Monday, August 27, 2007

നാൽപ്പത്

ഓണം
സമത്വവും സാഹോദര്യവും സന്തോഷവും സര്‍വ്വൈശ്വര്യങ്ങളും നിറഞ്ഞ ഒരു കാലം എന്നും മനുഷ്യന്‍റെ ആഗ്രഹമായിരുന്നെന്ന ഓര്‍മ്മപ്പെടുത്തലോടെ ഒരോണം കൂടെ കടന്ന് വരുമ്പോള്‍, ഒപ്പം നമ്മള്‍ കൈവിട്ടു കളഞ്ഞ പലതും സ്മരണയിലേക്കെത്തുന്നു. ഇന്നലെയുടെ പൂവിളികളും ആരവങ്ങളും ദൃശ്യമാധ്യമങ്ങളൊരുക്കുന്ന വിശിഷ്ടവിഭവങ്ങളായി സ്വീകരണമുറിയിലൊതുങ്ങുമ്പോള്‍ നമുക്ക് സമാധാനിക്കാം... അവയെല്ലാം നേരില്‍ അനുഭവിച്ച തലമുറ പോയ് മറഞ്ഞാലും ഒരോ ഓണക്കാലത്തും പുനര്‍ജ്ജനിക്കാന്‍ പാകത്തില്‍ അവ സ്വരുക്കൂട്ടി വെച്ചിരിക്കുന്നെന്ന്!

എല്ലാവര്‍ക്കും സ്നേഹത്തോടെ നന്മ നിറഞ്ഞ ഓണാശംസകള്‍ നേരുന്നു...!

കച്ചവടം
കടയില്‍ നിന്നും ടേലഫോണ്‍ കാര്‍ഡുകള്‍ വാങ്ങി വില്‍ക്കുന്നവരെ പറ്റി ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഒരു കാര്‍ഡില്‍ നിന്നും കിട്ടുന്ന ഇരുപത്തിയഞ്ചോ അന്‍പതോ ഫിത്സിന് (ഫിത്സ് = പൈസ) വേണ്ടി ഇവരെത്ര അലയണം എന്ന്. പക്ഷെ അവര്‍ തരക്കേടില്ലാത്തൊരു സംഖ്യ മാസം തോറും ഉണ്ടാക്കുന്നു എന്നതാണ് സത്യം. ചിലരങ്ങിനെയാണ്... അവര്‍ എന്തിലും ഏതിലും കച്ചവടക്കണ്ണുള്ളവരായിരിക്കും.

വെള്ളിയാഴ്ച മുടിവെട്ടിക്കാനായി കയറിയപ്പോഴാണ് ശ്രദ്ധിച്ചത്. മുടിവെട്ടിക്കാനല്ലാതേയും അവിടെ ആളുകള്‍ കയറിയിറങ്ങുന്നു... അതോണ്ട് തന്നെ സാമാന്യം തിരക്കും അനുഭവപ്പെടുന്നുണ്ട്. അന്വേഷിച്ചപ്പോഴാണറിഞ്ഞത്, അത് മൊബൈല്‍ ഫോണിലേക്ക് ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യിക്കാന്‍ വരുന്നവരുടെ തിരക്കാണെന്ന്.

ഇവിടുത്തെ ടെലഫോണ്‍ കമ്പനിയായ എത്തിസലാത്ത് അടുത്ത കാലത്ത് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന ഒരു സേവനമാണ് ഒരു മൊബൈലില്‍ നിന്നും മറ്റൊരു മൊബൈലിലേക്ക് കാശ് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൌകര്യം.

ആ സൌകര്യത്തേയും ബിസിനസ്സ് ആക്കി മാറ്റിയിരിക്കുകയാണ് അവര്‍‍. ഇവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ചില ഏജന്‍സികള്‍ വഴി മൊബൈല്‍ റീ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 10% അധികതുക ലഭ്യമാക്കുന്നു എത്തിസലാത്ത്. 50 ദിര്‍ഹത്തിന് റീ ചാര്‍ജ്ജ് ചെയ്താല്‍ 55 ദിര്‍ഹം മൊബൈലില്‍ ക്രെഡിറ്റ് ആവുന്നു. അതേ സമയം തന്നെ റീ ചാര്‍ജ്ജ് ചെയ്യാന്‍ മിനിമം 25 ദിര്‍ഹത്തിന്‍റെ കാര്‍ഡ് വാങ്ങണമെന്നിരിക്കേ അത് വാങ്ങാന്‍ പറ്റാത്തവരും അല്ലെങ്കില്‍ ക്രെഡിറ്റ് അധികമുണ്ടായാല്‍ അമിതമായി ഉപയോഗിക്കപ്പെടും എന്ന് കരുതുന്നവരും ഈ ‘റീട്ടെയില്‍‘ ഏജന്‍റുമാരെ സമീപിക്കുന്നു. ആവശ്യാനുസരണം 5 ദിര്‍ഹം മുതല്‍ അവര്‍ റീ ചാര്‍ജ്ജ് ചെയ്ത് കൊടുക്കുന്നു. അമ്പത് ദിര്‍ഹം മൂലധനത്തിന് നിമിഷങ്ങള്‍ക്കകം അഞ്ച് ദിര്‍ഹം ലാഭം കിട്ടുന്നു - എന്തൊരു സുഖമുള്ള കച്ചോടം!

നമ്പര്‍ തെറ്റി വേറെ ഏതോ മൊബൈലിലേക്ക് കാശ് ട്രാന്‍സ്ഫര്‍ ആയപ്പോള്‍ ലാഭം നഷ്ടപ്പെടാനും നിമിഷങ്ങള്‍ മതി എന്നും പെട്ടെന്ന് തന്നെ മന‍സ്സിലായി.

അറബിക്കഥ
വളരെ അപൂര്‍വ്വമായേ തിയ്യേറ്ററില്‍ പോയി സിനിമ കാണാറുള്ളൂ. രണ്ട് പേര്‍ സിനിമ കാണുമ്പോള്‍ ഒരു ദിവസത്തെ വീട്ട് വാടകയ്ക്കോ അല്ലെങ്കില്‍ രണ്ടോ മൂന്നോ ദിവസം ഭക്ഷണം കഴിക്കാനോ തത്തുല്യമായ തുക ടിക്കറ്റിന് വേണ്ടി വരുന്നു എന്നത് തന്നെ കാരണം. പക്ഷെ, അറബിക്കഥയെ പറ്റി കേട്ടപ്പോള്‍ തന്നെ, സിഡി ഇറങ്ങുന്നത് കാക്കാതെ തിയ്യേറ്ററില്‍ പോയി കാണണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. അച്ഛനുറങ്ങാത്ത വീട് ചെയ്ത് സം‌വിധായകന്‍ കമ്യൂണിസത്തേയും പ്രവാസത്തേയും കോര്‍ത്തിണക്കി കഥ പറയുമ്പോള്‍ തീര്‍ച്ചയായും ഒത്തിരി പ്രതീക്ഷിച്ച് പോകല്‍ സ്വാഭാവീകം.

അത് കൊണ്ട് തന്നെയാവണം, സംതൃപ്തിയില്ലാത്ത മുഖത്തോടെ തിയ്യേറ്ററില്‍ നിന്നും പുറത്തിറങ്ങേണ്ടി വന്നത്. കമ്യൂണിസം നെഞ്ചില്‍ മുറുകെ പിടിക്കുന്ന ശുദ്ധനായ ഒരു കമ്യൂണിസ്റ്റുകാരനെ ശ്രീനിവാസനിലൂടെ പകര്‍ത്തിവെക്കാനുള്ള ശ്രമം കുറേയൊക്കെ വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയാം. പക്ഷെ, പ്രവാസികളുടെ ജീവിതവും ചുറ്റുപാടുകളും... അത്, ഇതിലും നന്നായി ഏറനാടന്‍റെ ‘മണല്‍ക്കാറ്റ്’ എന്ന സീരിയലില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നെനിക്ക് തോന്നുന്നു. പുതുമകളൊന്നും കാഴ്ചവെക്കാത്ത ഈ സിനിമ അതിന്‍റെ ക്ലൈമാക്സിലും പ്രേക്ഷകനെ ആശയക്കുഴപ്പത്തിലാക്കുന്നില്ല... ഏറെക്കുറെ പ്രതിക്ഷിച്ച ഒരന്ത്യം തന്നെ!

ഗള്‍ഫ് സ്വപ്നം കാണുന്ന സാധാരണക്കാരന് ഈ സിനിമയും നല്‍കുന്നത് തെറ്റായ സന്ദേശങ്ങള്‍ തന്നെ!
ഏറെ കഷ്ടപ്പെട്ടായാലും കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് രണ്ടോ മൂന്നോ കിലോ തൂക്കം വരുന്ന ദിര്‍ഹംസിന്‍റെ പൊതികള്‍ സമ്പാദിക്കാമെന്ന, നാട്ടില്‍ നിന്നും കൊണ്ട് വന്ന അച്ചാര്‍ ഉടമസ്ഥന് എത്തിക്കുന്നതിനും മുമ്പേ പോക്കറ്റിലൊതുക്കാവുന്നതാണ് ഇവിടുത്തെ ഡ്രൈവിംഗ് ലൈസെന്‍സെന്ന മോഹിപ്പിക്കുന്ന സന്ദേശങ്ങള്‍!

പാച്ചുവിന്‍റെ ലോകം
സിറ്റി സെന്‍ററിന്‍റെ പാര്‍ക്കിങ്ങില്‍ പാര്‍ക്കിംഗ് തപ്പി കറങ്ങുന്നതിനിടയില്‍ നിരവധി ഹമ്പുകള്‍ കയറിയിറങ്ങുമ്പോള്‍ പാച്ചു പറഞ്ഞു...
‘ഉപ്പാ... വണ്ടി ഓടിക്ക് പ്പാ...’
‘മോളെ, ഉപ്പ വണ്ടി ഓടിക്കെന്നല്ലേ ചെയ്യണത്...’
‘ഇത് കൊറേ ഓടിക്കലാ... ചാടിക്കലല്ലേ...’ പാച്ചുവിന്‍റെ മറുപടിക്കൊട്ടും താമസമുണ്ടായില്ല.

16 comments:

സുല്‍ |Sul said...

“ഠേ......” ഒരു തേങ്ങ ഇവിടെ.
പാച്ചുവിനും കുടുംബത്തിനും സുല്‍മാമാടെം കുടുംബത്തിന്റെയും ഓണാശംസകള്‍!

-സുല്‍

myexperimentsandme said...

ഹ...ഹ... വണ്ടി ചാടിക്കല്‍, അത് കലക്കി.

അഗ്രുകുടുംബപാച്ചുസ്പെഷ്യല്‍ ഓണാശംസകള്‍.

Ziya said...

ഓണാശംസകള്‍!
ആഴ്‌ചക്കുറിപ്പ് കാര്യമാത്ര പ്രസക്തം.
ചാടിക്കല്‍ കലക്കി :)

Satheesh said...

നല്ല ഒരു പോസ്റ്റ്
അഗ്രജനും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകള്‍!

ഏറനാടന്‍ said...

പതിവുപോലെ ഉഗ്രനായി. പാച്ചുവിന്‌ സ്ഥിരമായിട്ട്‌ 'ബോബനും മോളിയും' or 'പാച്ചുവും കോവാലനും' or 'ബാബുസാലി' കഥകള്‍ വായിക്കാന്‍ കൊടുക്കാറുണ്ടോ? അല്ലാതെപിന്നെ എവിടുന്നാ പാച്ചുവിനിത്ര ഹ്യൂമര്‍ സെന്‍സ്‌? :)

'മണല്‍ക്കാറ്റിനെ' ഈ ലക്കത്തില്‍ പരാമര്‍ശിച്ചതില്‍ സന്തോഷം. നന്ദി.

അഞ്ചല്‍ക്കാരന്‍ said...

മാവേലി വാണ വര്‍ത്തമാന കാല കേരളം ഇങ്ങിനെ ഒറ്റവാക്കില്‍ മനസ്സിലാക്കാമെന്ന് തോന്നുന്നു:
“കള്ളപറയും ചെറുനാഴിയും എള്ളോളമില്ല നേരും നെറിയും...”

സൌമ്യം ദീപ്തം ലളിതമീ കുറിപ്പുകള്‍.

ഗുപ്തന്‍ said...

പാച്ചൂട്ടി !!! ഹ ഹ ഹ
കച്ചവട സാധ്യതകളെക്കുറിച്ചു പറഞ്ഞത് സത്യം. ഇവിടെ ഒരാള്‍ നാട്ടില്പോയി വരുമ്പോള്‍ വലിയ ബഗുകളില്‍ ഷര്‍ട്ടുകള്‍ കൊണ്ടാണ് വരുന്നത്: നൂറു രൂപയ്ക്കൊക്കെ നാട്ടില്‍ റെഡിമേയ്ഡ് ഷര്‍ട്ടുകള്‍ കൂട്ടിയിട്ട് വില്‍ക്കാറുണ്ടായിരുന്നില്ലെ അത്. ഇവിടെ വന്നിട്ട് തെരുവില്‍ സാധനങ്ങള്‍ വില്‍ക്കുന്ന കുട്ടികളെ 10/15യൂറോക്ക് ഷര്‍ട്ട് വില്ക്കന്‍ ഏല്പിക്കും. ഒരുഷര്‍ട്ടിനുമൂന്ന് യുറോ കമ്മീഷന്‍. രണ്ടുയൂറോ ഷര്‍ട്ടിന്റെ വില (110 രൂപ) ... ബാക്കി 5-10 യൂറോ ഓരോ ഷര്‍ട്ടിനും ലാഭം. എങ്ങനെയുണ്ട്?

സുനീഷ് said...

പ്രിയ അഗ്രജ്‌,
ഓണം ഹമാരാ ദേശീയ ത്യോഹാര്‍ ഹേ. ഇസിലിയേ ഓണത്തെ എല്ലാവരും നന്നായി കൊണ്ടാടണം ഹേ. അഗ്രജ്‌ ഓര്‍ അഗ്രജ്‌ ഫാമിലിയ്‌ കോ മേരാ ഓണാശംസകള്‍ ഹേ. ധന്യവാദ്‌. (ഹോ ഒപ്പിച്ചു, ഈയ്യിടെയായി യൂറ്റ്യൂബില്‍ നിന്നും ഹിന്ദി രാമായണം കാണുന്നുണ്ട്‌, അതിണ്ടെയാ.
അല്ലേപ്പിന്നെ പണ്ടേ കേയും, കോയും, തുമും ഒക്കെ എവിടെ വക്കണമെന്നറിയാത്ത ഞാനെങ്ങനെ ഇത്ര നന്നായി ഹിന്ദി സംസാരിക്കാനാ)

ഓണശംസകള്‍

ബിന്ദു said...

pachu kalakkunnundallo.
:)
ONaaSamsakaL ellaavaRkkum!!

Rasheed Chalil said...

ഒരു ദിവസം ഓണസദ്യയൊക്കെ ഒരുക്കി ഓണം അഘോഷിക്കൂ അഗ്രജാ... കഴിയുമെങ്കില്‍ ഒന്നോ രണ്ടോ കൂട്ടുകാരേ കൂടി ആഘോഷത്തില്‍ പങ്കുചേര്‍ക്കൂ...

ഓണാശംസകള്‍

ഓടോ: എന്റെ‍ നമ്പര്‍ കയ്യിലുണ്ടല്ലോ ല്ലേ...

sandoz said...

അഗ്രജനും..അഗ്രജക്കും..പാച്ചൂനും.....ഓണാശംസകള്‍...

നിങ്ങടെ വര്‍ഷിക പോസ്റ്റ്‌ ഇപ്പഴാ കണ്ടത്‌....
125 പോസ്റ്റ്‌ തട്ടിയാ..കര്‍ത്താവേ....ആ കാല്‍ ഇങ്ങ്‌ കാണിച്ചേ....
കാലില്‍ വീണു അനുഗ്രഹം വാങ്ങിക്കാനോ..ഇനീം എഴുതി ഞങ്ങളെ പരീക്ഷിക്കല്ലേയെന്ന് കാലില്‍ വീണു കരയാനോ അല്ലാ..
കാലില്‍ ആണിയുണ്ടോയെന്നു നോക്കാനാ...
എന്നോട്‌ ചോദിച്ച എന്റെ പടം അയച്ചു തരുമ്പോള്‍ തൂക്കണ്ടേ.
ആണി കാലില്‍ ഉണ്ടേ കുഴപ്പമില്ലാ....അല്ലേല്‍ ഞാന്‍ പടത്തിന്റെയൊപ്പം ഒരെണ്ണം അയച്ചു തരാം...

തറവാടി said...

അറബിക്കഥ നാട്ടില്‍ വെച്ചാണ്‌ കണ്ടത്‌ , എവിടെനിന്നും (നാട്ടില്‍നിന്നും ഗള്‍ഫില്‍ നിന്നും ) കാണുന്നു എന്നതു പോലും സിനിമകളെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായത്തെ ബാധിക്കുന്നു എന്നെനിക്കു തോന്നുന്നു. യാതൊരു മുന്‍ദ്ധാരണയുമില്ലാതെ കണ്ടതിനാലായിരിക്കാം , അല്ലെങ്കില്‍ കണ്ട മിക്ക സിനിമകളും വളരെ മോശമായതിനാലായിരിക്കാം ,സിനിമയിലുണ്ടായിരുന്ന പല തെറ്റുകളും ക്ഷമിക്കാന്‍ പറ്റുന്നവയായിരുന്നു.

സാല്‍ജോҐsaljo said...

എല്ലാപ്രാവശ്യത്തെയും പോലെ നന്നായി.

ഓണാശംസകള്‍
പാച്ചുവിന് പ്രത്യേക ആശംസയും.

സാല്‍ജോҐsaljo said...

തലയ്ക്കു വട്ടം വച്ചാല്‍ ഓംബുഡ്സ്മാനാവ്വോ സിയാ മാഷെ.?

അല്ലേ... നോക്കണേ ഓരോരോ...

ബയാന്‍ said...

സ്റ്റിയറിങ്ങ് പാച്ചുവിന്റെ കയ്യിലേല്‍പ്പിക്കണം; ബ്ലോഗിന്റെ. പാച്ചു തകര്‍ക്കും.

മുസാഫിര്‍ said...

നാട്ടില്‍ വച്ച് വീട്ടുകാരൊക്കെ അറബിക്കഥ കാണാന്‍ പോയപ്പോള്‍ പോകാനൊത്തില്ല.ദുബായില്‍ വച്ചും ആ ആഗ്രഹം നടന്നില്ല.ഇപ്പോള്‍ അഗ്രജന്റേയും കൈപ്പള്ളീയുടേയും റിവ്യൂ വായിച്ചപ്പോള്‍ കാണണമെന്ന ആഗ്രഹം പോയി.
പാച്ചുവിനോടു അന്വേഷണം പറയുക !