Monday, July 2, 2007

മുപ്പത്തിനാല്

കുഞ്ഞ് ആണോ പെണ്ണോ!
മോള്‍ ജനിച്ച ദിവസം തന്നെയാണ്, എനിക്കിന്നും മനസ്സില്‍ നിന്നും മായാത്ത വേദനിപ്പിക്കുന്ന ഒരനുഭവം ഉണ്ടായത്.

തിയേറ്ററിന് പുറത്തെ വെയിറ്റിങ്ങ് റൂമില്‍ ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങള്‍ തള്ളി നീക്കുമ്പോള്‍ പരിചയപ്പെട്ടതായിരുന്നു ആ പാകിസ്ഥാനിയെ. സംസാരത്തിനിടയ്ക്ക് സ്ത്രീകളെ പറ്റി വാചാലരായി രണ്ട് പേരും. ഒരു മനുഷ്യജീവനെ ഭൂമിയിലേക്ക് എത്തിക്കുമ്പോഴേക്കും അവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍, സ്ത്രീകള്‍ നേരിടുന്ന മറ്റ് പീഢനങ്ങള്‍... തങ്ങളുടെ മാതാക്കള്‍‍ സഹിച്ച ബുദ്ധിമുട്ടുകള്‍... എല്ലാറ്റിനെ കുറിച്ചും സംസാരിച്ചു. എനിക്കയാളോട് നല്ല മതിപ്പും തോന്നി.

കുറച്ച് നേരത്തിന് ശേഷം... അയാളുടെ ഭാര്യയുടെ പ്രസവം കഴിഞ്ഞതായി നേഴ്സ് വന്നു പറഞ്ഞു - പെണ്‍ കുഞ്ഞ്.... അയാള്‍ക്ക് ഞാനഭിനന്ദനങ്ങള്‍ നേര്‍ന്നു. എന്‍റെ കാത്തിരിപ്പ് പിന്നേയും നീണ്ടു.

ഇടയ്ക്കൊന്ന് പുറത്തിറങ്ങിയ ഞാന്‍ അയാളെ വീണ്ടും കണ്ടു. പക്ഷെ, അയാള്‍‍ ഒട്ടും തന്നെ പ്രസന്നവദനായിരുന്നില്ല.

‘എന്തു പറ്റി...’
‘എന്തു പറ്റാന്‍ ഭായ്... നീയറിഞ്ഞതല്ലേ എനിക്ക് പെണ്‍കുഞ്ഞാണെന്നുള്ളത്...’
‘അതിന്... സന്തോഷിക്കയല്ലേ വേണ്ടത്’
‘സന്തോഷം... ആണ്‍കുഞ്ഞായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്...’
‘ആണോ പെണ്ണോ എന്നതൊക്കെ ദൈവം നിശ്ചയിക്കുന്നതല്ലേ... നിങ്ങളല്ലേ നേരത്തെ സ്ത്രീകളെ പറ്റി ഒരുപാട് സംസാരിച്ചത്...’
‘അതൊക്കെ പറയാം... നിങ്ങള്‍ക്കറിയില്ല... ഞങ്ങളുടെ പ്രദേശത്ത് ആണ്‍കുഞ്ഞുണ്ടാവാത്തത് അഭിമാനക്കുറവാണ്...’
‘അഭിമാനക്കുറവോ...’
‘അതെ, എന്‍റെ ഉമ്മാട് ഈ വിവരം പറഞ്ഞപ്പോള്‍ അവര്‍ അനിഷ്ടത്തോടെ ചോദിച്ചത് “നിനക്കിപ്പോ സന്തോഷായില്ലേ” എന്നാണ്’
‘അപ്പോ പെണ്‍കുഞ്ഞുണ്ടാവുന്നത് നാണക്കേടാണെന്നോ...’ എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ഞാനയാളെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വെകിളി പിടിച്ച് നടന്നു നീങ്ങി.

പിന്നീട് ഞാന്‍ കണ്ടു, എന്‍റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു രംഗം - പ്രസവം കഴിഞ്ഞ് തിയേറ്ററില്‍ നിന്നും കരഞ്ഞു കൊണ്ട് വരുന്ന ഒരമ്മയേയും എന്തൊക്കെയോ പുലമ്പിക്കൊണ്ട് നീങ്ങുന്ന അയാളേയും (അയാളെ ഒരു ഭര്‍ത്താവെന്നോ അച്ഛനെന്നോ വിളിക്കാന്‍ എന്തിന്... മനുഷ്യനെന്ന് വിളിക്കാന്‍ പോലും എനിക്ക് തോന്നുന്നില്ല) പിന്നെ ഒന്നുമറിയാതെ ട്രോളിയില്‍ നീങ്ങികൊണ്ടിരുന്ന ഒരു പിഞ്ചുപൈതലിനേയും. ഒന്‍പത് മാസത്തിലധികം അനുഭവിച്ച പലവിധ ബുദ്ധിമുട്ടുകളും അതിന് ശേഷം പ്രസവവേദനയും കഴിഞ്ഞ്, പെണ്‍കുഞ്ഞിന് ജന്മം നല്‍കി എന്നതിന്‍റെ പേരില്‍ കണ്ണീരൊലിപ്പിച്ച് കൊണ്ട് അകന്നു പോയ ആ അമ്മ എന്‍റെ എക്കാലത്തേയും വേദനകളിലൊന്നാണ്.

‘ചൈനീസ് കലണ്ടര്‍‘ നോക്കി എനിക്ക് പെണ്‍കുട്ടിയാണെന്ന് പറഞ്ഞ എന്‍റെ മലയാളി സുഹൃത്ത് പിന്നീട് അത് തെറ്റാണെന്നും എനിക്ക് ആണ്‍കുഞ്ഞാണെന്നും തിരുത്തിപ്പറഞ്ഞതിന്‍റെ കൂടെ ഒന്നു കൂടെ പറഞ്ഞു...
‘അല്ലെങ്കിലും ആദ്യം ആണ്‍കുട്ടിയാവുന്നത് തന്നെയാണ് നല്ലത്... അല്ലെങ്കില്‍ പിന്നെ ആണ്‍കുട്ടിയുണ്ടാവുന്നത് വരെ ടെന്‍ഷനാ...’

എന്തുകൊണ്ടിങ്ങനെ? എനിക്ക് പലപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണത്!
മറ്റ് രാജ്യക്കാര്‍ക്കിടയിലും നമ്മുടേത് പോലുള്ള ആണ്‍കുഞ്ഞ് പെണ്‍കുഞ്ഞ് വിവേചനം ഉണ്ടോ?
പെണ്‍മക്കള്‍ക്ക് വേണ്ടി കൊടുക്കേണ്ടി വരുന്ന സ്ത്രീധനമെന്ന ധര്‍മ്മമോ അതോ ആണ്‍മക്കള്‍ നേടി തരുന്ന സ്ത്രീധനമെന്ന ഭിക്ഷയോ! അല്ലെങ്കില്‍ തലമുറകളായി വെച്ച് പുലര്‍ത്തുന്ന ആണ്‍മക്കള്‍ അദ്ധ്വാനിച്ച് കുടുംബം പുലര്‍ത്തുമെന്ന ധാരണയോ... എനിക്കിന്നും മനസ്സിലായിട്ടില്ല നമ്മുടെ സമൂഹത്തില്‍ പെണ്‍കുഞ്ഞിനേക്കാളും ആണ്‍കുഞ്ഞിനുള്ള മഹത്വം!

പാച്ചുവിന്‍റെ ലോകം!
എന്‍റെ പുറത്ത് ആന കളിക്കുക എന്നുള്ളതാണ് പാച്ചുവിന്‍റെ രാത്രികാല വിനോദങ്ങളില്‍ മുഖ്യം.
ഷാര്‍ജയില്‍ നിന്നും ദുബായിലേക്കും തിരിച്ചുമാണ് ആനയുടെ ട്രിപ്പുകള്‍.
ഓരോ ട്രിപ്പിനും ആന കാശ് വാങ്ങിക്കും...
‘കാശ് തരാത്തവര്‍ പെട്ടെന്ന് കാശ് തരേണ്ടതാണ്...’ ആന ഓര്‍മ്മിപ്പിച്ചു
‘കാശ് തരാടോ...’ പാച്ചു
‘കാശ് തന്നില്ലെങ്കി എറങ്ങാന്‍ സമ്മതിക്കില്ല...’ ആന ഭീഷണി മുഴക്കി
‘ആ...’ പാച്ചുവൊന്ന് മൂളി
‘ആ... ദുബായിയെത്തി... വേഗം കാശെടുക്ക്...’
‘പാച്ചൂന്‍റെ കാശില്ല... ഷാര്‍ജേക്കെന്നെ കൊണ്ടൊയ്ക്കോ...’ ഈയൊരു ചതി ആന പ്രതീക്ഷിച്ചിരുന്നില്ല :)

29 comments:

അഗ്രജന്‍ said...

“ആഴ്ചക്കുറിപ്പുകള്‍“

ലക്കം മുപ്പത്തിനാല്

ഉള്ളടക്കം
- കുഞ്ഞ് ആണോ പെണ്ണോ
- പാച്ചുവിന്‍റെ ലോകം

ഏറനാടന്‍ said...

ആദ്യം ഞാനാ ഹാജര്‍ വെച്ചത്‌? കുട്ടി ആണോ പെണ്ണോ? എന്നത്‌ മനസ്സുലച്ചു.

ഉറുമ്പ്‌ /ANT said...

Paachuvinte lokam Nanaayi.............

വിചാരം said...

ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചത് ഒരു പെണ്‍‌കുഞ്ഞിനെ .. അതിനെ എനിക്കു സമ്മാനിച്ച ദൈവത്തിന് സ്തുതി.

സാല്‍ജോ+saljo said...

വേദനിച്ചു ശരിക്കും.

...........
ടോള്‍ ബ്രിഡ്ജ് വഴി പോവല്ലേ പാച്ചൂ. ആനയ്ക്ക് സാലിക് ഇല്ല!

തറവാടി said...

അഗ്രജാ ,

"മാതാക്കന്‍മാര്‍" എന്നു പറയുമോ ? അറിയില്ല!,

പാച്ചുവിന്‍റ്റെ ലോകം നന്നായി,

പ്രധാന വിഷയത്തില്‍ പുതുമ കണ്ടില്ല , :)

അഗ്രജന്‍ said...

മാതാക്കള്‍ എന്നാക്കി തിരുത്തിയിട്ടുണ്ട് - നന്ദി തറവാടി :)

Manu said...

ആദ്യം തന്നെ ഒരു മാപ്പ്..

പാച്ചുസ്പെഷല്‍ ഞാന്‍ കണ്ടിരുന്നില്ല. :( എങ്കിലും വക്കാരിയോ മറ്റോ ഇട്ട ഒരു ജന്മദിനാശംസാപോസ്റ്റില്‍ ആശംസയിടുകയും മോള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അഗ്രജനെന്തേ മോള്‍ക്ക് വേണ്ടി ഒരു പോസ്റ്റിട്ടില്ല എന്ന് ചിന്തിക്കുകപോലും ചെയ്തു. (അത് കഴിഞ്ഞാവണം ഇവിടെ പാച്ചുസ്പെഷല്‍ വന്നത്.)

മുപ്പത്തിനാലിനെ പറ്റി. ഉള്ളടക്കത്തിന്റെ പ്രസക്തികൊണ്ടും വിഷയം അവതരിപ്പിച്ച സാഹ്ചര്യത്തിന്റെയും രീതിയുടെയും പ്രത്യേകത കൊണ്ടും താങ്കളുടെ ഇവിടുത്തെ പോസ്റ്റുകളില്‍ മികച്ച ഒരെണ്ണം. ആ പെണ്‍കുഞ്ഞിനെപ്പോലെയുള്ള ജന്മങ്ങള്‍ എങ്ങനെ തുടരും എന്ന് നോവിക്കുന്ന ഒരു ഓര്‍മപ്പെടുത്തല്‍ ഇവിടെയുണ്ട്.

എഴുത്തിലെ തുറന്നകണ്ണ് ജീവിതത്തിലും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. പെണ്ണായിപ്പോയതില്‍ പരിതപിക്കാതെ വളരാനും അവള്‍ക്കേറ്റവും അനുയോജ്യമെന്ന് അവള്‍ക്കുകൂടി ബോധ്യമുള്ള ജീവിതവഴികണ്ടെത്തുവാനും പാച്ചുവിന് കഴിയുന്നതാണ് അഗ്രജനുള്ള ലിറ്റ്മസ് റ്റെസ്റ്റ്.

വല്യമ്മായി said...

പെണ്‍കുഞ്ഞുങ്ങള്‍ ഐശ്വര്യമാണെന്ന് കരുതുന്ന, ഏത് മേഖലയിലും ആണിനും പെണ്ണിനും തുല്യപ്രാധാന്യം നല്‍കുന്ന കുടുംബത്തില്‍ ജനിച്ചെങ്കിലും ഇതു പോലുള്ള കഥകള്‍ ഒരു പാട് കേള്‍ക്കെണ്ടി വന്നിട്ടുണ്ട്.ആണോ പെണ്ണോ എന്നല്ല പൂര്‍ണ്ണ ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടാനാകണം മാതാ പിതാക്കളുടെ പ്രാര്‍ത്ഥനയും ശ്രമങ്ങളും.

പാച്ചു ഇപ്രാവശ്യവും കസറി.

സൂര്യോദയം said...

അഗ്രജാ...ആണ്‍ പെണ്‍ കുട്ടികളുടെ വ്യത്യാസം പലയിടത്തും പല മനസ്സുകളിലും നിലനില്‍ക്കുന്നു എന്നത്‌ ദുഖകരം തന്നെ..

പാച്ചു ഈ കണക്കിന്‌ കുറേ ട്രിപ്പ്‌ അടിപ്പിക്കുമല്ലോ.. :-)

വക്കാരിമഷ്‌ടാ said...

അഗ്രജാ, പതിവുപോലെ നന്നായിരിക്കുന്നു, നിരീക്ഷണങ്ങളും വിചാരങ്ങളും പാച്ചുവും.

വേണു venu said...

മോനു ശേഷം മോളുണ്ടായപ്പോഴും ആഘോഷിച്ച എന്നെ എന്‍റെ ഒരു മലയളി സുഹൃത്തുപദേശിച്ചു. പാര്‍ടിയുടെ ആവശ്യം ഇല്ലായിരുന്നു. ആണ്‍കുട്ടികളുണ്ടാവുമ്പോള്‍‍ കുരവയിടുകയും പെണ്‍കുട്ടി പിറക്കുമ്പോള്‍‍ നിലംതല്ലുകയും ചെയ്ത പാരമ്പര്യം, കേരളത്തില്‍‍ മാത്രമല്ല പലയിടത്തും നിലനില്‍ക്കുന്നു. പോസ്റ്റു നന്നായി. പാച്ചുവേ...:)

മൂര്‍ത്തി said...

നന്നായിട്ടുണ്ട്...

sandoz said...

അഗ്രൂ....ലക്ഷദ്വീപില്‍ പെണ്‍കുട്ടികള്‍ക്ക് കല്യാണത്തിന് ഇങോട്ട് കാശ് കിട്ടുമത്രേ.....

ലക്ഷദ്വീപില്‍ ജനിക്കഞത് എത്ര നന്നായി...

പാച്ചു തന്നെ താരം...

Ambi said...

നമ്മുടെ പുണ്യപുരാതന ഭാരതത്തില്‍ത്തന്നെ പലതും നടക്കുന്നു..സാച്ചര കേരളം ടേക്നോളജിയുടേ ആരാധകരാണ്. അള്‍ട്രാസൗണ്ട് സ്കാനിങ്ങ് വച്ച് ആദ്യമേ തന്നെ പൊക്കും..പെണ്ണായാല്‍ പിന്നെ ഭ്രൂണഹത്യ..(അത് കൊലപാതകമാവുന്നില്ലല്ലോ..പുറത്തെങ്ങനേലുമെത്തിയാലല്ലേ കൊലപാതകമാവൂ..)
അഥവാ ദൈവത്തിന്റെ കൃപയില്ലായ്മ കൊണ്ട് പുറത്തെത്തിപ്പോയാല്‍ കൊന്ന് കുഴിച്ചിട്ടാല്‍ മതിയല്ലോ..(അത് പ്രാക്ടീസ് ചെയ്യുന്നത് ലോകത്തെ ഏറ്റവും പഴയ സംസ്കാരങ്ങളിലൊന്നായ പാണ്ടിനാട്ടിലുള്ളവരില്‍ ചിലരാണ്..സംസ്കാരം..ഹിപ്പോക്രസി..
ഈ പുനര്‍ജന്മം കര്‍മ്മം എന്നൊക്കെപ്പറയുന്നത് ചുമ്മാതാ..യാതൊരു നീതിയും ഈ പ്രകൃതിയിലില്ല..ഇങ്ങനെയൊക്കെ ചെയ്യുന്നവന് യാതൊരു ശിക്ഷയും കിട്ടുന്നില്ല..
നമുക്ക് നല്ല കാര്യം വല്ലതും പറയാം..

പാച്ചൂനൊരുമ്മ..

മെലോഡിയസ് said...

അയാളെ ഒരു ഭര്‍ത്താവെന്നോ അച്ഛനെന്നോ വിളിക്കാന്‍ എന്തിന്... മനുഷ്യനെന്ന് വിളിക്കാന്‍ പോലും എനിക്ക് തോന്നുന്നില്ല എനിക്കും..

അയാളെ പോലെ ചിന്തിക്കുന്നവരെ ഒക്കെ വെറുപ്പാണെനിക്ക്. അഗ്രജനിക്കാ..നല്ല പോസ്റ്റ്.
പാച്ചു കലക്കി ട്ടാ.

Siju | സിജു said...

:-)

ശോണിമ said...

പെണ്‍ കുഞ്ഞുങ്ങള്‍ ബാധ്യതയാകുന്ന വ്യവസ്ഥിക്ക്‌ മാറ്റം വരാത്തെടത്തോളം ഈ മനസ്ഥിതി തുടരും

Sul | സുല്‍ said...

മുപ്പത്തി നാലും നന്നായി.
പാച്ചുവിന്റെ ട്രിപ്പുകള്‍ മുടക്കേണ്ട, അല്ലെങ്കില്‍ ഇതു പോലെ ഗുലുമാലാകും അഗ്രു :)

-സുല്‍

അപ്പു said...

വായിച്ചു. ഇപ്പറഞ്ഞതിന്റെ വേറൊരു വശംകൂടിയുണ്ട്. ഒരാണും ഒരുപെണ്ണും കുട്ടികളുള്ള വീടുകളിലും ആണ്‍കുട്ടികളോട് കൂടുതല്‍ “ഒരു ഇത്” കാണിക്കാറില്ലേ? ആണിനു വേണ്ടി വീണ്ടും വീണ്ടും പ്രസവിച്ച് കുട്ടികളുടെ എണ്ണം അഞ്ചും ആറും ആയിപ്പോയ ദമ്പതികളേയും നാം കാണാറുണ്ടല്ലോ.

ഓ.ടോ. പാച്ചൂനെ അവളുടെ ഉമ്മ പ്രസവിച്ചത് ദുബായിലായിരുന്നല്ലേ? ഇതറിയില്ലായിരുന്നു.

:: niKk | നിക്ക് :: said...

ഉം ടച്ച്ഡ് :|

സ്‌റ്റെല്ലൂസ്‌ formerly known asതരികിട said...

പെണ്മക്കളെ ചെറുപ്പത്തിലെ ഇല്ലാതാക്കാന്‍, പെണ്മക്കള്‍ അപമാനമായി കരുതാന്‍ കാരണമെന്തെന്ന് എനിക്കു പെണ്‍ ഭ്രൂണഹത്യകളെ കുറിച്ചു കേല്‍ക്കാല്‍ തുടങ്ങിയ അന്നുമുതല്‍ മനസിലായിട്ടില്ല. അങ്ങനെ ചെയ്യുന്നവര്‍ എന്തുകൊണ്ട്‌ ചിന്തിക്കുന്നില്ല

അവരുടെ മുത്തചഛന്‍ അങ്ങനെ ചെയ്തിരുന്നു എങ്കില്‍ അവരുടെ അമ്മയും പിന്നെ അവരും ഉണ്ടാവുമായിരുന്നൊ?

അവരുടെ അചഛന്‍ ചെയ്തിരുന്നു എങ്കില്‍ അവരുക്കു സഹോദരിമാരുണ്ടാകുമായിരുന്നൊ...

അമ്മായിയചഛല്‍ ചെയ്തിരുന്നു എങ്കില്‍ ഭാര്യയുണ്ടാകുമായിരുന്നൊ?

...പാച്ചു ആണ്ടെ മൂന്നു വയസായപ്പോഴേക്കും ജീവിക്കാന്‍ പഠിച്ചല്ലൊ???..:):)

ഓഫ്‌: പാച്ചു സ്പെഷ്യല്‍ വായിച്ചെ പിന്നെ ഞാന്‍ ഉണ്ടാകുന്നതിനു പത്തു വര്‍ഷം മുന്‍പു എന്റെ പേരു കണ്ടു പിടിച്ച പിതാജിസിനെ അതും പറഞ്ഞു കളിയാക്കല്‍ നിര്‍ത്തി കേട്ടൊ. വായിച്ചപ്പോഴല്ലെ അച്ചാച്ചനെ പോലെ വേറെയും മനുഷരുണ്ടെന്നു മനസിലായെ......

ikkaas|ഇക്കാസ് said...

എഴുത്തും വായനയും പഠിച്ചാലുടന്‍ പാച്ചുവിന് ഒരു ബ്ലോഗ് ഉണ്ടാക്കിക്കൊടുക്കുക എന്നത് എല്ലാ ബ്ലോഗര്‍മാരുടെയും ധാര്‍മ്മിക ഉത്തരവാദിത്തമാണ്.

ആണായാലും പെണ്ണായാലും ഒരു കുഞ്ഞ് മനുഷ്യരാശിയ്ക്ക് എന്നും വിലപ്പെട്ടത് തന്നെയാണെന്ന സത്യം എല്ലാവരും മനസ്സിലക്കേണ്ടതുണ്ട്. ആണില്ലെങ്കില്‍ പെണ്ണില്ല. പെണ്ണില്ലെങ്കില്‍ ആണും.

velluvanadan said...

ആനയ്ക്കു സാലിക് ടാഗ് ഇല്ലെ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“എന്തൊക്കെയോ പുലമ്പിക്കൊണ്ട് നീങ്ങുന്ന അയാളേയും “ പിടിച്ചു നിര്‍ത്തി ഒന്ന് പൊട്ടിച്ചിട്ടു പറഞ്ഞൂടാരുന്നോ കുട്ടി ആണോ പെണ്ണോ ആവുന്നത് ജനിതകപരമായി അച്ഛനാണ് തീരുമാനിക്കുന്നതെന്ന്. സ്ത്രീകള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ പങ്കില്ലാന്നും.

പാച്ചൂ ആന ഓള്‍ഡ് ഫാഷനാ ആനകളി മാറ്റി കുതിരയാക്ക്. അതാവുമ്പോ നല്ല സ്പീഡില്‍ ഓടിക്കാം:)
ഈ ഝാന്‍സിറാണിയൊക്കെ കണ്ടിട്ടില്ലേ ആ സ്റ്റൈല്‍
നല്ല രസായിരിക്കും. ഉപ്പാന്റെ തടിം ഒന്ന് ലെവലായിക്കിട്ടും...

ഷാനവാസ്‌ ഇലിപ്പക്കുളം said...

മോളേ പാച്ചൂ, ആനപ്പുറത്ത് രാത്രി യാത്രചെയ്യുന്നതൊക്കെ കൊള്ളാം പക്ഷെ ആനയുടെ മൂലത്തില്‍ തന്നെ ഒരു റിഫ്ളക്റ്ററും കൂടി പിടിപ്പിക്കണം! ഇരുട്ടില്‍ ആനയെ തിരിച്ചറിയാനാണ്‌ ഈ സൂത്രം. ഒരു ചുവന്ന സ്റ്റിക്കര്‍ വെച്ച് നല്ല ഒരു മൊട്ടുസൂചിക്ക് കുത്തിയാല്‍ മതി ട്ടോ മോളേ, ആന ചിലപ്പോള്‍ കരഞ്ഞെന്നിരിക്കും അത് വെറുതേയുള്ള കള്ള കരച്ചിലാകും ട്ടോ:):)

അഗ്രജാ മോളോട് തമാശ പറഞ്ഞെങ്കിലും മനസ്സിലിപ്പോഴും ആ പാകിസ്ഥാനിയുടെ നിരുത്തരവാദപരമായ മനോഭാവമാണ്. അല്ലെങ്കില്‍ എന്തിന്‌ അയാളെ മാത്രം കുറ്റം പറയുന്നു, അയാളുടെ അമ്മയും അവരെല്ലാം ഉള്‍പ്പെടുന്ന ആ സമൂഹവും......അല്ലെങ്കില്‍ എന്തിനാ പാകിസ്ഥാന്‍ വരെ പോകുന്നത്? ഇങ്ങ് നമ്മുടെ കൊച്ചു കേരളത്തിലുണ്ടല്ലോ എത്രയെത്ര ഉദാഹരണങ്ങള്‍. പരിതപിക്കനല്ലേ നമുക്ക് കഴിയൂ? ഇത്തരക്കരുടെയെല്ലാം മനോഭാവം മാറട്ടേയെന്ന് നമുക്ക് പ്രാറ്ഥിക്കാം.

ഇത്തിരിവെട്ടം said...

അഗ്രജാ പതിവ് പോലെ നന്നായിരിക്കുന്നു.

മനോജ്‌ കുമാര്‍.വി said...

ലവന്റെയൊക്കെ അമ്മയും, പെങ്ങമ്മാരും, ഭാര്യയും പെണ്ണല്ലേ?

വിഢികള്‍. അല്ലാതെന്തുപറയാന്‍ :(

അഗ്രജന്‍ said...

ഈ ലക്കത്തില്‍ പ്രതിപാദിച്ച വിഷയത്തില്‍ അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കട്ടെ... പെണ്‍കുഞ്ഞുള്ളവര്‍ ആണ്‍കുഞ്ഞിന് വേണ്ടിയും തിരിച്ചും ആഗ്രഹിക്കുന്നതിനെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പക്ഷെ, പെണ്‍കുഞ്ഞിനെ വേണ്ട എന്ന് ചിന്തിക്കുന്ന ഒരു വര്‍ഗ്ഗം അന്യം നിന്നു പോകാന്‍ ഇനിയും എത്ര തലമുറ കഴിയേണ്ടി വരും!

ഏറനാടന്‍
ഉറുമ്പ്‌ /ANT
വിചാരം
സാല്‍ജോ+saljo
തറവാടി
Manu
വല്യമ്മായി
സൂര്യോദയം
വക്കാരിമഷ്‌ടാ
വേണു venu
മൂര്‍ത്തി
sandoz
Ambi
മെലോഡിയസ്
Siju | സിജു
ശോണിമ
Sul | സുല്‍
അപ്പു
:: niKk | നിക്ക് ::
സ്‌റ്റെല്ലൂസ്‌ formerly known asതരികിട
ikkaas|ഇക്കാസ്
velluvanadan
കുട്ടിച്ചാത്തന്‍
ഷാനവാസ്‌ ഇലിപ്പക്കുളം
ഇത്തിരിവെട്ടം
മനോജ്‌ കുമാര്‍.വി

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി... പിന്നെ... പാച്ചുവിന്‍റേയും റിഫ്ലക്ടറും സാലിക് ടാഗും ഇല്ലാത്ത ആനയുടേയും പ്രത്യേക അന്വേഷണം എല്ലാവര്‍ക്കും :)