Monday, May 21, 2007

ഇരുപത്തിയൊമ്പത്

ദൈവത്തിന്‍റെ കാവല്‍
മിനിയാന്ന് രാത്രിയും സാധാരണ പോലെ സ്വിച്ചുകളും ഡോറും ഗ്യാസും വീണ്ടും വീണ്ടും പരിശോധിച്ചതിന് ശേഷമാണ് ഉറങ്ങാന്‍ കിടന്നത്. എപ്പോഴോ, വെള്ളമോ അല്ലെങ്കില്‍ അതുപോലുള്ള എന്തോ ഒന്ന്... ആരോ മുഖത്തേക്ക് ഒഴിക്കുന്നതായി സ്വപ്നം കണ്ട് മുഖം തിരിച്ചതാണ് ഉണര്‍വ്വിനു കാരണമായത്. സമയം 3 മണി കഴിഞ്ഞിരിക്കുന്നു. പെട്ടെന്നെനിക്കൊരു തോന്നല്‍ വാതില്‍ ശരിക്കടച്ചില്ലേന്ന് (ഉറപ്പാണെങ്കിലും, പലപ്പോഴും ഒന്നു കൂടെ ഉറപ്പ് വരുത്തുന്ന ഈ സ്വഭാവം പലരെ പോലെ എനിക്കുമുണ്ട്).

വാതിലിന്‍റെ ലോക്ക് ഒന്നുകൂടെ പിടിച്ചുതിരിച്ച് തിരിഞ്ഞപ്പോള്‍ എവിടുന്നോ ഇലക്ട്രിക് വയര്‍ ഷോ‍ട്ടായ മണം വരുന്നു. എവിടെനിന്നാണതെന്ന് മനസ്സിലാവുന്നില്ല. ഒടുവില്‍ ഫ്രിഡ്ജിന്‍റെ, ഡൈനിംഗ് ടേബിളിനടിയിലുള്ള പ്ലഗ്ഗും പരിശോധിച്ചു... അതിനും കുഴപ്പം കാണുന്നില്ല. എങ്കിലും വെറുതെ ഒന്ന് തൊട്ടുറപ്പ് വരുത്തമെന്ന് കരുതി കൈവെച്ചതും പൊള്ളി! പവര്‍ ഓഫ് ചെയ്തു നോക്കുമ്പോള്‍ ആ പ്ലഗ്ഗ് പകുതിയും കത്തിയുരുകി പുക വരുന്നു... (അല്‍ഹംദുലില്ലാ) ഞാന്‍ സര്‍വ്വശക്തനു നന്ദി പറഞ്ഞു. അപ്പോള്‍ അത്രവലിയ ഒരു കാര്യമായി തോന്നിയില്ലെങ്കിലും ഇപ്പോള്‍ വീണ്ടും വീണ്ടും ഓര്‍ക്കുമ്പോള്‍ ഭയം കൂടുന്നു. ഒരു പക്ഷെ വലിയൊരു ദുരന്തമായി മാറാവുന്ന ഒരപകടമാണ് ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ ഒഴിവായിപ്പോയത്.

ഇവിടെ, ഞാന്‍ വീണ്ടും അനുഭവിച്ചറിയുന്നു... ആപത്തുകളില്‍ നിന്നും കാത്തുരക്ഷിക്കുന്ന ആ അദൃശ്യ ശക്തിയുടെ അനുഗ്രഹം!

നേതാവ്
മൂന്നാര്‍ ഇഷ്യു തുടങ്ങിയ അവസരത്തില്‍ ഞനെന്‍റെ സഹയാത്രികനോട് പറഞ്ഞു ‘അവിടെ പണിത കെട്ടിടങ്ങളില്‍ ഒരു പക്ഷെ പുതുതായി ഒരു പടവ് പോലും പണിയില്ലായിരിക്കാം, അല്ല്ലാതെ ഒരു കട്ട പോലും ആ കെട്ടിടങ്ങളില്‍ നിന്നും പൊളിച്ചിറക്കാന്‍ പോണില്ല’... ഞാന്‍ പറഞ്ഞത് സുഹൃത്തും ശരിവെച്ചു. കാരണം ഞാനോ എന്‍റെ സുഹൃത്തോ ‍ കണ്ടുപരിചയിച്ചത് അതുമാത്രമാണ്. ഇപ്പോള്‍ എനിക്കെന്‍റെ ധാരണകളെ തിരുത്തേണ്ടി വരുന്നു.

ഒന്നോ രണ്ടോ പെട്ടിക്കടകള്‍ ഇടിച്ചു നിരത്തലും പിന്നീട് കുറേ കോടതി സ്റ്റേകളുമായി വര്‍ഷങ്ങള്‍ നീണ്ടുപോയി വിസ്മൃതിയിലാകുമായിരുന്ന ഒരു സംഭവത്തിന് വലിയ കേട്ടുപരിചയമില്ലാത്ത ഒരു മാനം കൈവന്നിരിക്കുന്നു. തീര്‍ച്ചയായും ഇതിന്‍റെ ക്രെഡിറ്റ് ഇതുവരെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ചിരിവരുമായിരുന്ന ‘അച്ചുമാമ’ എന്ന നേതാവിന്‍റെ നിശ്ചയദാര്‍ഢ്യത്തിന് (അതിനെ വിഭാഗീയത, പകപോക്കല്‍‍... തുടങ്ങി എന്തൊക്കെ ചേര്‍ത്ത് വിളിച്ചാലും) നല്‍കാന്‍ തന്നെയാണ്, ഒരു സാധാരണക്കാരനായ എന്‍റെ മനസ്സ് പറയുന്നത്.

കക്ഷിരാഷ്ട്രീയഭേദമന്യേ, ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയുമ്പോഴേ ഒരു യഥാര്‍ത്ഥ നേതാവ് രൂപം കൊള്ളുന്നുള്ളൂ. ശ്രീ. വി. എസ്. അച്യുതാനന്ദന്‍ ആ ഒരു പാതയിലാണ് തല്‍ക്കാലമെങ്കിലും എന്നെനിക്ക് തോന്നുന്നു. നിശ്ചയദാര്‍ഡ്യം തന്നെയാണ് അതിലേക്കുള്ള ചവിട്ടുപടി... സ്മാര്‍ട്ട് സിറ്റികരാര്‍ മുതല്‍ തന്നെ അതദ്ദേഹം പ്രകടിപ്പിക്കുന്നത് ഞാന്‍ തിരിച്ചറിയുന്നു.

അദ്ദേഹത്തിന്‍റെ തന്നെ ഭാഷയില്‍ ‘പൂച്ച കറുത്തതാണോ വെളുത്തതാണോ എന്നതല്ല, അത് എലിയെ പിടിക്കുന്നുണ്ടോ’ എന്നുള്ളതാണ് നിഷ്പക്ഷ ചിന്താഗതി പുലര്‍ത്തുന്ന സാധാരണജനങ്ങള്‍ ഉറ്റുനോക്കുന്നത്.

വായന
കഴിഞ്ഞ ദിവസങ്ങള്‍ തിരക്ക് നിറഞ്ഞതായതു കൊണ്ട് വായന ഒട്ടും തന്നെ നടന്നില്ല എന്നു പറയാം. അതുകൊണ്ടു തന്നെ വായനയില്‍ ഇത്തവണ ഒന്നും തന്നെ ഉള്‍പ്പെടുത്താനായില്ല.

പാച്ചുവിന്‍റെ ലോകം
ഒരു കഥയിലൊന്നും അവസാനിപ്പിക്കാന്‍ പാച്ചു സമ്മതിക്കില്ല... അത് തുടരനായി തന്നെ കേള്‍ക്കണം!

‘...മൂന്നാമത്തെ തവണ ശരിക്കും പുലി വന്നപ്പോ... പേടിച്ച കുട്ടി പുലി വരുന്നേയെന്ന് വിളിച്ചു കരഞ്ഞു... അപ്പോ അതും തന്നെ പറ്റിക്കാനാണെന്ന് കരുതി അച്ഛന്‍ തിരിഞ്ഞു നോക്കിയില്ല... അങ്ങനെ ആ കുട്ടിയെ പുലി പിടിച്ചു...’ ഞാന്‍ കഥ പറഞ്ഞു നിറുത്തി... എന്നിട്ട് പാച്ചുവിനോട് ചോദിച്ചു...

‘അപ്പോ പാച്ചൂന് എന്ത് മനസ്സിലായി...’

‘നൊണ പറേത് ന്ന് മനസ്സിലായി...’ പാച്ചു പറഞ്ഞു.

* * * * *

‘... ആ പൂച്ച എലികളെ ഓരോന്നായി കൊന്നുതിന്നാന്‍ തൊടങ്ങി... അവസാനം എലികള്‍ പൂച്ചടെ കയ്യീന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി... പൂച്ചയുടെ കഴുത്തില്‍ ഒരു മണികെട്ടാന്‍ തീരുമാനിച്ചു...’ ഞാന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നതിന് മുന്‍പ് തന്നെ പാച്ചു ചാടിക്കയറി പറഞ്ഞു...

‘അപ്പോ എല്യേളെ കൊല്ലേത് ന്ന് മനസ്സിലായി...’

25 comments:

മുസ്തഫ|musthapha said...

“ഇരുപത്തിയൊമ്പത്”

ആഴ്ചക്കുറിപ്പുകള്‍ പുതിയ ലക്കം

ഉള്ളടക്കം
1) ദൈവത്തിന്‍റെ കാവല്‍
2) നേതാവ്
3) പാച്ചുവിന്‍റെ ലോകം

ഗുപ്തന്‍ said...

മാഷേ പതിവുപോലെ നന്നായി...

ആദ്യത്തെ ആ അനുഭവത്തില്‍ പറയുന്ന കാര്യം... അപകടത്തിന്റെ മുനമ്പില്‍ ഉറക്കത്തില്‍ നിന്ന് ആരോ വിളിച്ചുണര്‍ത്തുന്നത് ഞാനും ഒരിക്കല്‍ അനുഭവിച്ചിട്ടുണ്ട്... എല്ലാശരണവുമറ്റുപോകുംപ്പൊഴും അരികില്‍ ആരോ ഉണ്ടെന്ന ചിന്ത തന്ന് ജീവിതത്തിലിതുവരെ നടത്തിയ ഉന്നതന്റെ കൃപ.... അവന്‍ മാത്രം വലിയവന്‍...

പാച്ചൂനു ഗുണപഠം ശരിക്കുതന്നെയാ കിട്ടിയതു കേട്ടോ... എലികളെകൊന്നാല്‍ കഴുത്തേല്‍ അവരു മണികെട്ടും...

Unknown said...

അഗ്രജോ,
നന്നായിട്ടുണ്ട്.
നേതാവിന്റെ കാര്യം കാളിയന്റെ പേജില്‍ ഘോരഘോര ചര്‍ച്ച നടന്നു വരികയാണല്ലോ.
എനിക്കും അഗ്രജന്റെ അഭിപ്രായം തന്നെയാണ്.

പാച്ചു മീറ്റാന്‍ വരുമെന്നു കരുതിയിരുന്നു .കണ്ടില്ല.
പാച്ചൂനോട് പുലി വരുന്നേ എന്നു പറഞ്ഞിട്ട് കാര്യമില്ല അഗ്രജന്‍ വരുന്നേ എന്നു പറഞ്ഞു നോക്കിയേ...:)

Sathees Makkoth | Asha Revamma said...

പതിവു പോലെ സുന്ദരം.
അച്ചുവേട്ടന്റെ ശക്തിയായ ഒരു മുന്നേറ്റം. ഭരണത്തില്‍ വന്നതിന് ശേഷം.

ഏറനാടന്‍ said...

കൊള്ളാം നന്നായി എന്റെ വകയൊരു ഇസ്മൈയിലി.. :))

സാജന്‍| SAJAN said...

അഗ്രജന്‍ ഇത്തവണയും നന്നായി!
ഇത്തവണ ശ്രീ അച്യുതാനന്ദന്‍ തന്നെ താരം.. ഈ നിശ്ചയദാര്‍ഡ്യം ഒരു നല്ല നാളെയിലേക്ക് നമ്മുടെ നാടിനെ നയിക്കുമെന്ന് പ്രതീക്ഷിക്കാം..:):)

കരീം മാഷ്‌ said...

ഒരു ലക്കം വിഴുങ്ങിയ ആഴ്ചവട്ടത്തിനു പരിഭവങ്ങളോടെ!
ഇത്തവണയും പാച്ചു സ്കോര്‍ ചെയ്തു.
മാടമ്പു കുഞ്ഞിക്കുട്ടന്‍ വളരെ പണ്ടു ബാലരമയില്‍ എഴുതിയ ചുണ്ടെലികളെ കുറിച്ചുള്ള ഒരു കഥ ഓര്‍മ്മ വന്നു.
മൂന്നു എലിക്കുഞ്ഞുങ്ങളും അച്ഛനെലിയും അമ്മയെലിയും താമസിക്കുന്ന തട്ടിന്‍പുറത്തൊരു ദിവസം വീട്ടുടമ വെച്ച എലിപ്പെട്ടിയില്‍ അച്ഛനെലി കുടുങ്ങുന്നതും അമ്മയെലിയും പിഞ്ചുകുഞ്ഞുങ്ങളും പുലരും വരെ അതിനു പുറത്തു കണ്ണീരൊഴുക്കി കാത്തിരിക്കുന്ന ആ കഥ, തൂക്കുമരം കാത്തിരിക്കുന്നവനെ യാത്രയാക്കുന്ന വികാരം വായനക്കാരില്‍ ഉണ്ടാക്കി.
വീട്ടുകാരന്റെ അശ്രദ്ധകാരണം രക്ഷപ്പെടാന്‍ അവസര്‍ം കിട്ടിയ അച്ഛനെലി മക്കളുടെയും ഭാര്യയുടെയും അടുത്തു തിരിച്ചെത്തിയപ്പോള്‍ അദ്ദേഹമെഴുതിയ വരികള്‍ എന്നെ അന്നു സ്വാധീനിച്ചതു ചില്ലറയൊന്നുമല്ല.

വേണു venu said...

അഗ്രജന്‍‍ ഭായീ, വീണ്ടും ഒന്നാം തരം തന്നെ.
അദൃശ്യ ശക്തിയുടെ ഭാവം പലപ്പോഴും അറിഞ്ഞിരിക്കുന്നു.
അച്ചുമ്മാന്‍‍ എന്‍റെയും ലാല്‍‍ സലാം.:)

വിചാരം said...

വിശ്വാസം രക്ഷിക്കട്ടെ
നേതാവ് വിജയിക്കട്ടെ
പാച്ചു വളരട്ടെ
:)
ലാല്‍ സലാം

Satheesh said...

നന്നായിരിക്കുന്നു!
പാച്ചു കസറുന്നുണ്ട്!
ആഴ്ചക്കുറിപ്പുകള്‍ കൃത്യമായി പുറത്തിറക്കിയില്ലെങ്കില്‍ കണ്‍സ്യൂമറ് കോര്‍ട്ടില്‍ പോകുമേ..:)

എന്റെ ഒരു സുഹൃത്തിന്റെ കുട്ടിയുണ്ട്.. എപ്പോഴും കഥ കേള്‍ക്കണം. അതൊരു വല്യ പ്രശ്നമല്ലാന്നു വെക്കാം..രണ്ടാമത്തെ കണ്ടീഷനാണ്‍ പ്രശ്നം..എല്ലാ കഥയിലും മിനിമം ഒരെലിയും ഒരു പൂച്ചയും വേണം.. എലിക്ക് ജെറി യെന്നും പൂച്ചക്ക് ടോമെന്നും പേരും വേണം..
അതുകൊണ്ട് ഇപ്പോഴത്തെ കഥയൊക്കെ ഇങ്ങനെ പോകും ‘ പണ്ട് ഒരു കാട്ടില്‍ ടോം എന്ന് ഒരു പൂച്ചയും ജെറിയെന്ന് ഒരു എലിയും ഉണ്ടായിരുന്നു. ഒരു ദിവസം ടോമിന്‍ ഒരു എല്ലിന്‍ കഷണം കിട്ടി. അവനത് പുറത്ത് കൊണ്ടോയി കളഞ്ഞു..അപ്പോ ഒരു കുറുക്കന്‍ ആ എല്ലിന്‍‌കഷണവും ...(ബാക്കി കുറുക്കനും എല്ലിന്‍‌കഷണവും എന്ന കഥയായി...)! :)

ഓടോ : കഴിഞ്ഞാഴ്ച കുറിപ്പുകളും കാത്ത് പാതിരാ വരെ ഇരുന്നു! എന്നിട്ടതിന്‍ നഷ്ടപരിഹാരം ചോദിച്ചോണ്ട് ഒരു മെയില്‍ ചെയ്തപ്പോള്‍ അതില്‍ നിറയെ ചോദ്യചിഹ്നങ്ങള്‍ മാത്രമാണല്ലോ എന്ന്‍ മറുപടി! എന്താ ചെയ്യുക!!

qw_er_ty

അപ്പു ആദ്യാക്ഷരി said...

അഗ്രജാ..പതിവുപോലെ നന്നായി.
ദൈവത്തിന്റെ കാവലിന് ഞാനു ഒരു നന്ദി പറയട്ടെ.

സുല്‍ |Sul said...

അഗ്രജാ
പതിവുതെറ്റിച്ചില്ല
നന്നായിരിക്കുന്നു.
പാച്ചു കലക്കുന്നു.
(‘വാപ്പാന്റെ ഈ ചപ്പടാച്ചി കഥയൊന്നും പാച്ചൂന് പറ്റൂലാ’ എന്നു പറയുന്ന കാലം വിദൂരമല്ല)
-സുല്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
“ഒന്ന് തൊട്ടുറപ്പ് വരുത്തമെന്ന് കരുതി കൈവെച്ചതും “

ഒറക്കത്തീന്നെണീച്ചാ ബോധം തീരെ ഇല്ലാല്ലെ. അടച്ചിട്ട കതകു തുറന്നിടാഞ്ഞതു ഭാഗ്യം..

തമനു said...

ദൈവം കൂടുതല്‍ ശക്തിയായി കാക്കട്ടെ അഗ്രജാ...

വളരെ നന്നായി...

ഞാന്‍ ഇപ്പോഴാ ഓര്‍ത്തത്‌.. കഴിഞ്ഞ മീറ്റില്‍ പാച്ചു ബ്ലോഗറെ എന്തേ കൊണ്ടുവരാഞ്ഞൂ..?

വല്യമ്മായി said...

അപ്പോള്‍ ആഴ്ചകുറിപ്പുകള്‍ കവറേജ് വര്‍ദ്ധിപ്പിക്കുകയാണല്ലേ,പാച്ചുവിന്റെ ലോകം നന്നായി

ഇടിവാള്‍ said...

കൊള്ളാം അഗ്രൂസ് !

മുസ്തഫ|musthapha said...

ആഴ്ചക്കുറിപ്പുകള്‍ “ഇരുപത്തിയൊമ്പത്” വായിച്ച, അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കട്ടെ... ഒപ്പം നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും.

Manu:
പൊതുവാള്:
സതീശ് മാക്കോത്ത് | sathees makkoth:
ഏറനാടന്‍:
SAJAN | സാജന്‍:
കരീം മാഷ്‌:
വേണു venu:
വിചാരം:
Satheesh :: സതീഷ്:
അപ്പു:
Sul | സുല്‍:
കുട്ടിച്ചാത്തന്‍:
തമനു:
വല്യമ്മായി:
ഇടിവാള്‍:
Siju | സിജു:

നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍ കൂടെ നന്ദി :)

thoufi | തൗഫി said...

അയ്യൊ..ഞാനെത്തിയപ്പോഴെക്ക് നന്ദിപ്രകടനവും കഴിഞ്ഞ് മൈക്ക് ഓഫാക്കി കസേരയും മടക്കിവെച്ചല്ലൊ..കഷ്ടമായി.

ഇതാ പറയുന്നെ,ഉറങ്ങാണെങ്കിലും സുല്ല് ഉറങ്ങുന്ന പോലെ രണ്ട് കണ്ണും തുറന്ന് കിടന്ന് ഉറങ്ങണംന്ന്..എന്നാലെ,ഒരു പരിസര ബോധൊക്കെ ഉണ്ടാവൂ..ഇപ്പോ മനസ്സിലായില്ലെ..ഏതായാലും ആപത്തൊന്നും സംഭവിച്ചില്ലല്ലൊ.ഭാഗ്യം.
പാച്ചു കസറുന്നുണ്ട് ട്ടാ..

അങ്ങനെ ഇരുപത്തൊമ്പതും സഹിച്ചു.

sandoz said...

അത്‌ ശരി....
ഇങ്ങനെയൊര്‌ സംഭവം ഇവിടെയുണ്ടായിരുന്നോ....
അഴ്ചകുറിപ്പുകള്‍ മാസത്തിലാക്കിയോ.....
ദൈവീകം...രാഷ്ട്രീയം....കുടുംബം......
എനിക്കാ മൂന്നാം പാരഗ്രാഫ്‌ ആണ്‌ ഇഷ്ടപ്പെട്ടത്‌

Rasheed Chalil said...

പതിവ് പോലെ ഈ ആഴ്ചക്കുറിപ്പും നന്നായിരിക്കുന്നു.

മുസ്തഫ|musthapha said...

മിന്നാമിനുങ്ങ്‌ :
അഭിപ്രായത്തിന് നന്ദി... പിന്നെ സഹനത്തിനും [അടുത്ത മീറ്റിന് ഞാന്‍ കൂട്ടില്ല, നോക്കിക്കോ] :)

sandoz : ദൈവീക രാഷ്ട്രീയ കുടുംബ ദ്വൈവാരിക എന്നാക്കാം പേര് അല്ലേ :)

ഇത്തിരിവെട്ടം|Ithiri : പതിവു പോലെ നന്ദി :)

വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദി :)

നിമിഷ::Nimisha said...

"ദൈവത്തിന്‍റെ കാവല്‍" വായിച്ച് മനസ്സ് നിറഞ്ഞു.
“നേതാവിന്റെ” ആ നിശ്ചയദാര്‍ഡ്യം സാധാരണയ്ക്കാരന്റെ ഒരു സല്യൂറ്റിന് അര്‍ഹതയുള്ളതാണെന്ന് രാഷ്ട്രീയത്തോട് മടുപ്പ് മാത്രം ഉള്ള എനിയ്ക്കും തോന്നി.
പാച്ചുവിന് എന്റെ ഒരു പൊന്നുമ്മ :)

asdfasdf asfdasdf said...

ഈ വട്ടം ആഴ്ചകുറിപ്പ് ഇപ്പോഴാണ് വായിച്ചത്. നന്നായിരിക്കുന്നു. പാച്ചുവും പതിവുപോലെ..
പൂച്ച എലിയെ പിടിക്കുകമാത്രമല്ല വീട്ടുകാരനെ കടിക്കുകയും കൂടി ചെയ്താലോ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നോയെന്ന സംശയം ഇല്ലാതില്ല.

മുസ്തഫ|musthapha said...

നിമിഷ, വായിച്ചതിലും അഭിപ്രായങ്ങള്‍ അറിയിച്ചതിലും നന്ദി :)

കുട്ടമ്മേനോന്‍ : ഹഹ അതൊരു പോയന്‍റാണ്, വീട്ടുകാരന്‍റെ കയ്യിലിരിപ്പ് ശരിയല്ലെങ്കില്‍ പിന്നെ പൂച്ചയെ പഴിച്ചിട്ട് കാര്യമില്ല, അല്ലായെങ്കില്‍ പൂച്ചയ്ക്കും കെട്ടണം മണി :)

അഭിപ്രായത്തിന് നന്ദി :)

:: niKk | നിക്ക് :: said...

സഖാവേ, ഇഷ്ടപ്പെട്ടു ഈ പോസ്റ്റ് :)

ലാല്‍ സലാം :)