Monday, March 10, 2008

ആഴ്ചക്കുറിപ്പുകള്‍ 55

മുഷ്ടി ചുരുട്ടേണ്ടതാര്‍ക്ക് നേരെ!
വീണ്ടും കൊലപാതക രാഷ്ട്രീയം തകര്‍ത്ത് വാഴുന്നു. ചോരയ്ക്ക് പകരം ചോര, രഷ്ട്രീയക്കാരന്‍ ഇനിയും മാറ്റിയിട്ടില്ലാത്ത മുദ്രാവാക്യം. അത്താണിയായവന്‍റെ വിയോഗം അനാഥരാക്കിയവരുടെ കണ്ണുനീരുണ്ടോ രാഷ്ട്രീയക്കാരന്‍റെ മനസ്സ് നനയ്ക്കുന്നു. പൂജ്യം വെട്ടിക്കളിക്കുന്ന ലാഘവത്തോടെ ജയിക്കാനോ ഒപ്പത്തിനൊപ്പമെത്താനോ ആണവന്‍റെ വ്യഗ്രത. പാവപ്പെട്ടവന്‍റെ കഷ്ടപ്പാടിനേയും ആശയത്തോടുള്ള കൂറിനേയും മുതലെടുത്ത്, കയ്യിലേക്ക് ആയുധം നല്‍കി പ്രോത്സാഹിപ്പിച്ച് വിടുന്നു... അയല്‍ക്കാരന്‍റെ തല കൊയ്യാന്‍, ഒപ്പം സ്വന്തം തലയ്ക്ക് മുകളില്‍ ഒരു വാള്‍ തൂക്കിയിടാന്‍. എന്നിട്ട് അമേരിക്കയുടേയും ഇസ്രായേലിന്‍റേയും അല്‍ക്വയ്ദയുടേയും ഭീകരതയ്ക്കെതിരെ മുഷ്ടി ചുരുട്ടുന്നു... നമ്മിലെ ഭീകരതയെ നാമിനിയെന്നു തിരിച്ചറിയും!

വന്ദ്യവയോധികരുടെ സരസബോധം!
ഷാര്‍ജയിലെ ബുഹൈറ കോര്‍ണിഷിലൂടെ രാവിലെ നടക്കാനിറങ്ങിയതായിരുന്നു ഞാന്‍. പലതും ചിന്തിച്ച് കൊണ്ട് കൈ വീശി ആഞ്ഞ് നടക്കുകയാണ് ഞാന്‍ [നിങ്ങളോടെനിക്ക് സത്യം പറയാലോ! അടുത്ത ആഴ്ചക്കുറിപ്പുകളില്‍ എന്തെഴുതും എന്ന് ചിന്തിച്ചായിരുന്നു നടത്തം :)]. പെട്ടെന്നാണ് ഒരു കൈ എനിക്ക് നേരെ വിലങ്ങനെ ഉയര്‍ന്നത്. ഞാന്‍ പെട്ടെന്ന് ഞെട്ടി നിന്നു. നോക്കുമ്പോള്‍ എതിരില്‍ വന്നിരുന്ന വന്ദ്യവയോധികനായ ഒരു അറബി എന്നെ നോക്കി ചിരിക്കുന്നു. നരച്ച, അപ്പൂപ്പന്‍ താടി പോലെ വെണ്മയുള്ള താടിമീശയ്ക്കിടയിലൂടെ ഉദിച്ച് വരുന്നൊരു നിഷ്കളങ്കമായ ചിരി. സ്പീഡില്‍ നടന്നിരുന്ന എന്നെ ഞെട്ടിക്കാന്‍ മനപ്പൂര്‍വ്വം കൈ നീട്ടി, എന്‍റെ ഞെട്ടല്‍ ആസ്വദിക്കുകയാണ് അയാള്‍. ഞാനും ചിരിച്ച് അഭിവാദ്യം ചെയ്ത് നടന്നു നീങ്ങി. വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ ശരിക്കും ശുണ്ഠി വരുമായിരുന്ന ഒരു കാര്യമാണ്. പക്ഷെ, ആ വൃദ്ധന്‍റെ ചിരി... മറ്റുള്ളവരില്‍ ഊര്‍ജ്ജം നിറക്കാന്‍ പാകമുള്ള ചിരി... എനിക്കാ ദിവസത്തിന് നല്ലൊരു തുടക്കം നലകാന്‍ പോന്നതായിരുന്നു അത്!

വൃദ്ധജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിഞ്ഞിട്ടുള്ളവര്‍ക്കറിയാം, അവരില്‍ മിക്കവരും ബഹുരസികന്മാരായിരിക്കും. അതോടൊപ്പം തന്നെ വായിച്ചോ പഠിച്ചോ നമുക്ക് അറിയാനാവാത്ത പലതും അവരുടെ വായില്‍ നിന്നും നമുക്ക് വീണ് കിട്ടും. അതാസ്വദിക്കാന്‍ നമുക്ക് സമയവും താത്പര്യവും വേണമെന്ന് മാത്രം.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട് പോയ അയല്‍വീട്ടുകാരനും എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍റെ ഉപ്പയുമായ കുഞ്ഞോന്‍ക്ക അങ്ങിനെയുള്ള ഒരാളായിരുന്നു... രസികനായിരുന്നു. ഞങ്ങള്‍ രാത്രി ഒത്തിരി വൈകുന്നത് വരെ അവരുടെ വീട്ടില്‍ സംസാരിച്ചിരിക്കും. ഒരുപാട് പഴയ കഥകളും അനുഭവങ്ങളും യഥേഷ്ടം പറഞ്ഞ് തരും കുഞ്ഞോന്‍ക്ക. എങ്കിലും ഒടുവില്‍ പറയുന്നത് ഒരു പ്രേതത്തിന്‍റേയോ യക്ഷിയുടേയോ കഥയായിരിക്കും. അത് പുള്ളിക്ക് നിര്‍ബ്ബന്ധമാണ്... എങ്കിലല്ലേ കഷ്ടി 100 മീറ്റര്‍ മാത്രം ദൂരമുള്ള എന്‍റെ വീട്ടിലേക്ക് പോകാന്‍ ഹനീഫാട് കൂട്ട് വരാന്‍ പറയുന്ന എന്നെ കളിയാക്കി ചിരിക്കാന്‍ മൂപ്പര്‍ക്കാവൂ!

സാധാരണ, രാവിലെ അമ്പലക്കുളത്തിലേക്ക് കുളിക്കാനായി പോവുന്നത് അവരുടെ മുറ്റത്ത് കൂടെയാണ്. ഒരു ദിവസം കുളിക്കാനായി പോവുന്ന എന്നോട് കുഞ്ഞോന്‍ക്ക ചോദിച്ചു...

‘ഡാ അനക്ക് കയ്യ് രണ്ടും കെട്ടീട്ട് രണ്ടടി ദൂരം ചാടാമ്പറ്റോ...’

രണ്ടടി ദൂരം... ഇതാപ്പോ, കൈ രണ്ടും നിവര്‍ത്തിപ്പിടിച്ച് ഒരു ട്രയലും നടത്തി നോക്കി... നിസ്സാരം... ഞാന്‍ സമ്മതിച്ചു.

അവിടെയുണ്ടായിരുന്ന മൂപ്പരുടെ മോനെ കൊണ്ട് ഒരു ശീമക്കൊന്നയുടെ വടി വെട്ടി കൊണ്ട് വരുത്തിച്ചു. ഞാന്‍ നില്‍ക്കുന്നിടത്ത് ഒരു വരയിട്ടു... രണ്ടടി ദൂരത്തില്‍ മറ്റൊരു വരയും. എന്നിട്ടെന്‍റെ രണ്ട് കയ്യും നിവര്‍ത്തി പിടിച്ച് ആ വടി എന്‍റെ നെഞ്ചോട് ചേര്‍ത്ത് കെട്ടി. ഇപ്പോള്‍ ഞാന്‍ രൂപം കൊണ്ടും ഒരു കുരിശായി.

ചാടാന്‍ തയ്യാറായി ഞാന്‍ ഗമയില്‍ നില്‍ക്കുമ്പഴാണ് കോലായില്‍ നിന്നിരുന്ന പെണ്‍മക്കളെ നോക്കി കുഞ്ഞോന്‍ക്ക പറഞ്ഞത്...

‘ഡ്യേ... ങ്ങളൊക്കെ അകത്ത്..ക്ക് പൊയ്ക്കോളീ...’

‘ങേ...’
അതെന്തിന് ഞാന്‍ ഞെട്ടി... അതിലും വേഗത്തില്‍, വല്ലപ്പഴും സമയത്ത് പ്രവര്‍ത്തിക്കുന്ന എന്‍റെ മണ്ട ആക്റ്റീവായി... പടച്ചോനെ എന്‍റെ മുണ്ടഴിച്ചിടാനാണല്ലോ പ്ലാന്‍...!

ഈ പരുവത്തില്‍ എന്‍റെ മുണ്ടഴിച്ചാല്‍... എന്‍റെ ഗതി... എന്‍റെ മാനം!

ഞാന്‍ വടി ഒടിച്ച് മടക്കി ഓടി രക്ഷപ്പെട്ടു...

ചാരുകസേരയിലിരുന്ന് എന്‍റെ ഓട്ടം കണ്ട് രസിക്കുന്ന കുഞ്ഞോന്‍ക്കാടെ മുഖം എനിക്കിപ്പഴും കാണാം.

പാച്ചുവിന്‍റെ ലോകം
‘പാച്ചുവിന് ആരാവണം...’ എന്‍റെ ചോദ്യം.
‘പാച്ചൂന് ‘അയ്യപ്പാസാ’യാ മതി...’ പാച്ചു പറഞ്ഞു.
‘ങേ...’ എന്‍റെ ഞെട്ടല്‍.
‘കൊറച്ചീസം മുമ്പ് ശ്രീലേഖ ഐപീയെസ്സുമായി ഇന്‍റര്‍വ്യൂ... ണ്ടായിരുന്നു ടീവീല്...’
നല്ലപാതിയുടെ വിശദീകരണം വന്നതിനാല്‍ എനിക്കധികം തല പുകയ്ക്കേണ്ടി വന്നില്ല.

30 comments:

അഗ്രജന്‍ said...

ആഴ്ചക്കുറിപ്പുകള്‍ 55

സുല്‍ |Sul said...

അഗ്രുവെ ആഴ്ചകുറിപ്പുകളുടെ കാമ്പ് വെട്ടിക്കുറക്കല്ലെ കേട്ടോ.
വയോധികരെപറ്റി പറഞ്ഞത് അച്ചട്ട്. നമ്മുക്കും പ്രാക്ടീസ് ചെയ്തു തുടങ്ങാം.. അല്ലെ.
പാച്ചു എന്തായാലും അയ്യപ്പാസായാ മതികേട്ടൊ. വേറാരു പറയുന്നതും കേള്‍ക്കണ്ട :)

-സുല്‍

Sharu.... said...
This comment has been removed by the author.
Sharu.... said...

സുല്ലിനു വേറെ ഒരു പണിയും ഇല്ലല്ലേ...തേങ്ങ അടിക്കാന്‍ ഉള്ള ചാന്‍സ് കളഞ്ഞു....

Sharu.... said...

പാച്ചു തന്നെ പുലി... :)
“മുഷ്ടി ചുരുട്ടേണ്ടതാര്‍ക്ക് നേരെ“... ഇതും വളരെ നന്നായി

വല്യമ്മായി said...

പാച്ചൂ,ഐപി എസ് ആയിട്ടു വെണം ഈ ഉപ്പാനേം ഉമ്മാനേം രണ്ടീസം ജയിലിലിടാന്‍ :)

സുമേഷ് ചന്ദ്രന്‍ said...

ഈയാഴ്ചയും നന്നായി!

(കൊറേ മാറി ചിന്തിച്ചതാ, കമന്റ്റാന്‍.. പിന്നെ തോന്നി, മാണ്ടാ, അതു ചെലപ്പോ വള്‍ഗറാവും ന്ന്!)
;)

കുട്ടന്‍മേനൊന്‍ said...

നമ്മിലെ ഭീകരതയെ നാമിനിയെന്നു തിരിച്ചറിയും!
വിധിക്കപ്പെട്ടവര്‍ !!

ശ്രീ said...

ഇത്തവണയും നന്നായി.

പാച്ചു പിന്നേം ചിരിപ്പിച്ചു.
:)

ബഷീര്‍ വെള്ളറക്കാട്‌ said...

അമേരിക്കയുടേയും ഇസ്രായേലിന്‍റേയും അല്‍ക്വയ്ദയുടേയും ഭീകരതയ്ക്കെതിരെ മുഷ്ടി ചുരുട്ടുന്നു..നമ്മിലെ ഭീകരതയെ നാമിനിയെന്നു തിരിച്ചറിയും!

ചിന്തയും ചിരിയുമായി ഈ പോസ്റ്റ്‌ നന്നായി..

കൃഷ്‌ | krish said...

പാച്ചു, അയ്യപ്പാസ്. ഹഹഹ.. അതുകൊള്ളാം.

ആലുവവാല said...

ഒരു രാജഭരണം വന്നിരുന്നെങ്കില്‍....!!!

അപ്പു said...

അഗ്രജാ.
കമന്റ് 1: ദൈവത്തിന്റെ സ്വന്തം നാടെന്നു പേരിട്ട് കേരളജനതയെ മുഴുവന്‍ നാണംകെടുത്തിയവരെ ചവിട്ടണം. ചെകുത്താന്മാരുടെ ഈ നാടിനെ ഞാന്‍ വെറുക്കുന്നു.

കമന്റ് 2: അധികം വൈകാതെ നമ്മളൊക്കെ വയോവൃദ്ധരാകും. അതിനായി ഇപ്പോഴേ പ്രാക്റ്റീസ് തുടങ്ങാം.

കമന്റ് 3: പാച്ചു കലക്കി. (പാച്ചൂനു കുട്ടികളാകുമ്പോള്‍ പറയാലോ, പാച്ചൂന്റെ ഉപ്പായ്ക്കൊരു അയ്യപ്പാസുണ്ടേര്‍ന്നു..)

birdman said...

മുഷ്ടി ചുരുട്ടേണ്ടതാര്ക്ക് നേരെ? ???

ഞാനും നിങ്ങളുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു!

ബാജി ഓടംവേലി said...

നല്ല വിവരണം...
പാച്ചു കലക്കീട്ടുണ്ട്....

::സിയ↔Ziya said...

അഗ്രജനുമായി ചെലവഴിക്കുന്ന ഓരോ നിമിഷവും അതീവ രസകരം തന്നെ, ഞാനത് ആസ്വദിക്കുന്നു.
അതോടൊപ്പം തന്നെ വായിച്ചോ പഠിച്ചോ എനിക്ക് അറിയാനാവാത്ത പലതും അവരുടെ അഗ്രജന്റെ വായില്‍ നിന്നും എനിക്ക് വീണ് കിട്ടുന്നുണ്ട്. ആശംസകള്‍ :)

മിസ്. പാച്ചു അഗ്രജന്‍ ഐ എപ്പാസ്..കലക്കി!

ഇക്കാസോ said...

വയോധികരെപ്പറ്റി ഗള്‍ഫ്ഗേറ്റ് മുസ്തഫാക്ക പോസ്റ്റില്‍ പറഞ്ഞതും സിയയുടെ കമന്റും മുസ്തഫാക്കയുമായുള്ള ചാറ്റുകളും ചേര്‍ത്തുവച്ചപ്പൊ അങ്ങേരുടെ പ്രായം എനിക്കും ഊഹിക്കാന്‍ പറ്റുന്നുണ്ട്.

ഹരിത് said...

ഹഹഹഹഹ..കലക്കി..

വല്യമ്മായി said...

കാര്യം സത്യമാണെങ്കിലും അഗ്രജനെ കളിയാക്കുന്നത് പാച്ചു കേള്‍ക്കേണ്ട പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുംട്ടാ

ബയാന്‍ said...

വെട്ടേറ്റു പിടയുന്ന ചുമട്ടുതൊഴിലാളിയും പാല്‍ വിതരണക്കാരന്റെയും പാര്‍ട്ടിക്കൂറ് വിയര്‍പ്പിന്റെയും വിശപ്പിന്റേയുമാണ്; ധൈന്യതയാര്‍ന്ന അവരുടെ കുഞ്ഞിനേയും പഠിപ്പിക്കുന്നതു പ്രത്യയശാസ്ത്ര ഏടുകള്‍ തന്നെയാ...പിന്നെ യിതെവിടെ അവസാനിപ്പിക്കും. ഞാനും വിളിക്കട്ടെ മുദ്രാവാക്യം.

അഗ്രൂ: വയസ്സാവാനിരിക്കട്ടെ, നീ ഇപ്പോഴും പതിനാറല്ലെ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹഹ.:)

Shaf said...

അമേരിക്കയുടേയും ഇസ്രായേലിന്‍റേയും അല്‍ക്വയ്ദയുടേയും ഭീകരതയ്ക്കെതിരെ മുഷ്ടി ചുരുട്ടുന്നു..നമ്മിലെ ഭീകരതയെ നാമിനിയെന്നു തിരിച്ചറിയും!

ചിന്തയും ചിരിയുമായി ഈ പോസ്റ്റ്‌ നന്നായി..
njan parayan vannath
basheer paranju enne pattichu...:)

ശ്രീലാല്‍ said...

കണ്ണൂരില്‍ കണ്ണീര്‍ വറ്റുമെന്ന് പ്രാര്‍ത്ഥിക്കാം.

പാച്ചു ദ ഗ്രേറ്റ് :)

സതീശ് മാക്കോത്ത് | sathees makkoth said...

പാച്ചു അയ്യപ്പാസ്!
ഹ ഹ ഹ

ജിഹേഷ്/ഏടാകൂടം said...

:)

കുഞ്ഞോന്‍‌ക്കയെ കുറിച്ച് പറഞ്ഞപ്പോള്‍ കായിക്കയേ ഓര്‍മ്മവന്നു :(

വാല്‍മീകി said...

കൊലപാതകരാഷ്ട്രീയം: കൊല്ലപ്പെട്ടവര്‍ നേതാക്കന്മാരായിരുന്നില്ല. കൊന്നവര്‍ ആരും നേതാക്കന്മാര്‍ ആയതുമില്ല.

വാര്‍ദ്ധക്യം മറ്റൊരു കുട്ടിക്കാലമാണ് എന്നല്ലേ വയ്പ്പ്. കുട്ടികള്‍ നമ്മുടെ ദിനങ്ങളെ മികച്ചതാക്കുന്നു. വൃദ്ധരും..

പാച്ചു വീണ്ടും സ്കോര്‍ ചെയ്യുന്നു...

അഗ്രജന്റെ ആഴ്ചക്കുറിപ്പുകള്‍ തുടരുന്നു....

തമനു said...

വളരെ കാമ്പുള്ള ഒരു ആഴ്ചക്കുറിപ്പ്

നന്നായി
:)

ചന്ദ്രകാന്തം said...

ആദ്യ വിഭാഗത്തിലെ ചോദ്യം വളരെ ശരി. തിരിച്ചറിവുണ്ടാകുന്നത്‌ ഏതുകാലത്താണാവോ..
വയസ്സന്മാരുടെ കാര്യത്തില്‍...
ചിന്തിച്ചിട്ടില്ലാത്ത പല വഴികളിലൂടെയും നമ്മളെ കൈപിടിച്ചു നടത്തും; രസകരമായ നിമിഷങ്ങള്‍ സമ്മാനിക്കും, ആ യാത്രകള്‍.
.....പാച്ചു = പാച്ചു.

P.R said...

ആസ്വദിച്ചു വായിച്ചു, ഇപ്രാവശ്യത്തെ.

ഗീതാഗീതികള്‍ said...

വയോധികരെക്കുറിച്ചു വായിച്ചപ്പോള്‍ എന്റെ അപ്പൂപ്പനെ ഓര്‍മ്മവന്നു. അപ്പൂപ്പന്റെ സംഭാഷണം കേട്ട് ഞങ്ങള്‍ എന്തുമാത്രം ചിരിച്ചിരിക്കുന്നു. പക്ഷേ എന്റെ മക്കള്‍ക്ക് ഈ സൌഭാഗ്യം ഒന്നും കിട്ടിയില്ല.