ആഴ്ചക്കുറിപ്പുകള്‍ 60
എനിക്കു പഴഞ്ചനായാല്‍ മതി!
മിനിയാന്നു് ഓഫീസില്‍ നിന്നും തിരിച്ചു വീട്ടിലേക്കു് പോകുന്ന വഴി, ഷാര്‍ജ ബാങ്ക് സ്ട്രീറ്റിലെ വഫ സെന്ററിനു മുമ്പിലെത്തിയപ്പോള്‍ ഏഴോ എട്ടോ വയസ്സു പ്രായം വരുന്ന ഒരു പെണ്‍കുട്ടി കടന്നു പോയി. തൊട്ടപ്പുറത്തു് ഫോണ്‍ ചെയ്തു കൊണ്ടിരുന്ന ഒരുത്തന് ഈ കുട്ടിയെ നോക്കുന്ന നോട്ടം, അയാളെ ഒരു പുഴുത്ത പട്ടിയെ പോലെ തോന്നിപ്പിച്ചു. പ്രായത്തിലും കവിഞ്ഞ ശരീരപ്രകൃതിയുള്ള ആ കുട്ടി ധരിച്ചിരുന്നതു് വളരെ ഇറുകിയ വസ്ത്രങ്ങളായിരുന്നു. അയാളുടെ കാമക്കണ്ണുകള്‍ കുറേ നേരം ആ കുട്ടിയെ പിന്തുടര്ന്നു കൊണ്ടിരുന്നു. അയാളെ തറപ്പിച്ചു നോക്കി പ്രതിഷേധിക്കാനേ എനിക്കായുള്ളൂ, മനം നിറഞ്ഞ പിരാക്കും.
ഒട്ടും തന്നെ സംസ്കരിക്കപ്പെടാത്ത സംസ്കാര സമ്പന്നതയില്‍ മയങ്ങിയിരിക്കുന്നവരാണു നമ്മള്. വളരെ വികസിച്ച സമൂഹത്തിലാണു നമ്മള് ജീവിക്കുന്നതെന്നു പറയാനും എഴുതാനും പറ്റുന്ന പരുവത്തിനപ്പുറം നാം ഒന്നുമായിട്ടില്ല. എല്ലാതലത്തിലും വികസനം സംഭവിക്കുന്നതു പോലെ തന്നെ നീചപ്രവൃത്തികളും അതിന്റെ മാര്‍ഗ്ഗങ്ങളും വികസിച്ചു കൊണ്ടിരിക്കുന്നു.
സ്വന്തം കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ആരേയും നമ്മള് വിശ്വസിക്കരുതു്. നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വമാവണം എല്ലാറ്റിലും വലുതു്. നമ്മള് കണ്ണുമടച്ചു് വിശ്വസിക്കുന്നവരാകാം ചിലപ്പോള്‍ ഏറ്റവും അപകടകാരികള്‍. വര്‍ഷങ്ങള്‍ക്കു മുമ്പു് കൂട്ടുകാരനോടൊത്തു അയാളുടെ സഹോദരന്റെ വീട്ടില്‍ പോയപ്പോള്‍, ഒരേ കുടുംബം പോലെ അവരുടെ കൂടെ ഷെയര്‍ ചെയ്തു താമസിക്കുന്നവരുടെ അഞ്ചോ ആറോ വയസ്സു വരുന്ന കുട്ടിയെ മടിയിലിരുത്തി വൃത്തികേടിനു ശ്രമിച്ചു എന്റെ അന്നത്തെ കൂട്ടുകാരന്. അന്നേരം ആ അച്ഛനുമമ്മയും ഉച്ചയുറക്കത്തിലായിരുന്നു!. അന്നവന്റെ മുഖമടച്ചു് ഒന്നു കൊടുക്കാനും ആ സൌഹൃദം വലിച്ചെറിയാനും കഴിഞ്ഞു.
പ്രിയപ്പെട്ട മാതാപിതാക്കളെ, നമ്മുടെ കുഞ്ഞുങ്ങള്‍, അവര്‍ നമുക്കേ കുഞ്ഞുങ്ങളാകുന്നുള്ളൂ. പെണ്ണെന്നു കേട്ടാലേ ഉദ്ധരണം സംഭവിക്കുന്നവനു അവളും, ശുക്ലസ്ഖലനത്തിനു് ഹേതുവാക്കുന്ന ഒന്നുമാത്രമാണു്. അവന്റെ കാമക്കണ്ണുകളില്‍ നിന്നു് അവളെ രക്ഷിക്കാന്‍ ബാധ്യസ്ഥര്‍ നമ്മള് മാത്രമാണു്. ലോകത്തിലെ നിയമസംഹിതകളോ അധികാര കേന്ദ്രങ്ങളോ നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കില്ല, അതിനു നമുക്കു മാത്രമേ കഴിയൂ. അവരെ മാന്യമായി വസ്ത്രം ധരിപ്പിക്കാം, അവരെ തനിയെ പുറത്തു വിടാതിരിക്കാം, അപരിചിതരായ ‘അങ്കിളു’മാരുടെ അടുത്തു തനിച്ചു വിടാതിരിക്കാം... ഇതിന്റെ പേരില്‍ മറ്റുള്ളവര്‍ നമ്മളെ പഴഞ്ചനെന്നോ യാഥാസ്ഥിതികനെന്നോ ഒക്കെ വിളിച്ചോട്ടെ, ആ വിളി നമുക്കഭിമാനത്തോടെ ആസ്വദിക്കാം, ഏറ്റവും കുറഞ്ഞതു്... നമ്മുടെ മക്കള്‍ ഒറ്റയ്ക്കൊന്നു പറക്കാനാവുന്നതു വരെയെങ്കിലും.
* * * * * *
ചെരണ്ടത്തൂര്‍ നാട്ടുകാരെ, ഷഹാനയുടെ ഘാതകനെ ദയവായി കൊല്ലരുതു്. അയാളുടെ ഓരോ അവയവവും ചുറ്റിക വെച്ചടിച്ചുപരത്തിക്കോളൂ, പക്ഷെ... അയാളെ കൊല്ലരുതു്... അതയാളെ രക്ഷപ്പെടുത്തലാവും...!
26 comments:
“ചെരണ്ടത്തൂര്‍ നാട്ടുകാരെ, ഷഹാനയുടെ ഘാതകനെ ദയവായി കൊല്ലരുതു്. അയാളുടെ ഓരോ അവയവവും ചുറ്റിക വെച്ചടിച്ചുപരത്തിക്കോളൂ, പക്ഷെ... അയാളെ കൊല്ലരുതു്... അതയാളെ രക്ഷപ്പെടുത്തലാവും...!”
അനുകൂലിയ്ക്കുന്നു, അഗ്രജേട്ടാ.
തിരിച്ചെത്തിയൊ?
:)
-സുല്‍
അഗ്രാ,
ഇപ്പറഞ്ഞത് പോലെ വസ്ത്രം ധരിച്ച കുട്ടികളെ കാണുമ്പോള്‍ എന്റെ മനസ്സില്‍ എപ്പോഴും ഒരു ചോദ്യം വരാറുണ്ട്. എന്തേ ഇവരുടെ മാതാപിതാക്കള്‍ ഇതൊന്നും ശ്രദ്ദിക്കാത്തത് ? അല്ലെങ്കില്‍ എന്തിനാണ് അവര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നത് ? നാട് ഓടുമ്പോള്‍ നടുവെ ഓടട്ടെ എന്ന് വിചാരിച്ചാണോ, അതോ, എന്റെ മോളും മോഡേണാ എന്ന് പറയാനോ ? ശരിക്കും പറഞ്ഞാല്‍ അവരല്ലേ ഇതൊക്കെ വേണ്ട രീതിയില്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ടത് ? പല അവസരങ്ങളിലും മാതാപിതാക്കളെ അവരുടെ കൂടെ തന്നെ കാണാം. മറ്റുള്ളവര്‍ തുറിച്ച് നോക്കി ചോരയൂറ്റുന്നത് അവരുടെ മുന്നില്‍ വച്ച് തന്നെ ആവും. എന്നിട്ടും ഇതൊന്നും അവര്‍ മനസ്സിലാക്കുന്നില്ലേ എന്നാണ് ....
കാപാലികരെ അനുകൂലിക്കുകയല്ല. അവര്‍ക്കുള്ള ശിക്ഷ അഗ്രു എഴുതിയത് തന്നെ !! പക്ഷേ സൂക്ഷിക്കേണ്ടത് അവനവന് തന്നെ ... ഒരു സംശയവും ഇല്ല !!
നാടന്‍ എഴുതിയ കമ്മന്റിനോട് യോജിക്കുന്നു.
എന്തായാലും തിരിച്ചെത്തിയല്ലോ :)
ഒരച്ചന്റെ കാലികപ്രസക്തമായ ചിന്ത..
നന്നായി
നാടന്റെ കുറിപ്പുണ്ടായത്കോണ്ട് ഞാന്‍ വീണ്ടും കുറിക്കുന്നില്ല..
ജ്-ടാക്ക് അന് ഇന്‍സ്റ്റാള്‍ ചെയ്തോ? :(
സത്യം നമ്മെ അമ്പരപ്പിക്കുന്നു സത്യം സത്യം സത്യം
welcome back
ആ നായിന്റെ മോന് ജീവിതകാലം മുഴുവന്‍ നരകിക്കണം. വേറെയൊന്നും പറയാന്‍ പറ്റുന്നില്ല അഗ്രജാ..
ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ ഒരച്ഛന്റെ മനസ്സിലൂടെ പറഞ്ഞിരിക്കുന്നു...
നാടന്‍ പറഞ്ഞതിനോട് യോജിക്കുമ്പോഴും മാന്യമായി വസ്ത്രധാരണം ചെയ്യുന്നവരെയും ഇത്തരം കഴുകന് കണ്ണുകള്‍ കൊത്തിപ്പറിക്കാന്‍ കാത്തുനില്ക്കുന്നുവെന്നതാണു സത്യം...
അഗ്രൂ..
എഴുതേണ്ടത് നാടന്‍ എഴുതി..
പലപ്പോഴും പ്രായത്തില്‍ക്കവിഞ്ഞ വളര്‍ച്ചയുള്ള കുട്ടികള്‍ ചോരവലിച്ചുകുടിക്കുന്ന കണ്ണുകളിലെ ആര്‍ത്തി കാണുന്നില്ല കണ്ടാല്‍ത്തന്നെ മനസ്സിലാക്കുന്നില്ല, പക്ഷെ മാതാപിതാക്കള്‍ അത് കാണുന്നു എന്നതാണ് സത്യം..!
സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊടുക്കുന്നത് മാതാപിതാക്കള്‍ത്തന്നെയാണ്.
രസകരമായ ഒരു കാര്യം.. എന്റെ കൂടെ ജോലി ചെയ്യുന്നയാള്‍ അയാളുടെ പൂര്‍വ്വാശ്രമത്തിലെ കഥകള്‍ പറയാറുണ്ടായിരുന്നു അതിലെ കഥാപാത്രങ്ങള്‍ എല്ലാം വിടരാന്‍ പോകുന്ന മൊട്ടുകളുടേതായിരുന്നു, പക്ഷെ ഇപ്പോള്‍ അദ്ദേഹം ഇത്തരം കഥകള്‍ ആരെങ്കിലും പറയുന്നതു കേള്‍ക്കുമ്പോള്‍ ഒരുതരം അസ്വസ്ഥത പ്രകടിപ്പിക്കുന്നത് സൂക്ഷിച്ചുനോക്കിയാല്‍ കാണാം കാരണം വിടരാന്‍ പോകുന്ന അദ്ദേഹത്തിന്റെ തൊടിയിലെ സ്വന്തം മൊട്ട്..!
ഒരു അമ്മയ്ക്ക് സ്വന്തം മകളുടെ വസ്ത്ര ധാരണത്തിലെ അപാകതെ മനസിലാകാതെ വന്നേക്കാം..
പക്ഷേ, അച്ഛന് അത് നന്നായി മനസിലാവും.
അച്ഛന് തന്നെ ചില മാനദണ്ഡങള്‍ വയ്ക്കുന്നത് നല്ലത്..
(എന്നാല്‍ ചില നാണം കെട്ട അച്ഛന്മാര് പെണ്മക്കളൂമായി നടന്നു പോകുന്നതുകണ്ടാല്‍...എന്ത പീഡിപ്പിക്കാത്തെ എന്നു ചോദിക്കുന്നതുപോലെ തോന്നും)
അടിച്ചു പരത്താന്‍ നൊക്കിയാല്‍ പ്രിയ അഗ്രജാ...പരന്ന അവയവങ്ങള്‍ പലര്‍ക്കും ഉണ്ടാവും...നമ്മള് പ്രതീക്ഷിക്കാത്ത പലര്‍ക്കും..
നമ്മള് സൂക്ഷിക്കുന്നത് ഏറെ ഗുണം ചെയ്യ്യും..
നാടന്റെയും സജിയുടെയും അഭിപ്രായത്തില്‍ യോജിക്കുന്നു... അഗ്രജന്റെ ഈ വികാരം തന്നെ യാണു മിക്കപേര്‍ക്കും..
എന്റ് വികാരം
ഞാനിവിടെ പകര്‍ത്തിയിരിക്കുന്നു..
NB:
പരസ്യമായി ഗണിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു..
:(
ആഴ്ചക്കുറിപ്പുകള്‍ വീണ്ടും കണ്ടതില്‍ സന്തോഷം.
നമ്മുടെ കുഞ്ഞുങ്ങള്‍ നമുക്കു മാത്രമേ കുഞ്ഞുങ്ങള്‍ ആകുന്നുള്ളു എന്നു പറഞ്ഞത് എനിക്കു ഇഷ്ടപെട്ടു.
“എനിക്കു പഴഞ്ചനായാല്‍ മതി”
ഉം..
ഞാനും ഉറപ്പിക്കുന്നു..
1 ,2,3,4,,,15,ദിവസം
ഞാന്‍ എല്ലാം മറക്കുന്നു.
അവര്‍ നടക്കട്ടെ...
പെണ്‍കുട്ടികള്‍ അല്ലേ...
അടിച്ച് പൊളിക്കട്ടേ...
എനിക്കു പഴഞ്ചനായാല്‍ മതി!
നമ്മുടെ കുഞ്ഞുങ്ങള്‍ നമുക്ക് മാത്രമേ കുഞ്ഞങ്ങളാകുന്നുള്ളൂ : സത്യം!!
നാടനും നജൂവും പറഞതെന്നെ അഭിപ്രായം.
തുറന്നെഴുതിയത് നന്നായി അഗ്രൂ
പാച്ചു എവടെ?
വസ്ത്രധാരണം ആണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം എന്ന അഭിപ്രായത്തോട് യോജിക്കാനാവില്ല. ഇറുകിയ വസ്ത്രം തുറിച്ചു നോട്ടങ്ങള്‍ വരുത്തും. പക്ഷേ, ഇത്തരം സംഭവങ്ങള്‍ക്ക് ഹേതു വസ്ത്രം ആകണമെന്നില്ല..
വസ്ത്രധാരണം ആണ് തുറിചുനോട്ടതിന്നു കാരണം എന്നതിനോട് യോജിക്കാന്‍ പറ്റുന്നില്ല. എന്തൊക്കെ ആയാലും സ്വന്തം വികാരവിചാരങ്ങളുടെ കടിഞ്ഞാണ്‍ അവനവന് തന്നെ പിടിക്കുന്നതാണ് സംസ്കാരത്തിന്റെ ലക്ഷണം. അതിന്നു സാധിച്ചിലെങ്ങില്, അവന്/ അവള് ആഴി എണ്ണുക തന്നെ വേണം.
ഷഹാനയുടെ ഘാതകന് ഞാന്‍ ജോലി ചെയ്യുന്ന കമപ്നിയുടെ കേമ്പ് കാന്റീനിലെ
ജോലിക്കാരനായിരുന്നു എന്നതും എന്നെ കൂടുതല്‍ ഞെട്ടിക്കുന്നു.
രാമേട്ടാ,
അയാളെ പരിചയമുണ്ടായിരുന്നെങ്കില്, അയാളുടെ സംസാരത്തിലോ പ്രവൃത്തിയിലോ അയാളിത്രയും നീചനാണെന്നത് പ്രകടമാക്കുന്ന വല്ലതും തോന്നിപ്പിച്ചിരുന്നോ...
തിരിഞ്ഞു നോക്കുമ്പോള്‍ എന്തെങ്കിലും... ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടോ?
ഈ പോസ്റ്റ് ഇന്നലെ വായിച്ചിരുന്നു.
അവസാന ഭാഗത്തെഴുതിയ സംഗതി എന്താ എന്ന് മനസ്സിലാകാത്തത് കൊണ്ട് കമന്റിയില്ല. ഇന്നലെ ടി.വി.ന്യൂസ് കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി. എന്തൊക്കെ സംഭവങ്ങളാ നമുക്ക് ചുറ്റും സംഭവിക്കുന്നത്! സാക്ഷരകേരളത്തിന് ഇത്തരം സംഭവങ്ങള്‍ തീര്‍ത്താല്‍ തീരാത്ത കളങ്കം തന്നെ...
:-(
ഓഫ്: പ്രിയ, പാച്ചു ഇവിടെ
സ്വന്തമെന്ന് കരുതി മാറോടുചേര്‍ത്തിരുന്നതെല്ലാം
കൈവിട്ടുപോകുന്ന ഭീതിജനകമായൊരു
ആസുരകാലത്താണ് നമ്മളിന്ന്.
ഒമ്പതിലും തൊണ്ണൂറ്റൊമ്പതിലും ഒരുപോലെ
കാമം കാണുന്ന കഴുകക്കണ്ണുകള്‍ ചുറ്റും
വട്ടമിട്ടുപറക്കുന്ന നരാധന്മാര് വാഴുന്ന കാലം.
ഇത്തരം സ്ഥിതിവിശേഷങ്ങളുണ്ടാകുമ്പോള്‍ മാത്രം
പ്രതികരിക്കുന്ന ഞാനുള്‍പ്പെടുന്ന സമൂഹത്തിന്റെ നിസ്സംഗതക്കും നിഷ്ക്രിയത്വത്തീനും ഇതില്‍
ചെറുതല്ലാത്ത പങ്കില്ലെ?
നമ്മുടെ മനസ്സിനെയും ചിന്തകളെയും വല്ലാതെ
സ്വാധീനിക്കുന്ന അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്കെല്ലാം
നമ്മുടെ സമൂഹത്തെ ഇത്രമേല്‍ ദുഷിപ്പിച്ച ഈയൊരു
സാഹചര്യമൊരുക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാനാകുമൊ?
ഇത്തരം വാര്‍ത്തകള്‍, നമ്മുടെ മനസ്സില്‍
നിന്ന് മാഞ്ഞുപോകാന്‍ അധികസമയം വേണ്ട.
സമാന രീതിയിലുള്ള അടുത്ത വാര്‍ത്തവരുമ്പോള്‍ വീണ്ടും നാം പ്രതികരിക്കും.
അതുവരേക്കും റിയാലിറ്റി ഷോയിലേക്ക് എസ് എം എസ് അയച്ചും ഫോണ്‍ ഇന്പ്രോഗ്രാമിലേക്ക് വിളിച്ച്
കൊഞ്ചിക്കുഴഞ്ഞും രാത്രി കിടക്കാന്‍ നേരം ടെലിവിഷനിലെക്ക് നാലാംകിട പ്രണയസന്ദേസങ്ങളയച്ചും നമ്മളും
ഈ സാംസ്ക്കാരികത്തകര്ച്ചക്ക് ആക്കം കൂട്ടും.
ആ കുട്ടി മരിച്ചതുകൊണ്ട് നാടറിഞ്ഞു. കുഞ്ഞന്‍ എഴുതിയിരിക്കുന്നത് കണ്ടില്ലേ, ഇത് സമൂഹത്തില്‍ ധാരാളം നടക്കുന്നുണ്ട്. അയാളുടെ മകള്‍ പ്രായമായപ്പോള്‍ അയാളുടെ “മനോരോഗം“ എവിടെപോയി?(സാധാരണ ഇങ്ങനെയുള്ള ജന്തുക്കളെ മനോരോഗികള്‍ എന്നുവിളിച്ച് സഹതാപ തരംഗം ഉണരാറുണ്ടല്ലോ)
നമ്മുടെ കുഞ്ഞുങ്ങള്‍ നമുക്കു മാത്രമേ കുഞ്ഞുങ്ങള്‍ ആകുന്നുള്ളു, എത്ര ശരിയാണത്. ഞാനും ഒരു പഴഞ്ചനാണ്. “മറ്റുള്ളവര്‍ നമ്മളെ പഴഞ്ചനെന്നോ യാഥാസ്ഥിതികനെന്നോ ഒക്കെ വിളിച്ചോട്ടെ, ആ വിളി നമുക്കഭിമാനത്തോടെ ആസ്വദിക്കാം“
ബൂലോഗത്തേക്ക് സ്വാഗതം..
മറുമൊഴിയിലേക്ക് സെറ്റിംഗ്സ് കൊടുത്തിട്ടുണ്ടല്ലൊ.
:)
"Quote 1"
പ്രായത്തിലും കവിഞ്ഞ ശരീരപ്രകൃതിയുള്ള ആ കുട്ടി ധരിച്ചിരുന്നതു് വളരെ ഇറുകിയ വസ്ത്രങ്ങളായിരുന്നു.
"Quote 2"
അവരെ മാന്യമായി വസ്ത്രം ധരിപ്പിക്കാം,
Post a Comment