
ഈ പോസ്റ്റിനു ഭാവുകങ്ങള്‍.

ശെഫി said...

പെരുന്നാള്‍ ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

EID MUBARAK

ദിലീപ് വിശ്വനാഥ് said...

പെരുന്നാളാശംസകള്‍!

Areekkodan | അരീക്കോടന്‍ said...

ബൂലോകര്‍ക്ക്‌ മുഴുവന്‍ ഈദാശംസകള്‍ നേരുന്നു

Umesh::ഉമേഷ് said...

ഇത്തവണ പാച്ചു ഇല്ലേ?

നിരക്ഷരൻ said...

കട്ടന്‍ ചായയും, മിച്ചറും....
കാണുന്നവര്‍ തെറ്റിദ്ധരിക്കാതെ നോക്കിക്കോണേ .... :)

ഏറനാടന്‍ said...

കട്ടന്‍സ് കളറും മിച്ചറും പലപ്പോഴും എന്നെ കണ്‍‌ഫ്യൂഷനില്‍ ആക്കിയിട്ടുണ്ട്, ഗ്ലാസ് മാറിപ്പോയീ പോയീലാന്ന് ആയിട്ടുണ്ട്. :)

ബയാന്‍ said...

:) അഗ്രൂ: നിനക്കെന്താ പറ്റ്യേ..

ബയാന്‍ said...

:) അഗ്രൂ: നിനക്കെന്താ പറ്റ്യേ..

അഗ്രജന്‍ said...

ഡാ… ഡാ… ശരിക്കുള്ള യരലവ വരുന്നതിന് മുമ്പ് പേര് മാറ്റിക്കോ :)

ബഷീർ said...

വൈകിയതിനാല്‍ ആശംസകള്‍ അടുത്ത പെരുന്നാളിലേക്ക്‌ വരവ്‌ വെച്ചേക്കൂ.

കട്ടന്‍ ചായയുക്‌ അരിമണി വറുത്തതും ( തേങ്ങ ചിരകിയിട്ടത്‌ ) ഒരു കോമ്പിനേഷനായ ഒരു കാലമുണ്ടായിരുന്നു. ഇന്ന് നെഞ്ച്‌ നീറ്റല്‍ കാരണം മിച്ചറിനെ കാണുമ്പോള്‍ സങ്കടമാണ`്

ഉഗ്രന്‍ said...

വെല്യ പെരുന്നാളാവാറായി!!!

പോസ്റ്റൊന്നും കാണുന്നില്ല
:(

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കുറച്ചു വൈകിയാണങ്കിലും വായിച്ച്പ്പോള്‍ കമന്റിടാതെ ഇരിക്കാ‍ന്‍ തോന്നിയില്ല.‘പ്രവാസി’ വയിച്ചപ്പോള്‍ കണ്ണു നിറഞ്ഞു, ശിക്ഷിക്കപ്പെടെണ്ട കുറ്റം തന്നെയാണ് ഭക്ഷണം ദു:രുപയോഗംചെയ്യുന്നത്. ബക്കി വായിച്ചപ്പോല്‍ ആണ് ശരിക്കും ഞെട്ടിയത്. ഇത്ര് വലിയ കണ്ടു പിടുത്തം നടത്തിയ ആളാണ് എന്നു തോന്നിയതെയില്ല അന്നു നേരിട്ടു കണ്ടപ്പോള്‍.
എല്ലാ ആശംസകളും...